TopTop
Begin typing your search above and press return to search.

കൊറോണക്കാലത്തെ 202-ാം പിറന്നാളിന് കാറല്‍ മാര്‍ക്സ് ലോകത്തോടും കേരളത്തിലെ ഇടതുപക്ഷത്തോടും പറയുന്നത്‌

കൊറോണക്കാലത്തെ 202-ാം പിറന്നാളിന് കാറല്‍ മാര്‍ക്സ് ലോകത്തോടും കേരളത്തിലെ ഇടതുപക്ഷത്തോടും പറയുന്നത്‌

സമീപകാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ട്രോളപ്പെട്ട ഒരു വീഡിയോ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു. കൊറോണക്കെതിരായ പോരാട്ടം കേവലം കൊറോണയ്‌ക്കെതിരെ അല്ലെന്നും തീവ്ര മുതലാളിത്തതിനെതിരെ അത് വികസിപ്പിക്കണമെന്നുമുള്ള ബേബിയുടെ ആഹ്വാനം സ്വാഭാവികമായും ചിരി പടര്‍ത്തുന്നതു തന്നെയായിരുന്നു. തീവ്ര മുതലാളിത്തമെന്ന പ്രയോഗവും, സിപിഎമ്മിന്റെ തന്നെ പലവിധ സമീപനങ്ങളും എല്ലാം വീഡിയോ ട്രോളപ്പെടാന്‍ കാരണമായി. അതെന്തായാലും കൊറോണയെ മുതലാളിത്ത വികസനവുമായി ബന്ധപ്പെടുത്തി കാണുന്ന ആദ്യത്തെ ആളൊന്നുമല്ല ബേബി.

കഴിഞ്ഞ നൂറ്റാണ്ടിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തായാലും പിന്നീട് പലപ്പോഴായി മുതലാളിത്തം പലവിധ പ്രതിസന്ധികളാല്‍ ഉലഞ്ഞപ്പോഴും രാഷ്ട്രീയ ചിന്തകരും നയരൂപീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും കാള്‍ മാര്‍ക്‌സിനെ ഓര്‍ക്കുകയെന്നത് ഒരു സാധാരണതമായിട്ടുണ്ട്; പ്രത്യേകിച്ച് 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണ് മാര്‍ക്‌സിലുള്ള താല്‍പര്യം കൂടുതലായി പ്രകടമായത്. മുതലാളിത്തത്തിന്റെ നവ ലിബറല്‍ കാലഘട്ടം അതിഗുരുതരമായ പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണെന്നും അത് പുതിയ അന്വേഷണങ്ങളിലേക്ക് സാമ്പത്തിക, രാഷ്ട്രീയ ചിന്തകരെ നയിക്കുകയും ചെയ്ത കാലത്തായിരുന്നു അത്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ തെരുവുകളില്‍ മാത്രമല്ല, അക്കാദമിക സൈദ്ധാന്തിക തലങ്ങളിലും അന്വേഷണങ്ങളുണ്ടായി. ഇതില്‍ എല്ലാം മാര്‍ക്‌സിസ്റ്റ് ധാരയില്‍പ്പെട്ടതായിരുന്നില്ലെങ്കിലും മാര്‍ക്‌സ് നടത്തിയ അന്വേഷണങ്ങളുടെ സ്വാധീനം അവയില്‍ പ്രകടമായിരുന്നു. എന്നാല്‍ മേല്‍ സൂചിപ്പിച്ച പ്രതിസന്ധികളുടെ മൂലകാരണം സാമ്പത്തികമേഖലയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഡോട് കോം ബബിള്‍ ആയാലും സബ്‌പ്രൈം ക്രൈസിസ് ആയാലും അവയൊക്കെ സാമ്പത്തിക-ധനകാര്യ നയങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയായിരുന്നു അടിസ്ഥാനപരമായി എന്ന് നമുക്കറിയാം. ഇന്ന് ലോകം മറ്റൊരു വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. അടിസ്ഥാനപരമായി അത് സാമ്പത്തികമായ ഒരു കാരണത്താലുണ്ടായതല്ല. മറിച്ച് വൈറസ് ഉണ്ടാക്കിയ, ഒരു ആരോഗ്യ പ്രശ്‌നമാണ് വലിയ പ്രതിസന്ധിയിലേക്ക് ലോകത്തെ നയിച്ചത്. സ്വാഭാവികമായും അത് ഇതുവരെ ഉണ്ടാകാത്ത രീതിയിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നതിലേക്ക് നയിക്കുന്നു. അടിസ്ഥാനപരമായി ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉണ്ടാക്കിയ വന്‍ പ്രതിസന്ധിയുടെ കാലഘട്ടത്തിലും ലോകം വീണ്ടും മാര്‍ക്‌സിലേക്കും അദ്ദേഹം മുതലാളിത്തത്തെ കുറിച്ച് നടത്തിയ വിശകലനങ്ങളെക്കുറിച്ചും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യുകയാണ്. അത്തരമൊരു ചര്‍ച്ച നടക്കുന്ന വേളയിലാണ് ഇത്തവണ മാര്‍ക്‌സിന്റെ 202-ാം ജന്മദിനം ആചരിക്കുന്നത്. കോവിഡ് കാലം മുതലാളിത്തത്തിന്റെ പ്രതിസന്ധിയെങ്ങനെയൊക്കെ വെളിപ്പെടുത്തുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് വിഖ്യാത മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ഡേവിഡ് ഹാര്‍വെ ഈയിടെ ഒരു ലേഖനം എഴുതുകയുണ്ടായി. ജേക്കോബിനില്‍ പ്രസിദ്ധീകരിച്ച ആ ലേഖനത്തില്‍ അദ്ദേഹം എങ്ങനെയാണ് മുതലാളിത്തിന്റെ നടപ്പ് രീതികളെ കോവിഡ് 19 അസ്വസ്ഥമാക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. സമകാലിക മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ 70-80 ശതമാനം പ്രവര്‍ത്തനവും ഉപഭോഗപരതയില്‍ അടിസ്ഥാനമാക്കിയാണെന്ന് ഹാര്‍വെ വിശദീകരിക്കുന്നു. ഉപഭോക്താക്കളുടെ ആവേശവും ആവശ്യവും കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലം കാര്യമായി മാറ്റം വരാതെ നിന്ന സംഗതിയാണ്. എന്നാല്‍ കോവിഡ് 19 ഈ ഡിമാന്റില്‍ കുറവുണ്ടാക്കുന്നുവെന്നല്ല, മറിച്ച് അത് പൂര്‍ണമായി തടസ്സപ്പെടുത്തുന്ന അവസ്ഥയാണുണ്ടാക്കുന്നതെന്ന് ഹാര്‍വെ വിശദീകരിക്കുന്നു. മാര്‍ക്‌സ് അതി ഉപഭോഗമെന്നും ഭ്രാന്തമായ ഉപഭോഗമമെന്നും വിളിച്ച സംഗതിയുമായാണ് അദ്ദേഹം ഇതിനെ കൂട്ടിച്ചേര്‍ക്കുന്നത്.വൈറസുകളുടെ ഉത്ഭവ കേന്ദ്രമെന്ന അവസ്ഥയിലേക്ക് ചൈന എങ്ങനെ മാറിയെന്ന തരത്തിലുള്ള അന്വേഷണങ്ങളും സമീപകാലത്തായി പലതും നടന്നിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദെങ് സിയാവോ പിങ്ങിന്റെ കാലം മുതല്‍ നടപ്പിലാക്കി തുടങ്ങിയ 'മാര്‍ക്കറ്റ് സോഷ്യലിസ്റ്റ്' സമ്പ്രാദായമാണ് അത്തരമൊരു സാഹചര്യമുണ്ടാക്കുന്ന പരിസ്ഥിതി നശീകരണത്തിലേക്ക് നയിച്ചതെന്ന രീതിയിലുള്ള പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്, വന്‍കിട ഫാമുകള്‍ എങ്ങനെ പുതിയ വൈറസുകളെ മനുഷ്യനിലേക്ക് കടത്തിവിടുന്നുവെന്ന കാര്യമാണ് റോബ് വാലസിൻ്റെ Big Farm Make Big Flu എന്ന ഗ്രന്ഥം വിശദീകരിക്കുന്നത്. അതായത്, സാധാരണ ഗതിയിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങളായാലും മനുഷ്യന്റെ ജീവിതത്തെ തന്നെ താളം തെറ്റിക്കുന്ന പകര്‍ച്ച വ്യാധിയായാലും അവിടെയൊക്കെ മുതലാളിത്തത്തിന്റെ വികസന രീതി വില്ലനായി ഒളിഞ്ഞിരിപ്പുണ്ട്. ഇതാണ് മാര്‍ക്‌സിന്റെ അന്വേഷണങ്ങളെ പ്രസക്തമാക്കുന്നത്. പ്രത്യേകിച്ചും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മാര്‍ക്‌സിസ്റ്റ് അന്വേഷണങ്ങള്‍. മാര്‍ക്‌സ് അങ്ങനെ അടയാളപ്പെടുത്തിയ മുതലാളിത്തത്തിന്റെ ഒരു രീതിയാണ് വലിയ രീതിയിലുള്ള പാരിസ്ഥിതിക ആഘാതം ഉണ്ടാക്കിയതെന്ന് ഇപ്പോള്‍ പൊതുവില്‍ തന്നെ അംഗീകരിക്കപ്പെടുന്നുണ്ട്. അതായത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്നിട്ടുള്ള മാര്‍ക്സിസ്റ്റ് അന്വേഷണങ്ങളെ കോവിഡാനന്തര ലോകം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്ന കാര്യം ഉറപ്പാണ്. കോവിഡിന് മുമ്പ് തന്നെ മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും പരിസ്ഥിതിയെക്കുറിച്ച് നടത്തിയ വിശകലനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. മാര്‍ക്‌സിയന്‍ ചിന്തയുടെ 'നവോത്ഥാനം' പരിസ്ഥിതിയുമായും വംശീയതയുമായും ജെന്‍ഡറുമായി ഒക്കെ ചേര്‍ന്നുള്ള അന്വേഷണങ്ങളിലൂടെയാണ് നടക്കുന്നതെന്ന് ഒരു പുതിയ മാര്‍ക്‌സിയന്‍ നൂറ്റാണ്ട് എന്ന ലേഖനത്തില്‍ ജോണ്‍ ബെല്ലാമി ഫോസ്റ്റര്‍ എഴുതുന്നത് ഈ പാശ്ചത്തലത്തില്‍ കൂടിയാവണം. മാര്‍ക്‌സിനെക്കുറിച്ചോ മാര്‍ക്‌സിസത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ കടന്നുവരുന്നു എന്നത് വസ്തുതയാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സിപിഐയുടെ ജനറല്‍ സെക്രട്ടറി ഡി. രാജ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ഇതു തന്നെയാണ്. ഇങ്ങനയൊക്കെയുളള അന്വേഷണങ്ങള്‍ പല രീതിയില്‍, പല മേഖലകളില്‍ നടക്കുമ്പോഴാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ കഴിഞ്ഞ കുറെക്കാലമായി പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട വികസനരീതിയുടെ പ്രചാരകരാകുന്നതിനെ കാണേണ്ടത്. ഈ വികസന രീതി പിന്തുടര്‍ന്നുകൊണ്ട് കേരളത്തില്‍ നീതിപൂര്‍വകമായ ഒരു സമൂഹ നിര്‍മ്മിതി സാധ്യമല്ലെന്ന് രാഷ്ട്രീയമായി മനസ്സിലാക്കേണ്ടവര്‍ തന്നെയാണ് യാന്ത്രികമായി മുഖ്യധാര വികസന സങ്കല്‍പങ്ങള്‍ പ്രയോഗിക്കാനുള്ള ഇടമായി കേരളത്തെ മാറ്റി കൊണ്ടിരിക്കുന്നത്. പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് പറഞ്ഞപ്പോള്‍ അനുഭവത്തിന്റെ തിരിച്ചറിവില്‍ ഉണ്ടാക്കപ്പെട്ട ഒരു വികസന സങ്കല്‍പ്പമായിരിക്കും അതെന്ന് കരുതിയവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ നെല്‍വയല്‍ നികത്തല്‍ നിയമം ദുര്‍ബലപ്പെടുത്തിയും ക്വാറികളുടെ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കിയും നിലവിലുള്ള സാമ്പ്രദായിക രീതികളെ കൂടുതല്‍ ശക്തമായി നടപ്പിലാക്കാന്‍ ശ്രമിച്ചതിനെയാണ് പുനര്‍നിര്‍മ്മാണം എന്ന് സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്. കോവിഡാനന്തര കേരളത്തെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളിലും തെളിഞ്ഞു നില്‍ക്കുന്നത്. കാലത്തിന്റെ ചലനങ്ങള്‍ കാണാത്ത റിപ് വാന്‍ വിങ്കിളുമരായി ഇടതുപക്ഷം വികസന സങ്കല്‍പങ്ങളില്‍ മാറുന്ന കാഴ്ചകളാണ് കേരളത്തില്‍നിന്ന് പതിവായി കാണുന്നത്. മാര്‍ക്‌സിനെ വീണ്ടും വായിക്കുക എന്നതാണ് ഈ യാന്ത്രിക മുരടിപ്പിനെ മറികടക്കാന്‍ ചെയ്യാവുന്നത്.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories