TopTop
Begin typing your search above and press return to search.

ഇന്നലെ കണ്ട ചിരികള്‍ പോലെ മറ്റൊന്ന് അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല, എന്തൊരു 'ലൈഫാ'ണിഷ്ടാ!

ഇന്നലെ കണ്ട ചിരികള്‍ പോലെ മറ്റൊന്ന് അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല, എന്തൊരു ലൈഫാണിഷ്ടാ!

ഷെയ്ന്‍ നിഗം നായകനായി അഭിനയിച്ച 'വലിയ പെരുന്നാള്‍' സമീപകാലത്ത് മണ്ണിലേക്കിറങ്ങിയ പുതുനിര ചിത്രങ്ങളില്‍ ഒന്നാണ്. മട്ടാഞ്ചേരിയിലെ ഒരു കൂട്ടം യുവാക്കളുടെ കഥ പറഞ്ഞപ്പോള്‍ അത് സ്ഥിരം പാറ്റേണില്‍ ഒരു 'ഡാര്‍ക്ക്' സിനിമയായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സിനിമ തുടങ്ങുമ്പോള്‍ തന്നെ കൊച്ചിയിലെ പാര്‍പ്പിടമില്ലാത്തവരെ കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററിയുടെ ചിത്രണം പോലെ ടൈറ്റില്‍ കാണിച്ചു തുടങ്ങിയത് സിനിമ പറയാനുദ്ദേശിച്ച രാഷ്ട്രീയത്തെ വ്യക്തമാക്കുന്നതായിരുന്നു. ഒരു മോഷണക്കേസില്‍ കുടുങ്ങി പിടിക്കപ്പെടുന്ന ഷെയ്നും കൂട്ടരും തങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്നതിന് വളരെ ലളിതമായ വിശദീകരണം നല്കുന്നുണ്ട്. "ഞങ്ങള്‍ എന്തെങ്കിലും ആകണമെങ്കില്‍ അച്ഛനും അമ്മയ്ക്കും മക്കള്‍ക്കുമെല്ലാം വട്ടം കൂടിയിരുന്നു സംസാരിക്കാന്‍ സൌകര്യമുള്ള ഒരു വീട് വേണ്ടേ.." അതിനും കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വന്ന കുമ്പളങ്ങി നൈറ്റ്സില്‍ വീട് തന്നെ ഒരു കഥാപാത്രമാണ്. അടച്ചുറപ്പുള്ള വാതില്‍ ഇല്ലാത്ത, ചെത്തി തേയ്ക്കാത്ത, കക്കൂസില്ലാത്ത, പുകയില്ലാത്ത അടുപ്പ് ഇല്ലാത്ത ഒരു വീട്. ആ സിനിമ അവസാനിക്കുന്നത് ആകെയുള്ള വാതില്‍ ഉള്ള ഒരു മുറിയില്‍ കിടക്കുന്ന പുതുതായി വിവാഹിതരായ ബോബിയുടെയും ബേബിയുടെയും ദൃശ്യത്തിലാണ്. വാതിലിന്റെ വിടവിലൂടെ ഒരു ഗിഫ്റ്റ് റാപ്പറില്‍ പൊതിഞ്ഞ ഗര്‍ഭ നിരോധന ഉറനിരങ്ങി എത്തുന്നു. ഇനിയും ഒരു പുതിയ ആളെ താങ്ങാനുള്ള കപ്പാസിറ്റി ആ വീടിനില്ല എന്ന യാഥാര്‍ഥ്യം മനോഹരമായ ഒരു തമാശയായി അവതരിപ്പിക്കുകയാണ്.

ഇത്രയും എഴുതിയത് വീട് എന്നത് മലയാളിക്കെന്താണെന്ന് പറയാനാണ്. ഇന്നലെ കേരളത്തില്‍ നടന്നത് 2,14, 262 വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം മാത്രമല്ല ഏഴര ലക്ഷത്തോളം പേര്‍ പുതിയ ജീവിതത്തിലേക്ക് കാലൂന്നിയതിന്റെ പ്രഖ്യാപനം കൂടിയാണ്. സര്‍ക്കാര്‍ പരസ്യത്തിനുള്ള ടിവി ബൈറ്റുകള്‍ക്കപ്പുറം വീട് കിട്ടിയ ഒരോരുത്തരുടെയും മുഖത്തെ ചിരി ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും ആരുടേയും പ്രേരണയില്ലാതെ ഒഴുകി എത്തുന്ന ഒന്നാണെന്ന് തീര്‍ച്ചയാണ്. ആ ചിരിക്കിടയിലും അവര്‍ ഇത്രയും കാലം അനുഭവിച്ച യാതനയുടെ, അപമാനപ്പെട്ടതിന്റെ, സുരക്ഷിതത്വമില്ലായ്മയുടെ, അപകര്‍ഷതാ ബോധത്തിന്റെ കയ്പ്പും ചവര്‍പ്പും ഊറി കിടക്കുന്നതു കാണാം. അഴിമുഖത്തിന് വേണ്ടി എന്‍ പി അനൂപ് ചെയ്ത റിപ്പോര്‍ട്ടില്‍ ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടിയ രണ്ടു കുടുംബങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതില്‍ ഷൊര്‍ണ്ണൂര്‍ സ്വദേശിയായ വിജയലക്ഷ്മി താന്‍ ജീവിച്ച വീടിനെ കുറിച്ച് പറയുന്ന മൂന്നു വരികളിങ്ങനെയാണ്.

"ഇടുങ്ങിയ ശ്വാസം മുട്ടിക്കുന്ന ഒറ്റമുറി വാടക വീടുകൾ. അവിടെനിന്നും മുളം കാലിൽ കെട്ടി ഉയർത്തിയ ഓല മേഞ്ഞ മേൽക്കൂരയും മഴയത്ത് ചോർന്നൊലിക്കുന്ന ചാണകം മെഴുകിയ തറയുള്ള വീട്ടിലേക്ക്. പഴയ സാരികൊണ്ടും പനയോല കൊണ്ടും മറച്ച ചുമരുകളായിരുന്നു ആ വീടുകൾക്ക്."

ഒരു വീടിന്റെ ചിത്രം മാത്രമല്ല ഇത് വായിക്കുമ്പോള്‍ തെളിഞ്ഞു വരിക. അതിനുള്ളില്‍ ജീവിച്ച ജീവിതം കൂടിയാണ്. തിരുവനന്തപുരം കരകുളത്തെ ചന്ദ്രന്റേയും ഓമനയുടെയും വീട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. അനൂപിന്റെ റിപ്പോര്‍ട്ടില്‍ അവരെ കുറിച്ച് പറയുന്നതിങ്ങനെ, "ഭിന്നശേഷിക്കാരനാണ് ചന്ദ്രൻ, ഒരു കാലിന്‌ സ്വാധീനമില്ലാത്ത അവസ്ഥ. ലോട്ടറി ടിക്കറ്റ്‌ വിറ്റാണ്‌ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. കൂടെ മറ്റ്‌ രോഗങ്ങളും കൂടിയായപ്പോൾ ലോട്ടറി വിൽപ്പന പ്രതിസന്ധിയിലായി. ഇതോടെ ഓമന വീട്ടുപണിക്ക്‌ പോയിട്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ ഏകമകളെ തനിച്ചാക്കാനും ഭയം. അതോടെ ഡിഗ്രി പഠനത്തിനായി രോഹിണിയെ കരിപ്പൂരുള്ള ഓമനയുടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. പിന്നാലെ അവർ താമസിച്ചിരുന്ന താൽക്കാലിക വീടും തകർന്നതോടെ മുന്ന് പേരും മൂന്നിടങ്ങളിലേക്ക് മുറിച്ച് മാറ്റപ്പെടുകയുമായിരുന്നു." മൂന്നു പേരുള്ള കുടുംബം മൂന്നിടങ്ങളിലായി മുറിച്ചുമാറ്റപ്പെട്ട അവസ്ഥ. ഒരു നാട്ടില്‍ അന്തിയുറങ്ങാന്‍ പല വീടുകളില്‍ കഴിയേണ്ടിവന്ന കുടുംബം. പലപ്പോഴും സിനിമയില്‍ നടക്കും ജീവിതത്തില്‍ സംഭവിക്കില്ല എന്ന് പറയുന്ന പരുപരുക്കന്‍ യാഥാര്‍ഥ്യം.

ഇന്നലെ ചാനലുകളില്‍, ഇന്ന് പത്രങ്ങളില്‍ അവരുടെ നിറഞ്ഞ ചിരി കണ്ടപ്പോള്‍ ഈ സര്‍ക്കാര്‍ പദ്ധതിക്കു 'ലൈഫ്' എന്നു പേരിട്ട അജ്ഞാതനെ മനസാ നമിച്ചുപോയി. മുഖ്യമന്ത്രി ഇന്നലെ

ലൈഫ് പദ്ധതി

ഗുണഭോക്താക്കളെ അഭിസംബോധന ചെയ്തു സംസാരിച്ച കാര്യങ്ങള്‍ വളരെ പ്രസക്തമാണ്. വീടുകളുടെ നിര്‍മ്മാണം എപ്പോള്‍ തുടങ്ങി എന്നതല്ല. അതിനകത്തേക്ക് ആളുകള്‍ കയറി താമസിക്കാന്‍ പോകുന്നു എന്നതാണു സന്തോഷകരമായ കാര്യം.

ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയത്തിന്റെ ലാഭ നഷ്ട കണക്കുകളുടെ നിറം കൊടുക്കുന്നതിനെയും മുഖ്യമന്ത്രി വിമര്‍ശിക്കുന്നു. "എന്തിനെയാണ് ബഹിഷ്ക്കരിക്കുന്നത്? ഈ പാവങ്ങളോടാണോ ഇത്തരം ക്രൂരത? നാടാകെ ചേര്‍ന്നതുകൊണ്ടാണ് ഇതൊരുവാലിയ പരിപാടിയായത്. ഇത്തരം പരിപാടികളില്‍ ഒന്നിച്ചു നില്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമൂഹിക പ്രവര്‍ത്തകരാണ് എന്നു പറയുന്നതിന്റെ അര്‍ഥമെന്താണ്?" "നാടാകെ സന്തോഷിക്കേണ്ട സമയത്ത് കഞ്ഞിയില്‍ മണ്ണ് വാരി ഇടുന്നതുപോലെയായി പ്രതിപക്ഷ നടപടി" എന്നും മുഖ്യമന്ത്രി വിമര്‍ശിക്കുന്നു. രാഷ്ട്രീയമായ കല്ലുകടികള്‍ അവസാനമില്ലാത്തതാണ്. അതിനു കാരണക്കാരായവര്‍ സ്വയം അവഹേളിതാരവുകയെ ഉള്ളൂ. പുതുതായി പണിത വീട്ടിലേക്ക് കയറിക്കൂടിയ ഏഴര ലക്ഷം പേരും അവരുടെ ബന്ധു മിത്രാദികള്‍ അടങ്ങുന്ന കാല്‍ക്കോടി മനുഷ്യരും ഇന്നലെ രാത്രി പുഞ്ചിരിയോടു കൂടിയാണ് ഉറങ്ങിയിട്ടുണ്ടാവുക. ചിലപ്പോള്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടായിരിക്കാം അവരിത്രയും ശാന്തമായി, ആത്മാഭിമാനത്തോടെ, സുരക്ഷിതത്വ ബോധത്തോടെ ഒരു രാത്രിയെ അതിജീവിക്കുന്നത്. കൂട്ടത്തില്‍ ഓര്‍ക്കേണ്ട ചിലരുണ്ട്. അതില്‍ ഒരാളാണ് കൊല്ലം കടയ്ക്കലിലെ അബ്ദുള്ള. ഇന്നലത്തെ തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞു. തമിഴ്‌നാട്ടിലെ തെങ്കാശിക്കു സമീപം പുളിയൻകുടി ഗ്രാമത്തിൽനിന്ന്‌ 40 വർഷം മുമ്പ്‌ ഉപജീവനാർഥം കേരളത്തിലെത്തിയതാണ്‌ അബ്‌ദുള്ള. കൊല്ലം ജില്ലയിലെ നിലമേലും കടയ്‌ക്കലുമായി കഠിനാധ്വാനംചെയ്‌തു ഉണ്ടാക്കിയ സ്വത്തില്‍ നിന്നും ഒരേക്കർ ഭൂമി ലൈഫ്‌ പദ്ധതിക്ക്‌ നൽകി. അതിൽ ഒരുങ്ങിയത് 87 കുടുംബങ്ങൾക്കുള്ള ഫ്‌ളാറ്റ്‌ സമുച്ചയമാണ്. അബ്ദുള്ളയുടെ ആദ്യ കാല ജീവിതം നേരത്തെ ദേശാഭിമാനി ചെയ്ത റിപ്പോര്‍ട്ടില്‍ വായിക്കാം, "1991ൽ വിവാഹിതനാകുമ്പോൾ വയസ്സ്‌ 21. ശമ്പളം 600 രൂപ. കിടക്കാൻ ഒരു ഷെഡ്. മക്കളും കൂടിയായപ്പോൾ കഷ്‌ടപ്പാട്‌ കടുത്തു. ആ ഷെഡിൽ മൂന്നുനാലു വർഷം. വീടില്ലാത്തവരുടെ സങ്കടം ശരിക്കുമറിഞ്ഞു. മഴ പെയ്‌താൽ വെള്ളം മുഴുവൻ ഷെഡിൽ. കുട്ടികളുടെ ഉറക്കം മുറിയും. മാനത്ത്‌ ഇടിവെട്ടുമ്പോൾ മനസ്സ്‌ പിടയ്‌ക്കും." വീട് സമൂഹത്തില്‍ അന്തസോടെ ജീവിക്കാനുള്ള മനുഷ്യരുടെ അവകാശത്തിന്റെ അടയാളമാണ്. അത് വ്യാജ അഭിമാന ബോധത്തിന്റെ അടയാളമാകുന്നതും അടച്ചിടാന്‍ വേണ്ടി മാത്രം കൊട്ടാരങ്ങള്‍ പണിയുന്നവരെയും നമുക്ക് ചുറ്റും നിരവധി കാണാം. എന്നാല്‍ ഇന്നലെ കണ്ട ചിരികള്‍ പോലെ മറ്റൊന്ന് ഈ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല. തീര്‍ച്ച. ഒരല്‍പ്പം ലോകകാര്യം കൂടി മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പാരസൈറ്റ് പാവപ്പെട്ടവന്റെ സാമൂഹ്യസുരക്ഷാ സാഹചര്യങ്ങളെ ഭരണകൂടത്തിന്റെ മുന്‍പില്‍ എത്തിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. പാരസൈറ്റില്‍ പറയുന്നത് പോലുള്ള സെമി ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലെ നഗര ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. ഇത്തരത്തില്‍ 1500 കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനാണ് തീരുമാനം.. 2015ലെ കണക്കനുസരിച്ച് ദക്ഷിണകൊറിയയില്‍ 3,83,000 സെമി ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ഇതില്‍ 59.5 ശതമാനവും സിയോളിലാണുള്ളത്. നഗരത്തില്‍ വെള്ളം കയറമ്പോള്‍ ഇവരുടെ ജീവിതം ദുരിതത്തിലാകും. മതിയായ സൂര്യപ്രകാശവും വായുസഞ്ചാരവും നിഷേധിക്കപ്പെടുന്ന ജീവിതം.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories