TopTop
Begin typing your search above and press return to search.

ഇത് 'രമേശ വിജയം' എന്നാഘോഷിക്കാന്‍ കോണ്‍ഗ്രസ്സ് മടിക്കുന്നതെന്തിന്?

ഇത് രമേശ വിജയം എന്നാഘോഷിക്കാന്‍ കോണ്‍ഗ്രസ്സ് മടിക്കുന്നതെന്തിന്?

സംസ്ഥാന സർക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയിൽ നിന്ന് കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ്‌ കൂപ്പേർസിനെ (പിഡബ്ല്യുസി) ഒഴിവാക്കി. പ്രൈസ് വാട്ടേഴ്‌സിനെ ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് അറിയിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇ മൊബിലിറ്റി പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ്...

ഈ വാര്‍ത്തകള്‍ സാധ്യമാകണമെങ്കില്‍ സ്വതന്ത്ര വരിക്കാരുടെ പിന്തുണ കൂടിയേ തീരൂ

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

അഴിമുഖം പ്ലസില്‍ നിങ്ങളെ കാത്തിരിക്കുന്നു-

എക്സ്ക്ളൂസീവ് സ്റ്റോറീസ്, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍,
അഴിമുഖം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍,

അഴിമുഖം ആര്‍ക്കൈവ്സ്
കൂടാതെ മാറിയ വായനയുടെ പുത്തന്‍ അനുഭവങ്ങള്‍ നിരവധി

Support Azhimukham >

നിലവില്‍ വരിക്കാര്‍ ആണോ?


സംസ്ഥാന സർക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയിൽ നിന്ന് കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ്‌ കൂപ്പേർസിനെ (പിഡബ്ല്യുസി) ഒഴിവാക്കി. പ്രൈസ് വാട്ടേഴ്‌സിനെ ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് അറിയിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇ മൊബിലിറ്റി പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിലക്കേര്‍പ്പെടുത്തിയ പിഡബ്ല്യുസിയെ ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാക്കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് പിഡബ്ല്യുസിയെ ഇ മൊബിലിറ്റി പദ്ധതിയിൽ കൺസൾട്ടൻസിയായി നിയമിച്ചത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. കമ്പനിയുടെ ഓഡിറ്റിംഗ് വിഭാഗത്തിന് മാത്രമാണ് സെബിയുടെ വിലക്കുള്ളത് എന്നായിരുന്നു സർക്കാർ വാദം. കേന്ദ്ര സർക്കാർ ഏജൻസിയായ നിക്സി എം പാനൽ ചെയ്തിട്ടുള്ള പിഡബ്ല്യുസിക്ക് സെബിയുടെ വിലക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള കെഎസ്‌ഐടിഎല്ലിൽ (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) സ്പേസ് പാർക്ക് പദ്ധതിയിൽ നിയമിച്ചത് കണ്‍സള്‍ട്ടന്‍സിയായ പിഡബ്ല്യുസിയാണെന്നും മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്നയെ ശുപാര്‍ശ ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിനിടയില്‍ പിണറായി വിജയന്റെ മകള്‍ വീണയുടെ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്‌സാലോജിക്ക് സൊലൂഷന്‍സുമായി പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂ്‌പ്പേഴ്‌സ് (പിഡബ്ല്യുസി) കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാള്‍ക്ക് ബന്ധമുണ്ട് എന്ന ആരോപണവുമായി വി ടി ബല്‍റാം എം എല്‍ എയും രംഗത്ത് വന്നിരുന്നു. പിഡബ്ല്യുസി ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക് ബാലകുമാര്‍, എക്‌സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റ് ആണെന്നാണ് ആരോപണം. ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ പി ഡബ്ല്യു സിക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് "എതെങ്കിലും ഉദ്യോഗസ്ഥര്‍ എന്തെങ്കിലും ഒരു കുറിപ്പെഴുതിയാല്‍ അത് സര്‍ക്കാരിന്റെ തീരുമാനമാകുമോ? ആ കുറിപ്പില്‍ തീരുമാനം വന്ന് അതില്‍ അംഗീകാരമായാല്‍ മാത്രമല്ലേ അത് സര്‍ക്കാരിന്റെ തീരുമാനമായി മാറൂ? പല നിര്‍ദ്ദേശങ്ങളും വന്നെന്നു വരും. അത് അംഗീകരിക്കണ്ടേ? ഇപ്പോഴും അത്തരമൊരു ഓഫീസ് തുറന്നിട്ടില്ല." എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്കിയത്.

എന്തായാലും പി ഡബ്ല്യു സിയെ ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലേക്ക് എത്തിച്ചത് രമേശ് ചെന്നിത്തല തുടങ്ങി വെച്ച ആരോപണത്തിന്റെ തുടര്‍ച്ചയാണ് (ഇടയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് വീണു കിട്ടിയെങ്കിലും) എന്ന് സമ്മതിച്ചു കൊടുക്കാന്‍ മടിക്കേണ്ടതില്ല. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്കും പൊതുവേ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ നേതാവിന് രാഷ്ട്രീയമായി ഏറെ മൈലേജ് കിട്ടുന്ന ഈ കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിയാണെന്നാണ് പൊതുവേയുള്ള ഒരു ഇംപ്രഷന്‍.അടുത്തകാലത്ത് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ചില ആരോപണങ്ങള്‍ നോക്കുക -സ്പ്രിംഗ്ലര്‍, ബെവ് ക്യു ആപ്, പമ്പ മണല്‍ വാരല്‍. ഇതെല്ലാം തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ആകുകയും സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടി വരികയും ചെയ്ത വിഷയങ്ങളാണ്. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എല്ലാം മറുപടി പറയേണ്ട കാര്യമില്ല, അതിനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത് എന്ന നിലപാടായിരുന്നു പല ഘട്ടങ്ങളിലും മുഖ്യമന്ത്രിക്ക്. അതിനിടയില്‍ കാന്‍സര്‍ ചികിത്സ കഴിഞ്ഞു രാഷ്ട്രീയ രംഗത്ത് സജീവമായ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു വെടി പൊട്ടിക്കുകയും ചെയ്തു, "ഉമ്മന്‍ ചാണ്ടി ആണ് നല്ല പ്രതിപക്ഷ നേതാവ്" എന്ന്. കോടിയേരി ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയായിരുന്നല്ലോ പ്രതിപക്ഷ നേതാവ്.Also Read: കോടിയേരിയുടെ സര്‍ട്ടിഫിക്കറ്റ് 

മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ ചെന്നിത്തല ഉന്നയിക്കുമ്പോഴെല്ലാം ഇത്തിരി വിട്ടുമാറി ശാരീരിക അകലം പാലിച്ചായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നീക്കം. ലോക്ക് ഡൌണ്‍ കാലത്ത് ട്രോളര്‍മാര്‍ ആഘോഷമാക്കിയ ചെന്നിത്തലയുടെ ഉസ്മാന്‍ ഫോണ്‍ വിളിക്ക് ശേഷം ഇതുമാതിരി ഒരു ഏര്‍പ്പാട് തന്റെ ഭവനത്തില്‍ ഉമ്മന്‍ ചാണ്ടിയും ഏര്‍പ്പാട് ച്ചെയ്തിരുന്നു. എന്നാല്‍ പഴയ ജനസമ്പര്‍ക്ക പരിപാടി പോലെ അത് ക്ലച്ച് പിടിച്ചുമില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിച്ച് ശീലമില്ലാത്ത ഒരാളാണല്ലോ ഉമ്മന്‍ ചാണ്ടി. എന്നാല്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ 'കോവിഡ് റാണി' എന്നും 'നിപ്പ രാജകുമാരി' എന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധിക്ഷേപിച്ചതിന് പിന്നാലെ ഉമ്മന്‍ ചാണ്ടി നടത്തിയ പത്ര സമ്മേളനം നാല് വര്‍ഷത്തെ രാഷ്ട്രീയ ലോക്ക് ഡൌണില്‍ നിന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവായിരുന്നു. "രാഷ്ട്രീയ നാവിന്റെ വേലി ചാട്ടം" എന്ന തലക്കെട്ടില്‍ ഒരു എഡിറ്റോറിയല്‍ എഴുതിക്കൊണ്ട് മലയാള മനോരമ അതിനുള്ള പ്രതലം ഒരുക്കുകയും ചെയ്തു.Also Read: മനോരമയുടെ എഡിറ്റോറിയല്‍ ബോംബ്, ഒടുവിൽ ഉമ്മൻ ചാണ്ടി സൈഡ് ബെഞ്ചിൽ നിന്നും മുന്നേറ്റ നിരയിലേക്ക്

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ കുടുംബത്തെ സന്ദര്‍ശിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവനയാണ് ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ ഇടപെടല്‍. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ മൊത്തം ചെലവും വഹിക്കുമെന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടി രാജ കുടുംബത്തിന് ഉറപ്പ് നല്‍കിയത്.കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തെ സാകൂതം നിരീക്ഷിക്കുന്നവര്‍ക്ക് ആവേശം പകരുന്ന കാഴ്ചയും ആ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു. സന്ദര്‍ശക സംഘത്തില്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പം ഉണ്ടായിരുന്നത് മുന്‍ കെ പി സി സി പ്രസിഡണ്ടും എം പിയും ജന്മനാ ഐ ഗ്രൂപ്പുകാരനായ കെ മുരളീധരനും മുന്‍ ദേവസ്വം മന്ത്രിയും ഐ ഗ്രൂപ്പിലെ തലസ്ഥാനത്തെ പ്രധാനി എന്നു കരുതുന്ന ആളുമായ വി എസ് ശിവകുമാറുമാണ്. അതേ ദിവസം ജില്ല കോണ്‍ഗ്രസ്സ് പ്രസിഡന്റിനെ കൂട്ടി രമേശ് ചെന്നിത്തലയും ഒരു കൊട്ടാര സന്ദര്‍ശനം നടത്തിയിരുന്നു എന്ന കാര്യം ശ്രദ്ധിയ്ക്കുക. Also Read: ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി രാജഭരണം തിരികെ കൊണ്ടുവരും, കൊട്ടാര സന്ദര്‍ശനത്തിനിടെ ഉമ്മന്‍ ചാണ്ടി കൊടുത്ത ഉറപ്പിന്റെ പൊരുള്‍ ഇതല്ലാതെ മറ്റെന്താണ്

ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിനുള്ളിലെ അധികാര സമവാക്യങ്ങളില്‍ വളരെ നിര്‍ണ്ണായകമായ കുഴമറിച്ചിലുകള്‍ നടക്കാന്‍ പോകുകയാണ്. അതില്‍ ആര്‍ക്ക് മേല്‍ക്കൈ കിട്ടും എന്നതിനനുസരിച്ചിരിക്കും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പില്‍ ആര് കോണ്‍ഗ്രസ്സിനെ നയിക്കും എന്ന കാര്യം വ്യക്തമാവുക. ഏഷ്യാനെറ്റ് സര്‍വ്വേയില്‍ ജനപ്രീയതയില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനേക്കാള്‍ പിറകില്‍ പോയെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിനുള്ള യോഗ്യത രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തി സ്വര്‍ണ്ണക്കളക്കടത്ത് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെ അത് കുറച്ചുകൂടി ഉറച്ചു. ഇപ്പോള്‍ നടക്കുന്നത് സോളാര്‍ കേസിന്റെ തനിയാവര്‍ത്തനമാണ് എന്ന തരത്തിലുള്ള പ്രചരണം ഒരു വശത്ത് ശക്തിപ്പെടുന്നത് തന്നെ കാരണം. ബിജെപിയാണ് ഈ രീതിയില്‍ പ്രചരണം നടത്തുന്നതെങ്കിലും പൊതുസമൂഹവും അത്തരമൊരു സാദൃശ്യപ്പെടുത്തലിനെ അനുകൂലിക്കുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാന തുരുപ്പ് ചീട്ടായ സ്വപ്ന കേസിന്റെ 'ശോഭ' കേടുത്താന്‍ എന്തായാലും യു ഡി എഫ് ആഗ്രഹിക്കുകയില്ല. ഒരു വട്ടം കൂടി സോളാര്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കപ്പെട്ടാല്‍ സി പി എമ്മിനെക്കാള്‍ അത് ഗുണം ചെയ്യുക ചിലപ്പോള്‍ ബിജെപിക്ക് ആയിരിക്കും. ആയതിനാല്‍ ഉമ്മന്‍ ചാണ്ടിയെ മുഖമാക്കി പ്രചരണം നടത്തിയാല്‍ സുവര്‍ണ്ണാവസരം നഷ്ടപ്പെടും എന്ന തോന്നല്‍ യു ഡി എഫിനുള്ളില്‍ ഡവലപ്പ് ചെയ്യാനും സാധ്യതയുണ്ട്. സ്വപ്ന കേസ് പുറത്തുവരികയും പിണറായിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജില്‍ ഉമ്മന്‍ ചാണ്ടി ഒരു പോസ്റ്റിട്ടതും ശ്രദ്ധിക്കേണ്ടതാണ്. അത് അവസാനിക്കുന്നത് ഇങ്ങനെയാണ് , "ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി." ഒരു രക്തസാക്ഷി പരിവേഷം ഉണ്ടാക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്.എന്തായാലും തുടര്‍ ഭരണ മോഹം ഇടതുപക്ഷം പതിയെ ഉപേക്ഷിച്ചു തുടങ്ങുകയും യു ഡി എഫ് ക്യാമ്പ് അത്യാവേശത്തിലാവുകയും ചെയ്ത പശ്ചാത്തലത്തില്‍ രമേശ വിജയം ആഘോഷിക്കാന്‍ വൈമനസ്യപ്പെടുന്നതിലെ നിഗൂഢത തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെളിപ്പെടുമെന്ന് കരുതാം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ഇറക്കിയത് പോലുള്ള എ കെ ആന്റണി ബുദ്ധി ആന്‍റി ക്ലൈമാക്ശാകുമോ എന്ന ചോദ്യവും ഒരു ഡെമോക്ലസിന്റെ വാളായി തൂങ്ങിക്കിടപ്പുണ്ട്.Also Read: ഒരു വര്‍ഷമില്ല തിരഞ്ഞെടുപ്പിന്, ശിവശങ്കറിന് പിന്നില്‍ ഉറച്ചുനിന്നത് വിനയായി, അതിജീവിക്കുമോ പിണറായി?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories