TopTop
Begin typing your search above and press return to search.

ഒരുവശത്ത് പരിസ്ഥിതി പ്രേമവും അവകാശവാദങ്ങളും; മറുവശത്ത് വന്‍കിടക്കാര്‍ക്കായി 'കടുംവെട്ട്' ഇഐഎ വിജ്ഞാപനം

ഒരുവശത്ത് പരിസ്ഥിതി പ്രേമവും അവകാശവാദങ്ങളും; മറുവശത്ത്  വന്‍കിടക്കാര്‍ക്കായി കടുംവെട്ട് ഇഐഎ വിജ്ഞാപനം

ഗുജറാത്തില്‍ മുദ്ര തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചതിന് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന് യു.പി.എ സര്‍ക്കാര്‍ 2013 ല്‍ 200 കോടി രൂപ പിഴയടിച്ചു. നശിപ്പിച്ചതിന് പകരമായി മറ്റൊരു സ്ഥലത്ത് കണ്ടല്‍ക്കാട് വച്ചുപിടിപ്പിക്കാനും അന്ന് പരിസ്ഥിതി വനം മന്ത്രാലയത്തിന് കീഴിലുള്ള സമിതി ഉത്തരവിട്ടു. എന്നാല്‍ അധികാരത്തില്‍ വന്നയുടന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത് ഈ നടപടി റദ്ദാക്കുകയായിരുന്നു. പിന്നാലെ, പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ (എന്‍.ബി.ടി) പല്ലും നഖവും പറിച്ചെടുത്തു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ജയറാം രമേശ് പരിസ്ഥിതി വനം മന്ത്രിയായിരിക്കെ 'ഗോ' ( ഖനനം നടത്താവുന്ന നിബിഡ വനങ്ങളല്ലാത്ത പ്രദേശം), 'നോ ഗോ കറ്റഗറി' ( ഒരു തരത്തിലും ഖനനം നടത്താന്‍ പാടില്ലാത്ത നിബിഡ വനങ്ങള്‍) എന്നിങ്ങനെ തിരിച്ചാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ഏതാനും മാസം മുമ്പ് ഇത് അട്ടിമറിച്ച് എവിടെ വേണമെങ്കിലും ഖനനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പശ്ചിമഘട്ടത്തില്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ തുടര്‍ക്കഥയായിട്ടും കുസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ്. പരിസ്ഥിതിയെ രക്ഷിക്കുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.

അതേസമയം നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ലോകത്തിന് മുന്നിലാകട്ടെ പരിസ്ഥിതിയുടെ ഏറ്റവും വലിയ സംരക്ഷകര്‍ തങ്ങളാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ ഒന്നാകെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന നടപടികളില്‍ ഏറ്റവും അവസാനത്തേതാണ് പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) വിജ്ഞാപനം. കാലാവസ്ഥ വ്യതിയാനം നിയന്ത്രണ വിധേയമാക്കുന്നതിനായി ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ നല്‍കിയിട്ടുള്ള നിരവധി ഉറപ്പുകളുണ്ട്. അവയെല്ലാം ലംഘിക്കുന്ന രീതിയില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അനുമതി നല്‍കുന്നതാണ് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍.

ദുരുഹം സര്‍ക്കാര്‍ നീക്കം

ഒരു പദ്ധതി പരിസ്ഥിതിക്ക് എങ്ങനെ ദോഷകരമാകുമെന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള വ്യവസ്ഥാപിതമായ നിയമ മാര്‍ഗ്ഗമാണ് പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴില്‍ 1994-ലാണ് കേന്ദ്രപരിസ്ഥിത മന്ത്രാലയം പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പദ്ധതികള്‍ക്ക് പാരിസ്ഥിക അനുമതി നിര്‍ബന്ധമാക്കി കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. 1994-ന് ശേഷം ഇതില്‍ നിരവധി ഭേദഗതികള്‍ വന്നു. അവയെല്ലാം നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളവായിരുന്നു. എന്നാല്‍ മാര്‍ച്ച് 23-ന് മോദി സര്‍ക്കാര്‍ പുറത്തിറക്കിയ ഇ.ഐ.എ വിജ്ഞാപനം 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അന്ത:സത്തയെ തന്നെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് കരട് വിജ്ഞാപനത്തിന്മേല്‍ അഭിപ്രായം രേഖപ്പെടുത്താന്‍ തുടക്കത്തില്‍ ജൂണ്‍-30 വരെ സര്‍ക്കാര്‍ സമയം നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടും ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ വിക്രാന്ത് ടോണ്‍ഗഡ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വരെ സര്‍ക്കാര്‍ സമയം നീട്ടിനല്‍കിയത്.

കരടിന്മേല്‍ അഭിപ്രായം ആരാഞ്ഞ് നിലവിലുള്ള 78000 പദ്ധതികളുടെ ഉടമകള്‍ക്ക് ഇ-മെയില്‍ അയയ്ക്കുക മാത്രമാണ് കേന്ദ്രം ചെയ്തത്. കോടതി നിര്‍ദ്ദേശമുണ്ടായിട്ടും പ്രാദേശിക ഭാഷകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ല. ഇതിന് കേന്ദ്രസര്‍ക്കാരിന് കോടതിയലക്ഷ്യത്തിന് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയിച്ചിട്ടുണ്ട്. തുടക്കത്തില്‍ പരിസ്ഥിതി മന്ത്രാലയം ഓഗസ്റ്റ് 10 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ഇത് വെട്ടിക്കുറച്ച് ജൂണ്‍ 30-ആക്കാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ നേരിട്ട് ഇടപെടല്‍ നടത്തിയതിന്റെ വിവരാവകാശ രേഖ ഇതിനിടെ ഒരു മാധ്യമം പുറത്തുവിട്ടത് സര്‍ക്കാരിന് തിരിച്ചടിയായി. കേസില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശമാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു നേരിടേണ്ടിവന്നത്. ഉയര്‍ന്ന സംശയങ്ങള്‍ക്കുള്ള ഒരു മറുപടിയും സര്‍ക്കാരിന് നല്‍കാനായിട്ടില്ലെന്ന് കേസ് പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പിടിവാശിയില്‍ തങ്ങള്‍ക്ക് അത്ഭുതമുണ്ടെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന് മര്‍ക്കടമുഷ്ടിയുള്ളതു പോലെയാണ് കാര്യങ്ങളെന്നും നിരീക്ഷിച്ചു.

എന്തായാലും കരട് വിജ്ഞാപനം ഇതിനകം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. സാമ്പത്തികമായത് ഉള്‍പ്പെടെയുള്ള ചൂഷണങ്ങളില്‍ നിന്നും പരിസ്ഥിതിക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകളെ ഇല്ലാതാക്കുന്നതാണ് വിജ്ഞാപനം. ഇ.ഐ.എ സംബന്ധിച്ച് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, വന്‍കിട വ്യവസായികളുടെ താത്പ്പര്യവും ആശങ്കകളും മാത്രം പരിഗണിച്ചുകൊണ്ടുള്ളതാണ് സര്‍ക്കാര്‍ നീക്കം. പരിസ്ഥിതി നിയമങ്ങള്‍ പരിശോധനാവിധേയമാക്കണമെന്ന 2014-ലെ സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള ഗൂഢ ശ്രമമാണോ സര്‍ക്കാരിന്റേതെന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്. നിലവിലുള്ള പരിസ്ഥിതി സംരക്ഷണത്തിലെ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന കാരണം ചൂണ്ടികാട്ടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ 2015-ല്‍ തന്നെ തള്ളിയതാണ്.

വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പാരിസ്ഥിതിക അനുമതി വേണ്ട; അനിയന്ത്രിത ഇളവുകളും

'പോസ്റ്റ് ഫാക്ടോ' പാരിസ്ഥിതിക അനുമതി എന്ന നിബന്ധനയാണ് ഏറ്റവും ദോഷകരം. പാരിസ്ഥിക അനുമതി നേടാതെ പ്രവര്‍ത്തനം തുടങ്ങാന്‍ ഈ വ്യവസ്ഥ അവസരമൊരുക്കും. അതായത്, പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്കും ഒരു നിശ്ചിത ഫീസ് നല്‍കി പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയും. ഉദാഹരണത്തിന് ഭോപ്പാല്‍ വാതക ദുരന്തത്തിന് ഇടയാക്കിയതു പോലൊരു ഫാക്ടറി ഇന്ത്യയിലെവിടെയും തുടങ്ങുന്നതിന് ഒരു തടസ്സമുണ്ടാകില്ല. അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പിന്നീട് ഫീസ് ചുമത്തും. വ്യവസായ യൂണിറ്റുകള്‍ക്ക് പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച് നാമമാത്രമായ പിഴയടച്ച് പ്രവര്‍ത്തനം നടത്താന്‍ ഈ ഇളവിലൂടെ കഴിയുമെന്ന് ചുരുക്കം. പാരിസ്ഥിതിക അനുമതി വേണ്ടെന്ന സാഹചര്യമുണ്ടായല്‍ പരിസ്ഥിതി സംരക്ഷണമെന്നത് തന്നെ പ്രസക്തതമല്ലാതാകും.

നിരവധി വന്‍കിട വ്യവസായങ്ങളെ ഇ.ഐ.എയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. 40-ഓളം പദ്ധതികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. മണല്‍, കളിമണ്ണ് എന്നിവ വേര്‍തിരിക്കുന്ന സംരംഭങ്ങള്‍, കല്‍ക്കരി, കല്‍ക്കരി ഇതര ധാതുക്കള്‍, ഊര്‍ജ്ജ പദ്ധതികള്‍, സൗരോര്‍ജ്ജ പദ്ധതികള്‍, സോളാര്‍ പാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടെയാണിത്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ കണിക്കിലെടുക്കാതെയാണ് ഇളവ് നല്‍കിയിട്ടുള്ളത്. ഇവയെ ഒഴിവാക്കാന്‍ എന്ത് മാനദണ്ഡങ്ങളാണ് പരിഗണിച്ചതെന്ന കാര്യം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പദ്ധതികള്‍ക്ക് നല്‍കുന്ന അനുമതി കാലാവധി അഞ്ചില്‍ നിന്ന് ഒറ്റടയിക്ക് പത്തുവര്‍ഷമാക്കാനും കരടില്‍ നിര്‍ദ്ദേശമുണ്ട്.

പൊതുജനങ്ങളില്‍ നിന്ന് പരാതി കേള്‍ക്കില്ല; അവകാശങ്ങള്‍ നിഷേധിക്കപ്പെടും

പദ്ധതികള്‍ തുടങ്ങുന്നതിന് മുമ്പ് ജനങ്ങളുടെ പരാതി കേള്‍ക്കണമെന്ന വ്യവസ്ഥയില്‍ നിന്നും ചില വ്യവസായങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വിഷ മലിനീകരണം ഉണ്ടാക്കുന്നവയും പാരിസ്ഥിതിക ജീര്‍ണ്ണതയ്ക്ക് വഴിവയ്ക്കുന്നവയും അടക്കമുള്ള വ്യവസായങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പൊതുജനാഭിപ്രായം തേടേണ്ട വ്യവസായങ്ങള്‍ക്ക് ഇതിനായുള്ള സമയ പരിധി 30 ദിവസത്തില്‍ നിന്നും 20 ദിവസമായി കുറയ്ക്കാനുള്ളതാണ് മറ്റൊരു നിര്‍ദ്ദേശം. അതിര്‍ത്തി പ്രദേശങ്ങളിലെ റോഡ്, പൈപ്പ് ലൈനുകള്‍ എന്നിവയുടെ നിര്‍മ്മാണത്തെയാണ് ഇത്തരത്തില്‍ ഒഴിവാക്കിയിട്ടുള്ളത്. തന്ത്രപ്രധാനമായ പദ്ധതികളാണ് ഒഴിവാക്കിയിട്ടുള്ള രണ്ടമത്തെ വിഭാഗം. ഇതു സംബന്ധിച്ച നിര്‍വ്വചനത്തില്‍ കരട് വ്യക്ത നല്‍കുന്നില്ല. ഏത് പദ്ധതിയും തന്ത്രപ്രധാനമെന്ന് വരുത്തി ഇളവ് നല്‍കാന്‍ കഴിയും.

മൂന്നാമത്തെ വിഭാഗം ബി-2 കാറ്റഗറിയില്‍ വരുന്ന പദ്ധതികളാണ്. പരിസ്ഥിതി ലോല പ്രദേശത്തേത് അടക്കമുള്ള ദേശീയ, സംസ്ഥാന പാതകളുടെ നിര്‍മ്മാണം ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ഇതിനകം ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുള്ള സെന്‍ട്രല്‍ വിസ്തയും ഇതിലുള്‍പ്പെടും. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം കേള്‍ക്കാതെ നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമം ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഏറ്റെടുക്കാനും പരാതിപ്പെടാനും പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ പുതിയ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള അവകാശം നിഷേധിക്കപ്പെടും. ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ മാത്രം മതിയാകും. ഓരോ പദ്ധതിയെ കുറിച്ചും പൊതുജനാഭിപ്രായം രൂപപ്പെടുന്നതിനും പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ക്ക് കൂച്ചുവിലങ്ങിടുങ്ങുന്നതിനും ഇത് വഴിവയ്ക്കും. ക്രമേണ പരിസ്ഥിതി സംരക്ഷണം എന്നതു തന്നെ ഒരു പാഴ്‌വേലയാകും.

ലംഘനങ്ങള്‍ക്ക് നിയമസാധുത?

പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ സംരക്ഷിത മേഖലയിലെ വന്യജീവിതത്തിനും പാരിസ്ഥിതിക സംരക്ഷണത്തിനും വലിയ ഭീഷണിയാകും ഉണ്ടാകുക. നിരോധിക്കുന്നതിന് പകരം ഏതുതരം ലംഘനങ്ങള്‍ക്കും നിയമസാധുത നല്‍കാന്‍ കരട് വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ അവസരമൊരുങ്ങും. നിയമപരമായ പിഴ ഈടാക്കുന്നത് കൊണ്ടുമാത്രം പരിസ്ഥിതിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയില്ല. സംരക്ഷിത വനങ്ങള്‍, ചതുപ്പ് നിലങ്ങള്‍, മരുഭൂമികള്‍, കണ്ടല്‍മേഖല, നീര്‍ത്തടം തുടങ്ങിയ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതായത് ഈ പ്രദേശങ്ങളില്‍ ചൂഷണം നടത്താന്‍ തത്പ്പര കക്ഷികള്‍ക്ക് യഥേഷ്ടം അവരമൊരുങ്ങും. ഇതുണ്ടാക്കുന്ന ഭീഷണി ബോധപൂര്‍വ്വം വിസ്മരിച്ചാണ് സര്‍ക്കാര്‍ കരട് വിജ്ഞാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫെഡറല്‍ സംവിധാനത്ത് വെല്ലുവിളി; എന്നിട്ടും കേരളത്തിന് മെല്ലെപ്പോക്ക്

നിലവിലുള്ള 2016-ലെ നിയമ പ്രകാരം സംസ്ഥാനങ്ങളിലെ പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ സമിതിയെ സംസ്ഥാന സര്‍ക്കാരുകളാണ് നിശ്ചയിക്കേണ്ടത്. എന്നാല്‍ പുതിയ വിജ്ഞാപനത്തില്‍, സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ സമിതിയെ നിശ്ചയിച്ചില്ലെങ്കില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം നേരിട്ട് സമിതിയെ നിയോഗിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കാതെയാകും ഇതെന്ന് വിജ്ഞാപനത്തില്‍ എടുത്തു പറയുന്നുണ്ട്. എഴുപത് മീറ്ററില്‍ കുറഞ്ഞ വീതിയുള്ള ഹൈവെ നിര്‍മ്മിക്കാനും അഞ്ച് ഏക്കറില്‍ താഴെയുള്ള ക്വാറികള്‍ തുടങ്ങാനും ഇ.ഐ.എ വേണ്ടെന്നുള്ള കരടിലെ നിര്‍ദ്ദേശങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. ഇത്രയും സുപ്രധാനമായ ഒരു വിജ്ഞാപനത്തിന്മേല്‍ തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ സമയ പരിധി അവസാനിക്കുന്ന അവസാന ദിവസം വരെ കേരളം കാത്തിരുന്നു എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ അലംഭാവം വാര്‍ത്തയാക്കിയതിന് ശേഷം അവസാന മണിക്കൂറുകളിലാണ് സര്‍ക്കാര്‍ ഉണര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികളുമായോ ജനപ്രതിനിധികളുമായോ പരിസ്ഥിതി പ്രവര്‍ത്തകരുമായോ ഇതുവരെ ഇക്കാര്യത്തില്‍ ഒരു കൂടിയാലോചനയ്ക്കും സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. എത്രത്തോളം ലാഘവത്തോടെയാണ് ഈ സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണത്തെ കാണുന്നത് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളിന്മേലുള്ള കരട് വിജ്ഞാപനത്തില്‍ അഭിപ്രായം രൂപീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളും ശ്രമങ്ങളും ഓര്‍ത്തുപോകുന്നത് സര്‍ക്കാരിന്റെ ഈ മെല്ലപ്പോക്കിനിടെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ബി.എസ് ഷിജു

ബി.എസ് ഷിജു

തിരുവനന്തപുരം ആസ്ഥാനമായുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍

Next Story

Related Stories