TopTop
Begin typing your search above and press return to search.

മിസോറാമിലേക്ക് പറഞ്ഞു വിട്ടിട്ട് കുമ്മനംജി എന്തു നേടി? ഗവര്‍ണര്‍മാരെക്കൊണ്ട് ചില 'പ്രയോജനങ്ങള്‍' ഉണ്ടെന്ന് തെളിയിച്ച് ശ്രീധരന്‍ പിള്ള

മിസോറാമിലേക്ക് പറഞ്ഞു വിട്ടിട്ട് കുമ്മനംജി എന്തു നേടി? ഗവര്‍ണര്‍മാരെക്കൊണ്ട് ചില പ്രയോജനങ്ങള്‍ ഉണ്ടെന്ന് തെളിയിച്ച് ശ്രീധരന്‍ പിള്ള

ഗവര്‍ണ്ണര്‍മാരെക്കൊണ്ട് എന്തു പ്രയോജനം എന്ന എഡിറ്റോറിയല്‍ കുറിപ്പ് അഴിമുഖം എഴുതിയത് രാജ് ഭവനെ മറ്റ് പല ആവശ്യങ്ങള്‍ക്ക് (ദുരു)പയോഗിച്ച മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും പിന്നീട് തൊണ്ണൂറാം വയസിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ഗവര്‍ണര്‍ ആയി നിയമിക്കപ്പെടുകയും ചെയ്ത എന്‍ ഡി തിവാരി മുതല്‍ പേരുടെ കഥ പറയാനാണ്. പിന്നീട് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നാണം കെട്ട പരാജയം ഏറ്റുവാങ്ങി രാഷ്ട്രീയത്തില്‍ നിന്നു തന്നെ നിഷ്കാസിതയായപ്പോള്‍ ഒരു ജോബ് റിപ്ലേസ്മെന്‍റ് എന്ന നിലയില്‍ ഷീലാ ദീക്ഷിത് കേരള ഗവര്‍ണ്ണര്‍ ആയപ്പോഴും ഓപ്പറേഷന്‍ കമല പോലുള്ള കുതിര കച്ചവട ഏര്‍പ്പാടിന് വിടുപണി ചെയ്യുന്ന രീതിയിലേക്ക് കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ബിജെപി നിയമിച്ച മറ്റ് സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കൂട്ട് നിന്നപ്പോഴും ഇതേ കുറിപ്പ് ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്താണ് ഗവര്‍ണ്ണര്‍ പദവിയുടെ ലക്ഷ്യം? പലപ്പോഴും എത്രത്തോളം ജനാധിപത്യ വിരുദ്ധമായി രാജ് ഭവനും ആ സംവിധാനവും
മാറാറുണ്ട്? രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടിവരുമ്പോള്‍, പ്രായാധിക്യമാകുമ്പോള്‍ 'ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാന്‍' പറ്റില്ലല്ലോ എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന നിയമനങ്ങളാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഗവര്‍ണര്‍ നിയമനങ്ങളെ കുറിച്ച് പലപ്പോഴും ഉയരാറുണ്ട്. കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് ഭരണകാലത്ത് ഗവര്‍ണ്ണര്‍മാരായി നിയമിക്കപ്പെട്ടിട്ടുള്ളവരുടെ പട്ടിക എടുത്തു നോക്കിയാല്‍ ഈ കാര്യം വ്യക്തമാകും. മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, മുന്‍ മന്ത്രി കെ ശങ്കര നാരായണന്‍ അങ്ങനെ പോകുന്നു പട്ടിക. കോണ്‍ഗ്രസ്സ് ഇപ്പൊഴും ഭരണത്തിലായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി അടക്കം ചിലപ്പോള്‍ ഗവര്‍ണ്ണറായി നാടുകടത്തപ്പെട്ടേനെ.


ഇത്രയും ആമുഖമായി എഴുതേണ്ടി വന്നത് മലയാള മനോരമയില്‍ കണ്ട ഒരു കൊച്ചു വാര്‍ത്തയായിരുന്നു. മിസോറാം ഗവര്‍ണ്ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ "കൊറോണ കവിതകള്‍" എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു എന്നതാണ് ആ വാര്‍ത്ത. സംഭവം നടന്നത് കേരളത്തിലല്ല അങ്ങ് മിസോറാമിലാണ്. തലസ്ഥാനമായ ഐസോളില്‍. മിസോറാം മുഖ്യമന്ത്രി സോറം തങ്കയാണ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കവിതാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. 'റിപ്പബ്ലിക് ഡേ 2020', 'ദസ് സ്പീക്ക്സ് ദി ഗവര്‍ണ്ണര്‍' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. രണ്ടും ഗവര്‍ണ്ണര്‍ പിള്ള എഴുതിയത് തന്നെ. ഗുവാഹാത്തി ചീഫ് ജസ്റ്റീസ് അജയ് ലംബ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴിയാണ് ഈ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്.

എന്താണ് ഇതിന്റെ കൂടുതല്‍ കാര്യങ്ങള്‍ എന്നറിയാനുള്ള കൌതുകത്തില്‍ ഗൂഗിളില്‍ പര
തിയപ്പോഴാണ് ആ അത്ഭുത കൃത്യത്തിന്റെ വിശദ വായന സാധ്യമായത്. ഈ ആറ് മാസത്തെ കൊറോണ കാലത്ത് ഗവര്‍ണ്ണര്‍ സര്‍ എഴുതിയത് ഒന്നും രണ്ടും പുസ്തകമല്ല 13 പുസ്തകങ്ങളാണ്. ഒരു മാസം ശരാശരി രണ്ട് പുസ്തകങ്ങള്‍! ഇത് തീര്‍ച്ചയായും ചിലപ്പോള്‍ ഗിന്നസ് റെക്കോര്‍ഡ് ആയേക്കാം. കേരളത്തിലെ ശ്രീധരന്‍ പിള്ള ഫാന്‍സ് ആ കാര്യത്തില്‍ ഒരു ശ്രദ്ധ പതിപ്പിക്കുമെന്ന് കരുതുന്നു. എന്തായാലും ഈ ഹിമാലയ സംസ്ഥാനത്തിലെ സ്വച്ഛന്ദമായ ജീവിതം എഴുത്തിനും വായനയ്ക്കുമുള്ള 'സുവര്‍ണ്ണാവസര'മാക്കി മാറ്റിയിരിക്കുകയാണ് മുന്‍ കേരള ബിജെപി അദ്ധ്യക്ഷന്‍.


ഇതുവരെയായി 120 പുസ്തകങ്ങള്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള എഴുതിയിട്ടുണ്ട് എന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് പറയുന്നത്. അത് അ
വിശ്വസിക്കേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്. കേരളത്തിലെ ബിജെപി നേതാക്കളില്‍ അത്യാവശ്യം പുസ്തകം മറിച്ചു നോക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ശ്രീധരന്‍ പിള്ള എന്നാണ് കേള്‍വി. മറ്റൊരാള്‍ ആര്‍ എസ് എസ് ബുദ്ധിജീവി സെല്ലിന്റെ അമരക്കാരന്‍ ടി ജി മോഹന്‍ദാസാണ്. പിന്നെ കോഴിക്കോട് ലോ കോളേജിലെ മാഗസിന്‍ എഡിറ്ററായിരുന്നു ശ്രീധരന്‍ പിള്ള എന്നത് എത്ര പേര്‍ക്കറിയാം?

ഗവര്‍ണര്‍ പദവി സ്വീകരിക്കുന്നതിനും കേരളത്തിലെ ബിജെപിയുടെ അമരക്കാരന്‍ ആകുന്നതിനും മുന്‍പ് ശ്രീധരന്‍ പി
ള്ളയുടേതായി പുറത്തിറങ്ങിയ പുസ്തകം 'അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികളാണ്'. അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതാൻ ജനസംഘം, സംഘടനാ കോൺഗ്രസ്‌, സോഷ്യലിസ്റ്റ്, സ്വതന്ത്രപാർട്ടികളുടെ യുവ-വിദ്യാർഥി വിഭാഗങ്ങൾ ചേർന്ന് രൂപവത്‌കരിച്ച ലോക താന്ത്രിക് യുവമോർച്ചയുടെ കേരള സംസ്ഥാന കൺവീനറായിരുന്നു ശ്രീധരന്‍ പിള്ള. എന്നാല്‍ ഈ പുസ്തകം ഒരു അനുഭവ വിവരണം എന്നതിനപ്പുറം ജനാധിപത്യം തടവറയിലായ ഇരുണ്ടകാലത്തെ കുറിച്ചുള്ള വിശകലനം കൂടിയാണ് എന്നാണ് ആസ്ഥാന പുസ്തക നിരൂപകര്‍ പറയുന്നത്.

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്രകുമാര്‍ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ട നേതാവാണ് എം പി വീരേന്ദ്ര കുമാര്‍. മാതൃഭൂമി ബുക്സ് ആണ് മേല്‍ പുസ്തകം പ്രസിദ്ധീകരിച്ചത്.

എന്തായാലും കൊറോണ കാലത്തെ ഏറ്റവും ഉത്പാദന ക്ഷ
മായും സര്‍ഗ്ഗാത്മകമായും മാറ്റിയ മറ്റൊരു വ്യക്തി ഈ ഭാരതഭൂമിയില്‍ ഉണ്ടാവില്ല തീര്‍ച്ച. ലോകത്തെയും രാജ്യത്തെയും കൊറോണ വ്യാപന സ്ഥിതി നോക്കുമ്പോള്‍ അത് കുറച്ചധികം കാലം നീണ്ടു നില്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയെങ്കില്‍ മിസോറാം ഗവര്‍ണ്ണര്‍ സര്‍ എത്ര പുസ്തകം എഴുതും? മിസോറാമിലേക്ക് പറഞ്ഞു വിട്ടിട്ട് കുമ്മനം ജി എന്തു നേടി എന്നു മാത്രമേ ഇത്തരുണത്തില്‍ ചോദിക്കാനുള്ളൂ.

കുമ്മനത്തെ പെട്ടെന്നൊരു ദിവസം തിരിച്ചുവിളിച്ചു രാഷ്ട്രീയ പണി ചെയ്യാന്‍ പറഞ്ഞതു പോലെ ശ്രീധരന്‍ പിള്ളയെയും ബിജെപി കേന്ദ്ര നേതൃത്വം തിരിച്ചുവിളിക്കാതിരിക്കട്ടെ.

പിന്‍മൊഴി: കേരള രാഷ്ട്രീയത്തില്‍ നിന്നുള്ള ആദ്യ കവി ഒന്നുമല്ല പി എസ് ശ്രീധരന്‍ പിള്ള. എഴുതിത്തെളിഞ്ഞ കാവ്യ തിലകമായി മന്ത്രി ജി സുധാകരന്‍ ഇവിടെയുണ്ട്. യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും കവിത പോലെ ചിലത് കുത്തിക്കുറിക്കാന്‍ ഈ കൊറോണക്കാലത്ത് ശ്രമിച്ചിരുന്നു.

Next Story

Related Stories