TopTop
Begin typing your search above and press return to search.

മുടിക്കെട്ടിലും കുറിയിലും വിളങ്ങി നില്‍ക്കുന്നത്-മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍ -7

മുടിക്കെട്ടിലും കുറിയിലും വിളങ്ങി നില്‍ക്കുന്നത്-മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍ -7

(മുടിയും കുറിയും സൂചകങ്ങളാണ്. അധികാര കേന്ദ്രങ്ങളും സമൂഹിക ശ്രേണിയിലെ സ്ഥാനവും അനുവദിച്ചു കൊടുത്തിരുന്നതുപോലെ മാത്രമേ പഴയ കാലത്ത് അവ ഓരോ വ്യക്തിക്കും ഉപയോഗിക്കാന്‍ ആവുമായിരുന്നുള്ളു. കാലം പലതിലും എന്നതുപോലെ ഇക്കാര്യങ്ങളിലും മാറ്റം വരുത്തി. മലയാളിത്തത്തിന്റെ സഞ്ചാര വഴികളുടെ ഈ ലക്കം പരിശോധിക്കുന്നത് അക്കാര്യമാണ്) കുട്ടന്‍ കുളിച്ച് കുറിയിട്ട് വട്ടിയ്ക്കു മേലെ ഒരു മുണ്ടുടുത്ത്... ഇത് പഴയകാലത്തെ കവി കണ്ട മലയാളി മാത്രമായിരുന്നില്ല. പരമ്പരാഗതമായി മലയാളിയുടെ മനസ്സില്‍ പതിഞ്ഞ സ്വന്തം സ്വത്വത്തിന്റെ അടയാളം കൂടിയാകുന്നു. സമൃദ്ധമായ, മാടി ഒതുക്കിയ മുടി. നെറ്റിയിലും മാറിലും കൈകളിലും വരയ്ക്കുന്ന കുറികള്‍. പഴയകാല മലയാളി. ക്ഷേത്രാചാരങ്ങളുമായും വിശ്വാസങ്ങളുമായും ഇവയ്ക്കു ബന്ധം കാണാം. കുറി അലങ്കാരപരം എന്നതിനേക്കാള്‍ ആചാരപരം ആകുന്നു. കേരളത്തില്‍ പഴയ കാലത്ത് നിലനിന്നിരുന്ന വ്യവസ്ഥകളൊക്കെ, ഹൈന്ദവ ധര്‍മ്മത്തില്‍ അധിഷ്ടിതമായിരുന്നതിനാല്‍ ഇമ്മാതിരി എല്ലാത്തരം കീഴ്‌വഴക്കങ്ങളിലും ഹൈന്ദവ ധര്‍മ്മ വ്യവസ്ഥകളും മാമൂലുകളും പ്രകടമായിരുന്നു. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ, പഴയ മലയാളികള്‍ മുടിവളര്‍ത്തിയിരുന്നു. കുറിയിട്ട് മുടി പിന്നി മെടഞ്ഞ മലയാളി. എന്നാല്‍ നൂറ്റാണ്ടുകളോളം മലയാളിയുടെ കുറിയിലും മുടിയിലും വിളങ്ങി നിന്നത് ജാതി തന്നെ. ഇക്കാലത്തും കുറി പല സൂചനകളും നല്‍കുന്നു. കുറിവരയ്ക്കലും കുറിയിട്ട് നിര്‍ത്തലും ഒരുപോലെ പലതിനോടുമുള്ള ഐക്യദാര്‍ഢ്യപ്പെടലായി തീരുന്നുണ്ട്. രാഷ്ട്രീയവും മതപരവും ജാതിയവും ഒക്കെയായ വിവക്ഷകള്‍ അതിലുള്‍ച്ചേരുന്നു. പലതും കൂട്ടിച്ചേര്‍ത്തും ഒഴിവാക്കിയും ഒക്കെ, ഓരോ കാലത്തിന്റേയും പാഠങ്ങള്‍ സൃഷ്ടിക്കുന്നു. മുടിയുണ്ടെങ്കില്‍ ചായ്ച്ചും ചരിച്ചും കെട്ടാം എന്നത് ഒരു ഭാഷാ പ്രയോഗമാണ്. പഴയ ഫ്യൂഡല്‍ അധികാരവുമായി ചേര്‍ന്നു വളര്‍ന്നുവന്ന ഒന്ന്. മുടി എന്നത് കേശത്തിനപ്പുറത്തേക്ക് പണത്തേയും ഈടുവെയ്പിനേയും കാണിക്കുന്നുണ്ട് ഈ ഭാഷാപ്രയോഗത്തില്‍. സാമൂഹിക ശ്രേണിയിലെ സ്ഥാനം അതുവഴിയുള്ള ധനവും അധികാര പ്രമത്തതയും ശരീരത്തിലെ അംഗങ്ങളെയും ഭാഗങ്ങളേയും പരിപാലിപ്പിക്കുന്നതിലേക്ക് സംക്രമിപ്പിക്കുകയും അവ ഭാഷയിലൂടെ പുനരുത്പ്പാദിപ്പിക്കുകയും ചെയ്യുന്ന രീതി. ഇത്തരം പ്രയോഗങ്ങളും രീതികളും ഒക്കെ ഏത് സാമൂഹ്യ സാഹചര്യങ്ങളിലും കണ്ടു എന്നു തന്നെ വന്നേക്കാം. കേരളത്തില്‍ പണ്ടു കാലത്ത് ആണും പെണ്ണും ഒരുപോലെ മുടി നീട്ടി വളര്‍ത്തുകയും അലങ്കരിക്കുകയും ചെയ്തിരുന്നു. പുരുഷന്മാര്‍ കുടുമ വെയ്ക്കും. സ്ത്രീകളാവട്ടെ മുടി നീട്ടി വളര്‍ത്തി പല തരത്തില്‍ കെട്ടി വെയ്ക്കും. ജാതിയും സമൂഹത്തിലെ പദവിയും ഒരുപോലെ വിളിച്ചു പറയുന്നതായിരുന്നു ഇവ. പപ്പടക്കുടുമ, ചക്കരക്കുടുമ, തലമുഴുവന്‍ കുടുമ ഇങ്ങനെ കുടുമയിലും പല പരിവര്‍ത്തനങ്ങള്‍ സംഭവിച്ചു. കുടുമയിലും ജാതി വ്യത്യാസങ്ങള്‍ പ്രകടമായിരുന്നു. മലയാളി ബ്രാഹ്മണര്‍ക്ക് മുന്‍ശിഖയായിരുന്നു പതിവ്. നാടുവാഴികള്‍ വശങ്ങളിലേക്ക് കുടുമ വളര്‍ത്തി.

കോണ്‍ഗ്രസ് നേതാവും തിരു കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവന്‍ കുടുമയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ''വിദഗ്ധനായ ക്ഷുരകന്‍ തലയുടെ പിന്‍ഭാഗം തലയുടെ പിന്‍ഭാഗം അമുക്കിച്ചുരച്ച് മസൃണമാക്കി ബാക്കി ഒരു പപ്പടവട്ടം മുടി സ്വേച്ഛപോലെ വളരാന്‍ അനുവദിച്ചു. ഉച്ചിയില്‍ ഒരു രൂപ വട്ടത്തിലായിരുന്നു പണ്ടത്തെ പതിവ്. പരിഷ്‌ക്കാരികള്‍ അത് പപ്പടത്തിന്റെ വിസ്തൃതിയില്‍ എത്തിച്ചു.'' സ്ത്രീകള്‍ നെറുകയില്‍ മുടി ചെരിച്ച് കെട്ടും. പുരുഷന്മാരാകട്ടെ ഇടതുവശത്തേക്ക് ചെരിച്ചാണ് കെട്ടുക. ഇടതുവശത്ത് ചായ്ച്ചുകൊണ്ടുവെച്ചുള്ള മുടിക്കെട്ട് ഉയര്‍ന്ന സവര്‍ണ്ണജാതി സ്ത്രീകള്‍ക്കുള്ള അവകാശമായിരുന്നു. ഈഴവരും മറ്റ് അധകൃതരും ആകട്ടെ, ഒരു വശം ചെന്നിയോട് ചേര്‍ത്ത് വലതുചെവിയുടെ മേല്‍ഭാഗത്തായി കെട്ടിവെയ്ക്കുകയായിരുന്നു പതിവെന്ന് പി. ഭാസ്‌ക്കരനുണ്ണി 'പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങളിലെ അതിപ്രാചീന ദാരുശില്പങ്ങളിലും പ്രപടകളിലും ശിലാശില്പങ്ങളിലും കാണപ്പെടുന്ന സ്ത്രീരൂപങ്ങളുടെ തലമുടിക്കെട്ട് സിംഹള സ്ത്രീകളുടെ തലമുടിക്കെട്ടിനോട് സാമ്യമുള്ളതാണെന്ന് ആര്‍ട്ടിസ്റ്റ് രാമവര്‍മ്മ രാജയെ ഉദ്ധരിച്ചുകൊണ്ട് പി. ഭാസ്‌ക്കരനുണ്ണി പറയുന്നു. കേരളീയ വനിതകള്‍ പുരാതന കാലത്ത് തലമുടി കെട്ടിവെയ്ക്കുന്നത് നെറ്റിയുടെ മേല്‍ഭാഗത്ത് നാഗഫണമുടിക്കെട്ടായും മറ്റു വിധത്തില്‍ മൂര്‍ദ്ധാവില്‍ എഴുന്ന് കെട്ടി നില്‍ക്കുന്ന തരത്തിലുമായിരുന്നു. എന്നാല്‍ സിംഹള സ്ത്രീകളാവട്ടെ, ഒരു വശം ചെന്നിയോട് ചേര്‍ത്ത് വലം ചെവിയുടെ മേല്‍ഭാഗത്തായി കെട്ടി നീട്ടിവെയ്ക്കുന്ന രീതിയാണ് അവലംബിച്ചിരുന്നത്. തിരുവിതാകൂറിലെ പഴയ കാലത്തെ ഈഴവ സ്ത്രീകളുടെ തലമുടിക്കെട്ടും ഈ വിധത്തിലുള്ളതായിരുന്നുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചീകി പുറകോട്ട് ഒതുക്കി പുറകുവശം കൊണ്ടയാക്കി വച്ചു കെട്ടുന്ന പതിവും കേരളത്തിലുണ്ടായിരുന്നു. അല്ലെങ്കില്‍ മുര്‍ദ്ധാവില്‍ എഴുന്ന് നില്‍ക്കുന്ന രീതിയില്‍ കെട്ടിവെച്ചിരിക്കും. നെറുകയില്‍ ആഭിജാത്യത്തിന്റെ വലിപ്പച്ചെറുപ്പമനുസരിച്ച് ഇടതും വലതും വശങ്ങളില്‍ കൊണ്ടവച്ച് നാഗഫണാകൃതിയില്‍ കെട്ടിയിരുന്നത് പുറത്ത് വിശേഷാവസരങ്ങളില്‍ പോകുമ്പോള്‍ മാത്രമായിരുന്നു. ഇതായിരുന്നു കേരളീയ സ്ത്രീകളുടെ ഔദ്യോഗിക രീതിയെന്നു പറയാം. മെടഞ്ഞുകെട്ടല്‍ അഥവാ പിന്നിയിടല്‍, കുളിപ്പിന്നല്‍, സഞ്ചിപ്പിന്നല്‍, കൊണ്ടകെട്ടല്‍, തുമ്പുകെട്ടിയിടല്‍ തുടങ്ങി വിവിധ തരത്തിലുള്ള കേശാലങ്കാരങ്ങള്‍ മലയാളി സ്ത്രീകള്‍ പരമ്പരയാ കൊണ്ടുനടന്നു. പോകെപ്പോകെ അവയിലേക്ക് കടന്നെത്തിയ വിദേശ സംക്രമണങ്ങള്‍ മലയാളിയുടെ മറ്റ് രീതികളെ എന്നതുപോലെ കേശാലങ്കാരത്തേയും പുനര്‍നിര്‍വചിച്ചുവെന്നതും വാസ്തവം. പ്രാക്തന ആദിവാസി സമൂഹങ്ങളിലും മുടി വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും അലങ്കരിക്കുന്നതിനും ഒക്കെ പ്രത്യേക ക്രമങ്ങള്‍ ഉണ്ടായിരുന്നു. കാടരും മന്നാന്മാരും ഒക്കെ മനോഹരമായ പലതരം ചീപ്പുകള്‍ ഉണ്ടാക്കി മുടിയില്‍ തിരുകി നടക്കുന്നവരാണ്. കാണിക്കാര്‍, മുതുവാന്‍, കുറച്യര്‍, മുള്ളുകുറുമര്‍, അടയര്‍, കുറുമ്പര്‍ തുടങ്ങിയവര്‍ മുന്‍കാലങ്ങളില്‍ കുടുമ കെട്ടിയിരുന്നു. കുറുമ്പ പുരുഷന്മാര്‍ മുടി നീട്ടിവളര്‍ത്തി പിന്നില്‍ ചുറ്റി കെട്ടിവെയ്ക്കാറുണ്ടായിരുന്നു. ഇതിനെ പിടാനി കൊണ്ടെ എന്നാണ് വിളിച്ചിരുന്നത്. ഇരുളരിലെ പുരുഷന്മാരും മുടി നീട്ടി വളര്‍ത്തി പിന്നില്‍ കെട്ടി വെയ്ക്കുന്നവരാണ്. തലയ്ക്കു മുന്നിലെ മുടി ക്ഷൗരം ചെയ്തുകളഞ്ഞതിനുശേഷം ബാക്കി മുടിയാണ് നീട്ടി വളര്‍ത്തുക. ഇവര്‍ക്ക് ക്ഷൗരക്കാരനില്ല. അത് ദൈവകോപമുണ്ടാക്കുന്ന പ്രവൃത്തിയാണെന്നാണ് ഇരുളരുടെ ഇടയിലെ വിശ്വാസം. തന്റെ ശരീരത്തിലെ മാലിന്യം മറ്റൊരാളെക്കൊണ്ടു മാറ്റിക്കുന്നത് പാപമായി ഇവര്‍ കരുതുന്നതുകൊണ്ടാവാമിതെന്ന് 'കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം' എന്ന പുസ്തകത്തില്‍ ഡോ. ആര്‍. ഗോപിനാഥന്‍ ചൂണ്ടിക്കാണിക്കുന്നു. അളിയന്മാ ര്‍ പരസ്പരമാണ് മുടിവെട്ടുന്നത്. ഇക്കാലത്ത് യുവാക്കള്‍ക്കിടയിലും മറ്റും ഇതിനു മാറ്റം വന്നിട്ടുണ്ട്. കുറുമ്പ സ്ത്രീകള്‍ തലമുടി പ്രത്യേക തരത്തില്‍ മടക്കി തലയുടെ വലത് ഭാഗത്തായി ചെവിയോട് ചേര്‍ത്ത് കെട്ടി വെയ്ക്കും. പണിയ സ്ത്രീകള്‍ മിക്കവരും മുന്‍വശത്തെ മുടി മുറിച്ച് കളഞ്ഞ് ഒരേ നീളത്തില്‍ നെറ്റിയില്‍ ഇടുകയും തോളൊപ്പം മുടി വെട്ടി നിര്‍ത്തുകയും ചെയ്യാറാണുള്ളത്. കുറിച്യ പുരുഷന്മാര്‍ മീശയും താടിയും വടിച്ച് കുടമയും ചെവിയില്‍ കടുക്കനും ധരിക്കുന്നവരാണ്. അടിയ വിഭാഗത്തില്‍ പെട്ട സ്ത്രീകളും മുടി മുറിക്കാറില്ല. വളര്‍ത്തി പിന്നില്‍ ഗണ്ടെ കെട്ടിവെയ്ക്കുകയാണ് പതിവ്. മലയാളികളുടെ ജാതി വഴക്കങ്ങള്‍ ഏറ്റവും അധികം പ്രകടമായിരുന്നതിലൊരു ഇടമായിരുന്നു കുറിവരയ്ക്കല്‍. സമൂഹത്തിലെ ഓരോ ശ്രേണിയിലുള്ളവരുടേയും കുറിവരയ്ക്കലിന് വലിയ അന്തരങ്ങളുണ്ട്. സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും വ്യത്യസ്ത കുറികളായിരുന്നു വിധിച്ചിരുന്നത്. സവര്‍ണ്ണരില്‍ തന്നെയുണ്ടായുരുന്നു കുറി ഭേദങ്ങള്‍. സവര്‍ണ്ണരില്‍ മുന്തിയ നമ്പൂതിരി സ്ത്രീകളില്‍ ആഢ്യന്മാരുടെ ഭാര്യമാര്‍ക്ക് ചന്ദ്രക്കലാകൃതിയിലാണ് കുറിയിടലെങ്കില്‍ ആസ്യന്മാരുടെ ഭാര്യമാര്‍ക്ക് ചന്ദനം കൊണ്ടുള്ള മൂന്നു വരകളായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്. അഞ്ജനം കൊണ്ടുവാലിട്ട് കണ്ണെഴുതുന്നതും അവരുടെ രീതിയാണ്. ആര്‍ത്തവ കാലത്തെ കുളിയ്ക്ക് എണ്ണപുരട്ടലോ കണ്ണെഴുതലോ കുറിയിടലോ പൂവുചൂടലോ നിഷിദ്ധമായിരുന്നു. പുരുഷന്മാര്‍ സാധാരണ നിലയില്‍ ഭസ്മം കൊണ്ടു നെറ്റിയില്‍ മൂന്നു നേര്‍വരകളായിട്ടാണ് കുറിയിട്ടിരുന്നത്. നെറ്റിക്കും കൈയിലും മാറത്തും വരയ്ക്കുന്ന കുറി കണ്ട് ജാതി അനുമാനിക്കാന്‍ സാധിക്കുമായിരുന്നു. ചന്ദനവും സിന്ദൂരവും ഭസ്മവും ഒക്കെ അടയാളപ്പെടുത്തുന്ന രീതിയില്‍ തന്നെ അത് സ്പഷ്ടം. പുലര്‍കാലത്ത് മാത്രമായിരുന്നു സാധാരണ നിലയില്‍ ഭസ്്മം നനച്ച് കുറിവരയ്ക്കുക. വൈകുന്നേരം നനയ്ക്കാതെയാണ് ഭസ്മം വരച്ച് കുറിയിടുക. പക്ഷെ, പ്രദോഷത്തിനും ശിവരാത്രിക്കുമൊക്കെ രണ്ടു നേരവും നനച്ചു തന്നെ കുറിയിടണമെന്നതായിരുന്നു നിഷ്ഠ. മുടിയും കുറിയും സൂചകങ്ങളാണ്. അധികാരവും സമൂഹത്തിലെ സ്ഥാനവും അനുവദിച്ചു കൊടുത്തിരുന്നതുപോലെ മാത്രമേ പഴയ കാലത്ത് അവ ഉപയോഗിക്കാന്‍ ആവുമായിരുന്നുള്ളു. എന്നാല്‍ പുതിയ കാലത്തിലേക്ക് എത്തിയപ്പോള്‍ അവയ്‌ക്കൊക്കെ വലിയ പരിണാമഗതികളുണ്ടായി. പലതും ഉപേക്ഷിക്കപ്പെട്ടു. പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടു. കൊളോണിയല്‍ കാലം പുത്തനായ ആധിപത്യ മൂല്യങ്ങളേയും സാംസ്‌കാരിക ചേരുവകളേയും സമ്മാനിച്ചു. അവയുടെ സമ്മേളനങ്ങളായി നമ്മുടെ അംഗങ്ങള്‍ ഒക്കേയും. മുടിയിലും കുറിയിലും മറ്റു ശരീര അലങ്കാരങ്ങളിലൊക്കേയും അതു കാണാം. കുറിയുടെ സ്ഥാനത്തേയ്ക്ക് ശരീരത്തെ അലങ്കരിക്കുന്നതിനായി പലതരത്തിലുള്ള ചര്യകള്‍ സംക്രമിച്ചെത്തി. പുതിയവ വന്നെത്തുമ്പോഴും പഴയവ പല രൂപത്തിലും നിലനില്‍ക്കുന്നു. ഒരു കാലത്ത് ആളുകള്‍ വച്ചൊഴിഞ്ഞവയില്‍ പലതും മടങ്ങിയെത്തുന്നു. പുതിയ ആധിപത്യങ്ങളും പഴയവയുടെ രൂപാന്തരങ്ങളും സൃഷ്ടിക്കുന്നു. അത്തരം ഒരു സവിശേഷ രാഷ്ട്രീയ-സാംസ്‌കാരിക സാഹചര്യത്തിലൂടേയാണ് ഇക്കാലം മലയാളി കടന്നുപോകുന്നത്. (അടുത്തലക്കം:വട്ടവര വരച്ചു നിര്‍ത്തിയ മലയാളി; ശിക്ഷയുടെ നാനാര്‍ഥങ്ങള്‍)

(അവലംബം:

1. ജീവിത സമരം-സി കേശവന്‍, ഡിസി ബുക്‌സ് കോട്ടയം 2. കേരളത്തിന്റെ ഗോത്ര വര്‍ഗ പൈതൃകം-ഡോ. ആര്‍. ഗോപിനാഥന്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം 3. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം-പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 4. മലയാള സംസ്‌ക്കാരം കാഴ്ചയും കാഴ്ചപ്പാടും-ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം 5. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം)


Next Story

Related Stories