TopTop
Begin typing your search above and press return to search.

'കൊറോണ ഗോ, ഗോ കൊറോണ' പാടുന്ന മന്ത്രിക്ക്, കൈകൊട്ടി വൈറസിനെ അകറ്റാന്‍ പറയുന്ന പ്രധാനമന്ത്രി; മഹാമാരിക്കാലത്തെ പ്രഹസനങ്ങൾ

ലോക രാജ്യങ്ങള്‍ പല രീതിയില്‍ ശ്രമിക്കുകയാണ് കോവിഡ് 19 നെ നേരിടാന്‍. ഇതിനകം പതിനായിരത്തിലധികം ആളുകളുടെ ജീവനെടുത്ത വൈറസ് ബാധ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്നതില്‍ വിദഗ്ദര്‍ക്ക് തന്നെ തീര്‍പ്പില്ല. പൊതുവില്‍ മാന്ദ്യസമാനമായ അവസ്ഥയിലായിരുന്ന ലോക സമ്പദ് വ്യവസ്ഥ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് പോകുന്നു. കമ്പനികൾ ഉത്പാദനം വെട്ടിക്കുറക്കുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഇത്രനാളും പാടി നടന്ന സാമ്പത്തിക യുക്തികള്‍ പോരെന്ന് അമേരിക്ക പോലും തീരുമാനിക്കുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുന്നു. കൊറോണ വൈറസ് തീരുമാനമാക്കിയത് നിയോ ലിബറല്‍ യുക്തിയെ കൂടെയാണ്.

ഇന്ത്യയില്‍ കൊറോണയുടെ വ്യാപനം വരും ദിവസങ്ങളില്‍ ചിലപ്പോള്‍ കടുത്തതായിരിക്കുമെന്ന് പല വിദഗ്ദരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. പരിശോധന നിരക്ക് ഇന്ത്യയില്‍ അപകടകരമാം വിധം കുറവാണെന്നും അതുകൊണ്ടാവും രോഗികളുടെ എണ്ണം താരതമ്യേന കുറവായി തോന്നുന്നതെന്നുമാണ് ചിലര്‍ പറയുന്നത്. ലോകാരോഗ്യ സംഘടന പറയുന്നത് പരിശോധനയിലൂടെ മാത്രമെ ഇതിനെ പ്രതിരോധിക്കാനാകൂ എന്നാണ്. അടുത്ത ആഴ്ചയോടെ ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പൊതുവില്‍ വിദഗ്ദന്‍മാര്‍ പങ്കിടുന്ന ആശങ്ക. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്നലെ രാജ്യത്ത അഭിസംബോധന ചെയ്തത്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ എന്തിനാണ് ഇത്തരത്തില്‍ ഒരു അഭിസംബോധന, പാര്‍ലമെന്റിലല്ലേ ഇത്തരം കാര്യങ്ങള്‍ പറയേണ്ടതെന്ന ചോദ്യം സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതൊന്നും ആരും പരിഗണിച്ചില്ല. പ്രധാനമന്ത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. പതിവിന് വിരുദ്ധമായി മോദി വിമര്‍ശകരായ, അല്ലെങ്കില്‍ അങ്ങനെ തോന്നിക്കുന്ന ചില ലിബറലുകളുടെ വലിയ പ്രശംസയാണ് ഈ പ്രസംഗത്തിന് കിട്ടിയത്. മോദി നടത്തിയ ഏറ്റവും മികച്ച പ്രസംഗമെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പ്രിന്റിന്റെ സ്ഥാപകനുമായ ശേഖര്‍ ഗുപ്ത അഭിപ്രായപ്പെട്ടത്. എന്താണ് കൊറോണ വൈറസ് ബാധയെ ചെറുക്കുന്നതിനുളള സര്ക്കാരിന്റെ പദ്ധതികള്‍? അതെക്കുറിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹം പറഞ്ഞത് പ്രധാനമായും ഞായാറാഴ്ച കര്‍ഫ്യൂ ആചരിക്കണം. ആരും പുറത്തിറങ്ങരുത്. ഭക്ഷ്യ ധാന്യങ്ങള്‍ അനാവശ്യമായി സംഭരിച്ചുകൂട്ടരുത്, അടുത്ത ചില ആഴ്ചകളില്‍ 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ യാത്ര ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ഓപ്പറേഷനുകള്‍ ഒഴിവാക്കണം. ഇതൊക്കെയാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതില്‍ കൊറോണയെ നേരിടുന്നതിൽ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ എന്താണെന്നാണ് മോദി പറഞ്ഞത്. കൊറോണ പോലെ രണ്ടാം ലോക യുദ്ധത്തിന് ശേഷമുളള് ഏറ്റവും വലിയ കെടുതി ലോകത്തെ കീഴടക്കുമ്പോള്‍ അതിനെ നേരിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതികള്‍ എന്ത്. ജനതാ കര്‍ഫ്യവും, യാത്ര ഒഴിവാക്കലുമെല്ലാം ജനങ്ങള്‍ സ്വന്തം നിലയില്‍ ചെയ്യേണ്ടതാണ്. രാഷ്ട്ര നേതാവ് അത്തരം ഒരു ആഹ്വാനം നല്‍കിയെന്നത് നല്ലത്. എന്നാല്‍ സര്‍ക്കരിന്റെ പദ്ധതിയെന്ത് എന്നതാണ് ചോദ്യം.

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചത് പോലെ പരിശോധന വ്യാപകമാക്കാനുള്ള അടിയന്തര സംവിധാനങ്ങളെക്കുറിച്ചോ, അതല്ലെങ്കില്‍ കുടുതല്‍ രോഗികളെ കണ്ടെത്തിയാല്‍ ചികില്‍സിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചോ പ്രധാനമന്ത്രി പറഞ്ഞോ. ഇല്ല. ഒരു പദ്ധതിയെക്കുറിച്ചും ഒന്നും അദ്ദേഹം ഇതുവരെ ഒന്നും തന്നെ വിശദീകരിച്ചില്ല. പ്രത്യക്ഷത്തിലുള്ള നടപടികൾക്കപ്പുറം പ്രധാനമന്ത്രി മറ്റെന്തെങ്കിലും പറഞ്ഞോ. തൊഴില്‍ നഷ്ടത്തെക്കുറിച്ച്, അതുണ്ടാക്കുന്ന ദാരിദ്ര്യത്തെക്കുറിച്ച്, സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച്. അതുപോലെ, അടിയന്തര സാഹചര്യം നേരിടുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതികളെ കുറിച്ച് അദ്ദേഹം പറഞ്ഞോ. ഇല്ല. അങ്ങനെയെന്തെങ്കിലും പദ്ധതി ഉള്ളതായി അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാല്‍ തോന്നില്ല.

കൊറണയെ നേരിടാനും ജനങ്ങള്‍ക്ക് ആശ്വാസം നേരിടുന്നതിനും സമ്പദ് വ്യവസ്ഥകളെ സജ്ജമാക്കുന്നതനുമുളള നടപടികളെക്കുറിച്ചാണ് ലോക രാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. കൊറണക്കാലം മുതല്‍ തന്റെ സ്വതസിദ്ധമായ സിദ്ധാന്തങ്ങള്‍ ചമയ്ക്കുമ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് സര്‍ക്കാര്‍ സ്മ്പദ് വ്യവസ്ഥയില്‍ ഇടപെടുന്നതിന്റ വിശദാംശങ്ങളാണ് പറയുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത് ഒരു ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക പദ്ധതിയാണ്. ഓരോ വ്യക്തിക്കും 1200 ഡോളര്‍ സഹായവും ചെറുകിട വ്യവസായ സംരഭങ്ങള്‍ക്കുള്ള പിന്തുണയുമാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുമായി ധാരണയിലെത്തുമെന്നാണ് റിപ്പബ്ലിക്കന്‍ നേതാക്കള്‍ പറയുന്നത്. കൊറോണയെ നേരിടാനുതകുന്ന തരത്തില്‍ സ്വകാര്യ കമ്പനികളെ പ്രവര്‍ത്തിക്കാന്‍ ഇടപെടുന്ന തരത്തില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിക്കാനും ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മരുന്നു കണ്ടെത്തിയതിനെക്കുറിച്ചും മലേറിയയുടെ മരുന്ന് കൊവിഡിന് ഉപയോഗിക്കാമെന്ന നിലപാടുകളെക്കുറിച്ചും ചൈനക്കെതിരെ വ്യാജ യുദ്ധ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും ഇത്തരം നടപടികള്‍ കൂടി ഉണ്ടാകുന്നുണ്ടെന്ന് അര്‍ത്ഥം. അത് മാത്രമല്ല, ബ്രിട്ടനിലും സ്‌പെയിനിലും ഫ്രാന്‍സിലുമെല്ലാം കൊറോണ സൃഷ്ടിച്ച ഭിന്നങ്ങളായ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ഇതുവരെയുള്ളതില്‍നിന്നും, പലപ്പോഴും ഭരിക്കുന്ന പാര്‍ട്ടികളുടെ നയങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ സമീപനങ്ങള്‍ പോലും സ്വീകരിക്കുന്നു. വലിയ രീതിയിലുള്ള ഉത്തേജക പാക്കേജുകളാണ് വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. നിയോ ലിബറല്‍ യുക്തികള്‍ മതിയാവില്ല ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാനെന്ന് തുറന്നു സമ്മതിക്കുന്നതിന് തുല്യമാണ് പല രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികൾ. എല്ലാരീതിയിലും മോദി സർക്കാർ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന കേരള സർക്കാർ പ്രഖ്യാപിച്ച നടപടികളും ഓർക്കണം. വിവിധ മേഖലകളിലായി 22000 കോടി രൂപയുടെ പദ്ധതികളാണ് കേരള സർക്കാർ ഇന്നലെ പ്രഖ്യാപിച്ചത്. അതൊന്നും ബിജെപി സർക്കാറിൻ്റെ പരിഗണനയിൽ പക്ഷെ വന്നില്ല. അവരുടെ ഇടയിലാണ് വാചകകസര്‍ത്തുമായി ഞായാറാഴ്ച കര്‍ഫ്യൂവും കൈയടിച്ച് കൊറോണയെ ഓടിക്കാനും പറയുന്ന മോദിയുടെ പ്രസംഗം അദ്ദേഹത്തിന്റെ മുന്‍കാലത്തെ രാത്രി അഭിസംബോധന പോലെ അപഹാസ്യവും ജനങ്ങളോട് കരുതലില്ലാത്തതുമാകുന്നത്. മോദിയുടെ ഏറ്റവും അടുത്ത രാഷ്ട്രീയ അനുയായി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഈ മാസം 25 ന് രാമ നവമി ആഘോഷം നടക്കുകയാണ്. ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കും. ലക്ഷങ്ങള്‍ പങ്കെടുക്കും. ഒരു കാരണവശാലും ഇത്തവണത്തെ ആഘോഷം ഒഴിവാക്കാന്‍ പറ്റില്ലെന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ പറയുന്നത്. കാരണം രാമന് ക്ഷേത്രം നിര്‍മ്മിക്കാന്‍ അവസരം കിട്ടിയതിന് ശേഷമുള്ള രാമനവമിയായതു കൊണ്ട് ആഘോഷം നിര്‍ബന്ധമാണെന്ന നിലപാടിന് ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കാണ്. ആളുകള്‍ അകലം പാലിച്ച് ജീവിക്കണമെന്ന് നാട്ടുകാരോട് ഉപദേശിക്കുന്ന പ്രധാനമന്ത്രിക്ക് തന്റെ സംഘടനയില്‍പെട്ടവരോട് അക്കാര്യം പറയാന്‍ കഴിയുമായിരുന്നെങ്കില്‍ നാളെ സംഭവിച്ചേക്കാവുന്ന വലിയ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഓക്സിജൻ പോലും കിട്ടാതെ കുട്ടികൾ മരിക്കുന്ന ആശുപത്രികളുള്ള സ്ഥലമാണ് ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശ്. അവിടെ എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ ഇപ്പോൾ നടത്തിയ പോലുള്ള പ്രസംഗങ്ങൾ മതിയാവില്ല അത് നേരിടാൻ. 'ഗോ കൊറോണ, കൊറോണ ഗോ' എന്ന് പാടി അപഹാസ്യനായ മന്ത്രിക്ക്, ബാല്‍ക്കണിയില്‍ കൈകൊട്ടി കൊറോണയെ അകറ്റാന്‍ പറയുന്ന പ്രധാനമന്ത്രി. പശുവിൻ്റെ മൂത്രം കുടിച്ചും ചാണകം ദേഹത്ത് തേച്ചും കൊറണയെ നേരിടാമെന്ന, തൻ്റെ മന്ത്രിസഭയിലേയും പാർട്ടിയിലെയും നേതാക്കൾ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന, പ്രസംഗങ്ങളുടെ മറ്റൊരു വേര്‍ഷനാണ് പ്രധാനമന്ത്രി മോദിയുടെത്. ആ വാചാടോപം പക്ഷെ ഒരു വൈറസിനെയും തടയാനുള്ള പ്രതിരോധ ശക്തിയില്ലാത്തതും അന്തസ്സാര ശൂന്യവുമാണ്.


Next Story

Related Stories