TopTop
Begin typing your search above and press return to search.

കോവിഡിനും സ്വപ്ന സുരേഷിനും മറവില്‍ ഒളിച്ചു കടന്ന ഒരാളുണ്ട്, അസാധാരണ കാലത്തെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

കോവിഡിനും സ്വപ്ന സുരേഷിനും മറവില്‍ ഒളിച്ചു കടന്ന ഒരാളുണ്ട്, അസാധാരണ കാലത്തെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

കോവിഡിനും സ്വപ്ന സുരേഷിനും മറവില്‍ ഒളിച്ചു കടന്ന ഒരാളുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. ചാനല്‍ വാര്‍ത്തകളിലും അന്തിചര്‍ച്ചകളിലും പത്രത്തിന്റെ മുഖപേജുകളിലും ഇന്ന് അയാള്‍ ഉണ്ടായില്ല.

റോമന്‍ കത്തോലിക്ക് സഭയെ പിടിച്ചുകുലുക്കിയ കാന്യാസ്ത്രീ ബലാത്സംഗ കേസില്‍ പ്രതിയാക്കപ്പെടുകയും റിമാന്‍ഡ് ചെയ്യപ്പെടുകയും 2018ല്‍ ജാമ്യത്തിലിറങ്ങുകയും ചെയ്ത ജലന്ധര്‍ അതിരൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്ഡ് സെഷന്‍സ് കോടതി റദ്ദ് ചെയ്യുകയും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു എന്നതാണ് വാര്‍ത്ത. ജാമ്യം നേടി പുറത്തിറങ്ങിയതിന് ശേഷം കോടതി ഹാജരാവാന്‍ ആവശ്യപ്പെടുമ്പോള്‍ വിശ്വാസ യോഗ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഇല്ലാതെ തുടര്‍ച്ചയായി ഹാജരാവാതിരുന്നാല്‍ ജാമ്യം റദ്ദാക്കപ്പെടുകയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും സ്വാഭാവികം. അത് പലപ്പോഴും സംഭവിക്കാറും ഉണ്ട്.

എന്നാല്‍ ഫ്രാങ്കോ മുളക്കലിന്റെ കാര്യത്തില്‍ സംഭവിച്ചതിനെ അങ്ങനെ മാത്രം കണ്ടു കണ്ണടച്ച് പോകാന്‍ സാധിക്കുമോ? 2019 നവംബര്‍ 30നാണ് അവസാനമായി ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ ഹാജരായത്. അവിടുന്നിങ്ങോട്ട് തുടര്‍ച്ചയായി 10 തവണ ബിഷപ്പ് ഹാജരായില്ല എന്നതാണ് ഗുരുതരമായ നിയമ ലംഘനമായി മാറുന്നത്. ജൂണ്‍ 10നു കേസ് പരിഗണിച്ചപ്പോള്‍ ജൂലൈ1നു നേരിട്ടു കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ദിവസവും ഹാജരാവാന്‍ ഫ്രാങ്കോ മുളക്കല്‍ തയ്യാറായില്ല. മാത്രമല്ല അതിലും ഗുരുതരമായ കാര്യം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നുള്ളതാണ്. ഫ്രാങ്കോയുടെ വസതി സ്ഥിതിചെയ്യുന്ന ജലന്ധറിലെ സിവില്‍ ലൈന്‍ ഏരിയ കോവിഡ് കണ്ടയിന്‍മെന്‍റ് സോണ്‍ ആയതുകൊണ്ടാണ് ഹാജരാവാന്‍ പറ്റാതിരുന്നത് എന്നായിരുന്നു ബിഷപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ ഈ പ്രദേശം കണ്ടയിന്‍മെന്‍റ് സോണില്‍ ആയിരുന്നില്ല എന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.ജൂലൈ 13ല്‍ കേസ് വീണ്ടും വിളിച്ചപ്പോള്‍ വീണ്ടും കോവിഡ് തന്നെ പാരയായി എന്നാണ് ബിഷപ്പ് ബോധിപ്പിച്ചത്. കേരളത്തിലേക്ക് പോരാനിരിക്കെ തന്റെ അഭിഭാഷകന്‍ മാന്‍ദീപ് സിംഗ് സച്ദേവുമായി കേസ് കാര്യങ്ങള്‍ ചര്ച്ച ചെയ്യാന്‍ പോയെന്നും പിന്നീട് അഭിഭാഷകന്റെ അസോസിയേറ്റിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാരന്‍റൈനില്‍ ഇരിക്കേണ്ടിവന്നു എന്നുമാണ് വിശദീകരണം. എന്തായാലും ജൂലൈ ഒന്നിന് കോടതിക്ക് മുന്‍പാകെ പറഞ്ഞത് കളവ് ആണ് എന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയുമാണ് ചെയ്തത്. ജാമ്യത്തുകയായ 2 ലക്ഷം രൂപ പിടിച്ചെടുക്കാനും ജാമ്യക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആഗസ്റ്റ് 13ലേക്ക് കേസ് മാറ്റി വെക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് കന്യാസ്ത്രീയെബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഫ്രാങ്കോ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇനി അറിയേണ്ടത് കേരള പോലീസ് ഫ്രാങ്കോയെ പിടിക്കുമോ? അതോ കോവിഡ് കാരണം പറഞ്ഞു നീട്ടി വെക്കുമോ? ഫ്രാങ്കോയുടെ ക്വാരന്‍റൈന്‍ കഥയുടെ സത്യാവസ്ഥ അടുത്ത സിറ്റിംഗില്‍ പൊളിയുമോ? എന്നൊക്കെയാണ്.

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തു എന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് കത്തോലിക്ക സഭയുടെ അധിപന്‍മാരില്‍ ഒരാള്‍ ഒളിച്ചുംപാത്തും കളിക്കുന്നത്. കേസ് നീട്ടിക്കൊണ്ടു പോകാനാണ് പ്രതി ശ്രമിക്കുന്നത് എന്നു പകല്‍ പോലെ വ്യക്തം. ഇത് നിയമ സംവിധാനത്തെയും പൊതു സമൂഹത്തെയും നോക്കി കൊഞ്ഞനം കുത്തലല്ലാതെ മറ്റെന്താണ്? കന്യാസ്ത്രീകളുടെ പരസ്യമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ലോകമാകെ ശ്രദ്ധിച്ച കേസിലാണ് ഒടുവില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

ഓര്‍ക്കുക, 28 വര്‍ഷമായി സിസ്റ്റര്‍ അഭയ കേസില്‍ നീതി ലഭ്യമാക്കാന്‍ സാധിക്കാത്ത സംവിധാനമാണ്. Also Read: പാലാ ജയിലില്‍ കൈമുത്തിയവരും കുമ്പസരിച്ചവരും; എന്നാണ് ഈ 'വിശുദ്ധ'ന്റെ കാല്‍ കഴുകിയ വെള്ളം നിങ്ങള്‍ കുടിക്കുന്നത്?

Also Read: 'തോല്‍ക്കുന്ന സമരങ്ങളിലെ പോരാളികള്‍' ജയിക്കുമ്പോള്‍


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories