TopTop
Begin typing your search above and press return to search.

'ഞാൻ നിങ്ങളോട് കുത്തിരിക്കീൻ എന്ന് പറഞ്ഞാൽ മനസിലാവില്ലേ, അല്ലാതെ ഉപവിഷ്ടനാകൂ എന്ന് പറയണോ?' മാമുക്കോയ പൊളിക്കുന്ന ശുദ്ധഭാഷാ മേല്‍ക്കോയ്മ

ഞാൻ നിങ്ങളോട് കുത്തിരിക്കീൻ എന്ന് പറഞ്ഞാൽ മനസിലാവില്ലേ, അല്ലാതെ ഉപവിഷ്ടനാകൂ എന്ന് പറയണോ? മാമുക്കോയ പൊളിക്കുന്ന ശുദ്ധഭാഷാ മേല്‍ക്കോയ്മ

യൂട്യൂബിൽ സ്ഥിരം കണ്ടുപോരുന്ന കോമഡി വീഡിയോകൾ ശ്രദ്ധിച്ചപ്പോഴാണ് മിക്കതിലും സ്ഥിരമായ മാമുക്കോയ ഡയലോഗുകളും അതിന്റെ 'തഗ്' വ്യാഖ്യാനങ്ങളും ശ്രദ്ധയിൽപ്പെട്ടത്. മാമുക്കോയ എന്ന നടൻ മലയാളിക്ക് പരിചിതനായിട്ട് ഏകദേശം 40 വർഷങ്ങൾ പിന്നിടുമ്പോൾ 400-ൽപ്പരം കഥാപാത്രങ്ങളായി അദ്ദേഹം നമ്മൾക്ക് മുന്നിൽ അവതരിച്ചു കഴിഞ്ഞു. എന്നിരുന്നാലും, മാമുക്കോയ എന്ന് പേര് കേൾക്കുമ്പോൾ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കതീതമായി കഷണ്ടി തലയും ഉന്തിയ പല്ലും മെലിഞ്ഞ ശരീരവും തനത് മാമുക്കോയ ചിരിയും അഭിസംബോധന പ്രയോഗങ്ങളും ഏതു മലയാളിയുടെയും ഓർമയിൽ മിന്നിമായും.

തമാശകരമെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ മാമുക്കോയ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം സംസാരിക്കുന്ന മലബാറി ഭാഷ തന്നെയാണ് അദ്ദേഹത്തിന്റെ ശൈലിയുടെ എറ്റവും വലിയ പ്രത്യേകത. സിനിമയുടെ കഥാസന്ദർഭത്തിനപ്പുറം മാമുക്കോയയുടെ എല്ലാ കഥാപാത്രങ്ങളും തനത് കോഴിക്കോടൻ അല്ലെങ്കിൽ മലബാർ ഭാഷ പറയുന്നത് പ്രേക്ഷകർ അംഗീകരിച്ചതുമാണ്.

ഹാസ്യം എന്ന ഉപവകുപ്പ്

താൻ അവതരിപ്പിച്ച ഭൂരിപക്ഷമാനമായ ഹാസ്യകഥാപാത്രങ്ങൾക്കും തനതു ശൈലി കൈവരുത്തുവാൻ തന്റെ ശാരീരിക ആഖ്യാനങ്ങളും പ്രാദേശിക ഭാഷാ പ്രയോഗവുമാണ് മിക്കപ്പോഴും മാമുക്കോയ എന്ന നടൻ ഉപയോഗിച്ചതായി കാണാൻ കഴിയുക. മാമുക്കോയ കഥാപാത്രങ്ങൾ മിക്കപ്പോഴും നാടനും ശുദ്ധത കൊണ്ട് ചെയ്തു പോകുന്ന മണ്ടത്തരങ്ങളും ഉള്ളില്‍ നന്മയുമുള്ള കഥാപാത്രങ്ങൾ ആകുമ്പോള്‍ തന്നെ, മിക്ക കഥാസന്ദർഭങ്ങളിലും നായകന് മുതല്‍ക്കൂട്ടാകാനുള്ള ഒന്നായി തന്നെയാണ് നിലനിന്നു പോന്നിട്ടുള്ളത്.

എന്നാൽ ഈ കഥാപാത്രങ്ങൾക്കപ്പുറം ജീവിച്ചത് അദ്ദേഹത്തിന്റെ/ ഈ കഥാപാത്രങ്ങളുടെ സംഭാഷണ രീതിയാണ് എന്ന് നമുക്കിന്നു കാണാൻ കഴിയും. ഹാസ്യമായി ചിത്രീകരിച്ചതാണെങ്കിലും തമാശയായി പറഞ്ഞുവെച്ചതാണെങ്കിലും അല്ലെങ്കിലും ഈ സംഭാഷണങ്ങളിലൂടെ ഒക്കെയും മാമുക്കോയ എന്ന നടൻ മലയാള സിനിമയിൽ വരച്ചിട്ടത് മലബാർ എന്ന ഭാഷാ പ്രദേശം തന്നെയാണ്. മലബാറിൽ നിന്ന് മറ്റു പല നടൻമാർ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രാദേശിക ഭാഷയെ പ്രതിനിധീകരിക്കുന്നതിൽ ഇത്തരമൊരു മേൽക്കൈ മറ്റു നടന്മാരുടെ കഥാപാത്രങ്ങൾക്ക് ലഭിച്ചിരുന്നുവോ എന്നത് സംശയകരമാണ്. മലബാർ ഭാഷ എന്ന് പറയുമ്പോൾ അതിന്റെ ഉള്ളിലും എത്രയോ പ്രാദേശിക ഭാഷാ വകഭേദങ്ങൾ നിലനിൽക്കുന്നു എന്നും അവയുടെ വ്യത്യസ്തമായതോ ഏകപക്ഷീയമായതോ ആയ ഒരു പ്രതിനിധാനമോ ആണ് മാമുക്കോയ കഥാപത്രങ്ങൾ ചെയ്തത് എന്നല്ല ഇവിടെ അഭിപ്രായപ്പെടുന്നത്.

മാമുക്കോയയുടെ കഥാപാത്രങ്ങൾ അദ്ദേഹത്തിനറിയുന്ന ഭാഷയാണ് സംസാരിച്ചത്. ആ ഭാഷയ്ക്കുള്ളിൽ നിന്നു ജന്മം കൊണ്ട ആഖ്യാനങ്ങളാണ് - സങ്കടമോ, ദേഷ്യമോ, അത്ഭുതമോ, തമാശയോ എന്തും- പ്രേക്ഷകരോട് പങ്കുവെച്ചത്.

പ്രാതിനിധ്യം

ഏവരാലും സ്വീകരിക്കപ്പെട്ട മലബാർ ഭാഷ സംസാരിക്കുന്ന മാമുക്കോയ കഥാപാത്രങ്ങൾ ആരെ പ്രതിനിധീകരിക്കുന്നു എന്നതാണ് അടുത്ത ചോദ്യം. മുണ്ടും ജൂബയുമോ, കൈലി മുണ്ടും കള്ളി ഷർട്ടുമോ, അല്ലെങ്കിൽ ബനിയനും ഇട്ടാണ് ഇദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകർക്ക് മുന്നിൽ അവതരിച്ചിട്ടുള്ളത്. ആദ്യകാലങ്ങളിലെ ചില കഥാപാത്രങ്ങൾ പാന്റും ഷർട്ടും നെക്ക് ടൈയും ഒക്കെ ധരിച്ചിരുന്നു. തനതായ 'മാമുക്കോയ ഭാഷ' സംസാരിക്കുമ്പോഴും ഇതിലെ പല കഥാപാത്രങ്ങളും സന്ദർഭങ്ങൾക്കനുസരിച്ച് മറ്റു ഭാഷകളും തെറി പ്രയോഗങ്ങളുമൊക്കെ ഉപയോഗിച്ചുപോരുന്നുണ്ട്. ഇത്തരം ഒട്ടുമിക്ക സന്ദർഭങ്ങളും നർമത്തിൽ ചാലിച്ചവയും ഹാസ്യകരമായ പ്രതീകവത്കരണങ്ങളും ആയിരുന്നു.

മുസ്ലിം സമുദായവും ഒപ്പം ഇതര പിന്നോക്ക സമുദായങ്ങളെയോ മധ്യവർഗ്ഗത്തെയോ ആണ് മിക്ക മാമുക്കോയ കഥാപാത്രങ്ങളും പ്രതിനിധീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ കൃത്യതയ്ക്കപ്പുറം തന്റെ കഥാപത്രങ്ങൾക്ക് അദ്ദേഹം സംഭാവന ചെയ്തതായി തോന്നുന്നത് സാർവത്രികമായ ഈ ആഖ്യാന ശൈലി തന്നെയാണ്.

സാംസ്കാരിക പ്രസക്തി

1930-കൾ മുതൽ സിനിമ കാണുന്ന മലയാളികൾക്ക് ഏറെയും പരിചിതം ഒരേ രീതിയിൽ സംസാരിക്കുന്ന നായകന്മാരെയും വില്ലന്മാരെയും നായികയേയും തന്നെ ആയിരിക്കും. അച്ചടി മലയാളം അല്ലെങ്കിൽ ശുദ്ധ മലയാളം എന്ന രൂപത്തിൽ പ്രചരിപ്പിച്ച ഭാഷ ഏകവത്ക്കരണത്തിൽ പലപ്പോഴും മേൽക്കൈ സ്ഥാപിച്ചത് തിരുവിതാംകൂർ തായ്വഴികളും തെക്കൻ കേരളത്തിന്റെ സാംസ്കാരിക മണ്ഡലങ്ങളും തന്നെയാണ്. താരതമ്യേന വടക്കൻ കേരളമോ വടക്കൻ കേരളത്തിന്റെ ചരിത്രമോ ഭാഷയോ മലയാള സിനിമയിൽ എത്രത്തോളം പ്രതിനിധീകരിക്കപ്പെട്ടു എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. സംസ്കൃത ചുവയുള്ള മലയാളം സംസാരിക്കുന്ന കേന്ദ്രകഥാപത്രങ്ങളും മറുനാടൻ ഭാഷ സംസാരിക്കുന്ന വില്ലന്മാരും ഒരിടയ്ക്കു മലയാള സിനിമയിൽ സജീവമായിരുന്നു. ഇത്തരത്തിലുള്ള ഏകമാനമായ ഭാഷ പ്രതിനിധീകരണത്തിലൂടെ മറ്റൊരു തലത്തിൽ സൂക്ഷ്മമായ വരേണ്യ സാംസ്കാരിക ശുദ്ധതയുടെ അവകാശവാദവും കേരളം എന്ന ഭൂപ്രദേശത്തിനുമേലെ ഈ സിനിമാപിടിത്തക്കാർ അടയാളമായി പറയാതെ പറഞ്ഞു വെച്ചു എന്നതാണ് വാസ്തവം. ദളിതനോ ഇതര പിന്നോക്ക വർഗക്കാർക്കോ ഒരു പരിധിക്കപ്പുറം ദൃശ്യ പ്രാതിനിധ്യം തന്നെ ഇല്ലാതെ വന്ന ഈ കാലഘട്ടങ്ങളിലൊക്കെയാണ് മാമുക്കോയ കഥാപാത്രങ്ങൾ നിശബ്ദമായി വ്യത്യസ്തമാർന്ന ഒരു ഭാഷാ ഭൂപ്രദേശത്തെ മലയാളി പ്രേക്ഷകരുടെ മുന്നിൽ വരച്ചു വെക്കുന്നത്.

ഭാഷ ഏതായാലും സംഭാഷണത്തിന്റെ ഉദ്ദേശ്യം കൃത്യമായ ആശയവിനിമയം മാത്രമല്ലേ എന്നൊരിക്കൽ തന്റെ പ്രസംഗത്തിനിടെ മാമുക്കോയ ചോദിച്ചതായി ഓർക്കുന്നു. "ഞാൻ നിങ്ങളോടു ഇവിടെ കുത്തിരിക്കീൻ എന്ന് പറഞ്ഞാൽ, അല്ലെങ്കിൽ ഇരിക്കീന്നു പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ലേ, അല്ലാതെ അതിന് ഉപവിഷ്ടനാകൂ എന്ന് പറയണോ" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തന്റെ കഥാപത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ കൃത്യമായി തന്നെ അദ്ദേഹം ഇത് നമ്മൾക്ക് കാണിച്ചു തരികയും ചെയ്തു. ദൈനംദിന ജീവിതത്തിലെ സംഭാഷണങ്ങളിൽ ഈ കൃത്യത ഉറപ്പാക്കാൻ നമ്മൾക്ക് സാധിക്കുമ്പോഴും സിനിമ എന്ന സാംസ്കാരിക മഞ്ചം ഭാഷയെയും സമൂഹത്തിന്റെ തന്നെ മറ്റു പല സമവ്യാപ്തമായ ഘടകങ്ങളെയും പ്രതിനിധാനം ചെയ്യുന്നതിൽ കൃത്യമായ ജാത്യാധിഷ്ഠിതമായ അളവുകോലുകൾ ഉപയോഗിക്കുന്നു എന്നുള്ളതാണ് സത്യം.

എന്തുകൊണ്ട് വിഭിന്നമായ കാഴ്ചപ്പാടുകളുടെ ആവശ്യകതയേറുന്നു?

സമീപകാലത്തായി ഇറങ്ങുന്ന സിനിമകളിൽ ആദ്യകാലങ്ങളിൽ ട്രെൻഡ് എന്ന നിലയിലും പിന്നീട് കൃത്യമായി രാഷ്ട്രീയം പറയുന്ന നിലയിലും ഈ ശുദ്ധഭാഷ പ്രയോഗങ്ങൾക്കു പകരം പ്രാദേശിക ഭാഷയുടെ ഉപയോഗം ഒരു തിരിച്ചറിവിന്റെയും മാറ്റത്തിന്റെ അനിവാര്യതയും സൂചിപ്പിക്കുന്നു.

ഒരു ഭാഷയ്ക്കതീതമായി ആ ഭാഷയിലൂടെ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ സംസ്കാരവും ഒരു ഭാഷ പ്രതിനിധാനം ചെയ്യുന്നു. ഭാഷ ഏകീകരിക്കപ്പെടുമ്പോൾ മുഖ്യധാരാ സാംസ്കാരിക തലത്തിൽ ബോധപൂർവമായ നാനാത്വത്തിന്റെ ഏകീകരണവും നിശബ്ദമായി നടപ്പാക്കപ്പെടുന്നു. ഇത്തരം ശ്രമങ്ങളിൽ നഷ്ടപ്പെടുന്നത് മുഖ്യധാരാ ആഖ്യാനങ്ങൾക്കപ്പുറം നിലനിൽക്കുന്ന ബദൽ ജീവിത രീതികളുടെ കാഴ്ചപ്പാടുകളും രാഷ്ടീയവും, പിന്തള്ളപ്പെടുകയോ കണക്കിലെടുക്കപ്പെടാതെ പോകുന്നതുമായ അനേകം ചരിത്രങ്ങളെക്കുറിച്ചുള്ള അറിവുകളുമാണ്. കുമ്പളങ്ങി നൈറ്റ്സും, സുഡാനി ഫ്രം നൈജീരിയയും പറവയും അങ്കമാലി ഡയറീസും ഒക്കെ പ്രേക്ഷകർക്ക് മുന്നിൽ കഥാപത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ പകർന്നു വെച്ചത് മുഖ്യധാരാ സിനിമയ്ക്കപ്പുറമുള്ള ഇത്തരം സമൂഹങ്ങളും അവയുടെ വ്യത്യസ്ത സാമൂഹീക പശ്ചാത്തലങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും ആയിരുന്നു.

മാമുക്കോയ സുപരിചിതമാക്കിയ മലബാറി ഭാഷയിൽ മാത്രം തമാശ പറയുന്ന കോമഡി ട്രൂപ്പുകൾ ഇന്ന് കേരളത്തിലുണ്ട്. മലബാറിൽ നിന്നും മലയാള സിനിമയിലേക്ക് എത്തിയ മറ്റനേകം നടന്മാരും നടികളും ഉണ്ട്. എന്നാൽ ഫിലോമിനയെയോ അടൂർ ഭവാനിയെയോ ഉർവശിയെയോ കല്പനയെയോ പോലെ ഹാസ്യാവതരണത്തിൽ തന്റെ മുഖമുദ്ര പതിപ്പിക്കാൻ അവസരം കിട്ടിയ ഒരു കലാകാരിയെ മലബാറിൽ നിന്ന് ചൂണ്ടി കാണിക്കാൻ ബുദ്ധിമുട്ടാണ്. ഹാസ്യം മാത്രമല്ല കേന്ദ്ര കഥാപാത്രങ്ങളായി ഉയർന്നു വന്നു നിലനിൽക്കാൻ പറ്റിയ നടന്മാരോ നടികളോ മലബാറിൽ നിന്ന് വിരളം എന്ന് തന്നെ പറയാം. കഴിവുള്ള കലാകാരന്മാരോ കലാകാരികളോ മലബാറിൽ ഇല്ലാഞ്ഞിട്ടല്ല ഈ അഭാവം എന്നുള്ളതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

സാമ്പത്തിക ഭദ്രതയും ഉന്നമനവും കലാ, കായിക സാംസ്കാരിക മണ്ഡലങ്ങളിൽ നിത്യജീവിത നിലനില്പിന്റെ സങ്കോചങ്ങൾ ഇല്ലാതെ സ്വതന്ത്രമായും അഭിനിവേശത്തോടെയും ഇടപെടാൻ ഏതു മനുഷ്യനും ആവശ്യമാണ്. കമ്പോളവത്ക്കരണത്തിന്റെ ഭാഗമായി സിനിമയും ഒരു വിപണിയായി മാറുമ്പോൾ കലാകാരന്റെ മൂല്യം നിര്‍ണയിക്കുന്നതും വിപണി തന്നെയാവും. എന്നാൽ കാലാതീതമായി നിലനിൽക്കാൻ കലയെയും കലാകാരനേയും സഹായിക്കുക അതിന്റെ ഉപഭോക്താവായ പ്രേക്ഷകരുടെ അവബോധം തന്നെയാണ്. തന്റെ കാലഘട്ടത്തിൽ തിരിച്ചറിയപ്പെടാഞ്ഞതും മതിക്കപ്പെടാത്തതുമായ അനേകം കലാകാരന്മാരെ കാലങ്ങൾക്കിപ്പുറം പ്രേക്ഷകർ തിരിച്ചറിയുന്നതും അവരുടെ സിനിമകൾ വീണ്ടും വീണ്ടും കാണുന്നതും നിരൂപക പ്രശംസകൾ അവയെ ഇന്നും തേടി എത്തുന്നതെല്ലാം ഇതിനു വലിയ ഉദാഹരണമാണ്.

ബഹുസ്വരത എന്നത് രാഷ്ട്രീയ പ്രതിനിധാനത്തിനുമപ്പുറം സാംസ്കാരിക അവബോധത്തിനും വളരെ ആവശ്യമാർന്ന ഘടകമാണ്. ഏറിയും താണും തിരിഞ്ഞും മറിഞ്ഞും കാണാതെയും കേൾക്കാതെയും പോകുന്നത് എപ്പോഴും അരികുവത്ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ കഥകളാണ്. ഉപരിവിപ്ലവമായ ബൃഹദാഖ്യാനങ്ങൾക്കപ്പുറം തങ്ങൾക്കും ശബ്ദം ഉണ്ടെന്ന് തിരിച്ചറിയാത്ത ജീവിതങ്ങൾ നമുക്കു ചുറ്റും ഉണ്ട്. അവയെ പ്രതിനിധാനം ചെയ്യേണ്ടതും, വ്യത്യസ്ത കാഴ്ചപ്പാടുകളുടെ വ്യത്യസ്ത ആഖ്യാനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്. അവയിലെ ശ്രദ്ധിക്കപ്പെടാതെ പോയ വൈവിധ്യവും വ്യത്യസ്തവുമാർന്ന ജീവിതങ്ങളെ ആധുനിക ചരിത്രത്തിലെ ഏടുകളായി തിരിച്ചും, മുഖ്യധാരാ പൊതുബോധത്തിൽ ഇത്തരം നിശബ്ദമാക്കപ്പെടുന്നതും വിസ്മൃതിയിലേക്ക് പിന്തള്ളപ്പെടുന്നതുമായ ജീവചരിത്രങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും സംഭാഷണങ്ങളും സജീവമായി നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അനെഞ്ജന സി

അനെഞ്ജന സി

കോഴിക്കോട് സ്വദേശി

Next Story

Related Stories