TopTop
Begin typing your search above and press return to search.

അനാര്‍ക്കലി മരിക്കാര്‍ എഴുതുന്നു; അവനവന് വേണ്ടി സമയം കണ്ടെത്താനാകുന്ന ഇടവേളയായി മാറിയ ക്വാറന്റൈന്‍ കാലം

അനാര്‍ക്കലി മരിക്കാര്‍ എഴുതുന്നു; അവനവന് വേണ്ടി സമയം കണ്ടെത്താനാകുന്ന ഇടവേളയായി മാറിയ ക്വാറന്റൈന്‍ കാലം

കൊറോണ വൈറസ് ഉയർത്തിയ ഭീതിയുടേയും ആശങ്കയുടേയും വലക്കണ്ണികളിലാണ് ലോകം മുഴുവന്‍. രോഗവ്യാപനം തടയുന്നതിനായി രണ്ടാഴ്ചയിലേറെയായി വീടിന് പുറത്തിറങ്ങാതെ കരുതലെടുക്കുകയാണ് ഇന്ത്യയിലെ ഭൂരിഭാഗം മനുഷ്യരും. പതിവ് ജീവിതശൈലികളേയും സാഹചര്യങ്ങളേയും മാറ്റി മറിച്ച ഈ കൊറോണക്കാലം തനിക്ക് എന്താണെന്ന് എഴുതുകയാണ് ചലച്ചിത്ര താരമായ അനാര്‍ക്കലി മരിക്കാര്‍ .

ജനുവരി മാസം അവസാനത്തിലെ ഏതോ ഒരു ദിവസമാണ്. രാവിലെ എഴുന്നേറ്റപ്പോൾ മുതൽ വല്ലാത്തൊരു ചുമയും, പനിയുടെ ആരംഭവും. അസുഖം കൂടേണ്ട എന്ന് കരുതി ഒരു ഡോളോയൊക്കെ കഴിച്ച് സമാധാനത്തിൽ ഒരു സുഹൃത്തിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇടക്കിടെ ഞാൻ ചുമയ്ക്കുന്നത് കേട്ട് അവനാണ് ചോദിച്ചത്; "നിനക്കെന്താ കൊറോണയാണോ?" "അതെന്തോന്ന്?" ഒന്നും മനസ്സിലാകാതെ ഞാൻ അന്തം വിട്ടു. "ആ, പുതിയൊരു അസുഖവാ" ഗൂഗിൾ ചെയ്ത് നോക്കിയപ്പോഴാണ് ചൈനയില്‍ നിന്ന് തുടങ്ങിയ ഒരു വൈറസ് ബാധയാണ് സംഗതിയെന്ന് മനസ്സിലായത്. ഓ! ചൈനയിലായിരുന്നോ, പേടിച്ച് പോയല്ലോയെന്ന് ഞാനൊന്ന് ആശ്വസിക്കുകയും ചെയ്തു. ഇതിനിടയിൽ വൈറസ് ചൈനയും കടന്ന് ഇറ്റലിയിലെത്തിയിരുന്നു. ഇറ്റലിയിലുള്ള അലക്സെന്ന സുഹൃത്തിനോട്, "എടാ, എന്നെ ഇറ്റലിക്ക് കൊണ്ട് പോകണേ" എന്ന് പതിവായി പറയുന്ന ആളാണ് ഞാൻ. വെറുതേയാണെങ്കിലും കൊണ്ട് പോകാം എന്ന് അവൻ മറുപടിയും പറയും. ഇറ്റലിയിൽ നിന്ന് വന്ന ഒരു സുഹൃത്തുണ്ടെന്ന് പറയാൻ എനിക്കും വലിയ സന്തോഷമായിരുന്നു. കൊറോണ ഭീതി പരക്കുന്നതിന് മുമ്പാണ് അലക്സ് തിരിച്ച് ഇറ്റലിക്ക് പോയത്. "ഇവിടെയും കൊറോണ സ്ഥിരീകരിച്ച് തുടങ്ങീട്ടുണ്ട്. ആരും അധികം പുറത്തേക്കൊന്നും ഇറങ്ങുന്നില്ല" ഒരിക്കൽ വീഡിയോ കോളിനിടെ അവൻ പറഞ്ഞു. മാർച്ച് ഏഴാം തീയതിയാണ്. ഒരു ഓപ്പൺ മൈക് ഇവൻറിൽ പങ്കെടുക്കാനായി ഡ്രസ്സൊക്കെ വാങ്ങി ഒരുങ്ങാൻ വേണ്ടി മുറിയിലെത്തിയതായിരുന്നു ഞാൻ. കൂട്ടുകാരൊക്കെ വലിയ സന്തോഷത്തിലാണ്. മേശപ്പുറത്ത് ഫോറിൻ ചോക്കലേറ്റുകളുടെ കവറുകൾ പരന്ന് കിടക്കുന്നുണ്ട്‌. പാട്ട് പാടാൻ പോകുന്നതിന്റെ നെഞ്ചിടിപ്പ് കൊണ്ട് ഇതൊന്നും കാര്യമായി ശ്രദ്ധിക്കാതെ നേരെ മുറിയിലേക്ക് പോയി. സാധനങ്ങളൊക്കെ പുറത്ത് വച്ച് തിരിഞ്ഞ് നോക്കുമ്പോൾ 'സർപ്രൈസ്' എന്ന ഭാവത്തോടെ ദേ റൂംമേറ്റ്സ് എല്ലാം നിൽക്കുന്നു. എന്താണ് സംഭവം എന്നറിയാതെ മിഴിച്ച് നിന്ന എൻറെ മുമ്പിലേക്ക് നിറപുഞ്ചിരിയോടെ അവർ ഒരാളെ നീക്കി നിർത്തി. അലക്സ്! ഞാൻ ഞെട്ടിക്കൊണ്ട് ഒരുപടി പുറകിലേക്കെടുത്തു വച്ചു. മോശമാണ് എന്നറിയാമായിരുന്നിട്ടും, നിന്നെ എന്തിനാ ഈ സമയത്ത് ഇങ്ങോട്ട് കെട്ടിയെടുത്തത് എന്ന ചോദ്യം എന്റെ വായിൽ നിന്ന് വീണു. സന്തോഷിക്കുകയാണോ, അതോ പേടിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. അടുത്ത നിമിഷത്തിൽ ശബ്ദത്തെ പരമാവധി മയപ്പെടുത്തി കൊണ്ട്, "നീ എന്താ പെട്ടെന്നെ" ന്ന് ഞാൻ ചോദിച്ചു. പ്രതീക്ഷിച്ചത് തന്നെയായിരുന്നു മറുപടി; "ജോലി ഇല്ല" ആ സമയത്ത് കേരളത്തില്‍ വലിയ പ്രശ്നങ്ങൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ കൊറോണ വൈറസിന്റെ വ്യാപനത്തെ കുറിച്ച് ആലോചിക്കാനോ പഠിക്കാനോ ഞങ്ങള്‍ ശ്രമിച്ചുമില്ല. മറ്റെല്ലാ ചെറുപ്പക്കാരേയും പോലെ പുറത്ത് പോയി, കറങ്ങി നടന്നു. ഒപ്പം തന്നെ എന്നെ കൊറോണ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തെ ദൃഢപ്പെടുത്തി, സന്തോഷങ്ങളെ കൈവിടാതിരിക്കാൻ തീരുമാനിച്ചു. രണ്ട് ദിവസത്തിന് ശേഷമാണ്, മാർച്ച് ഏഴിന് ഇറ്റലിയിൽ നിന്ന് വന്നവർ റിപ്പോര്‍ട്ട് ചെയ്യണമെന്ന വാർത്ത കണ്ടത്. അലക്സ് വന്നിറങ്ങിയ അതേ ദിവസം! ഈ അടുത്തൊന്നും ഞാനിങ്ങനെ പേടിച്ചിട്ടില്ല. ഇതിനിടെ കോളേജ് അടച്ചു. വീട്ടിൽ പോകണം എന്നുണ്ട്‌. പക്ഷേ ഇറ്റലിക്കാരന്റെ കാര്യം പറഞ്ഞ് വീട്ടുകാരെ ആശങ്കയിലാക്കാനും വയ്യ. വേറൊരു വഴിയുമില്ലാതെ വീട്ടിലേക്ക് തന്നെ പോയി. ഭീതി കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുന്നുണ്ടായില്ല. ചെറിയ പനി വരുന്നത് പോലെ എനിക്ക് തോന്നിക്കൊണ്ടേയിരുന്നു. ഒരു ദിവസം രാവിലെ ഞെട്ടിയുണർന്ന് ഞാനാദ്യം വിളിച്ചത് അലക്സിനെയാണ്. നിനക്ക് പനി വല്ലതും ഉണ്ടോ എന്ന ചോദ്യം അവനെ സങ്കടപ്പെടുത്തിക്കാണുമോ എന്ന് ചിന്തിക്കാനുള്ള ഔചിത്യം പോലും എനിക്ക് നഷ്ടപ്പെട്ടിരുന്നു. അന്ന് തന്നെ എന്റെ ഇത്താത്തക്കൊരു ചുമ. പിന്നീട് ഉമ്മ പറയുന്നു, തൊണ്ടവേദനയെന്ന്. ഇനി ഞാൻ കാരണമാണോ അവർക്കൊക്കെ അസുഖമായത്? ഇക്കാര്യങ്ങൾ ഒക്കെ ഞാൻ പറയാതിരുന്നത് എന്ത് തെറ്റാണ്? കുറ്റബോധം കൂടി ഇടിച്ച് കയറിയതോടെ എന്റെ കാര്യം തീരുമാനമായി. എനിക്ക് കൊറോണയാണെന്ന് ഞാനുറപ്പിച്ചു. ശരീരത്തിന് അപ്പോഴും നേരിയൊരു ചൂട് തോന്നുന്നുണ്ടായിരുന്നു. എന്റെ സെൽഫ് ക്വാറന്റൈനിലെ ഒരാഴ്ച അങ്ങനെ കടന്നു പോയി. രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ പതിന്നാല് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുമല്ലോ. അസുഖം ഉണ്ടെങ്കില്‍ തന്നെ മരിക്കും മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. ആ ആഴ്ച ഞാൻ പാത്തുമ്മയുടെ ആട് വായിച്ചു. പടം വരച്ചു. പാട്ട് പാടി. അപ്പോഴും വീട്ടിൽ പറയാന്‍ മടിച്ചതിന്റെ കുറ്റബോധം ഉള്ളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. സത്യത്തിൽ പലരും പറയാന്‍ മടിച്ചത് കൊണ്ടല്ലേ രോഗത്തിന്റെ വ്യാപനം ഇതുപോലെ അപകടകരമായി തീർന്നത്. ഇനി പറഞ്ഞാൽ തന്നെ എന്തുകൊണ്ട് ഇത് വരെ പറഞ്ഞില്ല എന്ന ചോദ്യത്തെ കൂടി നേരിടേണ്ടി വരും. എന്റെ നിരുത്തരവാദിത്തത്തെ ഓർത്ത് മനസ്സിനെ നിയന്ത്രിക്കാൻ ആകുന്നുണ്ടായില്ല. താത്ക്കാലികമാണ് എന്നറിയാമെങ്കിലും ആ ഒരാഴ്ച കടന്നു പോയപ്പോൾ എന്തിനെയോ അതിജീവിച്ച ആശ്വാസമുണ്ടായിരുന്നു. പിന്നെയുള്ള ദിവസങ്ങളിൽ വീട്ടിലിരിപ്പിനെ എങ്ങനെ സന്തോഷകരമാക്കാം എന്ന ആലോചനകളായി. ദിവസവും ബൈക്കെടുത്ത് പുറത്ത് പോയില്ലെങ്കിൽ യാതൊരു സ്വസ്ഥതയും കിട്ടാത്ത ആളാണ് ഞാൻ. ഇതേ കാര്യത്തിന്റെ പേരിലാണ് വീട്ടിൽ ഏറ്റവും വഴക്കുണ്ടാകുന്നതും. വീടിനകത്ത് ഇരിക്കുമ്പോഴുള്ള ഒരുതരം ശ്വാസംമുട്ടലിനെ കുറിച്ച്, വീട്ടിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന എന്റെ ഉമ്മാക്ക് ഒരിക്കലും പറഞ്ഞാൽ മനസ്സിലാകില്ല. എല്ലാവരും നിർബന്ധമായും വീടിനകത്ത് തന്നെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മ അടങ്ങുന്ന വീട്ടമ്മമാർക്കൊക്കെ ഒരു സന്തോഷം ഉണ്ടായിക്കാണണം. പുറത്തിറങ്ങാൻ ആകാത്തതിന്റെ വിഷമമുണ്ടെങ്കിലും ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ആസ്വദിക്കാൻ പഠിക്കുകയാണ്. അപ്പോഴും ഇതെങ്ങനെ അവസാനിക്കും എന്ന ഭയം പിന്തുടരുന്നുണ്ട്. ക്വാറന്റൈന്‍ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴേക്കും ഈ സാഹചര്യത്തിൽ വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യം എനിക്ക് ബോധ്യപ്പെട്ട് കഴിഞ്ഞിരുന്നു. ഉമ്മ പഠിച്ച പണി പതിനെട്ടും പയറ്റിയ എന്റെ വായനാശീലത്തെ ശരിക്കൊന്ന് ഉണർത്തിയത് കൊറോണയാണ്. മൊത്തത്തില്‍ എനിക്കൊരു അലസത എന്നും ഉണ്ടായിരുന്നു. ഇപ്പോള്‍ 'അഴിമുഖ'ത്തിന് വേണ്ടി ഈ കുറിപ്പ് എഴുതാൻ പറയുമ്പോൾ പോലും. പക്ഷേ അനുഭവങ്ങൾ പകർത്തി എഴുതുന്നതിന്റെ സുന്ദരമായ അനുഭൂതി ഞാൻ അനുഭവിച്ചു കഴിഞ്ഞു. പാടാനും വരയ്ക്കാനും എപ്പോഴുമുള്ള താത്പര്യത്തെ നന്നായി ഉപയോഗിക്കാൻ കഴിഞ്ഞതും ഈ ദിവസങ്ങളിലാണ്. വൈകുന്നേരങ്ങളിൽ ഞാനും ഇത്താത്തയും ബാഡ്മിൻറൺ കളിക്കും. അതുകഴിഞ്ഞ് വിയർത്ത് വീട്ടിൽ കയറി വിശ്രമിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കുന്നു എന്നതിന്റെ ആശ്വാസമാണ്. സമയക്കുറവ് കാരണമാക്കിയും ഒഴിവുകഴിവാക്കിയും വേണ്ടാ എന്ന് വച്ച പല കാര്യങ്ങളും ഉണ്ടാകും. അതൊക്കെ ഒന്ന് പുനഃസൃഷ്ടിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പലപ്പോഴും നമ്മളെല്ലാം ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? അങ്ങനെ തന്നെ ഈ നേരത്തേയും എടുക്കാം. ആരും ഓട്ടപ്പാച്ചിലിലോ, തിരക്കിലോ ഒന്നുമല്ല. അവനവന് വേണ്ടി സമയം കണ്ടെത്താനാകുന്ന ഒരു ഇടവേളയിലാണ്. ആഗ്രഹങ്ങളും താത്പര്യങ്ങളുമൊക്കെ കണ്ടെത്താനും, തിരിച്ച് പഴയ ജീവിതത്തിലേക്ക് കടക്കുമ്പോൾ വെട്ടിത്തളിച്ചിട്ട ആ വഴിയിലൂടെ നടന്ന് തുടങ്ങാനുമുള്ള തയ്യാറെടുപ്പാണ് ഈ കൊറോണക്കാലം എന്ന് ഞാൻ കരുതുന്നു.


Next Story

Related Stories