TopTop
Begin typing your search above and press return to search.

യുധിഷ്ഠിരന് അശോകന്റെ ഛായയുണ്ടെന്ന് പറഞ്ഞാല്‍ ചൊറിയുന്നതെന്തിന്?

യുധിഷ്ഠിരന് അശോകന്റെ ഛായയുണ്ടെന്ന് പറഞ്ഞാല്‍ ചൊറിയുന്നതെന്തിന്?

"ഹൈന്ദവീയമായ എല്ലാം ബുദ്ധ പാരമ്പര്യത്തിൽ നിന്നും ഉടലെടുത്തതാണെന്ന് വരുത്തി തീർക്കാനുള്ള അന്താരാഷ്ട്ര സെമിറ്റിക് മത ഗൂഢാലോചനയുടെ കേരളത്തിലെ കണ്ണിയാണ് ഈ (തെറി). ശ്രീബുദ്ധൻ ജനിക്കുന്നതിന് മുമ്പും വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസങ്ങളും ഈ മണ്ണിൽ ഉടലെടുത്തതായിരുന്നു, അദ്ദേഹം ഒരു സനാതന ധർമ്മവിശ്വാസിയുമായിരുന്നു കേട്ടോട നുണയിടം"

ഫെബ്രുവരി 28നു ഡി സി ബുക്സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സുനില്‍ പി ഇളയിടത്തിന്റെ വീഡിയോയ്ക്ക് താഴെ വന്ന കുറച്ചെങ്കിലും 'മാന്യ'മായ കമന്റുകളില്‍ ഒന്നാണ് ഇത്. ഇതടക്കം വിരലില്‍ എണ്ണാവുന്ന കമന്റുകള്‍ മാത്രമാണ് സുനില്‍ പി ഇളയിടം ഉന്നയിക്കുന്ന വിഷയത്തെ അഭിസംബോധന ചെയ്തിട്ടുള്ളൂ. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ കുടുംബത്തെയും രാഷ്ട്രീയ വിശ്വാസത്തെയും അപഹസിക്കാനും മികച്ച അദ്ധ്യാപകന്‍ എന്നുള്ള അദ്ദേഹത്തിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താനും ഉദ്ദേശിച്ചിട്ടുള്ള അസഭ്യ പ്രയോഗങ്ങള്‍ മാത്രം.

ആ കമന്റുകള്‍ വന്നിരിക്കുന്ന പ്രൊഫൈലുകളുടെ സാമൂഹ്യ-രാഷ്ട്രീയ സ്വഭാവം ഓടിച്ചൊന്നു നോക്കിയാല്‍ അവയെല്ലാം ഹിന്ദു മതത്തിലെ ഉന്നതജാതി എന്നു സ്വയം കരുതുന്ന, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്‍പറ്റുന്നവരാണ് എന്നും മനസിലാക്കാം.

മഹാഭാരതത്തിനെ ആധാരമാക്കി സുനില്‍ പി ഇളയിടം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിന്റെ തെരുവുകളില്‍ നടത്തിവരുന്ന പ്രസംഗ പരമ്പരയെ ആടിസ്ഥാനമാക്കി അതിനെ വിപുലീകരിച്ച് തയ്യാറാക്കിയ പുസ്തകമായ 'മഹാഭാരതം: സാംസ്ക്കാരിക ചരിത്ര'ത്തിന്റെ പ്രി പബ്ലിക്കേഷന്‍ അനൌണ്‍സ്മെന്‍റ് വീഡിയോയാണ് സൈബര്‍ ആക്രമണത്തിന് ഇപ്പോള്‍ വിധേയമായിരിക്കുന്നത്.

എന്താണ് ആ വീഡിയോയില്‍ പറയുന്നതെന്ന് നോക്കാം:

"മഹാഭാരതത്തിന്റെ ചരിത്രമന്വേഷിച്ച് പോയ പണ്ഡിതന്മാരുടെ ശ്രദ്ധ പതിഞ്ഞ പ്രധാനപ്പെട്ട മേഖലകളില്‍ ഒന്ന് ഈ ബുദ്ധ ധര്‍മ്മവും മാഹാഭാരതവും തമ്മിലുള്ള വിനിമയങ്ങള്‍ എന്തൊക്കെയാണ്. വെന്‍ഡി ഡോനിഗര്‍ (Wendy Doniger) മഹാഭാരതത്തെ കുറിച്ച് വിപുലമായി ആലോചിച്ച പണ്ഡിതയാണ്. അവര്‍ നടത്തുന്ന വളരെ മനോഹരമായ നിരീക്ഷണം അശോകന്റെ നിഴല്‍ വീണു കിടക്കുന്ന ഒരു കഥാപാത്രമാണ് യുധിഷ്ഠിരന്‍ എന്നാണ്. യുദ്ധത്തില്‍ നേടുന്ന വലിയ വിജയം, ആ വിജയത്തിന്റെ നിരര്‍ത്ഥകതയുണ്ടാക്കുന്ന തിരിച്ചറിവ്, അതിനുശേഷം അഹിംസയിലേക്കുള്ള വഴിമാറ്റം, ഈ വിജയം മുഴുവന്‍ കയ്യൊഴിയുന്ന അന്തിമമായ നൈഷ്ഫല്യത്തിന്റെ സൂചന, ഇതൊക്കെ ബൌദ്ധ പാരമ്പര്യത്തില്‍ നിന്നും മഹാഭാരതത്തിലേക്ക് സംക്രമിച്ചെത്തിയ മൂല്യങ്ങളാണെന്നും അതുകൊണ്ട് അശോകനെന്ന ചരിത്ര പുരുഷന്റെ ഛായ കൂടി ഇഴുകി ചേര്‍ന്നതാണ് മഹാഭാരതത്തിലെ യുധിഷ്ഠിര തത്ത്വം എന്നും വെന്‍ഡി ഡോനിഗര്‍ പറയുന്നുണ്ട്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. മഹാഭാരതത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ക്രമങ്ങളെ കുറിച്ചാലോചിച്ചാല്‍ മൂന്ന് തരത്തിലുള്ള സാമൂഹിക ക്രമങ്ങളുടെ സൂചനകള്‍ മഹാഭാരതത്തില്‍ പ്രബലമാണ്. അതില്‍ ഏറ്റവും ആദ്യത്തേത് കുലഗോത്ര പാരമ്പര്യത്തില്‍ പെട്ട വര്‍ണ്ണ ധര്‍മ്മത്തിലോ വൈദിക വ്യവസ്ഥയിലേക്കൊ നീങ്ങുന്നതിന് മുന്‍പുള്ള ഒരു സാമൂഹ്യ സംവിധാനമാണ്. ഗംഗാ തടങ്ങളിലും മറ്റുമൊക്കെ പെറുക്കിത്തീനികളായും മറ്റും ജീവിച്ചിരുന്ന പ്രാചീന ഗോത്ര സമൂഹങ്ങളുടെ വളര്‍ച്ചയുടെയും അവ തമ്മിലുള്ള പോരാട്ടങ്ങളുടെയുമൊക്കെ സൂചനകള്‍ നമുക്ക് മഹാഭാരതത്തില്‍ കാണാം. ദ്രൌപദിയുടെ ബഹുഭര്‍തൃത്വം പോലുള്ള ആശയങ്ങള്‍ ഒക്കെ വാസ്തവത്തില്‍ കുലഗോത്ര പാരമ്പര്യത്തിന്റെ അവശിഷ്ടമായി മഹാഭാരതത്തില്‍ തുടരുന്നതാണ്.

ഇതിന് പിന്നാലെ കുല ഗോത്ര പാരമ്പര്യത്തെ തള്ളിമാറ്റിക്കൊണ്ട് മഹാഭാരതത്തിലുയര്‍ന്നു വരുന്നത് വൈദിക പാരമ്പര്യമാണ്, ബ്രാഹ്മണ പാരമ്പര്യമാണ്. അത് വര്‍ണ്ണ ധര്‍മ്മാധിഷ്ഠിതമായ മനുസ്മൃതി പോലുള്ള സ്മൃതി പാരമ്പര്യങ്ങള്‍ മുന്നോട്ട് വെക്കുന്ന അതിന്റെ ജീവിത ക്രമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യമാണ്.

ഈ രണ്ട് പാരമ്പര്യങ്ങള്‍ക്കും ശേഷം വൈദിക ബ്രാഹ്മണ പാരമ്പര്യങ്ങള്‍ക്കെതിരെ മഹാഭാരതത്തില്‍ കാണുന്ന മൂന്നാമത്തെ ധാരയാണ് ബൌദ്ധ പാരമ്പര്യം. ഒരര്‍ത്ഥത്തില്‍ മഹാഭാരതം ബൌദ്ധ പാരമ്പര്യത്തിനെതിരായ സമരത്തെ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. സൂക്തംഗറും മറ്റ് പലരും സൂചിപ്പിക്കുന്ന ഒരു കാര്യം പാലി ഭാഷ വഴി ജനങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് ജാതക കഥകളിലൂടെ ബുദ്ധ മതം വലിയ തോതില്‍ പടര്‍ന്ന് പിടിച്ച സമയത്താണ് ജനകീയമായി വലിയ വേരുള്ള ഒരു കഥയിലേക്ക് ബ്രാഹ്മണ മൂല്യങ്ങളെ സന്നിവേശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതെന്നും അത്തരം ശ്രമങ്ങളാണ് മഹാഭാരതത്തിന്റെ ടെക്സ്റ്റ്വല്‍ ഫൊര്‍മേഷന് പിന്നിലുള്ളതെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ നിലയില്‍ മഹാഭാരതത്തിന്റെ രൂപീകരണ ചരിത്രം ബുദ്ധ മതത്തിനെതിരായ ബ്രാഹ്മണ്യത്തിന്റെ ഒരു എതിര്‍പ്പിനെ കൂടി സൂചിപ്പിക്കുന്നുണ്ട്. അതേസമയം തന്നെ ബൌദ്ധമായ ആശയാവലികളുടെ വലിയ സ്വാധീനം മഹാഭാരതത്തിനുള്ളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

ഭഗവദ്ഗീത ഭക്തനെ കുറിച്ച് നല്‍കുന്ന നിര്‍ദേശങ്ങളിലോ മോക്ഷത്തെ കുറിച്ച് ഗീതയിലുള്ള ആശയങ്ങളിലോ ഒക്കെ ബൌദ്ധ ധര്‍മ്മത്തിന്റെ സ്വാധീനം ഉള്ളതായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മഹാഭാരതത്തിന്റെ കഥാപാത്ര സ്വരൂപത്തിലേക്ക് ആകമാനം നോക്കിക്കഴിഞ്ഞാല്‍ ബുദ്ധന്റെയും ബൌദ്ധ പാരമ്പര്യം പിന്‍പറ്റിയ അശോകന്റെയും ഒക്കെ ഛായ വലിയ തോതില്‍ പതിഞ്ഞതും ഈ വിജയ പരാക്രമങ്ങള്‍ ഒക്കെ ഉണ്ടാക്കുന്ന അന്തിമമായ നിരര്‍ത്ഥകതയെ നന്നായി ദ്യോതിപ്പിക്കുന്ന ഒന്നാണ് യുധിഷ്ഠിരന്റെ കഥാപാത്ര സങ്കല്‍പ്പവും മഹാഭാരതത്തിന്റെ തന്നെ അന്തിമമായ ഒരു നിരര്‍ത്ഥകതാ ബോധവും ബൌദ്ധ മൂല്യങ്ങളില്‍ നിന്നും രൂപപ്പെട്ടതാണ് എന്നു പറയാം. ആ നിലയ്ക്ക് നോക്കിയാല്‍ ഏത് പാരമ്പര്യത്തിന് എതിരായ സമര രൂപമായിട്ടാണ് മഹാഭാരതം നിലവില്‍ വരുന്നത്. അതേ ബൌദ്ധ പാരമ്പര്യത്തിന്റെ സ്വാംശീകരണമോ ആവിഷ്ക്കാരമോ ആന്തരികമായി മഹാഭാരതം നടത്തുന്നുണ്ടെന്ന് പറയാം.ഇങ്ങനെ അതിന്റെ തന്നെ ചരിത്രത്തോട് ടെക്സ്റ്റ് ആന്തരികമായി ഏറ്റുമുട്ടിയതിന്റെ മുദ്രകളും മഹാഭാരതത്തില്‍ നമുക്ക് വളരെ നന്നായിട്ട് കാണാന്‍ കഴിയും."


ഇതാണ് തന്റെ പുസ്തകത്തിന് സുനില്‍ പി ഇളയിടം നല്‍കുന്ന ആമുഖം. ഇതില്‍ എവിടെയാണ് ബുദ്ധനും അശോകനും ശേഷമാണ് മഹാഭാരതം എഴുതപ്പെട്ടത് എന്നു പറയുന്നത്? കമന്റുകള്‍ ഇട്ട പലരും മഹാഭാരതം ഉണ്ടായത് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നും ബുദ്ധന്റെ കാലം എ ഡി 600 ആണെന്നും ഇവനെന്ത് മന്ദനാണ് എന്ന മട്ടില്‍ പരിഹാസ രൂപേണ തിരുത്താന്‍ ശ്രമിക്കുന്നത് കാണാം.

തന്റെ മഹാഭാരത പ്രഭാഷണങ്ങളില്‍ എല്ലാം സുനില്‍ പി ഇളയിടം പറയാന്‍ ശ്രമിച്ചത് പല കാലങ്ങളില്‍ പലരാല്‍ എഴുതപ്പെട്ട് കൂട്ടിച്ചേര്‍ക്കപ്പെട്ട് ഇതിഹാസമായി മാറിയ ഒന്നാണ് മഹാഭാരതം എന്നാണ്. അതില്‍ നിന്നു തന്നെ മഹാഭാരതത്തിലേക്ക് ബൌദ്ധ ആശയങ്ങള്‍ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ സ്വാംശീകരിക്കപ്പെട്ടതാണ് എന്ന അദ്ദേഹത്തിന്റെ (പല പണ്ഡിതന്മാരും പറഞ്ഞിട്ടുള്ള) സിദ്ധാന്തം സുവ്യക്തമാണ്.

മറ്റൊരു പ്രസംഗത്തില്‍ സുനില്‍ പി ഇളയിടം പറയുന്നുണ്ട്, വ്യാസന്‍ ഒരാളല്ല, മറിച്ച് എഡിറ്റര്‍ എന്ന പദവിയാണ് എന്ന്. "വ്യാസ വിരചിതം എന്ന് നമ്മള്‍ പറയാറുണ്ട്. പക്ഷേ വ്യാസന്‍ ഒരാളല്ല, സംസ്കൃതത്തില്‍ വ്യാസന്‍ എന്ന പദത്തിനര്‍ത്ഥം വ്യസിക്കുന്നവന്‍, സംശോധകന്‍ എന്നാണ്. എഡിറ്റര്‍ അല്ലെങ്കില്‍ compiler എന്ന് ഇംഗ്ലീഷില്‍ പറയുന്നതിന് സമാനമായ അര്‍ത്ഥമേ അതിനുള്ളൂ."എന്തായാലും കുടുംബ കലഹത്തിന്റെ പുസ്തകമായതുകൊണ്ട് വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഗ്രന്ഥമായി കരുതിയിരുന്ന മഹാഭാരതത്തിന് സുനില്‍ പി ഇളയിടം നല്‍കുന്ന വ്യാഖ്യാനങ്ങളും പഠനങ്ങളും തങ്ങളുടെ ഗോ മൂത്ര സിദ്ധാന്തങ്ങളെ പോലുള്ള അസംബന്ധ ജടിലമായ ജല്‍പ്പനങ്ങളെ പൊളിക്കാന്‍ തക്കവണം വിസ്ഫോടന ശേഷിയുള്ളതാണ് എന്ന് ചില കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണു അവരുടെ വാക്കുകളിലെ അസഹിഷ്ണുതയും അസ്വസ്ഥതയും ഹിംസാത്മകതയും സൂചിപ്പിക്കുന്നത്.

ഇതിനിടയില്‍ മറ്റൊരു കമ്യൂണിസ്റ്റുകാരന്റെ മഹാഭാരതം വായന കൂടി പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ മുല്ലക്കര രത്നാകരന്റെ 'മഹാഭാരതത്തിലൂടെ' എന്ന കൃതിയാണ് അത്. ഇന്നലെ തിരുവനന്തപുരത്ത് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുസ്തകം പ്രകാശനം ചെയ്തു. സത്യവതി മുതല്‍ ഹിഡുംബി വരെയുള്ള 10 കഥാപാത്രങ്ങളിലൂടെ മഹാഭാരതത്തിന്റെ മര്‍മ്മമറിഞ്ഞുള്ള എഴുത്താണ് മുല്ലക്കര നടത്തിയിരിക്കുന്നത് എന്നാണ് അടൂര്‍ പറഞ്ഞത്.

വര്‍ഗ്ഗ സമരങ്ങളുടെയും അതിലെ സംഘര്‍ഷങ്ങളുടെയും കഥ ഏറ്റവും മനോഹരമായി പറഞ്ഞിരിക്കുന്നത് മഹാഭാരതത്തിലാണ് എന്ന് മറുപടി പ്രസംഗത്തില്‍ മുല്ലക്കര പറഞ്ഞു.

എന്തായാലും കമ്യൂണിസ്റ്റുകാര്‍ കൂടുതല്‍ കൂടുതല്‍ മഹാഭാരതം വായിക്കട്ടെ, അസ്വസ്ഥ ചിത്തരായി സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ അസഭ്യം പറയട്ടെ, സത്യം ജനങ്ങള്‍ തിരിച്ചറിയട്ടെ.

ഓര്‍മ്മകളുണ്ടായിരിക്കണം

ഒരു രാമായണ മാസക്കാലം മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ രാമായണ വിശകലനം നടത്തിയ പണ്ഡിതനായ ഡോ. എം എം ബഷീറിനോട് അത് നിര്‍ത്താന്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആവശ്യപ്പെടുകയും മാതൃഭൂമി അത് പിന്‍വലിച്ചോടുകയും ചെയ്തു.
Next Story

Related Stories