TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍; ഡോ. താര നായര്‍ എഴുതുന്നു

ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍;  ഡോ. താര നായര്‍ എഴുതുന്നു

കാര്‍ഷിക മേഖലയില്‍ ദൂരവ്യപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന മൂന്നു നിയമങ്ങളാണ് ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കി എടുത്തത്‌. ഇതില്‍ രണ്ടു നിയമങ്ങള്‍ - കര്‍ഷകരുടെ ഉത്പന്നങ്ങളുടെ വ്യാപാര-വാണിജ്യം, കരാര്‍ കൃഷി എന്നിവയെ സംബന്ധിച്ച നിയമങ്ങള്‍ - പുതുതായി തയ്യാറാക്കിയപ്പോള്‍ അവശ്യ സാധനങ്ങളെ സംബന്ധിച്ച നിലവിലുള്ള നിയമം (1955ല്‍ പാസ്സാക്കിയത്) ഭേദഗതി ചെയ്യുകയായിരുന്നു. Farmers' Produce Trade and Commerce [Promotion and Facilitation] Bill 2020 എന്ന് പേരിട്ടിട്ടുള്ള ഒന്നാമത്തെ നിയമം അനുസരിച്ച് കാര്‍ഷികോത്പന്ന വിപണന സമിതികളുടെ (APMC) നിയന്ത്രണ പരിധിക്കു പുറത്തുള്ള വാണിജ്യ ഇടങ്ങളില്‍ ആര്‍ക്കും കൃഷിക്കാരില്‍ നിന്ന് നേരിട്ട് കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. സംസ്ഥാനങ്ങള്‍ക്കകത്തും ഇടയിലും ഈ ഉത്പന്നങ്ങള്‍ സ്വതന്ത്രമായി, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ഒന്നും കൂടാതെ തന്നെ നേരിട്ടോ ഇലക്ട്രോണിക് ട്രേഡിംഗ് & ട്രാന്‍സാക്ഷന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചോ ക്രയവിക്രയം ചെയ്യുകയുമാവാം. എന്നാല്‍ യാതൊരുതരത്തിലുള്ള സെസ്സോ, ഫീസോ ഇത്തരം ഇടപാടുകളില്‍ നിന്നും ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ല.

രണ്ടാമത്തെ നിയമം – Farmers (Empowerment and Protection) Agreement on Price Assurance and Farm Services Bill 2020 – ഉത്പാദനം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ കര്‍ഷകരുമായി മുന്‍കൂര്‍ കരാറില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യം 'സ്പോണ്‍സര്‍മാര്‍'ക്ക് നല്‍കുന്നു. വ്യക്തികളെ കൂടാതെ, പാര്‍ട്ണര്‍ഷിപ്പ്‌ കമ്പനികള്‍, ബാധ്യത പരിമിതപ്പെടുത്തിയ ഗ്രൂപ്പുകള്‍, സൊസൈറ്റികള്‍ എന്നിവയെല്ലാം സ്പോണ്‍സര്‍ നിര്‍വചനത്തില്‍പ്പെടും. ഇങ്ങനെ കരാറുകളില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങളെ എല്ലാ സംസ്ഥാനതല നിയമങ്ങളുടെയും, അവശ്യ സാധന നിയമത്തിന്റെയും പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, അവയ്ക്ക് സ്റ്റോക്ക് പരിധി ബാധ്യതകളുമില്ല.

കാര്‍ഷികോത്പന്നങ്ങളുടെ സ്റ്റോക്ക്‌ പരിധി നിര്‍ണ്ണയിക്കുന്നതില്‍ ഇതുവരെ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനു അറുതി വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അവശ്യ സാധന നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. ഈ ഭേദഗതി കൊണ്ട് കര്‍ഷകര്‍ക്ക് പുതുതായി ഒരു നേട്ടവും ഉണ്ടാകാനിടയില്ലെങ്കിലും, ട്രേഡിംഗിലും ഊഹക്കച്ചവടത്തിലും മറ്റും ഏര്‍പ്പെടുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ ഉത്പന്നങ്ങള്‍ സ്റ്റോക്ക്‌ ചെയ്യാനുള്ള അവസരം ലഭിക്കും.

കാര്‍ഷിക രംഗത്തിന്റെ സമൂലമായ പരിഷ്കാരം ലക്‌ഷ്യം വച്ചുകൊണ്ടുള്ള 'ചരിത്രരേഖകള്‍' എന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ ഈ നിയമങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് തീര്‍ത്തും സ്വതന്ത്രരായി, ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് വിപണിയില്‍ നേരിട്ട് മത്സരിക്കാനും അത്തരം മത്സരത്തിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ട് വരുമാനം കൂട്ടാനും കഴിയുമെന്നുള്ള വളരെ സരളമായ ഉദാരീകരണ യുക്തിയാണ് ഈ നിയമങ്ങള്‍ തയ്യാറാക്കിയവരെ നയിച്ചത് എന്ന് വ്യക്തമാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയുമുണ്ട്. ഈ നിയമങ്ങള്‍, പ്രത്യേകിച്ചും കര്‍ഷകരുടെ ഉത്പന്നങ്ങളുടെ വ്യാപാര-വാണിജ്യത്തെ സംബന്ധിച്ച നിയമം, കൊണ്ടുവരാനുള്ള ഒരു കാരണമായി പറഞ്ഞിരിക്കുന്നത് കാര്‍ഷിക പരിഷ്കാരങ്ങൾ സംസ്ഥാനങ്ങൾ ഏകീകൃതമായി സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ്. നിയമങ്ങളിലെ ഏകതയില്ലായ്മ മത്സരാധിഷ്ഠിതമായ വിലനിർണ്ണയത്തിനുള്ള സാധ്യതയെയും, ഒരു ആധുനിക വ്യാപാര സമ്പ്രദായത്തിലേക്കുള്ള കാര്‍ഷിക മേഖലയുടെ മാറ്റത്തെയും തടസ്സപ്പെടുത്തുന്നുവെന്നതാണ് സര്‍ക്കാരിന്റെ വാദം.

ഈ മൂന്നു നിയമങ്ങളും ഒരുമിച്ചു സൂക്ഷ്മമായി വായിക്കുമ്പോള്‍ കാണാനാവുന്നത് മറ്റൊരു ചിത്രമാണ്. കാര്‍ഷിക വ്യാപാര-വാണിജ്യ മേഖലയില്‍ - ഉത്പാദന മേഖലയില്‍ അല്ല - വന്‍കിട കോര്‍പ്പറേറ്റ് സംരംഭകര്‍ക്ക് മുതല്‍മുടക്ക് നടത്താന്‍ സംസ്ഥാനങ്ങളുടെ ഇടപെടല്‍ ഒഴിവാക്കി സുഗമമായ വഴി തെളിക്കലാണ് ഈ നിയമങ്ങള്‍ കൊണ്ട് ഫലത്തില്‍ സംഭവിക്കുക. കാര്‍ഷിക മൂല്യ ശൃംഖലയില്‍ ഉത്പാദനവും കുറച്ചൊക്കെ സമാഹരണവും ഒഴിച്ചുള്ള വ്യവഹാരങ്ങളില്‍ സ്വകാര്യ കമ്പനികളുടെ ആധിപത്യം കുറച്ചു വര്‍ഷങ്ങളായി ദൃശ്യമാണ്. വിത്തുദ്പാദനം-വിതരണം, പ്രോസിസ്സിംഗ്, ട്രേഡിംഗ്, റീറ്റെയില്‍ എന്നീ മേഖലകളിലാണ് ഇത്തരം കമ്പനികള്‍ ധാരാളമായുള്ളത്. ഇവയില്‍ വമ്പന്‍ അന്തര്‍ദ്ദേശീയ കമ്പനികളും, വിവിധ രാജ്യങ്ങളില്‍ ബിസിനസ്സ് താത്പര്യങ്ങളുള്ള മള്‍ട്ടി നാഷണല്‍ കമ്പനികളും പെടും. സര്‍ക്കാരിന്റെ നയരൂപീകരണപ്രക്രിയയില്‍ ഈ കമ്പനികള്‍ക്കും, അവയ്ക്ക് ലോബിയിംഗ് സഹായം നല്‍കുന്ന വിവിധ കണ്‍സള്‍ട്ടന്‍സി എജന്സികള്‍ക്കുമുള്ള പങ്കു കുറച്ചൊന്നുമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ജൂണ്‍ മാസത്തില്‍ ഓര്‍ഡിനന്‍സുകളുടെ രൂപത്തില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ പുറത്തിറക്കിയപ്പോള്‍ മുതല്‍ നിരവധി കര്‍ഷക സംഘടനകളും, ട്രേഡ് യൂണിയനുകളും, സിവില്‍ സൊസൈറ്റി കൂട്ടായ്മകളും അവയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഓര്‍ഡിനന്‍സുകള്‍ ചെറുകിട കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ അവ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബ്, ഹരിയാന, ആന്ധ്ര പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വലിയ സമര പരിപാടികളും സംഘടിപ്പിച്ചു. ഏകദേശം 86 ശതമാനം കര്‍ഷകരും ചെറുകിട-നാമമാത്ര വിഭാഗത്തില്‍പ്പെടുന്നവരും, കൃഷിയില്‍ ആവശ്യമുള്ളത്ര പോലും മുതലിറക്കാനുള്ള ത്രാണിയില്ലാത്തവരുമായ ഇന്ത്യയില്‍, വിപണി എക്കാലത്തും ഇടനിലക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും പണമിടപാടുകാരുടെയും നിയന്ത്രണത്തില്‍ ആയിരുന്നു. വിപണിയിലെ അനിശ്ചിതത്വം നിരന്തരം അനുഭവിക്കുന്ന ഇത്തരം കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വിളകള്‍ക്ക് വിപണി കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വളരെ നിര്‍ണായകമാണ്. വിളകള്‍ക്കു മിനിമം സപ്പോര്‍ട്ട് പ്രൈസ് (MSP) അഥവാ താങ്ങുവില ലഭിക്കുമോ എന്നതാണ് അവരുടെ മുന്നിലെ വലിയ ചോദ്യം. APMCയുടെ പ്രാധാന്യം നഷ്ടപ്പെടുന്നതോടെ താങ്ങുവിലയുടെ പ്രസക്തിയും ഇല്ലാതായേക്കാം എന്ന ഭീതി കര്‍ഷകര്‍ക്കുണ്ട്.

ഈ ഉത്കണ്ഠകള്‍ ഒന്നും തന്നെ സര്‍ക്കാരിനെ ഒട്ടും അലോസരപ്പെടുത്തുന്നില്ല എന്നത് അതിശയകരമാണ്. ഒരു സഖ്യ കക്ഷിയുടെ പിന്തുണ നഷ്ടപ്പെട്ടിട്ടാണെങ്കിലും മൂന്നു ഓര്‍ഡിനന്‍സുകളും ഒരു മാറ്റവും കൂടാതെ തന്നെ നിയമങ്ങളാക്കാന്‍ ഗവണ്മെന്റിനു കഴിഞ്ഞു. അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിക്കും ഉപജീവനം തന്നെ അപകടത്തിലാക്കിയ ലോക്ക്ഡൌണിനും നടുവില്‍ കാര്‍ഷിക രംഗത്തെ മൊത്തത്തില്‍ ബാധിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ആവേശവും തിടുക്കവും ഒരുതരത്തിലും ന്യായീകരിക്കാനാവുന്നതല്ല. കൃഷി ഭരണഘടനാപരമായി ഒരു സംസ്ഥാന വിഷയം ആയിരിക്കുമ്പോള്‍ തന്നെ കാര്‍ഷിക വ്യാപാര വാണിജ്യ മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ പിടി മുറുക്കുന്ന സ്ഥിതി പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നതിലൂടെ സംജാതമാവുകയാണ്. 'ഒരു ഇന്ത്യ, ഒരൊറ്റ വിപണി' എന്നൊക്കെയുള്ള മുദ്രവാക്യങ്ങള്‍ക്കകത്ത് പതിയിരിക്കുന്ന അപകടം പല സംസ്ഥാനങ്ങളും അതിന്റെ ഗൌരവത്തില്‍ തന്നെ മനസ്സിലാക്കുന്നുണ്ടോ എന്ന് സംശയമാണ്. ചെറുകിട കര്‍ഷകരെ പോലെയുള്ള സാധാരണ പൌരന്മാരുടെ ആധിയും അവകാശങ്ങളും പാടേ അവഗണിച്ചു കൊണ്ട് അവരുടെ ഉപജീവനത്തെ നിര്‍ണ്ണായകമായി ബാധിക്കുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്താനുള്ള ചങ്കൂറ്റം സര്‍ക്കരിനുണ്ടായതും ജനാധിപത്യത്തിലെ ഒരു വിരോധാഭാസം എന്ന് കരുതാം. ഏതായാലും ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്ന മറ്റൊരു നടപടിയായി പുതിയ കാര്‍ഷിക നിയമങ്ങള്‍ എന്നതിനു സംശയമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ഡോ. താര നായര്‍

ഡോ. താര നായര്‍

പ്രൊഫസര്‍, ഗുജറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ്റ് റിസര്‍ച്ച്, അഹമ്മദാബാദ്

Next Story

Related Stories