TopTop
Begin typing your search above and press return to search.

കണ്ടുപിടിച്ചുകളഞ്ഞല്ലോ ടീച്ചറുടെ 'രോഗം', ഡോ. മാര്‍ഷല്‍ മക് ലൂഹന്‍ ചെന്നിത്തല; എല്ലാവരോടും ചോദ്യം ചോദിക്കുന്ന വേണുവിനോട് ഒരു മാധ്യമ പഠിതാവെന്ന നിലയില്‍ 10 ചോദ്യങ്ങള്‍

കണ്ടുപിടിച്ചുകളഞ്ഞല്ലോ ടീച്ചറുടെ രോഗം, ഡോ. മാര്‍ഷല്‍ മക് ലൂഹന്‍ ചെന്നിത്തല; എല്ലാവരോടും ചോദ്യം ചോദിക്കുന്ന വേണുവിനോട് ഒരു മാധ്യമ പഠിതാവെന്ന നിലയില്‍ 10 ചോദ്യങ്ങള്‍

ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ (Media Mania) ആണ് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നലത്തെ പത്രസമ്മേളനത്തിലൂടെയുള്ള പ്രസ്താവന കേട്ടതു മുതല്‍ മീഡിയ സ്റ്റഡീസ് പദാവലികള്‍ മുഴുവന്‍ തപ്പുകയാണ് ഈ സംജ്ഞയുടെ അര്‍ത്ഥം മനസിലാക്കാന്‍. യഥാര്‍ത്ഥത്തില്‍ മീഡിയ സ്റ്റഡീസില്‍ അങ്ങനെയൊരു സാങ്കേതിക പദം ഇല്ലെന്നാണ് മനസിലാക്കുന്നത് (ഉണ്ടെങ്കില്‍ പരിണതപ്രജ്ഞര്‍ തിരുത്തിത്തരണമെന്ന് അപേക്ഷ). അങ്ങനെയെങ്കില്‍ രമേശ് ചെന്നിത്തല വെറുമൊരു രാഷ്ട്രീയ നേതാവായി ഒതുങ്ങിക്കഴിയേണ്ട ആളല്ല എന്നു ചുരുക്കം. അദ്ദേഹം കനേഡിയന്‍ സൈദ്ധാന്തികന്‍ ഡോ. മാര്‍ഷല്‍ മക് ലൂഹന് സമശീര്‍ഷനാണ്. 'മാധ്യമമാണ് സന്ദേശം' എന്നു പറഞ്ഞ അതേ മക് ലൂഹന്‍ തന്നെ (Medium is the Message). ആരോഗ്യമന്ത്രി 6 പത്ര സമ്മേളനങ്ങള്‍ ഒരു ദിവസം നടത്തുന്നു എന്നാണ് ചെന്നിത്തലയുടെ ആരോപണം. എല്ലാ ദിവസവും പത്രക്കുറിപ്പ് ഇറക്കിയാല്‍ പോരേ എന്നാണ് നിയമസഭ തുടങ്ങിയാല്‍ എല്ലാ ദിവസവും പത്ര സമ്മേളനം നടത്താറുള്ള പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. (കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബത്തെ കൂട്ടി ആദിവാസി കുടിലുകളില്‍ കയറിയിറങ്ങിയപ്പോള്‍ എന്തിനാണ് കൂടെ പത്രക്കാരെ കൂട്ടിയത് എന്നു മാത്രം ചോദിക്കരുത്)

ഇവിടെയാണ് ചെന്നിത്തല മക് ലൂഹന്റെ പ്രശസ്ത സിദ്ധാന്തത്തെ കൂട്ട് പിടിക്കുന്നത്. ടെലിവിഷന്‍ ചാനലുകളിലൂടെ തന്നെ സ്വയം പ്രദര്‍ശിപ്പിച്ച് ആരോഗ്യ മന്ത്രി നടത്തുന്ന പത്രസമ്മേളനങ്ങള്‍ അനാവശ്യ ഭീതി സൃഷ്ടിക്കുമെന്നാണ് ചെന്നിത്തല പറയുന്നത്. (ഇതിന് മാതൃഭൂമി ചാനല്‍ അവതാരകന്‍ വേണു ഇന്‍ഫര്‍മേഷന്‍ എപിഡമിക് എന്നൊരു സിദ്ധാന്ത വ്യാഖ്യാനം ചമയ്ക്കുന്നുണ്ട്. അത് അവസാനം പറയാം). മറിച്ച് ഒരു പത്രക്കുറിപ്പ് ഇറക്കിയാല്‍ വിവരം ജനങ്ങള്‍ അറിയുകയും ചെയ്യും അവര്‍ ഭീതിദര്‍ ആവുകയും ചെയ്യില്ല. സന്ദേശം ഒന്നായിരിക്കുമ്പോള്‍ തന്നെ മന്ത്രി നടത്തുന്ന പത്രസമ്മേളനം ഉണ്ടാക്കുന്ന അര്‍ത്ഥവും ഒരു ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് പത്രകുറിപ്പ് ഉത്പാദിപ്പിക്കുന്ന അര്‍ഥവും രണ്ടും രണ്ടാണ്. ചെന്നിത്തലയുടെ വ്യാഖ്യാന പ്രകാരം ഒന്നാമത്തേത് ആളുകളെ പേടിപ്പിക്കും, രണ്ടാമത്തേത് അങ്ങനെ ചെയ്യില്ല. -മീഡിയം ഈസ് മെസേജ്. മാധ്യമമാണ് സന്ദേശം എന്ന സിദ്ധാന്തം നന്നായി മനസിലാക്കിയ അധ്യാപിക കൂടിയായ ആരോഗ്യമന്ത്രി സിദ്ധാന്തത്തെ ശരിക്കുമങ്ങ് പ്രയോഗവത്ക്കരി ക്കുകയാണ്. ടെലിവിഷന്‍ എന്ന മാധ്യമത്തിലൂടെ, ഇപ്പോള്‍ സോഷ്യല്‍ മീഡിയ ലൈവിലൂടെ, നവമാധ്യമ അല്‍ഗോരിത സാധ്യത ഉപയോഗിച്ച് അനുനിമിഷം ഇരട്ടിക്കുന്ന ആളുകളിലേക്ക് എത്തുമ്പോള്‍ ഉണ്ടാവുന്ന ഇംപാക്ട് ഒന്നും ഒരു പത്രക്കുറിപ്പിനും ഉണ്ടാവില്ല എന്നു ആര്‍ക്കാണ് അറിയാത്തത്. രണ്ടിലെയും മെസേജ് ഒന്നാണെങ്കില്‍ പോലും.

ചെന്നിത്തല മക് ലൂഹനും മുകളിലേക്കു പറന്നു പൊങ്ങുന്നത് മറ്റൊരു പ്രയോഗത്തിലൂടെയാണ്. നേരത്തെ പറഞ്ഞ മീഡിയ മാനിയ എന്ന പദം തന്നെ. പത്ര സമ്മേളനങ്ങളോട് അഭിനിവേശം കാണിക്കുന്ന അവസ്ഥയെയാണ് മീഡിയ മാനിയ എന്ന പദം കൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കിയിരിക്കുന്നത്. അതായത് നിരന്തരം ചാനലുകളില്‍ മുഖം കാണിച്ച് ഞാന്‍ മാത്രമാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്ന പൊതുബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വാര്‍ത്താ സമ്മേളനങ്ങളില്‍ പ്രതിപക്ഷത്തെ പ്രത്യക്ഷത്തില്‍ കുറ്റം പറയുന്നില്ല എന്നതുശരി തന്നെ. എന്നാല്‍ അവരെയൊക്കെ അപ്രസക്തമാക്കുന്ന പ്രകടനമാണ് സോഷ്യല്‍ മീഡിയ ‘ടീച്ചറമ്മ’ എന്നു സ്നേഹത്തോടെ വിളിക്കുന്ന ആരോഗ്യമന്ത്രി ചെയ്യുന്നത്. അത് ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ മൈലേജ് ആണ് ചെന്നിത്തല കണക്കുകൂട്ടിയത്. (ഈ വാദമുന്നയിച്ച ചെന്നിത്തല അനില്‍ അക്കര എം എല്‍ എയുടെ നിലവാരത്തിലേക്ക് താഴ്ന്നു എന്നു പറയാതിരിക്കാനാവില്ല, വ്യക്തതയ്ക്ക് ഇന്നലത്തെ മാതൃഭൂമി ചര്‍ച്ചയില്‍ അനില്‍ അക്കരെ പറയുന്ന കാര്യങ്ങള്‍ ശ്രവിക്കുക)

ഇനി എന്താണ് മാനിയ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നു നോക്കാം.

ഒരു തരം ‘മാനസിക രോഗം’

എന്നാണ് ഗൂഗിള്‍ ഡിക്ഷണറി അര്‍ത്ഥം പറയുന്നത്. mental illness marked by periods of great excitement or euphoria, delusions, and overactivity, an excessive enthusiasm or desire; an obsession.

ഈ അവസരത്തില്‍ ചെന്നിത്തലയെ പഴയ ഒരു കഥ ഓര്‍മ്മിപ്പിക്കുകയാണ്. ഹാലൂസിനേഷന്‍, മതിഭ്രമം ആണെന്ന് പറഞ്ഞതിനാണ് മോഹന്‍ലാലിനെതിരെ ഗാന്ധിയനായ സുകുമാര്‍ അഴീക്കോട് കേസ് കൊടുത്തത്. ശൈലജ ടീച്ചര്‍ ഗാന്ധിയ കൂടി അല്ല എന്നോര്‍ക്കുക.

ഇനി ഇന്നലെ വൈകീട്ട് വേണു ബാലകൃഷ്ണന്‍ മാതൃഭൂമി ചാനലില്‍ നടത്തിയ ന്യൂസ് അവര്‍ പ്രൈം ടൈം പൊറാട്ടില്‍ എന്താണ് നടന്നതെന്ന് നോക്കാം. മാതൃഭൂമിയുടെ ചര്‍ച്ചാ വിഷയം ആരോഗ്യ മന്ത്രിക്ക് മാധ്യമക്കമ്പമോ? (മീഡിയ മാനിയയെ 'മാധ്യമ ഭ്രാന്ത്' എന്നു പറയുന്നതിന് പകരം ഒന്നു ലഘൂകരിച്ചു എന്നു മാത്രം.)

എന്തിനാണ് ഇത്ര പത്രസമ്മേളനങ്ങള്‍ നടത്തുന്നത് എന്നാണ് വേണുവിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം. 120 കോടിയുടെ ആരോഗ്യത്തിന്റെ കാവല്‍ക്കാരനും ഡോക്ടറും കൂടിയായ കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇതുപോലെ പത്ര സമ്മേളനം നടത്തുന്നില്ലല്ലോ. എന്തിന് പറയുന്നു കേരളത്തിനെക്കാള്‍ വലിയ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ ഒരു ആരോഗ്യമന്ത്രിയുണ്ട്. അവിടെ ഇത് പോലെ പത്രസമ്മേളനം നടത്തുന്നില്ലലോ (ഇന്ത്യയിലെ ആദ്യ കോവിഡ് 19 മരണം അപ്പോഴേക്കും കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞിരുന്നു). എന്തിനാണ് താന്‍ തന്നെ എല്ലാം നാട്ടുകാരോട് പറയണമെന്ന് മന്ത്രി ശാഠ്യം പിടിക്കുന്നത്? അതിന്റെ പിന്നില്‍ രാഷ്ട്രീയ താതപര്യമല്ലേ? ഇതൊക്കെയാണ് അവതാരകന്റെ വാദഗതികള്‍. ഇനി എല്ലാവരോടും ചോദ്യങ്ങള്‍ ചോദിക്കുന്ന വേണുവിനോട് ഒരു മാധ്യമ പഠന തല്‍പ്പരനെന്ന നിലയില്‍ 10 ചോദ്യങ്ങള്‍; 1. ആരോഗ്യ വകുപ്പ് ഇറക്കുന്ന പത്രക്കുറിപ്പോ അല്ലെങ്കില്‍ മന്ത്രി നടത്തുന്ന പത്ര സമ്മേളനമോ? ഏതിനാണ് വാര്‍ത്താ മൂല്യം കൂടുതല്‍?

2. ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡേയും മന്ത്രിയും തലസ്ഥാനത്ത് ഒരേ സമയം പത്രസമ്മേളനം വിളിച്ചാല്‍ ആരുടെ പത്രസമ്മേളനത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം ഒരു മാധ്യമ സ്ഥാപനം നല്‍കുക? 3. ഒരു ഉദ്യോഗസ്ഥന്‍ നടത്തുന്ന പത്ര സമ്മേളന വാര്‍ത്തയ്ക്കൊ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് കൂടിയായ മന്ത്രിയുടെ പത്രസമ്മേളന വാര്‍ത്തയ്ക്കൊ കൂടുതല്‍ പ്രേക്ഷകരെ കിട്ടുക? അതായത് വിവരങ്ങളുടെ വ്യാപനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഏതാണ് നല്ലത്? 4. മന്ത്രി നടത്തുന്ന മാധ്യമ സമ്മേളനങ്ങള്‍ ഭീതിയാണ് പരത്തുന്നത് എന്നത് ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പറയുന്നത്? മറിച്ച് ഒരു ജനനേതാവിന്റെ വാക്കുകള്‍ ചുരുങ്ങിയത് അയാളുടെ/അവരുടെ അണികളിലെങ്കിലും ആത്മവിശ്വാസം ഉണ്ടാക്കില്ലേ?

5. കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ച പ്രസ്താവനയില്‍ ലോകാരോഗ്യ സംഘടന പറഞ്ഞ ഒരു പോയിന്‍റ് അപകടകരമായ നിഷ്ക്രീയത (inaction) എന്നാണ്. ഒരു സംവിധാനം ചലിച്ചുകൊണ്ടിരിക്കുകയാണ്, നിങ്ങള്‍ ഭയക്കേണ്ട എന്നു ഒരു മന്ത്രി ജനങ്ങളോട് പറയുന്നതില്‍ എന്താണ് തെറ്റ്? 6. 'ഇന്‍ഫര്‍മേഷന്‍ എപിഡമിക്' എന്ന അസാധാരണ സ്ഥിതിവിശേഷം ഉണ്ടാകും എന്ന ഭീതി അവതാരകന്‍ പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഒരു കലാപത്തെ നിങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യും, ഒരു ദുരന്തത്തെ..? ഈ വാര്‍ത്തകള്‍ എല്ലാം ദൃശ്യ അകമ്പടി ഇല്ലാതെ അവതാരകന്‍ വായിച്ചാല്‍ മാത്രം പോരേ? കഴിഞ്ഞ ദിവസം ചേര്‍ത്തല പൂച്ചാക്കലില്‍ വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിക്കുന്ന ദാരുണ ദൃശ്യം എന്തിനാണ് വാര്‍ത്തയ്ക്ക് അകമ്പടിയായി (പേരിനു മാസ്ക് ചെയ്തിട്ടുണ്ടെങ്കിലും) കാണിച്ചത്? 7. എന്നാണ് മാധ്യമങ്ങള്‍ക്ക് പത്ര സമ്മേളനങ്ങള്‍ ഇത്ര പ്രശ്നമായത്. മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമ സമ്മേളനം വിളിച്ച് പറയാതെ പത്രക്കുറിപ്പ് ഇറക്കുന്നു എന്നായിരുന്നില്ലേ മുഖ്യമന്ത്രിക്കെതിരായ ഏറ്റവും വലിയ പരാതി. മാധ്യമ പ്രവര്‍ത്തകരോട് മാറി നില്‍ക്ക് എന്നു പറഞ്ഞതായിരുന്നല്ലോ ഏറ്റവും വലിയ കുറ്റം?

8. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമല്ലേ മാധ്യമ സമ്മേളനങ്ങള്‍ നല്‍കുന്നത്. അതല്ലേ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ സൌകര്യം? തത്സമയ സംപ്രേക്ഷണ സാധ്യത അതിനല്ലേ? 9. മാധ്യമ സമ്മേളനം വിളിക്കാതെ തന്നെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിട്ടുപടിക്കല്‍ രാപ്പകല്‍ മാധ്യമ പ്രവര്‍ത്തകര്‍ കാവല്‍ കിടന്നത് എന്തിനാണ്? 10. സത്യസന്ധമായ വിവരങ്ങള്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരു മന്ത്രി തന്നെ വന്നു പറയുമ്പോള്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാകുന്നത് തടയില്ലേ? അതല്ലേ ശരിക്കും misinformation epidemic? Also Read:

കെ കരുണാകരന്റെ ശിഷ്യത്വം, ഉമ്മന്‍ ചാണ്ടിയുമായുള്ള സഹവാസം, ശൈലജ ടീച്ചറൊട് അസൂയപ്പെടുന്ന രമേശ് ചെന്നിത്തലയെ നമ്മള്‍ മനസ്സിലാക്കണം

ചായക്കടയില്‍ കേട്ടത് കഴിഞ്ഞ ദിവസം ശാസ്തമംഗലത്തെ ഒരു ചായക്കടയില്‍ നിന്നും ഏഷ്യാനെറ്റ്, മീഡിയ വണ്‍ വിലക്കിനെ കുറീച് മൂന്നു പേര്‍ നടത്തുന്ന സംസാരം കേള്‍ക്കാനിടയായി. അതിലൊരാള്‍ പറയുകയാണ്. "ഞാന്‍ ജയിലില്‍ ഡോക്ടറായിരുന്നു. സത്യം പറയാമല്ലോ അവിടെയുള്ള ആളുകളാളൊക്കെ നല്ലവരാ. ശരിക്കുമുള്ള ക്രിമിനലുകള്‍ രാഷ്ട്രീയക്കാരാ. ഏത് കഴിഞ്ഞാല്‍ പോലീസ്." ഏറ്റവും വലിയ ക്രിമിനല്‍ ഏതാണ് എന്ന ആ വിദ്യാസമ്പന്നന്‍റെ സിദ്ധാന്തമാണ് ഏറ്റവും ഞെട്ടിച്ചത്. "ഏറ്റവും വലിയ ക്രിമിനലുകള്‍ മീഡിയയാണ്". കേട്ടു നിന്ന രണ്ടാളുകളും തല കുലുക്കി സമ്മതിച്ചു. ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്ത രണ്ടു കൂട്ടരെ-രാഷ്ട്രീയക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും-കുറിച്ചാണ് മേല്‍ ആരോപണം. പക്ഷേ ഈ രണ്ടു കൂട്ടരും ഇല്ലെങ്കില്‍ ഈ ലോകത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് മേല്‍പ്പറഞ്ഞ ജനം ചിന്തിക്കുന്നുണ്ടോ എന്നറിയില്ല. നമ്മള്‍ നേരിട്ട പ്രളയവും ഇപ്പോള്‍ നേരിടുന്ന കോവിഡും തന്നെ ഉദാഹരണം. അതുകൊണ്ട് പത്രസമ്മേനങ്ങളുടെ എണ്ണം എടുക്കാതെ, ദുരന്തമുഖത്ത് ക്രെഡിറ്റ് തട്ടുന്നു എന്ന് വിലപിച്ച് സ്വയം നാണം കെടാതെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക. എല്ലാ ദുരന്തങ്ങളെയും ലോകം അതിജീവിച്ചത് അങ്ങനെയാണ്.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories