TopTop
Begin typing your search above and press return to search.

സംസ്ഥാനങ്ങളുടെ യൂണിയന്‍ ഇന്ത്യന്‍ യൂണിയന്‍ മാത്രമാവുമ്പോള്‍

സംസ്ഥാനങ്ങളുടെ യൂണിയന്‍ ഇന്ത്യന്‍ യൂണിയന്‍ മാത്രമാവുമ്പോള്‍

ഇന്ത്യയെ സ്വയം നിര്‍വചിക്കുന്ന ഭരണഘടനയുടെ ഭാഷ സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ്. കേന്ദ്രവും, സംസ്ഥാനങ്ങളും തമ്മില്‍ പങ്കുവയ്ക്കുന്ന തുല്യാധികാരങ്ങളുടെ വാസ്തുഘടനയ്ക്കുള്ള

സാധ്യത ഈ ഭാഷയില്‍ അന്തര്‍ലീനമായിരുന്നു. രാഷ്ട്രമീമാംസയുടെ പാഠപുസ്തകങ്ങളില്‍ ഫെഡറലിസം എന്നു ഖ്യാതി നേടിയ ഈയൊരു സംവിധാനത്തിന്റെ ഈടുവയ്പിലാണ് 1947-നു ശേഷമുള്ള ദേശരാഷ്ട്ര നിര്‍മിതിയുടെ ആവിഷ്‌ക്കാരം രൂപമെടുത്തത്. ഈയൊരു പ്രക്രിയയില്‍ കേന്ദ്ര ഭരണകൂടം രാഷ്ട്രീയമായി ദൃഢീകൃതമായതോടെ സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്ന നിര്‍വചനം ഇന്ത്യന്‍ യൂണിയന്‍ എന്നായി മാറി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ക്രമേണ പട്ടേലര്‍-തൊമ്മി* ബന്ധത്തിന്റെ വിധേയത്വമായി പരിണമിച്ചു. രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹ്യവുമായ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഒരോന്നായി ശോഷിക്കുകയും ഇല്ലാതാവുകയും ചെയ്തതിന്റെ നാള്‍വഴികള്‍ സമഗ്രമായി നിലയില്‍ ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു.

കൊളോണിയല്‍ ഭരണകൂടത്തിന്റെ തിരുശേഷിപ്പുകളായി ഭരണഘടനയില്‍ നിലനിന്ന വകുപ്പുകളും, ചട്ടങ്ങളും സംസ്ഥാനങ്ങളുടെ മേല്‍ കേന്ദ്ര ഭരണകൂടത്തിന്റെ അധീശത്വം ഉറപ്പാക്കുന്ന പ്രക്രിയ ഭംഗിയായി നിറവേറ്റി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകസഭ തിങ്കളാഴ്ച പാസ്സാക്കിയ ദ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി എന്ന ബില്‍. സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുന്നുവെന്ന വ്യാജേന പാസ്സാക്കിയ ഈ നിയമം ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വെറും നോക്കുകുത്തിയാക്കി ചുരുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ലഫ് ഗവര്‍ണറില്‍ സര്‍ക്കാരിന്റെ എല്ലാ അധികാരങ്ങളും നിക്ഷിപ്തമാക്കുന്ന ഈ നിയമനിര്‍മ്മാണം ഫെഡറല്‍ തത്ത്വങ്ങളോട് ഒട്ടും പ്രതിപത്തിയില്ലാത്ത രാഷ്ട്രീയ പരിഗണനകളുടെ മുന്‍ഗണനാ ക്രമത്തിന്റെ ലക്ഷണമൊത്ത മാതൃകയാണ്.

അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതോടെയാണ് ലഫ. ഗവര്‍ണ്ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലെത്തുന്ന കേസ്സായി മാറുന്നതിന്റെ പശ്ചാത്തലം രൂപംകൊണ്ടത്. 2013 ജൂലൈയില്‍ ലഫ്. ഗവര്‍ണണ്ണറായി നജീബ് ജംഗ് അധികാരമേറ്റ് അഞ്ചു മാസം തികയുമ്പോഴാണ് കേജ്രിവാള്‍ അധികാരത്തിലെത്തുന്നത്. ഡിസംബറില്‍ അധികാരത്തിലെത്തിയ കേജ്രിവാളിന്റെ മന്ത്രിസഭ ഫെബ്രുവരിയില്‍ ജന ലോകപാല്‍ ബില്ലിന്റെ കരടിന് അംഗീകാരം നല്‍കി. ബില്ലിന്റെ കരട് കേന്ദ്ര നിയമ മന്ത്രാലയത്തിന് അയക്കുകയായിരുന്നു നജീബ് ജംഗ്. ബില്‍ അവതരിപ്പിക്കുവാന്‍ കേന്ദ്രത്തിന്റെ അനുമതി നിര്‍ബന്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഫെബ്രുവരി 14-ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കേജ്രിവാള്‍ ഒരു കൊല്ലത്തിനു ശേഷം 70-ല്‍ 67 സീറ്റും നേടി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എല്‍ജി ജംഗും കേജ്രിവാളും തമ്മിലുള്ള അധികാര വടംവലി ഇതോടെ രൂക്ഷമായി. പൊലീസും, ക്രമസമാധാന പാലനവും, ഭൂമിയുമടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കം മുറുകി. 2015 ഏപ്രില്‍ മുതല്‍ തുടങ്ങിയ ഈ അധികാര വടംവലി 2016 ഡിസംബര്‍ 22-ന് ജംഗ് രാജി വെയ്ക്കുന്നതു വരെ തുടര്‍ന്നു. ഇതിനിടയില്‍ 2016 ഓഗസ്റ്റില്‍ നാഷണല്‍ ക്യാപിറ്റള്‍ ടെറിട്ടറിയുടെ തലവനായ എല്‍ജിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശങ്ങളെ മാനിക്കേണ്ട ബാധ്യതയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

എല്‍ജി-യുടെ സ്ഥാനത്തു നിന്നും ജംഗ് ഒഴിവായെങ്കിലും 2016 ഡിസംബര്‍ 31-ന് പകരം അധികാരമേറ്റ അനില്‍ ബൈജാലും കേജ്രിവാളും തമ്മിലുള്ള തര്‍ക്കവും രൂക്ഷമായി. 2018 ജൂലൈയില്‍ സുപ്രീം കോടതി നല്‍കിയ വിധിയനുസരിച്ച് എല്‍ജി-ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമില്ലെന്നും മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാവണം തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്നും വ്യക്തമാക്കി. രാജ്യ തലസ്ഥാനമെന്ന നിലയില്‍ ഡല്‍ഹിയുടെ ഭരണ നിര്‍വഹണത്തിന്റെ സമ്പൂര്‍ണ്ണ ചുമതല ഡല്‍ഹി സര്‍ക്കാരില്‍ മാത്രമായി നിക്ഷിപ്തമാക്കാനാവില്ലെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍ 2018 സെപ്റ്റംബറില്‍ സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് സിക്രിയും ജസ്റ്റിസ് അശോക് ഭൂഷണുമടങ്ങുന്ന രണ്ടംഗ ബഞ്ച് ഈ വിഷയത്തില്‍ ഭിന്നാഭിപ്രായം നിറഞ്ഞ ഒരു വിധി 2019 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ചു. ജഡ്ജിമാരുടെ ഭിന്നാഭിപ്രായം കണക്കിലെടുത്ത് വിഷയം വിശാലമായ ബഞ്ചിന്റെ പരിഗണനക്ക് വീണ്ടും സമര്‍പ്പിച്ചു.

വിശാലമായ ബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തിലാണ് ഡല്‍ഹി സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ നോക്കു കുത്തിയാക്കുന്ന വിവാദമായ നിയമനിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകയായ ഇന്ദിരാ ജയ്സിംഗിന്റെ അഭിപ്രായത്തില്‍ റിപ്പബ്ലിക്കനിസത്തെയും, ഫെഡറലിസത്തെയും നശിപ്പിക്കുന്ന നടപടിയാണ് ഈ നിയമ നിര്‍മാണം. നമ്മുടെ ഭരണഘടനാ സംവിധാനത്തില്‍ ഗവണ്‍മെന്റിനെ കൃത്യമായി നിര്‍വചിച്ചിട്ടില്ല. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭകളിലെ അംഗങ്ങള്‍ അടങ്ങിയ എക്സിക്യൂട്ടീവിനെയാണ് ഗവണ്‍മെന്റ് എന്ന നിലയില്‍ കണക്കാക്കുകയെന്ന് ഇന്ദിരാ ജയ്‌സിംഗ് ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധി സഭയുടെ ഭൂരിപക്ഷത്തിന്റെ പിന്തുണയും എക്സിക്യൂട്ടീവിന് അനിവാര്യമാണ്. ഡല്‍ഹിയുടെ കാര്യത്തില്‍ കൊണ്ടു വന്ന നിയമനിര്‍മാണം അനുസരിച്ച് ലഫ് ഗവര്‍ണര്‍ ആണ് ഗവണ്‍മെന്റ് എന്നാണ് നിര്‍വചനം.

നിയമ നിര്‍മ്മാണ സഭ രൂപം കൊടുക്കുന്ന ഏതു നിയമത്തിലും ഗവണ്‍മെന്റ് എന്ന വിശേഷണം അര്‍ത്ഥമാക്കുക ലഫ. ഗവര്‍ണറെ ആയിരിക്കും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയത്തിന്റെ കാതല്‍. ഡല്‍ഹിയിലെ ലെഫ. ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശ പ്രകാരം പ്രസിഡന്റ് നിയമിക്കുന്ന ഒരു വ്യക്തിയാണ് ലഫ ഗവര്‍ണര്‍. തികച്ചും രാഷ്ട്രീയമായ താല്‍പര്യങ്ങളുടെയും, പരിഗണനയുടെയും പേരില്‍ നിയമിക്കപ്പെടുന്ന ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയോട് ഉത്തരവാദിത്തമുള്ള മന്ത്രിസഭയുടെ മേല്‍ അധീശത്വം ഉറപ്പാക്കുന്ന ഈ നിയമ നിര്‍മാണം ഫെഡറല്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ്ണമായ നിഷേധമാണ്. അധികാര കേന്ദ്രീകരണം മുഖമുദ്രയാക്കിയ ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ വഴിവിട്ട തീരുമാനങ്ങളുടെ മറ്റൊരു ദൃഷ്ടാന്തമാണ് ഈ നിയമനിര്‍മാണം. ഫെഡറല്‍ സംവിധാനത്തിനും അധികാര വികേന്ദ്രീകരണത്തിനും വിരുദ്ധമായ ഈ നിയമനിര്‍മാണം പിന്‍വലിപ്പിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരേണ്ടതാണ്.

* പ്രശസ്ത എഴുത്തുകാരനായ സക്കറിയയുടെ ഭാസ്‌ക്കര പട്ടേലരും എന്റെ ജീവിതവും എന്ന കൃതി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories