TopTop
Begin typing your search above and press return to search.

സ്ത്രീകളുടെ ശബരിമല, യുവതികള്‍ക്ക് പ്രവേശനമില്ലാത്ത ശബരിമല, പിന്നെ ലക്ഷ്മി രാജീവിന്റെ 'ആറ്റുകാല്‍ അമ്മ'യും

സ്ത്രീകളുടെ ശബരിമല, യുവതികള്‍ക്ക് പ്രവേശനമില്ലാത്ത ശബരിമല, പിന്നെ ലക്ഷ്മി രാജീവിന്റെ ആറ്റുകാല്‍ അമ്മയും

മലയാള മനോരമയുടെ നഗരം സപ്ലിമെന്‍റ് വനിതാ ദിനത്തെയും പൊങ്കാലയെയും സംയോജിപ്പിച്ച് അത് താനല്ലയോ ഇത് എന്ന ഒരു മാധ്യമ വാര്‍ത്താവതാരണ സര്‍ക്കസ് നടത്തുന്നുണ്ട് ഇന്ന്. തങ്ങളുടെ വായനക്കാരെ സന്തോഷിപ്പിക്കാനും അവരെ വായിപ്പിക്കാനും ഒരു മാധ്യമം നടത്തുന്ന തന്ത്രമായിട്ട് മാത്രം ഇതിനെ കണ്ടാല്‍ മതി. മനോരമ പറയുന്നതു ഇതാണ്, “ഇന്ന് ലോക വനിതാ ദിനം, കരുത്തിന്റെ പ്രതീകങ്ങളായ സ്ത്രീ വ്യക്തിത്വങ്ങളെ ലോകം പ്രണമിക്കുമ്പോള്‍, ആറ്റുകാലില്‍ ദേവിയുടെ ഇന്നത്തെ ഭാവവും അതു തന്നെ...” (എന്തരോ എന്തോ?) തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യഥാര്‍ത്ഥ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോ വേണ്ടയോ എന്ന വിഷയം കേരള സമൂഹത്തില്‍ വലിയ പ്രതിഷേധങ്ങളും ആക്രമ സമരങ്ങളും പ്രതിരോധ പ്രചാരണ പരിപാടികളുമൊക്കെയായി കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ വിശാല ബെഞ്ച് വിഷയം പരിഗണിക്കാന്‍ തീരുമാനിച്ചതോടെ കോലാഹലങ്ങള്‍ താല്‍ക്കാലികമായി അടങ്ങിയിട്ടുണ്ട്. ഭക്തിയുടെയും വിശ്വാസത്തിന്റെയും മണ്ഡലത്തില്‍ നടക്കേണ്ട തുല്യനീതി നിഷേധവും സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എന്തായാലും ശബരിമല വിധി തുടക്കമിട്ടു എന്നു പറയാതിരിക്കാനാവില്ല. 'സ്ത്രീകളുടെ ശബരിമല'യില്‍ നാളെ നടക്കാന്‍ പോകുന്ന ഉത്സവത്തിന് തലേ ദിവസമാണ് സാര്‍വ്വ ദേശീയ വനിതാ ദിനം എന്നത് സാന്ദര്‍ഭികമായ ചില ഓര്‍മ്മകളെ ഉണര്‍ത്തുന്നുണ്ട്. അത് ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായി നിലകൊള്ളുകയും അതിനു വേണ്ടി മുന്നിട്ടറങ്ങുകയും ചെയ്ത സ്ത്രീകള്‍ക്ക് നേരെ നടന്ന കയ്യേറ്റവും അധിക്ഷേപവുമാണ്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളക് സ്പ്രേ പ്രയോഗിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് ഞെട്ടലോടു കൂടി മാത്രമേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ആദ്യ തവണ ശബരിമലയില്‍ പ്രവേശിച്ച കനകദുര്‍ഗ്ഗ അതിനെ തുടര്‍ന്ന് കുടുംബത്തിനുള്ളിലും സമൂഹത്തിലും നേരിട്ട ഒറ്റപ്പെടുത്തലുകളും അവഗണനകളും വാര്‍ത്തകളായി പുറത്തുവന്നിട്ടുള്ളതാണ്. മനോരമയുടെ നഗരം പേജില്‍ ആറ്റുകാല്‍ അമ്മ എന്ന പുസ്തകം രചിച്ച ലക്ഷ്മി രാജ്ജീവിന്റെ ഒരു കുറിപ്പുണ്ട്. മലയാള മനോരമ തന്നെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 'ദേവിയിലേക്കുള്ള എന്റെ തീര്‍ഥാടനം' എന്ന കുറിപ്പില്‍ ലക്ഷ്മി രാജീവ് എഴുതുന്നു, “എന്താണ് ആറ്റുകാല്‍ ദേവിയുടെ പ്രത്യേകത? ദേവി ഒരു സാധാരണ ദൈവമല്ല എന്നാണ് എന്റെ വിശ്വാസം. നമുക്കെല്ലാവര്‍ക്കും അമ്മ മറ്റാരെയും പോലല്ല. അമ്മയ്ക്ക് സമം അമ്മ മാത്രം. ആറ്റുകാല്‍ ദേവിയുടെ മൂല ഭാവം അമ്മയുടേതാണ്.” 'സര്‍വ്വരും തുല്യരായ ക്ഷേത്രം' എന്നാണ് ആറ്റുകാലിനെ ലക്ഷ്മി രാജീവ് വിശേഷിപ്പിക്കുന്നത്. “ഇങ്ങനെയൊരു ക്ഷേത്രം വേറെയുണ്ടോ. ഉച്ച നീചത്വങ്ങളില്ല. താന്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനത്ത് കുടിയിരിക്കുമ്പോള്‍ മുരശ് കൊട്ടാന്‍ വരണമെന്നും കൊടിക്കൂറ കൊണ്ടുവരണമെന്നും പാണന് അവകാശം കൊടുത്തവളാണ് ദേവി. ചെറുമണ്ണാന്‍റെ കയ്യില്‍ നിന്നും മാറ്റ് വാങ്ങിയാണ് ഭര്‍ത്താവിന്റെ ശവക്കച്ചക്കെട്ടിയത്. അതിനു പകരം “നീ എന്റെ കഥ തോറ്റം പാട്ടായി പാടണമെന്നും നീ വിളിച്ചാല്‍ ആ കഥ കേള്‍ക്കാന്‍ ഞാന്‍ വരു”മെന്നും പറയുന്നവളാണ് ദേവി. ആ തിരുനടയ്ക്ക് മുന്നില്‍ ജാതി മത ഭേദവുമില്ല. സര്‍വ്വരും തുല്യര്‍.” ആറ്റുകാല്‍ ദേവിയുടെ ഐതിഹ്യം മുന്നോട്ട് വെക്കുന്ന തുല്യതയുടെ ദര്‍ശനം തന്നെയാണ് ലക്ഷ്മി രാജീവ് ശബരിമല യുവതീ പ്രവേശന ചര്‍ച്ചകളില്‍ ഇടപെട്ട് കൊണ്ടും പങ്കുവെച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ വലിയ രീതിയിലുള്ള ഭീഷണികളും സൈബര്‍ അധിക്ഷേപങ്ങളുമാണ് അവര്‍ നേരിട്ടത്. താന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഈ കാര്യം മേല്‍ശാന്തിമാര്‍ക്ക് അറിയാമെന്നുമുള്ള അവരുടെ വെളിപ്പെടുത്തല്‍ വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. മതിയായ സുരക്ഷ ഒരുക്കിത്തരുമെങ്കില്‍ ഇനിയും പോകുമെന്നും അവര്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ തുല്യ നീതിയുടെയും ബ്രാഹ്മണ്യ വിരുദ്ധതയുടെയും നിലപാട് ഉയര്‍ത്തിപ്പിടിച്ച ലക്ഷ്മീ രാജീവ് ആറ്റുകാലമ്മയെ പുസ്തകരൂപത്തില്‍ അവതരിപ്പിക്കുന്നത് എന്തുകൊണ്ടും സന്തോഷം തരുന്ന കാര്യമാണ്. വനിതാ ദിനം ആറ്റുകാലില്‍ ഇങ്ങനെ ആറ്റുകാലിന്റെ ചരിത്രത്തിലാദ്യമായി ഉത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ ഒരു വനിത, വൈദ്യുതി ഭവനില്‍ എഞ്ചിനീയറാണ് ശോഭ. സുരക്ഷാ ചുമതലയുള്ള പോലീസുകാരില്‍ പകുതിയിലധികം പേര്‍ വനിതകളാണ്. ശുചീകരണ തൊഴിലാളികളിലും ബഹുഭൂരിപക്ഷം പേരും വനിതകളാണ് പോലും. (സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പോക്കേ...)

പൊങ്കാലയ്ക്ക് വരുന്നവര്‍ക്കുള്ള കൊറോണ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചുമയും പനിയുമുള്ളവർ നാളെ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് വരരുത് എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. രോഗ ലക്ഷണങ്ങൾ ഉള്ളവര്‍ സ്വമേധയാ മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. രോഗം പടർന്നിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയവർ പൊങ്കാലയിൽ പങ്കെടുക്കരുത്. ജനക്കൂട്ടങ്ങൾ ഒഴിവാക്കണം. ഇവർ സ്വന്തം വിടുകളിൽ ചടങ്ങ് അനുഷ്ടിക്കാൻ തയ്യാറാവണം. ഒരു പൊങ്കാല ട്രോള്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയം ബുക്ക് ചെയ്ത പൊങ്കാല അടുപ്പ്.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories