TopTop
Begin typing your search above and press return to search.

കാലനില്ലാത്ത കാലം സ്വപ്നം കണ്ടിരുന്ന നമ്മുടെ മടിത്തട്ടിൽ ഇതാ കാലൻ കോറോണ കിടന്നുറങ്ങുന്നു, ഒറ്റയ്ക്കിരുന്ന് ഒരുമിച്ച് പോരാടുന്നവരെ കുറിച്ച് ഒരു ലോക്ക് ഡൗണ്‍ കുറിപ്പ്

കാലനില്ലാത്ത കാലം സ്വപ്നം കണ്ടിരുന്ന നമ്മുടെ മടിത്തട്ടിൽ ഇതാ കാലൻ കോറോണ കിടന്നുറങ്ങുന്നു, ഒറ്റയ്ക്കിരുന്ന് ഒരുമിച്ച് പോരാടുന്നവരെ കുറിച്ച് ഒരു ലോക്ക് ഡൗണ്‍ കുറിപ്പ്

"ഒക്കെയും കണ്ടു മടങ്ങുമ്പോഴാണല്ലോ മക്കളേ നിങ്ങളറിഞ്ഞീടുന്നു നാടായ നാടൊക്കെ കണ്ടുവെന്നാകിലും വീടാണു ലോകം വലിയ ലോകം" - ഒളപ്പമണ്ണ സമതലം മതിയാവാഞ്ഞ് ഭൂമിയ്ക്കു പുറത്തെ മറുതലങ്ങൾ തേടി അലയുന്ന എന്നെ തളയ്ക്കാൻ ആരുണ്ടെന്ന ആധുനിക മനുഷ്യന്റെ ചോദ്യം ഒടുവിൽ പതിവുപോലെ പ്രകൃതി ഏറ്റെടുത്തിരിക്കുന്നു. അല്ലെങ്കിൽ പിന്നെ ഗീർവാണം മുഴക്കി നിന്ന മനുഷ്യൻ ഈ ഇത്തിരി കുഞ്ഞൻ വൈറസിന്റെ മുന്നിൽ പഞ്ചപുച്ഛവുമടക്കി വിറങ്ങലിച്ചു വീട്ടിനുള്ളിൽ ഒതുങ്ങി ഇരിക്കുന്നതെന്തേ? ആപത്ഘട്ടങ്ങളെ നേരിടുമ്പോൾ മാത്രം ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യം ഓർക്കുന്ന മനുഷ്യൻ ഒരുപക്ഷേ ഭീതിയുടെ ഇതു പോലൊരു കഷ്ടകാലം ഓർക്കുന്നു പോലുമുണ്ടാകില്ല. കാലനില്ലാത്ത കാലം സ്വപ്നം കണ്ടിരുന്ന നമ്മുടെ മടിത്തട്ടിൽ ഇതാ കാലൻ കോറോണ കിടന്നുറങ്ങുന്നു. കാലനെ കഴുകി കളയുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുള്ള യജ്ഞമാണ് ലോകമെങ്ങും. ഒക്കെ അറിയുന്നവനെന്ന നാട്യത്തിനൊടുവിൽ; ഏതൊരു സർവകലാശാലയിൽ നിന്നും കരസ്ഥമാക്കാനാകാത്ത മഹത്തായ ജീവിത പാഠങ്ങൾ സ്വയം പ്രഖ്യാപിത വീട്ടുതങ്കലിലിരുന്ന് ആർജിക്കുന്ന ലോക ജനത. ഒന്നോർത്തു നോക്കൂ. എന്തായിരുന്നു ദിവസങ്ങൾക്കു മുമ്പുള്ള ലോകം. അഭിപ്രായ വ്യത്യാസങ്ങളിൽ നിന്നു മുളപൊട്ടുന്ന അനൈക്യം അക്രമങ്ങളിലേക്ക് ഏത് നിമിഷവും പരിണമിച്ചേക്കാമെന്ന ഭയമായിരുന്നില്ലേ ഭാരതീയരുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലെ ജനങ്ങളെ വേട്ടയാടിയിരുന്നത്. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും സമീപനത്തിലും വ്യത്യസ്തത പുലർത്തുന്ന സ്കാൻഡിനേവിയൻ ഉൾപ്പെടെ മറ്റ് പല രാജ്യങ്ങളെയും ഇന്ത്യയെയും തമ്മിൽ താരതമ്യം ചെയ്ത് സ്വർഗ്ഗീയ സുഖത്തിന്റെ അക്കരപ്പച്ച സ്വപ്നം കണ്ടിരുന്ന കേരളീയരുൾപ്പെടെയുള്ളവർ അവിടങ്ങളിലെ സ്ഥിതി കണ്ട് ഞെട്ടിയിരിക്കയാണ്. 'സോഷ്യൽ ഡിസ്റ്റൻസിംഗ്' ചിന്തിക്കാൻ പോലുമാകാത്ത; ആഴ്ചാവസാനങ്ങളും സന്ധ്യാനേരങ്ങളും പബ്ബുകളിലും നൃത്തശാലകളിലും സ്ക്വയറുകളിലും ചെലവിട്ടിരുന്ന ഒരു ജനതയ്ക്കു മേൽ കൊറോണയുടെ കരിനിഴൽ പരക്കാൻ അധികനേരം വേണ്ടിവരാത്തതാണ് പ്രശ്നങ്ങൾ ഇത്രമേൽ സങ്കീർണ്ണമാക്കിയത്. 'കൊറോണ' എന്ന ചുരുട്ടിന്റെ ആസ്വാദ്യത കൊറോണ വൈറസിനുണ്ടാകില്ല. ഒരു ജീവിത കാലയളവിൽ കാണാൻ കഴിയാത്ത ഒട്ടേറെ കാര്യങ്ങൾക്ക് ദിവസങ്ങളായി ലോകം സാക്ഷ്യം വഹിച്ചുക്കെണ്ടിരിക്കുകയാണ്. മനുഷ്യ ഭയമില്ലാതെ കരയിലും വെള്ളത്തിലും സ്വച്ഛന്ദ വിഹാരം നടത്തുന്ന ജീവജാലങ്ങൾ, ഭക്തജനങ്ങളെ ഒഴിവാക്കി പൂജകളും പ്രാർഥനകളും നടത്തുന്ന ആരാധനാലയങ്ങൾ, ഇടനിലക്കാരില്ലാതെ വീട്ടിലിരുന്നും ദൈവത്തെ കാണാമെന്ന തിരിച്ചറിവിന്റെ നാളുകൾ, ദീർഘനാളുകൾക്കു ശേഷം അച്ഛനമ്മമാരോടൊപ്പമുള്ള മക്കളുടെ ആദ്യാനുഭവങ്ങൾ,പരീക്ഷകളും എൻട്രൻസ്സ് ആശങ്കകളും അകന്ന അവധിക്കാലം, വേനലവധി വീട്ടിലിരുന്ന് തള്ളിനീക്കുന്ന കുഞ്ഞുങ്ങൾ, കൊയ്ത്തിന് ആളെ കിട്ടാത്ത വിളനാശത്തിന്റെ വേളകൾ, ആഹാരത്തിലെ മിതത്വം ആദ്യമായി ചിന്തിച്ച വീടുകൾ, പ്രഭാത സവാരിയുടെ ഉണർവ് പകരാത്ത ദിനങ്ങൾ, മദ്യം അവശ്യവസ്തു ആണോ എന്ന ചർച്ചകൾ, മദ്യം ലഭിക്കാത്തവന്റെ അസ്വസ്തതകൾ, വിരഹ വേദനയിലമർന്ന കൗമാരക്കാരും മറ്റുള്ളവരും, വർത്തമാന പത്രങ്ങൾ കൈ കൊണ്ടു തൊടാൻ മടിക്കുന്നവർ, ലോക്ക് ഡൗണിനെ വരവേറ്റ കേരള മോഡൽ പെരുമാറ്റം, ഇങ്ങനെ ജീവന്റെ മഹത്വം വിളിച്ചോതുന്ന എത്രയെത്ര വേറിട്ട കാഴ്ചകൾ. നമ്മുടെ അഹങ്കാരത്തിനും ഭയമില്ലായ്മയ്ക്കും ലഭിച്ച 'സമ്മാന'മാണിത്. വാർദ്ധക്യമെന്നാൽ ഒറ്റപ്പെടൽ എന്ന അവസ്ഥ സംജാതമായിരിക്കുന്ന കേരളത്തിൽ യൂറോപ്യൻ ജീവിതം വിശേഷിച്ചും വാർദ്ധക്യം നമ്മെ കൊതിപ്പിച്ചെന്നതു നേര്. പക്ഷേ ഒറ്റപ്പെടൽ കുറച്ചു ദിവസമെങ്കിലും അനുഭവിക്കേണ്ടി വന്ന വൃദ്ധരൊഴിച്ചുള്ളവർ ഇനിയെങ്കിലും തിരുത്തുമെന്ന് പ്രതീക്ഷിക്കാം. അതിമോഹങ്ങളുടെ സ്വർണ്ണ ചിറകേറിയുള്ള യാത്രയ്ക്കിടയിൽ 'മനുഷ്യാ നീ വെറും നിസ്സാരൻ' എന്ന ഓർമ്മപ്പെടുത്തലുമായാണ് യുദ്ധത്തേക്കാൾ ഭയം വിതറിയ കൊറോണ വൈറസ് കടന്നു വന്നത്. " I cannot rest from travel, I will drink life to the lees" എന്ന ടെന്നിസന്റെ വരികളാണ് ഓർമ്മ വരുന്നത്. യൂറോപ്യൻ ജനതയുടെ വിശേഷിച്ചും ബ്രിട്ടീഷുകളുടെ ഈ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യേണ്ടതില്ല. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകൃതിയെയും മൂല്യങ്ങളേയും മാനുഷികതയേയും സഹജീവി അവകാശങ്ങളേയും ചവിട്ടിമെതിച്ചു കൊണ്ടുള്ള ജീവിതാസ്വാദനത്തിനിടയിലെ ഓട്ടപ്പാച്ചിലിൽ വന്ന ഈ ബ്രേക്ക് ഡൗൺ സ്വയം വിലയിരുത്തലിനുള്ള അനിവാര്യമായ ഇടവേളയാണ്. നിറഭേദമുള്ള മനുഷ്യന്റെ തനിനിറം ഒടുവിൽ യുക്തിഭദ്ര ചിന്തകളിൽ ചെന്നവസാനിക്കുന്നത് ശുഭചിന്ത ഉണർത്തുന്നു. സ്വജീവൻ സ്വന്തം കൈകളിലും കയ്യിലിരിപ്പിലുമാണ് എന്ന തിരിച്ചറിവിനൊടുവിലാണ് നാം വീട്ടിലിരിക്കാൻ സന്നദ്ധമായത്. ഏറ്റവും പ്രിയപ്പെട്ടതെന്ന് നാം വിളിച്ചു പറഞ്ഞിരുന്ന നമ്മുടെ ദൈവങ്ങളെ ആരാധനാലയങ്ങളിൽ തനിച്ചാക്കി അകലം പാലിച്ചാണ് സർവ ദൈവങ്ങൾക്കും ഭക്തർ നൽകിയ മറുപടി. ഫലമോ ലോകത്തെ ഒട്ടുമിക്ക ദൈവങ്ങളും ക്വാറൻറ്റൈനിൽ. ദൈവം എന്ന വാക്കിന്റെ ശരി അർഥം മൂടിവച്ച് അവർക്കുവേണ്ടി തമ്മിലടിച്ചും സഹജീവികളുടെ സർവ അവകാശങ്ങളേയും ഹനിച്ചും പരമമായ ജീവിത ആനന്ദം നഷ്ടപ്പെടുത്തിയവർ. വീട്ടിൽ നിന്ന് പുറത്തു വരുന്നതോടെ ഒക്കെ ദൈവകോപമായിരുന്നുവെന്ന് പറയുന്നവരും എതിർ അഭിപ്രായം പ്രകടിപ്പിക്കുന്നവരുമുണ്ടാകും. ഇനിയെങ്കിലും ഇവയെ ഒക്കെ സമചിത്തതയോടെ മറികടക്കാനുള്ള പോംവഴികളാണ് ഉണ്ടാകേണ്ടത്. എണ്ണയുടേയും മറ്റ് പല വ്യവസായ സംരംഭങ്ങളുടേയും മേൽക്കോയ്മ സമ്മാനിച്ച ആകർഷണീയതയും സുഖലോലുപതയും കൈമോശം വരികയും മറ്റ് ചില ശക്തികൾ ഉയർന്നു വരികയും ചെയ്യുന്ന ചാക്രിക ചരിത്ര സത്യം വരും നാളുകളിൽ അനാവരണം ചെയ്യപ്പെട്ടേക്കാം. വിവിധ രാജ്യങ്ങളിൽ വാർത്താ വിതരണ സംവിധാനങ്ങൾ പോലും നിഷേധിക്കപ്പെട്ട് ജാതി,മത,വർണ്ണ, വംശ വെറികളുടെ തീച്ചൂളയിൽ ജീവിതം ഹോമിക്കപ്പെട്ടവരുടെ, വാക്കുകളിൽ ഒതുങ്ങാത്ത പീഢിത ജീവിതത്തിന്റെ ഒരംശമെങ്കിലും വീട്ടുതടങ്കലിൽ അകപ്പെട്ട നാളുകളിൽ നിന്ന് സ്വായത്തമാക്കുകയും ആ പാഠം തലമുറകൾക്ക് പകരുന്നതിലൂടെയും മാത്രമേ നാം മനുഷ്യരാകൂ. കേരളത്തിലേക്കു വരാം. ശാസ്ത്രത്തെ ജനകീയവൽക്കരിച്ച കാൾ സാഗന്റെ നാട്ടിലേയും കേരളത്തിലേയും കാര്യങ്ങൾ വിഭിന്നമല്ല. മനുഷ്യൻ മതങ്ങളെയും മതങ്ങൾ ദൈവത്തെയും സൃഷ്ടിക്കുകയായിരുന്നുവെന്നും ദൈവം ആരാധനാലയങ്ങൾക്കുള്ളിലല്ലെന്നും ലളിതമായ വരികളിലൂടെ നമ്മെ ഓർമ്മിപ്പിച്ച് കടന്നു പോയ അനശ്വര കവി വയലാറും വിശ്വകവി ടാഗോറും ഉൾപ്പെടെയുള്ള നിരവധി എഴുത്തുകാരെ അടുത്തറിയാൻ ശ്രമിച്ചവരാണ് കേരളീയ സമൂഹം. പ്രതിസന്ധി ഘട്ടങ്ങൾ ലോകം മറികടന്നതെങ്ങിനെയെന്നുള്ള വാർത്തകൾക്കു പകരം ഭീതി പരത്തുന്ന വാർത്തകൾക്കായി ഒട്ടുമിക്ക പേജുകളും നീക്കിവയ്ക്കുന്ന അച്ചടി മാധ്യമങ്ങൾ. വാർത്താ അവതരണത്തിനിടയിലും പകർച്ച വ്യാധിയുടെ നിമിഷം തോറുന്നുള്ള മരണത്തിന്റെ കണക്കുകൾക്കായി സ്ക്രീനിന്റെ ഒരു ഭാഗം നീക്കിവച്ചിരിക്കുന്ന ദൃശ്യമാധ്യമങ്ങൾ. ഇത്തരം വിപത്തുകൾ വായനക്കാരിലും പ്രേക്ഷകരിലുമെത്തിക്കാൻ മാധ്യമ രംഗത്തുള്ളവർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മാറ്റത്തെക്കുറിച്ച് ഇനിയെങ്കിലും നാം ചിന്തിക്കണം. എത്ര നാൾ ഇങ്ങനെ വീട്ടിലിരുന്ന് ജീവിക്കും. കൺസ്യൂമർ സംസ്ഥാനമെന്നതിന്റെ പരിമിതികൾ എങ്ങിനെ മറികടക്കാമെന്നും മറ്റുമുള്ള ഗൗരവമായ ചിന്തകളും മനസ്സന്തോഷം പകരുന്ന പരിപാടികളുമാണാവശ്യം. "അനന്ത മജ്ഞാത മവർണ്ണനീയ മീലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു ?" - മാനവരാശിയുടെ അസ്ഥിത്വത്തെയും നിസ്സഹായാവസ്ഥയെക്കുറിച്ചുമുള്ള നാലപ്പാട്ട് നാരായണ മേനോന്റെ ഈ വരികളിലുയരുന്ന ചോദ്യങ്ങൾക്കുത്തരം സ്വയം കണ്ടെത്താനുള്ള സമയമാണിപ്പോൾ. നാമാണ് ശരിയായ മാതൃക എന്ന് തെളിയണമെങ്കിൽ ഇനിയും കാതങ്ങൾ ഒട്ടേറെ താണ്ടണം. അതിനു കഴിയാത്തവരൊന്നുമല്ലല്ലോ നാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories