മന്മോഹന് സിംഗ് സര്‍ക്കാരിന്റെ ഭരണത്തിന്റെ ഏഴാമത് വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പുറത്തു വിട്ട റിപ്പോര്‍ട്ടുകളാല്‍ അവര്‍ തകരാന്‍ തുടങ്ങിയിരുന്നു. അതിനു ശേഷം ലക്ഷ്യ ബോധം തന്നെ മന്മോഹന് സര്‍ക്കാരിന് നഷ്ടമായിരുന്നു. പക്ഷാഘാതം എന്നായിരുന്നു ആ അവസ്ഥ വിളിക്കപ്പെട്ടത്.
എന്നാല്‍ മറുവശത്ത് നിങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ അതില്‍ നിന്നും കുറെയൊക്കെ വ്യത്യസ്തമാണെന്ന് കാണാം, അവരിപ്പോഴും പുതിയ ഓരോ പദ്ധതികള്‍ നടത്തിയെടുക്കുന്നതിനുള്ള തിടുക്കത്തിലാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പിന്നെയും കുറെ പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പൗരന്മാര്ക്കും പുതിയ മെഡിക്കല്‍ ഐഡി കാര്‍ഡ്, 100 ലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസന പരിപാടി, മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങള്‍ക്കും ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി (ഇതിതിനു മുന്‍പും കേട്ടിട്ടുണ്ടാകാം) അങ്ങനെ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പ്, തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷം, മുന്‍പ് രാജ്യത്ത് നടപ്പിലാക്കിയ സ്വഛ് ഭാരത് അഭിയാനിന്റെ തുടര്‍ച്ചയെന്നോണം രാജ്യത്തെ ഗ്രാമീണ മേഖലകളിലെ മുഴുവന്‍ വീടുകളിലേക്കും പൈപ്പ് വെള്ളം എത്തിക്കുന്നതിനായി ജല ജീവന് മിഷന് എന്ന പദ്ധതി പ്രഖ്യാപിച്ചത്. അതിനോടൊപ്പം ഇന്ത്യയെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 5 ട്രില്ല്യന്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതിനുമുമ്പ്, തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് ധന സഹായം, സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളും പ്രഖ്യാപിച്ചു.
പിന്നെയും നിറയെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്: കല്‍ക്കരി ഖനനം സ്വകാര്യ വല്ക്കരിക്കുക, പുതിയ വിദ്യാഭ്യാസ നയം, സ്വകാര്യ സംരംഭകര്‍ക്കും, കമ്പനികള്‍ക്കും നികുതി നിരക്ക് കുറയ്ക്കല്‍, പുതിയ ടാക്സ് ചാര്‍ട്ടര്‍, ഇറക്കുമതിയിലെ ആശ്രയത്വം കുറച്ചു സ്വയം പര്യാപ്തത നേടുക അതിനോടൊപ്പം കയറ്റുമതിയില്‍ വര്‍ധനവ് സൃഷ്ടിക്കുക എന്നിങ്ങനെ നീളുന്നു പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍. നിരന്തരം പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നതിനാല്‍ അവയേതൊക്കെ എന്ന് മനസ്സിലാക്കുന്നത് തന്നെ പ്രയാസമാണ്, അപ്പോള്‍ പിന്നെ ഇത് എന്ത് മാറ്റമാണ് അവ ജനങ്ങളില്‍ ഉണ്ടാക്കുന്നത് എന്ന് കണ്ടുപിടിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട.
അതുകൊണ്ട് ഈ സര്‍ക്കാരിനു വലിയ സ്വപ്നങ്ങള്‍ ഉണ്ടെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല, പ്രത്യേകിച്ച് ജമ്മു കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിച്ച തീരുമാനം എടുക്കുന്നതിലും രാജ്യത്ത് വിവാദമായ പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസാക്കുന്നതിലും ഇവര്‍ കാണിച്ച തിടുക്കത്തില്‍ നിന്നും അത് വ്യക്തമാണ്. അതുപോലെ തന്നെ വ്യക്തമായ മറ്റൊരു കാര്യം ഈ വികസന രാഷ്ട്രീയ പദ്ധതികളുടെ ലക്ഷ്യവും രാജ്യത്തിന്റെ അടിയന്തരമായ ആവശ്യങ്ങളും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയാണ്.
രാജ്യം അറിയാന്‍ ആഗ്രഹിക്കുന്ന വളരെ പ്രാധാന്യമേറിയ മൂന്ന് കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് മൗനമാണ് ഉത്തരം. പ്രതിരോധച്ചെലവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍, പ്രത്യേകിച്ച് ചൈനയുടെ അപ്രതീക്ഷിതമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍. അല്ലെങ്കില്‍ ആരോഗ്യ ചെലവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍, രാജ്യത്തെ കോവിഡ് സംഖ്യകളുടെ തുടര്‍ച്ചയായ വര്ദ്ധന് ഇന്ത്യയെ പുതിയ കേസുകളുടെ മുഖ്യ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. അതേ സമയം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്നതിനുള്ള ചുമതലയിപ്പോള്‍ മറ്റുള്ളവര്‍ക്കാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിശബ്ദത പാലിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് വിലക്കുറവില്‍ സാനിറ്ററി പാഡുകളെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നത് വിചിത്രമായിരിക്കുന്നു.
ഇവര്‍ക്കിതിന് ഒരു രീതിയുണ്ട്. മോദി ഗൗരവമേറിയ പല വിഷയങ്ങളും കാണാതെ വിടുന്നു. ഇനി ആ വിഷയങ്ങളില്‍ സംസാരിക്കുകയാണെങ്കിലോ, അതൊന്നുകില്‍ അത്തരം പ്രശ്നങ്ങളെ മുഴുവന്‍ അവഗണിച്ചു കൊണ്ടാകാം (ഉദാഹരണത്തിന് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍) അതല്ലെങ്കില്‍ അതുമായി ബന്ധമില്ലാത്ത മറ്റേതെങ്കിലും ചെറിയ വിജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടിയാകാം (ഉദാഹരണത്തിന് കോവിഡ് പ്രതിസന്ധിയുടെ കാര്യത്തില്‍). അതേസമയം, സാധാരണ പൗരന്മാര്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും വലിയ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതും സര്‍ക്കാരിനെ ഫലപ്രദമായി നയിക്കുന്നതിനുമായ പ്രഖ്യാപനങ്ങള്‍ നടത്തുന്ന തിരക്കിലാണ് മോദി. ഇത് മിക്കവാറും, ബുദ്ധിമുട്ടുണ്ടാക്കുന്നതും ഉത്തരം മുട്ടിക്കുന്നതുമായ പ്രശ്നങ്ങളെ കണ്ടില്ലെന്ന് ഭാവിച്ച് ഒരു ശലഭത്തെപോലെ കണ്ണു വെട്ടിച്ചു പറക്കുകയും മറ്റ് വിഷയങ്ങളില്‍ ഊന്നുകയും ചെയ്യുകയെന്നതാണ്. അച്ഛാ ദിന് വരുമെന്ന് വാഗ്ദാനം ചെയ്തതും, സാമ്പത്തിക വളര്‍ച്ചയെ രണ്ടക്കത്തില്‍ എത്തിക്കും എന്ന് പറഞ്ഞതും, 5 ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റും എന്ന് പറഞ്ഞതുമെല്ലാം ഇത്തരത്തില്‍ മറന്നു പോയ ചില പ്രഖ്യാപനങ്ങളില്‍ ചിലതാണ്, ഒപ്പം പുതിയ നയസമീപനങ്ങളിലേക്ക് ശ്രദ്ധ മാറ്റുകയും ചെയ്യുന്നു.
ഇത് വളരെ തന്ത്രപരമായൊരു രാഷ്ട്രീയ നീക്കമാണ്. മാധ്യമങ്ങളുമായുള്ള അര്‍ത്ഥവത്തായ ഇടപെടലുകളുടെ അഭാവത്തില്‍ പ്രസംഗത്തിലൂടെയും ഇവന്റ് മാനേജുമെന്റിലൂടെയും ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കുന്നു. ഇപ്പോഴത്തെ വളര്‍ച്ചാ നിരക്കും വരും കാലത്തെ കൂടുതല്‍ പരിമിതമായ വിഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക നയങ്ങള്‍ പലതും വ്യക്തതയില്ലാത്തതാണ്. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇപ്പോഴുള്ളതിന്റെ അന്‍പത് ശതമാനം കൂടുതല്‍ കടമാണ് രാജ്യത്തിന് തോളിലേറ്റേണ്ടി വരികയെന്നാണ് ലോകബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. അത് സംഭവിക്കാതിരിക്കാൻ സാമ്പത്തിക ചിലവുകൾ ചുരുക്കേണ്ടതായി വരും. എവിടയെങ്കിലും വെച്ച് ഈ പ്രഖ്യാപനങ്ങളും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഏറ്റുമുട്ടും. എങ്കിലല്ലേ കണക്ക് ശരിയാകുകയുള്ളൂ.