TopTop
Begin typing your search above and press return to search.

'സൈനികരുടെ മരണത്തില്‍ സര്‍ക്കാരിനും പട്ടാള നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്'; നെഹ്‌റു നേരിട്ട അതേ പ്രതിസന്ധിയാണ് മോദിയുടേതും

സൈനികരുടെ മരണത്തില്‍ സര്‍ക്കാരിനും പട്ടാള നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്; നെഹ്‌റു നേരിട്ട അതേ പ്രതിസന്ധിയാണ് മോദിയുടേതും

ഗൽവാൻ താഴ്വരയിൽ ചൈനീസ് പട്ടാളക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു കേണലും 19 പട്ടാളക്കാരും കൊല്ലപ്പട്ടതും നിരവധി പേർക്ക് പരിക്കേറ്റതുമായ സംഭവം ഒരു ദേശീയ അപമാനമായി തന്നെ വേണം മനസിലാക്കാൻ.

വിരോധാഭാസമെന്തെന്നാൽ ഇതേ ഗൽവാൻ താഴ്വരയിൽ തന്നെ ഇപ്പോഴത്തെ നിയന്ത്രണ രേഖയിൽ നിന്നും എൺപതു കിലോമീറ്റര് ദൂരത്തു സ്ഥിതി ചെയ്യുന്നസംസംഗ്ലിങ് പ്രദേശത്താണ് 1962 ജൂലൈ നാലിന് 1/8 ഗൂർഖ റൈഫിൾസിനെ പീപ്പിൾസ് ലിബറേഷൻ ആർമി വളയുകയും ഇന്ത്യ യുദ്ധത്തിൽ പരാജയപ്പെടുകയും ചെയ്തത്. അന്ന് മുതൽ തന്നെ ഉപരോധത്തിലിരിക്കുന്ന ഈ സൈനിക പോസ്റ്റ് Mi 4 ഹെലികോപ്ടറുകളുടെ നിരീക്ഷണത്തിലായിരുന്നു. ഒക്ടോബര്‍ നാലാം തീയ്യതിക്കും 12-ആം തിയ്യതിക്കുമിടയിൽ അഞ്ചാം നമ്പര്‍ ജാട്ട് റെജിമെന്റിമെന്റ ഒരു കമ്പനിയെ ഈ പ്ലാറ്റൂൺ തിരിച്ചുപിടിക്കുന്നതിനായി നിയോഗിക്കുകയുണ്ടായി, ഒക്ടോബര് 20-ആം തീയ്യതി ഈ കമ്പനി ഇവിടെ ഏറെ ധീരതയാർന്ന പോരാട്ടം നടത്തുകയുണ്ടായി, ഇതുവരെ ഇവിടെ കൊല്ലപ്പെട്ട 68 പേരിൽ 36 പേരും ഈ പോരാട്ടത്തിനിടയിലാണ് മരിച്ചുവീഴുന്നത്. ആ കാലത്ത് ഈ സൈനിക പോസ്റ്റിലേക്കുള്ള വഴി ഇപ്പോഴുള്ളത് പോലെ ഷൈയോക് നദിയിലൂടെയായിരുന്നില്ല, മറിച്ച് ഹോട്ട്സ്പ്രിംഗ്- കോംഗ്ക ല മേഖല വഴിയായിരുന്നു.1962 ലെ ധീരതയാർന്ന ഈ പോരാട്ടവും ഇപ്പോഴത്തെ ഈ നാണം കേട്ട തർക്കങ്ങളും തമ്മിൽ താരതമ്യം ചെയ്ത നോക്കാം.

ഇപ്പോൾ ഇന്ത്യ-ചൈന അതിർത്തിയിൽ കാണുന്ന ഈ കുഴപ്പത്തിന്റെ തുടക്കം ഏറെ കാലം മുൻപ് തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞ ഏപ്രിൽ അവസാനം മുതൽ തന്നെ ചൈന പടിഞ്ഞാറന്‍ ലഡാക്ക് ഭാഗത്തെ നിയന്ത്രണ രേഖകൾ ലംഘിക്കുകയും കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു, ഇന്ത്യൻ അതിർത്തികളിൽ കുഴപ്പങ്ങളുണ്ടാക്കി അതിർത്തിപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നത് തടയുകയും അതുവഴി ഇന്ത്യയ്ക് മുകളിൽ ആധ്യപത്യം സ്ഥാപിച്ച് അക്സായിചിന്‍ സംരക്ഷിക്കുക എന്നതായിരുന്നു ചൈനീസ് ഉദ്ദേശം. .

ഒട്ടും പ്രൊഫഷനല്‍ അല്ലാത്ത രാഷ്ട്രീയ, സൈനിക പ്രതികരണങ്ങൾ

ചൈനയുമായുള്ള അതിർത്തി തർക്കത്തെ കേന്ദ്ര സർക്കാർ നേരിട്ട രീതി വിചിത്രമാണ് , സർക്കാരിന്റെ ശ്രദ്ധ എപ്പോഴും ആഭ്യന്തര രാഷ്ട്രീയത്തിലായിരുന്നു. നിഷേധാത്മക സമീപനവും വിഷയത്തെ വളച്ചൊടിക്കലുമായിരുന്നു കേന്ദ്രസർക്കാര്‍ ചെയ്തിരുന്നത്.

ഡെപ്സാംഗില്‍ 2013-ലും ചുമ്മാറിൽ 2014 ലിലും ഡോക്ലാമില്‍ 2017 ലും സംഭവിച്ചതുപോലെ, ഈ പ്രതിസന്ധിയും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തുന്ന മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമുള്ള സൈനിക നീക്കമായി കണ്ടു പ്രതിരോധിക്കുന്നതിന് പകരം അതിർത്തി പ്രശ്നമായാണ് സമീപിച്ചത്.

ചൈനീസ് നീക്കങ്ങളിലെല്ലാം പതിയിരുന്ന ആധിപത്യ പ്രവണത ഇന്ത്യ കണ്ടില്ലെന്നു നടിച്ചു പിഎൽഎയുടെ സ്ഥിരം സൈനിക ട്രൂപ്പുകളുടെ വിന്യാസം, ബായ്ക്ക് അപ് എന്ന രീതിയില്‍ കാര്യങ്ങള്‍ സ്വരുക്കൂട്ടിയത്, നിയന്ത്രണരേഖയില്‍ ഉടനീളം നടത്തിയ മുന്‍കരുതല്‍ ഒരുക്കങ്ങള്‍, കടന്നുകയറ്റത്തിന് തെരഞ്ഞെടുത്ത മേഖലകള്‍ - നമ്മുടെ ദൌര്‍ബല്യങ്ങള്‍; കടന്നു കയറിയ മേഖലകളില്‍ ഏറ്റവും ഉയരമുള്ള മേഖലകള്‍ തന്നെ കൈപ്പിടിയിലൊതുക്കല്‍; പക്ഷെ ചൈനയുടെ നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കുകയും വെറും ഭോഷ്ക്കെന്നു പറഞ്ഞു തള്ളിക്കളയാനും മാത്രമാണ് ഇന്ത്യ ശ്രമിച്ചത്.

എന്നാൽ ഈ സമീപനത്തിന്റെ ഫലമായാണ് ഒരു ആർമി കമാന്റിംഗ് ഓഫീസര്‍ തന്റെ കീഴിലുള്ള മുഴുവൻ പട്ടാളക്കാരുടെയും മുന്നിൽ വച്ച് ചൈനീസ് പട്ടാളത്തിന്റെ അടികൊണ്ടു മരിക്കേണ്ടി വരുന്ന സ്ഥിതിയാണ് ഉണ്ടാക്കിയത്. സന്ദർഭത്തിന്റെ ഗൗരവം കണക്കിലെടുത്തു ആവശ്യത്തിനുള്ള സൈനിക സന്നാഹങ്ങൾ ഉപയോഗിക്കുന്നതിന് സർക്കാരിനെ ഉപദേശിക്കുന്നതിൽ മുഴുവൻ സൈനിക കേന്ദ്രങ്ങളും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടേയും കൈകളില്‍ ഈ മരിച്ച സൈനികരുടെ രക്തം പുരണ്ടിരിക്കുന്നു.

1996 ലെ അതിര്‍ത്തി മാനേജ്മെന്റ് കരാറനുസരിച്ച് നിയന്ത്രണരേഖയ്ക്കടുത്തു നടക്കുന്ന സംഘർഷങ്ങളിൽ ആയുധങ്ങൾ ഉപയോഗിക്കതിനു നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്. എന്നാൽ ഈ നിയന്ത്രങ്ങൾ അതിർത്തിലംഘനങ്ങളോ മറ്റു പ്രശ്ങ്ങളോ ഇല്ലാത്ത സമയങ്ങളിൽ നിരീക്ഷണത്തിനു പോകുന്ന സൈനികർക്കുള്ളതാണ്; അല്ലാതെ ഇപ്പോള്‍ സംഭവിച്ചത് പോലെ കടന്നുകയറ്റ മേഖലകളില്‍ നടക്കുന്ന സൈനിക നടപടിയെ ഉദ്ദേശിച്ചുള്ളതല്ല. ആയുധങ്ങള്‍ കൊണ്ടു നടക്കുന്നത് സംബന്ധിച്ച് ഈ രേഖയില്‍ പരാമര്‍ശങ്ങളുമില്ല. എന്ന് മാത്രമല്ല അന്യരാജ്യത്തിന്റെ പട്ടാളക്കാർ സ്വന്തം രാജ്യത്തെ ഭൂമിയോ പട്ടാളക്കാരനെയോ ആക്രമിക്കുവാൻ വരികയാണെങ്കിൽ തന്റെ കയ്യിലുള്ള സർവ്വ സന്നാഹങ്ങളും പീരങ്കിപ്പടയെ വരെ ഉപയോഗിക്കുവാനുള്ള അധികാരം ആ പ്രദേശത്തെ കമാന്‍ഡര്‍ക്കുണ്ട്. എന്നാൽ അതിർത്തി ലംഘനം നടക്കുകയും സംഘർഷം നിലനിൽക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ ആയുധങ്ങൾ ഉപയോഗിക്കേണ്ടതില്ല എന്ന ഉന്നത സൈനികോദ്യഗസ്ഥരുടെ തീരുമാനമാണ് ഈ ദാരുണ സംഭവത്തിലേക് വഴിവച്ചത്.

സംഘർഷം ഒഴിവാക്കുന്നതിനുള്ള സൈനിക കരാറുകളുടെ മറവിൽ ആക്രമണം അഴിച്ചുവിട്ടതിനുള്ള നിരവധി സംഭവങ്ങൾ നമുക്ക് ചരിത്രം പരിശോദിച്ചാൽ കാണാൻ കഴിയും. " ശത്രുവിനെ വിശ്വസിക്കാതിരിക്കുക" എന്നതാണ് പട്ടാളത്തിൽ ചേരാൻ വരുന്ന ഓരോരുത്തർക്കും ലഭിക്കുന്ന ആദ്യ ഉപദേശം.ട്രോയ് യുദ്ധത്തിലെ ട്രോജന്‍ കുതിരയുടെ കഥ ഓരോ കുട്ടിക്കും അറിയാവുന്നതാണെങ്കിൽ കൂടിയും ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യം ഒരുക്കിയ തന്ത്രത്തിൽ വീണുപോയെന്നു വേണം കരുതാൻ.

അതിർത്തി ഭരണവും അതിർത്തി പ്രതിരോധവും രണ്ടും രണ്ടാണ്, ആദ്യത്തേതിൽ നേരിട്ടുള്ള വിന്യാസങ്ങളും താഴ്വരകളിലും പാതകളിലും വെള്ളക്കൊടി ഉയര്‍ത്തുന്നതിലുമൊക്കെ അവസാനിക്കുന്നു എങ്കില്‍ രണ്ടാമത്തേതിനായി നിങ്ങൾ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങൾ മുഴുവൻ കീഴടക്കി സ്വന്തം നിയന്ത്രണത്തിൽ വയ്ക്കേണ്ടതായി വരും. ചൈന കടന്നുകയറിയതിനു ശേഷമോ അതിനു മുമ്പോ സ്വന്തം രാജ്യാതിർത്തിക്കുള്ളിൽ നിൽക്കുന്ന ഉയർന്ന പ്രദേശങ്ങൾ നിയന്ത്രത്തിൽ കൊണ്ടുവരാൻ ഇന്ത്യൻ സൈന്യം ശ്രമിച്ചില്ല എന്ന പർവത പ്രദേശങ്ങളിലെ അതിർത്തി കാക്കുമ്പോൾ പാലിച്ചിരിക്കേണ്ട തങ്ങളുടെ ആദ്യ പാഠമാണ് ഇന്ത്യന്‍ സൈന്യം ലംഘിച്ചത്.

കോംഗ്ക ലാ മോമെന്റ്റ്

സംശയിക്കേണ്ട, ഇത് നരേന്ദ്ര മോദിയുടെ കോംഗ്ക ല സമയമാണ്; 1950-കളില്‍ സാമ്പത്തികവും സൈനികവുമായ സ്രോതസ്സുകളുടെ അഭാവത്തിലും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇന്റലിജിൻസ് ബ്യൂറോ, അസം റൈഫിൾസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് എന്നിവയുടെ സഹായത്തോടു കൂടി സാമ്പ്രദായികമായ 'ഫോർവേഡ് പോളിസി' നടപ്പിലാക്കിയിരുന്നു.

1951-ൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മക്മോഹൻ ലൈൻ വരെയുള്ള പ്രദേശങ്ങൾ അസം റൈഫിൾസിന്റെ സഹായത്തോടെ നെഹ്റു സുരക്ഷിതമാക്കി. അന്നത്തെ സാഹചര്യത്തിൽ ഇത് തീർത്തതും സുപ്രധാനാമായൊരു നേട്ടമായിരുന്നു. എന്തെന്നാൽ തവാംഗിലും ലോഹിത് ഡിവിഷന്റെ പല ഭാഗങ്ങളിലും ടിബറ്റിനായിരുന്നു നിയന്ത്രണം. പടിഞ്ഞാറൻ ഭാഗത്താകട്ടെ ഇന്ത്യയെ പുറത്താക്കി ചൈന അക്സായി ചിൻ പ്രദേശം സ്വന്തമാക്കുകയും സിന്‍ജിയാംഗിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഒരു പാത പണിയുകയും ചെയ്തു.

എന്നാൽ 1959 ആകുമ്പോഴേക്കും ഐ .ബിയെയും സിആർപിഎഫിനെയും ഉപയോഗിച്ച് ബാക്കിയെല്ലാ പ്രദേശങ്ങളിലും ഇന്ത്യയ്ക്ക് സ്വന്തം 'പതാക സ്ഥാപിക്കാന്‍' സാധിച്ചു; ഈ പ്രദശങ്ങളിൽ പലതും ഇന്നത്തെ നിയന്ത്രണ രേഖയുടെ കിഴക്കുഭാഗത്തായിരുന്നു.

ഈയൊരു കാലത്താണ് ഇന്ത്യയുടെ പോലീസ്, സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾ ചൈനീസ് സൈന്യവുമായി നേർക്കുനേർ വരുന്നത്, ഇതേ സമയത്തു തന്നെയാണ്, അതായതു മാർച്ച് 1959-ലാണ് ഇന്ത്യ ദലൈലാമയ്ക്കു രാഷ്ട്രീയ അഭയം നൽകുന്നത്. ഇതോടെ നിലപാട് കടുപ്പിച്ച ചൈന 1959-ൽ തന്നെ ലഡാക്കിനു വേണ്ടി അവകാശവാദമുന്നയിച്ചു. സൈനികമായി ദുർബലമായിരുന്ന ഇന്ത്യയ്ക്ക് യുദ്ധത്തിന് നില്കാതെ കാര്യങ്ങൾ ചർച്ച ചെയ്ത്, നിലനിൽക്കുന്ന അതിർത്തികളിൽ മാറ്റം വരാതെ സംരക്ഷിക്കുക എന്നതായിരുന്നു ഒരേ ഒരു പോംവഴി. യുദ്ധം നടക്കില്ല എന്ന കണക്കുകൂട്ടലിൽ നെഹ്റു ഈ സംഘർഷങ്ങളെ വലിച്ചുനീട്ടി.

1959 ഓഗസ്ത് 25-ആം തീയതി പിഎൽഎ ആസ്സാം റൈഫിൾസിൽ നിന്നുമുള്ള ഒരു പട്ടാളക്കാരനെ യുദ്ധത്തടവുകാരനായി പിടിച്ചുകൊണ്ടുപോയി. ആദ്യത്തെ ആക്രമണം ഉണ്ടാകുന്നത് ലഡാക്കിലെ കോംഗ്ക ല യിലാണ് അതെ വര്‍ഷം ഒക്ടോബർ 21-ആം തിയ്യതി. ഈ സംഭവത്തിൽ ഒൻപതു സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ഏഴുപേരെ യുദ്ധത്തടവുകാരായി പിടിക്കുകയും ചെയ്തു. അതുവരെയ്ക്കും അതിർത്തികളിൽ നടന്നിരുന്ന കാര്യങ്ങൾ ഏറെ രഹസ്യാത്മകമായിരുന്നു എന്ന് മാത്രമല്ല സംഘർഷങ്ങളെ സംബന്ധിച്ച റിപോർട്ടുകൾ നിഷേധിക്കുക എന്നതായിരുന്നു സർക്കാരിന്റെ പതിവ്.

അതിർത്തി സംഘർഷങ്ങളെ സംബന്ധിച്ച വാർത്ത പുറത്തു വന്നതോട് കൂടി ജങ്ങൾക്കിടയിൽ നിന്നും പാർലമെന്റിൽ നിന്നും സർക്കാരിന് നേരെ കടുത്ത സമ്മർദ്ദമുയർന്നു. അതോടുകൂടി പരിഭ്രാന്തനായ നെഹ്റു ചൈന മുന്നോട്ടുവച്ച നിലവിലുള്ള അതിർത്തികൾ തുടർന്ന് പോകുക എന്ന ഹിതകരമായ നിർദേശം തള്ളിക്കളഞ്ഞു. പിന്നീട് എടുത്ത നടപടികൾ മുഴുവൻ യുദ്ധതന്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങൾ അവഗണിച്ചുകൊണ്ട് സംഭ്രമത്തിൽ നിന്നുടലെടുത്തവയായിരുന്നു. അതുവരെ നിലവിലുണ്ടായിരുന്ന പതാക നാട്ടലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഫോർവേഡ് പോളിസിക്ക് പകരംസൈന്യത്തിത്തിന്റെ വിന്യാസത്തെ അടിസ്ഥാനമാക്കിയുള്ള 'ഫോര്‍വാര്‍ഡ് പോളിസി' മുന്നോട്ടുവച്ചു. ഇതാകട്ടെ നയതന്ത്ര സമീപനങ്ങളുടെ പൂർണമായ നിരാകരണമായിരുന്നു. അതോടു കൂടി അപകടകരമായ പ്രദേശത്ത് തങ്ങളേക്കാൾ വലിയൊരു സൈനിക ശക്തിയുമായി യുദ്ധത്തിലേർപ്പെടേണ്ട സാഹചര്യം സംജാതമായി. അതിനാൽ തന്നെ ഈ തീരുമാനം ഇന്ത്യൻ താത്പര്യങ്ങൾക്കു വിനയായി തീരുകയും ചെയ്തു. ഇതിലൂടെ ചൈന സ്വീകരിച്ച തെറ്റായ നയങ്ങളെ ചൂണ്ടിക്കാണിക്കുന്നതിനു പകരം ഇന്ത്യൻ സൈനിക നയങ്ങളുടെ പൊള്ളത്തരങ്ങളിലേക്കു വിരൽ ചൂണ്ടുന്ന ഒരു സംഭവമായി അത് മാറി.

അത്ഭുതകരമെന്നു പറയട്ടെ, ഇപ്പോള്‍ സംഘര്‍ഷമുണ്ടായിരിക്കുന്നതും കോംഗ്ക ല - ഗോഗ്ര - ഹോട്ട് സ്പ്രിംഗ് മേഖലയിലാണ്.

മോദിയുടെ സ്ഥിതിയും ഇപ്പോഴത്തെ സംഘർഷവും

നെഹ്റു നേരിട്ട അതേ പ്രതിസന്ധിയാണ് മോദിയും ഇന്ന് നേരിടുന്നത്. സൈനിക ശക്തിയും സാങ്കേതിക ശാസ്ത്രത്തിലെ കുതിച്ചുചാട്ടവും ചൈനയെ ഇന്ത്യയേക്കാൾ എത്രയോ മടങ്ങു ശക്തമായ ഒരു രാഷ്ട്രമാക്കി തീർത്തിരിക്കുകയാണ്. നെഹ്റുവിനെ പോലെ തന്നെ സൈനിക താത്പര്യങ്ങൾക്കു മുകളിൽ സാമ്പത്തിക താത്പര്യങ്ങൾക്കാണ് മോദിയും ഊന്നൽ നൽകിയിരിക്കുന്നത്. ചൈനയെ നേരിടുന്നതിൽ നയതന്ത്ര നീക്കങ്ങളിലാണ് മോദിയും വിശ്വാസമർപ്പിച്ചത്. അതുകൊണ്ടായിരിക്കണം ഡെപ്സാങ് (രണ്ടാം യുപിഎ) ചുമ്മാർ, ഡോക്ലാം സംഘര്‍ഷങ്ങള്‍ പോലെ ഇതും ഒരു അതിർത്തി നിയന്ത്രണ പ്രശ്നമായി ഈ സർക്കാർ വിലയിരുത്തിരിക്കുന്നത്.

തന്റെ സൈനിക ഉപദേഷ്ടകളിൽ നിന്നുള്ള മോശപ്പെട്ട ഉപദേശവും സാഹചര്യത്തെ തെറ്റായി മനസിലാക്കിയതും മൂലം മോദി, ഉറപ്പായ സൈനിക നീക്കങ്ങൾക്കു മുന്നില്‍ നിരായുധരായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ത്യൻ സൈന്യത്തിന് ക്ഷണിച്ചുവരുത്തുകയായിരുന്നു. ഗൽവാൻ താഴ്വരയിലുണ്ടായ ഇരുപതു പട്ടാളക്കാരുടെ മരണം ഇപ്പോള്‍ പൊതുശ്രദ്ധയില്‍ വന്നിരിക്കുകയാണ്. നിയന്ത്രണ രേഖയില്‍ നടക്കുന്ന കാര്യങ്ങള്‍ രാഷ്ട്രീയപരമായും സൈനികപരമായും ശരിയായ രീതിയിലല്ല എന്ന് ഇന്ത്യക്ക് ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്.

ഇനി മോദിക് തന്ത്രപരമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. രണ്ടു സാധ്യതകളാണ് അദ്ദേഹത്തിന് മുന്നിലുള്ളത് , ഒന്ന് ഇപ്പോൾ നടന്ന സംഘർഷത്തിന്റെ ക്രൂരത ഉയർത്തിക്കാട്ടി, രണ്ടു ഭാഗത്തും നടന്ന മരണങ്ങളുടെ കണക്കുകൾ കാണിച്ചുകൊണ്ട് നയതന്ത്രപരമായി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. ഏപ്രിൽ 2020 വരെ നിലവിലുണ്ടായിരുന്ന അതിർത്തികൾ നിലനിർത്തി നിയന്ത്രണ രേഖ നിര്‍ണയിക്കുക. ചുരുക്കി പറഞ്ഞാൽ 1959-ൽ നെഹ്രുവിനു സാധിക്കാത്തത് ചൈനയിൽ നിന്നും സാധിച്ചെടുക്കുക, യുദ്ധം ഏറ്റവും അവസാനം അവലംബിക്കേണ്ട മാർഗമാണെന്ന് ഏത് വഴക്കാളിക്കും അറിയാവുന്ന കാര്യമാണല്ലോ.

രണ്ടാമത്തെ മാർഗ്ഗം നഷ്ടപ്പെട്ട ദേശീയാഭിമാനം വീണ്ടെടുക്കുന്നതിനായി കാര്‍ഗിലിലേതു പോലെ നിയന്ത്രിതമായ ഒരു യുദ്ധം നയിച്ചുകൊണ്ട് മുകളിൽ പറഞ്ഞ അതേ കാര്യം നടത്തിയെടുക്കുക. കാർഗിലിൽ ചെയ്തത് പോലെ നിയന്ത്രിതമായ സ്ഥലത്തു മാത്രമാണ് യുദ്ധം നടക്കുക എന്ന് പ്രഖ്യാപിക്കുക പക്ഷെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് കരുതിയിരിക്കുക .ഒരു കാരണവശാലും യുദ്ധത്തിന് ധൃതിപിടിക്കാതിരിക്കുക. പ്രതികാരം, പക തുടങ്ങിയ വികാരങ്ങൾ ഒരു സൈനിക തന്ത്രം മെനയുന്നതിനു തടസ്സം നിൽക്കുന്ന കാര്യങ്ങളാണ്. നാം നിശ്ചയിക്കുന്ന ഇടത്തും സന്ദര്‍ഭത്തിലുമായിരിക്കണം യുദ്ധം നടക്കേണ്ടത്, പർവത പ്രദേശങ്ങളിൽ നടക്കുന്ന യുദ്ധങ്ങളിൽ കാലാവസ്ഥയ്ക്കും ഒരു വലിയ പങ്കു വഹിക്കാനുണ്ട്.

പ്രധാനമന്ത്രി, കാര്യങ്ങൾ പുനരാലോചിക്കുന്ന ഈ പരിതസ്ഥിയിൽ രാജ്യം മുഴുവനും അങ്ങയുടെ കൂടെയുണ്ട്, ഒരു വിമുക്ത ഭടൻ എന്ന നിലയിൽ എന്റെ സേവനവും ഞാൻ രാജ്യത്തിന് മുന്നിൽ അർപ്പിക്കുന്നു. ശക്തിയുടെ കാര്യത്തില്‍ തുല്യതക്കുറവുണ്ടെങ്കില്‍ പോലും നമ്മുടെ സൈന്യത്തിന് അവര്‍ ചെയ്യേണ്ടത് എന്താണ് എന്ന് നന്നായറിയാം.

(ദി പ്രിന്റുമായുള്ള കണ്ടന്റ് ഷെയറിംഗ് കരാറിന്റെ അടിസ്ഥാനത്തില്‍ ഐപിഎസ്എം ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


Next Story

Related Stories