TopTop
Begin typing your search above and press return to search.

ഇത് ബഹിരാകാശ യുദ്ധമല്ല, മഹാമാരിയാണ്; റഷ്യയുടെ സ്പുട്നിക് വാക്സിന്‍ അമേരിക്കയില്‍ ശീതയുദ്ധ 'ഹിസ്റ്റീരിയ' സൃഷ്ടിക്കുമോ?

ഇത് ബഹിരാകാശ യുദ്ധമല്ല, മഹാമാരിയാണ്; റഷ്യയുടെ സ്പുട്നിക് വാക്സിന്‍ അമേരിക്കയില്‍ ശീതയുദ്ധ ഹിസ്റ്റീരിയ സൃഷ്ടിക്കുമോ?

1957 ഒക്ടോബര്‍ 4 ഒരു വെള്ളിയാഴ്ചയായിരുന്നു. വാഷിംഗ്ടണിലെ സോവിയറ്റ് യൂണിയന്റെ എംബസിയില്‍ അന്ന് വൈകുന്നേരം ഒരു പാര്‍ട്ടി നടക്കുകയാണ്. എന്തെങ്കിലും അസാധാരണത്വമുള്ള പാര്‍ട്ടി ആയിരുന്നില്ല അത്. അന്താരാഷ്ട്ര ജിയോഫിസികല്‍ വര്‍ഷവുമായി ബന്ധപ്പെട്ട് നാഷണല്‍ ആക്കാദമി ഓഫ് സയന്‍സസില്‍ നടന്ന 6 ദിവസത്തെ ഒരു കോണ്‍ഫറന്‍സ് അവസാനിച്ച ദിനമായിരുന്നു അന്ന്. ആ സമ്മേളനം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് റോക്കറ്റ് വിക്ഷേപണവും ഉപഗ്രഹ സാങ്കേതിക വിദ്യയില്‍ ഉള്ള വികാസവും മറ്റുമായിരുന്നു. സോവിയറ്റ് യൂണിയന്‍ ബഹിരാകാശത്തേക്ക് ഒരു കൃത്രിമ ഉപഗ്രഹത്തെ വിക്ഷേപിക്കാന്‍ പോകുന്നു എന്ന കിംവദന്തി അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അമേരിക്ക അതിനെ അത്ര കാര്യമായി എടുത്തിരുന്നില്ല. സോവിയറ്റ് എംബസിയില്‍ നടക്കുന്ന പാര്‍ട്ടിയും അതിന്റെ പൊള്ളയായ ഒരു പൊങ്ങച്ച പ്രകടനമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വൈകുന്നേരം 6 മണിയായപ്പോള്‍ ചിത്രം മാറി.

ആ പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ വാള്‍ട്ടര്‍ സുള്ളിവന് അദ്ദേഹത്തിന്റെ ബ്യൂറോ ചീഫിന്റെ ഫോണ്‍
കാള്‍ വന്നു. സോവിയറ്റ് ന്യൂസ് ഏജന്‍സി ടാസ് ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു. സ്പുട്നിക് എന്ന പേരില്‍ ഒരു കൃത്രിമ ഉപഗ്രഹം സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ചിരിക്കുന്നു.

വാര്‍ത്ത കാട്ടുതീ പോലെ അമേരിക്കയില്‍ പടര്‍ന്നു. സോവിയറ്റ് യൂണിയന്റെ നേട്ടത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡ്വൈറ്റ് ഐസന്‍ഹോവര്‍ അവരെ അഭിനന്ദിച്ചെങ്കിലും 'ബഹിരാകാശത്തില്‍ എറിഞ്ഞ പന്ത്' മാത്രമാണ് സ്പുട്നിക് എന്നാണ് തൊട്ടടുത്ത ദിവസങ്ങളില്‍ അദ്ദേഹം
അതിനെ വിശേഷിപ്പിച്ചത്. ഇത് ഒരു ശാസ്ത്ര മുന്നേറ്റം മാത്രമാണ് എന്നും യുദ്ധ-പ്രതിരോധ മേഖലയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഐസന്‍ഹോവര്‍ രാജ്യത്തോടു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

എന്നാല്‍ അമേരിക്കന്‍ ജനതയെ ആകെ ഒരു മതിഭ്രമം പോലെ
അത് ബാധിച്ചു. സ്പുട്നിക് ഹിസ്റ്റീരിയ. സ്പുട്നിക് ഓരോ തവണ ഭൂമിയെ വലം വെക്കുമ്പോഴും മിസൈല്‍ ആക്രമണം നടത്തേണ്ട അമേരിക്കന്‍ നഗരങ്ങള്‍ അടയാളപ്പെടുത്തപ്പെടുമെന്ന് അവര്‍ ഭയന്നു. ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയം രണ്ടാം ലോക യുദ്ധം കഴിഞ്ഞ് 15 വര്‍ഷം പോലും പൂര്‍ത്തിയായിട്ടില്ലാത്ത കാലത്ത് ജനങ്ങളെ ഗ്രസിക്കുക സ്വാഭാവികം.

അന്ന് അമേരിക്ക തയാറാക്കി കൊണ്ടിരുന്നത് 3.5 പൌണ്ട് ഭാരമുള്ള ഒരു സാറ്റലൈറ്റ് ആയിരുന്നു. എന്നാല്‍ സോവിയറ്റ് റഷ്യ അയച്ചത് 184 പൌണ്ട് ഭാരമുള്ളതും.
വലുതല്ലേ മികച്ചത്? കമ്യൂണിസ്റ്റ് റഷ്യ തങ്ങളെ മലര്‍ത്തിയടിച്ചു എന്ന നിരാശാ ബോധവും ഉത്കണ്ഠയുമാണ് സ്പുട്നിക്ക് ഹിസ്റ്റീരിയയുടെ അനന്തര ഫലം. തൊട്ടടുത്ത മാസം ലൈക എന്ന നായയെ അയച്ചുകൊണ്ട് സ്പുട്നിക് 2ലൂടെ വീണ്ടും അമേരിക്കന്‍ അഭിമാന ബോധത്തിന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കാന്‍ യു എസ് എസ് ആറിന് കഴിഞ്ഞു.

ശീതയുദ്ധ കാലത്ത് ഈ നിമിഷങ്ങള്‍ ഉണ്ടാക്കിയ വെല്ലുവിളിയാണ് 'സ്പുട്നിക് മൊമന്‍റ് 'എന്ന പ്രയോഗത്തിലൂടെ പ്രശസ്തമായത്. എന്തായാലും തൊട്ടടുത്ത വര്‍ഷം എക്സ്പ്ലോറര്‍ 1നെ ബഹിരാകാശത്തേക്ക് അയച്ച് ബഹിരാകാശ ക്ലബിലെ രണ്ടാമത്തെ അംഗമായി അമേരിക്ക മാറി.


അത്തരമൊരു 'സ്പുട്നിക് മൊമന്‍റി'ലൂടെ ആണ് അമേരിക്ക ഇപ്പോള്‍ കടന്നു പോകുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്പുട്നിക് തന്നെ ആണ് കാരണം. മറ്റൊന്നുമല്ല ലോകം ഇപ്പോള്‍ ആകാംക്ഷയോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സ്പുട്നിക് വി എന്ന കൊറോണ വൈറസിനെതിരായ വാക്സിന്‍ തന്നെ. ആഗസ്ത് 11നു റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുട്ടിനാണ് ലോകത്തെ ആദ്യത്തെ കോവിഡ് വാക്സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു എന്ന കാര്യം അറിയിച്ചത്.

തങ്ങളുടെ വാക്സിനെ പരിചയപ്പെടുത്തുന്ന സ്പുട്നിക് വി എന്ന വെബ്സൈറ്റില്‍ ഈ 'സ്പുട്നിക്ക് മൊമന്‍റി'നെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, റഷ്യയുടെ കോവിഡ് വാക്സിന്‍ പ്രഖ്യാപനം ആഗോള സമൂഹത്തില്‍ സ്പുട്നിക് മൊമന്‍റ് സൃഷ്ടിച്ചിരിക്കുന്നു. 1957 ല്‍ സോവിയറ്റ് റഷ്യ സ്പുട്നിക് ഉപഗ്രഹ വിക്ഷേപണം നടത്തിയത് ലോകമാകമാനം ബഹിരാകാശ ഗവേഷണത്തെ മാറ്റിമറിച്ചു. അതേ സാഹചര്യമാണ് വാക്സിന്‍ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് ഈ വാക്സിന് സ്പുട്നിക് എന്നു പേരിടാന്‍ കാരണം എന്നും വെബ്സൈറ്റ് പറയുന്നു.

കോവിഡിനെതിരെ 'സുസ്ഥിര പ്രതിരോധം' ഉറപ്പ് നൽകുന്ന വാക്സിനാണ് റഷ്യ വികസിപ്പിച്ചത് എന്നാണ് മന്ത്രിമാരുമായുള്ള ഒരു ടെലിവൈസ്ഡ് വീഡിയോ കോൺഫറൻസിൽ പുടിൻ പറഞ്ഞത്. തന്റെ മകൾക്ക് വാക്സിൻ കുത്തിവയ്പ് നൽകിയതായും പുടിൻ പറഞ്ഞു. "എന്റെ പെൺമക്കളിലൊരാൾക്ക് വാക്സിൻ നൽകി. അങ്ങനെ അവളും പരീക്ഷണത്തിന്റെ ഭാഗമായി" - പുടിൻ പറഞ്ഞതായി ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മോസ്കോയിലെ ഗമലേയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് അംഗീകാരം കൊടുത്തത്. 160 കോവിഡ് വാക്സിനുകളാണ് ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള പരീക്ഷണ ശാലകളില്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നത്. നേരത്തെ ഒക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അ
ര്‍ജി ആന്ഡ് ഇന്‍ഫെക്ടീവ് ഡിസീസുമായി സഹകരിച്ചു മോഡേണ എന്ന സ്ഥാപനവും വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 14നാണ് മോഡേണ തങ്ങള്‍ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച കാര്യം പുറത്തുവിട്ടത്.

റഷ്യയുടെ അപ്രതീക്ഷിതമായ കടന്നുവരവോടെ ശീതയുദ്ധ കാലത്തെ ബഹിരാകാശ യുദ്ധത്തിന് സമാനമായ വാക്സിന്‍ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
റഷ്യയുടെ അവകാശവാദത്തെ ഖണ്ഡിച്ചുകൊണ്ട് അമേരിക്ക ഇതിനകം രംഗത്തെത്തി കഴിഞ്ഞു. സ്പുടിനിക് വി വാക്സിന്‍ സുരക്ഷിതമാണോയെന്ന കാര്യത്തില്‍ തനിക്ക് വലിയ സംശയമുണ്ടെന്ന് യുഎസ്സിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്തണി ഫോക്സി പ്രതികരിച്ചു.

മൂന്ന് ഘട്ടങ്ങളാണ് ഒരു വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ക്കുള്ളത്. ഇതില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ നിയന്ത്രിതമായ രീതിയില്‍, കുറച്ചു പേരിലാണ് മ
രുന്ന് പരീക്ഷിക്കുക. ഇവ വിജയകരമെന്ന് ഉറപ്പാക്കിയതിനു ശേഷം പൊതുജനങ്ങളില്‍ പരീക്ഷിക്കുന്നതാണ് അടുത്ത ഘട്ടം. റഷ്യ ആദ്യത്തെ രണ്ട് ഘട്ടങ്ങളും അതിവേഗം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതില്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വിമര്‍ശനമുണ്ട്. മൂന്നാമത്തെ ഘട്ടത്തിലേക്ക്, അതായത് വിപുലമായ രീതിയില്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്ന ഘട്ടം, റഷ്യ കടക്കുന്നതേയുള്ളൂ. ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിന്‍ എന്ന ഖ്യാതി നേടിയെടുക്കാനുള്ള ധൃതിയിലാണ് റഷ്യ ന്നാണ് പൊതുവില്‍ സംശയിക്കപ്പെടുന്നത്.

ലോകാരോഗ്യ സംഘടന ഈ വാക്സിന് അംഗീകാരം കൊടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കര്‍ശനമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമേ അംഗീകാരം നല്‍കൂ എന്നാണ് സംഘടനയുടെ നിലപാട്. വാക്സിന്റെ 'പ്രി ക്വാളിഫിക്കേഷന്‍' പ്രക്രിയയിലേക്ക് കടക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണ് തങ്ങളെന്നും അവര്‍ പറയുന്നു.

ഒന്നും രണ്ടും ക്ലിനിക്കല്‍ ട്രയല്‍ ആഗസ്റ്റ് ഒന്നിന് തന്നെ പൂര്‍ത്തിയായി എന്നും മൂന്നാമത്തെ ക്ലിനിക്കല്‍ ട്രയല്‍ ആഗസ്റ്റ് 12നു ആരംഭിക്കുമെന്നുമാണ് വെബ്സൈറ്റ് പറയുന്നത്. റഷ്യ, യു എ ഇ, സൌദി അറേബ്യ , ബ്രസീല്‍, മെക്സിക്കൊ തുടങ്ങിയ രാജ്യങ്ങളിലെ 2000 പേരിലാണ് ട്രയല്‍ നടത്തുക എന്നും വെബ്സൈറ്റ് വിശദീകരിക്കുന്നുണ്ട്. സെപ്തംബര്‍ മാസത്തോടെ വാക്സിന്റെ വന്‍തോതിലുള്ള നിര്‍മ്മാണം ആരംഭിക്കുമെന്നും റഷ്യ അവകാശപ്പെടുന്നു.

എന്നാല്‍ ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടം വളരെ നിര്‍ണ്ണായകമാണെന്നും വാക്സിന്‍ സുരക്ഷിതമാണോ പാര്‍ശ്വ ഫലങ്ങള്‍ എന്തൊക്കെയാണ് എന്നുതുടങ്ങി വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസിലാവുക ഈ ഘട്ടത്തിലാണെന്നും ഇത് സമയമെടുത്ത് ചെയ്യേണ്ട കാര്യമാണെന്നും കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് ചെയ്യുന്ന
ട്രയലിലൂടെ അംഗീകരിക്കപ്പെടുന്ന വാക്സിനുകള്‍ പ്രതികൂല ഫലങ്ങള്‍ സൃഷ്ടിച്ചേക്കും എന്നുമാണ് ശാസ്ത്ര-വൈദ്യ സമൂഹം വ്യക്തമാക്കുന്നത്. "ഇതൊരു ഓട്ട മത്സരമല്ല,പെന്‍റാത്ലന്‍" ആണ് എന്നാണ് ദി കോണ്‍സര്‍വേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. പെന്‍റാത്ലന്‍റെ പ്രത്യേകത കായികാതാരത്തിനെ സംബന്ധിച്ചിടത്തോളം ഓരോ കാറ്റഗറിയും പ്രധാനമാണ്. അതില്‍ ലഭിക്കുന്ന ഓരോ പോയിന്റും മൊത്തം പോയിന്റില്‍ ചെര്‍ക്കപ്പെടും. അതുകൊണ്ടു തന്നെ ഒരു കാറ്റഗറിയും ഒഴിവാക്കാന്‍ കായികതാരത്തിന് സാധിക്കില്ല.

തായ്വാന്‍ സന്ദര്‍ശനത്തിനിടെ നല്കിയ പ്രതികരണത്തില്‍ അമേരിക്കന്‍ ഹെല്‍ത്ത് സെക്രട്ടറി അലക്സ് അസ്ഹര്‍ പറയാന്‍ ശ്രമിച്ചതും ഇതാണ്. "ആരാദ്യം ഓടിയെത്തുന്നു എന്നതിലല്ല കാര്യം. വൈറസിന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവുമാണ്." അസ്ഹര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്പുട്നിക് വാക്സിന്‍ ട്രയല്‍ സംബന്ധിച്ച റഷ്യയുടെ ഡാറ്റകള്‍ സുതാര്യമല്ലെന്ന സംശയവും യു എസ് ഹെല്‍ത്ത് സെക്രട്ടറി പ്രകടിപ്പിച്ചു. തങ്ങളുടെ വാക്സിന്‍ പരീക്ഷണങ്ങള്‍ മൂന്നാം ഘാട്ടത്തിലാണെന്നും റഷ്യയെക്കാള്‍ തങ്ങള്‍ ബഹുദൂരം മുന്നില്‍ ആണെന്നും അസ്ഹര്‍ അവകാശപ്പെട്ടു.

ഇന്ത്യയും വാക്സിന്‍ പരീക്ഷണ രംഗത്ത് സജീവമാണ്. ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി ഏഴോളം ഫാര്‍മ കമ്പനികളാണ് ഇന്ത്യയില്‍ ഇതിന് നേതൃത്വം നല്‍കുന്നത്. നേരത്തെ ആഗസ്റ്റ് 15നു ഇന്ത്യ വാക്സിന്‍ പ്രഖ്യാപിക്കും എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വലിയ വിവാദം സൃഷ്ടിക്കുകയും ഐ സി എം ആര്‍ വിശദീകരണം നല്‍കി പ്രഖ്യാപനത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു.

റഷ്യ വാക്സിന്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വാക്സിന്‍ പാനല്‍ ഇന്നലെ യോഗം
ചെറുകയുണ്ടായി. ഇതാദ്യമായാണ് വാക്സിന്‍ സംബന്ധിച്ച വിദഗ്ദ സമിതി യോഗം ചേരുന്നത്. ആഭ്യന്തരമായി വാക്സിന്‍ നിര്‍മ്മാണം ത്വരിതഗതിയിലാക്കാനും അതുപോലെ തന്നെ വാക്സിന്‍ രംഗത്തെ ആഗോള കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ട് ആവശ്യമായ വാക്സിന്‍ രാജ്യത്തു എത്തിക്കാനുമുള്ള തീരുമാനം വാക്സിന്‍ പാനല്‍ കൈക്കൊണ്ടതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം റഷ്യയുടെ വാക്സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാണോ എന്ന ചോദ്യത്തില്‍ നിന്നും ആരോഗ്യ മന്ത്രാലയ പ്രതിനിധി ഒഴിഞ്ഞുമാറി എന്നാണ് ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പറയുന്നത്. റഷ്യയില്‍ നിന്നും വാക്സിന്‍ ഇറക്കുമതി ചെയ്യുമോ എന്ന കാര്യത്തിലും മറുപടി ഉണ്ടായില്ല.

മറ്റൊരു ചേരി ചേരാ നയത്തിന്റെ മോദി മാതൃക?

ഇനിയുള്ള യുദ്ധം കോവിഡ് വാക്സിന് വേണ്ടിയായിരിക്കുമോ?

കോവിഡിനെ ചൈനീസ് പ്ലേഗ് എന്നു പറഞ്ഞു വംശീയ അധിക്ഷേപം നടത്തുന്ന ട്രംപ് പുടിന്റെ അവകാശ വാദത്തില്‍ എന്തെങ്കിലും അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. എന്നാല്‍ 1950 കളിലെ ബഹിരാകാശ യുദ്ധത്തിന്റെ ആവര്‍ത്തനമായി ട്രംപ് ഇതിനെ കാണുമോ എന്നാണ് അമേരിക്കയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. കാരണം തിരഞ്ഞെടുപ്പ് അടുത്തുവരികയാണല്ലോ? തന്റെ ഇടിഞ്ഞ ജനപ്രീതിയെ തിരിച്ചുപിടിക്കാനുള്ള ഉപായമായി വാക്സിന്‍ മത്സരത്തെ ട്രംപ് കണക്കാക്കില്ല എന്നു എങ്ങനെ കരുതും?

1958 ല്‍ എക്സ്പ്ലോറര്‍ 1നെ ബഹിരാകാശത്ത് എത്തിച്ചാണ് ഐസന്‍ഹോവര്‍ ജനങ്ങളുടെ പിന്തുണ തിരിച്ചുപിടിച്ചത് എന്ന കാര്യം ഓര്‍ക്കുക. ഇത് ബഹിരാകാശ യുദ്ധമല്ല, ജനങ്ങളുടെ ജീവനാണ് എന്നു ട്രംപിനെ ഉപദേശിക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ എന്തോ?
NB: 1950കളില്‍ അമേരിക്കയുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച ചാര ഉപഗ്രഹത്തിന്റെ പേര് കൊറോണ എന്നായിരുന്നു. സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും (ചിലപ്പോള്‍ കൊച്ചുകേരളത്തിന്റെയും) 8 ലക്ഷത്തില്‍ അധികം ചിത്രങ്ങളാണ് കൊറോണ പകര്‍ത്തിയത്. സി ഐ എയുടെ കാര്‍മ്മികത്വത്തില്‍ നിര്‍മ്മിച്ച കൊറോണയെ കുറിച്ച് 1958ല്‍ സ്പുട്നികിനെ യു എസ് എസ് ആര്‍ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷമാണ് ഐസന്‍ഹോവര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.


Next Story

Related Stories