TopTop
Begin typing your search above and press return to search.

മോദിക്ക് ഈയാഴ്ച 70 വയസാകും; പക്ഷേ രാജ്യത്തിന്‌ ആവശ്യമുള്ളത് നടപ്പാക്കാന്‍ അദ്ദേഹത്തിന് ഇനിയും സമയമുണ്ട്; ടി.എന്‍ നൈനാന്‍ എഴുതുന്നു

മോദിക്ക് ഈയാഴ്ച 70 വയസാകും; പക്ഷേ രാജ്യത്തിന്‌ ആവശ്യമുള്ളത് നടപ്പാക്കാന്‍ അദ്ദേഹത്തിന് ഇനിയും സമയമുണ്ട്; ടി.എന്‍ നൈനാന്‍ എഴുതുന്നു

നരേന്ദ്ര മോദിക്ക് ഈയാഴ്ച 70 വയസ്സ് തികയും. കഴിഞ്ഞ ആറു വര്‍ഷത്തിനു മുകളിലായി അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. അതിനു മുന്‍പ് പതിമൂന്നു വര്‍ഷത്തോളം മുഖ്യമന്ത്രിയായും ഇരുന്നിരുന്നു. ഗുജറാത്തിന്‍റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. അദ്ദേഹം അവകാശപ്പെടുന്നത് പോലെ ഒന്നുമില്ലെങ്കില്‍ തന്നെയും പല മേഖലകളിലും സംസ്ഥാനത്തിന്‍റെ പ്രകടനം അദ്ദേഹം മികച്ചതാക്കി. അദ്ദേഹം പഴയ പ്രശ്നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ കൊണ്ട് വന്നു. പ്രശ്നങ്ങളെ വ്യക്തതയോടും ഊര്‍ജസ്വലതയോടും കൈകാര്യം ചെയ്തു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് നര്‍മദ നദിയിലെ ജലം ലഭ്യമാക്കിയതും പരുത്തി കൃഷിയില്‍ പുതിയ ഇനം വിളകള്‍ ഉപയോഗിച്ച് ഉത്പാദനം വര്‍ദ്ധിപ്പിച്ചതുമെല്ലാം കാര്‍ഷിക മേഖലയില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനു സഹായിച്ചു. പക്ഷേ, ഗുജറാത്ത് ഇന്‍റര്‍നാഷണൽ ഫിനാൻസ് ടെക്-സിറ്റി പോലെയുള്ള പദ്ധതികള്‍ വളരെ പതിയെയാണ് നീങ്ങിയത്.

ഗുജറാത്തിന്‍റെ മുഖ്യ മന്ത്രിയായി ഇരുന്നതിന്‍റെ പകുതി സമയമേ അദ്ദേഹം ഇന്ത്യയുടെ പ്രധാന മന്ത്രിയായി ഇരുന്നുള്ളു എങ്കിലും ഗുജറാത്തില്‍ വരുത്തിയ മാറ്റങ്ങളേക്കാള്‍ കൂടുതല്‍ അദ്ദേഹം ഇന്ത്യയില്‍ വരുത്തിയിട്ടുണ്ട്. വിന്ധ്യ പര്‍വതത്തിന്‍റെ വടക്കും ഭാഗികമായി തെക്കും നിലനിന്നിരുന്ന രാഷ്ട്രീയത്തിന്‍റെ സ്വഭാവം തന്നെ മാറ്റി; ഭൂരിപക്ഷത്തിന്‍റെ രാഷ്ട്രീയം എന്ന സങ്കല്പം കൊണ്ട് വന്നു. രാമ ജന്മഭൂമി വിഷയത്തിലും (ഒരു പരസ്പര വിരുദ്ധമായ വിധിയില്‍ കൂടി) ജമ്മു കശ്മീരിലും വരുത്തിയ മറ്റങ്ങള്‍ (ഭരണഘടനാ വ്യവസ്ഥകളുടെ ബുദ്ധിപരമായ ഉപയോഗത്തിലൂടെ) രാജ്യത്തിന്‍റെ ഹൃദയ ഭൂമികയില്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കപ്പെട്ടു. അത് കൊണ്ട് പ്രതിപക്ഷത്തിന്‍റെ ഓരോ ആരോപണങ്ങളും മോദിയുടെ നേട്ടങ്ങളാണ്. പക്ഷേ ഭരണകൂടത്തെയും ഭരണഘടന വഴി സ്ഥാപിതമായ സ്ഥാപനങ്ങളെയും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുക എന്നത് ഒരു പരമാധികാര രാജ്യത്തിന്‍റെ ഭരണഘടനയ്ക്ക് മുകളില്‍ നടപ്പാക്കുന്ന ഭീഷണിയാണ്.

സാമ്പത്തിക നയങ്ങള്‍ ഓരോന്നായി ഇപ്പോഴും പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുന്നതേയുള്ളൂ. മോദി തുടങ്ങി വെച്ച സംരംഭങ്ങളെ നമുക്ക് പല വിഭാഗങ്ങളായി തരം തിരിക്കാം. ജീവിതവൃത്തി എളുപ്പമാക്കുന്നതിനും, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനും, പുനർനിർമ്മിക്കാവുന്ന ഊർജ്ജ പദ്ധതികള്‍ക്ക് വേണ്ടിയുമൊക്കെ നടപ്പിലാക്കിയ പദ്ധതികള്‍ പൂര്‍ണതയില്ലാത്തവയാണെങ്കിലും വിജയമായിരുന്നു. എന്നാല്‍ മറ്റു ചില പദ്ധതികള്‍; ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ ഇന്ദ്രധനുഷ് പദ്ധതി, വൈദ്യുതീകരണത്തിനായി നടപ്പിലാക്കിയ 'ഉദയ്' (UDAY) പദ്ധതി, പിന്നെ ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് (GST) ഇവയൊന്നും പ്രതീക്ഷിച്ചതുപോലെ വിജയമായില്ല. ജന്‍ ധന്‍ യോജന, സ്വച്ഛ് ഭാരത്‌, ഉജ്ജ്വല മുതലായവ വിജയകമായ ചില പദ്ധതികള്‍ ആയിരുന്നു. പക്ഷേ താരമ്യേന വലിയ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് നടത്തിയിട്ടുള്ള വലിയ പദ്ധതികള്‍, ഉദാഹരണത്തിന് 2022 ആകുംമ്പോഴേക്കും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തിയ പദ്ധതികള്‍; ഉത്പാദന മേഖലയുടെ വിഹിതം ജിഡിപിയുടെ 15 ശതമാനത്തില്‍ നിന്നും 25 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.

ഈ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടായതിന്‍റെ പിന്നിലുള്ള കാരണം നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളുടെ സങ്കീര്‍ണത അനുസരിച്ച് നമുക്ക് വിശദീകരിക്കാന്‍ സാധിക്കും. ഒരു ഹൈവേ നിര്‍മിക്കുക അല്ലെങ്കില്‍ ഒരു ടോയിലറ്റ് നിര്‍മിക്കുക എന്നത് ഒരു മേഖലയെ ഒന്നടങ്കം മാറ്റത്തിനു വിധേയമാക്കുന്നതിനേക്കാള്‍ എളുപ്പമാണ്. അതിനെക്കാള്‍ പ്രയാസമാണ് സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം മാറ്റി മറിക്കുക എന്നത്. ഒരു മുഖ്യമന്ത്രിക്കുള്ള ചുമതല ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ചെറുതായിരിക്കും. രാഷ്ട്രീയ വിജയങ്ങള്‍ ഒരുപാട് നേടിയിട്ടുള്ള പ്രധാനമന്ത്രിമാര്‍ പോലും സമ്പദ് വ്യവസ്ഥയെ സംബന്ധിക്കുന്ന ഇത്തരം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് മുന്‍പില്‍ തോറ്റു പോകാറുണ്ട്.

അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യ മൂന്ന് വര്‍ഷങ്ങള്‍ മോദിക്ക് ഗുണകരമായിരുന്നു. ഈ സമയത്ത് അന്താരാഷ്ട്ര വിപണിയില്‍ ഓയിലിന് സംഭവിച്ച വിലക്കുറവ് സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കുതിക്കുന്നതിനു സഹായിച്ചിട്ടുണ്ട്. ബാരലിന് 100 യുഎസ് ഡോളര്‍ വിലയുണ്ടായിരുന്ന ഓയില്‍ 2011 - 2014 കാലയളവില്‍ ബാരലിന് 60 യു എസ് ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇത് രാജ്യത്തിന്‍റെ മൊത്ത ഉത്പാദനത്തില്‍ രണ്ടു ശതമാനം വര്‍ദ്ധനവാണ് ഉണ്ടാക്കിയത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്‍റെ അവസാന വര്‍ഷങ്ങളില്‍ 6.4 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് മോദി സര്‍ക്കാരിന്‍റെ ഏറ്റവും നല്ല സമയമായിരുന്ന 2016 - 17 സമയത്ത് 8.3 ശതമാനമായി. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വളര്‍ച്ചാ നിരക്ക് അതിന്‍റെ പകുതിയായി കുറഞ്ഞിരുന്നു. എടുത്തു ചാടിയെടുത്ത ചില തീരുമാനങ്ങള്‍ രാജ്യത്തിനാകെ ദോഷമായി വന്നു: ഇക്കൂട്ടത്തില്‍ ആദ്യത്തേതാണ് നോട്ടു നിരോധനം. പിന്നെ മാര്‍ച്ച്‌ - ഏപ്രില്‍ കാലത്ത് പ്രഖ്യാപിച്ച അപ്രതീക്ഷിതമായ ലോക്ക്ഡൗണ്‍. ഇത് തൊഴിലാളി കുടിയേറ്റം വിപരീത ദിശയില്‍ സംഭവിക്കുന്നതിന് കാരണമാക്കി.

അതിന്‍റെ ഫലമായി രാജ്യത്തിപ്പോള്‍ തൊഴിലില്ലായ്മ രൂക്ഷമായി. കച്ചവട രംഗത്തും ബാങ്കിംഗ് രംഗത്തും ആകെ പ്രതിസന്ധികളാണ്. ജിഎസ്ടി പോലെ സാമ്പത്തിക രംഗത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പല പരിഷ്കാരങ്ങളും ആകെ താറുമാറായി കിടക്കുകയാണ്. രാജ്യത്തിന്‍റെ പുതിയ ലക്ഷ്യമെന്ന വിധത്തില്‍ സ്വയംപര്യാപ്തതയെ ഉയര്‍ത്തി കാട്ടുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമായി എന്നുള്ളതിന്‍റെ തെളിവുകള്‍ ഇനിയും വരാന്‍ ഇരിക്കുന്നതേയുള്ളൂ. ഇതിലെവിടെയോ ഭരണകര്‍ത്താക്കളുടെ കഴിവിന്‍റെ ഒരു ചോദ്യം ഒളിഞ്ഞു കിടക്കുന്നുണ്ട്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമ്പോള്‍ വെറും 'ഹാര്‍ഡ് വര്‍ക്ക്' കൊണ്ടു മാത്രം കാര്യമില്ല.

സബ് ഒപ്റ്റിമല്‍ സാമ്പത്തിക നയങ്ങള്‍ കരുത്തരായ നേതാക്കന്‍മാരുടെ പ്രത്യേകതയാണ്. വ്ലാദിമിര്‍ പുടിന്‍റെ നേതൃത്വത്തിലുള്ള റഷ്യന്‍ സാമ്പത്തിക വ്യവസ്ഥ 2008-ലേതിനെക്കാളും ചുരുങ്ങിയിരിക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ എര്‍ദോഗന്‍ ഭരിക്കുന്ന തുര്‍ക്കിയിലെ കറന്‍സിയുടെ മൂല്യത്തില്‍ 60 ശതമാനം ഇടിവ് സംഭവിച്ചിരിക്കുന്നു. വെനസ്വേല, ബ്രസീല്‍, അര്‍ജന്‍റീന എന്നിവിടങ്ങളില്‍ അധികാരത്തിലേറിയ ഹ്യൂഗോ ഷാവേസ്, ലുല ദ സില്‍വ, പെറോണ്‍ എന്നിവര്‍ തുടക്കത്തില്‍ വിജയം നേടിയ ജനപ്രിയ നേതാക്കന്‍മാരായിരുന്നു. മോദിക്ക് അക്കൂട്ടത്തില്‍ പെടാതെ ഇനിയും മാറി നില്‍ക്കാം. എന്നാൽ മാക്രോ-ഇക്കണോമിക് സൂചികകളും സിസ്റ്റമിക് ബ്ലോക്കുകളും ഇപ്പോൾ അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കൈവശം സമയമുണ്ട്. അദ്ദേഹത്തിനു മുന്‍പ് കാലാവധി പൂര്‍ത്തിയാക്കിയ മൂന്ന് പ്രധാനമന്ത്രിമാരും ആ സ്ഥാനത്തേക്ക് എത്തിയത് അവരുടെ എഴുപതുകളില്‍ ആയിരുന്നു. മോദി അവരെക്കാളും ചെറുപ്പവും ശക്തനുമാണ്. പക്ഷേ രാജ്യം ആവശ്യപ്പെടുന്ന മാറ്റത്തിനാവശ്യമായി വരുന്നത് എന്താണോ അത് അദ്ദേഹം സ്വയം കണ്ടെത്തണം.

(ദി പ്രിന്റുമായുള്ള കണ്ടന്റ് ഷെയറിംഗ് പാര്‍ട്ടണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎസ്എം ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പ്രൈ. ലിമിറ്റഡ് ചെയര്‍മാന്‍

Next Story

Related Stories