TopTop
Begin typing your search above and press return to search.

മോദി നടപ്പാക്കുന്നത് ഫെഡറലിസത്തെ കുഴിച്ചുമൂടുന്ന ആർ എസ് എസിൻ്റെ 'വിചാരധാര', കോവിഡാനന്തര കാലത്ത് മഹാമാരിയേക്കാള്‍ നാം ഭയക്കേണ്ടത് ഈ അധികാര പ്രയോഗത്തെ

മോദി നടപ്പാക്കുന്നത് ഫെഡറലിസത്തെ കുഴിച്ചുമൂടുന്ന ആർ എസ് എസിൻ്റെ

ലോകത്തെയാകെ പിടികൂടിയ കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഇളവുകളോടെ ഇപ്പോഴും തുടരുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും ഇടയിലും രാജ്യത്ത് രോഗ വ്യാപനം ശക്തമാകുകയാണ്. രോഗികളുടെ എണ്ണവും മരണസംഖ്യയും വന്‍തോതില്‍ ഉയരുന്നു. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. രണ്ട് മാസത്തിലധികമായി തുടരുന്ന ലോക് ഡൗണ്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമായില്ല എന്ന് മാത്രമല്ല ജനങ്ങള്‍ക്ക് അളവറ്റ ദുരിതങ്ങളും സമ്മാനിച്ചു.

കോവിഡിനെ നേരിടുന്നതില്‍ പരാജയപ്പെടുകയാണെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാര കേന്ദ്രീകരണത്തിനുള്ള അവസരമായി കോവിഡ് കാലം ഉപയോഗപ്പെടുത്തുകയാണ് എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചൈനയില്‍ കോവിഡ് വ്യാപിക്കുകയും ജനുവരി അവസാനം ഇന്ത്യയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോള്‍ നിസംഗമായി നോക്കി നിന്ന കേന്ദ്ര സര്‍ക്കാര്‍ പെട്ടെന്ന് ഒരു ദിവസം തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെ രാജ്യമാകെ അടച്ചുപൂട്ടിയ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ആകെ തകര്‍ത്ത നോട്ട് നിരോധനം പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകപക്ഷീയമായ രാത്രി പ്രഖ്യാപനമായിരുന്നു അത്. നാല് മണിക്കൂര്‍ കൊണ്ട് രാജ്യമാകെ നിശ്ചലമായി. പരിഭ്രാന്തരായി നാട്ടിലെത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ചിത്രം ജനങ്ങളില്‍ അത് സൃഷ്ടിച്ച ആഘാതം എത്ര വലുതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. നിരവധി പേര്‍ മരിച്ചുവീണ ഈ ലോക് ഡൗണിനെ വംശഹത്യ എന്നാണ് നോം ചോംസ്‌കി വിശേഷിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരുകളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായുമെങ്കിലും ആലോചിച്ച് നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഇത്രയും വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നു.

രോഗ പ്രതിരോധത്തിനും ദുരിതബാധിതരെ സഹായിക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അതിന് ആവശ്യമായ ധന സഹായവും വൈദ്യശാസ്ത്ര സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതാണ് പല സംസ്ഥാനങ്ങളും ഉന്നയിച്ച പ്രധാന വിമര്‍ശനം.

സംസ്ഥാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കമ്പനികള്‍ നല്‍കുന്ന സംഭാവനകള്‍ CSR ഫണ്ടായി കണക്കാക്കാനാവില്ലെന്നും PM CARES ഫണ്ടിലേക്ക് നല്‍കുന്നത് മാത്രമേ പരിഗണിക്കൂ എന്നും കമ്പനി കാര്യ മന്ത്രാലയത്തിന്റെ അറിയിപ്പുണ്ടായി. അതിനിടയില്‍ തന്നെ സംസ്ഥാനങ്ങളില്‍ ചെലവിട്ടിരുന്ന എംപിമാരുടെ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഫലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ദുരിതാശ്വാസ ഫണ്ട് തന്നെ വെട്ടിച്ചുരുക്കപ്പെട്ടു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സമാഹരണ സാധ്യതകളെല്ലാം അടഞ്ഞപ്പോഴും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായമൊന്നും ഉണ്ടായില്ല. പകരം സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് കേന്ദ്രത്തിന്റെ അമിതാധികാരത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഉണ്ടായത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തിയ 21 ദിവസത്തെ മഹാഭാരത യുദ്ധത്തിന്റെ തുടര്‍ച്ചയായി ഒട്ടേറെ പ്രതീകാത്മക പ്രകടനങ്ങള്‍ അരങ്ങേറുകയുണ്ടായി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതിന് പാത്രം കൊട്ടാനും ദീപാരാധന നടത്താനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്താകെ സൈന്യത്തിന്റെ പുഷ്ടവൃഷ്ടിയാണ് പിന്നീട് നടന്നത്. ഇതെല്ലാം ചെയ്യുമ്പോഴും കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന അസൗകര്യങ്ങളും അപര്യാപ്തതകളും പരിഹരിക്കുന്നതിനെക്കുറിച്ച് ഒരു നടപടികളും നിര്‍ദ്ദേശങ്ങളും കേന്ദ്രത്തില്‍ നിന്നുണ്ടായില്ല. സംസ്ഥാനങ്ങളെ അവഗണിക്കുന്ന കേന്ദ്ര പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായത്.

എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സംസ്ഥാനങ്ങളോടുള്ള ഈ അവഗണന യാദൃച്ഛികമല്ല. 2014ല്‍ ആദ്യത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങിവെച്ച പല തരം നടപടികളുടെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍. കോവിഡ് കാലത്ത് ഈ നടപടികള്‍ ശക്തമാക്കുകയാണുണ്ടായത്. നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ആ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. ജമ്മു കശ്മീരില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഒരു സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കിയത്. അവിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത് നിയമസഭ ഒരു ചര്‍ച്ച പോലും നടക്കാതെ പിരിച്ചുവിട്ടു. സൈന്യത്തെയും പൊലീസിനെയും ക്രമാതീതമായി വിന്യസിച്ചുകൊണ്ട് എല്ലാം പൗരാവകാശങ്ങളും റദ്ദാക്കുകയും രാജ്യമാകെ ഒരു തടവറയാക്കി മാറ്റുകയും ചെയ്തു. പ്രധാന പാര്‍ട്ടികളുടെ നേതാക്കളെ അടക്കം വീട്ടുതടങ്കലിലാക്കുകയോ ജയിലില്‍ അടയ്ക്കുകയും ചെയ്തു. 2019 ആഗസ്റ്റ് 5ന് ജമ്മു കശ്മീര്‍ സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കിയ ഉത്തരവ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഫെഡറലിസത്തിന്റെ അന്ത്യം കുറിക്കലായിരുന്നു.

എല്ലാ മേഖലകളിലും സംസ്ഥാനങ്ങളുടെ അധികാരത്തെ കവര്‍ന്നെടുക്കുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ തുടര്‍ന്നുവന്നിരുന്നത്. സാമ്പത്തിക രംഗത്ത് സംസ്ഥാനങ്ങളുടെ നികുതി വരുമാനം തന്നെ നഷ്ടപ്പെടുത്തുന്ന തരത്തില്‍ ജിഎസ്ടിയിലൂടെ നികുതി സമാഹരണത്തെ കേന്ദ്രീകൃതമാക്കിയിരുന്നു. ഇതോടെ സംസ്ഥാനങ്ങള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ ഇതു മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതില്‍ കുറ്റകരമായ വീഴ്ച്ചയാണ് വരുത്തുന്നത്. നോട്ട് നിരോധനത്തിലൂടെ പ്രതിസന്ധി നേരിട്ട സമ്പദ്ഘടനയും കാര്‍ഷിക- വ്യാപാര- വ്യവസായ മേഖലയും ജിഎസ്ടി നടപ്പാക്കപ്പെട്ടതോടെ വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകൂത്തി.

ക്രമസമാധാന പാലനത്തില്‍ എന്‍ഐഎ, യുഎപിഎ നിയമ ഭേദഗതികളിലൂടെ സംസ്ഥാന പൊലീസിന്റെ തന്നെ അധികാരത്തെ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. നിയമഭേഗതികളിലൂടെ എന്‍ഐഎയെ ഉപയോഗിച്ച് ദേശദ്രോഹം, ഭീകരബന്ധം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് പൗരാവകാശ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ സംസ്ഥാന പൊലീസ് യുഎപിഎ ചുമത്തി ജയിലിലടച്ച അലനും താഹയുമാണ് അതിന്റെ ഉദാഹരണങ്ങള്‍. യുഎപിഎ ചുമത്തപ്പെട്ടതോടെ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പൗരത്വനിയമ ഭേഗഗതിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെയും ഭീം കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും എന്‍ഐഎ നടത്തുന്ന അന്വേഷണങ്ങളും നടപടികളും കേന്ദ്ര അധികാര പ്രയോഗത്തിന്റെ വലിയ ഉദാഹരണങ്ങളാണ്. സംസ്ഥാന പൊലീസിന്റെ അധികാരങ്ങള്‍ തന്നെ കവരുന്നതിന്റെ തുടക്കമായി വേണം ഇത് കരുതാന്‍. അതിന് സംസ്ഥാനങ്ങള്‍ സ്വമേധയാ വിധേയപ്പെടുന്നത് കേന്ദ്രത്തിന്റെ അധികാര പ്രയോഗങ്ങള്‍ എളുപ്പമാക്കുന്നു.

നിരവധി സംസ്ഥാന സര്‍ക്കാരുകളുടെയും ജനങ്ങളുടെയും എതിര്‍പ്പുകള്‍ പരിഗണിക്കാതെയാണ് പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും നടപ്പാക്കാനും തീവ്ര നടപടികള്‍ സ്വീകരിച്ചത്. എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷവുമായോ സംസ്ഥാന സര്‍ക്കാരുകളുമായോ ഒരു ചര്‍ച്ചക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

ഇത്തരത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന കേന്ദ്രീകരണ നടപടികളുടെ സാഹചര്യത്തിലാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഫെഡറലിസത്തെ ഇല്ലാതാക്കാനാണ് എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കമെന്ന വിമര്‍ശനം ഉയരുന്നത്.

ഇതെല്ലാം നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ ഏകാധിപത്യ നടപടികള്‍ മാത്രമാണോ? മോദി സര്‍ക്കാരിന്റെ നടപടി എന്നതിനപ്പുറം ആര്‍എസ്എസ് ലക്ഷ്യമാക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ കേന്ദ്രീകൃത അധികാരഘടനയെക്കുറിച്ച് സൂചനകള്‍ ഇവയെല്ലാം നല്‍കുന്നുണ്ട്.

ആര്‍എസ്എസിന്റെ ആചാര്യനായ ഗുരുജി ഗോള്‍വല്‍ക്കര്‍ വിചാരധാര എന്ന പുസ്തകം കേന്ദ്രീകൃത അധികാരത്തെ കുറിച്ചുള്ള ആര്‍എസ്എസിന്റെ നിലപാട് വ്യക്തമാക്കുന്നു. 'വിഭാഗീയതയിലേക്ക് നയിക്കുന്ന എല്ലാ പ്രവണതകളുടെയും മാതൃഭൂമിയുടെ ഏകതയിലുള്ള ഉറച്ച വിശ്വാസത്തെ നിഷേധിക്കുന്ന എല്ലാ തീവ്ര വികാരങ്ങളുടെയും വേരറുക്കുകയും നമ്മുടെ ദേശീയ ജീവിതത്തിന്റെ ഏകതയുടെ സാക്ഷാത്ക്കാരത്തിനു വിപരീതമായ ആശയങ്ങള്‍ ഉളവാക്കുന്ന തരത്തിലുള്ള വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്യുക എന്നതാണതിനു പ്രതിവിധി. ഈ ലക്ഷ്യം സാധിക്കുന്നതിനു വേണ്ട പ്രധാനവും ഫലപ്രദവുമായ നടപടി നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെപ്പറ്റിയുള്ള എല്ലാ പരാമര്‍ശങ്ങളും കുഴിച്ചുമൂടുകയും ഭാരതമാകുന്ന ഒരേയൊരു സ്റ്റേറ്റിനകത്തു സ്വയംഭരണാവകാശമോ അര്‍ധ സ്വയംഭരണാവകാശമോ ഉള്ള സ്റ്റേറ്റുകളുടെ അസ്തിത്വത്തെത്തന്നെ തൂത്തുവാരിക്കളയുകയും ശിഥിലീകരണത്തിന്റെയും പ്രാദേശികതയുടെയും വിഭാഗീയതയുടെയും ഭാഷാവൈവിധ്യത്തിന്റെയും അങ്ങനെ മറ്റേതു തരത്തിലുമുള്ള ശക്തികളുടെയും കണികകളെപ്പോലും നമ്മുടെ ഏകാത്മകമായ സാമഞ്ജസ്യത്തെ തകിടം മറിക്കുവാന്‍ അവസരം കൊടുക്കാത്ത തരത്തില്‍ 'ഒറ്റ രാജ്യം, ഒറ്റ നിയമസഭ, ഒറ്റ എക്‌സിക്യൂട്ടീവ്' എന്നു തുറന്നു പ്രഖ്യാപിക്കുകയും ആണ്. ഈ ഏക ഘടക രാജ്യം സ്ഥാപിക്കാന്‍ വേണ്ടി ഭരണഘടന പുന:പരിശോധിക്കുകയും പുതുക്കിയെഴുതുകയും വേണം. ആര്‍എസ്എസോ ബിജെപിയെ അദ്ദേഹത്തിന്റെ നിലപാടിനെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല അധികാരം കിട്ടുമ്പോള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

സംസ്ഥാനങ്ങളോ സംസ്ഥാന സര്‍ക്കാരുകളോ പ്രാദേശിക ഭരണസംവിധാനങ്ങളോ ആവശ്യമില്ല എന്നാണ് ഗോള്‍വല്‍ക്കറുടെയും ആര്‍എസ്എസിന്റെയും ഖണ്ഡിതമായ നിലപാട്. സംസ്ഥാനങ്ങള്‍ മാത്രമല്ല ഗോത്രവര്‍ഗ കൗണ്‍സിലുകള്‍ ആദിവാസി സ്വയംഭരണം തുടങ്ങിയവയും ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. വിവിധ ജനവിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങളായ സംവരണം, ന്യൂനപക്ഷ അവകാശങ്ങള്‍, സിവില്‍ നിയമങ്ങള്‍ തുടങ്ങിയവയും ഒന്നൊന്നായി ഇല്ലാതാക്കുകയാണ് സംഘ പരിവാറിന്റെ ലക്ഷ്യം. സാമ്പത്തിക സംവരണത്തിലൂടെ സംവരണം ഇല്ലാതാക്കാനുള്ള നടപടികളും ആർഎസ്എസിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ ഭാഗമാണ്. ഗോൾവൽക്കർ വിചാരധാരയിൽ ആർഎസ്എസിന്റെ നിലപാട് വ്യക്തമാക്കുന്നു: "1950ൽ നാം റിപ്പബ്ലിക് ആയത് മുതൽ പത്ത് വർഷത്തേക്ക് മാത്രമേ ഡോ. അംബേദ്കർ പട്ടിക ജാതിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ വേണമെന്ന് പരിഗണിച്ചത്. പക്ഷെ അത് തുടർന്നു കൊണ്ട് പോകുകയാണ്. ജാതി മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള വിശേഷാനുകൂല്യങ്ങൾ വ്യത്യസ്ത വിഭാഗമായി തുടരാനുള്ള സ്ഥാപിത താൽപ്പര്യം വളർത്തുക തന്നെ ചെയ്യും. സമാജത്തിലെ ഇതര ഘടകങ്ങളോട് ഇഴുകിച്ചേരുന്നതിന് ഇത് തടസമാണ്. വളരെ മോശമായ സാഹചര്യങ്ങളിൽ യാതന അനുഭവിക്കുന്നവർ ഇന്ന് സമുദായത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുണ്ട്. ദരിദ്രരും അവശരും അശരണരുമില്ലാത്ത ഒരു ജാതിയും ഇന്നില്ല. അതുകൊണ്ട് സാമ്പത്തിക ചുറ്റുപാടുകളെ അടിസ്ഥാനപ്പെടുത്തി നൽകുന്ന വിശേഷാനുകൂല്യങ്ങളാണ് സാധുവായിരിക്കുക". ആർഎസ്എസിന്റെ പ്രഖ്യാപിത ഹിന്ദു രാഷ്ട്ര പദ്ധതിയുടെ ഭാഗമാണ് സാമ്പത്തിക സംവരണവും എന്ന് ചുരുക്കം.

വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അംഗീകരിക്കാത്ത ബ്രാഹ്മണ - സവർണാധിപത്യത്തെ ഉറപ്പിക്കുന്ന ഒരു അഖണ്ഡ ഹിന്ദു സമൂഹം എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. തീര്‍ത്തും ഫാസിസ്റ്റ് സ്വഭാവത്തിലുള്ള രാഷ്ട്രവും ഭരണ സംവിധാനവുമാണ് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് വേണ്ടതെന്ന് അവര്‍ കരുതുന്നു. ഈ ലക്ഷ്യമാണ് രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്, ഒരു രാഷ്ട്രം ഒരു നിയമം, ഒരു രാഷ്ട്രം ഒരു സൈനിക മേധാവി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഇതിന്റെ ഭാഗമാണ്. എ ബി വാജ്‌പെയിയുടെ നേതൃത്വത്തിലുള്ള ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചിരുന്നു. മോദിയുടെ കാലത്തും ഇത് തിരിച്ചുവരാനുള്ള സാധ്യതകളുണ്ട്.

ഇന്ത്യയില്‍ പരിമിതമായ തോതില്‍ മാത്രമാണ് ഫെഡറലിസം നിലനില്‍ക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കാനും സംസ്ഥാന സര്‍ക്കാരുകളെ 356ാം വകുപ്പ് അനുസരിച്ച് പിരിച്ചുവിടാനും കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് തന്നെ നടപടികളെടുത്തിരുന്നു. സംസ്ഥാന രൂപീകരണത്തെ തന്നെ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. സംസ്ഥാനങ്ങള്‍ക്കെതിരായ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിന്റെ ആദ്യ ഉദാഹരണമാണ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ സര്‍ക്കാര്‍ 1959ല്‍ വിമോചന സമരത്തെ തുടര്‍ന്ന് കേരളത്തിലെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടത്. ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് സംസ്ഥാനങ്ങള്‍ക്കെതിരായ പ്രതികാര നടപടികളും ഭരണഘടന ലംഘനങ്ങളും ശക്തിപ്പെട്ടത്. അടിയന്തരാവസ്ഥയോടെ കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസന നടപടികള്‍ മൂര്‍ധന്യത്തിലെത്തി.

എന്നാല്‍ കോണ്‍ഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടെയും നരേന്ദ്ര മോദിയുടെയും ഫെഡറലിസത്തിനെതിരായ നീക്കങ്ങള്‍ക്ക് കാതലായ വ്യത്യാസമുണ്ട്. ഇന്ദിരാഗാന്ധിയുടേത് ഭരണാധികാരിയെന്ന നിലയിലുള്ള അധികാരം നിലനിര്‍ത്താനുള്ള സ്വേച്ഛാധിപത്യ നടപടികളായിരുന്നു. അതിന് തടസം നിന്ന സര്‍ക്കാരുകളെ പിരിച്ചുവിട്ടു. എന്നാല്‍ ഫെഡറലിസത്തെ തകര്‍ക്കുക എന്നത് കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ നിലപാടായിരുന്നില്ല. അടിയന്തരാവസ്ഥക്ക് ശേഷം അത് കാര്യമായി തിരുത്തപ്പെടുകയും ചെയ്തു. അതേ സമയം നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിതമായ ഹിന്ദു രാഷ്ട്ര സങ്കല്‍പ്പത്തിന്റെ ഭാഗമാണ് ഫെഡറലിസത്തെയും വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രത്യേക അവകാശങ്ങളും ഇല്ലാതാക്കല്‍. ഏക രാഷ്ട്രം, ഏക നിയമസഭ, ഏക നിയമം, ഏക ഭരണാധികാരി, ഏക സൈനിക മേധാവി എന്നതെല്ലാം ഈ അധികാര സങ്കല്‍പ്പത്തിന്റെ ഭാഗമാണ്. അതിനെ പിന്തുണക്കുന്ന ആര്‍എസ്എസ് എന്ന മിലിറ്റന്‍സിയെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്തിരിക്കുന്ന സംഘടനയും അവര്‍ക്കുണ്ട്. ലക്ഷണമൊത്ത ശക്തമായ ഒരു ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് അധികാരത്തെ അവര്‍ ഉപയോഗപ്പെടുത്തുന്നത്. അതില്‍ ജനാധിപത്യത്തിനോ ബഹുസ്വരതക്കോ സാമൂഹിക നീതിക്കോ അതെല്ലാം ഉറപ്പാക്കുന്ന ഭരണഘടനക്കോ ഒരു റോളുമില്ല.

ഈ അധികാരത്തെ ഉപയോഗപ്പെടുത്തി അവര്‍ ജനാധിപത്യ അവകാശങ്ങള്‍ റദ്ദാക്കുകയും തങ്ങളുടെ താല്‍പര്യങ്ങളെ സഹായിക്കുന്ന കോര്‍പറേറ്റ് മൂലധന ശക്തികളെ സഹായിക്കുകയും ചെയ്യും. കോവിഡ് കാലത്ത് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് തന്നെയാണ് ഇതിന്റെ പ്രകടമായി ഉദാഹരണം. മറുവശത്ത് അധികാരത്തെ കേന്ദ്രീകരിക്കുന്നതിലൂടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും ഇല്ലാതാക്കും. കോവിഡ് കാലം ഇത്തരത്തില്‍ അധികാര കേന്ദ്രീകരണത്തിനുള്ള അവസരമായാണ് ബിജെപി സര്‍ക്കാരും സംഘപരിവാറും ഉപയോഗപ്പെടുത്തുന്നത്. കോവിഡാനന്തര കാലത്ത് മഹാമാരിയേക്കാള്‍ ഈ അധികാര പ്രയോഗത്തെ ഭയക്കേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ സുനില്‍കുമാര്‍

കെ സുനില്‍കുമാര്‍

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories