TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന് അധികാരക്കൊതിയുടെ പന്നിപ്പനി, ചികിത്സ വേണം, അല്ലെങ്കില്‍ ക്വാറന്‍റൈന്‍ ചെയ്യപ്പെടും

കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന് അധികാരക്കൊതിയുടെ പന്നിപ്പനി, ചികിത്സ വേണം, അല്ലെങ്കില്‍ ക്വാറന്‍റൈന്‍ ചെയ്യപ്പെടും

ലോകവും രാജ്യവും കൊറോണ ഭീതിയിലൂടെ കടന്നു പോകുമ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള 17 കോണ്‍ഗ്രസ്സ് എം എല്‍ എ മാര്‍ 'ഐസൊലേഷനി'ലാണ്. ബാംഗളൂരുവിലെ റിസോര്‍ട്ടിലാണ് ഇവരെ ഒളിപ്പിച്ച് ഒറ്റയ്ക്ക് താമസിപ്പിച്ചിരിക്കുന്നത്. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്

"പന്നിപ്പനി"

യാണ് എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ സിങ് പറഞ്ഞത്. "ഞങ്ങള്‍ സിന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്നിപ്പനിയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞില്ല." എന്‍ എന്‍ ഐയും പിന്നീട്

എന്‍ഡി ടിവി

യും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിന്ധ്യയുമായി അടുത്ത വൃത്തങ്ങള്‍ ഈ കാര്യം സ്ഥിരീകരിച്ചതായി എവിടേയും കണ്ടില്ല. സംഗതി ട്രോള്‍ ആണെന്ന് വേണമെങ്കില്‍ കരുതാം. ഇത്തരം ക്രൂര ഫലിതങ്ങള്‍ നിരവധി പറഞ്ഞിട്ടുണ്ട് മുന്‍പും ഈ വയോധിക നേതാവ്.

അതേസമയം ഒത്തുപോകാന്‍ ആവില്ലെന്നും ആവഗണന ഇനിയും സഹിക്കാന്‍ ആവില്ലെന്നും

സിന്ധ്യ

പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ എല്ലാം ബിജെപിയുടെ നേതാക്കന്മാരായ സിന്ധ്യ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ട് എന്ന മട്ടിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്തായാലും ഒരു കാര്യം വ്യക്തം. സിന്ധ്യയ്ക്കും കൂട്ടര്‍ക്കും പിടിച്ചിരിക്കുന്നത് അധികാരക്കൊതിയുടെ പന്നിപ്പനി തന്നെ. 15 മാസം മാത്രമാണ് കമല്‍ നാഥ് സര്‍ക്കാരിന്റെ പ്രായം. ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇപ്പോള്‍ ഉടക്കി നില്‍ക്കുന്നത്. ഇത് കമല്‍നാഥ് സര്‍ക്കാരിന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നിലവില്‍ 114 കോണ്‍ഗ്രസ്സ് അംഗങ്ങളാണ് മധ്യ പ്രദേശില്‍ ഉള്ളത്. 230 അംഗ സഭയില്‍ മറ്റ് പാര്‍ട്ടികളില്‍ പെട്ട 7 പേരുടെ പിന്തുണയോടെയാണ് കമല്‍നാഥ് ഭരിക്കുന്നത്. സിന്ധ്യയുടെ കൂടെയുള്ള 17 പേര്‍ കോണ്‍ഗ്രസ്സ് വിട്ടാല്‍ കോണ്‍ഗ്രസ്സ് അംഗസംഖ്യ 97 ആകും. നിലവില്‍ 107 അംഗങ്ങളുടെ ബലമുണ്ട് ബിജെപിക്ക്. നിലവിലുള്ള സഭയിലെ അംഗ ബലത്തില്‍ മാജിക്കല്‍ നമ്പറാണ് അത്. ഒരു കര്‍ണ്ണാടക മോഡല്‍ പ്രതീക്ഷിക്കാവുന്ന എല്ലാ രാഷ്ട്രീയ അന്തരീക്ഷവും നിലവില്‍ മധ്യപ്രദേശിലുണ്ട് എന്നു പകല്‍ പോലെ വ്യക്തം. ഈ യാഥാര്‍ഥ്യം മനസിലാക്കിയ സാഹചര്യത്തിലാണ് അനുനയ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്സ് നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നത്. ജോതിരാദിത്യ സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും അദ്ദേഹത്തിന്റെ വിശ്വസ്തനും ആരോഗ്യമന്ത്രിയുമായ തുള്‍സി സിലാവതിനെ പി സി സി അധ്യക്ഷനുമാക്കാമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നറിയുന്നു. ഇന്നലെ രാത്രി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തുകയുണ്ടായി. ഒരു തരത്തിലും ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും മാഫിയകളുടെ സഹായത്തോടെയാണ് അട്ടിമറി പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. വോട്ടര്‍മാരുടെ തീരുമാനത്തെ അനാദരവോടെ സമീപിക്കുന്നവര്‍ ആരായാലും അവര്‍ക്ക് സംസ്ഥാനത്തെ ജനങ്ങള്‍ അനുയോജ്യമായ മറുപടി നല്‍കുമെന്ന് ദിഗ് വിജയ് സിങ് പറഞ്ഞു. അതിനിടെ അട്ടിമറി സാധ്യത കണ്ട ബിജെപി നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് പ്രധാനമന്ത്രിയെ കണ്ടെക്കുമെന്നും അഭ്യൂഹമുണ്ട്. അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത മാസം ഒമ്പതിന് മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിസന്ധി ഉടലെടുത്തത്. രണ്ട് സീറ്റിലാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുക. ഇതില്‍ ജ്യോതിരാദിത്യ സിന്ധ്യയെ മല്‍സരിപ്പിച്ച് പ്രശ്‌ന പരിഹാരം സാധ്യമാകുമോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉറ്റുനോക്കുന്നത്. മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംങും സീറ്റിന് ശ്രമിക്കുന്നുണ്ട് എന്നു വ്യക്താമാകുമ്പോഴാണ് പന്നിപ്പനിയുടെ ഉറവിടം എവിടെയാണെന്ന് വെളിപ്പെടുന്നത്. രാജ്യം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ വരിയെല്ലുകള്‍ നുറുങ്ങി ഐ സി യുവില്‍ കിടക്കുമ്പോഴാണ് പന്നിപ്പനിയുമായി കോണ്‍ഗ്രസ്സ് സ്വയം അഡ്മിറ്റായിരിക്കുന്നത്. ഇതാണ് ഈ പാര്‍ട്ടിയുടെ പോക്ക് എങ്കില്‍ ജനം ഇവരെ ക്വാറന്‍റൈന്‍ ചെയ്യും എന്നു തീര്‍ച്ച.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories