TopTop
Begin typing your search above and press return to search.

'ഗോദി മീഡിയയും', മാധ്യമ സ്വാതന്ത്ര്യവും

ഗോദി മീഡിയയും, മാധ്യമ സ്വാതന്ത്ര്യവും

മുഖ്യധാര മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കുവാന്‍ കര്‍ഷകസമരം നല്‍കിയ മൗലിക സംഭാവനയാണ് 'ഗോദി മീഡിയ' അഥവാ 'മടിത്തട്ടിലെ മാധ്യമം' എന്ന പ്രയോഗം. സര്‍ക്കാരിന്റെയും, ഭരണകക്ഷിയുടെയും ജിഹ്വകളായി മാറിയ മുഖ്യധാര മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ വിശേഷിപ്പിക്കുവാന്‍ ഇതിലും നല്ല പ്രയോഗം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണ്. സംഘപരിവാറിനും, കേന്ദ്ര സര്‍ക്കാരിനും വേണ്ടിയുള്ള പ്രചാരണ സംവിധാനമായി ഇന്ത്യയിലെ നല്ലൊരു ശതമാനം മുഖ്യധാര ദൃശ്യ മാധ്യമങ്ങളും മാറിയത് പുതിയ അറിവല്ല. ഈ മാറ്റത്തെ സൂക്ഷ്മതയോടെ, കൃത്യമായി വിലയിരുത്തുന്ന പ്രയോഗമായി ഗോദി മീഡിയ ഉരുത്തിരിഞ്ഞുവെന്നതാണ് ഇപ്പോഴത്തെ സവിശേഷത.

കര്‍ഷകസമരം ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ തമ്പടിക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ അതിന്റെ സൂചനകള്‍ ലഭ്യമായിരുന്നു. സമരത്തിന്റെ ആദ്യദിനങ്ങളിലൊന്നില്‍ ഒരു പ്രമുഖ ടെലിവിഷന്‍ വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടര്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി സംസാരിക്കുന്നതിനിടയില്‍ ഒരു കര്‍ഷകന്‍ പെട്ടെന്നു ഈ ചോദ്യങ്ങളുമായി ഇടപെടുന്ന ഒരു വീഡിയോ അതിന്റെ ഉദാഹരണമായിരുന്നു. 'ഗോദി മീഡിയ നിങ്ങള്‍ ഇത്രയും കാലം എവിടെയായിരുന്നു. ഞങ്ങള്‍ സെപ്റ്റംബര്‍ മുതല്‍ സമരത്തിലാണ്. നിങ്ങള്‍ എന്തുകൊണ്ട് ഒരു വാര്‍ത്ത പോലും കൊടുത്തില്ല' ഇതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍. സാധാരണഗതിയില്‍ പ്രോത്സാഹനജനകമായ വാക്കുകള്‍ മാത്രം കേട്ടു ശീലിച്ച റിപ്പോര്‍ട്ടറെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു ഈ ചോദ്യങ്ങള്‍.

കര്‍ഷകസമരം വിശാലമായ അര്‍ത്ഥത്തിലുള്ള ജനകീയ പ്രക്ഷോഭണമായി രൂപാന്തരം പ്രാപിച്ചതോടെ ഗോദി

മീഡിയ എന്ന പ്രയോഗം സാര്‍വലൗകികമായി ഉപയോഗത്തില്‍ വന്നുവെന്നു മാത്രമല്ല ജനകീയ പ്രക്ഷോഭണങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി സമരവേദിയില്‍ ചില മുഖ്യധാര മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു. സമരവേദിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട മാധ്യമങ്ങളുടെ പേരുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന രീതി തികച്ചും പുതിയ അനുഭവമായിരുന്നു. സമരവേദിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ വ്യക്തിപരവും അവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമസ്ഥാപനത്തിന്റെ വിശദ വിവരങ്ങളും കൃത്യമായി ശേഖരിക്കുന്ന രീതി വ്യാപകമായി പിന്തുടരുന്നുവെന്ന് റിപ്പോര്‍ട്ടര്‍മാര്‍ വ്യക്തമാക്കുന്നു. മാധ്യമങ്ങളുടെ വിശ്വാസ്യതയില്‍ പ്രക്ഷോഭകാരികള്‍ കടുത്ത സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരുമായുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ഇത്രയധികം മുന്നൊരുക്കങ്ങള്‍ അനിവാര്യമാകുന്നു.

മുഖ്യധാര മാധ്യമങ്ങളിലെ നല്ലൊരു ശതമാനവും ഗോദി മീഡിയ എന്ന അധിക്ഷേപം നേരിടുമ്പോള്‍ മറ്റൊരു വിഭാഗം മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നേരിടുകയാണ്. വിചിത്രമായ ഈ സ്ഥിതിവിശേഷം ഇന്ത്യയിലെ മാധ്യമ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തരത്തിലുള്ള ധ്രുവീകരണത്തിന് വഴിയൊരുക്കിയിട്ടുണ്ട്. കര്‍ഷക സമരത്തോടനുബന്ധിച്ച് നടന്ന ജനുവരി 26-ലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കു ശേഷമാണ് മാധ്യമ മേഖലയിലെ ധ്രൂവീകരണം ഉച്ചസ്ഥായിയില്‍ എത്തുന്നത്. ട്രാക്ടര്‍ റാലിയുടെ പേരില്‍ ചെങ്കോട്ടയിലും, ഡല്‍ഹിയിലെ മറ്റിടങ്ങളിലും നടന്ന അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം കര്‍ഷക സമരത്തിന്റെ മേല്‍ വച്ചുകെട്ടാനുള്ള ബോധപൂര്‍വമായ നീക്കം ഒരു വിഭാഗം മാധ്യമങ്ങള്‍ ഇപ്പോഴും തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തെ വിലയിരുത്താനാവുക. ചെങ്കോട്ട പോലുള്ള അതീവസുരക്ഷ പ്രധാനമായ ഒരു കെട്ടിടത്തില്‍ കടന്നു കയറാന്‍ പ്രക്ഷോഭകാരികള്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന സുപ്രധാന ചോദ്യം ഉന്നയിക്കുന്നതിനു പകരം 'അരാജകത്വത്തിന് എതിരെ ഇന്ത്യ' തുടങ്ങിയ തലക്കെട്ടുകള്‍ നിരത്തുന്നതിനാണ് മിക്കവാറും മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ക്ക് വിശ്വാസ്യത സൃഷ്ടിക്കുന്നതിനായി ഒരു പറ്റം മാധ്യമങ്ങള്‍ മുന്നിട്ട് ഇറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന നിലവാരം കാത്തു സൂക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടവര്‍ സര്‍ക്കാരിന്റെ ശത്രുക്കളായി മാറി. സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകളും, വിശകലനങ്ങളും നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ ശത്രുനിര്‍മാര്‍ജനത്തിന്റെ പുതിയ രീതികള്‍ അനുഭവിക്കേണ്ടി വരുമെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ മുതല്‍ രാജ്ദീപ് സര്‍ദേശായി വരെയുള്ളവരുടെ മേല്‍ ചാര്‍ജു ചെയ്യപ്പെട്ട കേസ്സുകള്‍ വെളിപ്പെടുത്തുന്നു. മാധ്യമ മേഖലയില്‍ ഇപ്പോള്‍ ദൃശ്യമാകുന്ന ഈ ധ്രുവീകരണം കൂടുതല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. പുതിയ സാങ്കേതിക വിദ്യകളും വിവരവിനിമയ സംവിധാനങ്ങളും പരമ്പരാഗത മാധ്യമ പ്രവര്‍ത്തനത്തെ ഏതാണ്ട് കാലഹരണപ്പെടുത്തിയ കാലഘട്ടത്തിലാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ സര്‍ക്കാരിന്റെയും, ഭരണകക്ഷിയുടെയും ജിഹ്വകളായി സ്വയം പരിവര്‍ത്തനപ്പെടുത്തിയ മാധ്യമ നിര്‍മിതിയുടെ വക്താക്കളായി അവതരിക്കുന്നത്.

തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാധ്യമ പ്രവര്‍ത്തകരെ കേസ്സുകളില്‍ കുടുക്കുന്നതിനു പുറമെ മാധ്യമ സ്ഥാപനങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ കുറവില്ല. പ്രമുഖ ദിനപത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുക, എന്‍ഡിടിവി-യുടെ പേരില്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസ്സ് ചുമത്തുക തുടങ്ങിയവ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തു തന്നെ നടന്ന പ്രവര്‍ത്തനങ്ങളാണ്. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുന്ന ഈയൊരു പ്രവണത വലിയ ഞെട്ടലോ, പ്രതിഷേധമോ ഇല്ലാതെ അവസാനിക്കുന്ന നിശ്ശബ്ദതയുടെ ഒരു സംസ്‌ക്കാരം രാജ്യമാകെ പടരുന്നതിന്റെ ലക്ഷണമാണ് ചൊവ്വാഴ്ച ന്യൂസ്‌ക്ലിക്ക് എന്ന വാര്‍ത്ത പോര്‍ട്ടലിന് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയിഡ്. വിദേശത്തെ ചില സ്ഥാപനങ്ങളില്‍ നിന്നും ന്യൂസ്‌ക്ലിക്കിന് ലഭിച്ച സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട പരിശോധനകള്‍ എന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. പോര്‍ട്ടലിന്റെ ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ, എഡിറ്റര്‍ പ്രന്‍ജാള്‍ തുടങ്ങിയവരുടെ വീടും ഓഫീസുമെല്ലാം രാവിലെ മുതല്‍ പരിശോധനയിലാണ്. ന്യൂസ്‌ക്ലിക്കിന് നേരെയുള്ള നടപടി തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞുവെങ്കിലും പത്രപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും അതിനെതിരെ ഇതുവരെ പ്രതിഷേധ നടപടികള്‍ ഒന്നും ഉണ്ടായില്ല എന്നത് നാം കടന്നു പോകുന്ന കാലത്തിന്റെ അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തുന്നു.

'ഗോദി മീഡിയ' എന്ന പ്രയോഗം വ്യാപകമാകുന്നതിന് മുമ്പുതന്നെ ഭരണകൂട പ്രീണനം മുഖ്യധാരമാധ്യമങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ പ്രൊപഗാന്‍ഡ മെഷീനറിയുടെ അവിഭാജ്യഘടകമായി മുഖ്യധാര മാധ്യമപ്രവര്‍ത്തനം സ്വയം അവരോധിക്കുന്നത് പുതിയ രീതിയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ അമേരിക്ക ഇറാഖില്‍ നടത്തിയ അധിനിവേശത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ വാക്കായിരുന്നു എംബഡഡ് ജേര്‍ണലിസം. അധിനിവേശ സൈന്യത്തിന്റെ ഭാഗമായി സ്വയം പ്രതിഷ്ഠിച്ച പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകളും, ചിത്രങ്ങളും സമാഹരിച്ച രീതിയാണ് എംബഡഡ് പത്രപ്രവര്‍ത്തനം ആയി തിരിച്ചറിയപ്പെട്ടത്. അമേരിക്കന്‍ സൈന്യത്തിനു വേണ്ടിയുള്ള പ്രൊപഗാന്‍ഡ സംവിധാനമായി ഈയൊരു രീതി വളരെ പെട്ടെന്നു തിരിച്ചറിയപ്പെട്ടിരുന്നു. എന്നു മാത്രമല്ല എംബഡഡ് ക്ലിക്കില്‍ ഒരിക്കലും ഇടം തേടാത്ത റോബര്‍ട് ഫിസ്‌ക്, (ഫിസ്‌ക് അടുത്തകാലത്ത് നിര്യാതനായി) പാട്രിക് കോബേണ്‍ തുടങ്ങിയ നിരവധി പത്രപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകളും, വിശകലനങ്ങളുമാണ് അമേരിക്കന്‍ അധിനിവേശത്തിന്റെ വ്യാജസ്തുതികളെ തുറന്നു കാട്ടുന്നതിനുള്ള വസ്തുതാപരമായ വിവരണങ്ങള്‍ ലോകസമക്ഷം സമര്‍പ്പിച്ചത്. എംബഡഡ് ജേര്‍ണലിസമെന്ന നാണക്കേടിന്റെ മൂന്നു ദശകങ്ങള്‍ പൂര്‍ത്തിയാവുന്ന വേളയില്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ നാണം കെട്ട പ്രതീകമായി ഉയരുന്ന ഗോദി മീഡിയ അല്‍പ്പായുസ്സ് മാത്രമുള്ള കൈത്തെറ്റായി അവസാനിക്കുമെന്നു പ്രതീക്ഷിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)

.


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories