TopTop
Begin typing your search above and press return to search.

അംബേദ്ക്കറുടെ ആ പ്രസ്താവന ജീവിതം മാറ്റിമറിച്ചു, സാമൂഹിക നീതിയുടെ പോരാളി പി എസ് കൃഷ്ണന്റെ ജീവിതവും ഇടപെടലുകളും

അംബേദ്ക്കറുടെ ആ പ്രസ്താവന ജീവിതം മാറ്റിമറിച്ചു, സാമൂഹിക നീതിയുടെ പോരാളി പി എസ് കൃഷ്ണന്റെ ജീവിതവും ഇടപെടലുകളും

ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പോരാളിയായിരുന്നു പി.എസ്. കൃഷ്ണൻ എന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ. കഴിഞ്ഞ നവംബർ പത്തിന് ഡൽഹിയിൽ അന്തരിച്ച അദ്ദേഹത്തെക്കുറിച്ചുള്ള 'സാമൂഹിക നീതിക്കായി ഒരു സമർപ്പിത ജീവിതം' എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെള്ളിയാഴ്ച (ഫെബ്രുവരി 28നു) വൈകിട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുകയാണ്. മന്ത്രി എ കെ ബാലൻ, കൃഷ്ണന്റെ മകൾ ശുഭ, മുൻസ്പീക്കർ കെ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകാശനം. ചെന്നൈയിലെ സൗത്ത് വിഷൻ ബുക്സിന്റെ സഹകരണത്തോടെ ചിന്താ പബ്ലിഷേഴ്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ആന്ധ്രപ്രദേശ് കേഡറിലും തുടർന്ന് കേന്ദ്രത്തിലും വലിയ ചുമതലകൾ വഹിക്കുകയും മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിലടക്കം ഗണനീയ സംഭാവന നൽകുകയും ചെയ്ത ആളാണ് കൃഷ്ണൻ. അടുത്ത് പരിചയപ്പെടും വരെ അദ്ദേഹം മലയാളി ആണെന്നതോ തിരുവനന്തപുരം ആണ് സ്വദേശം എന്നോ അറിയില്ലായിരുന്നു. സാമൂഹിക നീതിക്കുവേണ്ടിയുള്ള തൻ്റെ പോരാട്ടങ്ങൾ അഭിമുഖ സംഭാഷണത്തിെൻറ രൂപത്തിൽ രേഖപ്പെടുത്തപ്പെട്ട പുസ്തകം മാതൃഭാഷയിൽ വരണം എന്നദ്ദേഹം വളരെയധികം ആഗ്രഹിച്ചിരുന്നു. അതിൻപ്രകാരം പരിഭാഷയുമായി ബന്ധപ്പെട്ട് ഞങ്ങൾ പലവട്ടം കണ്ടുമുട്ടി. പരിഭാഷ അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് പൊടുന്നനെ മരണം സംഭവിച്ചത്. മരണത്തിന് ഏതാണ്ട് ഒരുമാസം മുമ്പ് ഗുർഗാവിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽെ വച്ച് ഒടുവിൽ കണ്ടപ്പോഴും കൃഷ്ണന് പറയാനുണ്ടായിരുന്നത് സാമൂഹിക നീതിക്കായി ഇനിയും തുടരേണ്ട പോരാട്ടങ്ങളെക്കുറിച്ചായിരുന്നു. നീണ്ട ഒരു ദശകക്കാലം നടപ്പാക്കാതെ കിടന്ന മണ്ഡൽ കമീഷൻ റിപ്പോർട്ട് പൊടിതട്ടിയെടുത്ത് വി.പി. സിങ് സർക്കാറിനെക്കൊണ്ട് പ്രാബല്യത്തിൽ വരുത്തിച്ച വകുപ്പ് സെക്രട്ടറി എന്ന നിലയിലാണ് അദ്ദേഹം ഔദ്യോഗികതലങ്ങളിൽ അറിയപ്പെടുന്നത്. പിന്നാക്കവിഭാഗങ്ങളുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലുതന്നെ ആയിരുന്നു അത്. അവിഭക്ത ആന്ധ്രപ്രദേശിൽ ഉദ്യോഗസ്ഥനായിരിക്കെ രാജ്യത്താദ്യമായി മുസ്ലിംകൾക്ക് വിദ്യാഭ്യാസ-തൊഴിൽമേഖലകളിൽ നാലു ശതമാനം സംവരണം കൊണ്ടുവരാൻ അവിടത്തെ അന്നത്തെ സർക്കാറിനെ പ്രേരിപ്പിക്കുകയും നിയമം നിർമിക്കാൻ മുൻകൈയെടുക്കുകയും ചെയ്തിടത്തുനിന്ന് 86 വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം നിയോഗമായി ഏറ്റെടുത്ത ദൗത്യങ്ങൾ ഇന്ത്യയിലെ അടിസ്ഥാനവർഗത്തിെൻറ അതിജീവനത്തിലെ പ്രധാന ഭാഗങ്ങളാണ്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള സ്‌പെഷൽ കോമ്പോണൻറ് പ്ലാൻ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള പട്ടികജാതി സാമ്പത്തിക വികസന കോർപറേഷനുകൾ, പട്ടിക ജാതി-പട്ടികവർഗ ക്ഷേമത്തിനുള്ള പ്രത്യേക കേന്ദ്രസഹായം, സഫായി കർമചാരികളുടെ വിമോചനത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള നിയമം, ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്ത പട്ടികജാതിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കൽ, പട്ടിക ജാതി-പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമങ്ങൾ, പട്ടിക ജാതി-പട്ടികവർഗ ദേശീയ കമീഷനുകൾക്ക് ഭരണഘടനാ പദവി ഉറപ്പാക്കൽ, തോട്ടികളുടെ പുനരധിവാസം, ആദിവാസികളുടെ വനാവകാശ നിയമം, പിന്നാക്ക മുസ്ലിം വിഭാഗങ്ങളുടെ ക്ഷേമം, പരിവർത്തിത ക്രൈസ്തവരുടെ ക്ഷേമം എന്നിവയിൽ രാജ്യത്തുണ്ടായ എല്ലാ നിയമനിർമാണങ്ങളിലും അവയുടെ പരിഷ്കരണങ്ങളിലും നടപ്പാക്കലിലും കൃഷ്ണെൻറ കൈയൊപ്പുണ്ടായിരുന്നു. സർവിസില്‍നിന്ന് 1990ല്‍ വിരമിച്ച അദ്ദേഹം തുടര്‍ന്നുള്ള രണ്ട് വര്‍ഷക്കാലം പട്ടികജാതി-പട്ടിക വർഗക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ കമ്മീഷനിലംഗമായി. 1991-92ല്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള വിദഗ്ധ കമ്മിറ്റിയില്‍ അംഗമായി. പിന്നാക്കവിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്റെ മെംബര്‍ സെക്രട്ടറിയായി 1993 മുതല്‍ 2000 വരെ പ്രവര്‍ത്തിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ഇതര പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നത് സംബന്ധിച്ച നിയമം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ സഹായം തേടി. ആ നിയമത്തിന്‍റെ ആവശ്യകത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനും അതിന് ഭരണഘടനാ പരിരക്ഷ ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ 2015 സെപ്തംബര്‍ മുതല്‍ മാര്‍ച്ച് 2016 വരെ ഞാന്‍ രോഗശയ്യയിലായിരുന്നു. ആന്ധ്രാപ്രദേശ് കേഡറിലെ മൂന്നാമത്തെ നേരിട്ടുള്ള ദളിത് നിയമനത്തില്‍ സിവില്‍ സര്‍വ്വീസിലെത്തുകയും ചീഫ് സെക്രട്ടറിയായി വിരമിക്കുകയും ചെയ്ത കെ. മാധവറാവു അന്നൊരിക്കൽ ഒരു ദിവസം എന്നെ വിളിച്ചു. ഞാൻ ആത്മകഥ എഴുതണമെന്നുള്ള നീണ്ടകാലത്തെ അദ്ദേഹത്തിന്റെ ആവശ്യം അപ്പോൾ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. എന്‍റെ ജീവിതവും പ്രവര്‍ത്തികളും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് പറഞ്ഞ അദ്ദേഹം ആത്മകഥ എഴുതുന്നത് ഇനി ഒട്ടു വൈകിക്കരുത് എന്ന് പറഞ്ഞു. അദ്ദേഹവും അദ്ദേഹത്തെപ്പോലുള്ള മറ്റു പല സുഹൃത്തുക്കളും പറയുന്നത് പ്രകാരം സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുമ്പോള്‍ ഞാനെടുത്ത പല തീരുമാനങ്ങളും ദളിതരുടെയും ആദിവാസികളുടെയും മറ്റ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെയുമിടയില്‍ ഗുണകരമായ പലമാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇനിയും ആത്യന്തികമായ ഗുണഫലങ്ങള്‍ കണ്ടെത്തിയിട്ടില്ല. അവ അർഹിക്കുന്ന പൂര്‍ണതയിലേയ്ക്ക് അവയെ എത്തിക്കണമെങ്കില്‍ ഈ യാത്രയിലുടനീളം ഞാന്‍ നേരിട്ട വികാര വിചാര പ്രതിസന്ധികളും അനുഭവങ്ങളും പാഠങ്ങളും രേഖപ്പെടുത്തപ്പെടേണ്ടത് ഉണ്ടെന്ന് അവര്‍ കരുതുന്നു. സര്‍ക്കാര്‍ സര്‍വ്വീസിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ജീവിതത്തിന്‍റെ ഇതര മേഖലകളിലുമുള്ള പുതു തലമുറയ്ക്ക് സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഈ രേഖപ്പെടുത്തലുകള്‍ മാറുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ സാധാ മട്ടിലുള്ള വ്യക്തിഗതമായ ആത്മകഥയുടെ രൂപഘടന ഞാനിഷ്ടപ്പെടുന്നില്ല. അതിനാൽ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരിലൊരാളായ താങ്കളുടെ അറിവും അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും ചേര്‍ന്ന് രൂപപ്പെടുത്തിയ ഈ ചോദ്യങ്ങള്‍ എനിക്ക് വലിയൊരാശ്വാസമാണ്. വിഷയങ്ങളുടെയും വസ്തുതകളുടെയും പ്രാധാന്യവും നിലവാരവും അനുസരിച്ചുള്ള ചോദ്യങ്ങളാണിവ. വസ്തുതകളുടെയും വിഷയങ്ങളുടെയും സംഭവങ്ങളുടെയും പശ്ചാത്തലവും ചുറ്റുപാടുകളും പരിഗണിച്ച് കാര്യങ്ങളെ കൃത്യമായ പരിപ്രേക്ഷ്യത്തില്‍ കണ്ടുകൊണ്ട് എന്റെ തന്നെ ജീവിതത്തെയും പ്രവര്‍ത്തികളേയും സമീപിക്കാന്‍ ഈ ചോദ്യങ്ങള്‍ പ്രേരകമാകുന്നു. ജനനം കൊണ്ട് തൊട്ടുകൂടായ്മയെ മുഖാമുഖം കാണേണ്ടുന്ന ഒരവസ്ഥ എനിക്ക് വന്നിരുന്നില്ല. എന്നാല്‍ ഉച്ചനീചത്വം സംബന്ധിച്ച അംബേദ്കറുടെ ഒരു പ്രസ്താവന വൈദ്യുതാഘാതം പോലെ എനിക്കുമേല്‍ വന്ന് പതിച്ചത് ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തി രണ്ടിലോ മൂന്നിലോ ആയിരുന്നു. അന്ന് എനിക്ക് പത്തോ പതിനൊന്നോ വയസ് പ്രായമുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു ആ പ്രസ്താവന വന്നത്. ഏഴ് ഇന്ത്യക്കാരെ എടുത്താല്‍ അവരിലൊരാളെങ്കിലും തൊട്ടുകൂടാത്തവനോ തീണ്ടിക്കൂടാത്തവരോ ആയിരിക്കും എന്നായിരുന്നു ആ പ്രസ്താവന. അതിന്റെ അര്‍ത്ഥം പൂര്‍ണമായും എനിക്ക് അന്ന് മനസ്സിലായിരുന്നില്ല. ........ ആ ദിവസങ്ങളില്‍ എല്ലാ പ്രഭാതങ്ങളിലും അച്ഛനോടൊപ്പം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു ഞാൻ. പ്രധാന ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലുമുള്ള ചടങ്ങുകള്‍ കഴിഞ്ഞ് ക്ഷേത്രത്തിന്റെ ഇടനാഴികളിലൂടെ ഒരുപാടുനേരം നടക്കുമായിരുന്നു. ആ നടത്തങ്ങള്‍ക്കിടയിലാണ് ഒരുപാടു പൊതുവിഷയങ്ങളില്‍ ഞാന്‍ അച്ഛനുമായി ചര്‍ച്ച നടത്തിയിട്ടുള്ളത്. അത് വിപുലമായ സാമൂഹിക പ്രസ്ഥാനങ്ങളുടെ കാലമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം, സാമൂഹ്യ നവോത്ഥാന പ്രസ്ഥാനം, സാമൂഹിക വിപ്ലവ പ്രസ്ഥാനം, സോഷ്യലിസ്റ്റ് പ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവയെല്ലാം ശക്തമായി വേരോടിത്തുടങ്ങിയിരുന്നു. എനിക്കവയോടും അവ ഉയര്‍ത്തുന്ന വിഷയങ്ങളോടും താല്പര്യമുണ്ടായിരുന്നു. അത്തരമൊരു പ്രഭാതത്തില്‍ ഡോ. അംബേദ്കറുടെ പ്രസ്താവനയെപ്പറ്റി ഞാന്‍ അച്ഛനോടു ചോദിച്ചു. ആരാണ് ഡോ. അംബേദ്കര്‍ എന്നും, എന്തുകൊണ്ടാണ് ഏഴ് ഇന്ത്യാക്കാരിലൊരാള്‍ തൊട്ടുകൂടാത്തവനാകുന്നതെന്നും ഞാന്‍ ചോദിച്ചു. എങ്ങനെയാണ് ആളുകള്‍ തൊട്ടുകൂടാത്തവരാകുന്നത്? ഇന്ത്യന്‍ സമൂഹത്തിലെ തൊട്ടുകൂടായ്മയെന്ന പ്രതിഭാസത്തെപ്പറ്റി അന്ന് അച്ഛനെനിക്കു പറഞ്ഞുതന്നു. തീര്‍ത്തും വസ്തുനിഷ്ഠമായ ഒരു ചിത്രം ആ വിഷയത്തില്‍ തന്നതിന് എനിക്ക് അച്ഛനോട് വലിയ നന്ദിയുണ്ട്. അസ്പര്‍ശരെന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ജാതിക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അമാനവികതയെ കുറിച്ച് കേട്ടപ്പോള്‍ അവയെല്ലാം അനീതിയല്ലേ എന്ന് ഞാന്‍ ചോദിച്ചു. അവ അനീതി തന്നെയെന്ന് ഒരു നിമിഷം കളയാതെ അദ്ദേഹം മറുപടി പറഞ്ഞു. തീണ്ടായ്മയ്ക്കെതിരായ എന്‍റെ നിലപാടുകളെ രൂപപ്പെടുത്തുന്നതില്‍ ആ സംഭാഷണവും അതിന്‍റെ സാഹചര്യങ്ങളും പശ്ചാത്തലവും വലിയ തോതിൽ ഗുണം ചെയ്തു. ........ ഡോ. അംബേദ്കറുടെ പ്രസ്താവനയും അതിന് എന്‍റെ അച്ഛന്‍ തന്ന വിശദീകരണവും തീണ്ടായ്മയ്ക്കെതിരായ പാതയില്‍ എനിക്ക് ആദ്യത്തെ വ്യക്തമായ സ്വാധീനങ്ങളായിരുന്നു. പിന്നീട് ജാതി വ്യവസ്ഥയെ ഒന്നടങ്കം സമീപിക്കുന്നതിലും അത് സഹായകമായി. എന്‍റെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാര്‍ വ്യത്യസ്ത ജാതി ശ്രേണികളില്‍ നിന്നുള്ളവരായിരുന്നു. അസ്പര്‍ശരായി മാറ്റി നിര്‍ത്തപ്പെട്ടവരും ജാതിവിവേചനം സഹിക്കാനാവാതെ ക്രൈസ്തവ വിഭാഗത്തിലേയ്ക്ക് മതം മാറിയവരും ആ വിഭാഗത്തിലുണ്ടായിരുന്നു. അവര്‍ പകര്‍ന്നുതന്ന ചിന്തകള്‍ വലിയ കൈമുതലായി. 1941-നു ശേഷം എനിക്ക് യാതൊരു ബന്ധങ്ങളും ഇല്ലായിരുന്നെങ്കിലും അവരില്‍ കരുണാകരന്‍, ഫെര്‍ണാണ്ടസ് എന്നീ പേരുകള്‍ ഇന്നും ഞാനോര്‍ക്കുന്നു. ഡോ. അംബേദ്കറുടെ പ്രസ്താവന സംബന്ധിച്ച് അച്ഛന്‍റെ വിശദീകരണം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് ഈ ആദ്യകാല സുഹൃത്തുക്കളെയാണ്. അവരെ അസ്പര്‍ശരായി മാറ്റി നിര്‍ത്തുന്നതിലുള്ള യുക്തി എനിക്ക് പിടികിട്ടിയില്ല. അവര്‍ മറ്റുള്ളവരില്‍ നിന്നും എങ്ങനെ വ്യത്യസ്തരാണ് എന്നും എനിക്ക് മനസ്സിലായില്ല. കാലുകള്‍ തളര്‍ന്നുപോയ ഒരു സ്ത്രീയെ എനിക്ക് ഓര്‍മ്മയുണ്ട്. അവരുടെ കുടില്‍ എന്‍റെ വീടിനടുത്തായിരുന്നു. സ്കൂള്‍ വിട്ടുവരുന്ന ചില വൈകുന്നേരങ്ങളില്‍ അവരുടെ വീട്ടില്‍ പോയിരുന്നതും ഒരുമിച്ച് മലയാളം കവിതകള്‍ ചൊല്ലിയിരുന്നതും ഓര്‍മ്മയിലുണ്ട്. അവരുടെ ജാതി ഏതെന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷെ അവര്‍ ദളിതോ അതിലും താഴെയുള്ള ഏതെങ്കിലും ജാതിവിഭാഗത്തില്‍ പെട്ടവരോ ആയിരുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു. തീണ്ടായ്മയ്ക്കും സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി അധിഷ്‌ഠിതമായ വിവേചനങ്ങള്‍ക്കുമെതിരെ നിലപാട് എടുക്കാന്‍ ഈ ഓര്‍മ്മകളാണെന്നെ പ്രേരിപ്പിച്ചത്. ......... ആ കാലഘട്ടത്തില്‍ ഞാന്‍ കേരള കൗമുദി പത്രത്തിന്‍റെ സ്ഥിരം വായനക്കാരനായിരുന്നു. തൊട്ടുകൂടായ്മയില്‍ നിന്നും ഒരുപാട് താഴെക്കിടന്ന ഒരു സമൂഹത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേൽപ്പിന്റെ ഭാഗമായിരുന്നു ആ പത്രം. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹ്യ മുന്നേറ്റത്തിന് ഊർജവും ഓജസ്സും നല്‍കിയ ഒരു മനുഷ്യന്‍ തിരുവിതാംകൂറില്‍ സ്ഥാപിച്ച ആദ്യ പത്രവും അതായിരുന്നു. ഈഴവ സമുദായത്തില്‍ നിന്നും ഉന്നത പാണ്ഡിത്യമുള്ള നേതാവായി ഉയര്‍ന്നുവന്ന കെ.. സുകുമാരനായിരുന്നു ആ മനുഷ്യന്‍. കേരള കൗമുദിയുടെ എഡിറ്റോറിയല്‍ പേജില്‍ എന്നും ശ്രീനാരായണ ഗുരുവിന്‍റെ ചില ഉദ്ധരണികള്‍ വരുമായിരുന്നു. അവയില്‍ പലതും ഞാനിന്നും ഓര്‍മ്മിക്കുന്നു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, `മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നിവ അവയില്‍ ചിലതായിരുന്നു. സമൂഹവും സാമൂഹിക പ്രശ്നങ്ങളും സംബന്ധിച്ച എന്‍റെ നിലപാടുകളെ രൂപപ്പെടുത്തുന്നതില്‍ മറ്റൊരു സ്വാധീനം ശ്രീനാരായണഗുരു ആയിരുന്നു. അദ്ദേഹത്തിന്‍റെ ചിന്തകളും ജീവിതവും എന്നെ ഏറെ സ്വാധീനിച്ചു. ......... മറ്റൊരു സ്വാധീനം സ്വാമി വിവേകാനന്ദനായിരുന്നു. അദ്ദേഹത്തിന്‍റെ രചനകളും ചിന്തകളും എന്നെ ആഴത്തിൽ സ്വാധീനിച്ചു. ഉച്ചനീചത്വത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചിരുന്നു. 1956 ലെ സംസ്ഥാന പുനഃസംഘടനയ്ക്കുശേഷം ഉത്തരകേരളമായി മാറിയ മലബാര്‍ അന്ന് വിശാലമായ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1897 ല്‍ മദ്രാസില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞു.

ഇന്ത്യയ്ക്ക്മേലുള്ള മുഹമ്മദീയരുടെ കീഴടക്കല്‍ ഇവിടുത്തെ പാവങ്ങള്‍ക്കും അടിസ്ഥാന വിഭാഗങ്ങള്‍ക്കും വാസ്തവത്തില്‍ രക്ഷയായിരുന്നു. അതുകൊണ്ടാണ് നമ്മുടെ ജനങ്ങളില്‍ അഞ്ചിൽ ഒന്ന് മുഹമ്മദീയരായി മാറിയത്. വാളുകൊണ്ടല്ല അവരാ നേട്ടം ഉണ്ടാക്കിയത്. വാളും തീയും ഉപയോഗിച്ചാണ് അതെല്ലാം നേടിയതെന്ന് ചിന്തിക്കുന്നത് ശുദ്ധഭ്രാന്താണ്. വേണ്ടരീതിയില്‍ നിങ്ങള്‍ ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ മദ്രാസിലെ അഞ്ചിൽ ഒരു ഭാഗം ജനങ്ങള്‍ അല്ലെങ്കില്‍ ഒരു പകുതി തന്നെ ക്രിസ്ത്യാനികളായി മാറിത്തീരും. മലബാര്‍ പ്രദേശത്ത് കണ്ടതിലും അപമാനകരമായി മറ്റൊന്നും ലോകത്തിലില്ല. ഉന്നതജാതിക്കാര്‍ നടക്കുന്ന വഴിയില്‍ പാവപ്പെട്ട അധഃസ്ഥിതന് നടക്കാന്‍ പോലും അനുവാദമില്ല. എന്നാല്‍ അയാള്‍ എന്തെങ്കിലും ഉയര്‍ന്ന ഇംഗ്ലീഷ് പേര് സ്വീകരിച്ചാല്‍ ഒരു വിവേചനവുമില്ല. മുഹമ്മദീയരുടെ പേര് സ്വീകരിച്ചാലും വിവേചനമില്ല. മലബാറിലുള്ള ആളുകള്‍ മൊത്തം ഭ്രാന്തന്മാരാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്ത് മറുപടിയാണുള്ളത്. അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളാണ്. ഇന്ത്യയിലെ ഓരോ വംശീയ വിഭാഗത്തോടും അവര്‍ തുല്യതാ മനോഭാവത്തോടെ പെരുമാറുകയും നല്ല അര്‍ത്ഥത്തില്‍ മനസ്സിലാക്കുകയും ചെയ്യാത്തിടത്തോളം കാലം അവരെ അവജ്ഞയോടെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ഇത്തരം മനുഷ്യ വിരുദ്ധവും ക്രൂരവുമായ ആചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരോട് ലജ്ജയോടെ മാത്രമേ നമുക്ക് പെരുമാറാനാവൂ. സ്വന്തം കുട്ടികള്‍ വിശന്നുമരിക്കാന്‍ അവര്‍ അനുവദിക്കുന്നു എന്നാല്‍, മതം മാറിവന്ന് കൃത്യമായി ഭക്ഷണംകൊടുക്കുകയും ചെയ്യുന്നു. ജാതികള്‍ക്കിടയില്‍ വിദ്വേഷം ലജ്ജാകരമാണ്. (സ്വാമി വിവേകാനന്ദന്‍ 1897 ല്‍ ഇന്ത്യയുടെ ഭാവി സ്വാമി വിവേകാനന്ദന്‍റെ സമ്പൂര്‍ണ കൃതികള്‍, വാല്യം 3, കൊളംബോ മുതല്‍ അല്‍മോറ വരെയുള്ള പ്രഭാഷണങ്ങള്‍.) ........ അതേപോലെത്തന്നെ ആ കാലഘട്ടത്തില്‍ ഉച്ചനീചത്വം കല്പിച്ച് മാറ്റി നിര്‍ത്തിയിരുന്ന ജാതിവിഭാഗങ്ങളിലും ഇതര പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്കൂളില്‍ പോകാന്‍ തുടങ്ങിയിരുന്നു. അതിന് രസകരമായ ഒരു സാമൂഹിക പശ്ചാത്തലമുണ്ട്. കര്‍ഷക തൊഴിലാളികളുടേതായ ഒരു വലിയ പ്രക്ഷോഭം തിരുവനന്തപുരം മേഖലയില്‍ പടര്‍ന്നത് 1905-06 കാലഘട്ടത്തിലാണ്. പുലയ സമുദായങ്ങളിലെ ആദ്യത്തെ അറിയപ്പടുന്ന നേതാവായിരുന്ന അയ്യങ്കാളിയുടെ നേതൃത്വത്തിലായിരുന്നു അത്. തിരുവനന്തപുരത്തിനടുത്ത് വെങ്ങാനൂര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ജന്മസ്ഥലം. കേരളത്തിലെ ഏറ്റവും വലിയ ദളിത് പിന്നോക്ക സമുദായ വിഭാഗം പുലയരാണ്. മലബാര്‍ പ്രദേശത്ത് അവര്‍ ചെറുമന്‍, അല്ലെങ്കില്‍ ചേരമന്‍ എന്ന് അറിയപ്പെടുന്നു. കേരളത്തില്‍ ക്രിസ്തുമതത്തിലേയ്ക്കും ഇസ്ലാമിലേയ്ക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ നല്ലൊരുപങ്ക് പുലയരാണ്. പ്രായത്തില്‍ ശ്രീനാരായണ ഗുരുവിനേക്കാൾ 10 വര്‍ഷം ഇളയതായിരുന്നു അയ്യങ്കാളി. അവര്‍ തമ്മില്‍ ആദ്യമായി കണ്ടതിനെപ്പറ്റി ഒരു കഥയുണ്ട്. പേരെന്താണെന്ന് ഗുരു ചോദിച്ചു. ഇളമുറക്കാരന്‍ മറുപടിപറഞ്ഞു. ‘അയ്യന്‍. കാളിയുടെ മകന്‍’ അപ്പോള്‍ ഇനിമുതല്‍ നിന്‍റെ പേര് അയ്യന്‍ങ്കാളി എന്നായിരിക്കും, അതാണ് കൂടുതല്‍ ശക്തം. താഴ്ന്ന ജാതിയില്‍ നിന്നുള്ള നവജാത ശിശുക്കള്‍ക്ക് കേട്ടാല്‍ ഇമ്പംതോന്നുന്ന പേരുകള്‍ ഇടുന്ന രീതി നാരായണ ഗുരുവിനുണ്ടായിരുന്നു. അപകര്‍ഷതാബോധവും ആത്മവിശ്വാസക്കുറവും നേരിട്ടിരുന്ന ഈ വിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ക്ക് ആത്മബോധവും ഊര്‍ജ്ജവും പകരാനുള്ള ലളിതമായുള്ള രീതി ആയിരുന്നു അത്. അക്കാലത്ത് 'താഴ്ന്ന' ജാതിയിലുള്ള സ്ത്രീപുരുഷന്മാർക്ക് ജാതിശ്രേണിയിലെ അവര്‍ണത്വം ഒഴിവാക്കുന്ന പേരുകള്‍ മാത്രമായിരുന്നു ചാര്‍ത്തി നല്‍കിയിരുന്നത്. ശ്രീനാരായണ ഗുരുവാണ് അത് മാറ്റിയെടുത്തതും. ........ അക്കാലഘട്ടത്തില്‍ പുലയരും ഇതര ദളിത് വിഭാഗങ്ങളും കടുത്ത അടിമത്തത്തിന്‍റെയും ഫ്യൂഡലിസത്തിന്‍റെയും ഇരകളായിരുന്നു. ഔദ്യോഗിക നിയമങ്ങളും ജാതിവ്യവസ്ഥയും അവരെ ഭൂമിയുടെ ഉടമസ്ഥതയില്‍ നിന്നും മാറ്റി നിര്‍ത്തി. അടിമ വ്യവസ്ഥ നിരോധിക്കപ്പെട്ടിരുന്നെങ്കിലും കാര്‍ഷിക മേഖലയിലെ കൂലിതൊഴിലാളികള്‍ എന്ന രീതിയില്‍ അവരുടെ അടിമത്തം തുടര്‍ന്നുകൊണ്ടേയിരുന്നു. രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ഏറ്റവും കൂടുതല്‍ കര്‍ഷക തൊഴിലാളികളുള്ളത് ദളിത് വിഭാഗങ്ങളില്‍ നിന്നുമാണ്. അയ്യങ്കാളി നയിച്ച ചരിത്രപ്രധാനമായ കര്‍ഷക തൊഴിലാളി സമരം, ഉയര്‍ന്ന കൂലിയും വേതനവും തേടിയായിരുന്നില്ല. അസ്പര്‍ശരായി മാറ്റി നിര്‍ത്തപ്പെട്ടിരുന്ന വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഗവണ്‍മെന്‍റ് സ്കൂളുകളില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഔദ്യോഗിക കല്പനകള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആ സമരം. ഉന്നത ജാതിക്കാരുടെ പ്രതിഷേധങ്ങള്‍ കാരണം ആ ഉത്തരവ് വേണ്ട രീതിയില്‍ നടപ്പിലാക്കിയില്ലായിരുന്നു. നിലവിലുള്ള രാജകല്പനകള്‍ക്കനുസൃതമായി അസ്പര്‍ശരായ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനം നേടുക എന്നതിനായിരുന്നു അയ്യങ്കാളി നയിച്ച കര്‍ഷക തൊഴിലാളി സമരം. ജനാധിപത്യ ഇന്ത്യയില്‍ രാജകല്പനകള്‍ നിയമങ്ങളായ് പുനസൃഷ്ടിക്കപ്പെട്ടു. രാജാധിപത്യ കാലത്തെപ്പോലെ ഇന്നും നയങ്ങളും പരിപാടികളും അവയുടെ യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍ നടപ്പാക്കപ്പെടുന്നില്ല. പ്രത്യേകിച്ചും ദളിതുകള്‍, ആദിവാസികള്‍ മറ്റ് അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നിവരുടെ കാര്യത്തില്‍ അയ്യങ്കാളി നയിച്ച ആ സമരത്തിന്‍റെ ഫലം എന്‍റെ സ്കൂള്‍ ദിനങ്ങളില്‍ തന്നെ ദൃശ്യമായിരുന്നു. ഈ സമുദായങ്ങളില്‍ നിന്നുള്ള കുറേ കുട്ടികള്‍ സ്കൂളിലും കോളേജിലും സഹപാഠികളായുണ്ടായിരുന്നു. അസ്പര്‍ശതയ്ക്കും ജാതിപരമായ വിവേചനങ്ങള്‍ക്കെതിരുമായി നിലപാടെടുക്കാന്‍ എന്നെ പ്രേരിപ്പിച്ച മറ്റൊരു ഘടകം ഇതായിരുന്നു.

.......... എന്നെ സ്വാധീനിച്ച മറ്റൊരുഘടകം 1936 ലെ ക്ഷേത്ര പ്രവേശന വിളംബരമായിരുന്നു. തിരുവിതാകൂര്‍ നാട്ടുരാജ്യത്തെ ഹിന്ദുക്ഷേത്രങ്ങളില്‍ അവര്‍ണര്‍ പ്രവേശിക്കുന്നതിനെതിരായി നിലനിന്നിരുന്ന നിരോധനം ഈ വിളംബരം വഴി മാഹാരാജ ചിത്തിര തിരുനാള്‍ ബലരാമവര്‍മ്മ ഇല്ലാതാക്കി. അതിലും രസകരമായ ഒരു സാമൂഹിക പശ്ചാത്തലമുണ്ട്. കെ. സുകുമാരന്‍റെ നേതൃത്വത്തില്‍ ഈഴവ സമുദായത്തിന്‍റെ ഒരു സമ്മേളനം 1936-ല്‍ നടക്കുകയായിരുന്നു. ‘ഞങ്ങളുടെ ആത്മാഭിമാനത്തിന് ഈ മതം അപമാനമാണ്. മറ്റേതു മതത്തിലേക്കാണ് ഞങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടേണ്ടത്’ എന്നായിരുന്നു സമ്മേളന വിഷയം. രാജാധിപത്യത്തിനും അതിന്‍റെ ഉപദേശകര്‍ക്കും ഈ സമ്മേളനവും അതിന്‍റെ വിഷയവും കടുത്ത വെപ്രാളമുണ്ടാക്കി. ഈ സമ്മേളനം പ്രകടിപ്പിച്ച വികാരങ്ങളോടുള്ള ഉയര്‍ന്ന തലത്തിലുള്ള പ്രതിഷേധമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. ഈ വിളംബരത്തോടെ അവര്‍ണര്‍ക്ക് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന വിലക്ക് ഇല്ലാതായി. മഹാത്മാഗാന്ധിയും ഡോ. അംബേദ്കറും വിളംബരത്തെ പ്രകീര്‍ത്തിച്ചു. വിളംബരത്തിന്‍റെ ചുരുക്കം പലഭാഷകളിലായി മരപ്പലകയിലെഴുതി ഓരോ ക്ഷേത്രത്തിന്‍റെയും കവാടത്തില്‍ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു. യഥാര്‍ത്ഥ വരികള്‍ ഇവയായിരുന്നു. ജന്മംകൊണ്ടോ കര്‍മ്മംകൊണ്ടോ ഹിന്ദുക്കളായവര്‍ക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. ഉപയോഗിച്ച വാക്കുകളില്‍ പ്രതിലോമത ഉണ്ടായിരുന്നെങ്കിലും അര്‍ത്ഥം ഗുണകരമായിരുന്നു. ജന്മംകൊണ്ടോ വിശ്വാസം കൊണ്ടോ ഹിന്ദുവായ ആര്‍ക്കും പൊതുക്ഷേത്രങ്ങളില്‍ പ്രവേശിക്കാമായിരുന്നു എന്നായിരുന്നു അത്. ഈ ആദ്യകാലാനുഭവങ്ങള്‍ തീണ്ടായ്മയ്ക്കും ജാതി സമ്പ്രദായത്തിനുമെതിരായ എന്‍റെ നിലപാടുകളെ തീവ്രമാക്കുകയും സാമൂഹിക പ്രക്രിയകളെ കൂടുതല്‍ വായിച്ചും പഠിച്ചും മനസ്സിലാക്കാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. വിശ്വാസങ്ങളെ പ്രവര്‍ത്തിപഥത്തിലെത്തിക്കാനും ഞാന്‍ ശ്രമിച്ചുതുടങ്ങി. ദളിതരടക്കമുള്ള വിഭിന്ന സമൂഹങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളെ ഭക്ഷണത്തിനായ് വീട്ടിലേക്ക് വിളിക്കുന്നതായിരുന്നു അവയിലൊരു സംഭവം. എന്‍റെ അച്ഛന് അതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ അമ്മയ്ക്ക് പരമ്പരാഗതമായ രീതികളേയും സമീപനങ്ങളേയും അതിജീവിക്കേണ്ടിയിരുന്നു. എന്നോടുള്ള സ്നേഹക്കൂടുതലും കരുതലും കാരണം അവര്‍ വഴങ്ങി. എന്‍റെ നിര്‍ബന്ധങ്ങള്‍ക്കുമുന്നില്‍ അടുക്കളയോടു ചേര്‍ന്നുള്ള വിരുന്നു മുറിയില്‍ സുഹൃത്തുക്കള്‍ക്ക് അമ്മ ഭക്ഷണം വിളമ്പി. .......... തൊട്ടുകൂടായ്മയോടുള്ള പ്രതിഷേധം വളരെ വൈകാതെ ജാതിവ്യവസ്ഥയോടുള്ള മൊത്തത്തിലുള്ള പ്രതിഷേധമായി വളര്‍ന്നു. ആ വളര്‍ച്ചയ്ക്ക് കാരണമായത് പത്മനാഭസ്വാമിക്ഷേത്രത്തിലേയ്ക്കുള്ള എന്‍റെ മറ്റൊരു സന്ദര്‍ശനമായിരുന്നു. അല്പം പ്രായക്കൂടുതലുള്ള ഒരു സുഹൃത്തുമൊത്തായിരുന്നു ക്ഷേത്രത്തിലെത്തിയത്. എനിക്കും മറ്റ് പലര്‍ക്കും തന്നതുപോലെ പ്രസാദം സുഹൃത്തിന്‍റെ കൈകളില്‍ കൊടുക്കാന്‍ പുരോഹിതന്‍ വിസമ്മതിച്ചു. പകരം നിലത്തെറിഞ്ഞുകൊടുത്ത് അവിടെനിന്നും പെറുക്കിയെടുക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ പൂണൂല്‍ ധരിച്ചിരുന്നില്ലെന്നതായിരുന്നു കാരണം. ആ വിവേചനം കണ്ടതു മുതല്‍ പുരോഹിതനില്‍ നിന്നും പ്രസാദം സ്വീകരിക്കുന്ന ഏര്‍പ്പാട് ഞാന്‍ നിര്‍ത്തി. വൈകാതെ ജാതി പറയരുത്, ചോദിക്കരുത്, ചിന്തിക്കരുത് എന്ന ശ്രീനാരായണ ഗുരുവിന്‍റെ ആഹ്വാനത്തില്‍ ഞാന്‍ ആകൃഷ്ടനായി. വ്യക്തിഗതമായ ബോധ്യങ്ങളുടെയും പ്രതിബദ്ധതകളുടെയും ഫലമായി ഞാന്‍ ജാതിവ്യവസ്ഥയ്ക്ക് പുറത്ത് കടന്നു. സാമൂഹിക നീതിക്കുവേണ്ടിയുള്ള പശ്ചാത്തലമൊരുക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് മാത്രമേ ജാതിയെ പിന്നീട് ഞാന്‍ പരിഗണിച്ചിട്ടുള്ളൂ. ഉന്നതകുലജാതരുടെ താല്പര്യങ്ങല്‍ സംരക്ഷിക്കുകയും സാധാരണക്കാരുടെ ജീവിതങ്ങളില്‍ ചൂഷണവും വറുതിയും നിലനിര്‍ത്തുകയും ചെയ്യുന്ന ഘടനാപരമായ ഒരു ഇരുമ്പ് ചട്ടക്കൂടാണ് ജാതിയെന്നും അതിനെ ആത്യന്തികമായി ഇല്ലായ്മ ചെയ്യണമെന്നും ഞാന്‍ വിശ്വസിച്ചിരുന്നു. ജാതി എന്ത് എന്ന് പലരും പലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ട്. ജാതിയില്ലെന്നും ജാതിരഹിതരാണന്നുമാണ് എല്ലായ്പ്പോഴും എന്‍റെ മറുപടി.


കെ.എ ഷാജി

കെ.എ ഷാജി

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories