TopTop
Begin typing your search above and press return to search.

ലൈംഗികാരോപണം, ജുഡിഷ്യറിയുടെ ആശ്രിതത്വം, രഞ്ജൻ ഗൊഗോയി പടിയിറങ്ങുമ്പോൾ ബാക്കിയാവുന്ന ചോദ്യങ്ങൾ

ലൈംഗികാരോപണം, ജുഡിഷ്യറിയുടെ ആശ്രിതത്വം, രഞ്ജൻ ഗൊഗോയി പടിയിറങ്ങുമ്പോൾ ബാക്കിയാവുന്ന ചോദ്യങ്ങൾ

'ഈ സ്ഥാപനത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുക സാധ്യമല്ല.' 2018 ജനുവരി 17 സുപ്രീം കോടതയിലെ നാല് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അന്നത്തെ രണ്ടാമത്തെ മുതിര്‍ന്ന ജസ്റ്റീസ് ജെ ചെലമേശ്വറിൻ്റെ ചരിത്രത്തില്‍ കുറിച്ച വാക്കുകള്‍ പറയുമ്പോള്‍ ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് തോട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര കേസുകള്‍ വീതം വെയ്ക്കുന്നതിലടക്കുമുള്ള വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനത്തിനെതിരെ അദ്ദേഹത്തിന് കത്തെഴുതിയതിന് ശേഷമായിരുന്നു സുപ്രീം കോടതി ജഡ്ജിമാരുടെ അസാധാരണമായ വാര്‍ത്താസമ്മേളനം. ജസ്റ്റീസുമാരായ കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവരായിരുന്നു മറ്റ് ജഡ്ജിമാര്‍. സുപ്രീം കോടതിയിൽ ആശാസ്യകരമല്ലാത്ത പ്രവണതകളുണ്ടെന്നായിരുന്നു ജഡ്ജിമാരുടെ ആക്ഷേപം.

ഇന്ത്യൻ നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട് വെന്ന് മുതിർന്ന ജഡ്ജിമാർ പറഞ്ഞ അവസ്ഥയ്ക്ക് രഞജ്ൻ ഗഗോയ് സ്ഥാനമേറ്റെടുക്കുന്നതോടെ മാറ്റമുണ്ടാകുമെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു. ഗൊഗോയിയുടെ കാലത്തിന് ശേഷം ഇന്ത്യൻ നീതിന്യായ സംവിധാനം എവിടെയെത്തി നിൽക്കുന്നുവെന്ന പരിശോധനയിലൂടെ മാത്രമെ പ്രതീതിയും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം വ്യക്തമാകൂ

13 മാസവും രണ്ട് ആഴ്ചയും ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായി ഇരുന്നതിന് ശേഷം വിരമിക്കുമ്പോള്‍ രഞ്ജന്‍ ഗൊഗോയിയുടെ കാലം, നീതി നിർവഹണവുമായി ഇതുവരെ ഉണ്ടാകാതിരുന്ന സംഭവങ്ങളാലും വിവാദങ്ങള്‍ക്കൊണ്ടും പ്രക്ഷുബ്ദവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനങ്ങളാലുമെല്ലാം സവിശേഷമായിരുന്നു. രഞ്ജന്‍ ഗൊഗോയിയുടെ 13 മാസം. അദ്ദേഹം തന്നെ തന്റെ മുന്‍ഗാമിയില്‍ ആരോപിച്ച തെറ്റായ പ്രവണതകള്‍ മറികടക്കാൻ ശ്രമിക്കുകയായിരുന്നില്ല, ഇനി ഒരു തിരുത്ത് എളുപ്പമല്ലാത്ത രീതിയിൽ നീതിന്യായ സംവിധാനത്തിൻ്റെ പ്രവർത്തനങ്ങൾ മാറ്റപ്പെട്ട കാലമായിട്ടാവും ചരിത്രം ഗൊഗോയിയുടെ കാലത്തെ രേഖപ്പെടുത്തുക

ആരോപണവിധേയൻ വിധികർത്താവാകുമ്പോൾ

2019 ഏപ്രിലില്‍ കാരവന്‍, ദി വയര്‍ തുടങ്ങിയ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ഇന്ത്യന്‍ ജുഡിഷ്യറിയെ ഉലയ്ക്കുന്നതായിരുന്നു. സുപ്രീം കോടതിയിലെ ഒരു ജീവനക്കാരി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം സംബന്ധിച്ച വാര്‍ത്തായിരുന്നു അത്. 2016 ഒക്ടോബര്‍ മുതല്‍ രഞ്ജന്‍ ഗൊഗോയിയോടൊപ്പം ജോലി ചെയ്ത ജൂനിയര്‍ കോര്‍ട് അസിസ്റ്റന്റ് ആയിരുന്നു പരാതിക്കാരി. ആരോപണം ഉന്നയിച്ച ജീവനക്കാരിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. സൂപ്രീം കോടതിയെന്ന സ്ഥാപനത്തെ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നായിരുന്നു സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെ ആദ്യ പ്രതികരണം. 'ഏറ്റവും പ്രധാനപ്പെട്ട ഒരു പൊതു താല്‍പര്യ വിഷയം' എന്ന് കോടതി തന്നെ വിശേഷിപ്പിച്ച ആരോപണം പരിഗണിക്കാന്‍ രഞ്ജന്‍ ഗൊഗോയ് ഒരു ബെഞ്ച് രൂപികരിച്ചു. തനിക്കെതിരായ ആരോപണത്തിന്റെ നിജസ്ഥിതി എന്താണെന്ന് മനസ്സിലാക്കാന്‍ രൂപികരിച്ച ബെഞ്ചില്‍ തന്റെ സാന്നിധ്യം ഉറപ്പുവരുത്തിയാണ് ഗൊഗോയ് പൊതു സമൂഹത്തെ ഞെട്ടിച്ചത്. ആരോപണം ഉന്നയിച്ച സ്ത്രീക്ക് നോട്ടീസ് പോലും അയക്കാതെ ആരോപണങ്ങള്‍ ബെഞ്ച് തള്ളിക്കളയുകയും ചെയ്തു. നീതിന്യായ സംവിധാനത്തിന്റെ സ്വതന്ത്ര്യ അസ്തിത്വം തകര്‍ക്കുന്നതിന്റെ ഭാഗമാണ് ഈ ആരോപണം എന്നും ബെഞ്ച് ആരോപിച്ചു. പിന്നീട് സൂപ്രീം കോടതിയിൽ ഒരു ആഭ്യന്തര സമിതി ഇതിനായി നിയമിക്കപ്പെട്ടു. ജസ്റ്റീസ് എസ് എ ബോബ്ദെ, ഇന്ദിരാ മുഖര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു കമ്മിറ്റിയില്‍. ഇവര്‍ നടത്തിയ തെളിവെടുപ്പിന് ശേഷം ചീഫ് ജസ്റ്റീസ് കുറ്റക്കാരനല്ലെന്ന് വിധിക്കപ്പെട്ടു. അവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആരോപണം ഉന്നയിച്ച സ്ത്രീക്ക് കൈമാറാതെയായിരുന്നു വിധി പ്രഖ്യാപനം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനും കോടതി തയ്യാറായില്ല. വ്യക്തിപരമായ ആരോപണങ്ങള്‍ക്കു മേല്‍ പൊതുസമൂഹത്തിന് ബോധ്യമാകുന്ന തരത്തില്‍ അന്വേഷണം നടത്തിയില്ലെന്നതുമാത്രമല്ല, രഞ്ജന്‍ ഗൊഗോയിയുടെ കാലയളവില്‍ സംഭവിച്ച പ്രധാന കാര്യം. അത് സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ രഹസ്യാത്മകത വര്‍ധിപ്പിച്ചുവെന്നതാണ്. ജഡ്ജിമാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട കൊളീജിയത്തിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് മാത്രമല്ല, ഈ രഹസ്യാത്മകത കോടതി നിലനിര്‍ത്തിയത്. പല കേസുകളുടെ കാര്യത്തിലും അത് പല രീതിയിൽ സംഭവിച്ചു. ചില കേസുകൾ പരിഗണിക്കുന്നത് വൈകിപ്പിച്ചപ്പോൾ, മറ്റ് ചിലതുമായി ബന്ധപ്പെട്ട് അനാവാശ്യമായ രഹസ്യാത്മകയും നിലനിർത്തി. സീലു ചെയ്യപ്പെട്ട സുതാര്യത രഹസ്യാത്മകതയെന്നത് പ്രവർത്തനങ്ങളിലെ സുതാര്യമില്ലായ്മയാണ്. കൊളീജിയത്തിൻ്റെ പ്രവർത്തനങ്ങളൊക്കെയായി ബന്ധപ്പെട്ട് ഇത് പല രീതിയിൽ നേരത്തെയും ആരോപണങ്ങളും സംശയങ്ങളുമൊക്കെ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും, കോടതിയിൽ സമർപ്പിക്കപ്പെടുന്ന രേഖകളിൽ രഹസ്യാത്മക ഉണ്ടാക്കിയെടുത്തതാണ് ഈയടുത്ത് സൃഷ്ടിക്കപ്പെട്ട പ്രവണത. വിവിധ കേസുകള്‍ കേട്ട രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോടും ബന്ധപ്പെട്ട ഏജന്‍സികളോടുംസീല്‍ ചെയ്ത കവറില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പറഞ്ഞത് സുതാര്യതയെ ഇല്ലാതാക്കി. റഫേല്‍ കേസ് പരിഗണിച്ച ഘട്ടത്തില്‍ വിമാനങ്ങളുടെ വില സംബന്ധിച്ച വിവരങ്ങളും അസം പൗരത്വ റജിസ്ട്രീ സംബന്ധിച്ച കേസിലും, സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയ്‌ക്കെതിരായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ കാര്യത്തിലുമൊക്കെ സീല്‍ ചെയ്ത കവറിലാണ് കോടതി വിവരങ്ങള്‍ തേടിയത്. ഇത് പൊതു താല്‍പര്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് കോടതിയുടെ തീരുമാനത്തില് അനാവശ്യമായ ദുരൂഹത ഉണ്ടാക്കി.

എക്‌സിക്യൂട്ടിവിന്റെ അധികാരങ്ങള്‍ക്ക് ബദലായി പൗരന്റ അവകാശങ്ങള്‍ക്ക് കൂടെ നില്‍ക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാര്യത്തിലും ഗൊഗോയിയുടെ തീരുമാനങ്ങള്‍ പൊതുവില്‍ വിമർശിക്കപ്പെട്ടു. രണ്ട് കാര്യങ്ങളിലെ തീരുമാനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടാന്‍ കഴിയും. ഒന്ന് ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് കോടതി കൈകൊണ്ട തീരുമാനം. ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കം സംശയങ്ങള്‍ പ്രകടിപ്പിച്ചതാണ്. സ്വാഭാവികമായും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ജനാധിപത്യത്തിന്റെ അന്തസത്തയെ ബാധിക്കുന്ന വിഷയം എന്ന നിലയില്‍ സുപ്രീം കോടതി തീരുമാനമെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയാണ് കോടതി ചെയ്തത്. 2017 ഫൈനാന്‍സ് ആക്ടിലൂടെ നിലവില്‍ വന്ന ഇലക്ടറല്‍ ബോണ്ടുകളെകുറിച്ച് തീരുമാനമെടുക്കാന്‍ കോടതി ഇതുവരെ കൂട്ടാക്കിയില്ല. ഇതോടെ തെരഞ്ഞെടുപ്പിലെ കോര്‍പ്പറേറ്റ് ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സംശയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കോടതി തയ്യാറായില്ല.

370-ാം വകുപ്പിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലും കാശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലും കോടതിയുടെ സമീപനം വ്യത്യസ്തമായിരുന്നില്ല. കാശ്മീരിലെ നിയന്ത്രണങ്ങള്‍ക്ക് ശേഷം സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജികളിലും മുഖ്യ പ്രശ്‌നത്തെ പരിഗണിക്കാതെ ഒറ്റപ്പെട്ട തീരുമാനങ്ങള്‍ എടുക്കുകയായിരുന്നു കോടതി ചെയ്തത്. വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിക്കപ്പെട്ടപ്പോഴും ആ വിഷയങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ക്ക് കോടതി തയ്യാറായുമില്ല. 370-ാംവകുപ്പ് പിന്‍വലിച്ചതിനെ ചോദ്യം ചെയ്ത ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മുകളില്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ കോടതിയുടെ മാറി നില്‍ക്കല്‍ ഭരണകക്ഷിയെ അവര്‍ ആഗ്രഹിച്ച നയപരിപാടികള്‍ നിതിന്യായ സംവിധാനത്തിന്റെ പരിശോധനയില്ലാതെ തന്നെ നടപ്പിലാക്കാന്‍ സഹായിക്കുകയാണ് ചെയ്തത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നുവന്ന ഒരു സംഭവത്തിലാണ് കോടതി ഇത്തരത്തിൽ വൈകിപ്പൽ നടപടിയെടുത്തതെന്നതാണ് എടുത്തുപറയേണ്ട സംഗതി.

സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റപ്പെട്ട അലോക് വർമ്മ നൽകിയ ഹർജിയിൽ തീരുമാനം വൈകിയതും സഹായിച്ചത് സർക്കാറിനെയാണെന്ന വിമർശനവും അന്നു തന്നെ ഉയർന്നു. നിയമനവും സ്ഥലമാറ്റവുമായി ബന്ധപ്പെട്ടും രഞ്ജന്‍ ഗൊഗോയിയുടെ കാലത്തെ കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന താഹീര്‍ രമണിയുടെ ത്രിപുര ഹൈക്കോടതിയിലേക്കുള്ള സ്ഥലമാറ്റവും, ജസ്റ്റീസ് എ എ ഖുറേഷിയുടെ നിയമനവുമായി ബന്ധപ്പെട്ട് വരുത്തിയ മാറ്റവും വലിയ ദൂരൂഹതകളാണ് ഉണ്ടാക്കിയത്. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമനത്തിന് ശുപാര്‍ശ ചെയ്ത് നാല് മാസത്തിന് ശേഷം ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കാനാണ് കൊളിജിയം തീരുമാനിച്ചത്. ഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റീസ് ആക്കണമെന്ന ശുപാര്‍ശയിന്മേല്‍ നാല് മാസത്തോളം തീരുമാനമെടുക്കാതിരുന്ന സര്‍ക്കാര്‍ പിന്നീട് അയച്ച സന്ദേശത്തെ തുടര്‍ന്നാണ് ഖുറേഷി ത്രിപുരയിലേക്ക് മാറ്റപ്പെട്ടത്. ഇതിന്റെ കാരണങ്ങള്‍ ഇന്നും ദുരൂഹമായി തുടരുന്നു. 2018 നവംബറില്‍ ഖുറേഷി ഗുജറാത്ത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസ് ആകേണ്ടിയിരുന്നതാണ്. ആ ഘട്ടത്തിലാണ് അദ്ദേഹത്തെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റിയത്. ഇതും ദുരൂഹമായിരുന്നു. 2010 ല്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷായെ ഷൊറാഹുബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയിലിലടച്ചത് ഖുറേഷിയായിരുന്നു.

ഇങ്ങനെ എക്‌സിക്യൂട്ടിവിന്റെ നിയന്ത്രണങ്ങള്‍ ജുഡിഷ്യറിയെ സ്വാധീനിക്കുന്നുവെന്ന് തോന്നലുണ്ടാക്കുന്ന വിധികളാണ് അയോധ്യ കേസിലും ശബരിമല റിവ്യൂ ഹര്‍ജികളിലും കാണിച്ചത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അയോധ്യകേസില്‍ അന്തിമ വിധി പറഞ്ഞുവെന്നതിനപ്പുറം വിധിയിലെ നിയമ യുക്തിയാവും വരും കാലങ്ങളില്‍ ചര്‍ച്ചയാവുക. വിശ്വാസത്തെ തെളിവായി സ്വീകരിച്ചുകൊണ്ട് നടത്തിയ വിധി, ഇനിയുള്ള കാലത്ത് എന്തൊക്കെ കീഴ് വഴക്കങ്ങളാവും സൃഷ്ടിക്കുകയെന്നതും കാലത്തിന് മാത്രം പറയാൻ കഴിയുന്ന കാര്യമാണ്. റിവ്യൂ ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മറ്റൊരു ബെഞ്ച് രൂപികരിച്ചുവെന്നതും (ശബരിമല കാര്യത്തില്‍) രഞ്ജന്‍ ഗഗോയിയുടെ കാലത്തെ നിരവധി വിവാദങ്ങളില്‍ ഒടുവിലെത്തെതായി രേഖപ്പെടുത്തും. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിവിധിയെ ചോദ്യം ചെയ്ത നൽകിയ റിവ്യൂ ഹർജികൾ പരിഗണിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് പകരം വിശാല ബെഞ്ചിൻ്റെ പരിഗണനയിലേക്ക് വിശ്വാസ സംബന്ധിയായ നിരവധി വിഷയങ്ങൾ വിടുകയാണ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ടുള്ള അവ്യക്ത ഇപ്പോഴും തുടരുകയും ചെയ്യുന്നു.

ഈ സ്ഥാപനം സംരക്ഷിച്ചില്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ലെന്നായിരുന്നു ദീപക് മിശ്രയുടെ തീരുമാനങ്ങള്‍ക്കെതിരെ രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടയുള്ള ജഡ്ജിമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ജനാധിപത്യത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ ജൂഡിഷ്യറിക്ക് സാധ്യമാകാതെ വരുന്നുവെന്ന തോന്നല്‍ വ്യാപകമാക്കിയെന്നതാണ് 13 മാസത്തെ പദവിയില്‍നിന്ന് പടിയിറങ്ങുമ്പോള്‍ രഞ്ജന്‍ ഗൊഗോയ് സൃഷ്ടിക്കുന്നത്.


Next Story

Related Stories