TopTop
Begin typing your search above and press return to search.

POLITICS| മുഖ്യമന്ത്രിയുടെ യോഗത്തില്‍ നിന്നുള്ള എന്‍എസ്എസ് വിട്ടുനില്‍പ്പും മന്നത്തു പദ്മനാഭന്റെ വിമോചന സമരകാല പ്രസംഗവും

POLITICS| മുഖ്യമന്ത്രിയുടെ യോഗത്തില്‍ നിന്നുള്ള എന്‍എസ്എസ് വിട്ടുനില്‍പ്പും മന്നത്തു പദ്മനാഭന്റെ വിമോചന സമരകാല പ്രസംഗവും

'ആ കുതിരയെ മുഖ്യമന്ത്രി നമ്പുതിരിപ്പാടിന്റെ ഓഫീസുമുറിയില്‍ മന്നംതന്നെ കൊണ്ടുചെന്നു കെട്ടും'

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്റെ യോഗങ്ങളില്‍നിന്നും എന്‍എസ്എസ് വിട്ടുനില്‍ക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് എത്തുന്നത് സാക്ഷാല്‍ മന്നത്ത് പദ്മനാഭന്റെ പ്രസംഗം. 1957ലെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ സ്ഥാനഭ്രഷ്ടമാക്കുന്നതിനായി നടത്തിയ പ്രസിദ്ധമായ വിമോചനസമര കാലത്ത് പരമാദരണീയനായ സമുദായാചാര്യന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നില്‍ നടത്തിയ പ്രസംഗം. 'രാജ്യദ്രോഹികളായ ഈ കമ്യൂണിസ്റ്റുകാരെ' എന്നു വിളിച്ച് സമരഭടന്മാരെ ആവേശം കൊള്ളിച്ച പ്രസംഗം 1959 ജൂലൈ 15നായിരുന്നു. ആ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:

''രാജ്യദ്രോഹികളായ ഈ കമ്യൂണിസ്റ്റുകാരെ കേരളത്തില്‍ നിന്നു മാത്രമല്ല, ഇന്ത്യയില്‍ നിന്നുതന്നെ ഭാണ്ഡം കെട്ടിച്ച് അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് തുരത്തിയതിനുശേഷമേ എന്റെ ബുദ്ധിക്ക് മാര്‍ദ്ദവം ഉണ്ടാകയുള്ളുവെന്ന് ഞാന്‍ പ്രഖ്യാപിച്ചുകൊള്ളട്ടെ.

രാജ്യത്ത് അസമാധാനവും വിപ്ലവവും രക്തച്ചൊരിച്ചിലും ഉണ്ടാകാതെ നിങ്ങള്‍ തനിയേ ഇറങ്ങിപ്പോകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. മന്ത്രിക്കസേരകളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ അതിന്റെ ഫലം ഭയാനകമായിരിക്കുമെന്ന് ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു. ഇവരില്‍ നിന്നും ഭരണം പിടിച്ചെടുത്ത് ജനങ്ങള്‍ ഈ മന്ത്രിമാരെ നിരത്തിനിര്‍ത്തി അവരെ വിസ്തരിച്ചാല്‍ അവരുടെ കുറ്റങ്ങള്‍ക്കായി അവരുടെ കാതറുക്കുകയോ മൂക്കറുക്കുകയോ അവരെ മുക്കാലില്‍ കെട്ടി അടിക്കുകയോ ഒക്കെ വേണ്ടിവരും.

മനത്ത് പത്മനാഭന്‍ നടത്തിവരുന്ന അശ്വമേധയാഗത്തില്‍ അഴിച്ചു വിട്ടിരിക്കുന്ന ആ കുതിരയെ ആര്‍ എവിടെ കൊണ്ടുചെന്ന് കെട്ടുമെന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആ സംശയം അടിസ്ഥാനരഹിതമാണ്. മന്നത്തിന്റെ കുതിരയെ ഈ തലസ്ഥാനനഗരിയുടെ നടുവില്‍ സ്ഥിതിചെയ്യുന്ന സ്രെകട്ടറിയേറ്റിലുള്ള മുഖ്യമന്ത്രി നമ്പുതിരിപ്പാടിന്റെ ഓഫീസുമുറിയില്‍ മന്നംതന്നെ കൊണ്ടുചെന്നു കെട്ടും.''


(ഇഎംസ്)

മന്നം കണക്കുകൂട്ടിയതുപോലെ ഇഎംഎസ്സിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ മന്നത്ത് പദ്മനാഭന്‍ അടക്കമുള്ളവര്‍ മുന്നില്‍ നിന്നു നയിച്ച വിമോചന സമരത്തിനായി. അദ്ദേഹത്തിന്റെ സെക്രട്ടറിയറ്റ് നടയിലെ പ്രസംഗത്തിനുശേഷം 15 ദിനങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും, 1959 ജൂലൈ 31ന്് ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. പക്ഷെ, പിതൃരാജ്യമായ റഷ്യയിലേക്ക് തുരുത്തുക എന്ന ലക്ഷ്യമൊന്നും നടന്നില്ലെന്നു മാത്രമല്ല ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റ്് സര്‍ക്കാരുകള്‍ കേരളത്തില്‍ അധികാരത്തില്‍ എത്തുകയും ചെയ്തു. 'സമദൂര'ത്തിലും 'ശരിദൂര'ത്തിലും കൂടിയൊക്കെ സഞ്ചരിച്ച് കൊണ്ടും കൊടുത്തും കാലാകാലങ്ങളില്‍ മറ്റു സമുദായ സംഘടനകളെപ്പോലെ എന്‍എസ്എസും കേരളീയ സമൂഹത്തില്‍ പലരൂപാന്തരങ്ങളിലൂടേയും കടന്നുപോയി. രാഗദ്വേഷങ്ങള്‍ നിറഞ്ഞ ബന്ധം വിവിധ സര്‍ക്കാരുകളുമായി അവര്‍ പുലര്‍ത്തി.

പക്ഷെ ഇടതുപക്ഷത്തേക്കാള്‍ വലതുപക്ഷത്തോടാണ് പരിണിതപ്രജ്ഞരായ പല എന്‍എസ്എസ് നേതാക്കള്‍ക്കും കുടുതല്‍ അടുപ്പമെന്നു മനസ്സിലാക്കി അവരുടെ 'നല്ല പുസ്തക'ത്തില്‍ ഇടം പിടിയ്ക്കാന്‍ കമ്യൂണിസ്റ്റുകാരും ശ്രമിക്കാതെ ഇരുന്നിട്ടില്ലെന്നതാണ് വാസ്തവം. കേരളത്തില്‍ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായി മുന്നില്‍ നില്‍ക്കുന്ന സമുദായത്തിന്റെ സംഘടനയുമായുള്ള നല്ലബന്ധത്തിനായി ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെങ്കിലും സ്വാഭാവികവുമാണ്. അതിനവരെ കുറ്റംപറയാനും വയ്യ.

എന്‍എസ്എസിന്റെ ആവശ്യം കൂടി കണക്കിലെടുത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കിയ പിണറായി വിജയന്‍ സര്‍ക്കാരും പലതും കണക്ക് കൂട്ടിയിട്ടുണ്ടാകണം. പക്ഷെ പലവിധ അതൃപ്തികള്‍ മൂലം എന്‍എസ്എസ് പതിവുള്ള ഏതോ 'ദൂര'ത്തിലേക്ക് എത്തിയിരിക്കുന്നു. അതിന്റെ പ്രതിഫലനം പലസൂചനകളായി പുറത്തുവന്നിരുന്നുവെങ്കിലും അത് വ്യക്തമായ നടപടിയിലേക്ക് എത്തുകയാണ് കൊല്ലം, പത്തനംതിട്ട സംഭവങ്ങളിലൂടെ. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണം, മുന്നോക്ക സംവരണ നടപടികള്‍ വേണ്ടവണ്ണമാകുന്നില്ല, ദേവസ്വം ബോര്‍ഡ് നടത്തിപ്പുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ തുടങ്ങിയവയാണ് ഈ വിട്ടുനില്‍പ്പിനു കാരണമെന്നാണ് അറിയുന്നത്. അതോ പഴയ പ്രസംഗം ഓര്‍മ്മിപ്പിക്കുന്നതുപോലെ ഏതെങ്കിലും കുതിരയ്ക്ക് വെള്ളവും വളവും ആരെങ്കിലുമൊക്കെ കൊടുക്കുന്നുണ്ടോ? മറ്റെന്തെങ്കിലും കണക്കോ കണക്കുകൂട്ടലുകളോ?

(പ്രസംഗം എടുത്തുചേര്‍ത്തിട്ടുള്ളത് ഡോ.എന്‍. ചന്ദ്രശേഖരന്‍ നായര്‍ എഴുതി കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'മന്നത്ത് പദ്മനാഭന്‍' എന്ന പുസ്തകത്തില്‍ നിന്നും)


Next Story

Related Stories