TopTop
Begin typing your search above and press return to search.

സിലിഗുരി, സിക്കിം, ഡാര്‍ജിലിംഗ്, ലഡാക്ക്-പൗരത്വ പ്രക്ഷോഭ കാലത്ത് ഒരു യാത്രാനുഭവ കുറിപ്പ്

സിലിഗുരി, സിക്കിം, ഡാര്‍ജിലിംഗ്, ലഡാക്ക്-പൗരത്വ പ്രക്ഷോഭ കാലത്ത് ഒരു യാത്രാനുഭവ കുറിപ്പ്

സ്കൂളിൽ പഠിച്ചതിനേക്കാൾ കൂടുതൽ ഹിസ്റ്ററിയും ജോഗ്രഫിയും പഠിച്ചത് യാത്രകളിലൂടെയാണ്. അതിനു നിമിത്തമായത് ഫോട്ടോഗ്രാഫിയും. ഇന്ത്യയുടെ ഓരോ ഭാഗത്തു സഞ്ചരിക്കുമ്പോഴും ഏറ്റവും കൂടുതൽ അഭിമാനം തോന്നിയിട്ടുള്ളത് ഞാൻ കേരളത്തിൽ നിന്നാണല്ലോ എന്നോർക്കുമ്പോഴാണ്. കാരണം ഇവിടെ വ്യത്യസ്തതയില്ല. അല്ലെങ്കിൽ പ്രകടമായ രീതിയിൽ വ്യത്യാസം ഒന്നും തന്നെയില്ല. എല്ലാ ആഘോഷങ്ങളും ഒന്നിച്ചു ആഘോഷിക്കുന്നു. സദ്യയും ബിരിയാണിയും കേക്കും വൈനും ഒക്കെ എല്ലാവരും ഒരേപോലെ ഇഷ്ടപെടുന്നു. എന്നാൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഈ വ്യത്യാസം വളരെ പ്രകടമാണ്. ഉയർന്നവൻ, താഴ്ന്നവൻ, ജാതിയിൽ കൂടിയവർ, കുറഞ്ഞവർ എന്ന വേർതിരിവ് വളരെ പ്രകടം. പശ്ചിമ ബംഗാളിലെ സിലിഗുരി ഒരു മലയടിവാരം ആണ്. ഒരു നല്ല വ്യാപാര കേന്ദ്രം എന്നറിയപ്പെടുന്നു. സിക്കിം, നേപ്പാൾ, ഭൂട്ടാൻ, എന്നിവിടങ്ങളിലേക്കുള്ള ചരക്കുകൾ പോകുന്നത് പ്രധാനമായും ഇവിടെ നിന്നാണ്. ഇവിടെ തുടങ്ങുന്നു വ്യത്യാസങ്ങൾ. സ്വാതന്ത്ര്യാനന്തരം ഹിന്ദു മുസ്ലിം വിഭജനങ്ങൾ നടന്നപ്പോൾ പശ്ചിമ ബംഗാളിലുള്ള മുസ്ലിങ്ങൾ ബംഗ്ലാദേശിലേയ്ക്കും ബംഗ്ലാദേശിലുള്ള ഹിന്ദുക്കൾ പശ്ചിമ ബംഗാളിലേയ്ക്കും വന്നു. പരസ്പരം വീടും വസ്തുവകകളും കൈമാറ്റം ചെയ്തായിരുന്നു അവർ അങ്ങോട്ടും ഇങ്ങോട്ടും മാറിയത്. എന്റെ സുഹൃത്തുക്കൾ പറഞ്ഞുള്ള അറിവാണ് ഇതൊക്കെ. അവരുടെ മൂന്നു തലമുറകൾക്കു മുന്നിലുള്ളവർ ഇത്തരത്തിൽ വന്നവരാണ്. അവർ തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല എന്ന് നമുക്ക് തോന്നുമെങ്കിലും ചെറിയ ചെറിയ വ്യത്യാസങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രത്യേകിച്ച് നിറത്തിലും രൂപത്തിലും ഒക്കെ.

ഇനി സിക്കിമിലേയ്ക്ക് വന്നാൽ അവരുടെ ടിബറ്റൻ ലുക്കിൽ തന്നെ നമുക്ക് മനസ്സിലാവും ഇവർ ഒരു കാലത്ത് ടിബറ്റ് പ്രവിശ്യയിൽ നിന്ന് ഇങ്ങോട്ടു കുടിയേറിയവരാണെന്ന്. മോമോസും സൂപ്പും നൂഡിൽസും മാത്രം ഉണ്ടാക്കാൻ അറിയാവുന്നവർ. ടൂറിസം കൊണ്ട് മാത്രമാണ് സിക്കിം ജനത ഇപ്പോൾ നിലനിൽക്കുന്നത്. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ഹിമാലയൻ താഴ്വാരങ്ങളുടെ തണലിൽ അവർ ജീവിക്കുന്നു. മലമുകളിൽ അവർ കുടിയേറിയപ്പോൾ അവിടെ അധിവസിച്ചിരുന്ന ബംഗാളിലെ ആദിവാസികൾ കുടിയിറക്കപെട്ടവരായി. ഇപ്പോൾ ഈ ആദിവാസികൾ സിക്കിമിലെ ഹോംസ്റ്റേകളിൽ പണിക്കു നിൽക്കുന്നു .വരുന്ന അതിഥികൾക്ക് പരമ്പരാഗത ഇന്ത്യൻ ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ. നല്ല കൈപ്പുണ്യമുള്ളവരാണ്. ഡാൽ, ചാവൽ, സബ്ജി, പക്കോഡ എല്ലാം വളരെ നന്ന്. ഇനി സിക്കിമിൽ കേറണമെങ്കിൽ നമ്മൾ മിനിമം മൂന്ന് ഓഫീസിൽ എങ്കിലും കേറിയിറങ്ങണം . എല്ലാ രേഖകളും കൊടുത്തു എന്തിനു വന്നു എന്ന് വ്യക്തമാക്കാതെ സിക്കിമിലെ ഒരു സ്ഥലത്തും പ്രവേശിക്കാൻ പറ്റില്ല. അതേ ..ഇന്നർ ലൈൻ പെർമിറ്റ് തന്നെ. ഇനി അതൊക്കെ എടുത്താലും പോരാ തിരിച്ചു മലയിറങ്ങുമ്പോൾ ഈ ഓഫീസിൽ വീണ്ടും കേറി നമ്മൾ തിരിച്ചിറങ്ങി എന്ന് ബോധ്യപ്പെടുത്തണം. അത്രയ്‌ക്കാണ്‌ അവർ അവരുടെ വംശ ശുദ്ധിയും പാരമ്പര്യവും മുറുകെ പിടിക്കുന്നത്. ഇന്ത്യയിൽ ജീവിക്കുമ്പോഴും , ഇന്ത്യൻ പൗരൻ എന്ന എല്ലാ അവകാശവും കൈക്കലാക്കുമ്പോഴും, മനസ്സിൽ ഭൂട്ടാൻ രാജാവിനെയും പേറി സിക്കിം നാഷണൽ എന്ന നമ്പർ പ്ലേറ്റ് വെച്ച് വണ്ടിയോടിക്കുന്നവർ. ഇനി സിലിഗുരിയിലുള്ള വേറൊരു വിഭാഗത്തിനെ പറ്റി. ഇവരുടെ പൂർവികർ നേപ്പാളിൽ നിന്ന് വന്നതാണ്. ഡാർജിലിംഗ് മലയടിവാരം മുഴുവൻ ഇവർ വ്യാപിച്ചിരിക്കുന്നു. നമ്മളൊക്കെ ഗൂർഖ എന്ന് വിളിച്ചു സെക്യൂരിറ്റി ആക്കി നിർത്തുന്നവർ തന്നെ. ഇവർ ജാതിയിൽ കൂടിയവർ ആണെന്ന് അവർക്കു നല്ല നിശ്ചയമുണ്ട്. അതിനാൽ തന്നെ വീട്ടുജോലിക്കൊന്നും അവർ പോകാറില്ല. പിന്നെ ഉള്ളത് സെക്യൂരിറ്റി ജോബ് ആണ്. അത് വീരശൂര പരാക്രമികൾക്കു പറഞ്ഞിട്ടുള്ളതിനാൽ ചെയ്യാൻ വളരെ അഭിമാനവുമാണ്. വർഷങ്ങളായി ഗൂർഖാലാൻഡ് വേണമെന്ന് ആഗ്രഹവും ആവശ്യവും പേറി കഴിയുന്നവർ. ബംഗാളികൾക്കും നേപ്പാളികൾക്കും അങ്ങോട്ടുമിങ്ങോട്ടും കണ്ടൂട എങ്കിലും പരസ്പരം സഹകരിച്ചു കഴിയുന്നു. മിക്കവാറും എല്ലാ കച്ചവടവും ഗൂർഖകളാണ് ചെയ്യുന്നത്. അപ്പോൾ പിന്നെ സഹകരിക്കാതെ എന്ത് ചെയ്യും. ഇവിടെ പൊറോട്ട നമ്മുടെ ദേശീയ ഭക്ഷണമായതുപോലെ നൂഡിൽസ് ബംഗാളിയുടെയും ദേശീയ ഭക്ഷണമായി മാറി. എവിടെ ചെന്നാലും നൂഡിൽസ് കിട്ടും. സാധാരണ ഇന്ത്യൻ ബ്രെക്ഫാസ്റ്റോ മറ്റു ഭക്ഷണങ്ങളോ അധികം കിട്ടാറില്ല. കുറെ മുളകുവെള്ളം തിളപ്പിച്ചു അതിൽ നൂഡിൽസ് ഇട്ടു മൂന്നു നേരവും കഴിക്കാൻ ആർക്കും മടിയില്ല. കൂടെ ഓംലെറ്റും. തൈരോ നാരങ്ങയോ ഒന്നും തന്നെ കാണാൻ കൂടിയില്ല. നേപ്പാൾ ഡാർജിലിംഗ് ബോർഡറിലുള്ള സിംഗാളില നാഷണൽ പാർക്കിൽ പോയപ്പോഴാണ് ഇവരുടെ വർഗ്ഗ സ്നേഹം എനിക്ക് മനസിലായത്. പാർക്കിന്റെ അടിവാരത്തു ഇന്ത്യൻ വണ്ടിയിടണം. അതിനു ശേഷം ഗൂർഖകളുടെ വണ്ടിയിലേ പോകാൻ പറ്റൂ. ഫോറെസ്റ്റ് ഓഫീസിൽ രേഖകൾ കാണിച്ചു പണമടച്ചാൽ ഒരു ഗൂർഖ ഓടിക്കുന്ന ഫോർവീൽ ജീപ്പ് വരും. അതിൽ ഒരു ഗൂർഖ ഗൈഡും കാണും . അയാൾക്ക്‌ സ്പീഷിസുകളെ പറ്റി എന്തെങ്കിലും അറിയാമോ എന്നുള്ള ചോദ്യം വേണ്ട. ഇനി അറിയില്ലെങ്കിലും കൊണ്ട് പോയേ പറ്റൂ. കാരണം ഇങ്ങനെയൊക്കെയാണ് അവർ അവരുടെ ടൂറിസം വളർത്തിയെടുക്കുന്നതും ആൾക്കാർക്ക് ജീവിത മാർഗം ഉണ്ടാക്കികൊടുക്കുന്നതും. തലകുത്തി വീഴുന്ന ഹെയർ പിൻ വളവുകൾ കയറി മുകളിൽ ചെന്നാൽ അങ്ങിങ്ങായി തടിപ്പലകകൾ അടിച്ചു കൂട്ടിയ വീടുകൾ. ഹോംസ്റ്റേകൾ ആണ്. ഇനി എത്ര വലിയവൻ ആണെങ്കിലും ഫോട്ടോ എടുക്കാൻ ചെന്നാൽ ഇങ്ങനെയേ കഴിയാൻ പറ്റൂ. സ്ലീപ്പിങ് ബാഗ്‌ സ്വന്തമായുണ്ടെങ്കിൽ നിങ്ങൾ രാജാവ്. ബീഫ് എന്ന് പറഞ്ഞു പുക കൊള്ളിച്ചു ഉണക്കിയ യാക്കിന്റെ ഇറച്ചി തരും. എന്ത് കഴിച്ചാലും എനിക്കൊന്നും വരില്ല എന്ന വിശ്വാസമുള്ളവർ കഴിച്ചാൽ മതി. ഞാൻ ഒക്കെ ചായയിൽ നിൽക്കും. പതിനഞ്ചു പതിനാറു വയസ്സുള്ള പിള്ളേരൊക്കെ കല്യാണവും കഴിഞ്ഞു ഹോംസ്റ്റേയും ആയി താമസിക്കുന്നത് കണ്ടപ്പോൾ നമ്മൾ എൻട്രൻസ് എൻട്രൻസ് എന്ന് പറഞ്ഞു പിള്ളേരെ നെട്ടോട്ടം ഓടിക്കുന്നത് എനിക്കോർമ്മ വന്നു. ബംഗ്ളദേശിൽ നിന്ന് വന്നവരാകട്ടെ രാവ് പകലില്ലാതെ പണിയെടുത്തു നടുവൊടിഞ്ഞു ജീവിക്കുന്നു. സിലിഗുരിയിൽ പോലും തങ്ങാനാവാത്തത്ര ജനങ്ങൾ. എന്തുകൊണ്ടാണ് ഇവർ നമ്മുടെ നാട്ടിൽ പണിക്കു വരുന്നതെന്ന് എനിക്ക് പിടികിട്ടിയത് അപ്പോഴാണ്. എത്ര ജോലിയുണ്ടെങ്കിലും അതിനെയും കവച്ചു വെയ്ക്കുന്ന ജനസംഖ്യ.

ഇനി ഏറ്റവും മുകളിൽ ലഡാക്കിൽ ചെന്നാലോ അവിടെയും ടിബറ്റിൽ നിന്ന് വന്നവരാണ്. പതിഞ്ഞ താളത്തിലുള്ള ബുദ്ധ സംഗീതം കേട്ട്, ചൈന ഇന്നത്തെ ടിബറ്റുകാരോട് ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഓർത്തു ഉരുകി കഴിയുന്നവർ. ലേഹ് ടൗണിൽ നിന്ന് ദൂരെ എവിടെ പോകണമെങ്കിലും പെർമിറ്റ് എടുക്കണം ഇവിടെയും ഭക്ഷണം സാൻഡ്വിച്ചും നൂഡിൽസും മോമോസും ഓംലെറ്റും ഒക്കെ തന്നെ. മൂന്നു നേരം ചോറ് കഴിക്കാൻ ഇഷ്ടമുള്ള ആസാമിയ്ക്കും അവന്റേതായ സംസ്കാരവും, ഭാഷയും, പാരമ്പര്യവുമുണ്ട്. ഇവരെല്ലാം ഇന്ത്യക്കാരാണ്. എന്നാൽ ഇവരെല്ലാം നൂറുശതമാനം ഇന്ത്യക്കാരാണോ എന്ന് ചോദിച്ചാൽ അവർ പോലും സംശയിക്കും. എല്ലാവരും ശ്രമിക്കുന്നത് അവരുടെ തനതു വ്യക്തിത്വം നിലനിർത്താനാണ്. അതിലൊരു കലർപ്പും അവർ ആഗ്രഹിക്കുന്നില്ല. നിങ്ങളെല്ലാം നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപോയ്ക്കൊള്ളൂ എന്ന് പറഞ്ഞാൽ പോലും അവർ പോവില്ല. കാരണം രണ്ടു മൂന്നു തലമുറകളായി അവർ ജീവിച്ചു മരിക്കുന്നത് ഈ മണ്ണിലാണ്. ഇത് വിട്ടൊരു ജീവിതം അവർക്കില്ല. ഒരു ചെടി പിഴുതു മാറ്റി വേറെ വെയ്ക്കുമ്പോൾ അതിനു നിലനിൽക്കാനുള്ള സാദ്ധ്യത വെറും പത്തു ശതമാനം മാത്രമേ ഉള്ളൂ എന്നുള്ളതുപോലെ. ഏതാണ്ട് 80 തരം കുറിഞ്ഞി വർഗ്ഗങ്ങൾ ഉണ്ട്. ഓരോ കുറിഞ്ഞി പൂക്കുന്നതും ഓരോ സമയത്ത്. ഓരോ പൂവും വ്യത്യസ്തം. എന്നാൽ എല്ലാം കുറിഞ്ഞിയാണെന്നുള്ള സാമ്യവും ഉണ്ട്. മനുഷ്യർക്കും അതുപോലെ ആവാൻ ബുദ്ധിമുട്ടുണ്ടോ ? അതിരുകളില്ലാത്ത ലോകം മനസ്സിലെങ്കിലും സ്വപ്നം കാണാൻ ബുദ്ധിമുട്ടുണ്ടോ ? എന്നോ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് വേറിട്ട് വന്നു ഇന്ത്യൻ മഹാസമുദ്രത്തിൽ അടിഞ്ഞ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉള്ളവരെല്ലാം ഇന്ത്യക്കാരാണോ ആഫ്രിക്കക്കാരാണോ എന്ന ചോദ്യം എത്രമാത്രം നിരർത്ഥകമാണ് അല്ലേ ... ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories