TopTop
Begin typing your search above and press return to search.

പ്രളയകാലത്ത് കേരളത്തിന്റെ 'പിച്ചച്ചട്ടി'യിൽ മണ്ണുവാരിയിട്ടവര്‍ ഇനി എന്തു പറയും? എവിടെപ്പോയി ഗീര്‍വാണങ്ങള്‍?

പ്രളയകാലത്ത് കേരളത്തിന്റെ പിച്ചച്ചട്ടിയിൽ മണ്ണുവാരിയിട്ടവര്‍ ഇനി എന്തു പറയും? എവിടെപ്പോയി ഗീര്‍വാണങ്ങള്‍?

കോവിഡ്-19 എന്ന മഹാമാരി മരണം വിതയ്ക്കുക മാത്രമല്ല, ലോകത്തെ ഏതാണ്ട് പൂർണമായി തന്നെ ഭീതിയിൽ ആഴ്ത്തിയിരിക്കുന്നു. മാരകമായ കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ ലോക് ഡൗണിനെ തുടർന്നുണ്ടായ അതീവ ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളെ എങ്ങനെ മറികടക്കാം എന്ന ആശങ്കയും ലോകമെമ്പാടും ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഈ വേളയിലാണ് അതിജീവനത്തിന്റെ ഭാഗമായി ഇന്ത്യൻ ഭരണകൂടം വിദേശ രാജ്യങ്ങളിലേക്ക് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചു കൊണ്ട് കൈ നീട്ടുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയെ കൈ അയച്ചു സഹായിക്കണം എന്നും തുക 'പി എം കെയേഴ്‌സ്' എന്ന ഫണ്ടിലേക്ക് അയക്കണം എന്നുമാണ് അഭ്യർത്ഥന. വിദേശ രാജ്യങ്ങളിലെ വ്യക്തികളോടും സംഘടനകളോടുമാണ് കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ഇതിനകം തന്നെ പല വ്യക്തികളും സംഘടനകളും സഹായം വാഗ്‌ദാനം ചെയ്തുകഴിഞ്ഞുവെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ വിദേശ സഹായം തേടുന്ന മോദി സർക്കാരിന്റെ ഈ നടപടി പ്രത്യക്ഷത്തിൽ കടുത്ത പ്രതിസന്ധി ഘട്ടങ്ങളിൽ ഏതു രാജ്യവും സ്വീകരിച്ചേക്കാവുന്ന ഒന്നായി തോന്നിയേക്കാമെങ്കിലും പ്രളയ ദുരന്ത കാലത്തു കേരളത്തിന് വിദേശ രാജ്യങ്ങളിൽ നിന്നും വാഗ്‌ദാനം ചെയ്യപ്പെട്ട സാമ്പത്തിക സഹായം വിലക്കിയ മോദിജി തന്നെയാണ് അന്നു പറഞ്ഞ ന്യായവാദങ്ങൾ പാടെ വിഴുങ്ങിക്കൊണ്ട് ഇപ്പോൾ ഇത്തരം ഒരു നടപടിയിലേക്കു കടന്നിരിക്കുന്നത് എന്നുകൂടി ഓർക്കേണ്ടതുണ്ട്. എന്തൊക്കെ ഗീർവാണങ്ങളായിരുന്നു ആവർത്തിച്ചുണ്ടായ പ്രളയത്തെ തുടർന്ന് തകർന്നു പോയ കേരളത്തിന്റെ 'പിച്ചച്ചട്ടി'യിൽ മണ്ണുവാരിയിടുമ്പോൾ മോദിജിയും അദ്ദേഹത്തിന്റെ സർക്കാരും മുഴക്കിയത്! ഇന്ത്യ ഒരു വൻ ശക്തിയാണെന്നും വിദേശികൾക്ക് മുൻപിൽ സഹായത്തിനായി കൈ നീട്ടുന്നത് ഇന്ത്യയുടെ യശസ്സിന് ചേർന്നതല്ലെന്നും എത്രവലിയ ദുരന്തം ഉണ്ടായാലും അതിന്റെ കെടുതികൾ സ്വയം പരിഹരിക്കാൻ ഇന്ത്യ പ്രാപ്തമാണ് എന്നൊക്കെയായിരുന്നു അന്നത്തെ വീരവാദങ്ങൾ. ഈ വീമ്പു പറച്ചിലുകൾ പാടെ വിഴുങ്ങിക്കൊണ്ടാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വിദേശ രാജ്യങ്ങൾക്കു നേരെ സഹായത്തിനായി കൈ നീട്ടുന്നത്. ഇത് തികഞ്ഞ വിരോധാഭാസം തന്നെ.

കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി ലോക് ഡൌൺ പ്രഖ്യാപിച്ചതിലൂടെ ഉണ്ടാവാൻ ഇടയുള്ള സാമ്പത്തിക നഷ്ടത്തെക്കുറിച്ചു ആശങ്ക വേണ്ടെന്നും പ്രതിസന്ധി മറികടക്കാൻ പോന്ന കരുതൽ ധനം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉണ്ടെന്നുമൊക്കെയുള്ള പ്രഖ്യാപനം വന്നതിനു ശേഷമാണ് ഇപ്പോൾ വിദേശത്തു നിന്നുമുള്ള ധനസമാഹരണം എന്നതും ഓർക്കേണ്ടതുണ്ട്. ഇനി മറ്റൊരു കാര്യം വിദേശത്തു നിന്നും വ്യക്തികളും സംഘടനകളും നൽകുന്ന പണമത്രയും വന്നുചേരേണ്ടതു 'പി എം കെയേഴ്‌സ് ' എന്ന ഫണ്ടിലേക്കാണ് എന്നതാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പിന്നെ കേന്ദ്ര ധനകാര്യ മന്ത്രിയും മാത്രം അംഗങ്ങളായുള്ള ഒരു ട്രസ്റ്റാണ് ഇതിന്റെ നടത്തിപ്പുകാർ എന്നതുമാത്രമല്ല ഇതിന്റെ പ്രവർത്തനം ഒട്ടും സുതാര്യമല്ലെന്ന ശക്തമായ ആക്ഷേപം നിലനിൽക്കുന്നുണ്ടെന്നതു കൂടിയാണ്. കൊറോണയെ ഇന്ത്യ പിടിച്ചുകെട്ടും കൊറോണയെ ഇന്ത്യ അതിജീവിക്കും എന്നൊക്കെ നമ്മുടെ പ്രധാനമന്ത്രി ആവർത്തിക്കുമ്പോഴും ലോക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പോന്ന സഹായമൊന്നും കേന്ദ്ര സർക്കാർ കേരളം അടക്കമുള്ള പല സംസ്ഥാനങ്ങൾക്കും ചെയ്യുന്നില്ല എന്നുള്ള മാധ്യമ വാർത്തകളും പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോൺഫറെൻസിങ്ങിൽ കേരളം അടക്കം നിരവധി സംസ്ഥാനങ്ങൾ സാമ്പത്തിക സഹായ ആവശ്യം ആവർത്തിച്ചിട്ടും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നാണ് വാർത്തകൾ പറയുന്നത്. കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകർക്കുള്ള ധനസഹായമടക്കം ഇതിൽ പകുതിയിലേറെയും നിലവിലുള്ള കേന്ദ്ര പദ്ധതികൾ മാത്രമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത് ആകെ ജി ഡി പി യുടെ അര ശതമാനം മാത്രമാണെന്ന ആക്ഷേപവും ശക്തമാണ്. ജി എസ് ടി കുടിശ്ശിക, കേന്ദ്ര നികുതി വിഹിതം, തൊഴിലുറപ്പു പദ്ധതി വിഹിതം, ദുരിതാശ്വാസ വിഹിതം എന്നിങ്ങനെ വിവിധ വകുപ്പുകളിലായി ശതകോടി രൂപയുടെ കുടിശ്ശികയാണത്രെ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നൽകാനുള്ളത്. കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാന ഭരണകൂടങ്ങളാണ് ഇത്തരത്തിൽ ഒരു ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്. ഇത് ശരിയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് അർഹിക്കുന്ന വിഹിതം പോലും കേന്ദ്ര സർക്കാർ നല്കുന്നില്ലെങ്കിൽ കൊറോണയെ നാം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കും കൊറോണയെ അതിജീവിക്കും എന്നൊക്കെ പറയുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories