TopTop
Begin typing your search above and press return to search.

വീണ്ടും 3 'പി', അഞ്ച് 'ടി'യുമായി മോദി; പ്രാസം ഒപ്പിച്ച് അക്ഷരം പെറുക്കി വയ്ക്കുന്നതല്ല രാജ്യഭരണം

വീണ്ടും 3 പി, അഞ്ച് ടിയുമായി മോദി; പ്രാസം ഒപ്പിച്ച് അക്ഷരം പെറുക്കി വയ്ക്കുന്നതല്ല രാജ്യഭരണം

നരേന്ദ്ര മോദി തന്റെ മികച്ച (അല്ലെങ്കില്‍ മോശമായ) ശബ്ദാവര്‍ത്തനങ്ങളിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ അഞ്ച് 'ഐ'കളെ (Is) കുറിച്ച് അദ്ദേഹം ഈ മാസമാദ്യം കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനോട് സംസാരിച്ചു: ഉദ്ദേശം (Intent), ഉള്‍ക്കൊള്ളിക്കല്‍ (Inclusion), നിക്ഷേപം (Investment), പശ്ചാത്തല സൗകര്യങ്ങള്‍ (Infrastructure), നവീകരണം (Innovation). പിന്നീട് വ്യാഴാഴ്ച മൂന്ന് 'പികളെ' (Ps) കുറിച്ച് അദ്ദേഹം ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിനോട് സംസാരിച്ചു: ജനങ്ങള്‍ (People), ഗ്രഹം (Planet), ലാഭം (Profits).

മോദിയുടെ തുടക്ക വര്‍ഷങ്ങളില്‍ അവതരിപ്പിച്ച മൂന്ന് 'ഡി'കളിലേക്കും (ജനാധിപത്യം (Democracy), ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകള്‍ (Demography), ചോദനം (Demand)) അഞ്ച് 'ടി'കളിലേക്കും (പാടവം (Talent), പാരമ്പര്യം (Tradition), വിനോദസഞ്ചാരം (Tourism), വ്യാപാരം (Trade), സാങ്കേതികവിദ്യ (Technology) തുടങ്ങിയവയുടെ ഓര്‍മ്മകളിലേക്ക് ഇത് നമ്മെ വലിച്ചുകൊണ്ട് പോകുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ചളിപ്പുണ്ടാക്കുന്നത് എന്ന് തന്നെ പറയാവുന്ന 'INCH to MILES: India-China towards a Millennium of Exceptional Synergy' (ഇഞ്ചില്‍ നിന്നും മൈലിലേക്ക്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിവിശിഷ്ട കൂട്ടുപ്രവര്‍ത്തനത്തിന്റെ സഹസ്രാബ്ദത്തിലേക്ക്) എന്ന മന്ത്രവും നമുക്ക് മുന്നിലുണ്ട്.

സാമ്പത്തിക പുനഃരുജ്ജീവനത്തിന്റെ ഇപ്പോഴത്തെ സമീപനത്തിലെ മറ്റ് ഘടകങ്ങളും പഴയകാല വാഗ്ദാനങ്ങളെ ഓര്‍മ്മകളിലേക്ക് മടക്കിക്കൊണ്ടുവരും. അത് പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതായിരിക്കണം അതെന്നും അല്ലാതെ ഉത്തരവിടുകയും നിയന്ത്രിക്കുകയും ചെയ്യുന്നതായിരിക്കരുത് എന്നും മോദി പറയുന്നു. കുറഞ്ഞ സര്‍ക്കാര്‍ ഇടപെടലിനെയും പരമാവധി ഭരണനിര്‍വഹണത്തെയും അത് ഓര്‍മ്മിപ്പിക്കുന്നു. ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള വാക്കുകൊണ്ടുള്ള കളികള്‍ ആരെങ്കിലും വിശ്വസിക്കുമോ? രാഷ്ട്രീയ പ്രഥമാക്ഷര പ്രയോഗങ്ങള്‍ (രാഹുല്‍, സോണിയ, വാദ്ര, പ്രിയങ്ക എന്നിവരെ പരിഹസിക്കാനായി ആര്‍ എസ് വി പി (Please Respond) എന്ന പ്രയോഗം) ചിരിയുണര്‍ത്തിയേക്കാമെങ്കിലും ബാക്കിയുള്ളവയില്‍ മറ്റുള്ളവരെ കോട്ടുവായിടീക്കുന്ന തരത്തിലേക്ക് താഴുന്നതിന്റെ അപകടം പതിയിരിക്കുന്നു. അനുപ്രാസമുള്ള വാക്കുകള്‍ ആര്‍ക്കും കൂട്ടിച്ചേര്‍ക്കാം. എന്നാല്‍, അത് ഗൗരവരതരമായ ചിന്തകള്‍ക്ക് പകരമാവുമോ? സംയോജിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള തന്ത്രം അല്ലെങ്കില്‍ പദ്ധതിക്ക് അവ ഉപയുക്തമാവുമോ? അഞ്ച് ഐകളുടെയും അഞ്ച് ടികളുടെയും ആശയം യഥാര്‍ത്ഥത്തില്‍ ആര്‍ക്കെങ്കിലും മനസിലാക്കാന്‍ സാധിക്കുമോ?

ഇത്തരം പരസ്യവാചകങ്ങള്‍ പവര്‍-പോയിന്റ് പ്രസന്റേഷനാക്കി മാറ്റുന്നതില്‍ ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള ദേശീയ സ്ഥാപനം നീതി ആയോഗ് അതിവിദഗ്ധരായി കഴിഞ്ഞു. ഇരട്ട അക്ക സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള തന്ത്രത്തിന്റെ ഭാഗമായി അത്തരത്തിലുള്ള സ്ലൈഡുകളുടെ ഒരു പാക്കേജ് പ്രദര്‍ശിപ്പിച്ചിരുന്നു. അത് എവിടെയെത്തി എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ പ്രാണനൊമ്പരങ്ങള്‍ നോക്കിക്കാണുമ്പോള്‍ EPI-എവരി പേഴ്‌സണ്‍ ഈസ് ഇംപോര്‍ട്ടന്റ് (ഓരോ വ്യക്തിയും പ്രധാനമാണ്) എന്ന മറ്റൊരു പ്രഥമാക്ഷര പ്രയോഗം തതുല്യമായ രീതിയില്‍ ലജ്ജിപ്പിക്കുന്നതാണ്. മുദ്രാവാക്യം നയം അല്ലെങ്കില്‍ നടപടിയായി മൊഴിമാറ്റപ്പെട്ടത് എവിടെയാണ്? പക്ഷെ, സത്യസന്ധമായി പറയുകയും നല്ല കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നതിനാല്‍, ദേശീയ പാത നിര്‍മ്മാണം, ബാങ്കിംഗ് സൗകര്യ വ്യാപനം, മറ്റ് പരിപാടികള്‍ തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ മോദി സര്‍ക്കാര്‍ മൂന്ന് എസുകളുടെ കാര്യത്തില്‍ (വേഗത (Speed, നൈപുണ്യം (Skill), വ്യാപ്തി (Scale)) കാര്യങ്ങള്‍ നിര്‍വഹിക്കുക തന്നെ ചെയ്തിട്ടുണ്ട്.

വികസനത്തിനായി പരമ്പരാഗത കല/കരകൗശലത്തില്‍ നൈപുണ്യ വികസനവും പരിശീലനവും പരിപാടിക്ക് യുഎസ്ടിടിഎഡി (USTTAD), അല്ലെങ്കില്‍ ഉജ്ജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജനയ്ക്ക് യുഡിഎവൈ (UDAY), തുടങ്ങിയ സര്‍ക്കാര്‍ പരിപാടികള്‍ വിശദീകരിക്കുന്നതിനുള്ള ലളിതമായ ഓര്‍മ്മയുണര്‍ത്തല്‍ മാര്‍ഗ്ഗങ്ങളാണ് പ്രഥമാക്ഷര പ്രയോഗങ്ങള്‍ അല്ലെങ്കില്‍ അക്ഷര സഞ്ചയങ്ങള്‍ ചേര്‍ത്ത പദങ്ങള്‍ സൃഷ്ടിക്കല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിര്‍ഭാഗ്യവശാല്‍, ഡിസ്‌കോമിന്റെ കടം മൂര്‍ദ്ധന്യത്തിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎസ്ടിടിഎഡിയെ കുറിച്ച് ആര്‍ക്കും ഒന്നും അറിയുകയുമില്ല. യഥാര്‍ത്ഥ പരിപാടി ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാകുമെന്നതും അതിനാല്‍ തന്നെ ചിന്തയ്ക്കും പ്രവര്‍ത്തിക്കുമുള്ള മാര്‍ഗ്ഗദീപം എന്ന നിലയിലുള്ള അവയുടെ അര്‍ത്ഥം നഷ്ടപ്പെടും എന്നതുമാണ് സംക്ഷേപങ്ങളും പ്രഥാക്ഷര പ്രയോഗങ്ങളും പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നം. ഉദാഹരണത്തിന് ആരെങ്കിലും സ്മാര്‍ട്ട് (SMART) എന്താണെന്ന് ഓര്‍ക്കുന്നുണ്ടോ? 'Strict and Sensitive, Modern and Mobile, Alert and Accountable, Reliable and Responsive, Techno Savy and Trained, (കര്‍ക്കശവും സചേതനവും, ആധുനികവും ചലനാത്മകവും, ജാഗരൂകവും ചുമതലാപൂര്‍ണവും, വിശ്വസനീയവും പ്രതികരണശേഷിയുള്ളതും, സാങ്കേതിക പരിജ്ഞാനവും പരിശീലനവും) സിദ്ധിച്ച പോലീസ് സേന എന്നതിനായാണ് അത് നിലകൊള്ളുന്നത്.

തീവ്ര ഉത്കര്‍ഷേച്ഛയുള്ള ഒരു സര്‍ക്കാര്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ക്ക് ഒരു പരിതിയുമില്ല. പക്ഷെ, വിഭവങ്ങള്‍ പരിമിതമാണ്. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ സാമ്പത്തിക ശാസ്ത്രം തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടതാണ്. അപ്പോള്‍, രണ്ട് ലക്ഷ്യങ്ങള്‍ തമ്മില്‍ ഒരു പരസ്പര വൈരുദ്ധ്യം ഉടലെടുക്കുമ്പോള്‍ (ഉദാഹരണത്തിന് നിര്‍മ്മാണവും മലിനീകരണ നിയന്ത്രണവും തമ്മില്‍) ഒരു എങ്ങനെ മുന്‍ഗണന നിശ്ചയിക്കും അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തും? ജനം, ഗ്രഹം, ലാഭം (People, Planet, Profit) എന്നത് ഇപ്പോള്‍ ഉചിതമാണെന്ന് തോന്നാം. എന്നാല്‍ ജനങ്ങള്‍ക്കും ഗ്രഹത്തിനും വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ലാഭത്തെ ആക്രമിക്കുകയാണെങ്കില്‍, ആഗ്രഹപൂര്‍ണമായ നിക്ഷേപത്തിന് വേണ്ടി നമുക്ക് വാദിക്കാന്‍ സാധിക്കുമോ? ആഗോള വിതരണ ശൃംഖലകള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ച് മോദി വ്യാഴാഴ്ച പറഞ്ഞെങ്കിലും അതിന് മുമ്പ് പ്രാദേശിക പലചരക്ക് കടകളുടെ സംരക്ഷണം ആവശ്യമായി വരും. മാത്രമല്ല, മേക്ക് ഇന്‍ ഇന്ത്യ നേടിയെടുക്കുന്നതിനായി രൂപകല്‍പന ചെയ്ത തീരുവ വര്‍ദ്ധിപ്പിക്കല്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കും. മാത്രമല്ല, തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുന്നതിനിടയിലും എല്ലാ വ്യക്തിയും പ്രധാനമാണ് എന്ന് പറയുമ്പോള്‍, ആ മുദ്രാവാക്യത്തിന് എന്തെങ്കിലും തരത്തിലുള്ള അര്‍ത്ഥം നല്‍കുന്നതിനായി ധനകാര്യ, സാമ്പത്തിക നയങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുമോ?

ചുരുക്കത്തില്‍, ഒരു നിശ്ചിത സന്ദര്‍ഭത്തിനായി യുക്തമായ ലോകവീക്ഷണവും അതിനോട് കൃത്യമായി ഇണങ്ങുന്ന തരത്തിലുള്ള വ്യക്തമായി നിര്‍വചിക്കപ്പെട്ട മുന്‍ഗണനകളും ആവശ്യമാണ്. മൊത്തം ആഭ്യന്തര ശതമാനത്തിന്റെ എക്‌സ് (X) ശതമാനമാണ് ലഭ്യമായ വിഭവങ്ങളെങ്കില്‍, പ്രതിരോധത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഭൗതീക പശ്ചാത്തല സൗകര്യങ്ങള്‍ക്കുമായി അത് എങ്ങനെ വിനിയോഗിക്കും? വളര്‍ച്ചയ്ക്കുള്ള നിക്ഷേപങ്ങളെ നേരിട്ടുള്ള ക്ഷേമ കൈമാറ്റങ്ങള്‍ (Direct Benefit Transfer) കവച്ച് വയ്ക്കുമോ? സാമ്പത്തികരംഗത്തോടൊപ്പം വിഭവങ്ങളും ഇടിഞ്ഞുതാഴുകയാണെങ്കില്‍, ഒരാള്‍ വിശാലമായ ധര്‍മ്മപ്രഭാഷണങ്ങളിലേക്ക് നീങ്ങുമോ അതോ സൈനീക ഉദ്യോഗസ്ഥര്‍ അവസാനം ചെയ്യുന്നത് പോലെ മുട്ടുമടക്കിയും നിവര്‍ന്നുമുള്ള വ്യായാമത്തിലേക്ക് കടക്കുമോ? മൂന്നാമത്തെ ബഹിരാകാശവാഹിനി പോലുള്ള സ്വപ്‌നലോക സംസാരങ്ങള്‍ക്ക് ഇനി അര്‍ത്ഥമില്ല. ഈ പാതയിലൂടെ ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. പ്രതികിലോമീറ്ററിന് 100 കോടി രൂപ ചിലവ് വരുന്ന അതിവേഗ പാത പദ്ധതിക്ക് പകരം ബെഡ്ഡിന് 50 ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയില്‍ ചിലവ് വരുന്ന ആശുപത്രികള്‍ നിര്‍മ്മിച്ചാല്‍ എന്താണ്? പ്രാസോക്തികള്‍ ഇത്തരം തിരഞ്ഞെടുപ്പുകളുടെ സാധ്യതകളെ ഇല്ലാതാക്കുന്നതാകരുത്.

(ദി പ്രിന്റുമായുള്ള കണ്ടന്റ് പാര്‍ട്ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎസ്എം ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പ്രൈ. ലിമിറ്റഡ് ചെയര്‍മാന്‍

Next Story

Related Stories