TopTop
Begin typing your search above and press return to search.

പലായനം ചെയ്യുന്ന ദശലക്ഷങ്ങള്‍ യാചകരല്ല, സ്വയം ബോധത്തിനും ആത്മാഭിമാനത്തിനും ക്രൂരമായി ക്ഷതമേല്‍പ്പിക്കപ്പെട്ട ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗമാണവര്‍; ശേഖര്‍ ഗുപ്ത എഴുതുന്നു

പലായനം ചെയ്യുന്ന ദശലക്ഷങ്ങള്‍ യാചകരല്ല, സ്വയം ബോധത്തിനും ആത്മാഭിമാനത്തിനും ക്രൂരമായി ക്ഷതമേല്‍പ്പിക്കപ്പെട്ട ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗമാണവര്‍; ശേഖര്‍ ഗുപ്ത എഴുതുന്നു

ഓരോരുത്തരും ചെയ്യുന്ന ജോലിയുടെ സ്വഭാവമനുസരിച്ച് സാധാരണഗതിയില്‍ നമ്മള്‍ തൊഴിലാളി വര്‍ഗ്ഗങ്ങളെ വെള്ളക്കോളറെന്നും നീലക്കോളറെന്നും തരംതിരിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ദേശീയപാതകളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പരിതാപകരവും അമ്പരപ്പിക്കുന്നതുമായ നാടകം, നമ്മുടെ തൊളിലാളി വര്‍ഗ്ഗത്തിലെ പുതിയൊരു വിഭാഗത്തിന്റെ അസ്തിത്വത്തെ കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നു; നമുക്കവരെ കോളറില്ലാത്തവര്‍ എന്ന് വിളിക്കാം.

എന്തുകൊണ്ട് കോളറില്ലാത്തവര്‍ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതുകൊണ്ടുതന്നെ, നിങ്ങള്‍ ദിവസവും കാണുന്ന, നമ്മുടെ ജീവതം സാധ്യവും സുരക്ഷിതവും സുഖപ്രദവുമാക്കുന്ന നൂറ് കണക്കിന് ആളുകളെ കുറിച്ച് ആലോചിക്കാനുള്ള നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവെയ്ക്കുന്നു.

ട്രക്കുകളില്‍ നിന്നും ഇഷ്ടികയും സിമന്റും ഉരുക്കുമൊക്കെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നവര്‍, നിര്‍മ്മാണ സ്ഥലങ്ങളില്‍ ഇഷ്ടിക ചുമക്കുന്നവര്‍. നമ്മുടെ താമസ്ഥലത്തിന്റെ മൂലകളില്‍ നിന്ന് നമ്മുടെ കുപ്പായങ്ങള്‍ ഇസ്തിരി ഇടുന്നവര്‍, നമ്മുടെ പൂന്തോട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍, റിക്ഷ വലിക്കുന്നവര്‍, സാധനങ്ങള്‍ ചുമന്നു കൊണ്ട് വരുന്നവര്‍, മുടി മുറിക്കുന്നവര്‍, പ്രദേശത്തെ ചായക്കടകളില്‍ സമൂസയും ജിലേബിയും ചുടുന്നവര്‍.

അവര്‍ ജോലി ചെയ്യുമ്പോള്‍ ഷര്‍ട്ടിടുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അവരുടെ തൊഴിലുകളെ സംബന്ധിച്ചിടത്തോളം ഷര്‍ട്ടിട്ട് ജോലി ചെയ്യുന്നത് ആയാസകരമാണ്. അതുകൊണ്ടു തന്നെ മിക്കപ്പോഴും അവര്‍ ഷര്‍ട്ട് ഊരിമാറ്റുകയും ബനിയനുകളോ അല്ലെങ്കില്‍ കീറിപ്പറിഞ്ഞ ടി-ഷര്‍ട്ടുകളോ ഇട്ടുകൊണ്ട് ജോലി ചെയ്യുകയും ചെയ്യുന്നു.

എന്നാല്‍ ഇതവരുടെ ജോലിയുടെ പ്രാധാന്യം കുറയ്ക്കുന്നില്ല. അവരില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാനാവില്ല. ഉദാഹരണത്തിന്, ബാര്‍ബര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ മീശ പോലും ദിനംപ്രതി താഴോട്ട് തൂങ്ങും; പ്രസംഗങ്ങളിലും പൊതുയോഗങ്ങളിലും നിന്നുമുള്ള അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങള്‍ പരിശോധിച്ചു നോക്കൂ. നമ്മുടെ ഇസ്തിരിക്കാരെയും നമ്മുടെ ഉദ്യാനപാലകരെയും നമ്മുടെ ഉന്തുവണ്ടി കച്ചവടക്കാരെയും തീര്‍ച്ചയായും നമുക്ക് ഓര്‍മ്മ വരും. എന്തിന് നമ്മുടെ പഴയ വസ്ത്രങ്ങള്‍ ശേഖരിക്കുന്നവരെ പോലും ഓര്‍മ്മ വരും.

ഇതുവരെ അദൃശ്യരാണെന്ന് നമ്മള്‍ എന്തുകൊണ്ടോ കരുതിയിരുന്ന ഈ മൂന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴിലാളി വര്‍ഗ്ഗങ്ങള്‍, 'കോളറു'ള്ള മറ്റ് രണ്ട് വിഭാഗങ്ങളെക്കാള്‍ എണ്ണത്തില്‍ വളരെ കൂടുതലാണ്. അവര്‍ നമ്മുടെ ജീവിതങ്ങളില്‍ അത്രമാത്രം കുടുങ്ങിക്കിടന്നിരുന്നതിനാലാണ്, വെറുതെ കിട്ടിയതാണെന്ന് നമ്മള്‍ ധരിച്ചിരുന്നതിനാലാണ് ആ തൊഴിലാളികളെ നമ്മള്‍ ശ്രദ്ധിക്കാതിരുന്നത്. മാത്രമല്ല, അവര്‍ നിശബ്ദരുമായിരുന്നു. അവരാണ് ഇപ്പോള്‍ ശബ്ദം ഉയര്‍ത്തുകയും തങ്ങളുടെ സാന്നിധ്യം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നത്.

നിരവധി പേര്‍ തങ്ങളുടെ കുട്ടികളെ വഹിക്കുന്നു: ആഗ്രയുടെ പ്രാന്തപ്രദേശത്ത് കണ്ട കാഴ്ചയില്‍, ഒരു പെട്ടിക്ക് മുകളില്‍ ഒരു കുഞ്ഞ് അള്ളിപ്പിടിച്ചിരിക്കുന്നു. അഞ്ചൂറ് കിലോമീറ്റര്‍ 'നടത്തം' അതിജീവിക്കാനുള്ള ചക്രങ്ങളൊന്നും ഇതുവരെ ഒരു സാംസൊണൈറ്റും നിര്‍മ്മിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പോലും ആ കാഴ്ച നിങ്ങള്‍ കാണേണ്ടി വരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നഗ്ന നട്ടെല്ലുകളായി ആജീവനാന്തം നടത്തിയ ശാരീകാദ്ധ്വാനത്തിലൂടെ ശക്തരായ അവരില്‍ ചിലര്‍ തങ്ങളുടെ പ്രായമായ മാതാപിതാക്കളെ ചുമലില്‍ തൂക്കിയിരിക്കുന്നു.

ചിലര്‍ വഴിയോരങ്ങളില്‍ പ്രസവിക്കുകയും മറ്റു ചിലര്‍ മരിച്ചുവീഴുകയും ചെയ്യുന്നു. അതിവേഗത്തില്‍ പായുന്ന ട്രക്കുകളും തീവണ്ടികളും ചിലരുടെ മേലേക്ക് പാഞ്ഞുകയറുന്നു. മറ്റ് ചിലര്‍ രോഗികളായി വഴിയില്‍ മൂര്‍ച്ഛിച്ച് വീഴുന്നു. ഉദാഹരണത്തിന്, മുംബൈല്‍ നിന്നും ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറിലെ സ്വവസതിയിലേക്കുള്ള 1,600 കിലോമീറ്റര്‍ ദൂരം നാല് ദിവസം കൊണ്ട് ഒരു ട്രക്കില്‍ സഞ്ചരിച്ച 68-കാരനായ റാം കൃപാല്‍ വീട്ടിലെത്തുന്നതിന് കൈയെത്തും ദൂരത്ത് വച്ച് കുഴഞ്ഞു വീണ സംഭവം ദി പ്രിന്റിന്റെ ജ്യോതി യാദവും ബിസ്മി താഷ്‌കിനും റിപ്പോര്‍ട്ട് ചെയ്തത് വായിക്കുക. ദാഹവും ക്ഷീണവും അദ്ദേഹത്തിന്റെ ജീവനെടുത്തു. മരണശേഷം മാത്രം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊറോണ രോഗം ബാധിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.

നഷ്ടപ്പെട്ട ഈ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ കണ്ടെത്തിയതിന് ശേഷം അവരെ സഹായിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു എന്നത് നല്ല കാര്യമാണ്. എന്നാല്‍ കാര്യങ്ങളെല്ലാം തെറ്റായാണ് നമ്മളെടുക്കുന്നത് എന്നതാണ് മോശം കാര്യം. അവര്‍ ആരാണെന്ന് ഇപ്പോഴും നമുക്ക് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഇതിന്റെ കാരണം. പത്ത് ദശലക്ഷത്തിലേറെ വരുന്ന ഇവര്‍ ആരാണെന്ന് കണ്ടെത്തുന്നതിനായി നമുക്കിടയില്‍ തന്നെ നമുക്കൊരു ചോദ്യോത്തരി പരീക്ഷ നടത്താം.

അവര്‍ വളരെ ദരിദ്രരാണെന്ന് തീര്‍ച്ചയായും നമ്മള്‍ പറയും. അവര്‍ വിശക്കുന്നവരും വീടില്ലാത്തവരും തൊഴിലില്ലാത്തവരും ഒരു വരുമാനവുമില്ലാത്തവരും ചെരുപ്പില്ലാത്തവരും പൊട്ടിത്തകര്‍ന്ന പാദങ്ങളോട് കൂടിയവരും ആശയ്ക്ക് വകയില്ലാത്ത വിധത്തില്‍ ദരിദ്രരുമാണ്. ദൈവത്തിന്റെ വിലകുറഞ്ഞ മക്കള്‍.

എന്നാല്‍ അതൊക്കെ നമ്മുടെ തെറ്റിദ്ധാരണയാണ്. അവരെ കുറിച്ച് നമുക്കുള്ള പൂര്‍ണമായ തെറ്റിദ്ധാരണ മൂലം വളരെ മോശം പരിഹാരങ്ങളാണ് നാം മുന്നോട്ട് വയ്ക്കുന്നത്. ഭക്ഷണ പൊതികള്‍, ഉപയോഗിച്ച വസ്ത്രങ്ങളുടെ ശേഖരണം, അവരെ ഓര്‍ത്ത് വിഷമിക്കല്‍, ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമുള്ള കപടഭാഷണങ്ങള്‍. ഈ ദിവസങ്ങളില്‍ 'ഈ മാരണം പിടിച്ച കൊറോണ വൈറസ്,' എന്ന് പ്രയോഗം പോലെ സാധാരണമാണ് ഒരിക്കലും അവസാനിക്കാത്ത ഈ പലായനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന 'എന്റെ ഹൃദയം തകര്‍ന്നുപോയി' എന്ന പ്രയോഗവും. അങ്ങനെയാണ് കാപട്യം ഉച്ചരിക്കപ്പെടുന്നത്.

പലായനം ചെയ്യുന്ന ഈ തൊഴിലാളികളുടെ മുന്നില്‍ നില്‍ക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുമ്പോഴാണ്, നഗരത്തില്‍ എന്താണ് അവര്‍ ചെയ്തുകൊണ്ടിരുന്നതെന്നും അതില്‍ നിന്നും എന്ത് വരുമാനമാണ് അവര്‍ക്ക് ലഭിച്ചിരുന്നതെന്നും അവരോട് ചോദിക്കുമ്പോഴാണ് നിങ്ങള്‍ എത്രമാത്രം തെറ്റായിരുന്നു എന്ന് മനസിലാക്കുക. ട്രക്കുകളില്‍ സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന കൃത്യമായ ശാരീരിക അദ്ധ്വാനത്തിലൂടെ അവര്‍ക്ക് പ്രതിദിനം 500-നും 1000-ത്തിനും ഇടയ്ക്കുള്ള ഒരു സംഖ്യ ലഭിക്കുന്നു. അവരുടെ ജോലി സമയം തീര്‍ച്ചയായും എട്ട് മണിക്കൂറായിരിക്കണം എന്ന് നിര്‍ബന്ധമില്ല.

'അവിദഗ്ധ തൊഴിലാളികള്‍' എന്ന് നമ്മള്‍ വര്‍ഗ്ഗീകരിക്കുന്ന വിഭാഗത്തെ കുറിച്ചാണ് ഈ പറഞ്ഞത്. തയ്യല്‍, മുടിവെട്ട്, മരപ്പണി തുടങ്ങി എന്തെങ്കിലും തരത്തിലുള്ള പരിശീലനവും നൈപുണ്യവും ലഭിച്ചിട്ടുള്ളവര്‍ക്ക് തീര്‍ച്ചയായും ഇതിലധികം സമ്പാദിക്കാന്‍ സാധിക്കും. മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നത് ഭാഗ്യമായി കരുതുന്ന അനാഥരും പട്ടിണിക്കാരും ആശ്രയമില്ലാത്തവരുമായ മനുഷ്യരല്ല അവര്‍.

അവരില്‍ ഭൂരിപക്ഷവും, ഒരുപക്ഷേ മിക്കവാറും എല്ലാവരും പട്ടിണി കാരണം തങ്ങളുടെ ഗ്രാമങ്ങള്‍ ഉപേക്ഷിച്ചവരല്ല. മെച്ചപ്പെട്ട ഒരു ജീവിതം തേടി നഗരങ്ങളില്‍ എത്തിയവരാണ് അവര്‍.

ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും നഗരങ്ങളില്‍ നിന്നും മഹാനഗരങ്ങളിലേക്കും നടക്കുന്ന രാജ്യത്തിനകത്തുള്ള കുടിയേറ്റവും ഒരു എച്ച്-1ബി വിസയ്ക്ക് വേണ്ടിയും ഗ്രീന്‍ കാര്‍ഡ് വേണ്ടി ഒരു എഞ്ചിനീയര്‍ നടത്തുന്ന കുടിയേറ്റം പോലെ തന്നെ തീവ്രാഭിലാഷ ത്വരയില്‍ നിന്നും ഉണ്ടാവുന്നതാണ്.

നമ്മുടെ മധ്യവര്‍ഗ്ഗ മക്കള്‍ക്കും മരുമക്കള്‍ക്കും ഗ്രീന്‍കാര്‍ഡ് എന്താണോ അത് തന്നെയാണ് പടിഞ്ഞാറന്‍ ബിഹാറിലെയും കിഴക്കന്‍ ഉത്തര്‍പ്രദേശിലെയും ഒഡീഷയിലെയും ജാര്‍ഖണ്ഡിലെയും പശ്ചിമ ബംഗാളിലെയും ഉള്‍ഗ്രാമങ്ങളില്‍ കഷ്ടിച്ച് ഉപജീവനം കഴിക്കുന്ന നാമമാത്ര കര്‍ഷകരുടെ മക്കള്‍ക്ക് നഗരങ്ങളിലെ ശാരീരീക അദ്ധ്വാനത്തിലൂടെ ഒരു ഷിഫ്റ്റിനുള്ള കൂലിയായി ലഭിക്കുന്ന 600 രൂപ. വിശപ്പില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും അനാഥത്വത്തില്‍ നിന്നും രക്ഷപ്പെടാനല്ല അവര്‍ നഗരങ്ങളിലേക്ക് വന്നത്.

നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നതെന്ന് അനുകമ്പ മാറ്റിവച്ച് ക്ഷമയോടെ അവരോട് ചോദിക്കൂ. അവര്‍ സമ്പാദിക്കുന്ന പണം കൊണ്ട് എന്താണ് അവര്‍ ചെയ്യുന്നത്? താഴെ പറയുന്നതിന് സമാനമായ ഉത്തരങ്ങളാവും നിങ്ങള്‍ക്ക് ലഭിക്കുക: "എന്റെ കുടുംബത്തിന്റെയും എന്റെ കുഞ്ഞുങ്ങളുടെയും എന്റെ തന്നെയും ജീവിതനിലവാരം മെച്ചപ്പെടുത്താന്‍. കുറച്ച് മിച്ചം വെക്കാന്‍. ഞാന്‍ ദിവസവും മാറ്റിവെക്കുന്ന കുറച്ച് പൈസ വീട്ടിലേക്ക് അയച്ചു കൊടുക്കും. അതുവഴി എന്റെ കുട്ടികള്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട സ്‌കൂളിലേക്ക് പോകാന്‍ സാധിക്കും."

പലായനം ചെയ്യുന്ന നിങ്ങള്‍ കാണുന്ന ദശലക്ഷങ്ങള്‍ യാചകരല്ല. ഇന്നത്തെ സാഹചര്യത്തില്‍ സ്വയം ബോധത്തിനും ആത്മാഭിമാനത്തിനും ക്രൂരമായി ക്ഷതമേല്‍പ്പിക്കപ്പെട്ട പുതുതലമുറ ഇന്ത്യയിലെ തീവ്രമായ ഉത്ക്കര്‍ഷേച്ഛയുള്ള തൊഴിലാളി വര്‍ഗ്ഗമാണവര്‍.

അവരാണ് നമ്മുടെ കുതിച്ചു ചാടുന്ന സമ്പദ്ഘടന നിര്‍മ്മിക്കുന്നത്. അവരാണ് നമ്മുടെ മിച്ചമൂല്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. ഏതൊരു രാജ്യത്തിലെയും സമൂഹത്തിലെയും ജനങ്ങളുടെ ആ സ്വപ്‌നം, എന്റെ മക്കള്‍ക്ക് എന്നെക്കാള്‍ മെച്ചപ്പെട്ട ജീവിതം ഉണ്ടാവണം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുന്നവര്‍. നമ്മുടെ ജനസംഖ്യ നൈപുണ്യ വിഹിതത്തിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നവരാണ് അവര്‍. നമ്മുടെ കുട്ടികള്‍ ഗ്രീന്‍ വിസയ്ക്കായി മല്ലടിക്കുന്ന രാജ്യത്ത്, അതിനെ അമേരിക്കന്‍ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി ജീവിക്കുന്നവര്‍ എന്ന് വിശേഷിപ്പിക്കും.

നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും വേദനിക്കുന്നുണ്ട്. ആ പന്ത് കൈവിട്ടു പോയി എന്നവര്‍ക്ക് അറിയാം. ഇന്ത്യയിലെ എല്ലാ മൂലകളില്‍ നിന്നും, പ്രത്യേകിച്ചും അവരുടെ വോട്ടര്‍മാരുള്ള ഹിന്ദി ഹൃദയഭൂമിയില്‍ നിന്നും വരുന്ന ചിത്രങ്ങളും ശബ്ദങ്ങളും അവരോട് അത് സംസാരിക്കുന്നുണ്ട്.

തങ്ങളുടെ അക്കൗണ്ടില്‍ കുറച്ച് പണവും അടിയന്തിര സഹായവും മാത്രമേ അവര്‍ക്ക് ആവശ്യമുള്ള എന്ന് വിശ്വസിച്ചവര്‍ക്കും കുടിയേറ്റ തൊഴിലാളികളെ മനസിലാക്കുന്നതില്‍ തെറ്റുപറ്റി. ഈ ദശലക്ഷങ്ങളുടെ വിധി കണക്കാക്കുന്നതില്‍ ഈ ഞെട്ടിപ്പിച്ച, പെട്ടന്നുള്ള അടച്ചുപൂട്ടല്‍ വലിയ പരാജയമായിരുന്നുവെന്നും അതുമൂലം അവരുടെ ജീവിതം പരിപൂര്‍ണമായി തകര്‍ന്ന് തരിപ്പണമായെന്നുമുള്ള വസ്തുത അവരുടെ ശ്രദ്ധയില്‍ വന്നില്ല. ലൂട്യന്‍ സായിപ്പിന്റെ ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ ഈ അടച്ചുപൂട്ടല്‍ ആസൂത്രണം ചെയ്തപ്പോള്‍ 'കോളറില്ലാത്ത' ഈ തൊഴിലാളി വര്‍ഗ്ഗമാണ് വിള്ളലുകള്‍ക്കിടയിലേക്ക് നിപതിച്ചത്.

ഇതെത്ര തെറ്റായാണ് നാം മനസിലാക്കിയത് എന്ന തിരിച്ചറിയുന്നതിനായി നമ്മുടെ വീടിന്റെ മുന്നിലെ സെക്യൂരിറ്റി ജീവനക്കാരനെ ശ്രദ്ധിച്ചാല്‍ മതി. മധ്യവര്‍ഗ്ഗ ഇന്ത്യക്കാരുടെ കിം ജോങ്-ഉന്‍ ആയ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കായി (ആര്‍ഡബ്ലിയുഎ) നിങ്ങളുടെ കോളനികളിലേക്ക് എത്തുന്ന 'അനധികൃത' സന്ദര്‍ശകരെ ആട്ടിയോടിക്കുന്നതിനായി അവര്‍ ഗേറ്റുകള്‍ പൂട്ടുന്നു. പലായനം ചെയ്യുന്ന ജനലക്ഷങ്ങളോടൊപ്പം ഈ കാവല്‍ക്കാര്‍ എന്താണ് വീടുകളിലേക്ക് മടങ്ങാത്തത്? അവരുടെ കുടുംബങ്ങളെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ലേ? വൈറസിനെ അവര്‍ ഭയക്കുന്നില്ലേ? അവര്‍ ദരിദ്രരല്ലേ?

തങ്ങളുടെ വേതനത്തെ കുറിച്ച് അവര്‍ക്കിപ്പോഴും ഉറപ്പുള്ളതുകൊണ്ടാണ്, തങ്ങളുടെ കുടുംബങ്ങളെ ജീവിത്തില്‍ ഒരു പടി മുന്നിലാക്കുന്നതിനാണ് തങ്ങള്‍ നഗരങ്ങളില്‍ വന്നതെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് അവര്‍ ഇപ്പോഴും അവിടെ തുടരുന്നത്. അവരില്‍ ഭൂരിപക്ഷവും രണ്ട് ഷിഫ്റ്റുകളിലും ജോലി ചെയ്യുകയും ഒരു മുറിയില്‍ ഡസന്‍ കണക്കായി തിക്കിത്തിരക്കി ജീവിക്കുകയും വീട്ടിലേക്ക് അയയ്ക്കുന്നതിനായി കിട്ടുന്ന പണം മിച്ചം വെക്കുകയും ചെയ്യുന്നു. അവരുടെ തൊഴിലുടമകള്‍ അവരെ ഉപേക്ഷിച്ചില്ല എന്നത് മാത്രമാണ് മറ്റുള്ളവരില്‍ നിന്നും അവര്‍ക്കുള്ള വ്യത്യാസം. ഏതാനും ദിവസത്തേക്ക് മറ്റുള്ളവര്‍ക്കും ഇതേ ഉറപ്പ് ലഭിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഈ മാനസികാഘാതത്തില്‍ നിന്നും ഇന്ത്യയെ ഈ ആഗോള അവഹേളനത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുമായിരുന്നു.

(ദി പ്രിന്‍റുമായുള്ള കണ്ടന്‍റ് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎസ്എംഎഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories