TopTop
Begin typing your search above and press return to search.

രാഷ്ട്രീയ നാടകം കളിക്കാനാണെങ്കിലും കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്ന് മുല്ലപ്പള്ളിയും കോണ്‍ഗ്രസുകാരും ഓര്‍ക്കണം

രാഷ്ട്രീയ നാടകം കളിക്കാനാണെങ്കിലും കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്ന് മുല്ലപ്പള്ളിയും കോണ്‍ഗ്രസുകാരും ഓര്‍ക്കണം

കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല എന്നു പറയാറുണ്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇപ്പോൾ ഇങ്ങനെയൊരു പ്രതിസന്ധിയിലാണ്. മൈക്ക് കാണുമ്പോൾ ആവേശം മൂത്ത് എന്തും വിളിച്ചു പറയുന്നവരാണ് പൊതുവെ രാഷ്ട്രീയക്കാർ. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രനെ ആ ഗണത്തിൽ ആരും പെടുത്തിയിരുന്നില്ല. ഇതൊരു പക്ഷെ അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും ലൈവ് ആയി റിപ്പോർട്ട് ചെയ്യപ്പെടാത്തതു കൊണ്ടും ആകാം. എന്തായാലും ഇന്നലെ മൈക്ക് കണ്ടപ്പോൾ മുല്ലപ്പള്ളി എല്ലാം മറന്നു കത്തിക്കയറി. വിദേശത്തു നിന്നും മടങ്ങുന്ന കേരളീയർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തിയ ഉപവാസം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോഴായിരുന്നു ഇത്. അനാവശ്യ നിബന്ധനകൾ വെച്ച് പിണറായി സർക്കാർ പ്രവാസികളെ കൊലക്കു കൊടുക്കുകയാണെന്നൊക്കെ പറഞ്ഞ കൂട്ടത്തിൽ ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർക്കെതിരെയും മുല്ലപ്പള്ളി ആഞ്ഞടിച്ചു. കേരളത്തിൽ നിപ വൈറസ് പടർന്നു പിടിച്ചപ്പോൾ വെറും ഗസ്റ്റ് ആർട്ടിസ്റ്റ് ആയി പ്രത്യക്ഷപ്പെട്ട് നിപ രാജകുമാരി പട്ടം നേടിയെടുത്ത ശൈലജ ടീച്ചർ ഇപ്പോൾ കോവിഡ് റാണി പട്ടം തരപ്പെടുത്താൻ ശ്രമിക്കുന്നു എന്നായിരുന്നു മുല്ലപ്പള്ളിയുടെ ആക്ഷേപം.

മുല്ലപ്പളിയുടെ ആക്ഷേപവർഷത്തിനെതിരെ സിപിഎം പോളിറ്ബ്യുറോ അംഗം വൃന്ദ കാരാട്ടും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് സുഭാഷിണി അലിയും കേരളത്തിലെ ഡിവൈഎഫ്ഐയും മഹിളാ അസ്സോസിയേഷനുമെല്ലാം രംഗത്തു വന്നു കഴിഞ്ഞു. ശൈലജ ടീച്ചർക്കെതിരെ പരിഹാസം ചൊരിഞ്ഞ മുല്ലപ്പള്ളി പരസ്യമായി മാപ്പു പറയണമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് പ്രതികരിക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടപ്പോൾ മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കാൻ സോണിയ ഗാന്ധി തയ്യാറാവണം എന്നാണ് സുഭാഷിണി അലി ആവശ്യപ്പെടുന്നത്. ഏതാണ്ട് സമാനമായ ആവശ്യങ്ങളാണ് ഡിവൈഎഫ്ഐയും മഹിളാ അസ്സോസിയേഷനുമൊക്കെ മുന്നോട്ടു വെച്ചിട്ടുള്ളത്. മുല്ലപ്പളിയുടെ ആക്ഷേപ വർഷത്തിനു തൊട്ടു പിന്നാലെ സോഷ്യൽ മീഡിയിയിലും കടുത്ത വിമർശനമാണ് കെപിസിസി പ്രസിഡന്റിനെതിരെ ഉയര്‍ന്നത്.

എന്നാൽ കേവലം രാഷ്ട്രീയ നേട്ടം മാത്രം മുന്നിൽ കണ്ട് മുല്ലപ്പള്ളി പറഞ്ഞതിനുള്ള കൃത്യമായ മറുപടി, നിപ പ്രതിരോധ പ്രവർത്തനത്തിനിടയിൽ സ്വന്തം ജീവൻ ബലിയർപ്പിച്ച ലിനി എന്ന ആരോഗ്യ പ്രവത്തകയുടെ ഭർത്താവ് സജീഷിൽ നിന്നാണ് ഉണ്ടായത്. കോഴിക്കോട് നിപ പടർന്നു പിടിച്ചപ്പോൾ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് വെറും ഒരു ഗസ്റ്റ് ആർട്ടിസ്റ്റിന്റെ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും തന്റെ സഹപ്രവർത്തകനും മുസ്ലീം ലീഗ് എംഎൽഎയുമായ എം കെ മുനീറും അദ്ദഹത്തിന്റെ സുഹൃത്താക്കളായ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചേർന്ന് നടത്തിയ നിപ പ്രതിരോധ പ്രവർത്തങ്ങളുടെ ക്രെഡിറ്റ് ശൈലജ ടീച്ചർ തട്ടിയെടുക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞ മുല്ലപ്പള്ളി, തങ്ങളുടെ എം പിയായിരുന്നിട്ടുകൂടി എവിടെയായിരുന്നു എന്നാണ് സജീഷിന്റെ ചോദ്യം.

നിപ ബാധിച്ച് തന്റെ ഭാര്യ ലിനി മരിച്ചപ്പോൾ ചെമ്പനോടയിലുള്ള തന്റെ വീട്ടിലെത്തി തന്നെയും കുഞ്ഞു മക്കൾ റിതുവുനേയും സിദ്ധാർഥിനെയും ആശ്വസിപ്പിച്ച ശൈലജ ടീച്ചർ തങ്ങൾക്കു ടീച്ചറമ്മ ആണെന്നും പിന്നീട് കുഞ്ഞുങ്ങൾക്ക് പനി വന്ന വേളയിലും ടീച്ചറമ്മ ഓടിയെത്തിയിരുന്നുവെന്നും സജീഷ് അനുസ്മരിക്കുന്നു. എന്നാൽ അക്കാലത്ത് തങ്ങളുടെ എം പിയായിരുന്ന മുല്ലപ്പള്ളി ഫോണിൽ കൂടിപ്പോലും അനുശോചനം അറിയിക്കുകയുണ്ടായില്ലെന്ന് സജീഷ് പറയുമ്പോൾ ഇപ്പോൾ പ്രവാസികളുടെ പേര് പറഞ്ഞ് ആവേശവും രോക്ഷവും കൊള്ളുന്ന മുല്ലപ്പള്ളി പ്രതിക്കൂട്ടിലാവാതെ തരമില്ല.

രമേശ് ചെന്നിത്തലയുടെ ഉപവാസം കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസി മലയാളികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതാണെങ്കിലും അതിനു പിന്നിലെ രാഷ്ട്രീയ ലാക്ക് എത്രകണ്ട് സങ്കുചിമാണെന്ന് ജനം തിരിച്ചറിയുന്നുണ്ട് എന്ന വസ്തുത പോലും മറന്നുകൊണ്ടാണ് മുല്ലപ്പള്ളി അനാവശ്യ അധിക്ഷേപ വർഷത്തിനു തയ്യാറായത്. ഗൾഫ് രാജ്യത്തെന്നല്ല, ലോകത്തെവിടെയും കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരണം എന്ന കാര്യത്തിൽ തര്‍ക്കമില്ല. എന്നാൽ രോഗികളെയും രോഗം ഇല്ലാത്തവരെയും ഒരേ വിമാനത്തിൽ കൊണ്ട് വന്നാലുള്ള അപകടം വളരെ വലുതാണ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്ന നിർദ്ദേശം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ളതും ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. നാട്ടിലേക്കു മടങ്ങുന്നവർക്ക് കോവിഡ് പരിശോധനയ്ക്കുള്ള സംവിധാനം എല്ലാ രാജ്യങ്ങളിലും ഇല്ലെന്ന വാദമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്. എന്നാൽ ഈ വിഷയം ഇന്നലെ പരിഗണിച്ച സുപ്രീം കോടതി തന്നെ കോവിഡ് ടെസ്റ്റ് നടത്തുന്നതിൽ എന്നതാണ് അപാകത എന്നാണു ചോദിച്ചത്. കോവിഡ് ടെസ്റ്റ് നടത്താൻ സംവിധാനം ഇല്ലാത്ത രാജ്യങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെട്ട് അതിനുള്ള സംവിധാനം ഒരുക്കുകയാണ് വേണ്ടത്. എന്നാൽ ഈ ആവശ്യം ഉന്നയിക്കാതെ എല്ലാ കുറ്റവും സംസ്ഥാന സർക്കാരിന് മേൽ ചാർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

ഇതേ രാഷ്ട്രീയ നാടകം തന്നെയായിരുന്നു ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന വിഷയത്തിലും കോൺഗ്രസും യുഡിഎഫും കളിച്ചത്. അന്ന് കേരള - തമിഴ് നാട് അതിര്‍ത്തിയിൽ നാടകം കളിച്ച ടി.എൻ പ്രതാപനും സംഘവുമൊക്കെ ഏതാണ്ട് ഒതുങ്ങിയ മട്ടാണ്. ശൈലജ ടീച്ചർക്കെതിരെ മുല്ലപ്പള്ളി നടത്തിയ പരിഹാസ വർഷത്തെ തള്ളാനും കൊള്ളാനും കഴിയാതെ ഇന്നലെ ഒരു യുവ കോൺഗ്രസ് എംഎൽഎ ഏറെ വിമ്മിട്ടം അനുഭവിക്കുന്നത് കണ്ടു. ഇന്നലെ ന്യൂസ് 18-നില്‍ നടത്തിയ ചർച്ചയിൽ പങ്കെടുത്ത കെ. ശബരീനാഥന്റെ അവസ്ഥ കണ്ടപ്പോൾ സത്യത്തിൽ സഹതാപം തോന്നി. ഒടുവിൽ ഗത്യന്തരമില്ലാതെ മുല്ലപ്പള്ളി ഒരു മഹാനായ നേതാവാണെന്നും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിധത്തിലുള്ള ഒരു അർത്ഥവും അദ്ദേഹം ഉദ്ദേശിച്ചില്ലെന്നും ആയിരുന്നു ശബരിയുടെ വിശദീകരണം. കൂട്ടത്തിൽ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു; പ്രവാസികളുടെ ഗതികേടിലുള്ള വികാരം പ്രകടിപ്പിച്ചപ്പോൾ എന്ന മട്ടിൽ ഒന്ന്. മുല്ലപ്പളിയെന്ന മഹാനായ നേതാവിനെക്കുറിച്ചു പറഞ്ഞപ്പോൾ കോൺഗ്രസുകാർ സ്ഥിരം ഉപയോഗിക്കുന്ന 'പരിണിതപ്രജ്ഞൻ' എന്ന പദം എന്തോ കണ്ടില്ല. എങ്കിലും ഈ 'വികാരം' എന്ന വാക്ക് കേട്ടപ്പോൾ നമ്മുടെ മിമിക്രിക്കാർ അന്തരിച്ച നടൻ കെ.പി ഉമ്മറിനെ അവതരിപ്പിക്കാൻ സ്ഥിരം ഉപയോഗിക്കുന്ന ' 'ഞാനൊരു വികാര ജീവിയാണ്' എന്ന പ്രയോഗമാണ് ഓർമ വന്നത്. രാഷ്ട്രീയം കേവലം വികാര പ്രകടനത്തിൽ ഒതുങ്ങുന്ന ഒന്നല്ലെന്ന് കേരളീയർ ഏറെ സ്നേഹ ബഹുമാനത്തോടെ സ്മരിക്കുന്ന ജി.കെ എന്ന ജി. കാർത്തികേയന്റെ പുത്രനും മുല്ലപ്പള്ളിയുമൊക്കെ ഓർത്താൽ നന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories