TopTop
Begin typing your search above and press return to search.

ഭീമ കൊറേഗാവ്:വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് മിക്ക മലയാള മാധ്യമങ്ങളും കാണാതെപോയത്?

ഭീമ കൊറേഗാവ്:വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് എന്തുകൊണ്ടാണ്   മിക്ക മലയാള മാധ്യമങ്ങളും കാണാതെപോയത്?

ഭീമ കൊറേഗാവ് കേസ്സിന്റെ തുടക്കം മുതല്‍ അതു സംബന്ധിച്ച ഔദ്യോഗിക അവകാശവാദങ്ങളും, രേഖകളും സംശയത്തിന്റെ നിഴലില്‍ ആയിരുന്നു. ഇന്ത്യയിലെ ക്രിമിനല്‍ ഗൂഢാലോചന കേസ്സുകളുടെ ചരിത്രത്തില്‍ സാര്‍വദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ ഈ കേസ്സിന്റെ വിശ്വാസ്യത ഏതാണ്ട് പൂര്‍ണ്ണമായും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പ്രശസ്ത അമേരിക്കന്‍ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് (വാപോ) ബുധനാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനും, കേന്ദ്രസര്‍ക്കരിനെ അട്ടിമറിക്കാനും ഗൂഢാലോചന നടത്തിയതാണ് ബികെ കേസ്സില്‍ പ്രധാനമായും ആരോപിക്കപ്പെടുന്ന കുറ്റം. കുറ്റാരോപിതരുടെ കമ്പ്യൂട്ടറുകളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും ഗൂഢാലോചനയുടെ തെളിവുകള്‍ കണ്ടെത്തി എന്നാണ് അന്വേഷണ ഏജന്‍സികളുടെ അവകാശവാദം.

അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന രേഖകളും, ഇമെയിലുകളും മനപ്പൂര്‍വ്വമായി കെട്ടിച്ചമച്ച സൈബര്‍ തെളിവുകള്‍ ആണെന്ന് വാപോ റിപ്പോര്‍ട്ട് പറയുന്നു. സൈബര്‍ ഫോറന്‍സിക് മേഖലയില്‍ അമേരിക്കയിലെ വിദഗ്ധ ഏജന്‍സിയായ ആര്‍സണല്‍ കണ്‍സള്‍ട്ടിംഗ് എന്ന ലബോറട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാപോ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആര്‍സണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സ്വതന്ത്രരായ മൂന്നു വിദഗ്ധര്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ വധിക്കുവാന്‍ കുറ്റാരോപിതര്‍ ഗൂഢാലോചന നടത്തിയതിനു പകരം കുറ്റാരോപിതരെ അങ്ങനെയൊരു കേസ്സില്‍ കുടുക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നാണ് വാപോ പുറത്തുവിട്ട റേപ്പോര്‍ട്ടിന്റെ അന്തസത്ത. ബികെ കേസ്സില്‍ 2018-ല്‍ അറസ്റ്റിലായ റോണ വില്‍സണ്‍ ഉപയോഗിച്ചിരുന്ന ലാപ്ടോപ് കമ്പ്യൂട്ടര്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതിനു ശേഷമാണ് ആര്‍സണല്‍ തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്.

വില്‍സണിന്റെ ലാപ്ടോപില്‍ അദ്ദേഹമറിയാതെ നുഴഞ്ഞു കയറിയവര്‍ നിക്ഷേപിച്ച വിവരങ്ങളാണ് പിന്നീട് ഗൂഢാലോചനയുടെ തെളിവായി ബികെ കേസ്സിലുടനീളം ഉപയോഗിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വില്‍സണിന്റെ കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റക്കാര്‍ കൈയടക്കിയതിന്റെ വിശദാംശങ്ങളും, അവര്‍ നിക്ഷേപിച്ച ഫയലുകളുമാണ് ആര്‍സണലിന്റെ സൈബര്‍ ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. വ്യക്തികള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ അവരുടെ അറിവും, സമ്മതവുമില്ലാതെ അതിക്രമിച്ചു കയറുന്നതിന് ഉപയോഗിക്കുന്ന മാള്‍വെയര്‍ പ്രോഗ്രാമുകളിലൊന്നായ നെറ്റ്വയര്‍ എന്ന പ്രോഗ്രാം ഉപയോഗിച്ച് വില്‍സണിന്റെ കമ്പ്യൂട്ടര്‍ അധീനപ്പെടുത്തിയവര്‍ നിക്ഷേപിച്ച ഫയലുകളിലാണ് അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്ന ഗുഢാലോചനയുടെ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്. ഇത്രയും വ്യാപകവും, ആസൂത്രിതവുമായ നിലയില്‍ സൈബര്‍ തെളിവുകളുടെ വ്യാജനിര്‍മിതി ഇതിന് മുമ്പ് ശ്രദ്ധയില്‍ വന്നിട്ടില്ലെന്നു ആര്‍സണലിന്റെ പ്രസിഡണ്ട് മാര്‍ക് സ്പെന്‍സര്‍ പറയുന്നു. 2009-ല്‍ സ്ഥാപിച്ച ആര്‍സണല്‍ ബോസ്റ്റണ്‍ മാരത്തോണ്‍ ബോംബ് കേസ്സ് അടക്കമുള്ള പ്രമാദമായ പല കേസ്സുകളിലും സൈബര്‍ ഫോറന്‍സിക് വിശകലനം നടത്തി പേരെടുത്ത സ്ഥാപനമാണ്.

ജൂണ്‍ 13, 2016 ലാണ് ഈമെയില്‍ വഴി വില്‍ണിന്റെ കമ്പ്യൂട്ടറില്‍ മാള്‍വെയര്‍ കടത്തി വിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ പരിപാടിക്ക് തുടക്കമിട്ട നുഴഞ്ഞു കയറ്റക്കാരന്‍ വില്‍സണിന്റെ കമ്പ്യൂട്ടര്‍ അദ്ദേഹത്തിന് ഒരു സൂചന പോലും ഇല്ലാതെ നിരീക്ഷണത്തിലാക്കുകയായിരുന്നു. അതിനു ശേഷം 52 രേഖകള്‍ Rbackup എന്ന രഹസ്യ ഫോള്‍ഡറില്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ നിക്ഷേപിച്ചു. 2018 ഏപ്രില്‍ 17-ാം തീയതി വില്‍സണ്‍ന്റെ വീട് അന്വേഷണ ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി അദ്ദേഹത്തിന്റെ ലാപ്ടോപ് പിടിച്ചെടുക്കുന്നതിന്റെ തലേ ദിവസമാണ് അവസാനത്തെ രേഖ നിക്ഷേപിക്കപ്പെട്ടത്. 2018 ജൂണ്‍ ആറിനാണ് വില്‍സണെ അറസ്റ്റു ചെയ്യുന്നത്. ഈ ഫോള്‍ഡറിലെ 52 ഫയലുകളില്‍ 10 എണ്ണം പരിശോധിക്കുന്നതിനാണ് ആര്‍സണലിനെ അമേരിക്കന്‍ ബാര്‍ അസ്സോസിയേഷന്‍ ചുമതല ഏല്‍പ്പിച്ചത്. വില്‍സണിന്റെ കേസ്സ് വാദിക്കുന്ന വക്കീലന്മാരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അമേരിക്കന്‍ ബാര്‍ അസ്സോസിയേഷന്‍ ഈ ദൗത്യം ഏറ്റെടുത്തത്.

വില്‍സണ്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പിന്റെ ഹാര്‍ഡ് ഡ്രൈവിന്റെ ക്ലോണ്‍ പതിപ്പ് 2019 നവംബറിലാണ് ആര്‍സണലിന് കെമാറിയത്. തെളിവുകളുടെ വ്യാജനിര്‍മിതിയിലും അവയുടെ വിന്യാസത്തിലുമുള്ള ദീര്‍ഘമായ ഇടവേളകളും കണക്കിലെടുക്കുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ ആവശ്യപ്പെടുന്ന കേസ്സായി ഇതിനെ കണക്കാക്കേണ്ടി വരും എന്നാണ് ആര്‍സണലിന്റെ നിഗമനം. വില്‍സണെ സംബന്ധിച്ചിടത്തോളം ഒരു സൂചനപോലും ഇല്ലാതെ അദ്ദേഹത്തിന്റെ ലാപ്ടോപിലെ ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ വന്നിരുന്നു. ആര്‍സണലിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ പിന്നാലെ തന്റെ കമ്പ്യൂട്ടറില്‍ വ്യാജഫയലുകള്‍ നിക്ഷേപിച്ച സംഭവത്തെപ്പറ്റി പ്രത്യേക അന്വേഷണ ടീമിനെ നിയമിച്ച് അന്വേഷിക്കണമെന്ന് വില്‍സണ്‍ ബോബെ ഹൈക്കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. സുപ്രീം കോടതി അല്ലെങ്കില്‍ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി എസ്ഐടി-യുടെ നേതൃത്വം വഹിക്കണമെന്നും വില്‍സണ്‍ ആവശ്യപ്പെട്ടു. വ്യാജമായ തെളിവുകളുടെ പേരില്‍ തന്റെയും മറ്റുള്ളവരുടെയും മേല്‍ ചാര്‍ത്തിയിട്ടുള്ള കേസ്സുകള്‍ റദ്ദു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബികെ കേസ്സിന്റെ ചുമതലയുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ വക്താവായ ജാന റോയി അഭിപ്രായപ്പെട്ടത് വില്‍സണ്‍ന്റെ കമ്പ്യൂട്ടറില്‍ മാള്‍വയറിന്റെ സാന്നിദ്ധ്യം ഉള്ളതായി അന്വേഷണ ഏജന്‍സികള്‍ കരുതുന്നില്ല എന്നായിരുന്നു. അതിനു പുറമെ കുറ്റാരോപിതര്‍ക്ക് എതിരെ വേണ്ടത്ര രേഖപരമായ തെളിവുകളും, സാക്ഷി മൊഴികളും ഉണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

ബികെ കേസ്സും, മലയാള മാധ്യമങ്ങളും

ഇതിനകം രാജ്യാന്തര പ്രശസ്തി നേടിയ ബികെ കേസ്സിലെ കുറ്റാരോപിതരില്‍ രണ്ടു പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഗവേഷണ വിദ്യാര്‍ത്ഥിയും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ റോണ വില്‍സണ്‍, ദല്‍ഹി സര്‍വകലശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ഹനി ബാബു എന്നിവരാണ് കേസ്സിലെ മലയാളികളായ കുറ്റാരോപിതര്‍. ഈ കേസ്സുമായി ബന്ധപ്പെട്ട അതിപ്രധാനമായ വിവരം വാഷിംഗ്ടണ്‍ പോസ്റ്റ് ബുധനാഴ്ച പുറത്തുവിട്ട കാര്യം കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാര മാധ്യമങ്ങളും അറിഞ്ഞതായി പോലും ഇതുവരെ സൂചനയില്ല. മലയാള മനോരമയും മാധ്യമവും മാത്രമാണ് അപവാദം. എന്തുകൊണ്ടാണ് മലയാളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും ഈ വാര്‍ത്ത മുക്കിയത്? വാര്‍ത്തയുടെ മാനദണ്ഡം നിശ്ചയിക്കുന്ന ഏതു അളവുകോല്‍ വച്ചായാലും മലയാളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം സാധാരണഗതിയില്‍ അവഗണിക്കാന്‍ പറ്റാത്ത വിവരമായിരുന്നു വാപോ വാര്‍ത്ത.

പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയിലെ പ്രധാന കുറ്റാരോപിതരില്‍ ഒരാളായ മലയാളിയെക്കുറിച്ചുള്ള വാര്‍ത്ത എങ്ങനെയാണ് വാര്‍ത്തയല്ലാതാവുകയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അതിനെ തീര്‍ത്തും അവഗണിച്ച മാധ്യമ ശിങ്കങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സത്യാനന്തര കാലത്തേയും അതിനും അപ്പുറമുള്ള കാലങ്ങളെ പറ്റിയും നടത്തുന്ന സൈദ്ധാന്തിക കസര്‍ത്തുകള്‍ ഒരു മനസ്സാക്ഷി കുത്തുമില്ലാതെ തുടരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഡല്‍ഹിയിലെ മാധ്യമങ്ങളെ 'ഗോദീ മീഡിയ' എന്നു പറഞ്ഞു പരിഹസിക്കുവാന്‍ കര്‍ഷകര്‍ എങ്കിലും സന്നദ്ധമാണ്. കക്ഷി രാഷ്ട്രീയത്തിന്റെ വൈറസ് ബാധയെ ജനാധിപത്യമായി തെറ്റിദ്ധരിക്കുന്ന കേരളത്തിലെ മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും നടത്തുന്ന യജമാനസേവ തിരിച്ചറിയുന്നതിനുള്ള ശേഷിപോലും ഇല്ലാതായ കേരളത്തില്‍ മൗലികമായ പരിഹാസം പോലും അപ്രാപ്യമായിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)



കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories