TopTop
Begin typing your search above and press return to search.

ഏകസ്വരതയുടെ നയം; എല്ലാ വ്യത്യാസങ്ങളെയും ഒരു മുച്ചാൺ വടിയുടെ അളവുകളിലേക്ക് ചുരുക്കുന്ന ഫാസിസ്റ്റ് യുക്തി; പുതിയ വിദ്യാഭ്യാസ നയത്തെ ഡോ. എം.വി നാരായണന്‍ വിലയിരുത്തുന്നു

ഏകസ്വരതയുടെ നയം; എല്ലാ വ്യത്യാസങ്ങളെയും ഒരു മുച്ചാൺ വടിയുടെ അളവുകളിലേക്ക് ചുരുക്കുന്ന ഫാസിസ്റ്റ് യുക്തി; പുതിയ വിദ്യാഭ്യാസ നയത്തെ ഡോ. എം.വി നാരായണന്‍ വിലയിരുത്തുന്നു

ഒരു ജനാധിപത്യ-ഫെഡറൽ രാജ്യമായ ഇന്ത്യയുടെ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിൽ അവശ്യം പാലിക്കേണ്ടിയിരുന്ന നടപടിക്രമങ്ങളൊക്കെയും അവഗണിച്ചു കൊണ്ട്, തീർത്തും ഏകാധിപത്യപരമായി, ഒരു നയം മുകളിൽ നിന്നും അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്ന ഒന്നായി മാത്രമേ കഴിഞ്ഞ ദിവസം അനാവരണം ചെയ്യപ്പെട്ട പുതുവിദ്യാഭ്യാസ നയത്തെ (ന്യൂ എഡ്യൂക്കേഷൻ പോളിസി) നമുക്ക് കാണാൻ കഴിയുകയുള്ളൂ. പാർലമെൻറിൽ ഇതിനെ സംബന്ധിച്ച് യാതൊരു ചർച്ചയും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, ഒരു ഫെഡറല്‍ സംവിധാനത്തിനകത്ത് കണ്‍കറന്റ് ലിസ്റ്റിൽപ്പെട്ട ഒരു കാര്യത്തിൽ സംസ്ഥാനങ്ങളുമായി നിർബ്ബന്ധമായും നടക്കേണ്ടിയിരുന്ന ചർച്ചകളോ, പൊതുനയത്തിനകത്ത് സംസ്ഥാനങ്ങൾക്ക് അവയുടേതായ വ്യത്യാസങ്ങൾ കൊണ്ടുവരാനുള്ള ഇടം നൽകലോ ഇതിൽ ഉണ്ടായിട്ടില്ല. മറിച്ച്, നടപ്പാക്കിയിരിക്കുന്നതോ, കേന്ദ്ര സർക്കാരിൻറെ തികച്ചും ഏകപക്ഷീയമായ ഒരു നയരൂപീകരണമാണു താനും. ആ അർത്ഥത്തിൽ കേന്ദ്ര സർക്കാർ മറ്റു പല മേഖലകളിലും അനുവർത്തിച്ചു പോരുന്ന എകാധിപത്യ സമീപനത്തിൻറെ തുടർച്ച ഇതിലും വ്യക്തമായി കാണാം.

അതോടൊപ്പം, വിദ്യാഭ്യാസ മേഖലയിലെ 'സ്റ്റേക് ഹോൾഡേഴ്സ്' ആയ വിദ്യാർത്ഥികളോ അധ്യാപകരോ ഇതരവിഭാഗങ്ങളോ ആയി യാതൊരു പൊതു ചർച്ചകളും നടത്താതെയാണ് ഈ നയം രൂപീകരിക്കപ്പെട്ടത് എന്നതും അതിൻ്റെ ജനാധിപത്യവിരുദ്ധത വിളിച്ചോതുന്നു. 2019 ൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തിറക്കിയിരുന്നു. ഒട്ടേറെ ബഹളങ്ങൾക്ക് ശേഷമാണ് അങ്ങനെയൊരു ഡ്രാഫ്റ്റ് ഇറക്കാൻ തന്നെ കേന്ദ്ര സർക്കാർ തയ്യാറായത്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവസരമുണ്ടെന്നു വ്യക്തമാക്കിയായിരുന്നു ഡ്രാഫ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, പ്രതികരണത്തിനുള്ള സൗകര്യം വേണ്ട പോലെ ഇല്ലാഞ്ഞതിനാൽ, അതിനെച്ചൊല്ലി വലിയ തർക്കങ്ങളും വിമർശനങ്ങളും ഉയര്‍ന്നിരുന്നു. അതിനുശേഷമാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഇടം ലഭ്യമാകുന്നത്. വലിയ അളവിൽ പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്തു. അധ്യാപകസംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, സർവ്വകലാശാല സംഘടനകൾ, 'ഏകലവ്യ' പോലെ ആദിവാസി / ഗോത്രമേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംഘടനകൾ എന്നിങ്ങനെ പലരും വളരെ വിശദമായി തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളുമെല്ലാം പങ്കുവച്ചിരുന്നതുമാണ്. എന്നാൽ, ഒരാളുമായും ഇക്കാര്യങ്ങളിൽ പൊതുവായ യാതൊരു ചർച്ചയും നടത്തിയില്ല എന്നതാണ് സത്യം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ എബിവിപി. മുതലായ തീർത്തും വലതുപക്ഷ സംഘടനകളുടെ അഭിപ്രായങ്ങൾ മാത്രമാണ് പരിഗണിക്കപ്പെട്ടത്. അതായത്, മറ്റു പല മേഖലകളിലും എന്ന പോലെ വിദ്യാഭ്യാസത്തിലും ജനാധിപത്യപരമായ യാതൊരു പ്രക്രിയയും കൂടാതെ കേന്ദ്ര സർക്കാരിന്റെ നയപരിപാടി ഏകപക്ഷീയമായി രാജ്യത്ത് സ്ഥാപിച്ചെടുക്കുക എന്ന ഉദ്ദേശം തന്നെയാണ് ഇതിലും വ്യക്തമാകുന്നത്.

സൂക്ഷിച്ചു നോക്കുകയാണെങ്കിൽ, 'ഒരു രാജ്യം, ഒരു പാഠ്യപദ്ധതി' എന്ന തികച്ചും ആപൽക്കരമായ ഒരു വീക്ഷണമാണ് ഈ നയത്തിന് അടിസ്ഥാനം എന്നു കാണാം. അനേകമനേകം പ്രാദേശിക യാഥാർത്ഥ്യങ്ങളും ജീവിതരീതികളും വിശ്വാസപ്രമാണങ്ങളും നിലനിൽക്കുന്ന ഒരു ദേശത്ത്, കേന്ദ്രീകൃതവും ഏകശിലാത്മകവുമായ ഒരു വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക എന്ന ഏറ്റവും അപകടകരമായ ലക്ഷ്യം തന്നെയാണ് അതിന്റെ പിന്നിൽ. ലോകമെമ്പാടും, ഭാഷയുടെയും പ്രദേശത്തിൻറെയും സംസ്കാരത്തിൻ്റെയും വ്യക്തിപരമായ താത്പര്യങ്ങളുടെയും തലങ്ങളിലുള്ള വ്യത്യാസങ്ങളെ ഉൾക്കൊള്ളാൻ ഉതകുന്ന വൈവിധ്യപൂര്‍ണമായ വിദ്യാഭ്യാസ സമ്പ്രാദയങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ അതിന് വിരുദ്ധമായ ഇത്തരമൊരു നയമുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. അതിൻ്റെ ഫലമായി, മനുഷ്യന്റെ ചരിത്രപരവും സാമൂഹികവുമായ സാഹചര്യങ്ങൾ അനുസരിച്ച്, വ്യത്യസ്തമായ പാഠ്യക്രമങ്ങളും വിഷയങ്ങളും ശിക്ഷണ രീതികളും ആവശ്യമാണ് എന്ന ഒരു ബഹുസ്വര വിദ്യാഭ്യാസ ബോധത്തെയും അതിന്റെ സാധ്യതയെയുമാണ് ഈ നയം നിരാകരിക്കുന്നത്. ഡല്‍ഹിയിലേയോ നാഗ്പൂരിലെയോ വരേണ്യവിഭാഗങ്ങൾക്ക് അഭികാമ്യമായ ഒരു പാഠ്യപദ്ധതി തന്നെ ഛത്തീസ്ഗഡിലെ ആദിവാസി വിഭാഗങ്ങൾക്കും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾക്കും, തമിഴ്നാട്ടിലെ തീരദേശ സമുദായങ്ങൾക്കും നിർബ്ബന്ധമാക്കുന്ന ഒരു സമീപനമാണ് ഇതിൻ്റെ കാതൽ. 'ഒരു രാജ്യം, ഒരു വ്യക്തിനിയമം' എന്ന നിയമമേഖലയിലെ നയത്തിൽ കാണുന്ന അതേ ഏകസ്വരാത്മകത യുക്തി - എല്ലാ വ്യത്യാസങ്ങളെയും ഒരു മുച്ചാൺ വടിയുടെ അളവുകളിലേക്ക് ചുരുക്കി എടുക്കുന്ന ഫാസിസ്റ്റ് യുക്തി - തന്നെയാണ് ഈ നയത്തിനു പിന്നിലുള്ളതും.

ഈ ഏകസ്വരാത്മക യുക്തിയുടെ ആണിക്കല്ലായി അവതരിക്കുന്നത് 'ഭാരതീയത' എന്ന സങ്കൽപ്പമാണ്. നയരേഖയിൽ പലയിടങ്ങളിലായി ആവർത്തിച്ചു വരുന്ന ഒന്നാണ് 'ഇന്ത്യൻ സംസ്കാരം', 'ഇന്ത്യൻ മൂല്യങ്ങൾ', 'ഇന്ത്യൻ പാരമ്പര്യം', 'ഇന്ത്യൻ കലകൾ' എന്ന തരം പ്രയോഗങ്ങൾ. ഇത്തരത്തിൽ, ഈ വിദ്യാഭ്യാസ പദ്ധതിയിൽ ഇത്ര വലിയ ഊന്നൽ നൽകുന്ന 'ഇന്ത്യൻ' എന്ന ഈ വിശേഷണം കൊണ്ട് എന്താണ് ലാക്കാക്കുന്നത്? അത് ഇന്ത്യയുടെ വൈവിധ്യങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന പലമയാർന്ന ഒരു സങ്കൽപ്പനമാണോ? വ്യത്യാസങ്ങൾക്ക് ജനാധിപത്യപരമായ ഇടം നൽകുന്ന, വൈജാത്യങ്ങളെ ആഘോഷിക്കുന്ന, ഒരു സമീപനമാണോ അതിലുള്ളത്? അങ്ങനെയാണ് എന്ന യാതൊരു സൂചനയും ഇല്ല എന്നു മാത്രമല്ല, അത്യന്തം സങ്കുചിതവും, ചിലവയെ മാത്രം അംഗീകരിക്കുന്നതുമായ വളരെ 'സെലക്റ്റീവ്' ആയ ഒരു സങ്കൽപ്പമാണ് അത് എന്നത് ഇന്ത്യയുടെ നാനാത്വത്തെ കുറിച്ചുള്ള നയരേഖയുടെ നിശ്ശബ്ദതയിൽ തന്നെ തെളിയുന്നു. മാത്രമല്ല, വിദ്യാഭ്യാസത്തിലൂടെ സാമൂഹിക നീതി ഉറപ്പാക്കുന്നതിനെ കുറിച്ചോ, ചരിത്രപരമായ കാരണങ്ങളാൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരെ കുറിച്ചോ, സംവരണ മാനദണ്ഡങ്ങളെ കുറിച്ചോ ഒരു വാക്കു പോലും ഉരിയാടുന്നില്ല എന്നതുകൊണ്ടുതന്നെ ഇത് 'ഇൻക്ലൂസീവ്' ആയ, സമൂഹത്തിലെ സമസ്ത വിഭാഗങ്ങളെയും ഉൾച്ചേർക്കുന്ന, ഒരു ദേശീയ ദർശനമല്ല എന്നത് വ്യക്തം. മറിച്ച്, ചിലരെയും ചിലതിനെയും മാത്രം 'ദേശീയ'മായിക്കാണുന്ന അത്യന്തം ഇടുങ്ങിയ ഒരു ഇന്ത്യാ ദർശനമാണ് അതിൽ പതിയിരിക്കുന്നത്. ചുരുക്കത്തിൽ, സംശയമേതും വേണ്ട, സംഘപരിവാറിൻറെ മുഖമുദ്രയായ ഹൈന്ദവ രാഷ്ട്രീയത്തിൻറെ കാഴ്ചപ്പാടുകൾക്കനുസരിച്ച് വിദ്യാർത്ഥികളെ / സമൂഹത്തെ ചിട്ടപ്പെടുത്തിയെടുക്കുവാനുള്ള ബൃഹത് സംരംഭത്തിന്റെ സൂചനകൾ തന്നെയാണ് ഇവയിലുള്ളത്. ആർഎസ്എസും മറ്റ് സംഘപരിവാർ സംഘടനകളും ഈ പുതു നയത്തെ ഹാർദ്ദമായി സ്വാഗതം ചെയ്തിരിക്കുന്നു എന്നത് ആകസ്മികമേയല്ല. കാരണം, വർഷങ്ങളായി വിദ്യാഭ്യാസത്തെ ഹൈന്ദവവൽക്കരിക്കാനുള്ള അവരുടെ ശ്രമങ്ങളുടെ വിജയം തന്നെയാണ് ഈ നയത്തിൽ പ്രതിഫലിക്കുന്നത്.

മേൽപ്പറഞ്ഞ ഭാരതീയതയുടെ വെളിച്ചത്തിൽ വേണം ക്ലാസിക്കൽ ഭാഷകള്‍ക്ക് പ്രധാന്യം നൽകുമെന്നുള്ള നയത്തിലെ പ്രഖ്യാപനം വായിക്കാൻ. ഒരു വശത്ത് ക്ലാസിക്കൽ ഭാഷ, ശ്രേഷ്ഠ ഭാഷ, എന്നതൊക്കെ തീർത്തും കൃത്രിമ നിർമ്മിതികളാണ് എന്ന് തിരിച്ചറിയുമ്പോൾ തന്നെ, അവയുടെ പ്രത്യയശാസ്ത്രപരവും സംസ്കാരികവുമായ വിവക്ഷകളെ നാം കാണാതിരുന്നു കൂടാ. ചില സമുദായങ്ങളെയും സംസ്കാരങ്ങളെയും ശ്രേഷ്ഠമായി ഉയർത്തിക്കാട്ടുകയും, ശ്രേണീപരമായി ഉന്നതമായി ചിത്രീകരിക്കുകയും മാത്രമല്ല, മറ്റുള്ളവയുടെ മേൽ അവയുടെ മേൽക്കോയ്മ സ്ഥാപിക്കുക എന്ന ലക്ഷ്യവും അതിൽ ഉള്ളടങ്ങിയിരിക്കുന്നു. ഈ ഒരു പരിസരത്തിൽ തന്നെയാണ് സംസ്കൃതത്തിന് പ്രാമുഖ്യം കൊടുക്കുക എന്നത് നയത്തിന്റെ ഭാഗമാകുന്നത്. സംസ്‌കൃതം പഠിക്കുന്നതിലോ പഠിപ്പിക്കുന്നതിലോ അല്ല പ്രശ്നം. മറിച്ച് അതിനെ 'മെയിന്‍സ്ട്രീം' ചെയ്യും എന്നു പ്രഖ്യാപിക്കുമ്പോൾ, അതിന് ഒരു അടിച്ചേൽപ്പിക്കലിന്റെ സ്വഭാവം കൈവരുന്നു. അങ്ങനെ അടിച്ചേൽപ്പിക്കപ്പെടുന്ന സംസ്കൃതം എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നിടത്താണ് പ്രശ്‌നം. നിസ്സംശയമായും അത് ഹൈന്ദവ വരേണ്യതയുടെ, ഹൈന്ദവാധിപത്യത്തിന്റെ ഭാഷാപരമായ ഒരു സംസ്ഥാപനമായി മാറുന്നു, ഇതര വാക്കുകളിൽ പറഞ്ഞാൽ സംഘപരിവാർ പ്രത്യയശാസ്ത്രത്തിൻ്റെ ഭാഷാപരമായ സംസ്ഥാപനം.

ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം, അതിനെ പൂർണ്ണമായും കേന്ദ്ര സർക്കാരിൻറെ നിയന്ത്രണത്തിലാക്കുന്ന ഒരു ബൃഹത് പദ്ധതിയാണ് ഈ നയത്തിൽ രൂപകൽപ്പന ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ കമ്മീഷൻ എന്ന ഒരു സമഗ്ര ഭരണസംവിധാനത്തിൻറെ കുടക്കീഴിൽ നാലു വ്യത്യസ്ത, 'സ്വതന്ത്ര' കൗൺസിലുകളാണ് സ്ഥാപിക്കുവാൻ പോകുന്നത് - ചട്ടങ്ങളും നിയമവ്യവസ്ഥകളും തീരുമാനിക്കാനുള്ള ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗൺസിൽ, നിലവാരവും മാനദണ്ഡങ്ങളും നിർണ്ണയിക്കാനുള്ള പൊതുവിദ്യാഭ്യാസ കൗൺസിൽ, ഗ്രാൻറുകളും സാമ്പത്തിക കാര്യങ്ങളും നിയന്ത്രിക്കുന്ന ഉന്നത വിദ്യാഭ്യാസ ഗ്രാൻറ്സ് കൗൺസിൽ, സ്ഥാപനങ്ങളുടെ അംഗീകാരത്തിനും വിലയിരുത്തലിനുമായി ദേശീയ അക്രെഡിറ്റേഷൻ കൗൺസിൽ. വിദ്യാഭ്യാസത്തെ അധികാരത്തിൻറെ ഇടപെടലുകളിൽ നിന്നും സ്വതന്ത്രമായി നിലനിർത്തുക എന്ന എല്ലാ പരിഗണനകളും, ഇന്നേവരെ നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വയംഭരണാവകാശങ്ങളും തീർത്തും ലംഘിച്ചുകൊണ്ട് ഈ ഉന്നത വിദ്യാഭ്യാസ കമ്മീഷൻറെ അധ്യക്ഷനാകാൻ പോകുന്നത് മറ്റാരുമല്ല, പ്രധാനമന്ത്രി തന്നെയാണ്. അതായത്, ഉന്നത വിദ്യാഭ്യാസ മേഖല പരിപൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ - കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ പ്രധാനമന്ത്രിയുടെ ഓഫീസിൻറെ - നേരിട്ടുള്ള നിയന്ത്രണത്തിലാകാൻ പോകുന്നു. ഏതു തരം പദ്ധതികൾക്ക് സാമ്പത്തിക സഹായം ലഭിക്കും, ഏതിനു ലഭിക്കില്ല; ഏതു തരം സ്ഥാപനങ്ങൾക്ക് ഉന്നത നിലവാര അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിക്കും, ഏതിനൊക്കെ നിഷേധിക്കപ്പെടും; വിദ്യാർത്ഥി പ്രവേശനത്തെയും അദ്ധ്യാപക നിയമനത്തെയും സർവ്വകലാശാലാ/ കോളജ് ഭരണത്തെയുമെല്ലാം ഭരിക്കുന്ന നിയമങ്ങളുടെ സ്വഭാവം എന്തായിരിക്കണം എന്നു തുടങ്ങി എന്തു പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം, എന്തെല്ലാം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താം, എന്ത് ഉൾപ്പെടുത്തിക്കൂടാ എന്നതു വരെയുള്ള ഉന്നത വിദ്യാഭ്യാസ സംബന്ധിയായ സമസ്ത കാര്യങ്ങളും നിശ്ചയിക്കുവാനുള്ള പരിപൂർണ്ണ അധികാരം കേന്ദ്ര സർക്കാരിൻറെയും പ്രധാനമന്ത്രിയുടെയും നിയന്ത്രണത്തിൽ ആകാൻ പോകുന്നു എന്നു ചുരുക്കം. മാത്രമല്ല, ഈ കൗൺസിലുകളിലെയും കമ്മിഷനിലെയും നിയമനാധികാരവും കേന്ദ്ര സർക്കാരിൽ തന്നെ നിക്ഷിപ്തമായിരിക്കയും ചെയ്യും. അതായത്, പൊതുവായി അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ വിദഗ്ദ്ധർക്ക് ഇന്നേ വരെ പരിമിതമായെങ്കിലും ഇത്തരം ഭരണ സംവിധാനങ്ങളിൽ ഉണ്ടായിരുന്ന പ്രാതിനിധ്യവും സാന്നിദ്ധ്യവും തീർത്തും ഇല്ലാതായിത്തീരും എന്നു ചുരുക്കം. ഇതിൻറെ പരിണതഫലമെന്തായിരിക്കുമെന്നറിയാൻ , റിസർവ്വ് ബാങ്ക്, ഇലക്ഷൻ കമ്മീഷൻ മുതലായ സ്ഥാപനങ്ങളിൽ അടുത്തിടെ നടന്നിട്ടുള്ള നിയമനങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ശ്രദ്ധിച്ചാൽ മതി. അധികാരികളുടെ ആശാനുവർത്തികൾ എന്നതിലുപരി സംഘപരിവാറിൻറെ ആശയാനുവർത്തികൾ എന്ന നിലയിൽ, ഉന്നത വിദ്യാഭ്യാസത്തിൻറെ പൂർണ്ണമായ വലതുപക്ഷവൽക്കരണത്തിലായിരിക്കും ഈ നിയമനങ്ങൾ കലാശിക്കുക.

ഇതോടൊപ്പം തന്നെയാണ് ഈ നയത്തിൽ വളരെ പ്രാധാന്യത്തോടെ പ്രതിപാദിച്ചിട്ടുള്ള കോളജുകളുടെ സ്വയംഭരണാവകാശത്തെയും കാണേണ്ടത്. വിവിധ സർവ്വകലാശാലകളുമായി അഫിലിയേറ്റു ചെയ്തിരിക്കുന്ന കോളജുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട് എന്നതും, ഇത് സർവ്വകലാശാലകളൾക്കു മേൽ അമിതമായ ഭാരം ഏൽപ്പിക്കുന്നു എന്നതും വാസ്തവം തന്നെയാണ്. എന്നാൽ, അതിനുള്ള പരിഹാരമായി കോളജുകൾക്കെല്ലാം തരംതിരിച്ചുള്ള സ്വയംഭരണാവകാശം നൽകുക എന്ന നയം വളരെ ദൂരവ്യാപകമായ ദുർഫലങ്ങളാവും സൃഷ്ടിക്കുക. ഒന്നാമത്, ഇതു വരേക്കും സ്വയംഭരണാവകാശം നൽകപ്പെട്ടിട്ടുള്ള മിക്ക കോളജുകളുടെയും അനുഭവം വെച്ചു നോക്കുകയാണെങ്കിൽ, സർവ്വകലാശാലകളുടെ നിയന്ത്രണവും മേൽനോട്ടവും ഇല്ലാതാകുന്നതോടെ, കഠിനമായ നിലവാരത്തകർച്ചയിലേക്കായിരിക്കും അതു നയിക്കുക. കൂടാതെ, സാമ്പത്തികവും ഭരണപരവുമായ ഓട്ടോണമിയുടെ പേരിൽ വലിയ തോതിലുള്ള കച്ചവടവൽക്കരണത്തിലേക്കും - പ്രത്യേകിച്ച് നിയമനങ്ങളിലും പ്രവേശനങ്ങളിലും - കൂടിയായിരിക്കും ഇതു വഴി തുറക്കുക. പൊതുവിദ്യാഭ്യാസ മേഖല ഇത്തരം ഒരു ദുരവസ്ഥയിലേക്ക് എത്തിക്കുന്നതിൻറെ യഥാർത്ഥ ഗുണഭോക്താക്കൾ മറ്റാരുമല്ല, ഇന്ന് ഈ രാജ്യത്ത് ദിനംപ്രതി എന്നവണ്ണം ശക്തി പ്രാപിച്ചു വരുന്ന സ്വകാര്യ സർവ്വകലാശാലകളും ഇന്ത്യയിലേക്ക് ഒരു പ്രവേശനം കിട്ടാൻ കാത്തു നിൽക്കുന്ന വിദേശ സർവ്വകലാശാലകളുമായിരിക്കും എന്നതിൽ സംശയം വേണ്ട. അതിനു പുറമേ, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം സമ്പന്നർക്കു മാത്രം പ്രാപ്യമാകുന്ന, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന, ഒരവസ്ഥ സംജാതമാകുകയും ചെയ്യും. ഇവിടെ തന്നെയാണ്, വലതുപക്ഷ ദേശീയതയും കച്ചവടമുതലാളിത്തവും തമ്മിലുള്ള ഒരു ബാന്ധവമാണ് ഈ സർക്കാരിനെ എന്ന പോലെ ഈ ഉന്നത വിദ്യാഭ്യാസ നയത്തേയും നയിക്കുന്നത് എന്നു വ്യക്തമാകുന്നത്.

ഒടുവിലായി, മേൽപ്പറഞ്ഞതിനോടു കൂട്ടി വായിക്കേണ്ട ഒന്നാണ് യു.ജി /പി.ജി. പ്രവേശനങ്ങൾക്ക് ദേശീയ തലത്തിൽ നാഷണൽ ടെസ്റ്റിംഗ് കൗൺസിൽ മുഖേന പ്രവേശന പരീക്ഷ നടത്തുവാനുള്ള പദ്ധതി. വര്‍ഷത്തില്‍ രണ്ടു തവണ നടത്തുന്ന ഇത്തരം പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്കുമുള്ള പ്രവേശനം. പ്രത്യക്ഷത്തിൽ, വളരെ നീതിപൂർവ്വമെന്നു തോന്നാവുന്ന ഈ വ്യവസ്ഥയിലെ ചതിക്കുഴികൾ കാണാതെ പോകുന്നത് ആപൽക്കരമായിരിക്കും. കാരണം ഇത്തരം ഒരു പ്രവേശന പരീക്ഷ നടപ്പിലാക്കുന്നതിലൂടെ, അതിനുള്ള കോച്ചിംഗും പരിശീലനവും നേടാൻ കൂടുതൽ കെൽപ്പുള്ള നഗരപ്രദേശങ്ങളിലെ ഉന്നതശ്രേണികളിലുള്ള, അല്ലെങ്കിൽ സാമ്പത്തികമായും സാമൂഹികമായും മുൻപന്തിയിൽ നിൽക്കുന്ന, വിദ്യാർത്ഥികൾക്കായിരിക്കും മുൻതൂക്കം ലഭിക്കുക. ഉൾനാടുകളിലും ഗ്രാമപ്രദേശങ്ങളിലും പിന്നോക്ക വിഭാഗങ്ങളിലും പെടുന്നവർക്ക് സ്വാഭാവികമായും അവസരങ്ങൾ നിഷേധിക്കപ്പെടും. ഇതോടൊപ്പം, ദേശീയ തലത്തിൽ ലക്ഷക്കണക്കിനു വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന പരീക്ഷകളായതു കൊണ്ടു തന്നെ, മൂല്യനിർണ്ണയത്തിൻറെ പ്രായോഗികത പരിഗണിച്ച്, അവ ഒബ്ജെക്റ്റീവ് ടൈപ്പ് / മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളെയായിരിക്കും പ്രധാനമായും ആശ്രയിക്കുക, വിവരണാത്മകവും വിശകലനപരവുമായ ചോദ്യങ്ങൾ ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കപ്പെടും. ഇതൊട്ടും ചെറിയ കാര്യമല്ല. കാരണം, മാനവിക, സാമൂഹിക ശാസ്ത വിഷയങ്ങൾക്കും, വലിയൊരളവോളം ശുദ്ധശാസ്ത്ര വിഷയങ്ങൾക്കും, അനിവാര്യമായ വിമർശന/ വിശകലന ചിന്തയെ തീർത്തും അപ്രധാനമാക്കി, വിദ്യാർത്ഥികളെ വെറും 'ഡേറ്റാ ബാങ്കുകൾ' ആക്കുവാൻ, വസ്തുതകളുടെയും സ്ഥിതി വിവരക്കണക്കുകളുടെയും വെറും ശേഖരങ്ങളാക്കി മാറ്റാനാണ് ആത്യന്തികമായി ഇത് സഹായിക്കുക. അതിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്നത് വിമർശനവിമുഖരും അരാഷ്ട്രീയജീവികളുമായ അധ്യാപകരും, അനുസരണശീലമുള്ള ഉദ്യോഗസ്ഥരും ടെക്നോക്രാറ്റുകളും ഒക്കെയായിരിക്കും. ജനാധിപത്യവിരുദ്ധമായ ഒരധികാര ക്രമത്തിന് ഇതെത്ര സഹായകമാകും എന്നത് സങ്കൽപത്തിനും അപ്പുറമാണ്.


ഡോ. എം.വി നാരായണന്‍

ഡോ. എം.വി നാരായണന്‍

എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍; മഹാരാജാസ് കോളേജ്, കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗം, ഷാർജാ യൂണിവേഴ്സിറ്റി, ജപ്പാനിലെ മിയാസാക്കി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു; ഇപ്പോള്‍ സിംല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രൊഫസര്‍

Next Story

Related Stories