TopTop
Begin typing your search above and press return to search.

വിശ്വാസം, അതാണോ എല്ലാം? മഞ്ചേശ്വരത്തിന്റെ 'അട്ടിപ്പേര്‍' അവകാശത്തിനായി പോരാട്ടം

വിശ്വാസം, അതാണോ എല്ലാം? മഞ്ചേശ്വരത്തിന്റെ

കേരളവും കർണാടകവും അതിർത്തി പങ്കിടുന്ന തുളുനാട്ടിലെ മഞ്ചേശ്വരം മണ്ഡലത്തിൽ ഇക്കുറിയും തീ പാറുന്ന പോരാട്ടം തന്നെയാണ് നടക്കുന്നത്. സ്ഥാനാർത്ഥികൾ പുതുമുഖങ്ങളെങ്കിലും ഇവിടത്തെ പോരാട്ടം പ്രധാനമായും യു ഡി എഫും എൽ ഡി എഫും എൻ ഡി എ യും തമ്മിൽ തന്നെ. യു ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ പി ബി അബ്ദുൽ റസാഖ് മരണമടഞ്ഞതിനെ തുടർന്ന് നടക്കുന്ന ഉപതിരെഞ്ഞെടുപ്പ് ആകയാൽ മണ്ഡലം നിലനിര്‍ത്തുക എന്നത് തന്നെയാണ് യു ഡി എഫ് ലക്‌ഷ്യം വെക്കുന്നതെങ്കിൽ 2006 ലെ അട്ടിമറി വിജയം ആവർത്തിക്കാൻ എൽ ഡി എഫും ഒരു തവണയെങ്കിലും ഈ തുളുനാടൻ കോട്ടയിൽ വെന്നിക്കൊടി പാറിക്കണമെന്ന വാശിയുമായി ബി ജെ പി യും അടവുകൾ പതിനെട്ടും പയറ്റി മുന്നേറുകയാണ്. 2016 ലെ തിരെഞ്ഞെടുപ്പിൽ വെറും 89 വോട്ടിനാണ് ബി ജെ പി യുടെ കെ സുരേന്ദ്രൻ അബ്ദുൽ റസാഖിനോട് പരാജയപ്പെട്ടത്. 1987 മുതൽ മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലത്തിൽ ഇക്കുറിയും ആ പാർട്ടി തന്നെയാണ് യു ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. സ്ഥാനാർഥി ലീഗ് ജില്ലാ സെക്രട്ടറി എം സി ഖമറുദ്ധീൻ. എൽ ഡി എഫിന് വേണ്ടി സി പി എം ജില്ലാ കമ്മിറ്റി അംഗം എം ശങ്കർ റൈ യും എൻ ഡിക്കുവേണ്ടി ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറും രംഗത്തുണ്ട്.

ചില്ലറ അസ്വാരസ്യങ്ങൾക്കൊടുവിലായാണ് മുസ്ലിം ലീഗും ബി ജെ പി യും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെങ്കിലും പ്രചാരണ രംഗത്ത് അത് കാര്യമായി പ്രതിഫലിക്കുന്നില്ല. എങ്കിലും അടിയൊഴുക്കുകൾ തീരെ ഇല്ലെന്നും പറയാനാവില്ല. ഉറച്ച വിജയ പ്രതീക്ഷ തന്നെയാണ് മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളും പങ്കുവെക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങൾക്കു മേൽക്കൈ ഉള്ള മണ്ഡലം എന്ന പ്രത്യേകതയും മഞ്ചേശ്വരത്തിനുണ്ട്. അതുകൊണ്ടു തന്നെ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി എന്ന നിലയിൽ ഇക്കുറി വിജയം തനിക്കു തന്നെ എന്ന് അധ്യാപകനും യക്ഷഗാന കലാകാരനുമായ ശങ്കർ റൈ ഉറപ്പിച്ചു പറയുന്നു. (ഖമറുദ്ധീൻ തൃക്കരിപ്പൂർ സ്വദേശിയും രവീശ തന്ത്രി കുണ്ടാർ കാസർകോട് മണ്ഡലത്തിൽ നിന്നുമാണ് ). 2006 ലെ അപ്രതീക്ഷിത പരാജയം ഒഴിച്ച് നിറുത്തിയാൽ 1987 മുതൽക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ തുടർ വിജയങ്ങൾ ഇത്തവണയും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഖമറുദ്ധീൻ. കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പിൽ മഞ്ചേശ്വരം കൂടി ഉൾപ്പെടുന്ന കാസർകോട് മണ്ഡലത്തിൽ നിന്നും 2016 ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ കാസർകോട് നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച താൻ വോട്ടർമാർക്ക് സുപരിചിതനാണെന്നും ഇത് തനിക്കു ഗുണം ചെയ്യുമെന്നും രവീശ തന്ത്രിയും അവകാശപ്പെടുന്നു.

സവിശേഷതകൾ ഏറെയുള്ള മണ്ഡലം

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരത്തിനു സവിശേമായ മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട്. അതിൽ പ്രധാനം ഭാഷാ വൈവിധ്യം തന്നെ. തുളു , കന്നഡ, കൊങ്ങിണി, മലയാളം, ഉറുദു, ബ്യാരി എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളുടെ സംഗമ വേദിയാണ് മഞ്ചേശ്വരം മണ്ഡലം. കേരളത്തിൽ യക്ഷ ഗാനം എന്ന കലാരൂപത്തിന് ഏറെ ആസ്വാദകരുള്ള നാട് കൂടിയാണ് ഇവിടം. ഒരു കാലത്തു തുളു നാട് എന്നറിയപ്പെട്ടിരുന്ന ഗോകർണം മുതൽ ചന്ദ്രഗിരി പുഴ വരെ വ്യാപിച്ചുകിടന്നിരുന്ന മഞ്ചേശ്വരം ബെൽറ്റിലെ തനതു ഭാഷ തുളു തന്നെ. കർണാടക അതിര്‍ത്തിയിൽ സ്ഥിതി ചെയ്യുന്നതിനാൽ കന്നഡയും ദക്ഷിണ കർണാടകത്തിലെ ഒരു പ്രാദേശിക ഭാഷ എന്ന നിലയിൽ കൊങ്ങിണിയും ഇവിടേയ്ക്ക് കടന്നുവന്നു.തുർക്കിയിൽ നിന്നും കപ്പൽ ജോലിക്കായി ഈ പ്രദേശത്തു എത്തിച്ചേർന്ന തുറുക്കന്മാർ എന്നറിയപ്പെട്ടിരുന്നവരുടെ പിൻമുറക്കാർ ആണത്രേ ഉറുദു ഭാഷയുടെ ഇന്നാട്ടിലെ പ്രചാരകർ. ഇവർക്കായി ഉറുദു സ്കൂൾ തന്നെയുണ്ട്. ബ്യാരി എന്നാൽ കച്ചവടം ചെയ്യുന്നയാൾ എന്നത്രെ അർഥം. അതുകൊണ്ടു തന്നെ അറബി രാജ്യങ്ങളിൽ നിന്നും വ്യാപാരത്തിനായി എത്തിച്ചേർന്നവർ പരസ്പരം ആശയ വിനിമയത്തിനായി ഉണ്ടാക്കിയെടുത്ത ഭാഷയായി ഇത് കണക്കാക്കപ്പെടുന്നു. മണ്ഡലത്തിലെ എഴുപതു ശതമാനത്തിലേറെ ആളുകൾ ഭാഷാ ന്യൂന പക്ഷം ആണെന്നതും വോട്ടർമാരിൽ ഏതാണ്ട് പകുതിയോളം പേരും മത ന്യൂനപക്ഷം ആണെന്നതും ഈ മണ്ഡലത്തിന്റെ പ്രത്യേകതയാണ്.

കമ്മ്യൂണിസ്റ്റുകൾ വേലി കെട്ടി ഉറക്കമിളച്ചിരുന്നിട്ടും മംഗലാപുരം വഴി ആർ എസ് എസ്സും അതിന്റെ ഭാഗമായി എത്തിയ ജനസംഘവും കടന്നു വന്ന പാത എന്ന പ്രത്യേകതയും മഞ്ചേശ്വരത്തിനുണ്ട്. ലക്‌ഷ്യം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലം എന്ന് കരുതപ്പെടുന്ന കണ്ണൂർ ( അക്കാലത്തു കാസർകോടും പഴയ കണ്ണൂരിന്റെ ഭാഗമായിരുന്നു ) കീഴടക്കുക അത് വഴി കേരളത്തിൽ ആധിപത്യം ഉറപ്പിക്കുക എന്നത് തന്നെയായിരുന്നു. എന്നാൽ കണ്ണൂർ ഉൾപ്പെടുന്ന വടക്കേ മലബാറിൽ ഉദ്ദേശിച്ച വളർച്ച കൈവരിക്കാൻ ആയില്ലെങ്കിലും മംഗലാപുരത്തിനോട് ചേർന്ന് കിടക്കുന്ന തുളു നാട്ടിൽ വേരോട്ടം ഉണ്ടാക്കാൻ അവർക്കു കഴിഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെയായി മഞ്ചേശ്വരത്തു ബി ജെ പി രണ്ടാം സ്ഥാനത്തു നിൽക്കുന്നു എന്നത് തന്നെ ഇതിനു തെളിവാണ്.

എൻമകജെ, കുമ്പള, മംഗൽപാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ, വോർക്കാടി, മഞ്ചേശ്വരം എന്നിങ്ങനെ എട്ടു പഞ്ചായത്തുകൾ ചേർന്നതാണ് മഞ്ചേശ്വരം നിയമസഭ മണ്ഡലം. ഇതിൽ പുത്തിഗെ, പൈവളിഗെ എന്നീ രണ്ടു പഞ്ചായത്തുകൾ ഒഴികെ ബാക്കി ആറിലും യു ഡി എഫ് ആണ് ഭരണത്തിൽ. പൈവളിഗെയിൽ തന്നെ കോൺഗ്രസ് പിന്തുണയോടു കൂടിയാണ് എൽ ഡി എഫ് ഭരണം നടത്തുന്നത്. മൂന്ന് വർഷക്കാലം ബി ജെ പി ഭരിച്ച എൻമകജെ കഴിഞ്ഞ വര്ഷം എൽ ഡി എഫ് പിന്തുണയോടെ യു ഡി എഫ് പിടിച്ചെടുത്തു. പഞ്ചായത്തിലെ ഭരണം ഇങ്ങനെയൊക്കെ ആണെങ്കിലും മൂന്നു മുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. നേരിയ മുൻ‌തൂക്കം യു ഡി എഫിന് തന്നെ.

നിയമസഭാ തിരെഞ്ഞെടുപ്പ് ചരിത്രം നൽകുന്ന പ്രതീക്ഷകൾ

1957 ൽ ഉമേഷ് റാവു എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിച്ച മഞ്ചേശ്വരം ആറു തവണ മുസ്ലിം ലീഗിനെയും ഒരു തവണ കോൺഗ്രസിനെയും പിന്തുണച്ചു. രണ്ടു തവണ സി പി ഐ യും ഒരു തവണ സി പി എമ്മും വിജയം കണ്ടു. പല തവണ രണ്ടാം സ്ഥാനത്തു എത്തിയിട്ടും മണ്ഡലം ഇനിയും കടാക്ഷിക്കാത്ത ഏക പാർട്ടി ബി ജെ പി തന്നെ. 2016 ലെ തിരെഞ്ഞെടുപ്പിൽ കാടിളക്കി പ്രചാരണം നടത്തിയിട്ടും 89 വോട്ടിനു ബി ജെ പിയുടെ കെ സുരേന്ദ്രൻ പരാജയപ്പെട്ടു. മുസ്ലിം ലീഗിലെ പി ബി അബ്ദുൽ റസാഖിന് 56,870 വോട്ടും സുരേന്ദ്രന് 56,781 വോട്ടും ലഭിച്ചപ്പോൾ 2006 ൽ അട്ടിമറി വിജയം നേടിയ സി പി എമ്മിന്റെ സി എച് കുഞ്ഞമ്പുവിന്‌ 42,565 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും യു ഡി എഫും ബി ജെ പി യും തന്നെ ആണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് എത്തിയത്. ആ കണക്കിൽ തന്നെയാണ് ഇരു മുന്നണികളുടെയും പ്രതീക്ഷ.

കത്തിപ്പടരുന്ന വിവാദം

സി പി എം മുസ്ലിം ലീഗിന് വോട്ടു മറിക്കും എന്നതായിരുന്നു ബി ജെ പി തുടക്കം മുതൽക്കേ ഉയർത്തിക്കൊണ്ടുവന്ന ആരോപണം. എന്നാൽ സി പി എം സ്ഥാനാർഥി ശങ്കർ റൈ കപട വിശ്വാസി ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഇന്നലെ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ ഭാഷയിൽ തന്നെ തിരിച്ചടിക്കുകയുംചെയ്തു. വിശ്വാസത്തിന്റെ അട്ടിപ്പേർ ചെന്നിത്തല അവകാശപ്പെടേണ്ട എന്നായിരുന്നു പിണറായിയുടെ മുന്നറിയിപ്പ്. ഇനിയങ്ങോട്ട് ചർച്ചകൾ ഈ വഴിക്ക്‌ തന്നെ ആയിരിക്കുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories