TopTop
Begin typing your search above and press return to search.

AZHIMUKHAM PLUS | അവാസ്തവ നിര്‍മിതി, നുണകളുടെ സാമൂഹ്യവേഴ്ചകള്‍; മനസിന്റെ സഞ്ചാര പഥങ്ങളിലെ ഇടനാഴികള്‍

AZHIMUKHAM PLUS | അവാസ്തവ നിര്‍മിതി, നുണകളുടെ സാമൂഹ്യവേഴ്ചകള്‍; മനസിന്റെ സഞ്ചാര പഥങ്ങളിലെ ഇടനാഴികള്‍
'What lies ahead? Re-imagining the world. Only that.' അരുന്ധതി റോയി അവരുടെ ഏറ്റവും പുതിയ പുസ്തകമായ 'ആസാദി'യുടെ ആമുഖക്കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. എന്തൊക്കെയാണ് ഇനി മുന്നിലേക്കുവന്നെത്തുക എന്നത്. കണ്ടതിനേക്കാള്‍, കേട്ടതിനേക്കാള്‍ ഭീതിദമായ നിര്‍മ്മിതികള്‍ നാം ജീവിക്കുന്ന സത്യാനന്തര കാലത്തെ അലോസരപ്പെടുത്തുന്നുവെന്ന ആഴത്തിലുള്ള ഉത്കണ്ഠ. ഉണര്‍ന്നിരിക്കുന്ന മനുഷ്യരെ എക്കാലവും വേവലാതിപ്പെടുത...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


'What lies ahead? Re-imagining the world. Only that.' അരുന്ധതി റോയി അവരുടെ ഏറ്റവും പുതിയ പുസ്തകമായ 'ആസാദി'യുടെ ആമുഖക്കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. എന്തൊക്കെയാണ് ഇനി മുന്നിലേക്കുവന്നെത്തുക എന്നത്. കണ്ടതിനേക്കാള്‍, കേട്ടതിനേക്കാള്‍ ഭീതിദമായ നിര്‍മ്മിതികള്‍ നാം ജീവിക്കുന്ന സത്യാനന്തര കാലത്തെ അലോസരപ്പെടുത്തുന്നുവെന്ന ആഴത്തിലുള്ള ഉത്കണ്ഠ. ഉണര്‍ന്നിരിക്കുന്ന മനുഷ്യരെ എക്കാലവും വേവലാതിപ്പെടുത്തുന്ന ചോദ്യങ്ങളാണ് വാസ്തവമെന്തെന്നതും നിരന്തരം അവരെ പീഡിപ്പിക്കുന്ന നുണകളെയും അവാസ്തവങ്ങളേയും ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും. ദേശവ്യവഹാര നിര്‍മിതിയില്‍ ചേര്‍ത്തുവെയ്ക്കുന്ന അവാസ്തവങ്ങളെ കുറിച്ചുള്ള ഉത്കണ്ഠകളാണ് അരുന്ധതി റോയിയെപ്പോലെയുള്ള എഴുത്തുകാരിയെ നിരന്തരം ജാഗ്രത്താക്കിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്.
എഴുത്തുകാരെ മാത്രമല്ല, ഉണര്‍ന്നിരിക്കുന്ന മനസ്സുള്ള എല്ലാവരേയും എക്കാലത്തും വ്യാകുലപ്പെടുത്തുന്നതാണ് വാസ്തവങ്ങളെന്തെന്ന അന്വേഷണം. നുണ ജീവിതത്തിന്റെ ഒരു അവസ്ഥ (lie is a condition of life)യാണെന്ന് ദാര്‍ശനികനായ നീഷെ പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇതുകേള്‍ക്കുമ്പോള്‍ 'വസ്തുതകളാണ് കാണേണ്ടതെന്ന്' അടിക്കടി നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചില അധികാരികളുടെ മുഖങ്ങള്‍ മനസ്സിലേക്ക് വരുന്നില്ലേ? എന്താണ് വസ്തുത? ലോകരൊക്കെ ചോദിക്കുന്നത് അതാകുന്നു. ആകെ കുഴഞ്ഞു. മന്ത്രി നുണ പറയുകയാണെന്ന് ചിലര്‍. മന്ത്രി മാത്രമല്ല പ്രതിപക്ഷത്തിരിക്കുന്നവരും നുണ പറയുകയാണെന്ന് മറ്റു ചിലര്‍. കാലങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നതാണിത്.
സ്പ്രിംഗ്‌ളര്‍ വിവാദവും സ്വര്‍ണ്ണകടത്തും പ്രമുഖരുടെ ചോദ്യം ചെയ്യലുമെല്ലാം വലിയ വാര്‍ത്തയും വിവാദവുമായി തീര്‍ന്നതോടെ നുണ ആരോപണത്തിന്റെ തീവ്രത കൂടി. ഒരു മന്ത്രിയില്‍ മാത്രമല്ല, മറ്റു പലരിലേക്കും അത് നീണ്ടു. ഒരാള്‍ മാധ്യമങ്ങളില്‍ നിന്നും ഓടുന്നു. പിന്നെ തനിക്കു ഹിതകരമായവരെ തേടിപ്പിടിക്കുന്നു. ആ ചോദ്യം ഇവിടെ വേണ്ടെന്നും അതിനുള്ള വെള്ളം വാങ്ങിവെച്ചേക്കാനുമൊക്കെ വേറെ ചിലര്‍ പറയുന്നു, ചിലര്‍ ശകാരിക്കുന്നു, മറ്റു ചിലര്‍ ഭര്‍ത്സിക്കുന്നു, വേറെ ചിലര്‍ പിടിക്കപ്പെടുമ്പോള്‍ പേരുകള്‍ മാറ്റിപ്പറയുന്നു. ഓരോരുത്തരും തങ്ങളാല്‍ ആവും വണ്ണം നില്‍ക്കാനായും എതിരാളിയെ നിഷ്പ്രഭനാക്കാനും നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി കൃത്രിമമായി പല വാസ്തവങ്ങളും സൃഷ്ടിക്കുന്നു. വാര്‍ത്തയാക്കാന്‍ വ്യാജമായ രേഖകള്‍ ഉണ്ടാക്കുന്നു. പറഞ്ഞത് പറഞ്ഞില്ലെന്നും ചെയ്തതു ചെയ്തില്ലെന്നും ആവര്‍ത്തിക്കുന്നു. ഇതിനിടയില്‍ പെട്ട് പാവം സാധാരണക്കാരന്‍ കുഴഞ്ഞേപോകുന്നു.
ഒരു കാര്യം സത്യമാണ്. എല്ലാവരേയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്നത് വസ്തുതകളെ കുറിച്ചുള്ള ഭീതികളാണ്. എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ പോലും തങ്ങള്‍ക്കു ഹിതകരമെന്നു തോന്നാത്തതില്‍ വിമ്മിഷ്ടപ്പെടുന്നതുപോലെ കാണാം പലപ്പോഴും. ന്യായാധിപനും കുറ്റാരോപിതനും പരാതിക്കാരനും ഒക്കെ ഒരുപോലെ വസ്തുതകളെന്ന ഭീതിയാല്‍ അലോസരപ്പെടുന്ന ലോകം. വാസ്തവങ്ങളും അവാസ്തവങ്ങളും കുഴമറിയുന്ന ലോകം സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍ അത്രമേല്‍ കഠിനതരമാകുന്നു. നിരന്തരം, അനുസ്യൂതം വിവര വിനിമയം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് യാഥാര്‍ത്ഥ്യം അരിച്ചെടുക്കാനാകാതെ കാഴ്ചക്കാരും കേള്‍വിക്കാരും വിഷമവൃത്തത്തിലാകുന്നു. അത്രമേല്‍ വ്യാകുലപ്പെടുത്തുന്ന ഒന്നായി തീര്‍ന്നിരിക്കുന്നുവത്.

വാസ്തവം, അവാസ്തവം; എല്ലാ പരിസരങ്ങളിലും അതേക്കുറിച്ചുള്ള ശങ്കകള്‍ നിറയുന്നുണ്ട്. രാഷ്ട്രീയലോകത്തെ നുണകളും അവാസ്തവങ്ങളും പ്രഖ്യാതമാകുമ്പോള്‍ സാധാരണക്കാരുടെ നുണകളും അവര്‍ നില്‍ക്കുന്ന ഇടമേതോ അവിടെ കുഴമറിയുന്നു, ചര്‍ച്ചയാകുന്നു. പക്ഷെ രാഷ്ട്രീയക്കാരുടേയും പൗരപ്രമുഖരുടേയും നുണകളും വസ്തുതാവിരുദ്ധമായ നിലപാടുകളുമാണ് കൂടുതലായും കൊണ്ടാടപ്പെടാറുള്ളതെന്നു മാത്രം. വാട്ടര്‍ഗേറ്റ് സംഭവവുമായി ബന്ധപ്പെടുത്തി റിച്ചാര്‍ഡ് നിക്‌സണന്‍ എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ്? സത്യം പറയണം, സത്യമേ പറയാവൂ എന്നാല്‍ അപ്രീയമായ സത്യം പറയരുതെന്നും ഓര്‍മ്മിപ്പിക്കുന്ന ധാര്‍മ്മികതലത്തിനപ്പുറമാണ് ഇക്കാലത്ത് നുണകളെ ചൊല്ലിയുള്ള വേവലാതികള്‍ സൃഷ്ടിക്കുന്ന വ്യവഹാരങ്ങള്‍. അവ രാഷ്ട്രങ്ങളേയും സമൂഹങ്ങളേയും വ്യക്തികളേയും ഒരേപോലെ പിടിച്ചുലയ്ക്കുന്നു, കടപുഴകിക്കുന്നു. സത്യം സ്വന്തം നിലയെ പങ്കിലപ്പെടുത്തുമെന്നു ഭയക്കുന്നവരാണ് അധികാരം കയ്യാളുന്നവരില്‍ ഏറിയ പങ്കും. യാഥാര്‍ത്ഥ്യത്തെ മറച്ചുവെയ്ക്കുന്നതിനുവേണ്ടിയാണവരുടെ വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത്- റെട്ടറിക്.


നുണയെ സ്പര്‍ശിക്കാതെ നമുക്ക് ജീവിക്കാനാവില്ല. ഓരോ ദിവസത്തേയും സംഭവഗതികള്‍ അക്കാര്യം നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പറഞ്ഞത് പ്രമുഖ മനശാസ്ത്രജ്ഞനായ ഡോ.ലിയനാര്‍ഡ് സക്സെ(Leonard Saxe)യാണ്. 'Lying has long been a part of everyday life. We couldn't get through the day without being deceptive.' പറ്റിക്കാനും പറ്റിക്കപ്പെടാനും നിന്നുകൊടുക്കാതെ നമ്മുടെ ദിനസരിയെ മുന്നോട്ടുകൊണ്ടുപോകുക സാധ്യമല്ല തന്നെ. നുണയെ ഒരു ധാര്‍മ്മിക പ്രശ്‌നം മാത്രമായിട്ടായിരുന്നു വളരെ കാലം സമൂഹം കണക്കിലെടുത്തിരുന്നത്. എന്നാല്‍ മാറിയ കാലം നുണയെ അത്തരം പരിമിത ഇടങ്ങളില്‍ മാത്രം പ്രതിഷ്ഠിക്കാന്‍ തയാറല്ല. അന്വേഷണം മറ്റൊരുപാടു വഴികളിലേക്ക് നീളുന്നുണ്ട്. മനശാസ്ത്രജ്ഞരും മനോരോഗ വിദഗ്ദ്ധരും സാമൂഹ്യശാസ്ത്രജ്ഞരും ഒക്കെ അവാസ്തവങ്ങളുടെ വാസ്തവങ്ങളിലേക്ക് സഞ്ചാരം തുടങ്ങിയതോടെ നമ്മുടെ മുന്‍ധാരണകള്‍ക്ക് മാറ്റം വരുത്തേണ്ടിവന്നു. ധാര്‍മ്മികതയ്ക്കപ്പുറമുള്ള പരിശോധനാ സാമഗ്രികള്‍ അതിനുവേണമെന്നു തോന്നി. അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സാധാരണവും എന്നാല്‍ അത്യന്തം സങ്കീര്‍ണവുമായ നുണ പറച്ചിലും അതിനെ തുടര്‍ന്നു സംഭവിക്കുന്ന തിട്ടിപ്പുപോലുള്ളവയും ആഴത്തിലുള്ള പരിശോധനകള്‍ക്കു വിധേയമാക്കപ്പെട്ടു.

മനുഷ്യ ചരിത്രത്തോളം പഴക്കം

നുണയ്ക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നിക്‌സണും ഡീപ് ത്രോട്ടുമൊക്കെ അത്രയൊന്നും പഴക്കമില്ലാത്ത കാര്യങ്ങള്‍. പ്ലേറ്റോ അതിനും വളരെ മുന്‍പേ ആത്മാവിലെ നുണകളെ (Lie In The Soul) കുറിച്ച് വ്യാകുലപ്പെടുന്നുണ്ട്. സ്വത്വത്തെക്കുറിച്ച്, യാഥാര്‍ത്ഥ്യം സംബന്ധിച്ച വിചാരങ്ങളെ കുറിച്ചൊക്കെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന, ആത്മാവില്‍ രൂഢമൂലമായി തീരുന്ന അവാസ്തവങ്ങളെ/നുണകളെ എത്തരത്തില്‍ അഭിസംബോധന ചെയ്യണമെന്നത് പ്ലേറ്റോയ്ക്ക് വലിയ പ്രശ്‌നമായിരുന്നു- സത്യമെന്ന ധാരണയില്‍ നമ്മള്‍ ഉള്ളില്‍ കുടിയിരുത്തിയിരിക്കുന്ന നുണകള്‍. അവ വലിയ അപകടകാരികളാണ്. കാരണം അത്തരം വലിയ നുണകളുടെ ഉരകല്ലിലാണ് തങ്ങളുടെ മൂല്യ സങ്കല്പങ്ങളൊക്കെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഒരുവന്‍ അറിയുന്നതേയുണ്ടാവില്ല:

''Plato attempts to answer such questions by noting a major stumbling block - the lie in the soul, a falsehood one accepts as truth at a fundamental level, which then distorts one's interpretation of reality, of other people's behaviors and motivations, and of one's own vision of self and truth. The lie in the soul is so dangerous because, when one has it, one does not know it.''

തന്റെ അറിവില്ലായ്മയുടെ ആഴവും പരപ്പും ശരിയായി മനസ്സിലാക്കിയവര്‍ അവാസ്തവങ്ങള്‍ പറയാന്‍ നില്‍ക്കില്ല. അവാസ്തവങ്ങള്‍ കാട്ടി ലോകത്തെ കുഴപ്പത്തിലാക്കുകയുമില്ല. സോക്രട്ടീസ് അതിന് നല്ല ഉദാഹരണമാകുന്നു. എല്ലാവരും അറിവില്ലാത്തവര്‍ തന്നെയാണ്. പക്ഷെ ആരും അത് അറിയുന്നില്ലെന്ന് മാത്രം. തന്റെ അറിവില്ലായ്കയുടെ ആഴവും പരപ്പും സോക്രട്ടീസ് ശരിയായി ഉള്‍ക്കൊണ്ടുകൊണ്ടു ചൂണ്ടിക്കാട്ടി. അനുവാദികളേക്കാള്‍ പ്രതിവാദികളെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത് അതുകൊണ്ടായിരുന്നു.

മരണത്തെ ഒരു ചഷകത്തില്‍ പകര്‍ന്ന് ന്യായാധിപന്മാര്‍ സോക്രട്ടീസിനു നല്‍കിയപ്പോള്‍ ചുണ്ടോടു ചേര്‍ത്തുവെയ്ക്കാന്‍ അദ്ദേഹത്തിനു കൈവിറച്ചില്ല. ന്യായാധിപന്മാരോട് അമര്‍ഷം പൂണ്ടില്ല. ശപിച്ചില്ല. മരണം സോക്രട്ടീസിനെ കാത്തുനില്‍ക്കുന്ന കോടതിയില്‍ അദ്ദേഹം പറഞ്ഞവാക്കുകള്‍ സത്യനാളങ്ങളായി കാലങ്ങളിലൂടെ എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്: 'വാഗ്മിത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത എന്നെ ഈ കോടതിയില്‍ അപകടകാരിയായ വാഗ്മിയായി ചിത്രീകരിച്ചിരിക്കുന്നത് അത്ഭുതകരം തന്നെ. സത്യം പറയുന്നവന്‍ എന്നാണ് വാഗ്മിത്വത്തിന് അവര്‍ അര്‍ത്ഥം പറയുന്നതെങ്കില്‍ ഞാന്‍ സമ്മതിക്കുന്നു. ആദ്യമായിട്ടാണ് ഞാന്‍ ഒരു കോടതിയില്‍ നില്‍ക്കുന്നത്- ഈ എഴുപതാമത്തെ വയസ്സില്‍. എനിക്കു കോടതിയുടെ ഭാഷ അറിയില്ല. സത്യം എന്റെ നാവില്‍ വരുന്നതുപോലെ ഞാന്‍ അതില്‍ ചായം തേയ്ക്കാതെ പറയാം.'

അവാസ്തവങ്ങള്‍ എക്കാലത്തും വലിയ പ്രശ്‌നം തന്നെ. സത്യം പറയുന്നവര്‍ അധികാരസ്ഥാനങ്ങള്‍ക്ക് അസ്വീകാര്യരും. എന്തുകൊണ്ടാണ് നമ്മള്‍ നുണ പറയുന്നത്? പല കാരണങ്ങളും അതിനുണ്ട്-വ്യക്തിനിഷ്ടവും സമൂഹനിഷ്ടവും പ്രയോഗനിഷ്ടവും രോഗാതുരതയും....അങ്ങനെ പലതും. ഒരു കാര്യം ഉറപ്പ്. വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും വല്ലാതെ അലോസരപ്പെടുത്തുന്നതുകൊണ്ടാണ് അവയെ അസത്യങ്ങളാലും അര്‍ധസത്യങ്ങളാലും വെള്ളപൂശി വെളുപ്പിക്കുന്നതും വൈരുദ്ധ്യങ്ങളുടെ മധ്യെ പ്രതിഷ്ഠിച്ച് ആളുകളെ കുഴപ്പത്തിലാക്കുന്നതും.
രാഷ്ട്രീയക്കാര്‍ തങ്ങളുടെ പ്രതിച്ഛായ ഊതിവീര്‍പ്പിക്കുന്നതിനുവേണ്ടിയാണ് പ്രധാനമായും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറയാറുള്ളത്. ചിലരാവട്ടെ തങ്ങളുടെ അരുതായ്കകളും വഴിവിട്ടു നടത്തങ്ങളും ഒളിച്ചുവെയ്ക്കുന്നതിനായിട്ടാവും നുണ പറയുക. വളരെ സാമര്‍ത്ഥ്യത്തോടെയാണവരത് നിര്‍വഹിക്കുകയെന്നതിന് ചരിത്രത്തില്‍ ഏറെ ഉദാഹരണങ്ങളുണ്ട്. വസ്തുതകളേയും യാഥാര്‍ത്ഥ്യങ്ങളേയും മറയ്ക്കുന്നതിന് പല കാരണങ്ങള്‍ കണ്ടേക്കാം. പക്ഷെ ഇത്തരം മറച്ചുവെയ്ക്കലുകള്‍ ജീവിതത്തില്‍ നിത്യേനയെന്നോണം സംഭവിക്കുന്നുവെന്ന് മാത്രം.

ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെടാറുള്ള നുണകള്‍ രാഷ്ട്രീയക്കാരേയും ഭരണാധികാരികളേയും പോലുള്ള പ്രമുഖരുടേതാകും. കല്പാന്തകാലങ്ങളായി അസത്യക്കൊടുമുടിയിലിരുന്നു സത്യഭിന്നങ്ങളായ കാര്യങ്ങള്‍ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് അവരിലേറെയാളുകളും. വളരെ അധികം വഴക്കത്തോടെ അവര്‍ നുണകള്‍ പറഞ്ഞുപോകുന്നുവെന്നതാണ് വാസ്തവം. പലപ്പോഴും എന്തിനെന്ന് അറിയാതെ തന്നെ നുണ പറയും. വളരെ സ്വാഭാവികമെന്നോണം തന്നെ- ചങ്ങാതികളോട്, സഹപ്രവര്‍ത്തകരോട്, പ്രണയിനിയോട് ഒക്കെ നമ്മള്‍ നുണ പറയാറുണ്ട്. ഒരു തട്ടും തടവുമില്ലാതെ, സത്യം പറയുന്നതിനേക്കാളേറെ സ്വാഭാവികമായി നമുക്കു നുണകള്‍ പറയുവുനാകും. സ്വത്വത്തിന്റെ സ്വാഭാവികതകളായി, അടിസ്ഥാന സ്വരൂപമായി, അവകാശമായി തന്നെ നുണപറയുന്ന ശീലത്തേയും നമ്മള്‍ കൊണ്ടുനടക്കുന്നു.

തെറ്റു പറ്റുക മനുഷ്യസഹജമാണെന്ന് ഒരു ചൊല്ല് ഇംഗ്‌ളീഷിലുണ്ട്- to err is human. ഏതാണ്ട് സമാനമായ തരത്തില്‍ നുണ പറയുക എന്നതും മനുഷ്യസഹജം എന്നു കരുതുന്നവരേറെയാകുന്നു. കാലങ്ങളായി അന്ധവിശ്വാസ സമാനം വിശ്വസിച്ചിരുന്നവര്‍ വലിയ നൂണകള്‍കൊണ്ടു കെട്ടിപ്പൊക്കിയ കൂമ്പാരമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ തകര്‍ന്നുപോകുന്നത് അവരെ കുറിച്ച് പടുത്തുവെച്ച ഇമേജുകള്‍ മാത്രമല്ല, നമ്മുടെ നിലനില്‍പ്പ് തന്നെയാകും. കപ്പല്‍ച്ചേതം വന്നതുപോലെ. വ്യക്തികളായാലും പ്രസ്ഥാനങ്ങളായാലും അവയെ ചാഞ്ഞുനിന്നവര്‍ തണലറ്റുപോകുന്നതാവും അവസ്ഥ.

നുണകളെ കുറിച്ചും വാസ്തവങ്ങളെ കുറിച്ചും പല തലത്തിലുള്ള അന്വേഷണങ്ങള്‍ ചിന്തയുടെ ഉദയകാലം മുതല്‍ നടന്നിട്ടുണ്ട്. സര്‍വ്വവ്യാപികളായ നുണകളെ കുറിച്ച് വിശദമായി പഠിക്കുകയും അവയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബെല്ല ഡി പോളോ(Bella DePaulo) എന്ന സാമൂഹ്യ മനശാസ്ത്രജ്ഞന്‍ അവയുടെ ഉള്ളറയിലേക്ക് ഇറങ്ങിപ്പോകുന്നത് തികഞ്ഞ കുതൂഹലത്തോടെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ള 147 പേരെ തെരഞ്ഞെടുത്ത് ഒരു നിശ്ചിത കാലം നിരീക്ഷിച്ചു. എത്രവട്ടം തെറ്റിദ്ധരിപ്പിക്കുകയോ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറയുകയോ ചെയ്തുവെന്ന് അവരോടു വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു.

ഏറ്റവും കുറഞ്ഞത് രണ്ടു വട്ടമെങ്കിലും എല്ലാ ദിവസവും ഓരോരുത്തരും നുണ പറയുന്നതായി ആ സംഘം കണ്ടെത്തി. പക്ഷെ അവര്‍ പറഞ്ഞതൊന്നും വലിയ നുണകളായിരുന്നില്ല. ചില്ലറ നുണകള്‍. നിരുപദ്രവകരമായ അസത്യങ്ങള്‍ എന്നവയെ വിളിക്കാം. തങ്ങളുടെ കഴിവുകേടുകള്‍ മറയ്ക്കുന്നതിനോ മറ്റു പലരുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോ ഒക്കെ വേണ്ടിയായിരുന്നു അപ്പറഞ്ഞവയില്‍ ഏറിയ പങ്കും. വെറും ഒഴിവുകഴിവുകള്‍ മാത്രമായിരുന്നു പല നുണകളും. എന്നാല്‍ മറ്റു ചിലവയാകട്ടെ വാസ്തവവിരുദ്ധമായ, ഇല്ലാത്ത പ്രതിച്ഛായ നിര്‍മിതിയ്ക്കുവേണ്ടിയായിരുന്നു. തീര്‍ത്തും ലഘുവായ നിയമലംഘനങ്ങളോ സാമാന്യനീതിയുടെ ലംഘനങ്ങളോ ആയിരുന്നു എല്ലാമെന്നുപറയാം. പക്ഷെ, പിന്നീട് ബെല്ല ഡി പോളെ നടത്തിയ പഠനങ്ങള്‍ കുറച്ചുകൂടി ഗൗരവതരമായ നുണകള്‍ മനുഷ്യര്‍ നടത്തുന്നതായി കണ്ടെത്തി. ഭാര്യമാരെ കബളിപ്പിക്കുന്നവര്‍, പരീക്ഷകളില്‍ തിരിമറികള്‍ നടത്തുന്നവര്‍, അവാസ്തവം നിറഞ്ഞ സത്യപ്രസ്താവനകള്‍ നടത്തുന്നവര്‍ എന്നുതുടങ്ങി അങ്ങനെയങ്ങ് വിട്ടുകളയാന്‍ പറ്റാത്ത നുണകള്‍.


അധികാരം നിര്‍മ്മിക്കുന്ന നുണകള്‍; അധികാരത്തിനായുള്ള നുണകള്‍

അധികാരം സാധ്യമാക്കുന്നതിന് ഏറ്റവും എളപ്പത്തിലുള്ളതും സുഖകരമായ വഴിയാണ് നുണകള്‍ പടുത്തുയര്‍ത്തുകയെന്നു പറഞ്ഞത് തത്വചിന്തകയായ സിസേല ബോക്(Sissela Bok) ആണ്. അധികാരം കരഗതമാക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും ലക്ഷ്യം വെച്ച് നുണകളുടെ പിരമിഡുകള്‍ സൃഷ്ടിച്ചെടുത്തവരെ, എടുക്കുന്നവരെ ചരിത്രഗതിയിലും വര്‍ത്തമാനകാല സമൂഹത്തിലും ഒരുപോലെ കാണാം. മനുഷ്യന്‍ പറ്റമായി ജീവിച്ചു തുടങ്ങിയ കാലത്ത് തന്നെ, ഭാഷയുടെ ആവിര്‍ഭാവത്തിനു തൊട്ടുപിന്നാലെ വഴിതിരിച്ചുവിടുന്ന വാസ്തവങ്ങളുടെ നാള്‍വഴികളും തുടങ്ങുന്നു. ആഹാരത്തിനും വസ്തുവകകള്‍ക്കും ഇണയ്ക്കും വേണ്ടി ബലപ്രയോഗത്തേക്കാള്‍ കൂടുതല്‍ എളുപ്പം നുണ പറയുകയാണെന്ന് മനുഷ്യന്‍ സംസ്‌കാരത്തിന്റെ ആദ്യനാളുകളില്‍ തന്നെ മനസ്സിലാക്കി. ഫലപ്രദമായി അക്കാര്യം പ്രയോഗവത്ക്കരിക്കുകയും ചെയ്തു.

മത്സരത്തെ ജയിക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴികളിലൊന്ന് നുണപറയലോ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യലോ ആയിരുന്നു. അന്നത്തിനായുള്ള മത്സരത്തിലും ഭൂമിക്കായുള്ള യുദ്ധത്തിലും സുന്ദരിക്കായുള്ള പോരാട്ടത്തിലും ഗതി തിരിച്ചുവിടാന്‍ മറ്റെന്തിനേക്കാളുമേറെ നുണകള്‍ക്കാവുന്നു. 'അശ്വത്ഥാ മ ഹത...' ഒരു വലിയ യുദ്ധത്തിന്റെ ഗതിയെ തന്നെ കുഴക്കിയ പ്രസ്താവനയാണ്. അതിലെ സത്യദീക്ഷ തീര്‍ത്തും സാങ്കേതികമായിരുന്നുവെന്നു കാണാം.
'It's much easier to lie in order to get somebody's money or wealth than to hit them over the head or rob a bank.'
സിസേല ബോക് പറയുന്നു. മനുഷ്യരുടെ സ്വഭാവ സവിശേഷതകളില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന നുണ പറയാനുള്ള/ നുണകള്‍ വിശ്വസിക്കാനുള്ള/ അവയില്‍ അഭിരമിക്കാനുള്ള താല്പര്യം മനോരോഗ വിദഗ്ദ്ധരേയും ന്യൂറോ ബയോളജിസ്റ്റുകളേയും എക്കാലവും കുഴക്കികൊണ്ടിരിക്കുന്ന വിഷയമാണ്. എന്നാണ്, എങ്ങനെയാണ് മനുഷ്യന്‍ നുണ പറയാന്‍ പഠിച്ചതെന്നത് അവര്‍ തലനാരിഴ കീറി പരിശോധിച്ചുകൊണ്ടിരിക്കുന്നു. (''How and when do we learn to lie? What are the psychological and neurobiological underpinnings of dishonesty? Where do most of us draw the line?'')

വ്യക്തമായ തെളിവ് കൊണ്ടുവന്നു മുന്നില്‍ വെച്ചു പറഞ്ഞാല്‍ പോലും തങ്ങള്‍ വിശ്വസിച്ചുവച്ചിരിക്കുന്ന നുണകളുടെ കോട്ട തകര്‍ത്തു പുറത്തുവരാന്‍ കഴിയാത്ത മനുഷ്യര്‍ ഗവേഷകരെ വല്ലാതെ കുഴക്കിയിട്ടുണ്ട്. അവാസ്തവങ്ങള്‍ സൃഷ്ടിക്കാനുള്ള വാസനയും അവാസ്ഥവങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാനുള്ള സന്നദ്ധതയും ഒരുപോലെ മനശാസ്ത്ര ഗവേഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നു. സമൂഹ്യമാധ്യമങ്ങളെ അത്യസാധാരണമായ ചടുലതയോടെ നിര്‍മിതയാഥാര്‍ത്ഥ്യങ്ങളെ ഉത്പ്പാദിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമകാലീക സാഹചര്യങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് മനുഷ്യസ്വഭാവത്തില്‍ അന്തര്‍ലീനമായിരിക്കുന്ന അവാസ്തവ സൃഷ്ടിക്കുള്ള സന്നദ്ധത രൂപപ്പെടുത്തിവെയ്ക്കുക. നമ്മുടെ സംവാദ പരിസരങ്ങള്‍ നിരീക്ഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ചിലര്‍ ശരി, ചിലര്‍ തെറ്റ് എന്ന പൊതുബോധ നിര്‍മിതി മാധ്യമങ്ങളുടെ, വിശേഷിച്ചും നവമാധ്യമങ്ങളുടെ സഹായത്താല്‍ നിര്‍മിച്ചെടുക്കുന്നു. തീര്‍ത്തും സമൂഹവിരുദ്ധമായ ചിന്തകളും പ്രവര്‍ത്തികളുമായി നടക്കുന്നപലരും ദീര്‍ഘകാലം മറ്റൊരു പ്രതിച്ഛായ നിര്‍മിതിയിലൂടെ സമൂഹത്തില്‍ വേറിട്ട സ്വത്വം രൂപപ്പെടുത്തി, അതിസ്വീകാര്യത നേടിയെടുത്തിരിക്കുന്നതായും കാണാന്‍ സാധിക്കും. വളരെ തന്ത്രപൂര്‍വവും കരുതലോടെയുമാണ് ഇത്തരം പ്രതിച്ഛായ നിര്‍മിതകളെങ്കിലും അവ ഏതെങ്കിലുമൊക്കെ ഘട്ടത്തില്‍ പുറത്തുവരികയും ചര്‍ച്ചയാവുകയുമൊക്കെ ചെയ്യും. പക്ഷെ അതിനുശേഷവും ജനസാമാന്യത്തില്‍ നല്ല പങ്കും മുന്‍ധാരണകളില്‍ നിന്നും പുറത്തുവരാന്‍ പലപ്പോഴും മടികാട്ടാറുണ്ട്.
സത്യമേത് പൊയ് ഏത് എന്ന് വേര്‍തിരിച്ചെടുക്കുക വളരെ ശ്രമകരമായി തീര്‍ന്നിരിക്കുന്നു ഇക്കാലത്ത്. സത്യത്തേക്കാള്‍ നിര്‍മിത സത്യങ്ങള്‍ക്ക് -artifacts rather than facts- -ദൃശ്യത ലഭിക്കുമ്പോള്‍ വസ്തുതയെ തിരിച്ചറിയലെന്നത് വലിയ വെല്ലുവിളി തന്നെ. സാമൂഹ്യ മാധ്യമങ്ങള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനത്താല്‍ സത്യം അതായി നിലനില്‍ക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മറ്റൊരിക്കലും ഇല്ലാത്തതരത്തില്‍ വാസ്തുതകള്‍ കവര്‍ന്നെടുക്കപ്പെടുകയും നിര്‍മിത യാഥാര്‍ത്ഥ്യങ്ങള്‍ തല്‍സ്ഥാനം അപഹരിക്കുകയും ചെയ്യുന്നു. നിര്‍മിത ബുദ്ധിയുടെ കാലത്തെ യുക്തിചിന്തയുടെ രക്തസാക്ഷിത്വം (maryrdom of rationality) കാര്യങ്ങള്‍ എളുപ്പമാക്കി.
പൊതുവെ എല്ലാവരും ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ നുണ പറയുന്നവരാകും. പക്ഷെ എല്ലാ നുണകളും ഒരേ പോലെയുള്ളവയല്ല. സത്യം പറയുന്നതും നുണ പറയുന്നതും ലക്ഷ്യവേധി ആയിരിക്കും. എന്തെങ്കിലും പ്രത്യേക ലക്ഷ്യം നേടിയെടുക്കുന്നതിനായി തന്നെ. സത്യസന്ധത ഫലം കാണില്ലെന്നിടത്താണ് നുണ പറയാനായി പലപ്പോഴും ആളുകള്‍ സന്നദ്ധരാകുന്നതെന്ന് ടിം ലെവിനെ(Tim Levine)പ്പോലുള്ള ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സത്യം സ്വാഭാവികമായി പുറത്തുവരുന്നതാണ്. പക്ഷെ നുണ അത്തരത്തിലല്ലെന്ന് ബ്രൂണോ വെര്‍ഷ്യൂറോ(Bruno Verschuere)യെപ്പോലെ മനശാസ്ത്രജ്ഞരും വിശദീകരിക്കുന്നു. നുണ സ്വാഭാവികമായി സംഭവിക്കാറില്ല. മൂര്‍ച്ചയേറിയതും വഴക്കമുള്ളതുമായ മനസ്സുള്ളവര്‍ക്കു മാത്രമേ നുണ പറയാന്‍ സാധിക്കൂ. അതിനായി നന്നായി പരിശ്രമിക്കേണ്ടതായും വരും. കുട്ടികള്‍ രണ്ടു വയസ്സിനും അഞ്ചു വയസ്സിനും ഇടയിലാണ് നുണ പറയാന്‍ ശീലിക്കുന്നത്. അവര്‍ സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങുന്ന സമയത്താണ് നുണ കൂടുതലായി പറയുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
പലരും പല കാരണങ്ങള്‍ കൊണ്ടാണ് നുണ പറയുന്നത്. വ്യക്തിപരമായ തെറ്റുകുറ്റങ്ങള്‍ മറയ്ക്കുന്നതിനും അതുവഴി പേരും സ്ഥാനമാനങ്ങളും നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് കൂടുതലാളുകളും നുണ പറയുകയെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാമ്പത്തിക നേട്ടങ്ങളും സാമ്പത്തികേതരമായ വ്യക്തിപരമായ നേട്ടങ്ങളും ഒഴിവാക്കി നിര്‍ത്തലുകളും പ്രതിച്ഛായ നിര്‍മാണവും ഫലിതോക്തികളും മറ്റാളുകളെ കൊച്ചാക്കി കാണിക്കലും ഒക്കെ നുണ പറച്ചിലിന്റെ/ അവാസ്തവ പ്രസരണത്തിന്റെ കാരണങ്ങളായി വിശദീകരിക്കപ്പെടുന്നു. രോഗാനിദാനപരവും അജ്ഞാതവും ഒക്കെയായ നിരവധി കാര്യങ്ങള്‍ വേറേയും.

There's a method to his madness എന്നു ഷേക്‌സ്പിയര്‍ ഹാംലെറ്റില്‍ പറയുന്നതുപോലെ അവാസ്തവങ്ങള്‍ പറയുന്ന കാര്യത്തില്‍ ആളുകള്‍ ചില കരുതലുകള്‍ എടുക്കാറുണ്ട്. അദൃശ്യമായ ചില രേഖകള്‍ മനസ്സില്‍ കൊണ്ടുനടക്കാറുമുണ്ട്. പിടിക്കപ്പെടാതിരിക്കാന്‍ ഉള്ള ശ്രദ്ധ. അതിന്റെ പ്രധാനകാരണം സത്യസന്ധതയെ ആദരണീയമായ മൂല്യങ്ങളില്‍ ഒന്നായി സമൂഹം കണ്ടുവരുന്നുവെന്ന തിരിച്ചറിവാണ്. ജീവിതത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ ശീലിക്കുന്ന വേളയില്‍ തന്നെ സത്യമൂല്യത്തില്‍ അടിയുറച്ച് ജീവിക്കേണ്ടതിനെ കുറിച്ച് സമൂഹം ഓരോരുത്തരേയും പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യും. പല മതങ്ങളും സത്യത്തെ ഉല്ലംഘിച്ച് ജീവിക്കുന്നത് ദൈവശിക്ഷ വരുത്തിവെയ്ക്കുമെന്നും പഠിപ്പിയ്ക്കുന്നുണ്ട്. ഇത്തരം സാമൂഹിക ജന്യവും വ്യക്തിജന്യവുമായ കാരണങ്ങളാല്‍ അവാസ്തവങ്ങള്‍ പറയാനോ ചെയ്യാനോ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ സാധാരണ മനോനിലയുള്ളവരൊക്കെ കൂടുതല്‍ കരുതലുകള്‍ ദീക്ഷിക്കുന്നതായി കണ്ടുവരുന്നുണ്ട്.


കല്പന, യാഥാര്‍ത്ഥ്യം, കല്പിതയാഥാര്‍ത്ഥ്യം
താന്‍ എല്ലാവരുടേയും മുന്നില്‍ സത്യസന്ധനാണെന്ന പ്രതിച്ഛായ ഉള്ളവനായിരിക്കണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ടെന്നത് തന്നെ പ്രധാനകാരണം. സാമുഹ്യവിരുദ്ധ വ്യക്തിത്വ വിശേഷങ്ങള്‍ പ്രകടിപ്പിക്കുന്ന സോഷ്യോപാത്തു(sociopath)കള്‍ ഒഴികെയുള്ളവര്‍ അവാസ്തവങ്ങള്‍ പറയുന്നതിനും ചെയ്യുന്നതിനും യുക്തിഭദ്രമായ ഒരു സമീകരണം പാലിക്കുന്നതായി കാണാം. ഏതു ദൂരം വരെ നുണയാല്‍ തുഴയാം എന്ന കാര്യത്തില്‍ സാധാരണ മനോനിലയുള്ളവര്‍ക്ക് കൃത്യമായ ധാരണയുണ്ടാകും. ഓഫീസില്‍ നിന്നും നാലഞ്ചു പെന്‍സിലുകള്‍ കൊണ്ടുപോകുന്നതുപോലെയല്ലല്ലോ സ്വര്‍ണ്ണക്കടയില്‍ നില്‍ക്കുന്നയൊരാള്‍ ആഭരണങ്ങളുമായി കടന്നുകളയുന്നത്. ഏതളവുവരെ പോകാം, എന്തൊക്കെ പറയാം, ചെയ്യാം എന്നതിനൊക്കെ സാധാരണ നിലയില്‍ ആളുകളുടെ മനസ്സില്‍ ഒരു രൂപം ഉണ്ടുതന്നെ. പക്ഷെ സോഷ്യോപാത്തുകളുടെ കാര്യം അതല്ല. യുക്തി ചിന്തയ്ക്കപ്പുറമാകും അവരുടെ പ്രവര്‍ത്തികള്‍.
നുണ എന്തുകൊണ്ടു പറയുന്നു. അത് പറയുന്നയാളുടെ മനോവ്യാപാരങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് ഇരിക്കുന്നുവെന്ന് പൊതുവെ പറയാറുണ്ടെങ്കിലും മാനസികാരോഗ്യവും നുണ പറയലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനോരോഗവിദഗ്ദ്ധര്‍ ഒരേ അഭിപ്രായക്കാരല്ല. ചില പ്രത്യേക മനോരോഗങ്ങള്‍ക്കിരയായിട്ടുള്ളവര്‍ കൂടുതലായി നുണ പറയുന്നവരായി അവര്‍ വിശദീകരിക്കുന്നുണ്ട്. സൈക്കോപ്പാത്തുകളും നാര്‍സിസ്റ്റുകളും ഇക്കാര്യത്തില്‍ ഉത്തമോദാഹരണങ്ങളാണ്. സൈക്കോപാത്തുകള്‍ അവിഹിതസ്വാധീനം ചെലുത്തുന്ന തരത്തിലുള്ള നുണകള്‍-manipulative lies- പറയുമ്പോള്‍ നാര്‍സിസ്റ്റിക് മനോനിലയുള്ളവര്‍ തങ്ങളുടെ പ്രതിച്ഛായ ഊതിവീര്‍പ്പിക്കുന്ന തരത്തിലുള്ള അവാസ്തവങ്ങളായിരിക്കും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക.

ചിലര്‍ കല്പനയും യാഥാര്‍ത്ഥ്യവും ചേര്‍ത്തുവെച്ച് ഏതേതെന്നു തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ള നുണകള്‍ പറയാറുണ്ട്. pseudologia fantastica എന്നാണ് ഇത്തരം ആളുകളുടെ മനോനിലയെ മനോരോഗ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കാറുള്ളത്. ഫാന്റസികളും സത്യവും കൂട്ടിക്കുഴച്ച് മനോഹരങ്ങളായ കഥകള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളവരായിരിക്കും ഇത്തരക്കാര്‍. സാഹചര്യമേതെന്ന് നോക്കാതെ ചെറുതും വലുതുമായ കാര്യങ്ങളെ കുറിച്ച് അവാസ്തവങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന pathological or compulsive lying എന്ന മനോനിലയുള്ളവരും കുറവല്ല. സാധാരണ മോഷണം മുതല്‍ ക്ലെപ്‌റ്റോമാനിയ വരെ ഇത്തരം മനോനിലയുള്ളവരുടെ പ്രവര്‍ത്തികളില്‍ പെടുന്നു. തലച്ചോറിനു ക്ഷതം സംഭവിച്ചവരും ചില മനോവ്യാധികള്‍ പിടപെട്ടവരും അവരറിയാതെ യാഥാര്‍ത്ഥ്യം എന്നമട്ടില്‍ പറഞ്ഞുപോകുന്ന കല്‍പ്പിതങ്ങളെ confabulation എന്ന വാക്കുമായി ബന്ധിപ്പിച്ച് വിശദീകരിക്കാറുണ്ട്. നുണ പറയുന്നവര്‍ കടന്നുപോകുന്ന മനോനിലയെ കുറിച്ച് മനശാസ്ത്രജ്ഞനായ പോള്‍ എക്മാന്‍(Paul Ekman) വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
"The liar may feel excitement, either when anticipating the challenge or during the very moment of lying, when success is not yet certain. Afterwards there may be pleasure that comes with relief, pride in the achievement or feeling of smug contempt towards the target."

നുണ സ്വഭാവസവിശേഷതയായി കൊണ്ടുനടക്കുന്നവരുടെ തലച്ചോറിന് മറ്റുള്ളവരുടേതിനേക്കാള്‍ പ്രത്യേകതകള്‍ ഉള്ളതായി മനോരോഗവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരക്കാരിടെ തലച്ചോറിന്റെ പ്രിഫ്രോണ്ടല്‍ കോര്‍ട്ടിസെസില്‍ 20 ശതമാനം ന്യൂറല്‍ ഫൈബറുകള്‍ അധികമായി കാണുന്നതായി ഇത് സംബന്ധിച്ച് പഠനം നടത്തിയ യാലിംഗ് യാങ് (Yaling Yang) പറയുന്നു. ഇത്തരക്കാര്‍ കൂടുതല്‍ നുണ പറയുന്നതുകൊണ്ടോ അതിനുവേണ്ടി കൂടുതല്‍ ചിന്തിക്കുന്നതുകൊണ്ടോ ആകാമിതെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. (''...the liars had at least 20 percent more neural fibers by volume in their prefrontal cortices, suggesting that habitual liars have greater connectivity within their brains. It's possible this predisposes them to lying because they can think up lies more readily than others, or it might be the result of repeated lying.'')
അത്യാര്‍ത്തി- അത് പണത്തോടോ അധികാരത്തോടോ സ്ഥാനമാനങ്ങളോടോ എന്തായാലും- നുണ പറയാന്‍ പ്രേരിപ്പിക്കുന്നതായി പല പഠനങ്ങളും പറയുന്നു. ഇത് സംബന്ധിച്ച് എഫ് എംആര്‍ഐ(functional magnetic resonance imaging ) പഠനങ്ങള്‍ നടത്തിയ ജോഷ്വാ ഗ്രീനി( Joshua Greene)നെപ്പോലുള്ളവര്‍ നുണ പറയുന്നത് മസ്തിഷ്‌കത്തിലുണ്ടാക്കുന്ന കൂടുതല്‍ സങ്കീര്‍ണ്ണമായ മാറ്റങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 'The more excited your reward system gets at the possibility of getting money—even in a perfectly honest context—the more likely you are to cheat.'

ചങ്ങലക്കണ്ണികള്‍ പോലെ അവാസ്തവങ്ങള്‍

അവാസ്തവങ്ങളില്‍ നിരന്തരം അഭിരമിക്കുന്നവര്‍ ചങ്ങലക്കണ്ണിപോലെ നുണകളെ കോര്‍ത്തുവെയ്ക്കുന്നു. ഒരു നുണയില്‍ നിന്നും മറ്റൊന്നിലേക്ക് എന്ന തരത്തില്‍ അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇത് അന്തമില്ലാത്ത നുണകളുടെ ശൃംഖലകളില്‍ തളച്ചിടുന്നു. ഈ പ്രവണത കടുത്ത മനോസംഘര്‍ഷം സൃഷ്ടിക്കുന്ന ഒന്നാകുന്നു. നമ്മുടെ വികാരങ്ങളെ പ്രോസസ് ചെയ്യുന്ന മസ്തിഷ്കത്തിലെ അമിഗ്ദാലയില്‍ നുണകള്‍ സവിശേഷ സ്വാധീനതകള്‍ സൃഷ്ടിക്കുന്നു. അവിടെ ഓരോ നുണയ്ക്കുശേഷവും പ്രതികരണങ്ങള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. കൂടുതല്‍ വലിയ നുണകളാണെങ്കിലും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. ഇത് വലിയ വലിയ അവാസ്തവങ്ങളും തട്ടിപ്പുകളും നടത്താന്‍ പ്രേരകമായി തീരുന്നുവെന്നതാണ് വാസ്തവം.
സാമൂഹിക ജീവിതം സാധ്യമാകുന്നത് ആശയവിനിമയത്തിലൂടെയാണ്. ആശയവിനിമയത്തിന്റെ അടിസ്ഥാനം പറയുന്നയാളുടേയും കേള്‍ക്കുന്നയാളുടേയും പരസ്പര വിശ്വാസമാകുന്നു. ഇതൊരു അദൃശ്യ ഉടമ്പടിയാകുന്നു. കേള്‍ക്കുന്ന ഒന്നിനേയും വിശ്വസിക്കാന്‍ തയാറല്ലെങ്കില്‍ ആശയവിനിമയം സാധ്യമാകുകയേയില്ല. ഇത്തരത്തില്‍ വിശ്വസിക്കാനുള്ള മനുഷ്യപ്രകൃതിയുടെ സ്വാഭാവികമായ ചോദനയെ മുതലെടുത്തുകൊണ്ടാണ് അവാസ്തവത്തിന്റെ പ്രവാചകന്മാര്‍ തങ്ങളുടെ നുണകളുടെ വാഴ്ത്തുകള്‍ നടത്തുന്നത്. വിശ്വസിക്കാനുള്ള ചോദന നുണകളുടെ ഇരകളാക്കാനുള്ള സാധ്യത കൂടിയാണ് തുറക്കുന്നത്. പക്ഷെ അവാസ്തവങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് എന്ന കാരണത്താല്‍ തന്നെ വിശ്വസിക്കാന്‍ തയാറാകാതെ പോയാല്‍ സാമൂഹിക ജീവിതം വിഷമകരമായിത്തീരുകയും വ്യക്തിജീവിതം നരകസമാനമാവുകയുമാവും ഫലം. സാധാരണഗതിയില്‍ അപരനില്‍ നിന്നും നുണ പ്രതീക്ഷിക്കുന്നില്ലെന്നതും നുണകള്‍ക്കായി തെരച്ചില്‍ നടത്തുന്നില്ലെന്നതും നുണ സ്വഭാവസവിശേഷതയായി കൊണ്ടുനടക്കുന്നയാള്‍ക്ക് കൂടുതല്‍ സഹായകരമായി തീരുകയാണ് ചെയ്യുന്നത്.

നാം ക്ലേശം കൂടാതെ ശരിവെച്ചു പോകുന്ന നുണകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഓരോരുത്തരുടേയും ലോകവീക്ഷണവും ചിന്താഗതിയുമായി പൊരുത്തപ്പെട്ടുവരുന്ന വാസ്തവവിരുദ്ധങ്ങളായ കാര്യങ്ങളെ ചോദ്യം ചെയ്യാതെ അംഗീകരിക്കാനുള്ള പ്രവണത നമ്മള്‍ കാണിക്കാറുണ്ട്. രാഷ്ട്രീയ സംവിധാനങ്ങളും ടെലിവിഷന്‍ ചര്‍ച്ചകളും മറ്റും ആളുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയെ വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും. നമ്മുടെ വിശ്വാസധാരകള്‍ക്കും മുന്‍വിധികള്‍ക്കും യോജിപ്പുതോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യവഹാരങ്ങളെ മുന്നിലേക്ക് ഇട്ടുതരുമ്പോള്‍ അവ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഒരു പ്രയാസവും തോന്നുകയില്ല. ആളുകള്‍ കാര്യങ്ങളെ സ്വയം വിശദീകരിച്ചുകൊടുക്കുന്നത് ഇത്തരം മുന്‍വിധികളുമായും മുന്‍ധാരണകളുമായും തട്ടിച്ചുനോക്കിക്കൊണ്ടായിരിക്കുമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കൊഗ്നിറ്റീവ് ലിംഗ്വിസ്റ്റായ ജോര്‍ജ് ലാക്കോഫ്(George Lakoff) ചൂണ്ടിക്കാണിക്കുന്നു. അവയുമായി യോജിക്കാത്തവയെ പലതരത്തിലുള്ള പ്രതിരോധങ്ങളാല്‍ നിരാകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 'If a fact comes in that doesn't fit into your frame, you'll either not notice it, or ignore it, or ridicule it, or be puzzled by it—or attack it if it's threatening.'

രാഷ്ട്രീയ വ്യവഹാരങ്ങളിലെ നുണകള്‍ നെയ്തുകൂട്ടുന്നത് ഈ മനോദൗര്‍ബല്യങ്ങളെ മുതലെടുത്തുകൊണ്ടാണ്. പല നേതാക്കളിലും ജനങ്ങള്‍ക്കുള്ള അന്ധവിശ്വാസ ജടിലമായ വിശ്വാസം തെറ്റായ പല കാര്യങ്ങളും സമൂഹമനസ്സില്‍ ഊട്ടി ഉറപ്പിക്കുന്നതിന് കാരണമാകും. തങ്ങള്‍ വിശ്വസിക്കുന്ന ഒരു നേതാവിന്റേയോ ഭരണാധികാരിയുടേയോ പേരില്‍ പുറത്തുവരുന്ന പ്രസ്താവനകളെ അത് അദ്ദേഹത്തിന്റേതാണോ എന്നുപോലും പരിശോധിക്കാതെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രവണത ആളുകളില്‍ ശക്തമാണ്. രാഷ്ട്രീയേതരമായ കാര്യങ്ങള്‍ക്കു പോലും ഇത്തരത്തിലുള്ള വിശ്വാസത്തെ മുതലെടുക്കാന്‍ ശ്രമം നടക്കുന്നതുകാണാം. വസ്തുവകകളുടെ വില്‍പ്പനയ്ക്കുപോലും.


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപും ഒക്കെ വലിയ ജനസ്വാധീനം ഉള്ള നേതാക്കളും ഭരണാധികാരികളുമാണ്. ഇവരില്‍ ആരെയെങ്കിലും ആട്രിബ്യൂട്ട് ചെയ്തുകൊണ്ടുപുറത്തുവരുന്ന ഒരു കാര്യം അത് എന്തുതന്നെയാകട്ടെ, യുക്തി ചിന്തകളിലേക്കോ കാര്യമായ പരിശോധനകളിലേക്കോ കടക്കാതെ വിശ്വസിക്കാന്‍ ശ്രമിക്കും ഓരോരുത്തരുടേയും അനുയായികള്‍. ന്യായങ്ങള്‍ നിരത്തി അവയെ പിന്തുണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യും. പിന്നീട് അവര്‍ നടത്തിയതല്ല ഈ പ്രസ്താവമെന്നു വ്യക്തമായാല്‍ പോലും അവരുടേതായി സമൂഹത്തില്‍ ചംക്രമണം ചെയ്യുകയും ചെയ്യും. 'People are likely to think that familiar information is true. So any time you retract it, you run the risk of making it more familiar, which makes that retraction actually less effective, ironically, over the long term.'
ഇനി ആ പ്രസ്താവം പുറത്തേക്ക് വിട്ട സ്രോതസ്സ് തന്നെ തെറ്റ് ഏറ്റുപറഞ്ഞു പിന്‍വലിച്ചാലും അത് അതേ പ്രകാരത്തില്‍ പ്രചാരിച്ചുകൊണ്ടേയിരിക്കും പലപ്പോഴും. നവ മാധ്യമങ്ങളെ ഇത്തരം വാസ്തവ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് സഹായകമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഫാക്ട് ചെക്ക് എന്നൊക്കെയുള്ള പേരുകളില്‍ എത്രമേല്‍ നിരീക്ഷിക്കപ്പെട്ടാലും രൂഢവും ഗൂഢവുമായി അവ പ്രചരിക്കപ്പെടും. പ്രചരിപ്പിക്കപ്പെടുകയും ചെയ്യും. നവമാധ്യമങ്ങളുടെ സത്യാനന്തര കാലത്ത് സത്യത്തെ കുറിച്ച് മുന്‍കാലങ്ങളില്‍ വച്ചു പുലര്‍ത്തിയ നിഷ്ഠകൊണ്ടുമാത്രം മുന്നോട്ടു പോകാന്‍ സാധിക്കില്ല.
നുണകള്‍ മറ്റേതുകാലത്തേക്കാളും വ്യാകുലപ്പെടുത്തുന്ന ചരിത്ര സന്ധികളിലൂടെയാണ് നമ്മള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അധികാര കേന്ദ്രീകരണ വാദവും ഫാസിസവും മതകേന്ദ്രീകരണവും ലോകത്തെങ്ങും ഗതിവേഗം കൈവരിച്ചിരിക്കുന്നു. ദേശീയത/ സ്വത്വ വാദങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. ബഹുസ്വരതയെ കേന്ദ്രീകൃത അധികാരങ്ങള്‍ കശക്കുന്നു. പ്രാന്തവല്‍ക്കരണവും തൊലിയുടെ നിറത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയവും വരേണ്യതാവാദവും മറ്റേതുകാലങ്ങളേക്കാളും ശക്തമായി അരങ്ങുതകര്‍ക്കുന്നു. മണ്ണിന്റ മക്കളേയും ആദിവാസിയേയും അടിസ്ഥാന വര്‍ഗങ്ങളേയും തിരസ്‌ക്കരിക്കാന്‍ ഭരണകൂടങ്ങള്‍ മത്സരിക്കുന്നു.

ഇതിനായുള്ള എറ്റവും ശക്തമായ ആയുധം അവാസ്തവങ്ങളുടെ നിര്‍മിതിയാകുന്നു. മനുഷ്യപ്രകൃതിയുടെ സഹജസ്വഭാവങ്ങളെ ഫലപ്രദമായി മുതലെടുത്തുകൊണ്ടവരതിന് തട്ടും നിലവും ഒരുക്കുന്നു. യാഥാര്‍ത്ഥ്യം അസംബന്ധമാവുകയും നിര്‍മിത യാഥാര്‍ത്ഥ്യം സത്യമൂല്യം നേടുകയും അതിയാഥാര്‍ത്ഥ്യമാകുകയും ആധിപത്യം സ്ഥാപിക്കുകയും വാഴ്ച നടത്തുകയും ചെയ്യുന്ന കാര്യത്തില്‍ വര്‍ത്തമാനകാലം ഇതുവരെയുള്ള മനുഷ്യചരിത്രത്തിലെ മറ്റെല്ലാ കാലങ്ങളേയും മറികടന്നിരിക്കുന്നു. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും വിവരവിനിമയ സംവിധാനങ്ങളുടേയും നേട്ടങ്ങള്‍ ഈ നിര്‍മിത യാഥാര്‍ത്ഥ്യ സൃഷ്ടിയില്‍ ഉത്തോലകങ്ങളും. അപ്പോഴാണ് തുടക്കത്തില്‍ നാം അഭിമുഖം കണ്ട ചോദ്യത്തിന്റെ വേട്ടയാടല്‍ കുടുതല്‍ കഠിനതരമാകുന്നത്. ''What lies ahead? ''

അവലംബം:
1.Azadi, Freedom, Fascism, Fiction-Arundhathi Roy, Penguin Random House.
2. Why We Lie: The Science Behind Our Deceptive Ways- Yudhijit Bhattacharjee, National Geographic magazine, June, 2017
3. Plato's Lie In The Soul-Joshua J. Mark, 2. Ancient History Encyclopedia, May 24, 2019
4. Lying: Moral Choice in Private and Public Life- Sissela Bok , Vintage Books
5. The Truth About Lying-Allison Kornet, Psychology Today Magazine, May 1, 1997
6. Plato's Republic and Greek Morality on Lying-Jane S. Zembtay, Journal of the History of Philosophy,
Johns Hopkins University Press, Volume 26, Number 4, October 1988
7. ഹൃദയത്തിലെ ആരാധന സൗഭഗം, നിത്യചൈതന്യയതി, നാരായണഗുരുകുലം, വര്‍ക്കല

Next Story

Related Stories