TopTop
Begin typing your search above and press return to search.

രഥ യാത്രയുടെ പ്രക്ഷുബ്ദ കാലത്ത് ബോംബെയില്‍, ബാബറി പള്ളി പൊളിച്ചപ്പോള്‍ മലപ്പുറത്ത്; ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മുറിവുകള്‍ ഒരു പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മകളില്‍

രഥ യാത്രയുടെ പ്രക്ഷുബ്ദ കാലത്ത് ബോംബെയില്‍, ബാബറി പള്ളി പൊളിച്ചപ്പോള്‍ മലപ്പുറത്ത്; ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മുറിവുകള്‍ ഒരു പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മകളില്‍

അയോധ്യയിലെ തർക്കഭൂമി രാമ ക്ഷേത്ര നിർമാണത്തിനായി വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കു പിന്നാലെ ആ മണ്ണിൽ രാമ ക്ഷേത്രത്തിനു ശിലയിടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ഇന്നാണ് ( ആഗസ്ത് 5) പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ക്ഷേത്ര നിർമാണത്തിന്റെ ഭാഗമായുള്ള ഭൂമി പൂജയും ശിലാസ്ഥാപനവും നടക്കുന്നത്. രാജ്യത്തെ രണ്ടു മത വിഭാഗങ്ങൾ തമ്മിൽ ഒന്നര നൂറ്റാണ്ടിലേറെ (1853 മുതൽ ) നീണ്ടു നിന്ന വലിയൊരു തർക്കത്തിനാണ് സുപ്രീം കോടതി വിധിയിലൂടെ വിരാമമായതെങ്കിലും ക്ഷേത്ര നിര്‍മ്മാണ പ്രക്രിയയിൽ പ്രധാന മന്ത്രി നേരിട്ട് പങ്കെടുക്കുന്നത് വിവാദമായിട്ടുണ്ട്. അതിനിടയിൽ തന്നെയാണ് രാമക്ഷേത്രത്തിന്റെ പേരിൽ ഹിന്ദുത്വ വികാരം ഉയർത്തിക്കൊണ്ടുവന്നു രാജ്യത്തു ബി ജെ പി യുടെ വളർച്ചക്കും അതുവഴി ബി ജെ പി ഭരണത്തിനും വഴിയൊരുക്കിയ ലാൽ കൃഷ്ണ അദ്വാനിയെയും 1992 ൽ ബാബരി മസ്ജിദ് തകർക്കുന്നതിന് അദ്ദേഹത്തോടൊപ്പം നേതൃത്വം നൽകിയ മുരളി മനോഹർ ജോഷിയേയുമൊക്കെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്ന ആക്ഷേപവും ഉയർന്നത്. തകർക്കപ്പെട്ട ബാബരി പള്ളി നിലനിന്നിരുന്ന സ്ഥലത്തു രാമക്ഷേത്ര നിർമാണത്തിന് തുടക്കമാകുന്ന ഈ വേളയിൽ 1989 - 90 കാലഘട്ടത്തിൽ ബോംബെയിലും പിന്നീട് 1992 ൽ പള്ളി തകർക്കപ്പെടുന്ന കാലത്തു കേരളത്തിൽ മലപ്പുറത്തും പത്ര പ്രവർത്തകനായി ജോലി ചെയ്ത ഒരാൾ എന്ന നിലയിലും പിന്നീട് 2004 ൽ കന്യാകുമാരിയിൽ നിന്നും അദ്വാനി വീണ്ടും ഒരു റോഡ് ഷോ നടത്തിയ കാലത്തു അത് റിപ്പോർട്ട് ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരാൾ എന്ന നിലയിലുമുള്ള എന്റെ ചില അനുഭവങ്ങളും നിരീക്ഷണങ്ങളും ' അഴിമുഖം' വായനക്കാരുമായി പങ്കുവെക്കുകയാണ് ഇവിടെ.'കേരള കൗമുദി' യിൽ കോഴിക്കോട് ജോലി ചെയ്തു വരവെയാണ് 1989 അവസാനിക്കാൻ കഷ്ടി രണ്ടു മാസം ഉള്ളപ്പോഴാണ് ബോംബെ 'കലാകൗമുദി' യിലേക്ക് മാറ്റി ചേർക്കപ്പെട്ടത്. ബോംബയിലെത്തിയതിന്റെ തൊട്ടടുത്ത വർഷമാണ് വി പി സിംഗ് സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിക്കുന്നതും മണ്ഡൽ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നതും. അയോധ്യ പ്രശ്നം ചൂടുപിടിപ്പിക്കുന്നതിനു മുൻപായി സംഘ പരിവാർ ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രക്ഷോഭം ആയിരുന്നു അത്. ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ദേശബന്ധു കോളേജ് വിദ്യാർത്ഥിയായിരുന്ന രാജീവ് ഗോസ്വാമി അടക്കം ഒട്ടേറെ യുവാക്കൾ തെരുവ് പ്രക്ഷോഭങ്ങൾക്കിടയിൽ സ്വയം തീകൊളുത്തി മരിക്കാൻ ശ്രമം നടത്തിയ പ്രസ്തുത പ്രക്ഷോഭവും അതിനു മീഡിയ നൽകിയ പബ്ലിസിറ്റിയും മണ്ഡൽ ആയുധമാക്കി അദ്വാനി അടക്കമുള്ളവർ വി പി സിങ്ങിനെയും അദ്ദേത്തിന്റെ സർക്കാരിനെയും കടുത്ത പ്രധിരോധത്തിലാക്കിയതും ഒന്നും പഴയ തലമുറ മറന്നിട്ടുണ്ടാവാൻ ഇടയില്ല. ഇക്കാലത്തു തന്നെയാണ് അന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ആയിരുന്ന ലാൽ കൃഷ്ണ അദ്വാനി അയോദ്ധ്യ വിഷത്തിനു തീകൊളുത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതും. നേരത്തെ തന്നെ വിശ്വ ഹിന്ദു പരിഷത് ഈ വിഷയം പൊക്കിപ്പിടിച്ചു നടന്നിരുന്നെങ്കിലും 1980 ൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടതിനു ശേഷമാണ് വിഷയം കൂടുതൽ സജീവമായത്. 1989 ലെ തിരെഞ്ഞെടുപ്പിൽ ബി ജെ പി യുടെ പ്രധാന പ്രചാരണ വിഷയം അയോധ്യ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ അയോദ്ധ്യ രാജ്യത്തെ ഹിന്ദുക്കൾക്കിടയിൽ ഒരു വികാരമായി വളർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് 1990 സെപ്റ്റംബറിൽ അദ്വാനി അയോധ്യയിലെ തർക്ക ഭൂമിയിലേക്ക്‌ ഒരു രഥ യാത്ര പ്ലാൻ ചെയ്തതും.

സത്യത്തിൽ ഒരു പദയാത്രയായിരുന്നുവത്രെ അദ്വാനി ഉദ്ദേശിച്ചത്. അക്കാലത്തു ബി ജെ പി യിലെ യുവ നേതാക്കളിൽ പ്രധാനിയായിരുന്നു പ്രമോദ് മഹാജനാണ് രഥ യാത്ര എന്ന ആശയം മുന്നോട്ടുവെച്ചത്. ഒരു പാട് സമയം എടുക്കുമെന്നതിനാൽ കാൽനട യാത്ര ശരിയാവില്ലെന്നു മഹാജൻ അഭിപ്രായപ്പെട്ടപ്പോൾ 'ഞാൻ ജീപ്പ് യാത്ര നടത്തണമെന്നാണോ പറയുന്നതെന്ന് ' അദ്വാനി തിരിച്ചു ചോദിക്കുകയും ഒരു മിനി ബസ് സംഘടിപ്പിച്ചു അതിനെ ഒരു രഥമാക്കി റീ- ഡിസൈൻ ചെയ്യാമെന്ന് മഹാജൻ മറുപടി പറഞ്ഞുമെന്നുമാണ് അക്കാലത്തു ഇത് സംബന്ധിച്ചു പുറത്തുവന്ന വാർത്ത. എന്തായാലും രഥം ഒരുങ്ങി. അദ്വാനി യാത്രയും ആരംഭിച്ചു. ഗുജറാത്തിലെ സോംനാഥിൽ നിന്നും രഥം ഉരുണ്ടു തുടങ്ങിയപ്പോൾ തന്നെ മഹാജന്റെ ഐഡിയ മോശമായില്ലെന്നു അദ്വാനിക്ക് ബോധ്യമായി തുടങ്ങി. രഥം കടന്നു പോകുന്ന വഴികളിലെ അമ്പലങ്ങളിൽ നിന്നും നിര്‍ത്താതെ മണി നാദം മുഴങ്ങി. കിണ്ണവും മറ്റു പാത്രങ്ങളും കൊട്ടി ആളുകൾ രഥത്തെ എതിരേറ്റു. ചിലർ രഥത്തിനു തിലകം ചാർത്തി, മറ്റു ചിലർ രഥചക്രങ്ങൾ കയറി ഇറങ്ങിയ ഇടങ്ങളിലെ മണ്ണെടുത്തു നെറ്റിയിൽ പൂശി സായൂജ്യമടഞ്ഞു.

രഥം ഉരുണ്ടു തുടങ്ങിയതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. അതിന്റെ അലയൊലികൾ ബോംബെയിലും പ്രകടമായിരുന്നു. ഒക്ടോബർ 30 നു രഥം അയോധ്യയിലെ തർക്കഭൂമിയിൽ പ്രവേശിക്കും വിധമായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. കർസേവ പ്ലാൻ ചെയ്തിരുന്ന ദിവസവും അന്ന് തന്നെയായിരുന്നു. എന്നാൽ ഒക്ടോബർ 23 നു ബീഹാറിലെ സമസ്തിപ്പൂരിൽ വെച്ച് ലാലു പ്രസാദ് യാദവിന്റെ പോലീസ് യാത്ര തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് കൂടുതൽ ലഹളകൾക്കു വഴിവെച്ചു. ബോംബയിലെ ചില സബർബൻ റെയിൽവേ പ്ലാറ്റ്ഫോമുകളില്‍ ബോംബ് സ്ഫോടനങ്ങൾ ഉണ്ടായി. പത്തോളം പേർ മരിച്ചു. അദ്വാനിയുടെ രഥ യാത്ര ലാലു തടഞ്ഞെങ്കിലും വിലക്ക് ലംഘിച്ചു കർസേവകർ തർക്കഭൂമിയിലേക്കു മാർച് ചെയ്തു. അയോദ്ധ്യ അന്നേവരെ ദർശിച്ചിട്ടില്ലാത്ത വിധത്തിലുള്ള സുരക്ഷാ സംവിധാനം ആയിരുന്നു പോലീസ് അവിടെ ഒരുക്കിയിരുന്നത്. കാരണം അദ്വാനിയുടെ രഥം ഉരുണ്ടു തുടങ്ങിയപ്പോൾ തന്നെ അന്ന് യു പി മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരുന്നു: 'അവർ അയോധ്യയിലേക്കു വരട്ടെ. നിയമം എന്താണെന്നു ഞങ്ങൾ അവർക്കു പഠിപ്പിച്ചുകൊടുക്കും. മസ്ജിദ് തകർക്കാൻ ആരെയും അനുവദിക്കില്ല.'

യു പി യിൽ വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു മുലായത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ ബീഹാറിലെ സമസ്തിപ്പൂരിൽ വെച്ച് ലാലു പ്രസാദ് യാദവ് അത് നടത്തിയതിനാൽ മുലായം വലിയ അതൃപ്തിയിലായിരുന്നു. തന്റെ അതൃപ്തി മുലായം വി പി സിങിനെ അറിയിക്കുകയും ചെയ്തിരുന്നു. രഥ യാത്ര തടയപ്പെടുകയും അദ്വാനി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്‌തെങ്കിലും 'ഡി - ഡേ' ആയ ഒക്ടോബർ 30 നു കർസേവ നടത്താനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നിരുന്ന സംഘ പരിവാർ നേതാക്കളും അനുകൂലികളും സന്യാസിമാരും തർക്ക ഭൂമിയിലേക്ക്‌ മാർച്ചു ചെയ്തു. പോലീസ് തടഞ്ഞിട്ടും പിരിഞ്ഞുപോകാൻ ഇവർ കൂട്ടാക്കാതെ വന്നപ്പോൾ മുലായം വെടിവെക്കാൻ ഉത്തരവിട്ടു. അന്ന് പിൻവാങ്ങിയ കർസേവകർ നവംബർ 2 നു വീണ്ടും തിരികെ വന്ന് തർക്ക ഭൂമിയിലേക്ക്‌ നുഴഞ്ഞുകയറാൻ ശ്രമം നടത്തി. അന്നും വെടിവെയ്പുണ്ടായി. രണ്ടു വെടിവെയ്പ്പിലുമായി മൊത്തം 17 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ബി ജെ പി ഓരോ ഘട്ടത്തിലും ഓരോ കണക്കാണ് അവതരിപ്പിച്ചത്.

കർസേവ തടയുകയും വെടിവെപ്പിന് അനുമതി നല്കുകകയും ചെയ്തതിന്റെ പേരിൽ മുലായം സിംഗ് യാദവ് സംഘ് പരിവാറിന് പ്രഖ്യാപിത ശത്രുവും മുസ്ലിംകൾക്കും മതേതര വാദികൾക്കും ഹീറോയും ആയി മാറി. മുലായത്തിന്റേതു മുസ്ലിം പ്രീണന നയമാണെന്നു പറഞ്ഞു സംഘ് പരിവാർ മൂപ്പർക്ക് ' മൗലാനാ മുലായം ' എന്ന വിശേഷണവും ചാർത്തിനൽകി. വെടിവെയ്പ്പ് കഴിഞ്ഞു ഏതാനും ദിവസങ്ങൾക്കുള്ളിൽ ബോംബെയിൽ ഒരു സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ മുലായം വന്നപ്പോൾ ശിവസേനക്കാർ തങ്ങളുടെ ശൗര്യം പുറത്തെടുത്തു. സ്ത്രീകൾ അടക്കമുള്ള ഒരു വലിയ സംഘം ശിവസൈനികർ വേദിയിലേക്ക് ഇരമ്പിയാർത്തെത്തിയെങ്കിലും ഒട്ടും കൂസലയില്ലാതെ മുലായം കുറെ നേരം അവിടെ തന്നെ തുടര്‍ന്നതിനു ശേഷമാണ് വേദി വിട്ടത്. അതിനിടയിൽ തന്നെ ശിവ സൈനികർ തങ്ങളുടെ കൈ കരുത്തു ഞാൻ അടക്കമുള്ള മാധ്യമ പ്രവർത്തകരെ അറിയിക്കുന്നുണ്ടായിരുന്നു.

ടൈഫോയ്ഡ് ബാധയെ തുടർന്ന് അധികം വൈകാതെ തന്നെ ബോംബെ വിട്ട ഞാൻ പിന്നീട് 'ദി ഇന്ത്യൻ എക്സ്പ്രസ്' ൽ മലപ്പുറത്ത് ജോലി ചെയ്യുന്ന കാലത്താണ് ബാബ്‌റി മസ്ജിദ് തകർക്കപ്പെടുന്നത്. കേരളത്തിൽ മടങ്ങിയെത്തുന്ന കാലത്തു ഇവിടെയും പല മാറ്റങ്ങളും സംഭവിച്ചു കഴിഞ്ഞിരുന്നു. ആർ എസ് എസും ബി ജെ പി യും കൂടുതൽ കരുത്താർജ്ജിച്ചു തുടങ്ങിയിരുന്നു. അതോടൊപ്പം തന്നെ ജമാ അത്തെ ഇസ്ലാമിയും അതിന്റെ ആദ്യകാല വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുമൊക്കെ സജീവമാവുകയും ചെയ്ത കാലം. അബ്ദുൽ നാസർ മദനി ആർ എസ് എസിനു ബദൽ എന്ന് പറഞ്ഞു 'ഇസ്ലാമിക് സേവക് സംഘ് ' എന്ന സംഘടനക്ക് രൂപം നൽകിയ കാലം. മുസ്ലിം ലീഗിനുള്ളിൽ അതിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെയും കോൺഗ്രസിനെതിരെയും അതൃപ്തി പുകഞ്ഞു തുടങ്ങിയ കാലം കൂടിയായിരുന്നു അത്. ഞാൻ മലപ്പുറത്ത് ജോലി ആരംഭിച്ച ഉടൻ തന്നെയായിരുന്നു ചേകന്നൂർ മൗലവിയുടെ തിരോധാനവും സിഗരറ്റു ബോംബുകൾ ഉപയോഗിച്ച് സിനിമ തീയേറ്ററുകൾ ചുട്ടെരിക്കുന്ന സംഭവ പരമ്പരകളുമൊക്കെ. അധികം വൈകാതെ തന്നെ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ മദനിയുടെ ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയുണ്ടായി.

അപ്പോഴും 1990 ൽ അയോധ്യ ലക്‌ഷ്യം വെച്ച് എൽ കെ അദ്വാനിയുടെ രഥം ഉരുണ്ടു തുടങ്ങിയ ദിവസം തൊട്ടു ഏവരും ഭീതിയോടെ കാത്തിരുന്ന ആ സംഭവം നടക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. 92 ഡിസംബർ 6 നു അത് സംഭവിക്കുക തന്നെ ചെയ്തു. ബാബറിമസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ മലപ്പുറം ജില്ലയിലും ഒട്ടേറെ ആക്രമ സംഭവങ്ങൾ ഉണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആറു പേർ കൊല്ലപ്പെടുകയും നിരവധി അമ്പലങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ഒരു വീട്ടിൽ ആശാരിപ്പണി കഴിഞ്ഞു മടങ്ങവെയാണ് ആക്രമണത്തിന് ഇരയായത് . ഇവരുടെ മൃത ശരീരം മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് കണ്ടെത്താൻ കഴിഞ്ഞത് തന്നെ. എന്നാൽ അക്രമങ്ങൾ ഫലപ്രദമായി തടയുന്നതിലും ആക്രമിക്കപ്പെട്ട അമ്പലങ്ങൾ പുതുക്കി പണിയുന്നതിനുവേണ്ടി മുന്നിട്ടിറങ്ങുന്നതിലും മുസ്ലിം ലീഗിന്റെയും മലപ്പുറത്തെ ചില മുസ്ലിം സംഘടനാ നേതാക്കളും കൊണ്ടോട്ടിയിലെ ഡോക്ടർ മൊയ്തീൻകുട്ടിയെ പോലുള്ള ചില നല്ല മനുഷ്യരും കാണിച്ച മാതൃക വിസ്മരിക്കാൻ ആവുന്നതല്ല.

അക്രമ സംഭവങ്ങൾ പെട്ടെന്ന് കെട്ടടങ്ങിയെങ്കിലും രാഷ്ട്രീയ പരമായി മുസ്ലിം ലീഗിനെ ഏറെ ബുദ്ധിമുട്ടിലാക്കിയ ഒന്നുകൂടിയായിരുന്നു ബാബരി പള്ളി തകർത്ത സംഭവം. ലീഗിന്റെ അഖിലേന്ത്യ നേതാവും എം പി യുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ഈ വിഷയത്തിൽ ലീഗ് നേതൃത്വവുമായി ഇടഞ്ഞു. ഇത് ഒടുവിൽ ചെന്നെത്തിയത് ലീഗിന്റെ പിളർപ്പിലേക്കും ഐ എൻ എൽ എന്ന പാർട്ടിയുടെ രൂപീകരണത്തിലുമാണ്. ലീഡർ കെ കരുണാകരനെതിരെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച പടയൊരുക്കം പടയോട്ടമായി മാറിയതും ഇതേ ഘട്ടത്തിൽ തന്നെയാണ്. ഐ എസ് ആർ ഓ ചാരക്കേസുമായി ബന്ധപ്പെടുത്തി കരുണാകരന്റെ രാജി ആവശ്യപ്പെട്ടു ഉമ്മൻ ചാണ്ടി സംസ്ഥാന വ്യാപകമായി തന്നെ കാമ്പെയിൻ നടത്തി. കരുണാകരനെ ഡൽഹിയിലേക്ക് കെട്ടുകെട്ടിക്കും വരെ അത് നീണ്ടു. പകരക്കാരനായി വന്ന എ കെ ആന്റണിക്ക് പിന്നീട് മത്സരിക്കാൻ മുസ്ലിം ലീഗ് തങ്ങളുടെ സിറ്റിംഗ് സീറ്റായ തിരൂരങ്ങാടി വെച്ചുനീട്ടിയതിനു പിന്നിലും ഒരു വലിയ രാഷ്ട്രീയ തന്ത്രം ഉണ്ടായിരുന്നു. സേട്ടിന്റെ ഐ എൻ എലിനെ കൂടാതെ ഐ എസ് എസ് പിരിച്ചുവിട്ടു മദനി അക്കാലത്തു രൂപീകരിച്ച പി ഡി പി യും ലീഗിന്റെ കാലിനടിയിലെ മണ്ണ് മാന്തി തുടങ്ങിയിരുന്നു. ഐ എൻ എലിലേക്കു ചേക്കേറിയ യു എ ബീരാൻ രാജി വെച്ചൊഴിഞ്ഞ തിരൂരങ്ങാടിയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തി വിജയിക്കാനാവുമോ എന്ന് ലീഗിന് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ സീറ്റു ആന്റണിക്ക് വെച്ചുനീട്ടി തല്ക്കാലം തടി രക്ഷിക്കാൻ തന്നെ ലീഗ് തീരുമാനിച്ചു. ഐ എൻ എൽ, പി ഡി പി എന്നീ പാർട്ടികൾ സ്വന്തം സ്ഥാനാർത്ഥികളെ നിറുത്തിയിട്ടും രണ്ടു മാസത്തോളം മദനി തിരൂരങ്ങാടിയിൽ ക്യാമ്പ് ചെയ്തു പ്രചാരണം നടത്തിയിട്ടും ആന്റണി 22,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.

ഇതിനിടയിൽ ബോംബയിൽ വെച്ച് കണ്ട മുലായം ഒരിക്കൽ മലപ്പുറത്ത് വന്നു. എ കെ ആന്റണി മത്സരിച്ചു ജയിച്ച തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പിൽ മുലായത്തിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച അലവി കക്കാടൻ ആയിരുന്നു മുലായത്തെ മലപ്പുറത്ത് എത്തിച്ചത് 1921 ൽ ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടി മരിച്ച പൂക്കോട്ടൂർ ശുഹദാക്കളെ അനുസ്മരിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. അന്ന് ഏറെ നേരം അദ്ദേഹവുമായി സംസാരിക്കാൻ അവസരം ഒരുക്കി തന്നതും അലവി കക്കാടൻ തന്നെയായിരുന്നു. വി പി സിങ്ങുമായും എൽ കെ അദ്വാനിയുമായും ഓരോ തവണ അഭിമുഖം നടത്താൻ ഇക്കാലത്തു കഴിഞ്ഞു. വി പി സിങിനെ മലപ്പുറത്ത് വെച്ചും അദ്വാനിയെ എറണാകുളത്തു നിന്നും മംഗലാപുരത്തേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ വെച്ചും. അക്കാലത്തു ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന കെ ജി മാരാർ ആയിരുന്നു അദ്ദേഹത്തിന്റെ തന്നെ താല്പര്യ പ്രകാരം ഞങ്ങൾ കുറച്ചു പത്രക്കാരെ ട്രെയിനിലേക്ക് ക്ഷണിച്ചതും അഭിമുഖം തരപ്പെടുത്തിയതും. ബാബരി മസ്ജിദിന്റെ പതനത്തിനു ശേഷം 2004 ൽ കന്യാകുമാരിയിൽ നിന്നും അദ്വാനി വീണ്ടും ഒരു യാത്ര ആരംഭിക്കുകയുണ്ടായി. അക്കാലത്തു 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' വേണ്ടി തിരുവനന്തപുരത്തായിരുന്നു ജോലി എന്നതിനാൽ ആ യാത്രയുടെ ഉദ്ഘാടനം കവർ ചെയ്യാനുള്ള നിയോഗവും ഉണ്ടായിരുന്നു. അപ്പോഴേക്കും അദ്വാനി മെല്ലെ മെല്ലെ പാർട്ടിയിൽ ഒതുക്കപ്പെട്ടു തുടങ്ങിയിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു പ്രസ്തുത യാത്ര എന്ന് തോന്നി. അന്ന് ഉദ്‌ഘാടന വേദിയിൽ അദ്വാനിക്കൊപ്പം നിറഞ്ഞു നിന്ന പ്രമോദ് മഹാജനും അരുൺ ജെയ്റ്റ്‌ലിയും ഒന്നും ഇന്നിപ്പോൾ ജീവനോടെയില്ല. അദ്വാനി ജീവനോടെ ഉണ്ടെങ്കിലും പാർട്ടിയിലും ഭരണത്തിലും ഒരു റോളും ഇല്ലാത്ത അവസ്ഥയിൽ ആണ് താനും.

ശിലസ്ഥാപനം നടക്കുന്നതോടുകൂടി അയോധ്യയിൽ ബാബ്‌റി മസ്ജിദ് നിന്നിരുന്ന സ്ഥലത്തു രാമ ക്ഷേത്രം ഉയരും. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ചില കോൺഗ്രസ് നേതാക്കൾ ഇതിനകം തന്നെ രാമക്ഷേത്ര നിർമാണത്തെ സഹർഷം സ്വാഗതം ചെയ്തിട്ടുണ്ട്. രാമ ക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ട് അയോധ്യയിൽ നടക്കുന്ന ഭൂമി പൂജ ദേശീയ ഐക്യവും സാഹോദര്യവും സാംസ്കാരിക സമഭാവനയുമൊക്കെ ഒത്തുചേരുന്ന ഒരു ചടങ്ങായി മാറട്ടെ എന്ന് ട്വീറ്റ് ചെയ്ത പ്രിയങ്ക രാമൻ ലാളിത്വത്തിന്റെയും ധീരതയുടെയും ക്ഷമയുടെയുംസമർപ്പണത്തിന്റെയുമൊക്കെ പ്രതീകമാണെന്നും രാമൻ എല്ലാവരിലും കുടികൊള്ളുന്നുണ്ടെന്നും കൂടി കൂട്ടിച്ചേർക്കുകയുണ്ടായി. പ്രിയങ്കയെ കൂടാതെ കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥും മറ്റൊരു കോൺഗ്രസ് നേതാവായ മനീഷ് തിവാരിയുമൊക്കെ ഭൂമി പൂജ ചടങ്ങിനെ സ്വാഗതം ചെയ്തിട്ടുണ്ട്. തർക്ക ഭൂമി സംബന്ധിച്ച സുപ്രീം കോടതിയുടെ തീർപ്പിനോട് പൂർണ യോജിപ്പില്ലെങ്കിലും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറാകാതിരുന്ന കേരളത്തിലെ മുസ്ലിം ലീഗ് നേതൃത്വത്തെ പ്രിയങ്ക അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ഇപ്പോഴത്തെ പ്രതികരണം വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രസ്താവനക്കെതിരെ വിമർശനവുമായി രംഗത്തുവന്ന മുസ്ലിം ലീഗ് ദേശീയ നേതാക്കളിൽ ഒരാളും എം പിയുമായ ഇ ടി മുഹമ്മദ് പറഞ്ഞത് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അതിനു ശേഷം പാർട്ടിയുടെ ഔദോഗിക നിലപാട് അറിയിക്കാം എന്നുമാണ്. കേരളത്തിലെ ലീഗ് -കോൺഗ്രസ് ബന്ധത്തിന് പെട്ടെന്ന് ക്ഷതം സംഭവിക്കുമെന്ന് തോന്നുന്നില്ലെങ്കിലും അയോധ്യ വിഷയത്തിൽ പ്രിയങ്ക അടക്കമുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവന മുസ്ലിം ലീഗ് നേതൃത്വത്തെ ആശങ്കയിൽ ആഴ്ത്താൻ പോന്ന ഒന്ന് തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. പ്രസ്താവന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്. ലീഗും കോൺഗ്രസ്സും ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്നു കാണാം.

എന്നാൽ അതിലേറെ പ്രാധാന്യമർഹിക്കുന്ന ഒന്ന് ബാബ്‌റി മസ്ജിദ് തകർക്കലും അതിലേക്കു നയിച്ച സംഭവങ്ങളും അതുണ്ടാക്കിയ മുറിവുകളും അത്ര എളുപ്പത്തിൽ മായിച്ചു കളയാനാവുമോ എന്നതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories