TopTop
Begin typing your search above and press return to search.

ദേശീയ വിദ്യാഭ്യാസ നയം: ഇനി തൊഴിലെടുപ്പ് വിദ്യാഭ്യാസം, ശാസ്ത്രവും സാമുഹ്യ ശാസ്ത്രവും അപ്രസക്തമാക്കപ്പെടും

ദേശീയ വിദ്യാഭ്യാസ നയം: ഇനി തൊഴിലെടുപ്പ് വിദ്യാഭ്യാസം, ശാസ്ത്രവും സാമുഹ്യ ശാസ്ത്രവും അപ്രസക്തമാക്കപ്പെടും

ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന പേരിൽ ഇപ്പോൾ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ആശയങ്ങൾ കഴിഞ്ഞ നാല് അഞ്ച് വർഷങ്ങളായി സർക്കാറിന്റെ പരിഗണനയിലുള്ളവ തന്നെയാണ്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം മുൻപ് ടിഎസ്ആർ സുബ്രമണ്യം കമ്മിറ്റി റിപ്പോർട്ട് ഉണ്ടായിട്ടുണ്ട്. എൻഎച്ച്ആർഡിയുടെ ഒരു ഡോക്യുമെന്റ് ഉണ്ടായിട്ടുണ്ട്, കൂടാതെ സർക്കാറിന്റെ തന്നെ ഒരു കരട് ഒരു വർഷം മുൻപ് രണ്ടാം മോദി സർക്കാറിന്റെ തുടക്കത്തിൽ പുറത്തിറക്കിയിരുന്നു അതിലുള്ള ആശയങ്ങൾ തന്നെയാണ് ഇപ്പോള്‍ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെട്ടിട്ടുള്ള തൊണ്ണുറ്റി അഞ്ച് ശതമാനവും.

കോത്താരി കമ്മീഷൻ ഉൾപ്പെടെയുള്ള പഴയ റിപ്പോർട്ടുകൾ ഒന്നും തന്നെ പുതിയ നയത്തിന് ബാധകമല്ല. യുജിസി പിരിച്ച് വിട്ടിരിക്കുകയാണ്. മാനവ വിഭവശേഷി മന്ത്രാലയം പേരുമാറ്റി വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി എല്ലാ കാര്യങ്ങളും ചെയ്യുന്ന ഒരു അവസ്ഥയാണ്. അതിന് കീഴിലുള്ള ഒരു ഏജൻസി മുൻപ് നാഷണൽ എഡ്യൂക്കേഷൻ കമ്മീഷൻ എന്നെല്ലാം ആണ് വിളിച്ചിരുന്നത്. ആ കമ്മീഷനായിരിക്കും ഇനി മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടക്കുകയാണ്. രാജ്യത്തെ വിദ്യാഭ്യാസ നയത്തിൽ വലിയ മാറ്റമുണ്ടാക്കുന്നതാണ് വിദ്യാഭ്യാസ നയം എന്ന് എല്ലാവരും സമ്മതിക്കുമ്പോൾ തന്നെ, അതുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. തങ്ങളുടെ ആവശ്യങ്ങളിൽ 60 ശതമാനവും സ്വിീകരിക്കപ്പെട്ടുവെന്ന സംഘപരിവാർ സംഘടനകൾ പറയുന്നു. എന്നാൽ സിപിഎം പൊലുള്ള പാർട്ടികളും നിരവധി വിദ്യാഭ്യാസ വിദഗ്ദരും ഈ നയത്തെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. പ്രമുഖ ചരിത്രകാരനും എഴുത്തുകാരാനുമായ കെ എൻ ഗണേഷ് പുതിയ വിദ്യാഭ്യാസ നയത്തക്കുറിച്ചുള്ള വിമർശനം ഞങ്ങളുടെ പ്രതിനിധി എൻ പി അനൂപമായി പങ്കുവെയ്ക്കുന്നു. അദ്ദേഹവുമായി സംസാരിച്ച് തയ്യാറാക്കിയ കുറിപ്പ്

പുതിയ നയത്തിൽ പ്രധാനപ്പെട്ട മാറ്റം രണ്ട് തലങ്ങളിലാണ്- മുൻപ് രാജീവ് ഗാന്ധിയുടെ കാലത്താണ് ഒരു എഡ്യുകേഷൻ പോളിസി ഉണ്ടായത്. അതിന് ശേഷം ഇപ്പോഴാണ്. എന്നാൽ ഇതിനിടയിൽ സർക്കാറുകളുടെ സ്വകാര്യ വത്കരണ നിയോ ലിബറൽ പോളിസികളുടെ വളർച്ച ശ്രദ്ധേയമാണ്. അതിന്റെ ഭാഗമായി പുതിയ നയത്തിൽ പറയുന്ന പല കാര്യങ്ങളും ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞിട്ടുമുണ്ട്.

ഉദാഹരണമായി വിദ്യാഭ്യാസം കേന്ദ്രീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കി. എഞ്ചിനീയറിങ്ങ് കോളേജ്, മെഡിക്കൽ കോളേജ് എന്നിവയുടെ അപ്രൂവൽ നൽകുന്നത് ഉൾപ്പെടെ കേന്ദ്ര സര്‍ക്കാറിലേക്ക് മാറി. മിക്കവാറും സിലബസ് ഉൾപ്പെടെ നേരിട്ട് നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. യുജിസി വഴി കോഴ്സുകൾ അവർ തന്നെ ഡിസൈൻ ചെയ്യുകയും നടപ്പിലാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കൊണ്ടുവന്നു.

നിയമനം, പ്രമോഷൻ എന്നിവയിൽ കേന്ദ്രീകരണം വരുത്തുകയും അവ സംസ്ഥാനങ്ങൾ നടപ്പിലാക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇതിനോടകം തന്നെ രൂപം കൊണ്ട് വന്നിരുന്നു. അതിനെല്ലാം നിയപരമാക്കുന്ന നടപടി അതാണ് പുതിയ നയം എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാതാണ് ആദ്യത്തേത്.

രണ്ടാമത്തെത് പരിശോധിച്ചാൽ - സ്വകാര്യ വത്കരണമാണ്. ഇനി നടക്കാൻ പോവുന്നതും സ്വകാര്യവത്കരണം തന്നെയാണ്. എന്നാൽ മുന്നോട്ട് വച്ച ആശയത്തിൽ ഒരു വ്യത്യാസമുണ്ട്. നേരത്തെ മാനേജ്മെന്റിനെയാണ് സ്വകാര്യവത്കരണം എന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നത് കോഴ്സുകൾ മൂല്യ നിർണയം അടക്കം അതിന്റെ ഏജൻസിയായ സ്വകാര്യ ഏജൻസികൾ കടന്നുവരുമെന്നതാണ് ഇതിന്റെ പ്രധാനമായ മാറ്റം.

കോളേജുകൾ ആര് നടത്തിയാലും തൊഴിലധിഷ്ഠിത കോഴ്സുകൾ മുഴുവൻ ഔട്ട് സോഴ്സ് ചെയ്യുന്ന നിലവരും. ആറാം ക്ലാസ് മുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ നടപ്പാക്കും എന്ന പ്രഖ്യാപനം നിലനിൽക്കെയാണിത്. അങ്ങനെ വരുമ്പോൾ വിവിധ തരത്തിലുള്ള ഏജൻസികള്‍ കോഴ്സുകൾ നടത്തുന്ന നിലവരും. അത് വ്യവസായ സ്ഥാപനങ്ങളോ, അവയ്ക്ക് വേണ്ടിയുള്ള ഏജൻസികളോ ആയിരിക്കും നടത്തുക. അവർക്ക് റിക്രൂട്ട് ചെയ്യാനുള്ള അവസരവും ഉണ്ടാവും. കാര്യങ്ങൾ ആ രീതിയിലേക്ക് മാറും.

മറ്റൊന്നാണ് മൂല്യ നിർണയം. ഇതും കേന്ദ്രീകരിക്കുകയാണെന്നാണ് പറയുന്നത്. സെൻട്രലൈസ്ഡ് ആയിട്ടുള്ള ഒരു മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അസസ്മെന്റ് ഏജൻസി ഉണ്ടാക്കുകയും അതിന്റെ അടിസ്ഥാനമാക്കി മൂല്യ നിർണയം നടത്തുമെന്നുമാണ് പറയുന്നു. അങ്ങനെ വന്നാൽ ഈ മൂല്യ നിർണയത്തിനുള്ള അവകാശവും ഔട്ട്സോഴ്സ് ചെയ്യപ്പെട്ടേക്കാം. ഏതെങ്കിലും ഏജൻസിയെ ഏർപ്പിച്ച് മൂല്യനിര്‍ണയം നടത്തിയേക്കാം. അത്തരം ഏജൻസികളും വളർന്നുവരും. ഈ സാഹചര്യത്തിന്റെ പോസിറ്റീവും നെഗറ്റീവും സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കും.

ഏതെങ്കിലും ഒരു ഏജൻസി നടത്തുന്ന ഒരു കോഴ്സ് പഠിക്കുകയും അതേ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന മറ്റൊന്ന് മൂല്യ നിർണയും നടത്തുന്ന സാഹചര്യവും ഉണ്ടായാൽ എന്തായിരിക്കും സംഭവിക്കുക. അതിൽ അഴിമതിയുണ്ടോ എന്ന് ചോദിച്ചാൽ എന്താണ് പറയാൻ പറ്റുക. എന്നാൽ ഒരാൾ ആ സംവിധാനത്തിന്റെ പിടിയിൽ പെട്ടു എന്ന് കരുതേണ്ടിവരും. നമ്മൾ പിടിയിൽ പെടുന്നതാണ് അതിന്റെ ഗുണവും ദോഷവും തീരുമാനിക്കുന്നത്.

ഫെഡറലിസത്തെ കുറിച്ചാണ് മറ്റൊരു ആശങ്ക ഉയർന്നുവരുന്നത്. നേരത്തെ പറഞ്ഞ കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. അവരും ഇതേ കാര്യങ്ങൾ നടപ്പിലാക്കാൻ നിർബന്ധിതമാക്കപ്പെടുകയാണ്.

20 ശതമാനം വരെ സിലബസ് റിലാക്സ് ചെയ്ത് കൊടുക്കാം എന്നാണ് പറഞ്ഞിരുന്നത്. സംസ്ഥാനങ്ങൾ ഇളവ് നൽകിയാൽ മൂല്യ നിർണയം സെന്‍ട്രലൈസ് ചെയ്യുന്നതിനാൽ ചോദ്യങ്ങൾ കറങ്ങിത്തിരിഞ്ഞ് കേന്ദ്ര ഏജൻസികളിൽ തന്നെ എത്തും. ഈ ഇരുപത് ശതമാനത്തിന്റെ കണക്കാണ് ഫെഡറലിസം ഉണ്ടാവുന്നില്ലെന്ന് പറയുന്നതിന്റെ പ്രധാന ആശയം.

ഫെഡറലിസം പോലുള്ള ആശയങ്ങൾ പാഠപുസ്തകത്തിൽ കണ്ടേക്കാം എന്നാൽ അവ ചോദ്യങ്ങളിൽ ഉണ്ടാവണമെന്നില്ല. അതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണത. യുജിസി നെറ്റ് പരീക്ഷകൾ തന്നെ ഇതിന് ഉദാഹരണമാണ്. ഹിസ്റ്ററിയിൽ പഴയ പാഠ പുസ്തകങ്ങൾ അതായത് ആർസി മജുംദാറിനെ പോലുള്ള സ്കോളേഴ്സ് എഴുതിയ പുസ്തകങ്ങൾ പഠിച്ചവർക്ക് സുഖമായി പരീക്ഷ പാസാവാം. പുതിയ പുസ്തകങ്ങൾ വായിച്ചവർ പാസാവുകയുമില്ല. അങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ. ഏങ്ങനെ ചോദ്യം ചോദിക്കും എന്നിടത്താണ് കാര്യങ്ങളുടെ പ്രശ്നങ്ങൾ. ഒരു പാഠഭാഗങ്ങൾ എടുത്ത് കളഞ്ഞെന്നോ, അവിടെ ഇണ്ടായെന്നോ ഇരിക്കും. എന്നാൽ ചോദ്യങ്ങളാണ് പ്രസക്തമാവുക.

വിദേശ സർവകലാശാലകളുടെ കടന്ന് വരവ്-

വിദേശ സർവകലാശാലകൾ ഒരു മിത്താണ്. വിദേശ സര്‍വകലാശാലകൾ പലതരമുണ്ട്. ദുബായിലുള്ള ഒരു സർവകലാശയുണ്ട്. അതിൽ ഹോട്ടൽ മാനേജ്മെന്റ് കാറ്ററിങ് മാനേജ്മെന്റ് തുടങ്ങി ഡിഗ്രികൾ ഒക്കെ നൽകുന്നവയാണ്. നമ്മൾ ആറ് മാസംകൊണ്ട് കൊടുക്കുന്ന കോഴ്സുകളാണ് അവർ ഡിഗ്രിയായി കൊടുക്കുന്നത്. അങ്ങനെയുള്ള സര്‍വകലാശാലകളുണ്ട്. യുഎസിൽ കമ്യൂണിറ്റി കോളേജുകളുണ്ട്.

നോളജ് ആപ്ലിക്കേഷൻ എന്നാണ് വിദേശ സർവകലാശാല വിഷയത്തിൽ പുതിയ നയം പറയുന്നത്. അങ്ങനെയാണെങ്കിൽ വലിയ സർവകലാശാലകൾ അതിന് തയ്യാറായേക്കില്ല. ഓക്സ്ഫോഡ്, കേംബ്രിഡ്ജ് പോലുള്ള സർവകലാശാലകൾ ഇവിടെ വന്നുകൊള്ളണമെന്നില്ല.

വിദേശ സർവകലാശാലകൾ വേണമോ വേണ്ടതൊ എന്നത് തന്നെ ഒരു ചോദ്യമാണ്. എന്നാൽ ഇവ ഇന്ത്യയിലേക്ക് വരുമ്പോൾ അവയുടെ ഗുണ നിലവാരമില്ലെങ്കിൽ എന്ത് പ്രയോജനമാണുള്ളത്. ഓക്സ്ഫോഡ് വന്ന് ഒരു കോഴ്സ് നടത്തുമ്പോൾ അതിന്റെ ഗുണത്തിൽ വ്യത്യാസം കാണും.

വിദ്യാഭ്യാസം ചിലവേറും-

രാജ്യത്തെ മധ്യ വർഗ്ഗത്തിന് താഴേക്ക് വിദ്യാഭ്യാസം ചിലവേറുന്ന സാഹചര്യമാണ് മറ്റൊന്ന് ഉണ്ടാവാൻ പോവുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോളേജുകൾക്ക് സ്വയം ഭരണം നൽകുകയാണെങ്കിൽ ഫീസിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല. സ്വാശ്രയ കോളേജുകളുടെ ഫീസ് വിഷയത്തിലെ തർക്കങ്ങൾ എല്ലാവരും കാണുന്നതാണ്. തർക്കവിഷയമാണ്. ഇതിൽ തര്‍ക്കം ഉണ്ടാവില്ല ഇവർ പറയുന്ന ഫീസ് നല്‍കേണ്ടിവരും.

മറ്റൊന്ന് സംവരണമാണ്, അതൊരു പക്ഷേ സർക്കാർ സംവിധാനത്തിൽ മാത്രമായിരിക്കും നടക്കുക. ഇപ്പോൾ സംവരണങ്ങൾ നടപ്പാക്കുന്നത് 1971 ലെ കരാർ പ്രകാരമാണ്. പക്ഷേ എല്ലാം ഓട്ടോണമസിന് കിഴിൽ വന്നാൽ സംവരണ തത്വങ്ങൾ ബാധകമാവില്ല. കാരണം അത് പരിശോധിക്കാൻ ഏജൻസിയില്ലാതാവും. ആകെ ലഭിക്കാൻ ഇടയുള്ളത് എസ്‌സി എസ്എടി സംവരണമാണ്. അതു മറികടക്കാൻ കഴിയുന്നവരുണ്ട്. ഫീസ് ഭയന്ന് അതിന് കഴിയാത്തവര്‍ ആ വഴിക്ക് പോവില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് വ്യക്തമായ സാമ്പത്തിക അന്തരമാണ് ഇതുണ്ടാക്കാൻ പോവുന്നത്.

പ്രാഥമിക വിദ്യാഭ്യാസം-

പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക് വന്നാൽ പ്രീ സ്കൂൾ എന്നതാണ് ശ്രദ്ധേയം. ഇത് വ്യക്തമാക്കുന്നത് മുന്ന് വയസ്സുമുതൽ കുട്ടി പഠനം അരംഭിക്കുന്നു എന്നാണ്. ആദ്യ അഞ്ച് വർഷം കളിയാണ് എന്നാണ് പറയുന്നത്. എന്നാൽ നമ്മുടെ ആളുകൾ ഒട്ടും വിട്ടുകൊടുക്കാതെ പഠിപ്പിക്കുന്നവരാണ്. കളിയൊന്നും നടക്കാൻ സാധ്യതയില്ല. പിന്നെയുള്ളത് ആറാം ക്ലാസുമുതൽ തൊഴിൽ വിദ്യഭ്യാസം ആരംഭിക്കും. അവസാന നാല് എന്ന് പറയുന്നത് ഇപ്പോളത്തെ പ്ലസ്ടു തലത്തിലുള്ള വിദ്യാഭ്യാസമാണ്. അത് കുറച്ച് നേരത്തെ ആരംഭിക്കുന്നു എന്ന് അർത്ഥം.

പതിനാല് വയസുകഴിയുന്ന ഒരു കുട്ടിയെ ഏതെങ്കിലും തൊഴിൽ മേഖലയിലേക്ക് തിരിച്ച് വിടാനൊവുമൊ എന്നതിലേക്കാണ് നയത്തിന്റെ നോട്ടം. പതിനാല് വയസ് കഴിഞ്ഞാൽ വൊക്കേഷണൽ എഡ്യൂക്കേഷൻ എന്ന പേരിൽ കൈത്തൊഴിൽ എന്ന നിലയിലേക്ക് കുട്ടി ആ വഴിക്ക് പോയേക്കും. പിന്നീട് ഉന്നത വിദ്യാഭ്യാസം എന്ന നിലയിലേക്ക് നീങ്ങാൻ സാധ്യത കുറവാണ്.

എന്നാൽ, നയം പറയുന്നത് തുടർന്ന് പഠിക്കാൻ താല്‍പര്യമുള്ളവർക്ക് മുന്നോട്ട് പോവാൻ കഴിയുമെന്നാണ്. എന്നാൽ അത് ചില ഓൺലൈൻ കോഴ്സുകളിൽ ഒതുങ്ങാനുള്ള സാഹചര്യമാണ് കാണുന്നത്. ഇത്തരം കോഴ്സുകളിലുടെ ഡിഗ്രിയുൾപ്പെടെ സമ്പാദിക്കുന്നതിന്റെ ഗുണമെന്തെന്ന് പറയാനാവില്ല.

വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കിൽ പൗര ധർമം, സൻമാർഗം, ഫിലോസഫി, സംസ്കൃതം, യോഗ , മൂല്യങ്ങൾ പഠിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രായോഗത്തിൽ വരുന്നതോടെ ഇപ്പോഴുള്ള സോഷ്യൽ സയൻസ് എന്ന വിഭാഗം പ്രാക്ടിക്കലി ഇല്ലാതാവാനാണ് സാധ്യത. ഇപ്പോൾ പഠിക്കുന്ന ചരിത്രം, എകണോമിക്സ് സോഷ്യോളി എന്നിവ മിക്കവാരും എടുത്തുപോവും. മറ്റുള്ളവ വച്ച് ഇവയെ ബാലൻസ് ചെയ്യ്തേക്കാണ് സാധ്യത കുടുതൽ. അവയെല്ലാം ഈ തരത്തിൽ പഠിപ്പിക്കും.

അഫിലിയേഷൻ നിർത്തലാക്കുമ്പോൾ കോഴ്സുകൾ നടക്കുന്നത് കോളേജുകൾ തീരുമാനിക്കും. അപ്പോൾ ഉണ്ടാവാൻ പോവുന്നത് കൂടുതൽ കോഴ്സുകൾ അധികൃതർ ഓഫർ ചെയ്യുക എന്നതാണ്. ഈ സമയം കോളേജുകൾ സ്വീകരിക്കുക ആപ്ലിക്കേഷൻ കോഴ്സുകൾ ആയിരിക്കും. ഇതിനും സാമ്പത്തികമായിരിക്കും അടിസ്ഥാനം. കോഴ്സ് പഠിച്ചാൽ ഒരു തൊഴിൽ ലഭിക്കാൻ സാഹചര്യമുണ്ടെങ്കിൽ കൂടുതൽ പേർ അതിലേക്ക് എത്തുന്ന സാഹചര്യവുമുണ്ടാവും.

സ്വാശ്രയ കോഴ്സുകൾ വന്ന സാഹചര്യം തന്നെ പരിശോധിച്ചാൽ ഇതിന് ഉദാഹരണം ലഭിക്കുന്നതാണ്. ഇത്തരം കോളേജുകൾ ഒന്നും തന്നെ ബേസിക് സയൻസോ ബേസിക് സോഷ്യൽ സയൻസ് കോഴ്സുകളോ തിരഞ്ഞെടുത്തിട്ടില്ല. എന്തെങ്കിലും തരത്തിൽ തൊഴിൽ ലഭിക്കുക എന്ന രീതി വരുമ്പോള്‍ ഇത്തരം കോളേജുകൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

മറ്റൊന്ന് ഫീസുൾപ്പെടെയുള്ളവയുടെ വർദ്ധനയാണ്. അത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറത്തേക്ക് തന്നെ ഉയരും.

ഗവേഷണം ഉൾപ്പെടെയുള്ള സർവകലാശാലയുടെ ഉത്തരവാദിത്വം ആണെന്നാണ് പറയുന്നത്. അതെങ്ങനെയാണെന്ന് വ്യക്തമാക്കുന്നില്ല. മുൻപ് കുറേ നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടിരുന്നെങ്കിലും അവയെല്ലാം നയം വിശദമായി പഠിച്ചാൽ മാത്രമേ ഇക്കാര്യം വ്യാപകമാവുകയുള്ളു.

ഇന്ത്യയുടെ അവസ്ഥ-

ഇന്ത്യ എന്നത് 130 കോടി ജനങ്ങളുള്ള ഒരു രാജ്യമാണ്. പക്ഷേ താര്യതമ്യം ചെയ്യുന്നത് ഫിൻലാൻഡ്, ബ്രിട്ടൺ, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായാണ്. കേരളത്തിന്റെ അത്രപോലും ജനസംഖ്യയില്ലാത്ത രാജ്യമാണ് ഫിൻലാന്റ്. ഇവിടെ 130 കോടി ജനങ്ങളെയാണ് പഠിപ്പിച്ചെടുക്കേണ്ടത്. അതിനുള്ള ഒരു സിസ്റ്റമാണോ ഇതെന്നാണ് പരിശോധിക്കേണ്ടത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ‌ എൺപത് ശതമാനവും സ്വകാര്യ സ്ഥാപനങ്ങളാണ്. പ്രാഥമിക തലത്തിൽ അറുപത് ശതമാനമാണിത്. ഇത് മാത്രമല്ല അവർ എന്ത് ചെയ്യുമെന്ന് ഒരു നിയന്ത്രണവുമില്ല.

അതുകൊണ്ട്തന്നെ ഈ വലിയ ജന സംഖ്യയ്ക്കിടയിൽ എങ്ങനെ ഈ രീതി നടപ്പിലാക്കും എന്നതാണ് പരിശോധിക്കേണ്ടത്. പതിനെട്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് പ്രായോഗിക തലത്തിൽ എന്താണ് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ ഗവേഷണം നടത്തിയിട്ടുണ്ടോ അതോ ഡൽഹിയിലെ വിദ്യാഭ്യാസ രീതി ഇങ്ങനെയാണ് എന്ന് പറഞ്ഞാണോ എന്നാണ് സംശയം. ഇന്ത്യയുടെ ലൈവ് റിയാലിറ്റ മനസിലാക്കിയാണോ ഇതെല്ലാം നടപ്പാക്കുന്നത് എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.


Next Story

Related Stories