TopTop
Begin typing your search above and press return to search.

'മനസ്സുവെച്ചിരുന്നെങ്കിൽ' ടോം ജോസിന് കിട്ടിയ 'പൂച്ചെണ്ടുകള്‍' ജേക്കബ് തോമസിനും കിട്ടുമായിരുന്നു, കാത്തിരിക്കുന്നത് ടി പി സെന്‍കുമാറിന്റെ അനുഭവമോ?

മനസ്സുവെച്ചിരുന്നെങ്കിൽ ടോം ജോസിന് കിട്ടിയ പൂച്ചെണ്ടുകള്‍ ജേക്കബ് തോമസിനും കിട്ടുമായിരുന്നു, കാത്തിരിക്കുന്നത് ടി പി സെന്‍കുമാറിന്റെ അനുഭവമോ?

വിവാദങ്ങളുടെ തോഴൻ ഡി ജി പി ജേക്കബ് തോമസ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. താൻ ശരിക്കും ഒരു ന്യൂസ് മേക്കർ ആണെന്ന് വീണ്ടുമൊരിക്കല്‍ കൂടി തെളിയിച്ചുകൊണ്ടായിരുന്നു വിരമിക്കൽ. അവസാനമായി ജോലി ചെയ്തിരുന്ന കേരള സ്റ്റേറ്റ് മെറ്റൽ ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിലെ സ്വന്തം ഓഫീസിൽ തറയിൽ ഷീറ്റു വിരിച്ചു ഉറങ്ങിക്കൊണ്ടു തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന രാത്രിയും അദ്ദേഹം വാർത്തകളിൽ നിറച്ചു. ഓഫീസിന്റെ പടിയിറങ്ങുന്നതിനു മുൻപായി മുറ്റത്ത് ഒരു ചാമ്പ മരത്തൈ നട്ടു. വിരമിക്കുന്നതോടെ ഭരണഘടനയുടെ ആമുഖം വാഗ്‌ദാനം ചെയ്യുന്ന സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുള്ള ഇന്ത്യൻ പൗരനായി മാറുന്നതിനാൽ ഇനി എഴുതാനിരിക്കുന്നതു കൂടുതൽ കരുത്തുള്ള പുസ്തകമായിരിക്കും എന്നൊരു സ്റ്റൈലൻ മുന്നറിയിപ്പും നൽകി. മെറ്റൽ ഇൻഡസ്ട്രീസിന്റെ ഉൽപ്പന്നങ്ങളുടെ കൂട്ടത്തിലേക്കു താൻ കൂട്ടിച്ചേർത്ത 'പരശുരാമന്റെ മഴു' വിനെ പ്രകീർത്തിക്കാനും അദ്ദേഹം മറന്നില്ല.

വിവാദങ്ങളും അച്ചടക്ക നടപടികളും കൊണ്ട് തികച്ചും സംഭവ ബഹുലമായിരുന്നു ജേക്കബ് തോമസ് എന്ന ഐ പി എസ്സുകരനറെ ഔദ്യോഗിക ജീവിതം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ഔദ്യോഗിക ജീവിതത്തിന്റെ രണ്ടറ്റങ്ങളും പോലീസ് സബ്‌ഡിവിഷൻ ആസ്ഥാനങ്ങളിലായ ആദ്യത്തെ ഐ പി എസ് ഉദ്യോഗസ്ഥൻ! 1987 ൽ തൊടുപുഴയിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആയി ആരംഭിച്ച ഔദ്യോഗിക ജീവിതത്തിനു ഒരു പക്ഷെ ഇക്കഴിഞ്ഞ വര്‍ഷം തന്നെ തിരശീല വീഴുമായിരുന്നു, ജോലിയിൽ നിന്നും രാജിവെച്ചു ഇക്കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമം വിജയിച്ചിരുന്നുവെങ്കിൽ. അന്നത് നടന്നില്ലെങ്കിലും ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം അവിസ്മരണീയമാക്കിക്കൊണ്ടാണ് ജേക്കബ് തോമസ് എന്ന തീക്കോയിക്കാരന്റെ പടിയിറക്കം. 2015 ൽ അന്നു ഡി ജി പി യായിരുന്ന ടി പി സെൻകുമാറുമായുള്ള അഭിപ്രായ വ്യത്യാസം വായ കറുത്ത സെല്ലോ ടേപ്പുകൊണ്ട് മൂടിക്കെട്ടി മാധ്യമങ്ങൾക്കു മുൻപിൽ പ്രതീകാത്മകമായി അവതരിപ്പിച്ച ജേക്കബ് തോമസ് തൊട്ടടുത്ത വര്‍ഷം പിണറായി സർക്കാരിനു കീഴിൽ വിജിലൻസ് ഡയറക്ടരായി ചുമതല ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ മീഡിയയെ അഭിമുഖീകരിച്ചത് പോക്കറ്റിൽ ചുവപ്പു, മഞ്ഞ കാർഡുകളുമായിട്ടായിരുന്നു. ഇത്തരം പ്രതീകാത്മക പ്രകടനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞ അദ്ദേഹത്തിനായിരുന്നു ആ വർഷത്തെ മലയാള മനോരമ ചാനലിന്റെ 'ന്യൂസ് മേക്കർ ' അവാർഡ്.ഉമ്മൻ ചാണ്ടി സർക്കാർ പോയി പിണറായി അധികാരമേറ്റപ്പോൾ കൈവന്ന പുതിയ പദവി തുടക്കത്തിൽ വലിയൊരു അംഗീകാരമായി കരുതിയ ജേക്കബ് തോമസിന് അതൊരു മുൾകിരീടമായി അനുഭവപ്പെടാൻ അധിക കാലം വേണ്ടി വന്നില്ല. താൻ കൂട്ടിലടച്ച തത്തയല്ലെന്നു തെളിയിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ തിരിഞ്ഞു കൊത്തിത്തുടങ്ങി. അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ടോം ജോസിന്റെയും കെ എം അബ്രഹാമിന്റെയും വസതികളിൽ നടത്തിയ റെയ്‌ഡുകൾ ഐ എ എസ് ലോബിയെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചത്. ജേക്കബ് തോമസിനെതിരായ പ്രതിക്ഷേധം സർക്കാരിനു നേർക്കുകൂടി തിരിഞ്ഞതോടെ തുടക്കത്തിൽ വലിയ പിന്തുണ നൽകിയ മുഖ്യമന്ത്രിയും കൈയൊഴിഞ്ഞു. അനധികൃത സ്വത്ത് സമ്പാദനം, ലീവെടുത്തു പഠിപ്പിക്കാൻ പോയി ശമ്പളം വാങ്ങിയെന്ന ആരോപണം തുടങ്ങിയവ വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ജേക്കബ് തോമസ് ' സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥ എഴുതിയതും പ്രസിദ്ധീകരിച്ചതും. അതോടെ സർവീസ് ചട്ട ലംഘനം എന്ന കുറ്റവും ചുമത്തപ്പെട്ടു. സസ്‌പെൻഷനും പുതിയ ലാവണങ്ങളുമൊക്കെയായി കഴിഞ്ഞുപോന്ന ജേക്കബ് തോമസിനെ അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ തീരുമാനം ഉണ്ടായത് വിരമിക്കലിനു ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു. ആ ഉത്തരവിൽ ഒപ്പുവെച്ചത് മുൻപ് അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടു ജേക്കബ് തോമസിന്‍റെ വിജിലൻസ് സ്‌ക്വാഡിന്റെ റെയ്‌ഡിന്‌ വിധേയനായ ടോം ജോസും! ഇക്കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച ടോം ജോസ് അവസാനമായി ഒപ്പുവെച്ച ഫയലുകളിലൊന്നായിരുന്നു ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ആ ഫയൽ.

ജേക്കബ് തോമസിനൊപ്പം വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസും ആരോപണങ്ങൾക്കു അതീതൻ ആയിരുന്നില്ല. അഴിമതി ആരോപണങ്ങൾക്ക് പുറമെ കൊച്ചി മെട്രോ റെയിലിന്റെ നിർമാണവുമായി ബന്ധപ്പെട്ടു മെട്രോ മാൻ ഇ ശ്രീധരനുമായി ഉണ്ടായ തര്‍ക്കവും ടോം ജോസിനുമേൽ കരിനിഴൽ വീഴ്ത്തിയിരുന്നു. എന്നാൽ ടോം ജോസിനിന്റെ യാത്രയയപ്പു ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ പ്രകീർത്തിക്കാൻ മടികാട്ടിയില്ലെന്നത് ശ്രദ്ധേയമാണ്. ടോം ജോസിനെ പോലെ ഇത്രയേറെ വെല്ലുവിളികൾ നേരിടേണ്ടിവന്ന മറ്റാരും ഉണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. ടോം ജോസ് ചീഫ് സെക്രട്ടറി ആയിരുന്ന കാലത്താണ് പ്രളയം, നിപ്പ, ശബരിമല സമരം, കോവിഡ്-19 എന്നിവ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിലയിരുത്തൽ. ടോം ജോസിനെ പ്രശംസിക്കുമ്പോൾ തന്നെ സിവിൽ സർവീസിലുള്ള ചിലരെ വിമർശിക്കാനും മുഖ്യമന്ത്രി മറന്നില്ല. തങ്ങൾ ഒരു പ്രത്യേക ജനുസാണെന്നും ജനാധിപത്യവും ജനപ്രതിനിധികളുമാണ് തടസമെന്നും കരുതുന്ന ചിലരെങ്കിലും സിവിൽ സർവീസിൽ ഉണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഇത് വ്യക്തമാക്കുന്നു.

തുടക്കത്തിൽ മുഖ്യമന്ത്രിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ജേക്കബ് തോമസ്. ഒന്ന് 'മനസ്സുവെച്ചിരുന്നെങ്കിൽ' അദ്ദേഹത്തിന് തന്റെ കസേര കാക്കാനും ഒടുവിൽ പ്രശംസകളുടെ പൂച്ചെണ്ടുമായി പടിയിറങ്ങുകയും ചെയ്യാമായിരുന്നു. എന്നാൽ ആർക്കും വിധേയനായി ജീവിക്കാൻ ഒരുക്കമല്ലെന്ന തീരുമാനവുമായാണ് അദ്ദേഹത്തിന്റെ പടിയിറക്കം. കേസ്സുകൾ പിന്നാലെ തന്നെയുണ്ട്. പക്ഷെ കുലുങ്ങില്ലെന്നു ജേക്കബ് തോമസ്. കൂട്ടത്തിൽ കൂടുതൽ മൂർച്ചയേറിയ മറ്റൊരു പുസ്തകം എന്ന ഭീഷണിയും. ജേക്കബ് തോമസ് തോമസ് പടിയിറങ്ങുമ്പോൾ ഏറെ പ്രസക്തമാകുന്ന ചോദ്യം അടുത്ത പുസ്തകത്തിൽ എന്തെല്ലാം എന്നതിനപ്പുറം രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്നത് തന്നെയാണ്. കഴിഞ്ഞ വര്‍ഷം അങ്ങനെയൊരു നീക്കം നടത്തിയതിനാൽ അതും പ്രതീക്ഷിക്കാം. എന്നാൽ രാഷ്ട്രീയത്തിൽ അയാൾക്ക്‌ പിടിച്ചുനിൽക്കാൻ കഴിയുമോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്. അതിനു ജേക്കബ് തോമസ് ഒരുപാട് പരുവപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു. അല്ലെങ്കിൽ ടി പി സെൻകുമാറിന്റെ അനുഭവം തന്നെയാവും കാത്തിരിക്കുന്നത്.


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories