TopTop
Begin typing your search above and press return to search.

ബെന്നി ബഹനാന്റെ പരാതി, സക്കാത്തെന്ന് കെടി ജലീലിന്റെ വൈകാരിക കുറിപ്പ്, സമുദായവത്ക്കരിക്കേണ്ടെന്ന മുന്നറിയിപ്പുമായി ലീഗ്; സ്വപ്ന തുറന്നു വിട്ട ഭൂതം കേരള രാഷ്ട്രീയത്തെ വിഴുങ്ങുന്നത് ഇങ്ങനെയൊക്കെയാണ്

ബെന്നി ബഹനാന്റെ പരാതി, സക്കാത്തെന്ന് കെടി ജലീലിന്റെ വൈകാരിക കുറിപ്പ്, സമുദായവത്ക്കരിക്കേണ്ടെന്ന മുന്നറിയിപ്പുമായി ലീഗ്; സ്വപ്ന തുറന്നു വിട്ട ഭൂതം കേരള രാഷ്ട്രീയത്തെ വിഴുങ്ങുന്നത് ഇങ്ങനെയൊക്കെയാണ്

'സംസ്ഥാനത്ത് കുത്തഴിഞ്ഞ ഭരണമോ?' എന്ന വിഷയമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ ചര്‍ച്ചയ്ക്കെടുത്തത്. സ്വാഭാവികമായും രാഷ്ട്രീയ നേതാക്കള്‍ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് പോര്‍ വിളി നടത്തേണ്ട, ഇടവേളകളില്‍ അവതാരകന്‍ 'ഹൊയ് ഹൊയ്' വിളിച്ചു വായ്ത്താരി ഇടേണ്ട ഒരു ചര്‍ച്ചയായിരുന്നു. എന്നാല്‍ പാനലില്‍ ഉണ്ടായിരുന്നത് മുന്‍ ബ്യൂറോ ക്രാറ്റുകളും ഒരു അഭിഭാഷകനും. ടിപി ശ്രീനിവാസന്‍, സി വി ആനന്ദ്ബോസ്, റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ രാജ് മോഹന്‍, അഭിഭാഷകന്‍ എം ആര്‍ അഭിലാഷ്. ഈ പാനലിലെ രണ്ട് പേര്‍ മുന്‍ ഉന്നത ഉദ്യോഗസ്ഥരാണെങ്കിലും അമിത് ഷായില്‍ നിന്നും മെമ്പര്‍ഷിപ് ഏറ്റ് വാങ്ങിയ പ്രഖ്യാപിത ബിജെപിക്കാരാണ് ഇപ്പോള്‍. പക്ഷേ ഇന്നലത്തെ ചര്‍ച്ചയില്‍ അവര്‍ ആ രാഷ്ട്രീയമൊന്നും പറയാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. തികച്ചും ഭരണ നിര്‍വ്വഹണം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചാ വിഷയമായത്, അവതാരകന്റെ ഭാഗത്ത് നിന്നുള്ള പരോക്ഷ രാഷ്ട്രീയ സൂചനകള്‍ ഒഴിച്ച്. കണ്‍സള്‍ട്ടന്‍സി, നിയമനങ്ങള്‍, സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ്, ഗവണ്‍മെന്‍റ് നെയിം ബോര്‍ഡ് സ്വകാര്യ വാഹനത്തില്‍ തുടങ്ങിയവ.

ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ഇനി കുറച്ചുകാലം സി പി എമ്മിന്റെ നേതാക്കള്‍ ഉണ്ടാവില്ല എന്ന് തീര്‍ച്ചയായി. ഒരു സംവാദത്തില്‍ പാലിക്കേണ്ട മര്യാദ അവതാരകന്‍ പാലിക്കുന്നില്ലെന്നും സി പി എം പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ നിരന്തരം ഇടപെട്ട് തടസ്സപ്പെടുത്തുന്നു എന്നും പറഞ്ഞുകൊണ്ടു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി തന്നെ തീരുമാനമെടുക്കുകയും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുകയും സൈബര്‍ പോരാളികള്‍ അതേറ്റെടുകുകയും ചെയ്തിട്ടുണ്ട്.

ഇതല്ല ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയം. ചര്‍ച്ചയ്ക്കിടയില്‍ അവതാരകന്‍ വിനുവി ജോണ്‍ പറഞ്ഞ ഒരു കാര്യമുണ്ട്. "സ്വര്‍ണ്ണക്കള്ളക്കടത്ത് പിടിച്ചത് നന്നായി. അതിനു പിന്നാലേ എന്തൊക്കെ കാര്യങ്ങളാണ് പുറത്തു വരുന്നത്" എന്ന്. അത് തികച്ചും ശരിയാണ്. സംസ്ഥാനഭരണത്തിന്റെ അണിയറയില്‍ നടക്കുന്ന നിരവധി കാര്യങ്ങളാണ് ഈ കഴിഞ്ഞ രണ്ടാഴ്ചക്കാലം കേരളം ചര്‍ച്ച ചെയ്തത്. അതില്‍ പലതും പൊതുസമൂഹത്തിന്റെ ഗൌരവതരമായ ശ്രദ്ധ അര്‍ഹിക്കുന്നതുമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി മുന്‍ പ്രിസിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ നടത്തിയ നിരവധി ക്രമക്കേടുകള്‍ സ്വര്‍ണ്ണ കള്ളക്കടത്ത് ചര്‍ച്ച ഇതിനകം വിശദമായി കൈകാര്യം ചെയ്തുകഴിഞ്ഞു. ചില കാര്യങ്ങളില്‍ ഗവണ്‍മെന്‍റിന് നടപടി കൈക്കൊള്ളേണ്ടതായും വന്നു. സംസ്ഥാനത്ത് 'അരങ്ങുതകര്‍ക്കുന്ന' 'കണ്‍സള്‍ട്ടന്‍സി രാജി'നെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദീര്‍ഘമായ പത്ര സമ്മേളനങ്ങള്‍ നടത്തി. പ്രൈസ് വാട്ടേഴ്സ് ഹൌസ് കൂപ്പെഴ്സിനെ ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും നീക്കിയതായി സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. ഇന്നലെ സി ദിവാകരന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെ സ്വകാര്യ സ്ഥാപനങ്ങള്‍ ഒക്കെ ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ എന്തെങ്കിലും 'പന്തികേടുകള്‍' ഉണ്ടോ എന്ന കരുതല്‍ എടുക്കേണ്ടതിനെ കുറിച്ച് പറഞ്ഞിരിക്കുന്നു. സ്പീക്കര്‍ ഉദ്ഘാടനം ചെയ്ത സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് സി ദിവാകരന്റെ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. തന്നോടു ചോദിക്കാതെ പേര് വെച്ച കാര്യവും സി ദിവാകരന്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി കെ ടി ജലീല്‍ യു എ ഇ കോണ്‍സുലേറ്റില്‍ നിന്നും സംഭാവന സ്വീകരിച്ചത് സംബന്ധിച്ച ചട്ട ലംഘനങ്ങള്‍ ചര്‍ച്ചയാവുന്നു. ജലീലിനെതിരെ ഫെറ നിയമം ലംഘിച്ചു എന്നാരോപിച്ച് യു ഡി എഫ് കണ്‍വീനറും എം പിയുമായ ബെന്നി ബഹനാന്‍ കേന്ദ്രത്തിന് പരാതി കൊടുത്തിരിക്കുന്നു. യു എ ഇ കോണ്‍സുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടത് നയതന്ത്ര വിഷയമായി ചര്‍ച്ച ചെയ്യുന്നു. സിനിമ മേഖലയിലെ ഒരു ന്യൂ ജനറേഷന്‍ സംവിധായകനെ ടാര്‍ജറ്റ് ചെയ്തു പ്രസ്താവനകളുമായി ബിജെപി നേതാക്കള്‍ രംഗത്തുവരുന്നു. യു എ ഇ കോണ്‍സുലാര്‍ ജനറലിന് ഡി ജി പി നേരിട്ടു ഉത്തരവ് ഇറക്കി ഗണ്‍മാനെ നല്‍കിയതിലെ ചട്ട വിരുദ്ധത ചര്‍ച്ചയാവുന്നു. സി പി എമ്മിന്റെ ഔദ്യോഗിക നിലപാടുകളില്‍ നിന്നും പിണറായി വിജയന്‍ വ്യതിചലിച്ചു എന്ന് പറഞ്ഞുകൊണ്ടു രമേശ് ചെന്നിത്തല സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കത്തയക്കുന്നു. അങ്ങനെ നീളുന്നു സംഭവ പരമ്പരകള്‍.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഒന്നാണ് ഡോ. കെ ടി ജലീലിനെതിരായുള്ളത്. സി പി എം സഹയാത്രികനായ മലപ്പുറത്തുകാരന്‍ മുസ്ലീം സമുദായാംഗം എന്നനിലയിലും മുന്‍ മുസ്ലീം ലീഗ് നേതാവ് എന്ന നിലയിലും ഏഷ്യാനെറ്റ് രണ്ടാഴ്ച മുന്പ് നടത്തിയ സര്‍വ്വേയില്‍ 48 ശതമാനം മുസ്ലീങ്ങള്‍ ഇടതുമുന്നണി വീണ്ടും വരണം എന്നാഗ്രഹിക്കുന്നു എന്ന കണ്ടെത്തല്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലും കെ ടി ജലീലിനെതിരെ കുന്തമുന തിരിക്കുന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മാത്രമല്ല പിണറായി വിജയനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ജലീല്‍. നേരത്തെ ബന്ധു നിയമന വിവാദത്തിലും മാര്‍ക്ക് ദാന വിവാദത്തിലും ജലീലിനെ പ്രതിപക്ഷം കുരുക്കിലാക്കുകയും അത് വലിയ രാഷ്ട്രീയ ചര്‍ച്ച ആവുകയും ചെയ്തതാണ്. രണ്ടാമത്തെ വിഷയത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കം ഇടപെടുകയുണ്ടായി.

Also Read: അർഹതയുള്ളവർക്ക് വേണ്ടി ഇനിയും ചട്ടം ലംഘിക്കും: കെ ടി ജലീൽ‍

സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യ പ്രതിയായ സ്വപ്നയുടെ ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ കെ ടി ജലീല്‍ വിളിച്ചതായി തെളിഞ്ഞു. എന്നാല്‍ അത് തന്റെ നിയമസഭാ മണ്ഡലത്തില്‍ കോവിഡ് കാലത്ത് നടത്തിയ റംസാന്‍ മാസത്തിലെ ഭക്ഷണ കിറ്റ് വിതരണത്തിന് യു എ ഇ കോണ്‍സുലേറ്റ് സഹായം നല്‍കിയത് സംബന്ധിച്ചാണ് എന്ന വിവരം ചില വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ട് ജലീല്‍ വിശദീകരിക്കുകയും ചെയ്തു. ജലീല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം ഇപ്രകാരമാണ്; കഴിഞ്ഞ മേയ് 27 ന് യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും എനിക്കൊരു സന്ദേശം വന്നു. എല്ലാ വര്‍ഷവും റംസാനോട് അനുബന്ധിച്ച് യുഎഇ കോണ്‍സുലേറ്റ് റിലീഫിന്റെ ഭാഗമായി ഭക്ഷണ കിറ്റുകള്‍ നല്‍കാറുണ്ട്. ഇപ്രാവശ്യം ലോക് ഡൗണ്‍ അയതുകൊണ്ട് അവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് മേയ് 27 ന് ഭക്ഷണ കിറ്റുകള്‍ കൊടുക്കാനാഗ്രഹമുണ്ടെന്ന സന്ദേശം യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും വരുന്നത്. തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ തരപ്പെടുത്താം എന്ന് ഞാനറിയിച്ചു. അങ്ങനെയെങ്കില്‍ സ്വപ്‌ന താങ്കളുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം എന്നെ മെസ്സേജില്‍ അറിയിക്കുകയായിരുന്നു. മാത്രമല്ല സ്വപ്നയുമായി സംസാരിച്ച കോളുകള്‍ എല്ലാം തന്നെ കുറച്ചു സെക്കണ്ടുകള്‍ നീണ്ടു നില്‍ക്കുന്നത് മാത്രമാണെന്നും അത് യു എ ഇ കോണ്‍സുലേറ്റ് നിര്‍ദ്ദേശിച്ചതിന്‍ പ്രകാരമാണെന്നും ജലീല്‍ വിശദീകരിച്ചത് ഫോണ്‍ വിളിയുടെ മറ്റ് സാധ്യതകളെ ഭാവന ചെയ്തവരെ നിരാശപ്പെടുത്തുന്നതായി. എന്നാല്‍ ജലീലിന്റെ വിശദീകരണത്തില്‍ മറ്റൊരു അപകടം ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അതാണ് യു ഡി എഫ് കണ്‍വീനറും എം പിയുമായ 'മന്ത്രി ജലീലിന്റെ വിദേശ സംഭാവനാ നിയമലംഘനം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; വിചാരണ ചെയ്യണം: പ്രധാനമന്ത്രിക്ക് ബെന്നി ബഹനാന്റെ പരാതി ബെന്നി ബഹനാന്‍ കേന്ദ്ര ഗവണ്‍മെന്‍റിന് പരാതി ആയി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഒരു സംസ്ഥാന മന്ത്രിക്ക് മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര കാര്യാലയവുമായി നേരിട്ടു ബന്ധപ്പെടാന്‍ സാധിക്കുമോ എന്നതാണ് ഒരു ചോദ്യം. മറ്റൊന്ന് മറ്റൊരു രാജ്യത്തില്‍ നിന്നും പണമായോ വസ്തുക്കളായോ സംഭാവനകള്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി സ്വീകരിക്കുന്നത് നിയമ ലംഘനമോ? ആദ്യത്തെ കാര്യത്തില്‍ സാധിക്കില്ല എന്നു തന്നെയാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ നയതന്ത്ര രംഗത്തെ വിദഗ്ധര്‍ പറഞ്ഞത്. മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കോ നയതന്ത്ര പ്രതിനിധികള്‍ക്കോ അവര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് എന്തെങ്കിലും ചെയ്യണമെങ്കിലോ ആശയവിനിമയം നടത്തണമെങ്കിലോ ആ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം വഴി മാത്രമായിരിക്കണമെന്ന് വ്യക്തമായി പെരുമാറ്റച്ചട്ടങ്ങള്‍ വിശദീകരിക്കുന്ന ഡിപ്ലോമാറ്റിക് ഹാന്‍ഡ് ബുക്കില്‍ പറഞ്ഞിട്ടുണ്ടെന്ന് മുന്‍ അംബാസിഡറും നയതന്ത്രവിഗ്ധനുമായ ടി പി ശ്രീനിവാസന്‍ അഴിമുഖത്തോട് പറഞ്ഞു. പ്രദേശിക സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നതില്‍ തടസങ്ങളില്ലെങ്കിലും ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമായിരിക്കണമതെന്നാണ് മറ്റൊരു നയതന്ത്രവിദഗ്ധനായ കെ പി ഫാബിയാനും പറയുന്നത്. Also Read: ശിവശങ്കറിനെ പുറത്താക്കാൻ പറഞ്ഞ കാരണം മന്ത്രിക്ക് ബാധകമല്ലേ? വിദേശ നയതന്ത്രപ്രതിനിധികളുമായി ബന്ധപ്പെട്ട കെ ടി ജലീൽ ചെയ്തത് തെറ്റെന്ന് നയതന്ത്ര വിദഗ്ദരും

എന്നാല്‍ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഉന്നയിക്കുന്നത് മറ്റൊരു വാദമാണ്. ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്റ്റ് (FCRA) ലംഘനം ആരോപിച്ചാണ് ബെന്നി ബഹനാൻ എം.പി പ്രധാനമന്ത്രിക്ക് പരാതി നൽകി.യു എ ഇ കോൺസൽ ജനറൽ സ്പോൺസർ ചെയ്ത അഞ്ച് ലക്ഷം രൂപയുടെ കിറ്റിനായി കോൺസൽ ജനറൽ തന്നെ വിളിച്ചതായും ആയിരം കിറ്റിനുള്ള പണം കൺസ്യൂമർ ഫെഡിൽ അടച്ചതായും മന്ത്രി തന്നെ തുറന്നു സമ്മതിച്ചതാണെന്ന് ബെന്നി ബഹനാന്‍ പറയുന്നു. അഞ്ച് ലക്ഷം രൂപയുടെ പണമിടപാടാണ് യു എ ഇ കോൺസുലേറ്റ് ജനറലുമായി ചേർന്ന് മന്ത്രി നടത്തിയത്. നിയമപരമായി ഇത്തരം സാമ്പത്തിക ഇടപാടുകള്‍ മന്ത്രിയും മറ്റൊരു രാജ്യത്തിന്റെ കോണ്‍സുലേറ്റ് ജനറലും തമ്മിലുണ്ടാകാന്‍ പാടില്ലാത്തതാണ്. ഫെറ നിയമത്തിന്റെ ചട്ടം മൂന്ന് അനുസരിച്ച് നിയമനിർമ്മാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ബെന്നി ബഹനാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. യു എ ഇ കോൺസുലേറ്റ് ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയതും ചട്ട ലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രി ജലീലിന്റെ നടപടി ഫെറ ആക്ട് മുപ്പത്തഞ്ചാം വകുപ്പിന്റെ ലംഘനമാണെന്നും അഞ്ച് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബെന്നി ബഹാനാന്റെ പരാതിയോട് വൈകാരികമായാണ് മന്ത്രി കെ ടി ജലീല്‍ ഇന്നലെ പ്രതികരിച്ചത്. ഫേസ്ബുക്കില്‍ എഴുതിയ നീണ്ട തുറന്ന കത്തിലാണ് മന്ത്രിയുടെ പ്രതികരണം. "ഒരു ജനപ്രതിനിധി എന്ന നിലയിലും ബഹുജന ബന്ധമുള്ള പൊതു പ്രവർത്തകൻ എന്ന നിലയിലും സർവോപരി UDF കൺവീനർ എന്ന നിലയിലും 'സക്കാത്ത്' എന്ന സൽകർമ്മത്തിൻ്റെ പുണ്യവും പ്രാധാന്യവും താങ്കൾക്ക് തീർച്ചയായും അറിയുമെന്നാണ് ഞാൻ കരുതുന്നത്. 'സക്കാത്ത് ' എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്നേഹത്തിൻ്റേയും ആദരവിൻ്റേയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കർമ്മമാണ്. ഇക്കഴിഞ്ഞ വിശുദ്ധ റമളാൻ മാസത്തിൽ മുൻവർഷങ്ങളിലേതെന്ന പോലെ UAE കോൺസുലേറ്റ് 'സഹായം' നൽകുന്നതിൻ്റെ ഭാഗമായി അർഹരായ കുറേ പാവപ്പെട്ട കുടുംബങ്ങൾക്ക് കക്ഷിയോ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ നൽകിയ പുണ്യത്തിൻ്റെ അംശത്തെയാണ് താങ്കൾ വിദേശ ഫണ്ടിൻ്റെ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശേഷിപ്പിച്ചത്."2019 മെയില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്യുന്നതിന്റെ യു എ ഇ കോണ്‍സുലേറ്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രവും ജലീല്‍ തന്റെ കുറിപ്പിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രി ജലീലിന്റെ വിശദീകരണം "വിദേശ ഫണ്ടല്ല, വിതരണം ചെയ്തത് സക്കാത്ത്' എന്ന തലക്കെട്ടില്‍ മലയാള മനോരമയും , സക്കാത്ത് വിദേശ വിനിമയ ചട്ട ലംഘനമല്ലെന്ന് മന്ത്രി കെടി ജലീല്‍ എന്ന തലക്കെട്ടില്‍ മാതൃഭൂമിയും മറ്റ് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ബെന്നിബെഹനന് ഒരു തുറന്ന കത്ത് പ്രിയപ്പെട്ട ശ്രീ ബെന്നി ബെഹനൻ MP അവർകൾക്ക്, താങ്കൾ ബഹുമാനപ്പെട്ട ഇൻഡ്യൻ പ്രധാനമന്ത്രിക്ക് ഞാൻ വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആക്ഷേപവും ആരോപണവും ഉന്നയിച്ച് കത്തയച്ച വിവരം വാർത്താ മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. അതിൻ്റെ പശ്ചാത്തലത്തിൽ താഴേ പറയുന്ന വസ്തുതകളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടിയാണ് ഈ തുറന്ന കത്ത്.

ഒരു ജനപ്രതിനിധി എന്ന നിലയിലും ബഹുജന ബന്ധമുള്ള പൊതു പ്രവർത്തകൻ എന്ന നിലയിലും സർവോപരി UDF കൺവീനർ എന്ന നിലയിലും 'സക്കാത്ത്' എന്ന സൽകർമ്മത്തിൻ്റെ പുണ്യവും പ്രാധാന്യവും താങ്കൾക്ക് തീർച്ചയായും അറിയുമെന്നാണ് ഞാൻ കരുതുന്നത്. 'സക്കാത്ത് ' എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്നേഹത്തിൻ്റേയും ആദരവിൻ്റേയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കർമ്മമാണ്. ഇക്കഴിഞ്ഞ വിശുദ്ധ റമളാൻ മാസത്തിൽ മുൻവർഷങ്ങളിലേതെന്ന പോലെ UAE കോൺസുലേറ്റ് 'സഹായം' നൽകുന്നതിൻ്റെ ഭാഗമായി അർഹരായ കുറേ പാവപ്പെട്ട കുടുംബങ്ങൾക്ക് കക്ഷിയോ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ നൽകിയ പുണ്യത്തിൻ്റെ അംശത്തെയാണ് താങ്കൾ വിദേശ ഫണ്ടിൻ്റെ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശേഷിപ്പിച്ചത്. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസികളും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ എംബസികളും കോൺസുലേറ്ററുകളും ദീപാവലിക്കും പുതുവർഷാരംഭങ്ങളിലും ക്രിസ്തുമസിനും റംസാനോടനുബന്ധിച്ചും അതാത് രാജ്യങ്ങളിലെ പ്രധാനികൾക്കും പാവപ്പെട്ടവർക്കും ദേശാഭാഷ വിശ്വാസ വ്യത്യാസമില്ലാതെ മധുരപലഹാര പാക്കറ്റുകളും കേക്ക്ബോക്സുളും കാലാകാലങ്ങളായി നൽകി വരുന്നത് അങ്ങേക്കും അറിവുള്ളതാണല്ലോ? ഇതൊന്നും ഇതുവരെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനമാണെന്ന് ആക്ഷേപിക്കപ്പെട്ടത് ആരും കേട്ടിട്ടുണ്ടാവില്ല. ലോക രാജ്യങ്ങളും ജനസമൂഹങ്ങളും പുലർത്തുന്ന സൗഹാർദ്ദത്തിൻ്റെയും ആത്മാർത്ഥമായ അടുപ്പത്തിൻ്റെയും പ്രതിഫലനമായിട്ടല്ലേ ഇത്തരം സ്നേഹ പ്രകടനങ്ങളെ ഇന്നോളം എല്ലാവരും കണ്ടിട്ടുള്ളൂ.അങ്ങ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കയച്ച കത്തിൽ സൂചിപ്പിച്ചത് പോലെ ഇൻഡ്യൻ കറൻസിയോ വിദേശ കറൻസിയോ ഒരു രൂപാ നോട്ടിൻ്റെ രൂപത്തിൽ പോലും ഞാനോ ഇതുവഴി മറ്റാരെങ്കിലുമോ സ്വീകരിച്ചിട്ടില്ല. താങ്കൾ കത്തിൽ പരാമർശിക്കുന്ന പ്രകാരം ഞാൻ ആവശ്യപ്പെട്ടിട്ടല്ല UAE കോൺസുലേറ്റ് റംസാൻ ഭക്ഷണക്കിറ്റുകൾ നൽകിയത്. 2020 മെയ് 27 ന് കോൺസൽ ജനറൽ ഇതു സംബന്ധമായി എനിക്ക് വാട്സ്അപ് സന്ദേശം അയക്കുകയാണ് ഉണ്ടായത്. അതിപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ എൻ്റെ ഫോണിൽ കിടപ്പുണ്ട്. എപ്പോഴെങ്കിലും നേരിൽ കാണാൻ ഇടവന്നാൽ അങ്ങേക്കത് കാണിച്ചുതരാം. ഇക്കാര്യം പരസ്യമായി ഞാൻ പറഞ്ഞിട്ടുള്ളതുമാണ്.താങ്കളുടെ കത്തിൽ പറയുന്ന നിയമത്തിൽ അനുശാസിക്കും പ്രകാരമുള്ള ഏതെങ്കിലും സംഭാവനയോ (Contribution ), 25000/- രൂപക്ക് മേൽ മതിപ്പുള്ള സമ്മാനമോ (Gift) പോലുമല്ല 'സക്കാത്ത്' എന്ന് അങ്ങയെ ഓർമ്മിപ്പിക്കേണ്ടി വരുന്നതിൽ എനിക്ക് ദു:ഖമുണ്ട്. സംഭാവനക്കോ സമ്മാനത്തിനോ ഒരു പാട് മുകളിൽ നിൽക്കുന്ന 'സക്കാത്ത്' എന്ന സൽകർമ്മത്തിൻ്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാൾ ദുർവ്യാഖ്യാനം ചെയ്യരുതായിരുന്നു. ഒരു മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച സാമ്പത്തിക പ്രയാസത്തിൻ്റെ കാലത്ത് UAE കോൺസുലേറ്റിൻ്റെ സക്കാത്ത് സഹായം സ്വീകരിച്ച നിർധനരായ ആയിരത്തിലധികം കുടുംബങ്ങൾക്കും 'സക്കാത്തി'ൻ്റെ മഹത്വമറിയുന്ന മുഴുവൻ മനുഷ്യർക്കും അങ്ങയുടെ ആക്ഷേപം ഉണ്ടാക്കിയ മനോവേദനയും വിഷമവും എത്രയായിരിക്കുമെന്ന് സമയം കിട്ടുമ്പോൾ താങ്കൾ ആലോചിക്കുന്നത് നന്നാകും.ജീവിതത്തിലിന്നുവരെ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനയോ നയതന്ത്രപ്രതിനിധികളിൽ നിന്നുള്ള സമ്മാനമോ ഞാൻ സ്വീകരിച്ചിട്ടില്ല. എൻ്റെ ബാങ്ക് അക്കൗണ്ടും എൻ്റെയും കുടുംബത്തിൻ്റെയും സമ്പാദ്യവും ഞങ്ങളുടെ വീടും അവിടെയുള്ള വീട്ടുപകരണങ്ങളുടെ മൂല്യവും എൻ്റെ നാട്ടുകാരായ UDF പ്രവർത്തകരോട് അന്വേഷിക്കാൻ പറഞ്ഞാൽ അങ്ങേക്കും അത് ബോദ്ധ്യമാകും. അനർഹമായതൊന്നും ജീവിതത്തിലിതുവരെ ഒരാളിൽ നിന്നും കൈ പറ്റിയിട്ടില്ല. അങ്ങിനെ കൈപ്പറ്റിയതായി എന്നെക്കുറിച്ച് പറയുന്ന ഏതെങ്കിലും ഒരാളെ കാണിച്ചു തരാൻ അങ്ങേക്കോ അങ്ങയുടെ അനുയായികളിൽ ആർക്കെങ്കിലുമോ സാധിച്ചാൽ ആ നിമിഷം മുതൽ അങ്ങ് പറയുന്നത് ഞാൻ കേൾക്കും. ഇതൊരു വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിലാണ്. 2019 ൽ UAE കോൺസുലേറ്റ് സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണ ചടങ്ങിൽ ഈയുള്ളവൻ ക്ഷണിക്കപ്പട്ടിരുന്നു. അതിൻ്റെ ഫോട്ടോ കോൺസുലേറ്റ് തന്നെ അവരുടെ സൈറ്റിൽ അന്ന് പ്രസിദ്ധപ്പെടുത്തിയത് അങ്ങയുടെ ഓർമ്മയിലേക്കായി ഇവിടെ ഇമേജായി ചേർക്കുന്നു. നൻമകൾ നേർന്ന്കൊണ്ട് സ്നേഹപൂർവ്വം കെ.ടി. ജലീൽ

ജലീലിനെതിരെയുള്ള ആരോപണം വിദേശകാര്യ മന്ത്രാലയം ഗൌരവമായി എടുത്തിട്ടുണ്ട് എന്നും മന്ത്രാലയം അത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവരുന്നുണ്ട്. കൂടാതെ ബിജെപിയും ജലീലിനെതിരെയുള്ള ആരോപണം കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സക്കാത്തെന്ന നിർബന്ധിത ദാന കർമ്മവുമായി ബന്ധപ്പെടുത്തി താൻ ചെയ്ത ചട്ടലംഘനത്തെ മന്ത്രി കെ.ടി ജലീൽ സാമുദായികവൽക്കരിക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് രംഗത്തെത്തി കഴിഞ്ഞു.

എന്തായാലും സ്വപ്ന തുറന്നുവിട്ട ഭൂതം ആരെയൊക്കെ വിഴുങ്ങും എന്നു വഴിയേ അറിയാം.അന്വേഷണ കടിഞ്ഞാണ്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ ആയതുകൊണ്ട് തന്നെ ധ്രുവീകരണ രാഷ്ട്രീയക്കാര്‍ക്ക് കൊയ്ത്തുത്സവമാകുമോ എന്നും അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പ് വരെ നിലനില്‍ക്കാനുള്ള ആയുസ് ഈ വാര്‍ത്തകള്‍ക്ക് ഉണ്ടോ എന്നുള്ളതും.

Also Read: ഇത് 'രമേശ വിജയം' എന്നാഘോഷിക്കാന്‍ കോണ്‍ഗ്രസ്സ് മടിക്കുന്നതെന്തിന്?


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories