TopTop
Begin typing your search above and press return to search.

മുകേഷ് അംബാനിക്ക് എന്താണോ നല്ലത് അതാണ്‌ ഇന്ത്യാ മഹാരാജ്യത്തിനും നല്ലത് എന്നാണോ? ടി.എന്‍ നൈനാന്‍ എഴുതുന്നു

മുകേഷ് അംബാനിക്ക് എന്താണോ നല്ലത് അതാണ്‌ ഇന്ത്യാ മഹാരാജ്യത്തിനും നല്ലത് എന്നാണോ? ടി.എന്‍ നൈനാന്‍ എഴുതുന്നു

ജനറല്‍ മോട്ടോഴ്‌സിന് എന്താണോ നല്ലത് അത് യുണൈറ്റഡ്‌സ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയ്ക്കും നല്ലതായിരിക്കും എന്നൊരു ചൊല്ലുണ്ട്. ഒരു പരിധിവരെ അത് ശരിയുമാണ്. ഇന്ത്യയില്‍ ഇതിന് സമാനമായ ഒരു പ്രയോഗമായിരുന്നു (അത്ര സത്യമല്ലെങ്കിലും) ബിര്‍ല സഹോദരന്മാര്‍ക്ക് എന്താണ് നല്ലത് അത് രാജ്യത്തിനും ഗുണകരമാകും എന്നതാണ് അത്. ഇത് ചരിത്രം, ഇപ്പോള്‍ തങ്ങളുടെ ആഭ്യന്തര കമ്പോളത്തില്‍ വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ കാറുകള്‍ ജനറല്‍ മോട്ടോഴ്‌സ് വില്‍ക്കുന്നത് ചൈനയിലാണ്. ബിര്‍ലമാര്‍ വേര്‍പിരിഞ്ഞിരിക്കുന്നു. അവരുടെ അഭിമാനസ്ഥലം മുകേഷ് അംബാനി കൈയടക്കിയിരിക്കുന്നു.

കഴിഞ്ഞ മാസത്തെ മുകേഷിന്റെ ഇടപാടുകള്‍ ലോകത്തെമ്പാടും തലക്കെട്ടുകള്‍ പിടിച്ചുപറ്റി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനങ്ങളില്‍ ഒന്നായ ജിയോ പ്ലാറ്റ്‌ഫോമുകളുടെ അഞ്ച് ആസ്തികളുടെ കച്ചവടത്തിലൂടെ 78,500 കോടി രൂപയാണ് (പത്ത് ശതകോടിയില്‍ കൂടുതല്‍ ഡോളര്‍) ലഭിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഇടപാടിന്റെ മൂല്യം ഭീമാകാരമായ 65 ദശകോടി ഡോളറാണ്. ഇതിനിടയില്‍ മാതൃസ്ഥാപനമായ റിലയന്‍സ് അവകാശ ഓഹരികള്‍ വില്‍ക്കുകയാണ്. താരതമ്യത്തില്‍ ചെറുതാണെങ്കിലും ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇതിലൂടെ സമാഹരിക്കുന്നത്. 53,000 കോടി രൂപ. മറ്റ് ചില വില്‍പനകളും അന്ത്യഘട്ടത്തോട് അടുക്കുകയാണ്. 25,000 കോടിയ്ക്കുള്ള ടെലികോം ടവറുകളുടെ കച്ചവടം. പെട്രോളിയം കമ്പോളത്തിലെ 49 ശതമാനം ഓഹരികളുടെ അവകാശത്തിനായി ഭാരത് പെട്രോളിയത്തില്‍ നിന്നും മറ്റൊരു 7,000 കോടി രൂപ. ഇപ്പോള്‍ പദ്ധതിയിടുന്നത് പോലെ, എണ്ണ, പെട്രോ കെമിക്കല്‍ വ്യവസായിത്തില്‍ നിന്നുള്ള ഓഹരികളുടെ 20 ശതമാനം സൗദിയുടെ ആരാംകോയ്ക്ക് വില്‍ക്കുന്നത് നടന്നില്ലെങ്കില്‍ പോലും 15 ശതകോടി ലഭിക്കും. ഒരു ഇന്ത്യന്‍ വ്യവസായി ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പണമിടപാടായിരിക്കും ഇത്. തന്റെ ലക്ഷ്യമായ 20 ദശകോടി സംഭരിക്കുകയും പൂജ്യം അറ്റ കട പദവിയില്‍ എത്തുകയും ചെയ്യുക എന്ന മുകേഷ് അംബാനിയുടെ ലക്ഷ്യം ഉസൈന്‍ ബോള്‍ട്ട് റിക്കോര്‍ഡിടുന്നത് പോലെ സ്വാഭാവികമായി തോന്നിയേക്കാം. ടെലികോമിലും അനുബന്ധ ഡിജിറ്റല്‍ വ്യാപാരത്തിലുമായി 40 ശതകോടി ഡോളര്‍ എന്ന ഭീമാകാരമായ തുക നിക്ഷേപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പണമിച്ചത്തില്‍ എത്തിച്ചേരും എന്നാണ് വിലയിരുത്തപ്പെടുന്നത്. മൊത്തത്തില്‍ റിലയന്‍സിന്റെ കമ്പോള മൂല്യം 10 ലക്ഷം കോടി രുപയ്ക്ക് (127 ശതകോടി ഡോളര്‍) ആയി തീരും. ഇപ്പോള്‍ തന്നെ വലിയ മത്സരം നടക്കുന്ന ടെലികോം പോലെയുള്ള വ്യാപാരത്തില്‍ വലിയ രീതിയിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നത് മതിയായ ലാഭങ്ങള്‍ കൊണ്ടുവരില്ലെന്ന് നിരവധി പേര്‍ കരുതിയിരുന്നു. എന്നാല്‍ ഭാവി മുന്‍കൂട്ടിക്കാണാനുള്ള മുകേഷിന്റെ കഴിവും കാര്യങ്ങള്‍ നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ ശേഷിയും ഇപ്പോള്‍ ഇടപാടുകളുടെ പരമ്പരയും സംശയാലുക്കള്‍ക്കുള്ള (ഈ എഴുത്തുകാരന്‍ ഉള്‍പ്പെടെ) മറുപടിയാവുകയാണ്. മാത്രമല്ല, ഒരു ഇ-വാണിജ്യ പങ്കാളിയായി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ കൂട്ടുപിടിച്ചുകൊണ്ട് വാള്‍മാര്‍ട്ട്-ഫ്‌ളിപ്കാര്‍ട്ടിനെയും ചൈനീസ് കമ്പനിയായ അലിബാബയെയും നേരിടാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

വാണിജ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധത്തില്‍ മുകേഷ് തന്റെ ഭീമാകാരമായ സംരംഭത്തിന്റെ തുടക്കം കുറിക്കുകയും അതിന്റെ പുനര്‍സങ്കല്‍പനം നിര്‍വഹിക്കുകയും ചെയ്തിരിക്കുന്നു. മുകേഷിന്റെ അച്ഛന്‍ ധീരുബായ് അംബാനി മകനെ സ്റ്റാന്‍ഫോര്‍ഡില്‍നിന്ന് തിരികെ വിളിച്ച് പാതല്‍ഗംഗയിലും ഹസിരയിലെയും പെട്രോ കെമിക്കല്‍ കോംപ്ലക്‌സുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ തന്നെ 1970 കളില്‍ അദ്ദേഹം ആരംഭിച്ച സിന്തറ്റിക്ക് ടെക്സ്റ്റൈല്‍ വ്യവസായത്തിന്റെ പരിവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു.

ഏറ്റവും മോശം ഗുണനിലവാരമുള്ള ക്രൂഡ്ഓയില്‍ പോലും സംസ്‌കരിച്ച് ഏറ്റവും മികച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പറ്റുന്ന റിഫൈനറി സ്ഥാപിച്ചുകൊണ്ട് വലിയ സാങ്കേതിക മുന്നേറ്റം കൈവരിക്കാന്‍ അതുവഴി സാധിച്ചു.കാര്യക്ഷമതയുടെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടാലും അനുകൂലമായ സര്‍ക്കാര്‍ നയങ്ങളാണ് ബിസിനസിന്റെ ഭാഗധേയങ്ങള്‍ തീരുമാനിക്കുക.അച്ഛന്‍ പറഞ്ഞ ഒരു കഥ ഒരിക്കല്‍ മകന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ബ്രാഹ്മണനും പശുവിനും അടുത്തേക്ക് പറന്നെത്തിയ കാക്കയ്ക്കും ഭക്ഷണം കൊടുക്കേണ്ടി വരുന്ന ഒരു കുടുംബനാഥന്റെ അന്യാപദേശകഥ ആയിരുന്നു അത്. തീരുവ, ലൈസന്‍സ് തുടങ്ങിയ സര്‍ക്കാര്‍ തീരുമാനങ്ങള്‍ വ്യവസായത്തെ നിലനിറുത്തുകയോ തളര്‍ത്തുകയോ ചെയ്യും പിവിസി അല്ലെങ്കില്‍ പോളിസ്റ്റര്‍ ഫൈബര്‍ പോലുള്ള വാണിജ്യ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇത് കൂടുതല്‍ യാഥാര്‍ത്ഥ്യമായി തീരുന്നു. ധീരുഭായുടെ കാര്യത്തില്‍ മിക്കപ്പോഴും (പക്ഷെ എല്ലായിപ്പോഴുമല്ല) ആദ്യത്തെതായിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാരിയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച പഴയ അറബിയുടെ തമാശയാണ് ഓര്‍മ വരിക. അവര്‍ എയര്‍ ഇന്ത്യയുടെ സ്വത്താണെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ വിമാനകമ്പനി തന്നെ വാങ്ങാം എന്നായി അറബിയുടെ വാഗ്ദാനം. ഇനി അത് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെങ്കില്‍ സര്‍ക്കാരിനെ തന്നെ വിലയ്ക്ക് വാങ്ങാനും അദ്ദേഹം തയ്യാറായിരുന്നു. സര്‍ക്കാര്‍ പക്ഷെ, ഇതിനകം തന്നെ ധീരുഭായിക്ക് വിറ്റുപോയി എന്നാണ് അറബിക്ക് അറിയാന്‍ സാധിച്ചത് എന്നതായിരുന്നു ആ കഥ.

ബ്രാന്റ്, സാങ്കേതിക വ്യാപാരങ്ങളില്‍ ഉപഭോക്താക്കളുടെ മുന്‍ഗണനകളും ഫ്രാഞ്ചൈസികളെ നിശ്ചയിക്കലുമാണ് സര്‍ക്കാരുകളുടെ നിലപാടുകളെക്കാള്‍ പ്രധാന്യം. തന്ത്രങ്ങള്‍ പുനര്‍ക്രമീകരിച്ചെങ്കിലും ചെറുകിട വ്യാപാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യകാല്‍വെപ്പ് ശുഭകരമായിരുന്നില്ല. ടെലികോം മേഖലയിലുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ആക്രമണം വിപണന പരാജയത്തില്‍ കലാശിച്ചു; ഏത് സാഹചര്യത്തിലായാലും അത് അനിയന്‍ അനിലിന് കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോള്‍ 385 ദശലക്ഷം ഉപഭോക്താക്കളോട് കൂടി എല്ലായിടത്തും ചുറ്റിവരിഞ്ഞിരിക്കുന്ന ജിയോ ഒരു വലിയ ലാഭക്കച്ചവടം തന്നെയാണ്. ഒരിക്കല്‍ സാരികള്‍ നിര്‍മ്മിച്ചിരുന്ന റിയലയന്‍സ് ഒരിക്കല്‍ കൂടി അടിമുടി അഴിച്ചുപണിയപ്പെട്ടിരിക്കുന്നു. ധീരുഭായി സര്‍ക്കാരിനെ വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്തിരിക്കാം; പക്ഷെ അദ്ദേഹത്തിന്റെ പുത്രന്‍ കമ്പോളത്തിന്റെ ഉടമയായി കഴിഞ്ഞിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍.(അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ണര്‍ ആയ ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച കോളത്തിന്റെ പരിഭാഷ ഐപിഎസ്എംഎഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)


ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പ്രൈ. ലിമിറ്റഡ് ചെയര്‍മാന്‍

Next Story

Related Stories