TopTop
Begin typing your search above and press return to search.

നരഭോജി നരഭോജിയായി തന്നെ തുടരുകയാണ്, ഡല്‍ഹി കലാപത്തിന്റെ പാഠങ്ങള്‍

നരഭോജി നരഭോജിയായി തന്നെ തുടരുകയാണ്, ഡല്‍ഹി കലാപത്തിന്റെ പാഠങ്ങള്‍

വര്‍ഗ്ഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരായ ബദല്‍ ഉണ്ട് എന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഡല്‍ഹിയില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തത്. അവര്‍ ഏറ്റെടുത്തതും നടപ്പാക്കിയതുമായ വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അംഗീകരിച്ചതിനാലാണ് ഡല്‍ഹിയില്‍ എ.എ.പിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കൊപ്പവും വേദി പങ്കിടാന്‍ അവസരം ലഭിച്ച സമയങ്ങളില്‍ ഇരുവരും പറഞ്ഞത്, ഡല്‍ഹിയിലെ പൊതുവിദ്യാഭാസ രംഗത്തും പൊതുജനാരോഗ്യ രംഗത്തും നേടാന്‍ കഴിഞ്ഞ വളര്‍ച്ചയ്ക്ക് കേരളമാണ് തങ്ങളുടെ മാതൃക എന്നാണ്. കേരളത്തിന്റെ മതമൈത്രി, സാമുദായിക സൗഹാര്‍ദം എന്നിവയെ കുറിച്ചും അവര്‍ക്ക് നല്ല കാര്യങ്ങളാണ് പറയാനുള്ളത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ചില നേതാക്കളുടെ പ്രസ്താവനകള്‍ എന്തായിരുന്നു? രാഷ്ട്രീയ വിവേകം ജനങ്ങളിലേക്ക് പകര്‍ന്ന് കൊടുക്കുന്നതിന് തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ ഉപയോഗിക്കുന്നതിന് പകരം, അങ്ങേയറ്റത്തെ സാമൂഹിക സ്പര്‍ദ്ധ പ്രസരിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ബി.ജെ.പിയുടെ ചില നേതാക്കള്‍ ശ്രമിച്ചത്. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള പോരാട്ടമാണെന്നുവരെ ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ചു. ഡല്‍ഹിയില്‍ പലയിടങ്ങളിലും കൊച്ചു കൊച്ചു പാക്കിസ്താനുകള്‍ ഉണ്ടെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രചാരണം. പൗരത്വ നിയമത്തിനെതിരായി സമരം ചെയ്യുന്നവര്‍ നിങ്ങളുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറി നിങ്ങളുടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യും, കുട്ടികളെ കൊലപ്പെടുത്തും, വെടിവെക്കും തുടങ്ങിയ പ്രചരണങ്ങളാണ് അവര്‍ നടത്തിയത്.

എന്നാല്‍, ഈ പ്രസ്താവനകളോടൊന്നും ഡല്‍ഹിയിലെ സാധാരണ ജനങ്ങള്‍ക്ക് യോജിപ്പില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത്. ഫലം പുറത്തു വന്നയുടനെ ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവന വന്നിരുന്നു; പാഠം പഠിപ്പിക്കുമെന്ന്.

തുടര്‍ന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ടത്. ആ സന്ദര്‍ശനത്തിന് തെരഞ്ഞെടുത്ത ദിവസത്തിന് (ഫെബ്രുവരി 24) പോലും പ്രത്യേകതയുണ്ട്, 1920ല്‍ നാസി പാര്‍ട്ടി രൂപീകരിച്ച ദിവസമാണ്, അതിന്റെ ശതാബ്ദി ദിവസത്തിലാണ് ട്രംപ് അഹമ്മദാബാദില്‍ എത്തിയത്.(1920 ഫെബ്രുവരി 24നാണ് നാസി പാര്‍ട്ടി രൂപീകരിക്കുന്നത്. രൂപീകരണ സമയത്ത് വെറും 60 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ലക്ഷക്കണക്കിന് ആളുകള്‍ അതില്‍ അംഗത്വമെടുത്തു. ആ പാര്‍ട്ടി തീവ്ര ദേശീയ വികാരവും അങ്ങേയറ്റത്തെ വലതുപക്ഷ രാഷ്ടീയവും നുണ പ്രചരണങ്ങളില്‍ അധിഷ്ടിതമായിട്ടുള്ള പ്രവര്‍ത്തനവും വംശീയ വിദ്വേഷവും ആര്യന്‍ രക്തത്തിന്റെ മേല്‍ക്കോഴ്മയും മുന്നോട്ട് വെക്കുകയും ജര്‍മ്മനിയുടെ ആഭ്യന്തര ശത്രുക്കളെ പ്രഖ്യാപിക്കുകയും ചെയ്യുന്ന തലത്തിലേക്ക് നീങ്ങുകയും ചെയ്തു.)

ഇന്ത്യയിലെത്തിയതിന്റെ പിറ്റെ ദിവസം ട്രംപ് ഡല്‍ഹിയില്‍ കാലുകുത്തുന്നു. അദ്ദേഹം കാലുകുത്തുമ്പോള്‍ വര്‍ഗീയ കലാപത്തിലേക്ക് ഡല്‍ഹി വഴുതി വീഴുകയായിരുന്നു. അത് സാന്ദര്‍ഭികമാണെന്ന് ഒരു മന്ത്രി പറഞ്ഞാല്‍ അതിനോട് എനിക്ക് യോജിക്കാനാവില്ല. ഡല്‍ഹിയില്‍ പുറത്തിറങ്ങിയ ചില ഇംഗ്ലീഷ് പത്രങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു, കലാപം നടന്ന ചിലയിടത്ത് അതിന്റെ 24മണിക്കൂര്‍ മുന്‍പ് ചില വീടുകളുടെയും കടകളുടെയും എല്ലാം മുന്നില്‍ അടയാളപ്പെടുത്താനായി കാവി കൊടികള്‍ സ്ഥാപിച്ചിരുന്നു എന്ന്. കൂടാതെ, അക്രമം അഴിച്ചു വിടുന്നതിന് മുന്‍പ് ട്രക്കുകളിലും ജീപ്പുകളിലുമായി കല്ലുകളും കട്ടയും കമ്പും കമ്പികളുമൊക്കെയായി പുറത്തു നിന്നും ചെറുപ്പക്കാര്‍ കൂട്ടം കൂട്ടമായി വന്നിറങ്ങി എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സാധാരണ ഗതിയില്‍ പലയിടത്തും ആര്‍.എസ്.എസ് സംഘടിതമായി ആക്രമണം നടത്തുന്നത് ഇങ്ങനെയാണ്. അതാത് പ്രദേശത്തുള്ള ആളുകള്‍ അല്ല വാസ്തവത്തില്‍ ആക്രമണം നടത്തുക. പുറത്തു നിന്നാണ് അവര്‍ അക്രമികളെ കൊണ്ടെത്തിക്കുക. അവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം അനുസരിച്ച് വിന്യസിച്ച് അവര്‍ അത്തരത്തില്‍ ആക്രമണം നടത്തുകയുമാണ് ചെയ്യുക. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തന്നെയാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പ് ത്രിപുരയില്‍ അവര്‍ നടത്തിയത്. ഡല്‍ഹിയില്‍ മുസ്ലിംകളുടെ കടകളും വീടുകളും കമ്പോളങ്ങളും തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയും ആസിഡ് ഒഴിച്ച് പോലും സാധനങ്ങള്‍ നശിപ്പിക്കുകയുമുണ്ടായി. സത്രീകളും കുട്ടികളും ഓടി ഒളിക്കേണ്ട അവസ്ഥ, പുരുഷന്‍മാര്‍ നാടുവിട്ടു പോകേണ്ടതായിട്ടുള്ള അവസ്ഥ. ഈ കുറിപ്പ് എഴുതുന്ന ദിവസം വരെ 200ല്‍ അധികം പേരെയാണ് ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ എഴുപത് പേര്‍ക്കെങ്കിലും വെടിയേറ്റാണ് പരിക്ക് പറ്റിയിരിക്കുന്നത്. എങ്ങനെയാണ് ഈ അക്രമികളുടെ കൈകളില്‍ തോക്കുകള്‍ എത്തിയതെന്ന് നാം ചിന്തിക്കണം. പോലീസുകാരനായ രത്തന്‍ ലാലിന് ഇടത്തെ തോളിലാണ് വെടിയേറ്റത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. വനിതാ മാധ്യമ പ്രവര്‍ത്തക ആക്രമിക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോടും പോലും മതം ചോദിക്കുന്നു, പേര് ചോദിക്കുന്നു. അതുകൊണ്ടും തൃപ്തരാവാത്തവര്‍ തുണി അഴിച്ച് പരിശോധിക്കുന്നു. ഇതൊക്കെ വ്യാപകമായി നടക്കുമ്പോള്‍ ഡല്‍ഹി പോലീസ് എന്തെടുക്കുകയാണെന്ന ചോദ്യമാണ് ഉയരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡല്‍ഹി പോലീസ്. ഇതുപോലുള്ള അക്രമങ്ങളെയും കലാപങ്ങളെയും നേരിട്ട് പരിചയമില്ലാത്തവരാണ് ഇന്ന് ഡല്‍ഹി പോലീസിന്റെ തലപ്പത്ത് ഇരിക്കുന്നതെന്നാണ് വിരമിച്ച ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടാതെ ഡല്‍ഹി പോലീസിന് താഴെ തട്ടിലുള്ള ജനങ്ങളുമായി ബന്ധമില്ല.

ഈ അക്രമ സംഭവങ്ങള്‍ പെട്ടെന്ന് ഉണ്ടായതല്ലെന്ന് വ്യക്തമാണ്. അക്രമങ്ങള്‍ ആരംഭിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും കൃത്യമായി തടയാന്‍ സാധിച്ചില്ല. വെടിയേറ്റ ഒരു കുട്ടി രാവിലെ 11 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ വഴിയോരത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു വാഹനവും കിട്ടാതെ കിടക്കേണ്ടി വന്ന സംഭവത്തില്‍ ഡല്‍ഹി പോലീസിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടതോടെയും, ബഹുമാനപ്പെട്ട സുപ്രിം കോടതിയും ഹൈക്കോടതിയും ഇടപെട്ട് പരിക്കേറ്റവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ നല്‍കുകയും വേണമെന്ന് പറഞ്ഞതോടെയുമാണ് ഭരണാധികാരികള്‍ അനങ്ങിയത്. അങ്ങനെ ജുഡീഷ്യറി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ തലസ്ഥാന നഗരിയുടെ ഗതി എന്താകുമായിരുന്നു?

ഗുജറാത്തിലെ വംശഹത്യ, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസിന്റെ സാന്നിധ്യത്തില്‍, അവരെ കാഴ്ചക്കാരായി നിര്‍ത്തി നടത്തിയ മുഖംമൂടി ആക്രമണം, ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത് എല്ലാം പൊതു സമൂഹത്തില്‍ ഭയം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ്.

അമേരിക്കന്‍ പ്രസിഡന്റിന് ഡല്‍ഹിയില്‍ വിരുന്ന് സല്‍ക്കാരം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഡല്‍ഹിയിലെ പല പ്രദേശത്തും മനുഷ്യന്‍ വെടിയുണ്ടക്കിരയായി ജീവനു വേണ്ടി പിടയുകയായിരുന്നു. പലരും മരണത്തോടു മല്ലിടുകയും നാടു വിടേണ്ടി വരികയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തില്‍ മലയാള പത്രപ്രവര്‍ത്തകരാണ് ഗ്രൗണ്ട് സീറോയില്‍ പോയി ജീവന്‍ പണയപ്പെടുത്തി സത്യാവസ്ഥ പുറം ലോകത്തെ അറിയിച്ചത്. സംഘര്‍ഷ മേഖലയില്‍ പോലീസിനെയും അര്‍ദ്ധ സൈനിക വിഭാഗത്തെയും വിന്യസിച്ചു എന്ന് കേന്ദ്രം പറഞ്ഞിട്ടും, അഞ്ചു കിലോ മീറ്ററില്‍ അധികം യാത്ര ചെയ്ത് വന്നിട്ട് ഒരു പോലീസുകാരനെ പോലും കണ്ടില്ല എന്ന് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അക്രമികള്‍ കല്ലും ആയുധങ്ങളും വെച്ച് ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അവരുടെ തൊട്ടു പിറകില്‍ ഫയര്‍ ഫോഴ്‌സിന്റെ വാഹനവും അതിലെ ഉദ്യോഗസ്ഥരും നോക്കിനില്‍ക്കുന്ന ഞെട്ടിക്കുന്ന പടങ്ങള്‍ പല പത്രങ്ങളും പ്രസിദ്ധീകരിച്ചതാണ്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരാണ് ഇവ നേരിടേണ്ടതെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണം. വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതിന് ബി.ജെ.പി നേതാവും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായ കപില്‍ മിശ്രക്കെതിരെ നടപടി എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പോലീസിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ട്രംപ് പോയിട്ട് കാണിച്ച് തരാമെന്ന ആക്രോശം നടത്തിയവര്‍ക്കെതിരെ പോലും പോലീസ് നടപടി എടുത്തിട്ടില്ല. ഡല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കുള്ള പാത അടക്കണമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ ആവര്‍ത്തിച്ച ആവശ്യപ്പെട്ടിട്ടും ഇന്ത്യാ ഗവണ്‍മെന്റ് അതിന് തയ്യാറായില്ല. അക്രമികളെ വളഞ്ഞ് പിടിക്കേണ്ടുന്ന പോലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ് ചെയ്തത്. ടു സെര്‍വ്വ് ആന്‍ഡ് പ്രൊട്ടക്ട് എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്, എന്നാല്‍ അതാര്‍ക്ക് എന്ന ചോദ്യമാണ് ഉയരുന്നത്. കൈകള്‍ കൂട്ടിക്കെട്ടപ്പെട്ടത് പോലെയാണ് ഡല്‍ഹി പോലീസിന്റെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ നടപടികള്‍.

വിമത സ്വരം ഉയര്‍ത്തിയവര്‍, പ്രതിഷേധിച്ചവര്‍ എല്ലാം രാജ്യദ്രോഹികളാണ് എന്നും ഇവരെയെല്ലാം ഇങ്ങനെ ചില മാതൃകകള്‍ കാട്ടി തീര്‍ക്കണം എന്നും ആരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട് എങ്കില്‍ അത് ഒട്ടും അഭികാമ്യമായ കാര്യമല്ല. ഇന്ത്യന്‍ ഭരണഘടന ഈ വിമത സ്വരത്തിനും പ്രതിഷേധത്തിനും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ക്കും എല്ലാം സംരക്ഷണം നല്‍കുകയും അത് പൗരാവകാശമായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഫ്രറ്റേണിറ്റി എന്ന ഒരു പദം ഭരണഘടനയിലുണ്ട്. മലയാളത്തില്‍ സഹിഷ്ണുത എന്ന് മാത്രം പറഞ്ഞാല്‍ പോര, അതിനും അപ്പുറമാണത്. ഈ വലിയ സമൂഹത്തില്‍ ഒരു വ്യക്തി മാത്രമെയുള്ളു എങ്കില്‍ പോലും ആ വ്യക്തിക്കും ബഹു ഭൂരിപക്ഷത്തിന്റേതായ വിശ്വാസത്തിനെതിരായിട്ടുള്ള തന്റെ അഭിപ്രായവും കാഴ്ചപ്പാടും വെച്ചുപുലര്‍ത്താനുള്ള അവകാശമുണ്ട് എന്നുള്ളതാണ് ഫ്രറ്റേണിറ്റി എന്ന പദം സൂചിപ്പിക്കുന്നത്. നിങ്ങള്‍ എത്ര ചെറിയ ന്യൂനപക്ഷമായിരുന്നാലും, എത്രമാത്രം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നാലും നിങ്ങളെയും ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നുള്ള മഹാമനസ്‌കതയും ഫ്രറ്റേണിറ്റി എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ലിബര്‍ട്ടി, ഇക്വാലിറ്റി, ഫ്രറ്റേണിറ്റി എന്നുള്ളത് വിപ്ലവങ്ങളുടെ മാതാവായ ഫ്രഞ്ച് വിപ്ലവത്തിന്റെ ആപ്ത വാക്യങ്ങളായി പഠിക്കാനും പഠിപ്പിക്കാനും ചിലയിടങ്ങളില്‍ ചുവരില്‍ എഴുതിവെക്കാനും മാത്രമുള്ളതല്ല. അത്, മാനവരാശിയുടെ തന്നെ ചരിത്രത്തിലേയും ജനാധിപത്യ പ്രക്രിയയിലെ വളര്‍ച്ചയിലെയും അവിഭാജ്യവും അനിവാര്യവുമായിട്ടുള്ള ഘടകമാണ്. അതിന്റെ കടയ്ക്കലാണ് ഇവിടെ ബി.ജെ.പിയുടെ ചില നേതാക്കള്‍ കത്തിവെക്കുന്നത്.

ഡല്‍ഹിയില്‍ പല കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോകാന്‍ ഭയം ജനിപ്പിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നു എങ്കില്‍, വാര്‍ത്തകള്‍ പലതും പുറത്ത് എത്താത്ത നിലയില്‍ ആണെങ്കില്‍, ഈ രാജ്യത്തിലെ മറ്റ് പ്രദേശങ്ങളില്‍ എന്തൊക്കെ നടന്നിട്ടുണ്ടാവില്ല. ജമ്മു കശ്മീരില്‍ എല്ലാം ശാന്തമാണ് എന്നും, ദൈനംദിന ജീവിതം അടക്കം സാധാരണ നിലയിലേക്ക് വരുകയാണ് എന്നും നൂറു കണക്കിന് രാഷ്ട്രീയ നേതാക്കളെയും മുന്‍ മുഖ്യമന്ത്രിമാരെയും വീട്ടുതടങ്കലിലാക്കിക്കൊണ്ടും വാര്‍ത്തകള്‍ അത്തരത്തില്‍ പ്രചരിപ്പിക്കുന്നതിന് വിഘാതം ഏര്‍പ്പെടുത്തി, എന്താണ് സംഭവിക്കന്നതെന്ന് നമുക്ക് അറിയാതെ ഇരിക്കുമ്പോള്‍, ഞങ്ങള്‍ പറയുന്നതാണ് ശരി എന്ന് ചിലയാളുകള്‍ പറയുന്നത് നിങ്ങള്‍ കൂട്ടിവായിക്കണം. ഡല്‍ഹി നമുക്ക് മുന്‍പില്‍ ഉയര്‍ത്തുന്നത് വലിയ ചോദ്യങ്ങളാണ്. ആ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് ഇന്ത്യയിലെ ഭരണാധികാരികളാണ്. ഇന്ത്യാ ഗവണ്‍മെന്റ് ഇപ്പോള്‍, തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ നമശിവായഃ മജീസ്‌ട്രേറ്റ് - വെറും കാഴ്ചക്കാരനായി, നിഷ്‌ക്രിയമായി-നോക്കി നില്‍ക്കുന്നു. ഒരു പാഠം പഠിപ്പിക്കലാണ് അവര്‍ നല്‍കുന്ന സന്ദേശം. ഇത് രാഷ്ട്രത്തിനാകെ ഒരു പാഠമാണ്. നരഭോജി നരഭോജിയായി തന്നെ തുടരുകയാണ്.

(തയ്യാറാക്കിയത് : മെഹ്ന സിദ്ദീഖ് കാപ്പന്‍)


Next Story

Related Stories