TopTop
Begin typing your search above and press return to search.

കുമാരനാശാന്‍ ആരെയും ചതിച്ചിട്ടില്ല, പണം മോട്ടിച്ചിട്ടുമില്ല; പിന്നെന്ത് 'ദുരവസ്ഥ'യെ കുറിച്ചാണ് വെള്ളാപ്പള്ളി പറയുന്നത്

കുമാരനാശാന്‍ ആരെയും ചതിച്ചിട്ടില്ല, പണം മോട്ടിച്ചിട്ടുമില്ല; പിന്നെന്ത് ദുരവസ്ഥയെ കുറിച്ചാണ് വെള്ളാപ്പള്ളി പറയുന്നത്

വി മധുസൂദനന്‍ നായര്‍ തരംഗമാകുന്നതിന് മുന്‍പ് സ്കൂളുകളില്‍ പദ്യ പാരായണ മത്സരങ്ങളില്‍ കുമാരനാശാന്റെ 'വീണപൂവ്' മസ്റ്റ് ആയിരുന്നു. മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ഇത്രയും ഉജ്വലമായ തത്വ ചിന്ത പ്രകാശിപ്പിക്കുന്ന മറ്റൊരു കവിത പെട്ടെന്ന് കണ്ടെത്താന്‍ വിഷമമായതുകൊണ്ട് മാത്രമല്ല മുന്നിലിരിക്കുന്ന തല നരച്ച വിധികര്‍ത്താക്കളെ വീഴ്ത്താനുള്ള ഹൃദയ ദ്രവീകരണ ശേഷി ആ കവിതയ്ക്കുണ്ട് എന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ആ തിരഞ്ഞെടുപ്പ്. കൂടാതെ എഴുതിയത് കുമാരനാശാന്‍ ആണല്ലോ? മലയാള കവിതയിലും സാമൂഹ്യ ചിന്തയിലും കുമാരനാശാന്റെ സ്ഥാനം എന്തെന്ന് പറയേണ്ടതിലല്ലോ. അത് ശ്രീനാരായണ ഗുരുവിന്റെ പ്രിയ ശിഷ്യന്‍ ആയതുകൊണ്ടോ എസ് എന്‍ ഡി പിയുടെ ആദ്യ സെക്രട്ടറി ആയതുകൊണ്ടോ മാത്രം കിട്ടിയതല്ല. മറിച്ച് ആധുനിക കേരള സൃഷ്ടിയില്‍ മുഖ്യ പങ്ക് വഹിച്ച പ്രധാന എഞ്ചിനീയര്‍മാരില്‍ ഒരാളായതുകൊണ്ട് കൂടിയാണ്. ഒരു സമുദായത്തില്‍ നിന്നും രണ്ട് നവോഥാന നായകര്‍ വേണ്ട എന്ന അലിഖിത നിയമം നമ്മുടെ ടെക്സ്റ്റ് ബുക്ക് രചയിതാക്കള്‍ അച്ചട്ടായി പാലിച്ചതുകൊണ്ടോ എന്തോ എന്നറിയില്ല ഈഴവ സമുദായത്തില്‍ നിന്നും ശ്രീനാരായണ ഗുരു മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ. (ഇടതു ഗവണ്‍മെന്‍റ് രൂപീകരിച്ച നവോത്ഥാന സമിതിയുടെ നടുനായകത്വം നല്‍കുക വഴി വെള്ളാപ്പള്ളിയെ ഒരു അപ്രഖ്യാപിത നവോത്ഥാന നായകനായി സ്ഥാനപ്പെടുത്തിയിട്ടുണ്ട്. അത് ടെക്സ്റ്റ് ബുക്കുകളില്‍ വരുമോ ഇല്ലയോ എന്നത് എന്തായാലും ഇപ്പോ തീര്‍ച്ച പറയാന്‍ പറ്റില്ല.) ഇത്രയും എഴുതിയതിന്റെ സന്ദര്‍ഭം ഇന്ന് മലയാള മനോരമയില്‍ വായിച്ച വെള്ളാപ്പള്ളി നടേശന്റെ ഒരു പ്രസ്താവനയാണ്. "യോഗത്തിന്റെ തലപ്പത്ത് ഇരുന്ന കുമാരനാശന്‍, സി കേശവന്‍, എം കെ രാഘവന്‍ എന്നിവര്‍ ഇത്തരം ദുരന്തങ്ങള്‍ നേരിട്ടുണ്ട്." എന്താണ് ദുരന്തം എന്നല്ലേ? എസ് എന്‍ കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസും ഇന്നലെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും. ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? വാര്‍ത്ത വായിച്ച ഉടനെ വീണപൂവാണ് മനസില്‍ വന്നത്. മനോഹരമായ പൂവും വെള്ളാപ്പള്ളിയും തമ്മിലുള്ള താരതമ്യത്തിന്റെ ബീഭത്സത ബോധ്യപ്പെട്ടയുടനെ ആ മഹദ് വരികളില്‍ നിന്നും പൊടുന്നനെ പിന്‍വാങ്ങുകയായിരുന്നു. വെള്ളാപ്പള്ളിക്ക് ഇല്ലാത്ത ഉളുപ്പ് (സമീപ കാലത്ത് ചാനല്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്ന വാക്ക്) നമുക്ക് വേണമല്ലോ?' എന്തായാലും 16 വര്‍ഷം മുന്‍പുള്ള കേസാണ് വഴിത്തിരിവിലെത്തിയിരിക്കുന്നത്. അതിന് ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ തന്നെ സന്തതസഹചാരിയായ കെ കെ മഹേശന്റെ ആത്മഹത്യ വേണ്ടി വന്നു എന്നു മാത്രം. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ഷാജി സുഗുണന്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 300 പേജാണ് കുറ്റപത്രത്തിനുള്ളത്. വെള്ളാപ്പള്ളി മാത്രമാണ് കേസിലെ പ്രതി. വിശ്വാസ വഞ്ചന, ചതി, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് വെള്ളാപ്പള്ളിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പുകള്‍ ചാര്‍ത്തപ്പെട്ടതാണ് കുമാരനാശാനും സി കേശവനും നേരിട്ടു എന്നു വെള്ളാപ്പള്ളി പറഞ്ഞ ദുരവസ്ഥ. തട്ടിപ്പിന്റെ ചരിത്രം ഇങ്ങനെ; മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനുള്ള ഒരു കെട്ടിട നിര്‍മ്മാണമാണ് കേസിനാധാരം. 1948 ല്‍ സ്ഥാപിതമായ കൊല്ലം എസ് എന്‍ കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ 1997 ല്‍ കോളേജ് പ്രിന്‍സിപ്പലും അധ്യാപകരും എല്ലാം ചേര്‍ന്ന് തീരുമാനം എടുത്തു. ഇതിനൊപ്പം തന്നെ കോളേജിന് ഒരു ലൈബ്രറി കോംപ്ലക്‌സും ഓഡിറ്റോറിയവും നിര്‍മിക്കാനും തീരുമാനിച്ചു. ആര്‍. ശങ്കര്‍ ഇംഗ്ലീഷ് അക്ഷരം E യുടെ ആകൃതിയിലാണ് കോളേജ് വിഭാവനം ചെയ്തത്. എന്നാല്‍ C ആകൃതിയില്‍ മാത്രമായിരുന്നു നിര്‍മാണം പൂര്‍ത്തിയായത്. നടുവില്‍ കൂടി ഒരു കെട്ടിടം വന്നാലായിരുന്നു ശങ്കറിന്റെ ആഗ്രഹപ്രകാരമുള്ള രൂപം കോളേജിന് വരൂ. ഇതിന്‍ പ്രകാരമാണ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പുതിയ നിര്‍മാണം തുടങ്ങാമെന്നും കോളേജ് അധികൃതര്‍ തീരുമാനിച്ചത്. കേസിനാസ്പദമായ സംഭവത്തെ കുറിച്ച് എസ് എന്‍ ഡി പി സംരക്ഷണ സമിതി പ്രതിനിധിയായ അഡ്വ. ചന്ദ്രസേനന്‍ അഴിമുഖം ഡെപ്യൂട്ടി എഡിറ്റര്‍ രാകേഷ് സനലിനോട് പറഞ്ഞത് ഇതാണ്; സുവര്‍ണ ജൂബിലി ആഘോഷിക്കാമെന്ന തീരുമാനത്തിലെത്തിയതിനു പിന്നാലെ ഇക്കാര്യം കോളേജ് മാനേജര്‍ കൂടിയായ എസ് എന്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറിയിച്ചു (എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയാണ് എസ് എന്‍ കോളേജ് മാനേജര്‍ ആയി വരുന്നത്). ഇതോടൊപ്പം തന്നെ മറ്റ് എസ് എന്‍ ട്രസ്റ്റ്, യോഗം ഭാരവാഹികളെയും അധ്യാപക-വിദ്യാര്‍ത്ഥി-രക്ഷകര്‍ത്താക്കളെയും എസ് എന്‍ ഡി പി അംഗങ്ങളല്ലാത്ത സാംസ്‌കാരിക രംഗത്തെയും പൊതുരംഗത്തെയും പ്രമുഖ വ്യക്തികളെയും എല്ലാം ചേര്‍ത്ത് ഒരു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ കണ്‍വീനര്‍ സ്വഭാവികമായും കോളേജ് മാനേജര്‍ കൂടിയായ വെള്ളാപ്പള്ളി നടേശനായി. ഈ കമ്മിറ്റിക്കൊപ്പം തന്നെ ഫണ്ട് രൂപീകരണത്തിനായി ഒരു ഫിനാന്‍സ് കമമ്മിറ്റിയും രൂപീകരിച്ചു. പ്രസ്തുത കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായും വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്ലാവരും കൂടി ചേരുന്നൊരു കമ്മിറ്റിയായിട്ടും വെള്ളാപ്പള്ളി നടേശന്‍ ചെയ്തത് ബാങ്കില്‍ തന്റെ മാത്രം പേരില്‍ ഒരു അകൗണ്ട് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള ഫണ്ടിനു വേണ്ടി എടുക്കുകയായിരുന്നു. മാത്രമല്ല, ഈ അകൗണ്ടിലേക്ക് വന്ന 25 ലക്ഷം രൂപ അദ്ദേഹം സ്വന്തം കാര്യങ്ങള്‍ക്കായി എടുക്കുകയാണ് ചെയ്തത്. ജൂബിലി ആഘോഷങ്ങള്‍ തുടങ്ങുന്നതിനും മുന്നേയാണ് പണം തട്ടിയെടുത്തത്. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഒരു എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി പ്രൊഫ. സത്യന്‍ ചെയര്‍മാനായി ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എക്‌സിബിഷന്‍ നടത്തിയതിന്റെ ബാക്കിയായി 20 ലക്ഷം രൂപ മിച്ചം വന്നിരുന്നു. പ്രൊഫ.സത്യന്‍ ഇക്കാര്യം യോഗം വിളിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ച് അറിയിച്ചതാണ്. ഈ ഇരുപതുലക്ഷം രൂപയും ഓഡിറ്റോറിയം/ ലൈബ്രറി കെട്ടിട നിര്‍മാണത്തിന് വേണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. അതനുസരിച്ച് പണം ചെക്ക് വഴി നല്‍കുകയും ചെയ്തു. 1998 ല്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി. പ്രധാനമന്ത്രി എ ബി വാജ്‌പേയി ആണ് ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യാനെത്തിയത്. ഓഡിറ്റോറിയത്തിന്റെയും ലൈബ്രറി കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നടത്തിയതും പ്രധാനമന്ത്രിയായിരുന്നു. ആഘോഷങ്ങള്‍ കഴിഞ്ഞ് നാളുകള്‍ പിന്നിട്ടിട്ടും കെട്ടിട നിര്‍മാണത്തിനായി കല്ലിട്ടതല്ലാതെ യാതൊരു നിര്‍മാണവും തുടങ്ങാതെ വന്നതോടെ കോളേജിലെ അധ്യാപകര്‍ തന്നെ ഇതിനെതിരേ ചോദ്യങ്ങളുമായി രംഗത്തു വന്നു. അപ്പോള്‍ മുതല്‍ തുടങ്ങിയ അന്വേഷണത്തിലാണ് വെള്ളാപ്പള്ളി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 55 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിവരങ്ങള്‍ പുറത്തു വരുന്നത്. ഗുരുതരമായ അഴിമതിയാണ് നടന്നിരിക്കുന്നതെന്നു വ്യക്തമായതോടെ പൊലീസില്‍ പരാതി നല്‍കി. (കൂടുതല്‍ വായിക്കാന്‍-"ഈ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ കുടുങ്ങും, എല്ലാ തെളിവുകളും എതിരാണ്", കോവിഡിന്റെ മറവില്‍ ക്രൈം ബ്രാഞ്ച് വെച്ചു നീട്ടാന്‍ ശ്രമിച്ച എസ് എന്‍ കോളേജ് സുവര്‍ണജൂബിലി ഫണ്ട് തട്ടിപ്പ് കേസ്)

എന്തായാലും പണാപഹരണ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട വെള്ളാപ്പള്ളിക്കെതിരെ വലിയ പ്രതിഷേധമാണ് സമുദായത്തിനുള്ളില്‍ നിന്നും ഉയരുന്നത്. നടേശ മുതലാളിയെ കൊണ്ട് പല കാലങ്ങളില്‍ ഗുണം കിട്ടിയ രാഷ്ട്രീയ നേതാക്കള്‍ ഇതുവരെ അഭിപ്രായം പറഞ്ഞത് കണ്ടില്ല. വി എം സുധീരനോ മറ്റോ എന്തെങ്കിലും പറഞ്ഞാല്‍ ആയി. എസ് എന്‍ ഡി പി യോഗം മുന്‍ പ്രസിഡണ്ട് അഡ്വ. സി കെ വിദ്യാസാഗര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ രൂപീകരിച്ച നവോഥാന സംരക്ഷണ സമിതി ഉപാധ്യക്ഷ പദം രാജിവെച്ചുകൊണ്ട് പറഞ്ഞത്, "വെള്ളാപ്പള്ളി നടേശന് മാഫിയകളുടെ രീതിയും ശൈലിയുമാണ്. നടേശൻ നവോത്ഥാ സംരക്ഷണ സമിതി അധ്യക്ഷ സ്ഥാനത്തു തുടരുന്നത് സർക്കാറിനു ഭൂഷണമല്ല." ഇനിയും ചുമലിലേറ്റി നടന്നാല്‍ ഇടതു സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും വിദ്യാസാഗര്‍ ഓര്‍മ്മിപ്പിച്ചു. Also Read: 'കള്ളില്‍ മാത്രമല്ല, ഈഴവ സമുദായത്തിലും കഞ്ചാവ് കലര്‍ത്തിയിട്ടുണ്ട് വെള്ളാപ്പള്ളി'; സി.കെ വിദ്യാസാഗര്‍ തുറന്നടിക്കുന്നു

ഗോകുലം ഗോപാലനും അദ്ദേഹവും നയിക്കുന്ന ശ്രീനാരായണ സഹോദര ധര്‍മ്മ വേദി എസ് എന്‍ ഡി പി യോഗത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അതിന്റെ ജനറല്‍ സെക്രട്ടറി പണാപഹരണ കുറ്റത്തിന് വിചാരണ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. സമുദായത്തില്‍ നിന്നും കൂടുതല്‍ പ്രതിഷേധവും നിലവിളികളും ഉയരും എന്നു തന്നെ കരുതാം. നിലവിലെ സാഹചര്യത്തില്‍ വെള്ളാപ്പള്ളിക്ക് സംരക്ഷണ കവചം ഒരുക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറാകന്‍ സാധ്യതയില്ല എന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.കഴിഞ്ഞ ദിവസമാണ് മറ്റൊരു സന്തതസഹചാരിയും ഇപ്പോള്‍ ശത്രുവുമായ സുഭാഷ്‌ വാസുവിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ്‌ചെയയ്തത്. 12 കോടിയോളം അടിച്ചുമാറ്റിയ മൈക്രോഫിനാൻസ് തട്ടിപ്പ്‌ കേസിലാണ് ബിഡിജെഎസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും എസ്‌എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡന്റുമായിരുന്ന മാന്യ ദേഹത്തെ പോലീസ് അകത്താക്കിയത്. ഈ വാസു ഇപ്പോള്‍ മുന്‍ പോലീസ് മേധാവിയും ഹിന്ദു ധര്‍മ്മത്തിന്റെ പുതിയ പാറാവുകാരനുമായ ടി പി സെന്‍കുമാറിന്റെ ഉപദേഷ്ടാവാണ്.പങ്ക് പറ്റിയവര്‍ എല്ലാം പല രൂപത്തിലുള്ള 'ശിക്ഷാ' നടപടികളിലൂടെ കടന്നു പോകുന്നതിനിടെയാണ് തന്റെ ദുരവസ്ഥയെ മുന്‍ മഹാശയന്‍മാര്‍ നേരിട്ടത് എന്നു സമീകരിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ രംഗത്ത് വന്നത്. എന്തായാലും അക്കൂട്ടത്തില്‍ ശ്രീനാരായണ ഗുരുവിനെ ഉള്‍പ്പെടുത്താതിരിക്കാനുള്ള വകതിരിവ് നടേശ ഗുരു കാണിച്ചത് നന്നായി. വീണപൂവ് വിട്ടു പോകുന്നില്ല. അവസാന നാല് വരികള്‍ കൂടി.

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍ എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം! കര്‍ക്കിടക മാസമാണ്, രാമായണ മാസം. കഞ്ഞി കുടിച്ച് തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം ഭക്തി പുരസരം ഭവനങ്ങളില്‍ വായിക്കണം എന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് വെള്ളാപ്പള്ളി വായിക്കേണ്ട രണ്ടു വരികള്‍ കൂടി, ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ് ഓര്‍ക്ക നീ... Also Read : മൈക്രോ ഫിനാന്‍സ് കേരളത്തിന്റെ ശാരദ ചിട്ടി ഫണ്ട് അഴിമതിയോ? കെകെ മഹേശന്റെ ആത്മഹത്യ സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിക്കുമോ?


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories