TopTop
Begin typing your search above and press return to search.

മോദി സ്വയം തോല്‍പ്പിക്കുന്നതു വരെ കാത്തിരിക്കേണ്ടി വരും; ശേഖര്‍ ഗുപ്ത എഴുതുന്നു

മോദി സ്വയം തോല്‍പ്പിക്കുന്നതു വരെ കാത്തിരിക്കേണ്ടി വരും; ശേഖര്‍ ഗുപ്ത എഴുതുന്നു
ലഡാക്കിലെ ചൈനീസ് 'ഉപരോധം' നൂറു ദിവസം പിന്നിട്ടു. കൊറോണ വൈറസ് പ്രതിസന്ധി തുടങ്ങിയിട്ട് ഇതിപ്പോള്‍ ആറാം മാസം, സാമ്പത്തികമായി വളര്‍ച്ച മുരടിച്ചിട്ട്‌ ഇതിപ്പോള്‍ നാലാമത്തെ വര്‍ഷം. നരേന്ദ്ര മോദിയുടെ വിമര്‍ശകന്‍മാര്‍ ആകെ ഹാലിളകി ഇരിക്കയാണ്. ഇതിന്‍റെയൊക്കെ തിക്താനുഭവങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ എന്താണ് മോദിക്കെതിരെ പ്രതികരിക്കാത്തത്. അവര്‍ക്കിതൊന്നും ഒരു പ്രശ്നമല്ലേ? അതോ മോദി അവര്‍ക്ക് മുകളില്‍...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

ലഡാക്കിലെ ചൈനീസ് 'ഉപരോധം' നൂറു ദിവസം പിന്നിട്ടു. കൊറോണ വൈറസ് പ്രതിസന്ധി തുടങ്ങിയിട്ട് ഇതിപ്പോള്‍ ആറാം മാസം, സാമ്പത്തികമായി വളര്‍ച്ച മുരടിച്ചിട്ട്‌ ഇതിപ്പോള്‍ നാലാമത്തെ വര്‍ഷം. നരേന്ദ്ര മോദിയുടെ വിമര്‍ശകന്‍മാര്‍ ആകെ ഹാലിളകി ഇരിക്കയാണ്. ഇതിന്‍റെയൊക്കെ തിക്താനുഭവങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ എന്താണ് മോദിക്കെതിരെ പ്രതികരിക്കാത്തത്. അവര്‍ക്കിതൊന്നും ഒരു പ്രശ്നമല്ലേ? അതോ മോദി അവര്‍ക്ക് മുകളില്‍ എന്തെങ്കിലും മന്ത്രം പ്രയോഗിച്ചോ? എല്ലാവര്‍ക്കും ഒന്നിച്ചു മറവി ബാധിച്ചത് പോലെ! വല്ല ദുര്‍മന്ത്രവാദവും ആണോ?

എന്നാല്‍ നമ്മള്‍ കേള്‍ക്കുന്നത് ഒരു താരത്തിന്‍റെ മരണവും അയാളുടെ കാമുകിയും ഒക്കെ ചേരുന്ന വിഷയത്തെക്കുറിച്ചാണ്. ഇന്ത്യന്‍ രാഷ്ട്രീയം ഇങ്ങനെയൊക്കെയാണ്. നിങ്ങള്‍ ജനങ്ങളോട് അവര്‍ക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിക്കൂ, അവര്‍ പറയും ഉണ്ടെന്ന്. നിങ്ങള്‍ അതിനു മോദിയെ കുറ്റം പറയുമോ എന്ന് ചോദിച്ചാല്‍ അവര്‍ പറയും, പാവം മോദിജി എന്ത് ചെയ്യാനാണ്! അദ്ദേഹം ആളുകളെ രക്ഷിക്കാനല്ലേ നോക്കുന്നുള്ളൂ. ഈയിടെ രാജ്യത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി കിലോമീറ്ററുകളോളം നടന്നു പോകേണ്ടി വന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറഞ്ഞതുപോലെ. പിന്നെ ചൈനയുടെയും സമ്പദ് വ്യവസ്ഥയുടെയും കാര്യത്തില്‍ എഴുപത് വര്‍ഷമായി കയറിക്കൂടിയ മാലിന്യം വൃത്തിയാക്കാനുണ്ട്. കോണ്‍ഗ്രസ് സമ്മാനിച്ചിട്ട് പോയത് ദുര്‍ബലമായ ഒരു സൈന്യത്തെയാണ്‌. അഴിമതിക്ക് ആദ്യം പരിഹാരം കാണേണ്ടതായി വന്നു. കൊറോണ വൈറസ് വന്നപ്പോള്‍ അദ്ദേഹം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്കുകള്‍ ധരിക്കുക എന്നതും സാമൂഹിക അകലവും നിര്‍ബന്ധമാക്കി. ബോറിസ് ജോണ്‍സണെ പോലെയോ, ഡൊണാള്‍ഡ് ട്രംപിനെ പോലെയോ, ബോല്‍സനാരോയെ പോലെയോ ആ വിഷയത്തെ ചെറുതാക്കി കണ്ടില്ല. വൈറസ് താന്‍ പറയുന്നത് കേള്‍ക്കാത്തതിന് ഇപ്പോള്‍ മോദിയെന്തു പിഴച്ചു?

നിങ്ങള്‍ മോദിയുടെ ഒരു വിമര്‍ശകന്‍ ആണെങ്കില്‍ ഞാന്‍ നിങ്ങളെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കുന്നുണ്ടാകും. അതങ്ങനെയേ വരൂ; യാഥാര്‍ത്ഥ്യം കുറെയേറെ പരുക്കനാണ്. അതു നിങ്ങളെ കൂടുതല്‍ നിരാശപ്പെടുത്തിയേക്കാം. ഇന്ത്യ ടുഡേ നടത്തിയ മൂഡ്‌ ഓഫ് ദി നേഷന്‍ സര്‍വേയ്ക്ക് ഒട്ടേറെ പോരായ്മകള്‍ ഉണ്ടാകാം. പക്ഷേ അതില്‍ ഇന്നേവരെ പറഞ്ഞ കാര്യങ്ങള്‍ പലതും ശരിയാണ്. നമ്മുടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസസ്ഥയുടെയും, ദേശീയ സുരക്ഷയുടെയും, അഖണ്ഡതയുടെയും ഏറ്റവും മോശം അവസ്ഥയിലും ഇപ്പോള്‍ ഈ പകര്‍ച്ചവ്യാധിയുടെ ഈ കാലത്ത് പോലും അവര്‍ മോദിയുടെ സ്വീകാര്യതയെ ഏറ്റവും ഉയര്‍ന്ന പോയിന്‍റിലാണ് പ്രതിഷ്ടി പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്താണ് ഇതിന്‍റെയൊക്കെ അര്‍ഥം?

നിങ്ങള്‍ രാജ്യത്ത് എവിടെയെങ്കിലും ചെന്ന് അപരിചിതരായ ഒരു കൂട്ടം മനുഷ്യരോട് ചോദിക്കുക നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന്? നിങ്ങള്‍ മോദിക്ക് വോട്ട് ചെയ്തതുകൊണ്ട് ദുഃഖിക്കുന്നുണ്ടോ എന്ന്. ഇനിയൊരു തിരഞ്ഞെടുപ്പുണ്ടായാല്‍ നിങ്ങള്‍ ആര്‍ക്കു വോട്ട് ചെയ്യുമെന്ന്. മോദിയല്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ മനസ്സില്‍ ഉണ്ടോ എന്ന്. അവര്‍ നല്‍കുന്ന ഉത്തരങ്ങള്‍ നിങ്ങളെ കൂടുതല്‍ ദേഷ്യപ്പെടുത്തിയാല്‍ എന്നോട് ക്ഷമിക്കുക. അതിനു ഞാന്‍ ഉത്തരവാദിയല്ല. അപ്പോള്‍ ജനങ്ങള്‍ക്ക് ശരിക്കും എന്തെങ്കിലും കുഴപ്പം ഉണ്ടെന്നാണോ? നമുക്കിതിനെ മറ്റൊരു രീതിയില്‍ സമീപിക്കാം. ഒരു മാരക അസുഖം കാരണം ചികിത്സയില്‍ പോകേണ്ടി വന്നാല്‍ ഭൂരിഭാഗം മനുഷ്യരും എന്താണ് ചെയ്യുക? അവര്‍ ഡോക്ടര്‍മാരെ വിശ്വസിച്ചു ചികിത്സ തേടും. കാരണം വെള്ള കോട്ടിട്ട് ചികിത്സിക്കാന്‍ എത്തുന്നത് അവരാണ്. ആശുപത്രി മാറ്റി ചികിത്സിക്കുക എന്നത് അത്ര പ്രായോഗികമായ ഒരു കാര്യമല്ല. ഇത് തന്നെയാണ് ഇപ്പോള്‍ പല കാര്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളും ചെയ്യുന്നത്. അവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.

മോദിയെ എങ്ങനെ തോല്‍പ്പിക്കാം എന്നുള്ള വിഷയത്തില്‍ ഒരുപാട് പണ്ഡിതന്‍മാര്‍ ഇതിനു മുന്‍പും സംസാരിച്ചിട്ടുള്ളതാണ്. അതിനു വേണ്ടി എന്തെല്ലാം ചെയ്യാം, എന്തെല്ലാം ചെയ്യരുത് എന്നൊക്കെയുള്ള കാര്യങ്ങള്‍ പലതും അവര്‍ മുന്നോട്ടു വെച്ചിരുന്നു. പ്രതിപക്ഷത്തെ ഒന്നിച്ചു കൊണ്ടു വരിക എന്നത് ഒരു പഴയ തന്ത്രം ആയിക്കഴിഞ്ഞു. അത് ജനങ്ങളുടെ ഇടയില്‍ ഇത്രയും സ്വീകാര്യനായ ഒരു നേതാവിനെതിരെ വിലപ്പോകുന്ന ഒരു തന്ത്രമല്ല. 1971ല്‍ അന്ന് തനിക്കെതിരെ രൂപപ്പെട്ട മഹാസഖ്യത്തിനെതിരെ ജയിച്ചു കയറിയ ഇന്ദിരാ ഗാന്ധിയെ ഓര്‍മയില്ലേ? മുഴുവന്‍ ഇടതുപക്ഷ, മതേതര വോട്ടുകളെയും ഒരുമിച്ചു കൊണ്ടുവരിക. ഇടതുപക്ഷം എന്ന് പറയുന്നത് ഇന്ന് കുറേയൊക്കെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രയോഗമാണ്. ഇപ്പോള്‍ ആരെങ്കിലും മതത്തെ ഉപയോഗിച്ച് ഒട്ടിച്ചു ചേര്‍ത്തിരിക്കുന്നതിനെ ജാതിയുടെ പേരും പറഞ്ഞു ഭിന്നിപ്പിക്കുക എന്ന ആ രാഷ്ട്രീയം ഇനി വിലപ്പോകുമെന്നു തോന്നുന്നില്ല.

നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയും ആര്‍എസ്എസിന്‍റെ തലവനും ചേര്‍ന്ന് അയോധ്യയില്‍ ഭൂമി പൂജ നടത്തുമ്പോള്‍ രാജ്യത്ത് അസദുദ്ദീന്‍ ഒവൈസി ഒഴികെ മറ്റാരും അതിനെതിരെ കാര്യമായ ശബ്ദമൊന്നും ഉയര്‍ത്തുന്നില്ല എങ്കില്‍ അതിനര്‍ഥം പഴയ, 1989ലെ, മന്ദിര്‍ - മണ്ഡല്‍ സംവാദങ്ങളൊക്കെ പഴംകഥകളായി എന്നതാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം എടുത്തു പരിശോധിക്കുക. ഏതെങ്കിലും ഒരു സംസ്ഥാനത്തു നിന്നും മോദിയെ എതിരിടാന്‍ കഴിയുന്ന ഒരു നേതാവ് പൊന്തി വരുന്നുണ്ടോ? അമരീന്ദര്‍ സിംഗ്, മമതാ ബാനര്‍ജി, ശരി ഒരാളുടെ കൂടി പേരു പറയാന്‍ ഉണ്ടോ? ഇവര്‍ കൂടാതെ ആകെയുള്ള സംസ്ഥാനങ്ങള്‍ തമിഴ്നാടും, കേരളവും, ആന്ധ്ര പ്രദേശും, തെലങ്കാനയുമാണ്. പക്ഷേ അവസാനം പറഞ്ഞ രണ്ടു സംസ്ഥാനങ്ങളില്‍ ഒഡീഷയിലേതു പോലെ ബി ജെപി യുടെ ആശ്രിതര്‍ തന്നെയാണ് അധികാരത്തില്‍ എന്ന് പറയാം.

എന്താണ് മറ്റു സാധ്യതകള്‍? കോണ്‍ഗ്രസിന്‍റെ നേതൃത്വത്തെ മാറ്റി ചിന്തിക്കാം. രാഹുല്‍ ഗാന്ധി പോകട്ടെ, അദ്ദേഹത്തിനു‌ പകരം ആരാണുള്ളത്? ചിലര്‍ രാഹുലിന്റെ സഹോദരി എന്ന് പറയും, ചിലര്‍ പറയും ഗാന്ധി കുടുംബത്തില്‍ നിന്നും ആരും തന്നെ വേണ്ടെന്ന്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ മമത ബാനര്‍ജി, ശരദ് പവാര്‍, വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, സാംഗ്മമാര്‍... ഇവരെയെല്ലാം ചേര്‍ത്ത് കോണ്‍ഗ്രസ്സ് ആകമാനം പുന:ക്രമീകരിക്കപ്പെടണമെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. പക്ഷേ അവര്‍ക്കും ഇതിലൊക്കെ താത്പര്യം ഉണ്ടോയെന്നു നിങ്ങള്‍ അവരോടു ചോദിച്ചോ? ഇനിയുണ്ടെങ്കില്‍ തന്നെ ആരാണ് അവരെ നയിക്കുക? ഇതെല്ലം ഈ സമയത്ത് വെറും മനോരാജ്യങ്ങള്‍ മാത്രമാണ്. ഒരുപാട് ഊഹാപോഹങ്ങളും മോഹങ്ങളും ഉപജാപങ്ങളും എല്ലാം അടങ്ങുന്ന ഒരു സുന്ദര സ്വപ്നം. ഇത് വളരെ സമര്‍ത്ഥരായ ആളുകള്‍ക്ക് പരിചയമുള്ള മറ്റൊരു ആശയത്തിലേക്ക് നമ്മളെ കൊണ്ടുവരുന്നു എന്നാണ് എന്റെ വിശ്വാസം. ഈ കഴിഞ്ഞ ദിവസമാണ് അതെന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അഞ്ചു മാസത്തിനു ശേഷം ഇന്ത്യ ഇന്‍റര്‍നാഷനാള്‍ സെന്‍ററില്‍ പോയപ്പോഴായിരുന്നു അത്. ഒക്കാമിന്‍റെ കത്തി എന്നാണ് അതിന്‍റെ പേര്.

1285 എ ഡിയില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന വില്ല്യം ഓഫ് ഒക്കാം ഈശ്വരവിശ്വാസിയായ ഒരു ആംഗ്ലിക്കന്‍ പാതിരിയായിരുന്നു. ദൈവികമായ അത്ഭുതങ്ങളെ ന്യായീകരിക്കാനും യുക്തിസഹമാക്കാനും അദ്ദേഹം ഒരു സിദ്ധാന്തം വികസിപ്പിച്ചു. അദ്ദേഹത്തിന്‍റെ സിദ്ധാന്ത പ്രകാരം - എന്ത് സംഭവിക്കാം, അല്ലെങ്കിൽ എന്തുകൊണ്ട് സംഭവിച്ചു എന്ന് പ്രവചിക്കാൻ നിരവധി മത്സര സിദ്ധാന്തങ്ങൾ ഉള്ളപ്പോൾ, ഇവയിൽ ഏറ്റവും ലളിതമായത് ശരിയാകും. കുറച്ചും കൂടി ലളിതമാക്കിയാല്‍ ഒരു നിഗമനത്തിലെത്തി ചേരാന്‍ നിങ്ങൾക്ക് വളരെ കുറച്ച് അനുമാനങ്ങൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ എങ്കില്‍; അത് കൂടുതൽ വിശ്വസനീയമായിരിക്കും.

നേരെമറിച്ച്, നിങ്ങൾ വളരെയധികം അനുമാനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് തെറ്റ് പറ്റാന്‍ പോകുകയാണ്. അദ്ദേഹം അടിക്കടി ഈ സിദ്ധാന്തം വളരെ വിജയകരമായി ഭാവി നോക്കുന്നതില്‍ ഉപയോഗിച്ച് പോന്നു, അങ്ങനെയാണ് ഇത് ഒക്കമിന്‍റെ കത്തി എന്നുള്ള വിളിപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഒരു മനുഷ്യന്‍ തന്‍റെ കത്തി എത്ര പ്രാവശ്യം ഉപയോഗിക്കുന്നുവോ അത്രയും തവണ വില്ല്യം ഓഫ് ഒക്കം ഇത് ഉപയോഗിച്ചിട്ടുണ്ട്, അങ്ങനെയാണ് ഈ സിദ്ധാന്തത്തിന് ഈ പേരു വന്നത് എന്ന് കരുതപ്പെടുന്നു.

ഞാനുമായി സംസാരിച്ചുകൊണ്ടിരുന്ന വ്യക്തി ഈ സിദ്ധാന്തത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഭാവിയിലേക്ക് ഒന്ന് പ്രയോഗിച്ചു നോക്കി. ഞങ്ങള്‍ 2024-ല്‍ എന്തുസംഭവിക്കും എന്നായിരുന്നു ആലോചന. അതില്‍ വളരെ കുറച്ചു അനുമാനങ്ങള്‍ മാത്രം വേണ്ടി വന്ന ഒരു നിരീക്ഷണം അടുത്ത തവണയും മോദി തന്നെ മികച്ച ഭൂരിപക്ഷത്തോട് കൂടി അധികാരത്തില്‍ വരും എന്നതായിരുന്നു. മറ്റ് അനുമാനങ്ങള്‍ എല്ലാം തന്നെ ഒക്കമിന്‍റെ സിദ്ധാന്ത പ്രകാരം തെറ്റാകാനാണ് സാധ്യത. ഇത് കേട്ടപ്പോള്‍ ഞാന്‍ ഗൂഗിളില്‍ വീണ്ടും ചില തിരച്ചിലുകള്‍ നടത്തി. ലളിതമായി പറഞ്ഞാല്‍, എല്ലാ അനുമാനങ്ങളെയും മാറ്റി വെച്ച് നമ്മുടെ തന്നെ രാഷ്ട്രീയ ചരിത്രത്തിലേക്ക് നോക്കിയാല്‍ നമുക്ക് മനസ്സിലാകും, ഇന്ത്യയില്‍ ശരിക്കും ജനപ്രീതിയാർജ്ജിച്ച ഒരു നേതാവിനെ ഒരു എതിരാളിക്ക് പരാജയപ്പെടുത്താനാകില്ല. അങ്ങനെയൊരു നേതാവ് സ്വയം പരാജയപ്പെടുകയേ വഴിയുള്ളൂ, 1977ല്‍ ഇന്ദിരയുടെയും 1989ല്‍ രാജീവ്‌ ഗാന്ധിയുടെയും ഉദാഹരണങ്ങള്‍ എടുക്കൂ. 2004 ല്‍ അടല്‍ ബിഹാരി വാജ്പേയി തോറ്റത് പോലും ഒരു എതിരാളിയോടല്ല. അദ്ദേഹത്തിന്‍റെ തന്നെ പാര്‍ട്ടിയുടെ പിടിപ്പുകേടു കൊണ്ടാണെന്ന് മനസ്സിലാകും.

അപ്പോള്‍ മോദിക്ക് പകരം ഒരാളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ എന്താണ് സംഭവിക്കുക? അദ്ദേഹം സ്വയം തോല്‍വി ഏറ്റു വാങ്ങുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുമോ? അല്ലെങ്കിൽ, അഭിലഷണീയമായ ചിന്തകൾക്കപ്പുറത്തേക്ക് പോയി വ്യത്യസ്തമായ, കഠിനമായ എന്തെങ്കിലും ചെയ്യുമോ? ജനകീയനും ശക്തനുമായ ഒരു നേതാവിനോട് പോരാടാനുള്ള മാർഗം വ്യക്തിപ്രഭാവം, അഭിലാഷം, അനന്തമായ ക്ഷമ, ഒരു പുതിയ ആശയം എന്നിവയുള്ള മറ്റൊരു നേതാവിനെ കണ്ടെത്തുക എന്നതാണ്. രാഷ്ട്രീയം ഒരു മെഗാ മാർക്കറ്റ് ആണെങ്കില്‍ നിങ്ങള്‍ക്ക് വ്യത്യസ്തതയാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി വരേണ്ടത് ആവശ്യമാണ്. അതെല്ലാം ഒത്തുചേർന്നില്ലെങ്കിൽ മോദി അജയ്യനാണ്. നിങ്ങളുടെ പ്രിയപ്പെട്ട ദൈവത്തോട് നിങ്ങൾക്ക് പ്രാർത്ഥിക്കാം, നമ്മള്‍ ഇപ്പോൾ പേരു പറഞ്ഞവരെപ്പോലെ അദ്ദേഹം അദ്ദേഹത്തെ തന്നെ പരാജയപ്പെടുത്തുമെന്ന്.

(ദി പ്രിന്റില്‍ പ്രസിദ്ധീകരിച്ച ലേഖനം ഐപിഎംഎസ് ഫൌണ്ടേഷനുമായുള്ള പങ്കാളിത്തപ്രകാരം മലയാളത്തില്‍ പുന:പ്രസിദ്ധീകരിക്കുന്നത്)


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories