TopTop
Begin typing your search above and press return to search.

ഏത് ടൈപ്പ് വിശ്വാസമായാലും, ഇത് അന്ധതയാണ്

ഏത് ടൈപ്പ് വിശ്വാസമായാലും, ഇത് അന്ധതയാണ്

ഇന്നലെ രാവിലെ പത്തനംതിട്ട റാന്നിയില്‍ 5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ മാധ്യമങ്ങളിലൂടെ അറിയിക്കുമ്പോള്‍ അഴിമുഖം റിപ്പോര്‍ട്ടര്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ വിശ്വാസികളെ കാണുകയായിരുന്നു. കോവിഡ് 19 ലോകമാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒത്തുകൂടുന്നതും ആഘോഷങ്ങളും നിയന്ത്രിക്കുമ്പോള്‍ പൊങ്കാലയിടാനായി വന്നത് ശരിയാണോ? എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.

ഭക്തകളുടെ മറുപടി ഇങ്ങനെ,

ഭക്ത1: അമ്മയുടെ അനുഗ്രഹം ഉണ്ടാകും, അമ്മ കാക്കും
ഭക്ത 2: കൊറോണ ഉണ്ടായിട്ടും അതൊന്നും മൈന്‍ഡ് ചെയ്യാതെ ഇത്രയും ജനലക്ഷങ്ങള്‍ ഇവിടെ വരുന്നത് അമ്മയുടെ ശക്തി
ഭക്ത 3: ഉള്ളില്‍ പേടിയുണ്ട്
ഭക്ത 4: അതിപ്പോ നമ്മള്‍ വീട്ടില്‍ ഇരുന്നാലും വരില്ലേ?

ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി ഇങ്ങനെ മുന്നറിയിപ്പ് നല്കുന്നു, "ചുമയും പനിയുമുള്ളവർ നാളെ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് വരരുത്. രോഗ ലക്ഷണങ്ങൾ ഉള്ളവര്‍ സ്വമേധയാ മാറി നിൽക്കണം. രോഗം പടർന്നിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയവർ പൊങ്കാലയിൽ പങ്കെടുക്കരുത്. സ്വന്തം വിടുകളിൽ ചടങ്ങ് അനുഷ്ടിക്കാൻ തയ്യാറാവണം."
അതിന്റെ തുടര്‍ച്ചയായി കേരളത്തിലെ അന്‍പതോളം പ്രമുഖ ഡോക്ടര്‍മാര്‍ പ്രസ്താവനയുമായി രംഗത്ത് എത്തി.

പ്രസ്താവനയുടെ പ്രസക്തഭാഗം

മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവരിൽ മാത്രം എന്ന സ്ഥിതിയിൽ നിന്നും, കേരളത്തിൽ നിന്ന് തന്നെ പകർന്ന കൊറോണ വൈറസ് രോഗങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള രോഗികൾ ഇനിയും അറിയപ്പെടാതെ ഉണ്ടാവാം. ഇപ്പോൾ കണ്ടെത്തിയവർ തന്നെ ഇനിയും എത്ര പേർക്ക് രോഗം സമ്മാനിച്ചെന്ന് അറിയാനിരിക്കുന്നതേ ഉള്ളൂ. രോഗവ്യാപന സാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ നിന്നെത്തി ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യാതെയോ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടാതെയോ കൂടുതൽ പേർ സമൂഹത്തിൽ ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്.

ഒരു സമൂഹമെന്ന നിലയ്ക്ക് അതീവ ജാഗ്രത പാലിക്കേണ്ട അവസരമാണിത്. രോഗം പടർന്നു പിടിക്കാൻ സാഹചര്യമൊരുക്കുന്ന എന്തും വർജ്ജിക്കയെന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ സാധ്യതയും കടമയും. വൈറസ് ബാധ ഇപ്പോൾ വ്യക്തികളിലോ ചെറു ഗ്രൂപ്പുകളിലോ മാത്രമായി ഒതുങ്ങിനിൽക്കുന്നുണ്ടെങ്കിൽ അത് സമൂഹത്തിൽ മുഴുവൻ വേഗത്തിൽ വ്യാപിക്കുന്നതിന് കൂടിച്ചേരലുകൾ വഴിവയ്ക്കും.

ആറ്റുകാൽ പൊങ്കാല ആണ്ടു തോറും നടന്നു വരുന്ന ഉത്സവമാണ്. ഈയിടെയായി അതിൽ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സ്ത്രീകൾ ആണ് ഇതിൽ പങ്കെടുക്കുന്നത്. ഇതു പോലെ ലക്ഷക്കണക്കിന് പേർ ഒത്തു ചേരുന്ന മേളകളിൽ ഏതാനും ചില രോഗബാധിതർ ഉണ്ടെങ്കിൽ അത് ഒരു പാട് പേരിലേക്ക് പകരുകയും അവർ വഴി രോഗം കേരളത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും എത്തിപ്പെടുകയും ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. എന്നു മാത്രമല്ല, വളരെ സംഭാവ്യവുമാണ്.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം

"വേണ്ടാന്ന് മന്ത്രി പറയില്ല, കാരണംസ്വബോധമുള്ള ആരും മറ്റൊരു ശബരിമലപ്രശ്നം ആഗ്രഹിക്കില്ലല്ലോ"

ശാസ്ത്ര എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി എഴുതുന്നു, "ഇറ്റലിയിൽ നിന്ന് വൈറസുമായി വന്നിറങ്ങിയ മൂന്ന് പേർ കേരളത്തിൽ കുറേ യാത്ര ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി മറ്റ് രണ്ടു പേർക്ക് വൈറസ് ബാധിച്ചതായി ഉറപ്പിച്ചിട്ടുമുണ്ട്. ഏതാണ്ട് മൂവായിരം പേരെ ക്വാറന്റൈൻ ചെയ്യേണ്ട ഗതികേടിലാണ് ആ വകതിരിവില്ലായ്മ സർക്കാരിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. പകർച്ചയുടെ ഏതെങ്കിലും ഘട്ടത്തിൽ എവിടെങ്കിലും വച്ച് അതേറ്റുവാങ്ങിയവർ ഇനിയുമുണ്ടാകും. അവരിലാരും തന്നെ നാളെ പൊങ്കാലസ്ഥലത്ത് ഉണ്ടാകില്ല എന്നുറപ്പുള്ളവരാണോ കലവുമായി അവിടെ തള്ളിക്കയറുന്നത് എന്നറിയില്ല. വേണ്ടാന്ന് മന്ത്രി പറയില്ല, കാരണം സ്വബോധമുള്ള ആരും മറ്റൊരു ശബരിമലപ്രശ്നം ആഗ്രഹിക്കില്ലല്ലോ. എന്തായാലും ചില്ലറ റിസ്ക്കൊന്നുമല്ല തലയിലെടുത്ത് വെയ്ക്കുന്നതെന്നറിയുക. ഇതെഴുതുമ്പോൾ 3661 പേർ കൊറോണ കാരണം മരണപ്പെട്ടിട്ടുണ്ട്. ഒരു ദൈവവും അതിൽ ഇടപെട്ടതുമില്ല!

"രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി പ്രകടമാക്കേണ്ട സമയമാണ്. മതം രാഷ്ട്രീയം ഒക്കെ മാറ്റി വെക്കണം" , അദ്ധ്യാപകനായ സുനില്‍ തോമസ് തോണിക്കുഴിയില്‍ ഫേസ്ബുക്കില്‍ എഴുതുന്നു.

"പകർച്ചവ്യാധികൾ പകരുന്നത് exponential rate ൽ ആണ്. ഏതെങ്കിലും കാരണവശാൽ കൊറോണ വൈറസ് കൈവിട്ടുപോയിട്ടുണ്ടെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഇറാനും ഇറ്റലിയും സൗത്ത് കൊറിയയും ഉദാഹരണങ്ങളായിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി പ്രകടമാക്കേണ്ട സമയമാണ്. മതം രാഷ്ട്രീയം ഒക്കെ മാറ്റി വെക്കണം

എതു തരത്തിലുള്ള quarantine നടപടിയും മനുഷ്യർക്ക് നല്ല ബുദ്ധിമുട്ടുണ്ടാകും പക്ഷേ പൊതു നന്മയെ കരുതി അത് സഹിക്കാനുള്ള സന്മനസ്സ് മലയാളികൾ കാണിക്കണം.

1) സ്കൂളുകളും കോളേജുകളും രണ്ടു മൂന്ന് ആഴ്ചത്തേക്ക് അടച്ചിടുക. പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് ഒഴികെയുള്ള എല്ലാ പരീക്ഷകളും ഈ വർഷത്തേക്ക് വേണ്ട എന്ന് വെക്കുക. വേനലവധിക്കാലം ഇപ്പോഴേ തുടങ്ങിയതായി പ്രഖ്യാപിക്കുക വേണമെങ്കിൽ മെയ് മാസം നമുക്ക് ക്ലാസ് നടത്താം.

2) ആള് കൂടുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കുക.ഇതിന് മതം രാഷ്ട്രീയം എന്നിവ ഇവ നോക്കരുത്. മതപരമായ ഒത്തുകൂടലുകൾ, ഉൽസവങ്ങൾ, വലിയ വിവാഹ സദ്യകൾ, പൊതുയോഗങ്ങൾ എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തുക. സിനിമ റിലീസ് ഒക്കെ പതുക്കെയാക്കാം

3) കെഎസ്ആർടിസി ബസുകളും ബസ് സ്റ്റാന്‍ഡുകളും മറ്റ് പൊതുവാഹനങ്ങളും ദിവസേന ശുചീകരിക്കുക. റെയിൽവേ കോച്ചുകൾ ശുചീകരിക്കാൻ നല്ല പ്രയാസമുണ്ടാക്കും എങ്കിലും അതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് പരിശോധിക്കണം.

4) ഏതെങ്കിലും കാരണവശാൽ എന്നാൽ സ്ഥിതിഗതികൾ മോശം ആകുകയാണെങ്കിൽ എങ്കിൽ അത് നേരിടാനായി ആയി ശുചീകരണ വസ്തുക്കൾ മാസ്കുകൾ എന്നിവ , കുറച്ചധികം സർക്കാർവാങ്ങി വെച്ചാലും തരക്കേടില്ല
5) ഏതെങ്കിലും തരത്തിലുള്ള ഉള്ള കടുത്ത അത് നടപടികളിലേക്ക് കടക്കേണ്ടി വന്നാൽ പൊതുവിതരണ സമ്പ്രദായം ശക്തമായി ഇടപെട്ടാൽ മാത്രമേ നമുക്ക് പിടിച്ചു നിൽക്കാനാവൂ. ഭക്ഷ്യധാന്യങ്ങൾ സർക്കാർ കുറച്ചൊക്കെ സംഭരിച്ചു വെക്കുന്നത് നന്നായിരിക്കും (ആളുകളെ പാനിക്ക് ആക്കാൻ വേണ്ടിയല്ല )

6) ചെറിയതോതിൽ quarantine ചെയ്യേണ്ടി വന്നാൽ പോലും നമ്മുടെ economy യുടെ കാര്യം പോക്കാണ്. സർക്കാരും ജനങ്ങളും കുത്തുപാള എടുക്കും.

7) കിംവദന്തികൾ പ്രചരിപ്പിക്കാതിരിക്കുക. ആരോഗ്യ വകുപ്പ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആട്ടിൻ കാട്ടം മുതൽ കൂർക്ക ക്കിഴങ്ങുവരെ ഔഷധമായി അവതരിക്കും.

8) പ്രളയകാലത്ത് പ്രവർത്തിച്ചതു പോലെ നമുക്ക് ഒത്തൊരുമിച്ച് ഇതിനെ നേരിടാം. എല്ലാവരും സർക്കാരിനു പിന്നിൽ ഒത്തുചേരണം. ഈ മഹാ വിപത്തിനെ ഇവിടെ കയറാനനുവദിക്കരുത്.


പൊങ്കാല നടക്കുകയാണ്. ഭക്തര്‍ വിശ്വസിക്കുന്നതുപോലെ കരുണാമയിയും ശക്തയുമാണ് ദേവി എന്നു നടിക്കാനുള്ള മൌഡ്യമൊന്നും ഇതെഴുതുന്നയാള്‍ക്ക് ഇല്ല. കത്തോലിക്കസഭയുടെ തലവന്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഞായറാഴ്ച പ്രാര്‍ഥതന വീഡീയോയിലേക്ക് മാറ്റിക്കഴിഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനത്തിനും കനത്ത നിയന്ത്രണങ്ങള്‍ വരുത്തിക്കഴിഞ്ഞു. ലോകത്തെ മുന്നോട്ട് നായിക്കാന്‍ വേണ്ടി സംഘടിപ്പിക്കുന്ന പല ഉന്നത യോഗങ്ങളും ബിസിനസ് സമ്മേളനങ്ങളും ഒഴിവാക്കികഴിഞ്ഞു. കായിക, കലാ സാംസ്കാരിക പരിപാടികള്‍ക്കും നിയന്ത്രണമായി.

95 -ാം വയസ്സില്‍ സാക്ഷരയായ കാര്‍ത്യാനിയമ്മയുടെയും 105 -ാം വയസില്‍ അക്ഷരം പഠിച്ച ഭാഗീരഥി ആമ്മയുടെയും നാടാണ് കേരളം. അക്ഷരം പഠിച്ചത് കൊണ്ട് മാത്രം പൊതുബോധം ഉണ്ടാകില്ലെന്ന് ശബരിമല തെളിയിച്ചു, ഇപ്പോള്‍ പൊങ്കാലയും, ഇറ്റലിയില്‍ നിന്നെത്തി അസുഖം ഒളിപ്പിച്ചുവച്ചവരും.

ഏത് ടൈപ്പ് വിശ്വാസമായാലും, ഇത് അന്ധതയാണ് എന്നു പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.

Also Read: കോവിഡ് 19: ഫേസ് മാസ്ക് ഉപയോഗിക്കേണ്ടത് എപ്പോൾ, എങ്ങനെ?


.


Next Story

Related Stories