TopTop
Begin typing your search above and press return to search.

മാധ്യമ അടുക്കളകളില്‍ വേവിച്ചെടുക്കുന്ന വ്യാജ വാര്‍ത്തകള്‍, ഓമനക്കുട്ടന്‍ മുതല്‍ മണര്‍ക്കാട്ടെ കോവിഡ് രോഗി വരെ

മാധ്യമ അടുക്കളകളില്‍ വേവിച്ചെടുക്കുന്ന വ്യാജ വാര്‍ത്തകള്‍, ഓമനക്കുട്ടന്‍ മുതല്‍ മണര്‍ക്കാട്ടെ കോവിഡ് രോഗി വരെ

ഓമനക്കുട്ടനെ ഓര്‍മയില്ലേ? ഇക്കഴിഞ്ഞ പ്രളയ ദുരന്ത കാലത്തു കള്ളനായി മുദ്രകുത്തപ്പെട്ട ഓമനക്കുട്ടന്‍ എന്ന സി പി എം ലോക്കല്‍ കമ്മിറ്റി അംഗം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കറുപ്പന്‍കുളങ്ങരയിലെ അംബേദ്‌കര്‍ കമ്മ്യൂണിറ്റി സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്ബില്‍ ഭക്ഷണത്തിനു ആവശ്യമായ സാധനങ്ങള്‍ സ്വന്തം റിസ്കില്‍ എത്തിച്ചതിന്റെ പേരിലായിരുന്നു ഓമനക്കുട്ടന്‍ ക്രൂശിക്കപ്പെട്ടത്. സാധങ്ങള്‍ കൊണ്ടുവന്ന ഓട്ടോറിക്ഷക്കു വാടക കൊടുക്കാന്‍ പണം തികയാതെ വന്നപ്പോള്‍ ക്യാമ്ബില്‍ ഉള്ള ചിലരില്‍ നിന്നും പിരിവെടുത്തതിനെ ദുര്‍വ്യാഖ്യാനം ചെയ്തു ചില ദോഷൈകദൃക്കുകള്‍ ഓമനക്കുട്ടനെ കള്ളനെന്നു മുദ്ര കുത്തി. യാഥാര്‍ഥ്യം മനസ്സിലാക്കാതെ റെവന്യൂ വകുപ്പും പാര്‍ട്ടിയും ഓമനക്കുട്ടനെതിരെ നടപടിയും എടുത്തു. ഒടുവില്‍ സത്യാവസ്ഥ മനസ്സിലായപ്പോള്‍ ഓമനക്കുട്ടന്റെ സദുദ്ദേശം വ്യക്തമാക്കിക്കൊണ്ടും ഓമനക്കുട്ടന് ഉണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടും റെവന്യൂ -ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു തന്നെ ഒരു ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വന്നു. ഈ കോവിഡ് പ്രതിരോധ കാലത്തും ഓമനക്കുട്ടന്‍ സന്നദ്ധ പ്രവര്‍ത്തനവുമായി സജീവമായി രംഗത്തുണ്ട്.

ഓമനക്കുട്ടനെ ഇപ്പോള്‍ ഇവിടെ ഓര്‍മ്മിക്കാന്‍ കാരണം കഴിഞ്ഞ പ്രളയ ദുരിതകാലത്തു ഓമനക്കുട്ടനെതിരെ പ്രചരിച്ചതുപോലുള്ള വ്യാജ വാര്‍ത്തകള്‍ കോവിഡ് എന്ന മഹാ മാരിക്കെതിരെ സര്‍ക്കാരും ജനവും ഒറ്റക്കെട്ടായി പടപൊരുതുന്ന ഈ വേളയിലും നിര്‍ബാധം പടച്ചുവിടപ്പെടുന്നുണ്ട് എന്നതുകൊണ്ട് തന്നെയാണ്. ഓമനക്കുട്ടന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ തന്നെ നമ്മുടെ ചില മാധ്യമങ്ങളും അവയില്‍ പ്രവര്‍ത്തിക്കുന്നവരും ആ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുന്നുമുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആഘോഷമാക്കുന്ന കാര്യത്തില്‍ നമ്മുടെ ചില പ്രതിപക്ഷ എം എല്‍ എമാരും പൊതുപ്രവര്‍ത്തകര്‍ എന്ന മേല്‍വിലാസത്തില്‍ ദുഷ്പ്രചാരണം തൊഴിലാക്കിയവരും മുന്‍പന്തിയില്‍ തന്നെയുണ്ട്. കോട്ടയം ജില്ലയില്‍ വൈക്കം ടി വി പുരം, ചങ്ങനാശ്ശേരി തുടങ്ങിയ മേഖലകളില്‍ റേഷന്‍ കിറ്റുകള്‍ സി പി എം , സി പി ഐ ഓഫീസുകളില്‍ സൂക്ഷിക്കുന്നു എന്ന വാര്‍ത്ത തന്നെ ഒരു നല്ല ഉദാഹരണം. ടി വി പുരത്തെ റേഷന്‍ കടയും സി പി ഐ യുടെ ഓഫീസും അടുത്തടുത്തായാണ്. റേഷന്‍ കടയില്‍ സ്ഥലം തികയാതെ വന്നപ്പോള്‍ ആണ് കുറച്ചു കിറ്റുകള്‍ പാര്‍ട്ടി ഓഫീസില്‍ വെച്ചത്. ടി വി പുരം പഞ്ചായത്തു ഭരിക്കുന്നത് കോണ്‍ഗ്രസ്സ് ആണ്. പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയോടെ പാര്‍ട്ടി ഓഫീസില്‍ കിറ്റുകള്‍ ഇറക്കിവെച്ചതു കോണ്‍ഗ്രസിലും ബി ജെ പി യിലുമൊക്കെ പെട്ടവരും കൂടിചേര്‍ന്നാണ്. എന്നിട്ടും ചില പാഷാണത്തില്‍ കൃമികള്‍ ആരോപണവുമായി രംഗത്തുവന്നു. നമ്മുടെ മാധ്യമ കേസരിമാര്‍ ആരോപണം വെള്ളം തൊടാതെ വിഴുങ്ങുകയും കമ്മ്യൂണിറ്റി കിച്ചണില്‍ വേവിച്ചെടുക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് കുക്ക് ചെയ്തു വിതരണം ചെയ്യുകയും ചെയ്തു. ഒടുവില്‍ വൃത്തിഹീനമായ മറ്റൊരു കടമുറിയിലേക്കു കിറ്റുകള്‍ മാറ്റിയതോടെ പ്രശനം തീര്‍ന്നു. ആരോപണം ഉന്നയിച്ചവരും അതേറ്റു പിടിച്ച മാധ്യമങ്ങളും ഇപ്പോള്‍ തികച്ചും ഹാപ്പിയാണ്.

നല്‍കുന്ന വാര്‍ത്തയുടെ നിജസ്ഥിതി ഉറപ്പുവരുത്തുക എന്നത് മാധ്യമ ധര്‍മത്തില്‍ പെടുന്ന കാര്യമാണ്. എന്നാല്‍ കൂണ് മുളക്കുംപോലെ വാര്‍ത്താ ചാനലുകള്‍ പെരുകിയതോടുകൂടി ക്രോസ്സ് ചെക്കിങ് എന്ന ഏര്‍പ്പാട് തന്നെ വേണ്ടെന്നു വെച്ചിരിക്കുന്നു. പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്ത സത്യമായാലും വ്യാജമായാലും ആര്‍ ആദ്യം എന്ന ചിന്ത ബലപ്പെട്ടിരിക്കുന്നു. തങ്ങള്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞാലും വീണിടത്ത് കിടന്നു ഉരുളുന്ന കാര്യത്തില്‍ മാധ്യമ രംഗത്തെ പുത്തന്‍ പ്രതിഭകളെ വെല്ലാന്‍ ആരും ഇല്ല തന്നെ. ഓമനക്കുട്ടന്റെ കാര്യത്തില്‍ ഇത് നാം കണ്ടതാണ്. ചുരുക്കത്തില്‍ മാധ്യമ ധര്‍മം എന്നത് ഒരു പഴങ്കഥയായി മാറുകയും കാള പെറ്റു എന്നു കേള്‍ക്കുമ്ബോള്‍ കയര്‍ എടുക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്തിരിക്കുന്നു. മനുഷ്യാവകാശം നൈതികത എന്നൊക്കെ ഘോരം ഘോരം പ്രഘോഷണം ചെയ്യുന്നവരാണ് ഒരു മനസാക്ഷിക്കുത്തുമില്ലാതെ വ്യാജ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നതെന്നും ഓര്‍ക്കണം.

മാധ്യമ ധര്‍മത്തെക്കുറിച്ചും നൈതികതെയെക്കുറിച്ചുമൊക്കെ പറയുമ്ബോള്‍ ഇന്നലെ ( ഏപ്രില്‍ 27 തിങ്കളാഴ്ച ) മനോരമ ന്യൂസ് ചാനലിലെ കൌണ്ടര്‍ പോയിന്റ് എന്ന ചര്‍ച്ച പരിപാടിയെക്കുറിച്ചു പറയാതെ പോകുന്നത് ഒട്ടും ഉചിതമാകില്ല. 'രോഗം എവിടെ നിന്നെന്ന് അറിയാത്ത രോഗികള്‍ കൂടുമ്ബോള്‍ ; കേരളം ഇനി എങ്ങിനെ നേരിടണം?' എന്നതായിരുന്നു കൌണ്ടര്‍ പോയിന്റ് ചര്‍ച്ചക്കെടുത്ത വിഷയം. ചര്‍ച്ച ആരംഭിക്കുന്നതിനു മുന്‍പായിഅവതാരകന്‍ 'കോട്ടയത്ത് നിന്നും ഇപ്പോള്‍ പുറത്തുവരുന്ന അല്പം ആശങ്കപ്പെടുത്തുന്ന ഒരു വാര്‍ത്ത' എന്നു പറഞ്ഞുകൊണ്ട് ഒരു വാര്‍ത്തയിലേക്കു കടക്കുന്നു. കോട്ടയം ജില്ലയിലെ മണര്‍കാട്, ചാന്നാനിക്കാട്‌ എന്നീ പ്രദേശങ്ങളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച രണ്ടു രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നുവെന്നതായിരുന്നു ആ വാര്‍ത്ത. ആംബുലന്‍സ് അയക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നു എന്നു ആരോപിക്കുന്ന ഈ വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ രോഗബാധിതര്‍ എന്നു പറയപ്പെടുന്ന രണ്ടുപേരില്‍ ഒരാള്‍ ടെലിഫോണ്‍ ലൈനില്‍ വരുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും കേവലം 15 - 20 മിനിറ്റ് മുമ്ബാണ് തന്നെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുന്നുവെന്ന അറിയിപ്പ് ലഭിച്ചതെന്നും ആംബുലന്‍സ് ഉടനെ വരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അയാള്‍ പറയുന്നുണ്ട്. ആംബുലന്‍സ് ഓടി തന്റെ വീട് വരെയെത്താന്‍ സമയം ആവശ്യമില്ലേ എന്ന അയാളുടെ ചോദ്യത്തെ വകവെക്കാതെ അയാളെ ആശുപത്രിയില്‍ ആക്കാന്‍ എടുക്കുന്ന ഓരോ സെക്കന്‍ഡും പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം എത്രകണ്ട് അപകടകരമാണ് എന്നു അയാളെയും ചാനല്‍ പ്രേക്ഷകരെയും ബോധ്യപ്പെടുത്താനുള്ള വ്യഗ്രതയിലായിരുന്നു ആങ്കര്‍. ആ വ്യഗ്രതയില്‍ സത്യത്തില്‍ തന്റെ പ്രവര്‍ത്തിയിലൂടെ എത്രകണ്ട് ഭീതിയാണ് സൃഷ്ടിക്കപ്പെടുന്നതെന്നു ആങ്കര്‍ ചിന്തിച്ചിരുന്നുവോ ആവോ? ഉണ്ടാവാന്‍ ഇടയില്ല. കാരണം ആങ്കര്‍ പ്രകടിപ്പിച്ച വ്യഗ്രതയില്‍ അതുവരെ താന്‍ താന്‍ സ്ഥാപിക്കാന്‍ ശ്രമിച്ച 'സര്‍ക്കാര്‍ വീഴ്ച' പൊളിഞ്ഞു വീഴുന്നതിലെ അസ്വാസ്ഥ്യം നിറഞ്ഞു കത്തുന്നുണ്ടായിരുന്നു എന്നത് തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories