TopTop
Begin typing your search above and press return to search.

കൃഷി ചെയ്യാന്‍ ആരാണ് യോഗ്യര്‍?: മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍ -5

കൃഷി ചെയ്യാന്‍ ആരാണ് യോഗ്യര്‍?: മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍ -5

(കൃഷിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു കേരളത്തിലെ പ്രാചീന ജീവിത സംസ്‌കാരം. സമൂഹത്തില്‍ ഓരോ കാലത്തും ആധിപത്യം ചെലുത്തിയ മൂല്യങ്ങളെല്ലാം കാര്‍ഷിക വൃത്തിയെ നിര്‍വചിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തുപോന്നു. കേരളത്തെ മാറ്റി തീര്‍ത്ത മിക്കവാറും എല്ലാ മുന്നേറ്റങ്ങളുടേയും ചാലകമായി വര്‍ത്തിച്ചത് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു. ഫ്യൂഡല്‍കാലഘട്ടത്തിലെ വിവേചനങ്ങളില്‍ കാര്‍ഷിക വൃത്തിക്കിറങ്ങുന്നവര്‍ക്കുമാത് രമല്ല, പാടത്തിറക്കാനുള്ള കാളകള്‍ക്കുപോലുമുണ്ടായിരുന്ന 'യോഗ്യതകളും അയോഗ്യതകളും'. അതിലേക്ക് കണ്ണോടിക്കുകയാണ് ഈ ഭാഗം) നടുന്നേടമാണ് നാട്. നടുക എന്ന ധാതുവില്‍ നിന്നുമാണ് നാടെന്ന പദം ഉണ്ടായതെന്നാണ് പല ഭാഷാ പണ്ഡിതരും പറയുന്നത്. മനുഷ്യര്‍ക്കു ഭക്ഷിക്കാനുള്ളത് കരുതലോടെ നട്ടുവളര്‍ത്തുന്ന ഇടം. ഇതിനുള്ള മാര്‍ഗമാണ് കൃഷി. കാര്‍ഷിക വൃത്തിയായിരുന്നു പഴയ കാലത്തെ പ്രധാന തൊഴില്‍. പലതരം കാര്‍ഷിക വൃത്തികളിലേര്‍പ്പെട്ട് ഉപജീവനം കഴിഞ്ഞ സമൂഹമായിരുന്നു 20-നൂറ്റാണ്ടിന്റെ തുടക്കം വരെ മലയാളികള്‍. 19-ാം നൂറ്റാണ്ടു വരെ കേരളത്തിന്റെ നല്ല പങ്കും കാടായിരുന്നു. കാട് എന്നവസാനിക്കുന്ന സ്ഥലനാമങ്ങളുടെ ആധിക്യം തന്നെ അതിന്റെ സൂചനകളാണെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ സമ്പന്നമായ ഔഷധങ്ങള്‍ അടക്കമുള്ള സസ്യജാലങ്ങളും കാര്‍ഷിക വിഭവങ്ങളും കാട് അധികരിച്ചിരുന്ന കേരളം എന്ന ഭൂഭാഗത്തില്‍ ഉണ്ടായിരുന്നു. പുകള്‍പെറ്റ പല നെല്ലിനങ്ങളും കടല, എള്ള്, ചാമ, ഉഴുന്ന് മുതലായവയും ഇവിടെ വിപുലമായി കൃഷി ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നെല്‍കൃഷിയായിരുന്നു പ്രധാനം. നെല്‍വിത്തുകള്‍ വിതയ്ക്കുക, കൊയ്യുക തുടങ്ങിയ ജോലികള്‍ ആദ്യകാലം മുതല്‍ ചെയ്തുവന്നിരുന്നത് സ്ത്രീകളാണെന്നാണ് നിഗമനം. ഞാറു നടീല്‍ മുതല്‍ കൊയ്ത്തുവരെയുള്ള മിക്കവാറും എല്ലാ ജോലികളും ചെയ്തിരുന്നത് സ്ത്രീകളും ഉഴവും കൃഷി സ്ഥലങ്ങളുടെ സംരക്ഷണവും പുരുഷന്മാരുമായിരുന്നുവെന്നാണ് പല ചരിത്രകാരന്മാരും എഴുതിയിട്ടുള്ളത്. സംഘകാലത്തും മറ്റും നിലനിന്നിരുന്ന കൃഷി സമ്പ്രദായത്തിന് പ്രധാനമായും അഞ്ചു ഘട്ടങ്ങളുണ്ടായിരുന്നു. കൃഷിക്കു വേണ്ടി നിലം ശരിയാക്കലാണ് ആദ്യ ഘട്ടം. രണ്ട് കാളകളെ പൂട്ടി ഉഴണം. അതിനുശേഷം മണ്ണ് നിരത്തിയിടണം. വയലില്‍ വെള്ളം കെട്ടി നില്‍ക്കുന്ന തരത്തില്‍ വരമ്പുകള്‍ നിര്‍മിക്കണം. വിതയ്ക്കലാണ് രണ്ടാം ഘട്ടം. ഒരേ പോലെ വിത്തുകള്‍ നിലത്തിലാകെ വിതറുകയും പൊടിച്ചു വരുമ്പോള്‍ അതിനെ പറിച്ചു നടുകയും വേണം. വളര്‍ന്നുവരുന്ന ധാന്യച്ചെടികളെ ശുശ്രൂഷിക്കലും നിലത്തെ കളകളില്‍ നിന്നും സംരക്ഷിക്കലും ഒക്കെയാണ് അടുത്ത ഘട്ടം. ഈ കാലത്ത് നിലത്തിനു കാവല്‍ ഏര്‍പ്പെടുത്തുകയും മറ്റും ചെയ്യും. നെല്ല് കതിരിടുമ്പോള്‍ മുതല്‍ പാകമായി കൊയ്ത്തുവരെയുള്ള സംരക്ഷണമാണ് നാലാം ഘട്ടം. കളത്തിലെ മെതിക്കല്‍, നെല്ലും വെയ്‌ക്കോലും പ്രത്യേകം ശേഖരിക്കല്‍ തുടങ്ങിയവയാണ് അവസാന ഘട്ടം. കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കാര്‍ഷിക സമ്പ്രദായങ്ങളുടെ അടിസ്ഥാനം, ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകളും മറ്റും നടന്നിട്ടുണ്ടെങ്കിലും സംഘകാലത്തിലും മറ്റും വ്യാപകമായിരുന്ന കാര്‍ഷിക ചിട്ടകളില്‍ നിന്നാണെന്ന് കാണാന്‍ കഴിയും. കലപ്പ, കൊഴു, കൈക്കൊട്ട്, മഴു മുതലായ ഉപകരണങ്ങള്‍ സംഘകാലം മുതല്‍ തന്നെ ഉപയോഗത്തിലുണ്ടായിരുന്നുവെന്നാ ണ് ചരിത്രകാരന്മാര്‍ പറയുന്നത്. സംഘകാലത്തെ ഭൂ ബന്ധങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. എല്ലാത്തരം സാമൂഹിക വിനിമയങ്ങളും ജാതിയില്‍ അടയാളപ്പെടുത്തപ്പെട്ട ഫ്യൂഡല്‍ കാലഘട്ടത്തില്‍ ചുട്ട മുതല്‍ ചുടലവരെയുള്ള കാര്യങ്ങളെല്ലാം ആചാരബദ്ധങ്ങളായിത്തീര്‍ന്നു. വിവേചനങ്ങളും മാറ്റി നിര്‍ത്തലുകളും സര്‍വസാധാരണം. ക്ഷത്രിയനു ലോകരക്ഷയും വൈശ്യനു കൃഷിയും പശുക്കളെ മേയ്ക്കലും വ്യാപാരവും ശൂദ്രനും ബ്രാഹ്മണ ശുശ്രൂഷയുമാണ് മോക്ഷദായകവും ശാസ്ത്രസമ്മതവുമായ വൃത്തികള്‍ അക്കാലത്ത്. കൃഷിയും വ്യാപാരവും അല്പം ദ്രോഹകമായ വൃത്തികളായിട്ടാണ് അക്കാലത്ത് കണക്കാക്കി വന്നിരുന്നത്. സമൂഹത്തിന്റെ കീഴെ ശ്രേണിയില്‍ വരുന്ന അവര്‍ണ്ണ സമൂഹമായിരുന്നു കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതില്‍ ബഹുഭൂരിപക്ഷവും. ശൂദ്രന്മാരിലെ ഒരു ചെറിയ പങ്ക് കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും ഏറിയപങ്കും ചെയ്തിരുന്നത് അവര്‍ണ്ണരായിരുന്നു. അവരെ നിയന്ത്രിച്ചിരുന്നതും വരിഞ്ഞുമുറുക്കിയിരുന്നതും ജാതിക്രമങ്ങളും നിഷ്ഠകളും തന്നെ. ''ജന്മികള്‍, കൃഷി നടക്കുന്നവരും നടക്കാത്തവരുമായ കുടിയാന്മാര്‍, കൃഷി സ്ഥലങ്ങളിലെ വേല ചെയ്യുന്നവര്‍, ചില പ്രത്യേക പദാര്‍ഥങ്ങളെ കൃഷി ചെയ്ത് ഉണ്ടാക്കുന്നവര്‍, കന്നുകാലികളെ പരിപാലിച്ചുവരുന്നവര്‍-ഇവരെല്ലാം കൃഷിക്കാരുടെ കൂട്ടത്തില്‍ പെടുന്നു'' കൊച്ചി സ്റ്റേറ്റ് മാനുവലില്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവരെ കുറിച്ച് ഇത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു . രാജ്യത്തെ പാതി ജനങ്ങളും ഇത്തരം കാര്‍ഷിക വേലകളില്‍ ഏര്‍പ്പെട്ടുവന്നിരുന്നു. കൃഷിപ്പണി ചെയ്തുപോന്നവരില്‍ ഏറിയ പങ്കും ചെറുമക്കളായിരുന്നുവെന്നും ചരിത്രം പറയുന്നു. അവര്‍ക്ക് കൂലി കൊടുത്തിരുന്നതും നെല്ലായിട്ട് തന്നെ ആയിരുന്നു. കര്‍ശന മാനദണ്ഡങ്ങളാണ് ഫ്യൂഡല്‍ കാലഘട്ടങ്ങളില്‍ മറ്റ് എല്ലാ മേഖലകളിലും എന്നതുപോലെ കൃഷിയിലും ഉണ്ടായിരുന്നത്. ആര്‍ക്കൊക്കെ കൃഷി ചെയ്യാം ആര്‍ക്ക് പാടില്ല എന്നൊക്കെ അലംഘനീയങ്ങളായ ചിട്ടകളുണ്ടായിരുന്നതായി പി. ഭാസ്‌ക്കരനുണ്ണി തന്റെ 'പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരള'ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക വൃത്തി ചെയ്യുന്നതിനുള്ള അര്‍ഹത വ്യക്തമായി നിര്‍വചിക്കപ്പെട്ടിരുന്നു ഫ്യൂഡല്‍ കാലഘട്ടത്തില്‍. കൃഷിപ്പണിക്കു ഉപയോഗിക്കാന്‍ പറ്റുന്ന കാളകള്‍ ഏതെന്നും പറ്റാത്ത കാളകള്‍ ഏതെന്നും വരെ കണിശമായി നിര്‍വചിക്കപ്പെട്ടിരുന്നു. ദൈവഭയമില്ലാത്തവര്‍ കൃഷി ചെയ്യാന്‍ അയോഗ്യരായിരുന്നു. ദൈവഭക്തിയില്ലാത്തവര്‍ക്ക് കാര്‍ഷിക വൃത്തി പാടില്ല. ഭൂദൈവങ്ങളായ ബ്രാഹ്മണരെ ബഹുമാനിക്കാത്തവര്‍ക്കും കൃഷി പാടില്ല. ഗുരുത്വമില്ലാത്തവരും കൃഷി ചെയ്യാന്‍ യോഗ്യരല്ലെന്നായിരുന്നു വിധി. ബ്രാഹ്മണനോടുള്ള ബഹുമാനമില്ലായ്ക പ്രാണത്യാഗ തുല്യമായ ജീവിതവിശ്വാസമായിരുന്നു ഇരുപതാം നൂററാണ്ടിന്റെ തുടക്കകാലങ്ങള്‍ വരെ. മദ്യപാനികള്‍ക്കും കൃഷി പാടില്ലെന്നായിരുന്നു വിശ്വാസം. ഊര്‍ജ്ജസ്വലതയില്ലാത്ത, ഉറക്കം തൂങ്ങികള്‍ക്കും കൃഷി നിഷിദ്ധം. വരവുചിലവ് കണക്കുകള്‍ സൂക്ഷിക്കാത്തവര്‍ക്കും മിതമായി ചെലവിടാന്‍ അറിയാത്തവര്‍ക്കും കാര്‍ഷിക വൃത്തിയിലെര്‍പ്പെടുന്നതിന് സാധ്യമാകുമായിരുന്നില്ല. കരുതല്‍ ധാന്യശേഖരം സൂക്ഷിക്കാത്തവര്‍ക്ക്, അതായത് തന്റെ കീഴിലുള്ള പണിക്കാര്‍ക്ക് ആവശ്യമായ കൂലികൊടുക്കാന്‍ തക്കവണ്ണമുള്ള ധാന്യശേഖരം ഇല്ലാത്തവര്‍ക്കും കൃഷിയില്‍ ഏര്‍പ്പെടാന്‍ യോഗ്യതയുള്ളതായി പഴയകാല സമൂഹം കരുതിയിരുന്നില്ല. കര്‍ക്കിടകമാസത്തില്‍ കഴിഞ്ഞുകൂടാന്‍ നിവൃത്തിയില്ലാത്തവരും കൃഷിക്ക് ഇറങ്ങിപ്പുറപ്പെടാന്‍ പാടില്ല. നെല്ലറകള്‍ സമ്പന്നമല്ലാത്തവര്‍ക്കു കൃഷി അനുവദനീയമായിരുന്നില്ലെന്ന് സാരം. കാര്‍ഷിക വൃത്തിയ്ക്കായി ഉപയോഗിച്ചിരുന്ന കാളകളുടെ കാര്യത്തിലുമുണ്ടായിരുന്നു ഇത്തരം നിഷ്ഠകള്‍. കാളകളുടെ പിന്‍ഭാഗം തടിച്ചുരുണ്ടതായിരിക്കണം. ഉരുക്കളുടെ നട്ടെല്ല് നിവര്‍ന്നതും ഉയര്‍ന്നതുമായിരിക്കണം. വെള്ള, ചുമപ്പ്, കറുപ്പ്, പുള്ളി ഈ നിറങ്ങളിലുള്ളവ ചുണക്കാളകളായിരിക്കണം. മൂക്ക് തടിച്ചതാവണം. ഉയര്‍ന്ന ശിരസ്സും വളഞ്ഞ കൊമ്പുമുണ്ടായിരിക്കണം. കൊമ്പ് ചെറുതും വളഞ്ഞതും ഭംഗിയുള്ളതുമായിരിക്കണം. ഇവയുടെ ചാണകം മയമുള്ളതായിരിക്കണം. പല്ല് കേടാവാത്തവയായിരിക്കണം. വാല് നീണ്ടതാവണം. ഇത്തരം യോഗ്യതകളുള്ള കാളകളെ മാത്രമേ കൃഷി ജോലികള്‍ക്കായി ഉപയോഗിച്ചിരുന്നുള്ളു. എന്നാല്‍ ചില ലക്ഷണങ്ങളുള്ള കാളകളെ വര്‍ജ്ജിക്കണമെന്നും വിധിയുണ്ടായിരുന്നു. അവ താഴെ പറയുന്നു:നീണ്ട കുളമ്പുള്ളവ, ചെറിയ വാലുള്ളവ, വളഞ്ഞ നട്ടെല്ലുള്ളവ, ഭാരിച്ചതും വണ്ണമുള്ളതുമായ കൊമ്പുകളുള്ളവ, കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളവ, കേടുവന്ന പല്ലുകള്‍ ഉള്ളവ, നടക്കുമ്പോള്‍ പിന്‍കാലുകള്‍ തമ്മില്‍ ഉരസുന്നവ, വലിയ വയറുള്ളവ, കൊമ്പില്ലാത്തവ, അയഞ്ഞ ചാണകമിടുന്നവ എന്നിങ്ങനെ. ഇത്തരത്തില്‍ യോഗ്യതായോഗ്യതകളുടെയും മാറ്റിനിര്‍ത്തലുകളുടേയും വലിയ ഭാരവും പേറിയാണ് ഫ്യൂഡല്‍ കാലത്തെ കേരള സമൂഹം ജീവിച്ചത്. പിന്നീട് ഫ്യൂഡല്‍ ക്രമം പാടെ ഇല്ലാതായി. ജാതികള്‍ തമ്മില്‍, വിവിധ ശ്രേണികള്‍ തമ്മില്‍ ഒക്കെയുള്ള അകലങ്ങള്‍ കുറഞ്ഞു. ഏറെ മാറ്റങ്ങള്‍ സമൂഹത്തില്‍ സംഭവിച്ചു. എല്ലാ വൃത്തികളിലും എല്ലാവരും ഇടപെട്ടുവരുന്നു. എങ്കിലും, പഴയവയുടെ പരിസ്ഫുരണങ്ങള്‍ അങ്ങിങ്ങ് കാണാം. സമൂഹത്തില്‍ പല ഇടങ്ങളിലും ഒളിച്ചുവെയ്ക്കപ്പെട്ടരീതിയിലും അല്ലാതേയും കാണുന്ന പതിത്യങ്ങള്‍ വിരല്‍ ചൂണ്ടുന്നതും അതിലേക്ക് തന്നെ.

(അടുത്ത ഭാഗം:മുങ്ങിക്കുളിയും ശുദ്ധിയും ) അവലംബം: 1. കേരളത്തിന്റെ ഇന്നലെകള്‍-കെ.എന്‍. ഗണേഷ്, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം 2. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം-പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 3. മലയാള സംസ്‌ക്കാരം കാഴ്ചയും കാഴ്ചപ്പാടും-ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം 4. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം

മലയാളി മുണ്ടുടുക്കാന്‍ തുടങ്ങിയത് എന്നാണ്? അരിയാഹാരം കഴിക്കുന്ന മലയാളി ആഹാരമെന്ന അധികാരം, പദവി, വിശ്വാസം പുല്ലുമാടങ്ങള്‍, നാലുപുരകള്‍, ലംബനിര്‍മിതികള്‍; മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങള്‍

Next Story

Related Stories