TopTop
Begin typing your search above and press return to search.

പകല്‍ക്കൊള്ള; വഴിമുട്ടിയ ജീവിതങ്ങളോട് കനിവ് കാട്ടാതെ സര്‍ക്കാരും എണ്ണക്കമ്പനികളും കൊയ്യുന്നത് കോടികള്‍

പകല്‍ക്കൊള്ള; വഴിമുട്ടിയ ജീവിതങ്ങളോട് കനിവ് കാട്ടാതെ സര്‍ക്കാരും എണ്ണക്കമ്പനികളും കൊയ്യുന്നത് കോടികള്‍

കോവിഡിനൊപ്പമുള്ള ജീവിതം എന്ന് അവസാനിക്കും എന്നറിയാതെ, കോവിഡിനോട് പൊരുതി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് രാജ്യത്തെ ജനങ്ങള്‍. പലരുടേയും ജീവിതം ദുരിതക്കയത്തിലാണ്. വരുമാനം നിന്നു; ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥ. സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ കാര്യമാണെങ്കില്‍ അതിദയനീയം. അന്നന്നത്തെ വരുമാനം കൊണ്ട് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന ഇവരില്‍ പലരും ഇന്ന് കടുത്ത ദാരിദ്ര്യത്തിലും ആത്മഹത്യയുടെ വക്കിലുമാണ്. ലോക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്ത പട്ടിണി മരണങ്ങളിലധികവും ഇത്തരക്കാര്‍ക്കിടയില്‍ നിന്നാണെന്നതാണ് ദു:ഖകരമായ വസ്തുത. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണമാണെങ്കില്‍ അനുദിനം വര്‍ദ്ധിക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ വിദൂര ഭാവിയിലൊന്നും ഉണ്ടാകാനുമിടയില്ല. ജനജീവിതം ഇത്തരത്തില്‍ ദുസ്സഹമായി തുടരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില്‍പ്പനയുടെ മറവില്‍ കോടികള്‍ കൊയ്യുന്നത്. രാജ്യത്തെ ജനങ്ങളുടെ ദുരിത കണ്ണീര്‍ കണാതെ അന്താരാഷ്ട്ര വിപണിയിലേതിന് ആനുപാതികമായി ഇന്ത്യയിലും ഇന്ധന വില കുറയ്ക്കാന്‍ തയ്യാറാകാതെ മുന്നോട്ട് പോകുന്ന സര്‍ക്കാരിനെതിരേ അതി ശക്തമാകുകയാണ് ജനരോക്ഷം.

അനുകൂലമായ സഹാചര്യത്തിലും വഞ്ചിക്കപ്പെട്ട് ജനത

ഇക്കഴിഞ്ഞ ഏപ്രില്‍ 21-ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 1999-ന് ശേഷമുള്ള ഏറ്റവും കുറവ് രേഖപ്പെടുത്തി. ബാരലിന് 16.36 ഡോളര്‍. അതായത് ഇരുപത്തിയൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില. എന്നിട്ടും ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്ന് തന്നെ നിന്നു. യു.പി.എ ഭരണകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 144 ഡോളര്‍ വരെ ഉയര്‍ന്ന സമയമുണ്ടായി. എന്നാല്‍ അന്ന് സബ്‌സിഡി നല്‍കി യു.പി.എ സര്‍ക്കാര്‍ ഇന്ത്യയില്‍ ഇന്ധനവില നിയന്ത്രിച്ചു. പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപ ഇന്ധനവില നിയന്ത്രിക്കാന്‍ യു.പി.എ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കി. ഇതുമൂലം പെട്രോള്‍ വില ലിറ്ററിന് 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും ആയി നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചു. ഇന്നിപ്പോള്‍ ക്രൂഡ് ഓയില്‍ വില 2014-നെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഇന്ത്യയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജൂണ്‍ 27-ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ പെട്രോളിന്റെ വില 80.38 രൂപയും ഡീസല്‍ വില 80.40 രൂപയുമാണ്.

പെട്രോളിയം ഉത്പ്പനങ്ങളുടെ വില നിയന്ത്രണാധികാരം എടുത്ത് മാറ്റിയപ്പോള്‍ യു.പി.എ സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയ്ക്ക് അനുപാതികമായി ഇന്ത്യയിലും പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുമെന്നായിരുന്നു. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ അന്തരാഷ്ട്ര വിപണിയിലേതിന് ആനുപാതികമായി ഇന്ത്യയിലും വിലയില്‍ മാറ്റങ്ങള്‍ ഫലപ്രദമായി നടപ്പാക്കി.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉണ്ടായ ഏറ്റവും അനുകൂലമായ ഘടകങ്ങളിലൊന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ കുറവാണ്. ഈ സാഹചര്യത്തില്‍ ന്യായമായ രീതിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും വ്യാപാരികളുടെ കമ്മിഷനും എണ്ണകമ്പനികളുടെ ആദായവുമെല്ലാം കൂട്ടിയാലും പെട്രോളും ഡീസലും ലിറ്ററിന് 40 രൂപയില്‍ താഴെ വിലയില്‍ വില്‍ക്കാന്‍ കഴിയും. അമിതമായ നികുതികളും എണ്ണക്കമ്പനികളുടെ കൊള്ളലാഭവും മറ്റും ചേരുമ്പോഴാണ് വില താങ്ങാനാവത്തതാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ദു:ഖകരം. ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ഈ ഇളവാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതിയായി ഈടാക്കിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും എണ്ണ കമ്പനികളും വലിയ തോതില്‍ കൊള്ളലാഭം കൊയ്യുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് സാധാരണ ജനങ്ങളാണ്.

നികുതി ഭീകരത

പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ നിന്നു മാത്രം മോദി സര്‍ക്കാരിന് ഇതുവരെ ലഭിച്ചത് 16 ലക്ഷം കോടിയുടെ അധിക വരുമാനമാണ്. മോദി അധികാരമേറ്റ ശേഷം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 12 തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 6-ന് പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ ഒറ്റയടിക്ക് 10 രൂപയുടേയും ഡീസലില്‍ 13 രൂപയുടേയും വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. റോഡ് സെസ് ഉള്‍പ്പെടെയാണ് ഈ വര്‍ധന. എക്‌സൈസ് തീരുവ പരിധി പരമാവധി ഉയര്‍ത്തുന്നതിനായി ബന്ധപ്പെട്ട നിയമം ഇതിനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇതിലൂടെ മാത്രം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1.6 ലക്ഷം കോടിയുടെ അധിക വരുമാനമാണ്. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുന്ന 2014- മെയില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.20 രൂപയായിരുന്നു. എന്നാല്‍ ഇന്നിത് 32.98 രൂപയാണ് (റോഡ് സെസ് ഉള്‍പ്പെടെ). ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് 3.46 ആയിരുന്നതിപ്പോള്‍ 31.83 രൂപയും (റോഡ് സെസ് ഉള്‍പ്പെടെ). പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ 23.78 രൂപയും ഡീസലിന്റേതില്‍ 28.37 രൂപയുമാണ് വര്‍ദ്ധനവ്. 2017 ഒക്ടോബറിലും 2018-ഒക്ടോബറിലും മാത്രമാണ് കുറവ് വരുത്തിയത്. അതും കേവലം 2 രൂപയുടേയും 1.50 രൂപയുടേയും. ഓരോ തവണ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുമ്പോഴും സര്‍ക്കാര്‍ ലക്ഷ്യമിട്ടത് അമിത ലാഭമാണ്. ഇതിനെല്ലാം പുറമെയാണ് കഴിഞ്ഞ 21 ദിവസത്തിനിടെയിലെ 21 തവണയുള്ള വര്‍ധന. 21 ദിവസത്തിനിടെ പെട്രോളിന് 9.12 രൂപയും ഡീസിലിന് 11.01 രൂപയുമാണ് വര്‍ധിപ്പിച്ചത്.

കണക്കിലെ കളികള്‍

അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വില നിലവില്‍ ബാരലിന് 42.24 രൂപയാണ്. ഇതനു അനുപതികമായി ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്ത്യയിലെ ഉദ്പാദന ചെലവ് 24.62 രൂപയും ഡീസലിന്റേത് 26.04 രൂപയുമാണ്. പെട്രോള്‍ ലിറ്ററിന് 3.6 രൂപയും ഡീസല്‍ ലിറ്ററിന് 2.53 രൂപയുമാണ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍. എന്നാല്‍ കൊച്ചിയില്‍ പെട്രോള്‍ 80.54 രൂപയ്ക്കും ഡീസല്‍ 76.11 രൂപയ്ക്കുമാണ് വില്‍ക്കുന്നത്(ജൂണ്‍ 27-ലെ വില). അങ്ങനെ വില്‍ക്കുമ്പോള്‍ എക്‌സൈസ് തീരുവ, റോഡ് നികുതി, അധിക എക്‌സൈസ് തീരുവ എന്നിവ അടക്കം പെട്രോളില്‍ നിന്നും 32.98 രൂപയും ഡീസലില്‍ നിന്നും 31.83 രൂപയും കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നു. പെട്രോളിന് വാറ്റ് ഇനത്തില്‍ ലിറ്ററിന് 18.80 രൂപയും ഡീസിലിന് 14.65 രൂപയും സംസ്ഥാന സര്‍ക്കാരും ഈടാക്കുന്നു. കേന്ദ്ര നികുതിയും വാറ്റും കൂടി ചേര്‍ത്താല്‍ പെട്രോളിന് ചുമത്തുന്ന നികുതി മാത്രം 51.78 രൂപയാണ്. ഡീസലിനിത് 46.48 രൂപയും. ഇതും ഡീലര്‍മാര്‍ക്കുള്ള കമ്മീഷനും കഴിച്ചുള്ള തുകയാണ് എണ്ണ കമ്പനികള്‍ക്ക് ലഭിക്കുന്നത്.

കേന്ദ്രത്തിനൊപ്പം എണ്ണ കമ്പനികളും കൊയ്യുന്നത് കോടികള്‍

2018-19 സാമ്പത്തിക വര്‍ഷം പെട്രോളിയം ഉത്പ്പനങ്ങളുടെ വില്‍പ്പനയിലൂടെ കേന്ദ്രം പിരിച്ചെടുത്ത എക്‌സൈസ് തീരുവ മാത്രം 2,14,369 കോടി രൂപയാണ്. പെട്രോളിയം ഉത്പ്പനങ്ങളില്‍ നിന്നും കേന്ദ്രത്തിന് ലഭിച്ച മൊത്തം നികുതി വരുമാനമാകട്ടെ 348,041 കോടി രൂപയും. ബി.ജെ.പി ഭരണത്തിന് കീഴില്‍ എണ്ണ കമ്പനികളുടെ ലാഭത്തില്‍ 300 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വിതരണക്കാരുടെ ലാഭവും ഇരട്ടിയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭം യു.പി.എ ഭരണത്തിന് കീഴില്‍ 7019 കോടിയായിരുന്നു. ഇത് 2018-19 സാമ്പത്തിക വര്‍ഷം 16894 കോടിയായാണ് ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ലാഭം 2013-2014 വര്‍ഷം 1734 കോടിയായിരുന്നു. ഇത് 2018-19 സാമ്പത്തിക വര്‍ഷം 6029 കോടിയായി ഉയര്‍ന്നു. ബി.പി.സി.എല്ലിന്റേത് 4060 കോടിയില്‍ നിന്നും 7132 കോടിയായായും.

ലാഭക്കൊതിയില്‍ സംസ്ഥാന സര്‍ക്കാരുകളും

കേന്ദ്രസര്‍ക്കാരില്‍ നിന്നും എണ്ണ കമ്പനികളില്‍ നിന്നും വ്യത്യസ്തമല്ല സംസ്ഥാന സര്‍ക്കാരുകളുടെ മനോഭാവവും. പരമാവധി വരുമാനം ഉണ്ടാക്കുകയെന്നതു തന്നെയാണ് സംസ്ഥാന സര്‍ക്കാരുകളും ലക്ഷ്യമിടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് വഴി 227,396 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ചത്. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വര്‍ധിപ്പിച്ച അധിക നികുതി വേണ്ടെന്നു വച്ച് ജനങ്ങള്‍ക്ക് ആശ്വാസം എത്തിച്ചു. നാലു തവണകളായി 619.17 കോടി രൂപയുടെ ഇളവാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയത്. എന്നാല്‍ പിണറായി സര്‍ക്കാരില്‍ നിന്നും ഇത്തരമൊരു സമീപനം ഇതുവരെ ഉണ്ടായിട്ടില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ബി.എസ് ഷിജു

ബി.എസ് ഷിജു

തിരുവനന്തപുരം ആസ്ഥാനമായുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍

Next Story

Related Stories