TopTop
Begin typing your search above and press return to search.

'അടിയോരുടെ പെരുമന്റെ' രക്തസാക്ഷി ദിനത്തില്‍ പോലീസ് കാവലില്‍ പരീക്ഷയെഴുതുന്ന 'അര്‍ബന്‍ നക്സല്‍' അലന്‍, പിണറായി ചരിത്രം ഓര്‍മ്മിക്കട്ടെ

അടിയോരുടെ പെരുമന്റെ രക്തസാക്ഷി ദിനത്തില്‍ പോലീസ് കാവലില്‍ പരീക്ഷയെഴുതുന്ന അര്‍ബന്‍ നക്സല്‍ അലന്‍, പിണറായി ചരിത്രം ഓര്‍മ്മിക്കട്ടെ

ഇന്ന് ഫെബ്രുവരി 18 . അടിയോരുടെ പെരുമാന്റെ രക്ത സാക്ഷി ദിനം. 1970 ൽ തിരുനെല്ലിക്കാട്ടിലെ ഒരു പാറയിൽ ചാരി ഇരുത്തി സഖാവ് വര്‍ഗ്ഗീസ് എന്ന അരീക്കാട് വര്‍ഗ്ഗീസ് എന്ന എ വര്‍ഗ്ഗീസിനെ നക്സൽ വിരുദ്ധ പോലീസ് സേന വെടിവെച്ചു കൊന്ന ദിനം. വാലെന്റൈൻ ദിനം പോലെ അത്ര പ്രചാരം നേടിയ ഒന്നല്ലെങ്കിലും ഇന്നും പ്രതികരണ ശേഷിയുള്ള യുവതയുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുന്ന ഒരു വിപ്ലവ നക്ഷത്രം തന്നെയാണ് സഖാവ് വര്‍ഗ്ഗീസ്. ഒരു പക്ഷെ ചെ ഗുവേരയെ പോലെ തന്നെ. ചക്രവർത്തിയുടെ തിട്ടൂരം ലംഘിച്ചു യുവ പട്ടാളക്കാരുടെ വിവാഹം നടത്തിയതിന്റെ പേരിൽ രക്തസാക്ഷി ആയ സെയിന്റ് വാലെന്റിനെപ്പോലെ. ഒരു പക്ഷെ അതിനേക്കാൾ തിളക്കമുണ്ട് കാടിന്റെ മക്കൾക്കുവേണ്ടി ജീവൻ ബലി നൽകിയ സഖാവ് വര്‍ഗ്ഗീസിന്റെ രക്ത സാക്ഷിത്വത്തിന്. വര്‍ഗ്ഗീസിന്റെ മരണം ഒരു ഏറ്റുമുട്ടൽ കൊലപാതകമായി അന്ന് കേരളം ഭരിച്ചിരുന്നവർ എഴുതിത്തള്ളി, മുൻനിര മാധ്യമങ്ങളും സർക്കാരിന്റെയും പോലീസിന്റെയും ഭാഷ്യം ഏറ്റുപാടി. ഒടുവിൽ വര്‍ഗ്ഗീസിനെ വെടിവെച്ചു കൊല്ലാൻ നിയോഗിക്കപ്പെട്ട കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ കുറ്റബോധം കൊണ്ട് ഉറക്കം നഷ്ട്ടപ്പെട്ടു യാഥാർഥ്യം വിളിച്ചു പറയും വരെ ആ കള്ളക്കഥ അങ്ങനെ തന്നെ തുടർന്നു. വയനാട്ടിലെ ആദിവാസികളെ അടിമ ചങ്ങലയിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി പോരാടിയ സഖാവ് വര്‍ഗ്ഗീസിന് ആ ജന വിഭാഗത്തിൽ പെട്ട ചോമൻ മൂപ്പനും കൂട്ടരും നൽകിയ ഓമന പേരായിരുന്നു ' അടിയോരുടെ പെരുമൻ' എന്നത്. ഇന്നിപ്പോൾ ഇക്കാര്യം ഇവിടെ ഓർമ്മിക്കാൻ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മാവോയിസ്റ്റ് എന്ന് മുദ്രകുത്തി യു എ പി എ ചുമത്തപ്പെട്ടു കാരാഗ്രഹ വാസം വിധിക്കപ്പെട്ട കോഴിക്കോട് പന്തീരാങ്കാവ് കേസിലെ അലൻ - താഹ എന്നീ രണ്ടു വിദ്യാർത്ഥികളിൽ കേരള ഹൈക്കോടതിയുടെ കൃത്യമായ ഇടപെടലിനെ തുടർന്നു അലൻ ഷുഹൈബ് എന്ന വിദ്യാർത്ഥിക്കു കണ്ണൂർ യൂണിവേഴ്സിറ്റിയുടെ എൽ എൽ ബി പരീക്ഷ എഴുതാൻ (പോലീസ് കാവലിൽ ആണെങ്കിൽ പോലും) അവസരം ലഭിച്ച ദിനവും ഇന്നു തന്നെയായിരുന്നു എന്നത് തന്നെ. സഖാവ് വര്‍ഗ്ഗീസിനെ വേട്ടയാടി പിടികൂടി വ്യാജ ഏറ്റുമുട്ടൽ കഥ പ്രചരിപ്പിച്ചു പോയിന്റ് ബ്ളാങ്കിൽ വെടി ഉതിർത്തു കൊന്നു തള്ളിയതു അന്നത്തെ വലതു പക്ഷ സർക്കാരും കെ കരുണാകരന്റെ വേട്ടനായക്കുളും ആയിരുന്നുവെങ്കിൽ അലൻ ശുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് മുദ്ര ചാർത്തി ഇന്നിപ്പോൾ തുറുങ്കിൽ അടച്ചിരിക്കുന്നത് വര്‍ഗ്ഗീസിന്റെ കൊലപാതകത്തിനെതിരേ അന്ന് ഘോരഘോരം പ്രസംഗിച്ച ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഇ എം എസ്സിന്റെ പിൻതലമുറക്കാരൻ സഖാവ് പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും ആണ് എന്നതും ചരിത്രം രേഖപ്പെടുത്തും. ചരിതത്തെക്കുറിച്ചു പറഞ്ഞു വന്നപ്പോൾ പെട്ടെന്ന് മിലൻ കുന്ദേരയെ ഓര്‍മ്മ വന്നു. പ്രാഗ് വസന്തത്തിന് ശേഷം പുതിയ സർക്കാരിന്റെ പ്രൊപ്പഗണ്ട വിഭാഗം മായ്ച്ചു കളഞ്ഞ ചില ചിത്രങ്ങളെയും (ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫോർഗെറ്റിങ് ). കേരളത്തിൽ ഇടതും വലതും ചാഞ്ഞു നടക്കുന്ന എഴുത്താണി പട സജീവമാണെങ്കിലും അവരിൽ ആർക്കും മിലൻ കുന്ദേരയുടെയോ എന്തിനു നമ്മുടെ അരുന്ധതി റോയിയുടോ ആർജവം പോരാ. മാറിമാറി വരുന്ന സർക്കാരുകളും അതിനു കീഴിൽ ലഭിക്കാവുന്ന സ്ഥാന മാനങ്ങളും ആണ് അവരിൽ പലരെയും നയിക്കുന്നത്. അരുന്ധതിയുടെ 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് ' ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിലെ ഒരു നമ്പൂതിരി സഖാവ് ഇ എം എസ് ആണെന്ന പ്രചാരണം തന്നെയായിരുന്നു പ്രശ്നം. ഒടുവിൽ എം എ ബേബി തന്നെ ഇടപെടേണ്ടിവന്നു ആ ധാരണ മാറ്റാൻ എന്നതും ചരിത്രം. ഇന്നിപ്പോൾ പുരോഗമന സാഹിത്യ ലേബൽ പേറി നടക്കുന്ന എത്ര പേർ അരുന്ധതിയുടെ 'ദി മിനിസ്ടറി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ്' വായിച്ചിട്ടുണ്ടെന്നു അറിയില്ല. അതൊക്കെ എന്തുമാകട്ടെ , പുരോഗമന സാഹിത്യകാരും ദേശാഭിമാനി വാരികയും ഏറെക്കാലം കൊണ്ടാടിയ പി വത്സല എന്ന വത്സല ടീച്ചർ എഴുതിയ 'ആഗ്നേയം ' എന്ന നോവൽ സഖാവ് വര്‍ഗ്ഗീസിനെക്കുറിച്ചു ഉള്ളതാണെന്ന് എന്നെങ്കിലും അവർ മനസ്സിലാക്കിയിരുന്നുവോ? ചുരുങ്ങിയ പക്ഷം പ്രസ്തുത നോവലിലെ പൗലോസ് എന്ന കഥാപാത്രം വർഗീസ് ആണെന്നതെങ്കിലും? കുന്ദേര ഒരു പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്, ചുരുങ്ങിയ പക്ഷം കമ്മ്യൂണിസ്റ്റ് വായനക്കാർക്കിടയിലെങ്കിലും. അരുന്ധതിയും അവർക്കു അങ്ങനെ തന്നെ. അലൻ - താഹമാർ ഇവരിൽ ആരെങ്കിലും ഒരാളുടെ ആരാധകരാണോ എന്ന കാര്യത്തിൽ തിട്ടം പോരാ. പക്ഷെ അവരെ അറസ്റ്റു ചെയ്ത പോലീസിനും അവരെ തള്ളിപ്പറഞ്ഞ മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തിനും ഒരു കാര്യം ഉറപ്പാണ്. അവർ ഇരുവരും മാവോയിസ്റുകളാണെന്ന്. അവരുടെ പക്കൽ നിന്നും മാവോയിസ്റ് ലഘു ലേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നു പറയുന്ന പൊലീസോ അവരുടെ നാഥനോ ഏതു ലഘുലേഖ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. സി പി എം കുടുംബത്തിൽ പെട്ട ആ രണ്ടു കുട്ടികളെയും യു എ പി എ യിൽ നിന്നും വിമുക്തരാക്കുമെന്നു തുടക്കം മുതൽ പറഞ്ഞിരുന്ന കോഴിക്കോട്ടെ പാർട്ടി നേതൃത്വത്തിനും ഇപ്പോൾ മിണ്ടാട്ടമില്ല. ഇരുവരെയും പാർട്ടി പുറത്താക്കിയിരിക്കുന്നുവെന്നു വിദേശത്തു ചകിത്സയിൽ ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ തിരികെ എത്തിയ ഉടനെ പ്രഖ്യാപിച്ചതോടെ തുടക്കം മുതൽ മുഖ്യമന്ത്രി പറഞ്ഞിരുന്നിടത്തേക്കു തന്നെ ഒടുവിൽ പാർട്ടിയും എത്തി എന്ന് വന്നു ചേർന്നിരിക്കുന്നു. അപ്പോഴും പ്രതീക്ഷ കൈവെടിയാതെ ഒരു സംഘം ആളുകൾ ചർച്ചയും പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ടു തന്നെ പോകുന്നുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അലൻ പരീക്ഷ എഴുതിയ ഇന്നത്തെ ദിനത്തിൽ തന്നെയാണ് മാവോയിസ്റ്റ് വേട്ട കൂടുതൽ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. കണ്ണൂർ ജില്ലയിൽ മാത്രം അഞ്ചു മാവോയിസ്റ്റ് കേസുകളിലാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തത്. കണ്ണൂർ കേളകത്തെ രണ്ടും പയ്യാവൂർ , പേരാവൂർ, പെരിങ്ങോം എന്നീ സ്റ്റേഷനുകളിലെ ഓരോ കേസുകളിലുമാണ് തുടർ അന്വേഷണം. എല്ലാറ്റിലേയും പ്രധാന പ്രതി രൂപേഷ് ആണ്. പ്രവീൺ, പ്രകാശ് , ആമി , പ്രശാന്ത് എന്നിവരാണ് കൂട്ടുപ്രതികൾ. തിരിച്ചറിയാത്ത പത്തോളം പ്രതികൾ വേറെയും ഉണ്ട്. അട്ടപ്പാടി മാവോയിസ്റ്റ് കേസിന്റെ തുടർ അന്വേഷണം എന്ന് പറയപ്പെടുന്ന ഇതിൽ അലനും താഹയും ഇല്ലെങ്കിലും അവരെ ഏതു നിമിഷവും പെടുത്താവുന്ന ഒരു നീക്കം ഇതിനു പിന്നിലുണ്ടെന്നാണ് വിപ്ലവ പാത വെടിഞ്ഞു ഇപ്പോൾ സി പി എമ്മിന്റെയും പിണറായിയുടെയും നല്ല കുഞ്ഞാടായി നടക്കുന്ന ഒരു സഖാവ് നൽകിയ സൂചന. അത് ശരിയാവാം ഒരു പക്ഷെ തെറ്റുമാവാം. മാവോയിസ്റ്റ് വേട്ടക്ക് വേണ്ടി കോടികൾ ലഭിക്കുമ്പോൾ ബന്ധുവാര് ശത്രുവാര് എന്ന എന്ന ചിന്തക്ക് എന്ത് പ്രസക്തി!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories