TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ വക വനിതാ ശാക്തീകരണത്തിനും രണ്ടാം നവോത്ഥാനത്തിനും താല്‍ക്കാലിക സ്റ്റേ

സര്‍ക്കാര്‍ വക വനിതാ ശാക്തീകരണത്തിനും രണ്ടാം നവോത്ഥാനത്തിനും താല്‍ക്കാലിക സ്റ്റേ

ശബരിമല, അയോദ്ധ്യ കേസുകളിൽ ഭരണഘടനക്കു മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കുന്ന വിധികളാണ് ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്. ഭരണ ഘടന ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥമാണെന്ന് ചൂണ്ടിക്കാട്ടി ശബരിമല കേസിൽ വിയോജന വിധി എഴുതിയ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി നടപ്പിലാക്കാൻ സഹായിക്കാത്ത കേന്ദ്ര, സംസ്ഥാന മന്ത്രിമാരും എം പി മാരും എം എൽ എമാരും സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നതെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇന്നലെ മറ്റൊരു കേസിൽ വാദം കേൾക്കുന്നതിനിടയിൽ സുപ്രീം കോടതിയുടെ വിധിന്യായങ്ങൾ നടപ്പാക്കാൻ ഉള്ളതാണെന്നും അവ വെച്ച് കളിക്കരുതെന്ന് താക്കീത് നൽകാനും ജസ്റ്റിസ് നരിമാൻ മടിച്ചില്ല. ഇക്കാര്യം നിങ്ങളുടെ സർക്കാരിനെ അറിയിക്കണമെന്ന് സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെടുക വഴി ശബരിമല വിധി നടപ്പിലാക്കാത്തതില്‍ തനിക്കുള്ള പ്രതിക്ഷേധം അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് നരിമാനെപ്പോലുള്ളവർ ശബരിമലയിൽ യുവതി പ്രവേശം അനുവദിച്ചു കൊണ്ടുള്ള ഭരണഘടന ബെഞ്ചിന്റെ വിധി നടപ്പിലാക്കാത്തതിനെ ആവർത്തിച്ചു വിമർശിക്കുമ്പോഴും പ്രസ്തുത വിധി എങ്ങനെ നടപ്പിലാക്കാതിരിക്കാം എന്ന അന്വേഷണത്തിലായിരുന്നു കേരളത്തിലെ ഇടതു സർക്കാർ. ശബരിമല സംബന്ധിച്ച റിവ്യൂ ഹർജികൾ ഒരു വിശാല ബെഞ്ചിന് വിട്ട കോടതി കഴിഞ്ഞ വർഷത്തെ വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും യുവതി പ്രവേശം തല്ക്കാലം വേണ്ട എന്ന നിലപാടിലാണ് ഇന്നലെ കേരള സർക്കാർ എത്തിച്ചേർന്നത്. സുപ്രീംകോടതി വിധി എന്തുവിലകൊടുത്തും നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണാറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുന്നു എന്ന് സാരം. ഇതിനു പറയുന്ന ന്യായം വിധി സ്റ്റേ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും തത്വത്തിൽ സ്റ്റേ ചെയ്യപ്പെട്ട അവസ്ഥ നിലനിൽക്കുന്നുവെന്നു അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകി എന്നതാണ്. എന്നാൽ ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറക്കും എന്ന സിമ്പിൾ ലോജിക് മാത്രമാണ് പിണറായി സർക്കാർ ഇന്നലെ കൈക്കൊണ്ട തീരുമാനത്തിനു പിന്നിലുള്ളത്. കഴിഞ്ഞ വർഷത്തെ പ്രക്ഷുബ്ധാവസ്ഥയും അതുമൂലം ശബരിമലയിലെ വരുമാനത്തിൽ ഉണ്ടായ ഇടിവും മാത്രമല്ല ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുമൊക്കെയാണ് (തിരിച്ചടിക്ക് കാരണം ശബരിമല മാത്രം ആയിരുന്നില്ലെങ്കിലും) സർക്കാരിനെ ഇങ്ങനെ ഒരു നിലപാട് എടുക്കാൻ പ്രേരിപ്പച്ചതെന്നത് പകൽ പോലെ വ്യക്തം. ശബരിമലയിൽ യുവതി പ്രവേശം അനുവദിച്ചുകൊണ്ട് വിധി വന്നപ്പോഴും കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളും (വിധിയെ സഹർഷം സ്വാഗതം ചെയ്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കുടുംബത്തിൽ പെട്ട സ്ത്രീകളും ഇക്കൂട്ടത്തിൽ പെടും) അതിനെ അനുകൂലിച്ചില്ല എന്ന ഒരു മുടന്തൻ ന്യായവും സർക്കാരിനും സി പി എമ്മിനുമൊക്കെ വേണമെങ്കിൽ നിരത്താം. പക്ഷെ അപ്പോഴും ഉയരുന്ന മറ്റൊരു ചോദ്യം കേവലം ലാഭ നഷ്ടങ്ങളുടെ കണക്കു നോക്കി ഒരു ചരിത്ര വിധിയെ ചവറ്റുകൊട്ടയിൽ നിക്ഷേപിക്കുന്ന ഇക്കൂട്ടർ പിന്നെന്തിനാണ് വനിതാ ശാക്തീകരണം എന്നൊക്കെ പറഞ്ഞു വനിതാ മതിൽ കെട്ടിയതെന്നും അനാചാരങ്ങൾക്കും അന്ധ വിശ്വാസങ്ങൾക്കും എതിരെ എന്ന് പറഞ്ഞു നവോത്ഥാന മുന്നണി രൂപീകരിച്ചതും എന്നതാണ്. ഈ ചോദ്യത്തിന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ഇടതു മുന്നണിയുമൊക്കെ തീർച്ചയായും മറുപടി പറയേണ്ടതായുണ്ട്. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories