TopTop
Begin typing your search above and press return to search.

അമ്മ ദൈവങ്ങളുടെ കേരളം: മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍-13

അമ്മ ദൈവങ്ങളുടെ കേരളം: മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍-13

മനുഷ്യചരിത്രത്തിന്റെ ഏത് ഘട്ടമെടുത്ത് പരിശോധിച്ചാലും, നിലനില്‍ക്കുന്ന ദൈവ സങ്കല്പങ്ങളിലൊക്കെ അമ്മ ദൈവങ്ങള്‍ക്ക് പ്രഖ്യാതമായ സ്ഥാനമാണുള്ളത്. ഈശ്വര വിശ്വാസം പുലര്‍ത്തിപ്പോരുന്നവരെ സംബന്ധിച്ചിടത്തോളം അമ്മ ദൈവങ്ങള്‍ ആശ്രയത്വത്തിന്റെ ഇടങ്ങളാണ്. സാധാരണക്കാരും പണ്ഡിതരും ഒരുപോലെ ഇക്കാര്യത്തില്‍ ബൗദ്ധികവും വൈകാരികവുമായ അന്വേഷണങ്ങളില്‍ ഏര്‍പ്പെടുകയും ഓരോരുത്തരുടേയും തലങ്ങളില്‍ മനന നിഗമനങ്ങളിലും എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ഇക്കാലത്തും സജീവമായ അന്വേഷണങ്ങള്‍ നടക്കുന്നു. സാറാ കാള്‍ഡ്വെല്ലിനെപ്പോലുള്ള പാശ്ചാത്യരൊക്കെ ഇക്കാര്യത്തില്‍ ഏറെ പഠനങ്ങള്‍ നടത്തിയിട്ടുമുണ്ട്. രൂപമെടുത്തതും അല്ലാത്തതുമായ 'ദൈവ'ങ്ങളുടെ പിന്നാലെയുള്ള വലിയ ഒഴുക്കിനു നാം ദിനേന സാക്ഷികളുമായി തീരുന്നുമുണ്ട്. മനുഷ്യദൈവങ്ങളില്‍ തന്നെ സ്ത്രീകള്‍ക്കാണ് വിപുലമായ സ്വീകാര്യതയും അംഗീകാരവും ലഭിക്കുന്നതെന്നും നാം കാണുന്നു. അത്തരം ദൈവബിംബങ്ങളിലേക്കോ അതിന്റെ യുക്തിപരതയിലേക്കോ അല്ല, അമ്മ ദൈവങ്ങളുടെ സ്വത്വരൂപീകരണവും അവ വിവിധ കാലങ്ങളില്‍ എപ്രകാരം സമൂഹത്തില്‍ സ്വാധീനത ചെലുത്തി എന്നുമുള്ള അന്വേഷണമാണ് ഇവിടെ നടത്തുന്നത്.

ഇക്കാലത്ത് പൊതുവില്‍ ലോകമെങ്ങും കാണുന്നത് പിതൃദായ കുടുംബ വ്യവസ്ഥയാണെങ്കിലും മനുഷ്യരുടെ ആദ്യത്തെ കുടുംബ വ്യവസ്ഥയും സാമൂഹിക ക്രമവും മാതൃദായത്തിന്റേതായിരുന്നു. ലോക സംസ്‌കാരങ്ങളിലേറേയും മാതൃദായക്രമമാണ് ആദ്യകാലത്ത് അവലംബിച്ചതെന്ന് കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് പൊതുവെ ഒരേ അഭിപ്രായമാണുള്ളത്. വിവാഹരഹിതമായ ലൈംഗികതയും പ്രജനന പ്രക്രിയയും നിലനിന്ന ജീവിത വ്യവസ്ഥ പ്രാക്തന കാലത്ത് സാധാരണമായിരുന്നു. സ്ത്രീയും പുരുഷനും സാമൂഹികമായും ലൈംഗികമായും സ്വതന്ത്രരായിരുന്നു. പുരുഷന് സ്ത്രീകളുടെ മേല്‍ സാമ്പത്തികാധികാരമില്ലായിരുന്നുവെന്ന കാര്യം ഏറെ സാമൂഹ്യശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും പല കാലങ്ങളിലായി വിശദീകരിച്ചിട്ടുണ്ട്.

ഇത്തരം സമൂഹങ്ങളെ സ്വാഭാവിക സമൂഹ (natural society)ങ്ങളെന്ന് അവര്‍ വിലയിരുത്തി. പിതൃദായ ക്രമത്തെ അസ്വാഭാവിക സമൂഹ (unnatural society) മെന്നും. മാതൃദായ സമൂഹത്തില്‍ പരസ്പരാഭിനിവേശങ്ങളും ബന്ധങ്ങളും നിലനില്‍ക്കെ തന്നെ സ്ത്രീപുരുഷന്മാര്‍ക്ക് പരബന്ധങ്ങള്‍ സാധ്യമായിരുന്നു. അത്തരം സമൂഹക്രമങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ സ്ത്രീകളുടെ യജമാനന്മാരോ കുട്ടികളുടെ രക്ഷാധികാരികളോ ആയിരുന്നില്ല. മറ്റൊരാള്‍ സ്വീകരിച്ച സ്ത്രീയെ പ്രാപിക്കാന്‍ പുരുഷനോ അങ്ങനെയുള്ള പുരുഷനെ സ്വീകരിക്കാന്‍ സ്ത്രീക്കോ വൈമുഖ്യം ഏതുമുണ്ടായിരുന്നുമില്ല. ഒരേ സമയം പലരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീക്കും പുരുഷനും അവകാശമുണ്ടായിരുന്നു.

ഇത്തരത്തിലുള്ള സ്ത്രീ കേന്ദ്രിതമായ സാമൂഹ്യക്രമങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു അമ്മ ദൈവ സങ്കല്പം. സംസ്‌കാരം എന്ന വിപുലാര്‍ഥത്തില്‍ പ്രയോഗത്തിലുള്ള സങ്കല്പം കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണെന്ന് കാണാനാവും. cultus എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് culture എന്ന ഇംഗ്ലീഷ് പദം രൂപപ്പെടുന്നത്. നിലം ഉഴുത് മറിയ്ക്കുക, കൃഷി ചെയ്യുക എന്നി അര്‍ഥങ്ങളാണ് cultus എന്ന ലാറ്റിന്‍ പദത്തിനുള്ളത്. കൃഷിയും കൈത്തൊഴിലുകളും പാചകകലയും കണ്ടുപിടിച്ചത് സ്ത്രീകളാണെന്നാണ് നിഗമനം. കാര്‍ഷിക സംസ്‌കാരം സ്ത്രീ പ്രഭവമാണെന്ന ചിന്തയും പരക്കെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്‌കൃതത്തില്‍ കൃഷി ശബ്ദം തന്നെ സ്ത്രീ ലിംഗമാണ്. ആഹാര സമ്പാദനവും ഉത്പ്പദനവും ശേഖരണവും വിതരണവും സ്ത്രീകള്‍ക്കായതിനാലാവണം പ്രാചീന ഗോത്ര സമൂഹങ്ങള്‍ സ്ത്രീകേന്ദ്രിത ജീവിതം നയിച്ചിരുന്നത്. വസ്ത്ര-പാത്ര നിര്‍മാണങ്ങള്‍, കരകൗശല വേലകള്‍, പണിയായുധങ്ങള്‍ തുടങ്ങിയവയൊക്കെ വികസിപ്പിച്ചതും സ്ത്രീകളാണെന്നാണ് കരുതുന്നത്. കാര്‍ഷിക സമൂഹങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ദായക്രമങ്ങളും പാരമ്പര്യവിധികളുമൊക്കെ സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു. ഇവിടെ നിന്നാവണം അമ്മ ദൈവങ്ങളുടെ ഊരുവം.

ഭക്ഷ്യോല്‍പ്പാദനവും സന്താനോല്‍പ്പാദനവുമാണ് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനാധാരമായിട്ടുള്ളത്. സ്ത്രീയുടെ ജനനേന്ദ്രീയത്തെ വിളഭൂമിയായിട്ടും ജീവദായകശക്തിയുടെ ചിഹ്നമായും വിഭാവനം ചെയ്തുകൊണ്ടുള്ള പൂജാവിധികള്‍ പ്രാക്തന കാലം മുതല്‍ തന്നെ പ്രചുരപ്രചാരത്തില്‍ ഉണ്ടായിരുന്നുവെന്ന് കാണാം. "കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠിതയ്ക്കും സ്ത്രീയുടെ പ്രജനനശേഷിക്കും അഭേദം കല്‍പ്പിച്ചതോടെ കാര്‍ഷികാനുഷ്ഠാനങ്ങള്‍ സ്ത്രീകേന്ദ്രിതമായി തീരുകയാണ് ചെയ്തത്. "സംസ്‌കൃതത്തില്‍ 'ക്ഷേത്രം' എന്ന പദത്തിന് ധാന്യങ്ങള്‍ ഇതില്‍ വസിക്കുന്നു എന്നും പത്‌നിയുടെ ശരീരം എന്നും അര്‍ഥമുള്ളതായി ഡോ. എ. സോമന്‍ 'അമ്മ ദൈവവും സംസ്‌കാരവും' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആദിമാതാവായും കൃഷിദേവതയായും സ്ത്രീ ആരാധിക്കപ്പെട്ട് തുടങ്ങിയതോടെ അമ്മ ദൈവാരാധനയും കാര്‍ഷികാനുഷ്ഠാനങ്ങളും പരസ്പരപൂരകങ്ങളായി തീര്‍ന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പ്രാക്തന കാലത്തെമനുഷ്യര്‍ ചുറ്റുപാടുകളുമായുള്ള ജൈവത്തായ ബന്ധത്തില്‍ ഊന്നുകയും എല്ലാത്തിനേയും പരസ്പരാശ്രിതവും വിശ്വസ്തവുമായ ഒരു ജീവിത വ്യവസ്ഥയുടെ ഭാഗമായി കാണുകയും ചെയ്തിരുന്നു. അത്തരം ഒരു ബന്ധ നിര്‍ദ്ധാരണത്തിന്റെ ഭാഗമായി രൂപപ്പെട്ടതാകണം അമ്മ ദൈവ വിശ്വാസവും എന്ന നിഗമനത്തില്‍ എത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. അമ്മ ദൈവാരാധനയ്ക്കു മനുഷ്യോല്‍പ്പത്തിയോളം പഴക്കമാണ് ചരിത്ര ഗവേഷകര്‍ കല്പിക്കുന്നത്. ആദി മാതൃരൂപമായിട്ടാണ് അതിനെ പരിഗണിച്ച് വരുന്നത്. ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ ദൃശ്യമായിട്ടുള്ള എല്ലാ സംസ്‌കാരങ്ങളിലും അമ്മ ദൈവാരാധന മുഖ്യപ്രവണതയാകുന്നു. മാതൃകേന്ദ്രിതമായ കുടുംബ സംവിധാനത്തില്‍ നിന്നു രൂപപ്പെട്ട അമ്മയുടെ അധീശത്വം മാതൃപൂജയിലേക്ക് പരിണമിച്ചതാണെന്നു കരുതുന്ന നരവംശ ശാസ്ത്രജ്ഞര്‍ ഏറെയുണ്ട്.

ലോകത്തെവിടേയും കാണുന്ന മാതൃദേവതകളില്‍ ഏറെ സാമ്യതകളും നമുക്ക് കാണാനാകും. അമ്മ ദൈവങ്ങളില്‍ ഏറിയ പങ്കും കന്യാമറിയത്തെപോലെ ഒരേ സമയം കന്യകയും അമ്മയുമായിരിക്കും. ഈ ദ്വന്ദ്വം അമ്മ ദൈവങ്ങളുടെ സൃഷ്ടി ചോദനയിലേക്ക് നയിക്കുന്നു. കാറ്റിനേയും മഴയേയും ഇടിയേയും മിന്നലിനേയും അടക്കമുള്ള എല്ലാ പ്രകൃതി പ്രതിഭാസങ്ങളേയും ആരാധിക്കുമ്പോഴും അവയ്ക്ക് ഒരു ഉല്‍പ്പത്തി കേന്ദ്രം ഉണ്ടായിരിക്കാമെന്ന ചിന്തയാവണം അമ്മ ദൈവാരാധനയ്ക്കു കാരണമായി തീര്‍ന്നിട്ടുണ്ടാവുക. അതെന്തായാലും നാം മനസ്സിലാക്കിയ കാലത്തോളം തന്നെ പഴക്കം അമ്മ ദൈവങ്ങള്‍ക്കുണ്ട്. എല്ലാ ദേവതകളുടേയും മാതാവായി ഈ ദൈവത്തെ കാണുന്നു. ഭൂമിയേയും പ്രകൃതിയേയും മാതൃബിംബത്തിലേക്ക് ആരോപിച്ച് ബിംബവത്ക്കരിച്ച് ആരാധിക്കാന്‍ ആരംഭിച്ചതോടെ പില്‍ക്കാലത്ത് അമ്മ ദൈവം മതാത്മകവും സാംസ്‌കാരികവുമായ ചിഹന്മായി മാറി.

മാതൃസങ്കല്പം ചിലപ്പോള്‍ ഉര്‍വരാരാധനയുടേയും മറ്റു ചിലപ്പോള്‍ സൃഷ്ടിയുടേയും സംഹാരത്തിന്റേയും ഒക്കെ പ്രാതിനിധ്യം വഹിക്കുന്നു. വൈരത്തിന്റേയും ഇഷ്ടത്തിന്റേയും കരുണയുടേയും സ്‌നേഹത്തിന്റേയും ഒക്കെ ഭിന്ന തലങ്ങളില്‍, ഭിന്ന രൂപപ്രതിബിംബങ്ങളില്‍ അമ്മ ദൈവത്തെ സങ്കല്പിയ്ക്കുകയും ആരാധിക്കുകയും ചെയ്തു. അമ്മ ദൈവത്തിന്റെ പങ്കാളി ആകാശമാകുന്നു. ആകാശമാകട്ടെ സൂര്യനേയും മഴയേയും പ്രകൃതി പ്രതിഭാസങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. അമ്മ ദൈവാരാധന അതുകൊണ്ടു തന്നെ, ആകാശവും ഭൂമിയുമായുള്ള പാരസ്പികതയേയും സൂചിപ്പിക്കുന്നു. ആദികാല മാതൃരൂപങ്ങളെല്ലാം തന്നെ വിഗ്രഹരഹിത വനരൂപങ്ങളായിരുന്നുവെന്നു കാണാം. ജല ദേവതമാരെപ്പോലെ ചുരുക്കം അപവാദങ്ങളൊഴിച്ചാല്‍. ക്രമേണ അവ ചുരുങ്ങി ചുരുങ്ങി കുറ്റിച്ചെടികള്‍ മാത്രമായി മാറിയെങ്കിലും ഇത്തരം കാവുകള്‍ വനത്തിന്റെ പ്രതിബിംബങ്ങളോ വനങ്ങളോ ആയിട്ടാണ് കരുതപ്പെടുന്നത്. അമ്മ ദൈവങ്ങളെ സംബന്ധിച്ച പ്രാചീന സങ്കല്പമനുസരിച്ച് വിഗ്രഹത്തിനു മുകളില്‍ മേല്‍പ്പുര പാടില്ല.

കാര്‍ഷിക സംസ്‌കാരവും കേരളത്തിലെ അമ്മ ദൈവാരാധനയും

കാര്‍ഷിക സംസ്‌കാരവും അമ്മ ദൈവാരാധനയും ആഴത്തില്‍ വേരൂന്നിയും കെട്ടുപിണഞ്ഞും കിടക്കുന്ന കാര്യം നേരത്തെ സൂചിപ്പിച്ചു. മനുഷ്യരുടെ നായാട്ടുജീവിത കാലത്തെ ജന്തുദൈവങ്ങളെ കാര്‍ഷിക ദേവതാസങ്കല്പങ്ങളുമായി കൂട്ടിയോജിപ്പിക്കപ്പെടുകയായിരുന്നു. ഗോത്ര ജനസമൂഹം കാര്‍ഷിക ജനസമൂഹമായി രൂപപ്പെട്ടപ്പോള്‍ ആചാരാനുഷ്ഠാനങ്ങളും അത്തരത്തില്‍ പരിഷ്‌ക്കരിക്കപ്പെട്ടുവെന്ന് കാണാനാകും. ഭൂമിയും പ്രകൃതിയും എല്ലാ ചരാചരങ്ങളുടേയും മാതാക്കളാണ്, പ്രജനനശക്തിയുടെ പ്രത്യക്ഷ രൂപങ്ങളാണ്, അന്ന ദാതാക്കളാണ് എന്നി സങ്കല്പങ്ങള്‍ ഭൂമാതൃദേവതാരാധനയ്ക്കും അമ്മ ദൈവസങ്കല്പങ്ങള്‍ക്കും അടിസ്ഥാനമായിത്തീര്‍ന്നതായി സാംസ്‌കാരിക പഠിതാക്കള്‍ വിശദീകരിക്കുന്നു. അമ്മ ദൈവങ്ങളെ കൂടാതെ കൊയ്ത്തുമാതാവ്, ധന്യമാതാവ്, മഹാമാതാവ്, മുത്തശ്ശി തുടങ്ങിയ മാതൃസങ്കല്പങ്ങളും പണ്ടുകാലം മുതല്‍ തന്നെ നിലവിലുണ്ടായിരുന്നു.

ഭാരതവും കേരളവും ഇതിന് ഒരു തരത്തിലും അപവാദമല്ല. ഭാരതീയ ചിന്ത വേരൂന്നിനില്‍ക്കുന്ന വേദേതിഹാസ സംസ്‌കാരത്തിന്റെ പ്രതിസംസ്‌കാരമായി ആദി സമൂഹങ്ങളില്‍ നിലനില്‍ക്കകയും പിന്നീട് പലതരത്തില്‍ മാറ്റം മറിച്ചിലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ഇടമായി തീരുകയും ചെയ്തതായി അമ്മ ദൈവ സംസ്‌കൃതിയെ പഠനവിധേയമാക്കിയവര്‍ വിശദീകരിക്കുന്നുണ്ട്. ഭാരതത്തിലെ ഓരോ ഗ്രാമത്തിലും എണ്ണിയാലൊടുങ്ങാത്ത വിധം അമ്മ ദൈവാരാധനകള്‍ നിലനില്‍ക്കുന്നു. മലയാളക്കരയ്ക്കുമുണ്ട് സവിശേഷമായ അമ്മ ദൈവ സങ്കല്പം. പഴയ കാലത്തെ കാര്‍ഷിക ദേവതകളാവണം പില്‍ക്കാല സമൂഹങ്ങളില്‍ വിവിധ പേരുകളിലുള്ള അമ്മ ദൈവങ്ങളായി മാറിയത്.

ക്ഷേത്രമോ ബിംബമോ ഒന്നും ഇല്ലാതെ കൃഷിയിടങ്ങള്‍ക്കരികിലെ വൃക്ഷച്ഛായകളിലും വള്ളികള്‍ പടര്‍ന്ന മരക്കൂട്ടങ്ങളോ ഒക്കെയായിരുന്നു ഇത്തരം അമ്മ ദൈവങ്ങളുടെ ആസ്ഥാനങ്ങള്‍. അമ്മ ദൈവങ്ങള്‍ ജലവുമായി ബന്ധപ്പെട്ടവരായതിനാലാവണം അവരെ കുളക്കരയിലെ മരച്ചുവടുകളിലോ കുടിയിരുത്തിയിരുന്നത്. ഇത്തരം അമ്മ ദൈവ കേന്ദ്രങ്ങളായ മരക്കൂട്ടങ്ങളെ പൊതുവില്‍ കാവുകള്‍ എന്നു വിളിക്കപ്പെട്ടു. ഇത്തരം കാവുകളില്‍ വിളയാടി നിന്നിരുന്ന ദൈവം കാവിലമ്മ എന്നും അറിയപ്പെട്ടു. കൃഷിയിടങ്ങളിലൊക്കെ ഈ അമ്മ വിളയാടി നില്‍ക്കുന്നതായി പ്രാക്തന സമൂഹങ്ങള്‍ വിശ്വസിച്ചു. ദൈവങ്ങളെ പ്രസാദിപ്പിച്ചു കൊണ്ടായിരുന്നു ഓരോ വട്ടവും കൃഷി ഇറക്കിയിരുന്നത്. വിള മോശമാകുമ്പോള്‍ അമ്മയുടെ കോപമായി കണക്കാക്കി. മഹാമാരികളെ അമ്മയുടെ വിളയാടലായും എണ്ണി.

പ്രാചീനകാലത്ത് കേരളീയ സമൂഹങ്ങളില്‍ അമ്മ ദേവ വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് കരുതപ്പെടുന്നത്. മറ്റിടങ്ങളില്‍ അത്തരത്തിലായിരുന്നില്ല. ഉത്തര-ദക്ഷിണേന്ത്യകളിലെ രാജാക്കന്മാരുടെ കുടുംബദൈവങ്ങള്‍ അധികമായും പുരുഷദൈവങ്ങളായിരിക്കെ കേരളത്തിലെ നാടുവാഴികളുടെ കുടുംബ ദൈവങ്ങള്‍ അമ്മ ദൈവങ്ങളായിരുന്നുവെന്ന് ഡോ. പി. സോമന്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബങ്ങളുടേയും ബന്ധ രൂപീകരണങ്ങളുടേയും തുടക്കകാലത്ത് അമ്മയെ ആസ്പദമാക്കിയാണ് ഇവിടത്തെ ബന്ധങ്ങള്‍ നിര്‍ണയിക്കപ്പെട്ടിരുന്നത്. മാതൃദായ ക്രമത്തില്‍ വേരുറച്ച കാര്‍ഷിക വൃത്തിയും സമ്പദ് ഘടനയുമാണ് അതിനു കാരണമായി സാംസ്‌കാരിക ചരിത്രകാരന്മാര്‍ കരുതുന്നത്.

മാതൃദായത്തിലൂന്നിയ കേരളത്തിലെ നാടുവാഴികള്‍ക്ക് അമ്മയും പെങ്ങളും കുടുംബത്തിന്റേയും രാജ്യത്തിന്റേയും ഐശ്വര്യമായിരുന്നു. അത്തരം സമൂഹ്യക്രമത്തില്‍ ആരാധ്യ ദേവത അമ്മയായി തീരുക തികച്ചും സ്വാഭാവികം മാത്രം. കോലത്തിരി രാജാവിന് മാടായിക്കാവിലമ്മയും കോട്ടയം രാജ കുടുംബത്തിന് ശ്രീപോര്‍ക്കിലി ഭഗവതിയും കടത്തനാട്ട് പോളാര്‍തിരിക്ക് ലോകനാര്‍ക്കാവിലമ്മയും വള്ളുവനാട്ട് രാജാക്കന്മാര്‍ക്ക് തിരുമന്ധാം കുന്നലമ്മയും കൊച്ചി രാജാക്കന്മാര്‍ക്ക് പഴയന്നൂര്‍ ഭഗവതിയും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് ആറ്റിങ്ങല്‍ ഭഗവതിയും ഒക്കെയായിരുന്നു കുടുംബ ദേവതാ സങ്കല്‍പ്പങ്ങള്‍. കൂറ്റന്‍ ക്ഷേത്രങ്ങളോ ക്ഷേത്രനാഗരികതകളോ കേരളത്തിലെ നാടുവാഴികള്‍ ഇത്തരത്തിലുള്ള അവരുടെ ദേവതാ സങ്കല്പങ്ങളോട് ചേര്‍ത്ത് അധികമായി നിര്‍മിച്ചതായും കാണുന്നില്ല. പൊതുവില്‍ മനുഷ്യഗൃഹത്തിനപ്പുറമുള്ള ആഡംബരങ്ങള്‍ മേല്‍പ്പറഞ്ഞ ക്ഷേത്രങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും ചരിത്രകാരന്മാര്‍ പറയുന്നു.

ബുദ്ധ ജൈന താന്ത്രിക മതങ്ങളുടേയും വൈഷ്ണവ ശൈവ വിഭാഗങ്ങളുടേയും അധിനിവേശത്തിന് മുന്‍പ് ദക്ഷിണേന്ത്യയില്‍ വ്യാപകമായി നിലനിന്നിരുന്ന അമ്മന്‍ ആരാധനയുടെ ഭാഗമായിരുന്നു കേരളത്തിലെ അമ്മ ദൈവ സങ്കല്പങ്ങളെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വിളഭൂമിയുടേയും കുടുംബങ്ങളുടേയും സന്തതി പരമ്പരകളുടേയും സംരക്ഷകരും ക്ഷേമദാതാക്കളുമായിരുന്നു ഇത്തരം മാതൃദേവതകള്‍. ഈ ദേവതകളെ പലതരം മൂര്‍ത്തികളായി ആരാധിച്ചു. സമൂഹത്തില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആ തൊഴിലുകളുമായി ബന്ധപ്പെടുത്തി അമ്മ ദൈവ സങ്കല്പങ്ങള്‍ രൂപപ്പെടുത്തി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അമ്മയെ അന്നപൂര്‍ണേശ്വരിയായി ആരാധിച്ചപ്പോള്‍, യോദ്ധാക്കളും മറ്റും ശക്തിസ്വരൂപിണായി സ്വന്തം ഉപാസനമൂര്‍ത്തിയാക്കി പോന്നു.

പ്രാക്തന കേരള സമൂഹത്തിലെ കാര്‍ഷിക വ്യവസ്ഥയില്‍ എല്ലാ പ്രവൃത്തികളുടേയും കേന്ദ്രമായി വര്‍ത്തിച്ചിരുന്നത് കാവിലമ്മ എന്ന സങ്കല്പമായിരുന്നു. ഫ്യൂഡല്‍ നാടുവാഴിത്ത സമൂഹത്തില്‍ കരപ്രമാണിമാരുടെ ഭരണത്തിന്റെ അസ്ഥിവാരം കാവിലെ തട്ടകമായി തീര്‍ന്നു. ഒരു കാവിലമ്മയുടെ അധികാരാതിര്‍ത്തിയാണ് തട്ടകം. ആരാധനയുടെ ചുമതലപോലെ തന്നെ നാട്ടുകാര്യവും നിര്‍വഹിച്ചിരുന്നത് തട്ടകത്തിലെ ഊരാളന്മാരായിരുന്നു. പ്രാചീന കാലത്ത് അവര്‍ണ്ണ സമുദായാംഗങ്ങള്‍ പല സുപ്രധാന കാവുകളിലേയും ഊരാളന്മാരായിരുന്നുവെങ്കിലും പോകെപ്പോകെ അത് കരപ്രമാണിമാരായ നായന്മാരുടെ ശിരസ്സിലേക്ക് എത്തി. ഫ്യൂഡല്‍ കുടുംബ വാഴ്ചയുടെ വ്യവസ്ഥയും വ്യവസ്ഥിതിയും അമ്മ ദൈവ വിശ്വാസ ധാരകളിലും കടന്നുവന്നു.

ഒരു ദേശത്തുള്ള കാവിലമ്മമാരുടെ മുഴുവന്‍ നേതൃസ്ഥാനത്ത് പൊതുവായ ഒരു അമ്മ ഉണ്ടായിരുന്നു. ആ അമ്മയെ സംരക്ഷിച്ചിരുന്ന ഒരു മഹാമാതാവും ഉണ്ടായിരുന്നു. ആ മഹാമാതാവിന്റെ തട്ടകത്തിനു കീഴിലാവും മറ്റ് ചെറിയ അമ്മ ദൈവങ്ങള്‍. ഉത്സവ നാളുകളില്‍ തട്ടകത്തമ്മയുടെ കാവുകളിലേക്ക് മറ്റു കാവുകളില്‍ നിന്നും എഴുന്നെള്ളത്തും മറ്റും പതിവായിരുന്നു.മഹാമാതാവിന്റെ ആരാധനാലയം നാടുവാഴിയുടെ അധികാര പരിധിയിലായിരിക്കുകയും അമ്മയെ അയാളുടെ കുടുംബ ദേവതയായി ആരാധിക്കുകയും ചെയ്ത് പോരുക എന്നതായിരുന്നു സമ്പ്രദായം. തിരുമന്ധാം കുന്നിലമ്മയും തിരുവിളയാട്ട് കാവിലമ്മയും ഒക്കെ ഇത്തരം മഹാമാതാക്കളായിരുന്നു.

ആദ്യ കാലത്ത് കാവുകള്‍ ആയിരുന്ന സ്ഥലങ്ങളില്‍ കോവിലുകള്‍ നിര്‍മിച്ചു തുടങ്ങിയത് 12-ാം നൂറ്റാണ്ടോടെയാണെന്നാണ് കരുതപ്പെടുന്നത്. ശൈവ താന്ത്രിക മതങ്ങളുടെ വ്യാപനമാണ് അതിനു പ്രധാന കാരണമായി തീരുന്നതെന്നാണ് പണ്ഡിതമതം. പല കോവിലുകളിലും കല്ലോ വാളോ ആയിരുന്നു അമ്മ ദൈവ പ്രതിഷ്ഠ. പ്രാദേശികവും ഗോത്രപരവുമായ ആരാധന ക്രമങ്ങള്‍ ഇവിടങ്ങളില്‍ കാണാം. അബ്രാഹ്മണ ആരാധാനാകേന്ദ്രങ്ങളായിരുന്ന ഇത്തരം കാവുകളിലെ പുജാരിമാരെ വെളിച്ചപ്പാടുമാര്‍ എന്നാണ് വിളിക്കുന്നത്. അമ്മദൈവം പുജാരിയിലൂടെ വെളിച്ചപ്പെട്ട് ഗ്രാമജീവിതത്തിനുവേണ്ട അരുളപ്പാടുകള്‍ ചെയ്യുന്നതുകൊണ്ടാണ് അമ്മ ദൈവ പൂജാരികളെ വെളിച്ചപ്പാടുകള്‍ എന്നു വിളിച്ചുപോരുന്നത്.

സ്ത്രീകളെപ്പോലെ മുടി നീട്ടിവളര്‍ത്തുകയും കണ്ണെഴുതി പൊട്ടുതൊടുകയും ഒക്കെ ചെയ്യുന്നവരാണ് വെളിച്ചപ്പാടന്മാര്‍. അമ്മ ദൈവങ്ങളുടെ ആദ്യകാല പൂജാരിമാര്‍ സ്ത്രീകളായിരുന്നുവെന്ന് അനുമാനിക്കാന്‍ ഉതകുന്നവയാണ് അവരുടെ വേഷവിധാനങ്ങള്‍. മലബാറില്‍ പല ഇടങ്ങളിലൂം സ്ത്രീകളിലൂടെ വെളിച്ചപ്പെടുന്ന രീതി പല കാവുകളിലും ഇപ്പോഴും നിലനില്‍ക്കുന്നു.

ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകള്‍. ക്ഷേത്രങ്ങളോട് ചേര്‍ന്നും അല്ലാതേയും കാവുകളുണ്ട്. ഇവ പേറുന്ന ദൈവികതയെ മുന്‍നിര്‍ത്തി വിശുദ്ധവനങ്ങള്‍ എന്നുകൂടി ഇവയെ വിശേഷിപ്പിക്കാന്‍ സാധിക്കും. പൊതുവില്‍ ദേവതാ ആരാധനാ കേന്ദ്രങ്ങളോ സര്‍പ്പാരാധനാ കേന്ദ്രങ്ങളോ ആണ് കാവുകള്‍. കാവുകള്‍ക്ക് പാരിസ്ഥിതികമായ ഏറെ സവിശേഷതകളുണ്ട്. ഇവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ ചുറ്റി ജൈവികവും പാരിസ്ഥിതികവുമായ അന്തര്‍ധാരകള്‍ സജീവമാണ്. കാവ് തീണ്ടരുത് എന്ന വിശ്വാസം തന്നെ ഇത്തരമൊരു വിശുദ്ധിയുമായി ബന്ധപ്പെട്ട് വിശദീകരിക്കപ്പെട്ടു കാണുന്നു. ആചാരപരമായ ആവശ്യങ്ങളാല്‍ ജനങ്ങള്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകള്‍ എന്നും പറയാറുണ്ട്. വന്‍മരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ഇടതൂര്‍ന്നു വളരുന്ന കാവുകള്‍ ബാഹ്യ ഇടപടല്‍ ഇല്ലാതെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുടേയും പാരിസ്ഥിതികമായ സുസ്ഥിരതയുടേയും വിരല്‍ചൂണ്ടിയായി ഭാവിയിലേക്കുള്ള കാത്തുവെയ്ക്കലായി കരുതുവാന്‍ കഴിയും.

എന്നാല്‍ മാറുന്ന സാംസ്‌കാരിക ക്രമത്തില്‍ ഇത്തരം വിശ്വാസ ധാരകളിലേക്ക് മനുഷ്യരെ നയിച്ച പ്രകൃതിയുമായുള്ള സഹജീവനത്തിന്റെ സാരവും കാതലും വിസ്മരിക്കപ്പെടുകയും ആചാരങ്ങളെ വിശുദ്ധവല്‍ക്കരിക്കുകയും ചെയ്തുവെന്ന് കാണാനാവും. ഇതൊരു വലിയ പ്രതിസന്ധിയായി വിശ്വാസ രാഷ്ട്രീയത്തിന്റെ വര്‍ത്തമാന കാലത്തില്‍ നമ്മുടെ നാട് എത്തിനില്‍ക്കുന്നുണ്ട്. സാരം മറയ്ക്കപ്പെടുകയും അനുഷ്ടാനം കൊണ്ടാടപ്പെടുകയും ചെയ്യുന്ന ഈ വേള യുക്തിഭദ്രവും ചിന്താതീഷ്ണവും ആയ ഇടപെടലുകള്‍ ആവശ്യപ്പെടുന്നുണ്ട്. നവോത്ഥാന കാലത്തും മറ്റും സജീവമായിരുന്ന അത്തരം നീക്കങ്ങള്‍ പില്‍ക്കാലത്ത് അതേ ഗതിവേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. മാത്രമല്ല, വര്‍ത്തമാനകാല സാംസ്‌കാരിക പരിസരത്തില്‍ ഏറെ മടങ്ങിപ്പോക്കുകള്‍ക്കും നമ്മള്‍ സാക്ഷികളായി കൊണ്ടിരിക്കുകയാണ്. ഈ സവിശേഷ സന്ധിയില്‍ പക്വതയാര്‍ന്നതും യുക്തിസഹമായതുമായ ഇടപെടലുകള്‍ സാധ്യമാകാതെ പോയാല്‍ വരാനിരിക്കുന്ന കാലം നമുക്കുനേരെ വിരല്‍ ചൂണ്ടിയേക്കാം.

(അടുത്ത ലക്കം:മലയാളികളും അങ്ങാടികളും)

അവലംബം

1. Oh Terrifying Mother: Sexuality, Violence and Worship of the Goddess Kali, Sarah Caldwell, Oxford University Prsse
2. അമ്മദൈവവും സംസ്‌കാരവും, ഡോ. പി. സോമന്‍, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
3. മലയാള സംസ്‌കാരം കാഴ്ചയും റ്റ്യൂറ്റിയൂട്ട്, തിരുവനന്തപുരം
4. കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം-ഡോ. ആര്‍. ഗോപിനാഥന്‍, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം


Next Story

Related Stories